കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്നതോ വളര്‍ച്ചയെത്തി നില്‍ക്കുന്നതോ ആയ മേഖലകളില്‍ നിക്ഷേപിച്ച് കൈപൊള്ളിയ നിരവധി നിക്ഷേപകരെ നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞേക്കും. എന്നാല്‍ പുതിയ മേഖലകള്‍ തേടി നേട്ടമുണ്ടാക്കുന്നവരും ഏറെയുണ്ട്. വരാന്‍ പോകുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് ഭാവിയില്‍ വളര്‍ച്ചയുണ്ടാകുന്ന മേഖലകള്‍ കണ്ടെത്തുന്നവരുടെ ഒപ്പമാണ് വിജയം.
ഇതിന് തീര്‍ച്ചയായും റിസ്‌കുണ്ട്. പക്ഷെ നേരത്തെ തന്നെ ട്രെന്‍ഡ് കണ്ടെത്തി അതിലേക്ക് ഇറങ്ങുന്നവരുടെ നേട്ടം പല മടങ്ങായിരിക്കും. ഉദാഹരണമായി ഫാര്‍മസ്യൂട്ടിക്കല്‍ രംഗമെടുക്കാം. 2008ല്‍ മികച്ച ഓഹരികള്‍ നോക്കി തെരഞ്ഞെടുത്തവര്‍ ഇപ്പോള്‍ മികച്ച നേട്ടമുണ്ടാക്കിയിട്ടുണ്ടാകും. അഞ്ചു വര്‍ഷം കൊണ്ട് മികച്ച നേട്ടം തരാനാകുന്ന അഞ്ച് നിക്ഷേപ മേഖലകളാണ് ഇവിടെ അവതരിപ്പിക്കുന്നത്.
1. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളിലേക്കുള്ള വലിയ മാറ്റം
ഇന്ത്യയിലെ യുവ ഉപഭോക്താക്കളുടെ അഭിരുചികളില്‍ കാര്യമായ മാറ്റം വരുന്നു. തങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് വ്യത്യസ്തമായി അവര്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ താല്‍പ്പര്യം കാണിക്കുന്നു. ജീവിതശൈലിയിലെ ഈ മാറ്റം ഓര്‍ഗനൈസ്ഡ് ബ്രാന്‍ഡഡ് മേഖലയ്ക്ക് മികച്ച വളര്‍ച്ചയുണ്ടാക്കുന്നതാണ്. അതുകൊണ്ടു തന്നെയാണ് വാറന്‍ ബഫറ്റിന്റെ പോര്‍ട്ട് ഫോളിയോയുടെ 70 ശതമാനത്തിലധികവും കണ്‍സ്യൂമര്‍ കമ്പനികളുള്ളത്. ശക്തമായ ബ്രാന്‍ഡും ബിസിനസ് മോഡലുമുള്ള കമ്പനികളെ തെരഞ്ഞെടുക്കുകയാണ് പ്രധാനം. അസംഘടിത മേഖലയില്‍ സാന്നിദ്ധ്യമുള്ളതും എന്നാല്‍ ശക്തമായ ബ്രാന്‍ഡുള്ളതുമായ കമ്പനികളുടെ വരുമാനത്തില്‍ മികച്ച വളര്‍ച്ചയുണ്ടായിട്ടുണ്ട്. ഉപഭോക്താക്കള്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളിലേക്ക് മാറുന്നു എന്നതു തന്നെ കാരണം. ഇതാ ചില ഉദാഹരണങ്ങള്‍: ജുവല്‍റി രംഗത്തുള്ള ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ്, കുക്ക്‌വെയര്‍ രംഗത്തുള്ള ഹോക്കിന്‍സ്, റ്റിറ്റികെ പ്രസ്റ്റീജ്, സാനിറ്ററി വെയര്‍ രംഗത്തുള്ള സെറ, എച്ച്എസ്‌ഐഎല്‍.
