കുഞ്ഞുങ്ങള്‍ മുതല്‍ പ്രായംചെന്നവര്‍ വരെയുള്ളവരെ ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് തലയിലെ താരന്‍. മുടിചീകുമ്പോള്‍ തലയോട്ടിയോട് ചേര്‍ന്നുകിടക്കുന്ന ശിരോചര്‍മത്തില്‍ നിന്ന് ഇളകിവരുന്ന ഒരുതരം വെളുത്തപൊടിയാണിത്. ചിലപ്പോള്‍ അസഹ്യമായ ചെറിച്ചിലും കൂടുതലായാല്‍ മുടികൊഴിച്ചിലും ചിലരിലെങ്കിലും ചര്‍മരോഗമായി മാറാനും സാധ്യതയുള്ളതിനാല്‍ തുടക്കത്തിലേ ചികിത്സ ആവശ്യമുള്ള ഒരു രോഗമാണിത്.
പിറ്റിറിയാസിസ് കാപ്പിറ്റിസ് എന്നാണ് താരന്‍്റെ ശാസ്ത്രീയ നാമം. തലയോട്ടിയിലെ ഫംഗസ് അഥവാ പൂപ്പല്‍ ബാധയാണ് താരന് പ്രധാന കാരണം. സാധാരണ എല്ലാവരുടെയും തലയില്‍ വളരുന്ന പിറ്റിറോസ്പോറം ഒവേല്‍ എന്ന ഒരുതരം പൂപ്പലാണിത്. പൊതുവെ നിരുപദ്രവകാരിയായ ഈ പൂപ്പല്‍ അനിയന്ത്രിതമായി വളര്‍ന്ന് പെരുകുമ്പോഴാണ് തലയില്‍ താരന്‍ പ്രത്യക്ഷമാകുന്നത്.
ശിരോചര്‍മത്തിലെ എണ്ണമയം കൂടുന്നതുകൊണ്ടും മറ്റുചില ശാരീരിക രോഗങ്ങളുടെ ഭാഗമായും തലയില്‍ താരനുണ്ടാവാം. പാര്‍ക്കിന്‍സണിസം എന്ന രോഗമുള്ളവരില്‍ താരന്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. ഈ രോഗത്തിന്‍െറ ഭാഗമായി ശിരോചര്‍മത്തില്‍ എണ്ണമയം കൂടുന്നത് കൊണ്ടാണിത്. ദീര്‍ഘകാലമായി പ്രമേഹമുള്ളവരിലും പൊണ്ണത്തടിയുള്ളവരിലും താരന്‍ സാധാരണയാണ്. അപൂര്‍വമായി അപസ്മാരരോഗികളിലും താരന്‍െറ ശല്യം കണ്ടുവരാറുണ്ട്.
ജീവിതശൈലി മൂലവും താരന്‍ പ്രത്യക്ഷപ്പെടാം. രാസവസ്തുക്കള്‍ അടങ്ങിയ ഷാമ്പൂകളുടെ അമിത ഉപയോഗം മൂലം ശിരോചര്‍മം വരണ്ട് താരനുണ്ടായേക്കാം. അമിത മദ്യപാനികളിലും താരന്‍െറ ഉപദ്രവം കണ്ടുവരുന്നുണ്ട്.
ശരീരത്തിലെ ചില വിറ്റമിനുകളുടെ കുറവും ചിലതരം മരുന്നുകളുടെ പാര്‍ശ്വഫലമായും താരന്‍ ഉണ്ടാവാമെന്ന് കണ്ടത്തെിയിട്ടുണ്ട്. ബി കോംപ്ളക്സ് വിറ്റമിനുകളിലെ ചില ഘടങ്ങളുടെ കുറവും രക്തസമ്മര്‍ദത്തിനും മാനസികരോഗങ്ങള്‍ക്കും ഉദരരോഗങ്ങള്‍ക്കും ഉപയോഗിക്കുന്ന പ്രത്യേകതരം മരുന്നുകളുടെ ഉപയോഗം മൂലമുണ്ടാവുന്ന പാര്‍ശ്വഫലങ്ങളും താരന് കാരണമായേക്കാമെന്ന് പഠനങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്.
നിസ്സാരമെന്ന് കരുതുന്ന ഈ പ്രശ്നത്തിന് കൃത്യമായ ചികിത്സയോ പൂര്‍ണമായ പരിഹാരമോ ഇല്ളെന്നതാണ് വാസ്തവം. ജീവിതചര്യ ക്രമപ്പെടുത്തുകയും ചികിത്സാമാര്‍ഗങ്ങള്‍ സ്ഥിരമായി പാലിക്കുകയും ചെയ്താല്‍ വലിയതോതില്‍ ഈ രോഗത്തെ മാറ്റിനിര്‍ത്താനാവും.