2. ഇന്റര്‍നെറ്റ് & ഡാറ്റ ബൂം
ഇന്ത്യയില്‍ 100 പേരില്‍ 10 പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഉയര്‍ന്നു വരുന്ന ഏഴ് സാമ്പത്തിക ശക്തികളില്‍ ഈ ശരാശരി 34 ആണ്. പക്ഷെ സ്മാര്‍ട്ട്‌ഫോണിന്റെയും ബ്രോഡ്ബാന്‍ഡിന്റെയും ഉപയോഗം അതിവേഗം കൂടുകയാണ്. 2008 സാമ്പത്തികവര്‍ഷം ഇന്ത്യയിലെ മൊബീല്‍ കണക്ഷന്‍ 26 കോടി ആയിരുന്നെങ്കില്‍ 2014ല്‍ അത് 90 കോടിയായി ഉയര്‍ന്നിരിക്കുന്നു. താങ്ങാനാകുന്ന നിരക്കിലുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ ലഭ്യതയും ഉയര്‍ന്ന സോഷ്യല്‍ മീഡിയ ഉപയോഗവും ബ്രോഡ്ബാന്‍ഡ് കൂടുതല്‍ ജനകീയമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള ശ്രമങ്ങളും ചേര്‍ന്ന് ഈ രംഗത്ത് കാര്യമായ മാറ്റങ്ങളാണ് വരുന്നത്. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് ഇന്ത്യയുടെ ജിഡിപിയില്‍ നാല് ശതമാനം സംഭാവന ചെയ്യാന്‍ ഇന്റര്‍നെറ്റിനാകുമെന്ന് വിദഗ്ധര്‍ കരുതുന്നു. സോഷ്യല്‍ മീഡിയ, ഇ-കൊമേഴ്‌സ്, നെറ്റ്‌വര്‍ക്കിംഗ്, മൊബീല്‍, കംപ്യൂട്ടര്‍ തുടങ്ങി ഇന്റര്‍നെറ്റ്/ഡാറ്റ രംഗത്തുള്ള സ്ഥാപനങ്ങള്‍ക്ക് അടുത്ത അഞ്ചു വര്‍ഷം കൊണ്ട് മികച്ച വളര്‍ച്ചയുണ്ടാകാനിടയുണ്ട്. വീടിന്റെ വാതില്‍പ്പൂട്ടു മുതല്‍ അണിയാനാകുന്ന ഗാഡ്ജറ്റുകളിലേക്ക് വരെ നീണ്ടു കിടക്കുന്നു, നെറ്റ്‌വര്‍ക്ക്് രംഗത്തെ അവസരങ്ങള്‍.
3. വെല്‍കം ടു ഇന്ത്യ
ടൂറിസമാണ് അടുത്ത സാധ്യതയുള്ള മേഖല. പുതിയ എന്‍ഡിഎ സര്‍ക്കാര്‍ 50 ടൂറിസ്റ്റ് സര്‍ക്യൂട്ടുകള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള പദ്ധതിയിലാണ്. ഗുജറാത്തിനെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമാക്കി മാറ്റാന്‍ നരേന്ദ്രമോദിക്ക് താന്‍ മുഖ്യമന്ത്രിയായിരുന്ന കാലം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. ടൂറിസ്റ്റുകളുടെ ഒഴുക്ക് കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ഇവിടെ 17 ശതമാനമാണ് വര്‍ധിച്ചത്. പക്ഷെ 2013ല്‍ ഇന്ത്യയിലേക്ക് എത്തിയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 6.8 മില്യണ്‍ മാത്രമായിരുന്നു. തായ്‌ലന്റിലും മലേഷ്യയിലും ഇത് 27 മില്യണായിരുന്നു. ടര്‍ക്കിയില്‍ 38 മില്യണും ചൈനയില്‍ 55 മില്യണും. സമ്പന്നമായ ചരിത്രവും സംസ്‌കാരത്തിലും ഭൂപ്രകൃതിയിലും നാനാത്വവുമുള്ള ഇന്ത്യയ്ക്ക് ഈ രംഗത്ത് വലിയ സാധ്യതകളാണുള്ളത്. ഒപ്പം ഹോട്ടല്‍, ട്രാന്‍സ്‌പോര്‍ട്ട് മേഖലകളിലുള്ളളവര്‍ക്കും ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഏറെ അവസരങ്ങളും.
4. മെയ്ഡ് ഇന്‍ ഇന്ത്യ
കഴിഞ്ഞ രണ്ടു ദശകങ്ങളായി ആഗോള കയറ്റുമതി മേഖലയില്‍ അധീശത്വം സ്ഥാപിച്ചിരിക്കുന്ന രാജ്യം ചൈനയാണ്. പക്ഷെ കുറഞ്ഞ ചെലവിലുള്ള തൊഴിലാളി ലഭ്യത, കുറഞ്ഞ മൂലധനം, വില കുറഞ്ഞിരിക്കുന്ന കറന്‍സി എന്നിങ്ങനെയുള്ള ചൈനയുടെ കരുത്തിന് ഇടിവ് തട്ടുന്നു. ഇക്കാര്യങ്ങളില്‍ ഇന്ത്യ മുന്നേറുകയും ചെയ്യുന്നു. മക്കിന്‍സി റിപ്പോര്‍ട്ട് പ്രകാരം ചൈനയില്‍ ഉല്‍പ്പാദനം നടത്തുന്നത് പല യൂറോപ്യന്‍ രാജ്യങ്ങളെയും (യു.കെ ഉള്‍പ്പെടെ, എന്നാല്‍ ലണ്ടന്‍ അല്ല) അപേക്ഷിച്ച് ചെലവേറിയിരിക്കുകയാണത്രെ. ഇന്ത്യയാണ് ഉല്‍പ്പാദനത്തിന് ഏറ്റവും പറ്റിയ രാജ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ ഇന്ത്യയെക്കാള്‍ മുന്നിട്ടുനില്‍ക്കുന്ന രാജ്യം മെക്‌സിക്കോ മാത്രമാണ്. ഇതുകൂടാതെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പിന്തുണ മൂലം കയറ്റുമതി ലക്ഷ്യമാക്കിയുള്ള ഉല്‍പ്പാദനരംഗത്ത് ഇന്ത്യക്ക് വളരാനാകും. ടെക്‌സ്റ്റൈല്‍, കെമിക്കല്‍സ്, ഓട്ടോ അനുബന്ധ ഘടകങ്ങള്‍, എന്‍ജിനീയറിംഗ് തുടങ്ങിയ മേഖലകളില്‍ സ്വന്തം പാദമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ സ്ഥാപനങ്ങള്‍ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് മികച്ച വളര്‍ച്ച നേടും.
5. ഫിനാന്‍സ് സ്ഥാപനങ്ങള്‍
മൂലധനമില്ലാതെ ഒരു സാമ്പത്തിക മേഖലയ്ക്കും വളരാനാകില്ല. ഇന്ത്യയെക്കുറിച്ച് പ്രതീക്ഷയുള്ള ഒരു നിക്ഷേപകനും ധനകാര്യ മേഖലയില്‍ നിന്നുള്ള ഓഹരികള്‍ അവഗണിക്കാനാകില്ല; പലിശനിരക്കുകള്‍ കൂടിനില്‍ക്കുകയും അത് എത്രയും പെട്ടെന്ന് കുറയാന്‍ സാധ്യതയും ഉള്ളപ്പോള്‍ പ്രത്യേകിച്ചും. മികച്ച സാമ്പത്തിക അടിത്തറയും ശക്തമായ മാനേജ്‌മെന്റും മികച്ച നെറ്റ്‌വര്‍ക്കുമുള്ള സ്ഥാപനം മികച്ച നിക്ഷേപ അവസരമാണ് ഒരുക്കുന്നത്. കണ്‍സ്യൂമര്‍ ഫിനാന്‍സിംഗ്, ഓട്ടോ ഫിനാന്‍സിംഗ്, ഹൗസിംഗ് ലോണ്‍, എസ്.എം.ഇ ഫിനാന്‍സിംഗ്, റൂറല്‍, മൈക്രോ ഫിനാന്‍സിംഗ് മേഖലകളിലുള്ള മികച്ച സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കാം.
Courtesy: Dhanam Magazin online