പിറ്റിറോസ്പോറം ഒവേല്‍ എന്ന പൂപ്പലിനെ നശിപ്പിക്കുന്ന ആന്‍്റി ഫംഗസ് മരുന്നുകളാണ് അലോപ്പതിയില്‍ ഇതിനുള്ള ചികിത്സ. കീറ്റോകൊനസോള്‍, സിങ്ക് പൈറത്തിയോണ്‍ എന്നിവയടങ്ങിയ ഷാമ്പൂകളും ചികിത്സയുടെ ഭാഗമായി നല്‍കാറുണ്ട്. രോഗം രൂക്ഷമായി ചര്‍മരോഗമായി പരിണമിച്ചാല്‍ ആന്‍്റി ബയോട്ടിക്കുകളും സ്റ്റിറോയ്ഡ് ക്രീമുകളും ആന്‍്റിഫംഗല്‍ ഗുളികകളും ചേര്‍ന്നുള്ള ചികിത്സയാണ് നല്‍കുക.
ഹോമിയോയിലും താരന് ഫലപ്രദമായ ചികിത്സയുണ്ട്. രോഗത്തിന്‍്റെ കാരണം കണ്ടത്തെിയും രോഗിയുടെ പ്രത്യേകതകള്‍ പരിഗണിച്ചുമാണ് ഹോമിയോയില്‍ ചികിത്സ നിശ്ചയിക്കുന്നത്. ആര്‍ണിക്ക അടങ്ങിയ ഓയിലുകളും ഹോമിയോചികിത്സയില്‍ ഉപയോഗിക്കുന്നുണ്ട്.
ആയുര്‍വേദത്തില്‍ പലതരം എണ്ണകളാണ് ചികിത്സയുടെ ഭാഗമായുള്ളത്. പ്രധാനമായും ദുര്‍ദൂരപത്രാദി എണ്ണ, ഏലാദി വെളിച്ചെണ്ണ എന്നിവയാണ് നല്‍കുന്നത്. ചികിത്സയുടെ കൂടെ പഥ്യവും ആയുര്‍വേദത്തില്‍ നിര്‍ബന്ധമാണ്. ഇതിനുപുറമെ, കഷായങ്ങളും അരിഷ്ടങ്ങളും അകത്തേക്ക് നല്‍കുന്ന രീതിയും ആയുര്‍വേദത്തിലുണ്ട്.
എന്നാല്‍ നാട്ടുമരുന്നുകളാണ് താരന്‍്റെ കാര്യത്തില്‍ കൂടുതലുള്ളത്. ആയുര്‍വേദത്തെ അടിസ്ഥാനമാക്കിയുള്ളതാണ് നിലവിലുള്ള നാടന്‍ ചികിത്സാരീതികളില്‍ അധികവും.
ചെറുപയര്‍ ഉണക്കിപ്പൊടിച്ച് തൈരില്‍ ചാലിച്ച് തലയില്‍ പുരട്ടി തലയോട്ടിയില്‍ വിരലുകള്‍ കൊണ്ട് നന്നായി തേച്ചുപിടിപ്പിച്ച ശേഷം നേരിയ ചൂടുവെള്ളത്തില്‍ തല കഴുകുന്നതാണ് ഇതില്‍ ഒരു രീതി. രണ്ട് ടേബ്ള്‍സ്പൂണ്‍ തേങ്ങാപ്പാലില്‍ ഒരു നുള്ള് കുരുമുളക് പൊടി ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിച്ചശേഷം കഴുകിക്കളയുക, തലയില്‍ സോപ്പിന് പകരം ചെമ്പരത്തി താളിയും ചെറുപയര്‍ പൊടിയും ഉപയോഗിക്കുക, കൂവളത്തിന്‍െറ ഇല അരച്ച് തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക, ഒലിവ് എണ്ണ ചൂടാക്കി ചെറുചൂടോടെ തലയില്‍ തേക്കുക, കടുക് അരച്ച് തലയില്‍ പുരട്ടി കുളിക്കുക, കീഴാര്‍നെല്ലി ചതച്ച് താളിയാക്കി ദിവസവും കുളിക്കുന്നതിന് മുമ്പ് തേക്കുക എന്നിവയെല്ലാം നാടന്‍ ചികിത്സയുടെ ഭാഗമാണ്.
തുളസിയില, ചെമ്പരത്തിപ്പൂവ്, വെറ്റില എന്നിവ ചതച്ച് വെളിച്ചെണ്ണയില്‍ കാച്ചിയെടുത്ത് തലയില്‍ തേച്ച് കുളിക്കുക, വേപ്പിലയിട്ട് തിളപ്പിച്ച് ആറിയ വെള്ളത്തില്‍ തല കഴുകുക, ചെറുനാരങ്ങനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം തല കഴുകുക, കുളിക്കുന്നതിനു മുമ്പ് പുളിച്ച തൈര് തലയില്‍ തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക എന്നിവയും നാട്ടുചികിത്സയുടെ ഭാഗമായി ചെയ്തുവരുന്നുണ്ട്.
ചികിത്സിക്കാന്‍ തുടങ്ങിയാല്‍ അപ്രത്യക്ഷമാവുകയും ചികിത്സ അവസാനിപ്പിച്ചാല്‍ വീണ്ടും പ്രത്യക്ഷപ്പെടുകയുമാണ് ഈ രോഗത്തിന്‍െറ പ്രത്യേകത.
Courtesy: madhymum online