10 ലക്ഷം രൂപയ്ക്ക് തുടങ്ങാവുന്ന സംരംഭങ്ങള്‍
അസംസ്‌കൃത വസ്തുക്കള്‍, സാങ്കേതിക വിദ്യ, മെഷിനറി, വൈദഗ്ധ്യമുള്ള ജീവനക്കാര്‍ തുടങ്ങിയവയുടെ ലഭ്യത, ഉല്‍പ്പന്നത്തിന്റെ വിപണി സാധ്യത തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ച ശേഷം തെരഞ്ഞെടുത്ത ബിസിനസ് ആശയങ്ങളാണ് ഇവ.
നാളികേരം, മത്സ്യം എന്നിവ അസംസ്‌കൃത വസ്തുവായി ഉപയോഗിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കുന്ന ബിസിനസ് യൂണിറ്റുകളെയും പരിസ്ഥിതിക്ക് ദോഷകരമാകുന്ന പ്ലാസ്റ്റിക്കിനെ സമൂഹം പുറംന്തള്ളുമ്പോള്‍ ഉടലെടുക്കുന്ന അവസരങ്ങള്‍ മുതലെടുക്കാനുതകുന്ന ബിസിനസ് ആശയങ്ങളെയുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ ആശയങ്ങള്‍ സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങളേകാന്‍ കേരളത്തില്‍ തന്നെ ഏജന്‍സികളുണ്ട്. ഏറ്റവും ചുരുങ്ങിയ മുതല്‍ മുടക്കില്‍ ഇപ്പോഴത്തെ വിപണി സാഹചര്യത്തില്‍ സാധ്യതയുള്ള ആശയങ്ങളാണ് ഇവയെന്നതാണ് പ്രധാന പ്രത്യേകത.
പണം വിളയും തേങ്ങവെള്ളം
ഇന്നും നാട്ടിന്‍ പുറങ്ങളില്‍ കൊപ്രയ്ക്കായി തേങ്ങ വെട്ടുമ്പോള്‍ വെള്ളം വെറുതെ ഒഴുക്കി കളയുകയാണ്. ഈ വെള്ളം പ്രധാന അസംസ്‌കൃത വസ്തുവാക്കി നിര്‍മിക്കാവുന്ന രണ്ട് മൂല്യവര്‍ധിത ഉല്‍പ്പന്ന യൂണിറ്റുകള്‍ 10 ലക്ഷം രൂപയില്‍ താഴെ മുതല്‍ മുടക്കില്‍ സ്ഥാപിക്കാം. ഇതിന്റെ സാങ്കേതിക വിദ്യയും കൂടുതല്‍ വിവരങ്ങളും നാളികേര വികസന ബോര്‍ഡില്‍ നിന്ന് ലഭിക്കും.
വിനിഗര്‍
കുറഞ്ഞ മുതല്‍മുടക്കില്‍ തുടങ്ങാവുന്ന ഒരു വ്യവസായ സംരംഭമാണ് തേങ്ങ വെള്ളത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വിനിഗര്‍. വിനിഗര്‍ അച്ചാറുകള്‍, സാലഡുകള്‍, സോസുകള്‍ ഇവയിലൊക്കെ ഒരു പ്രിസര്‍വേറ്റിവ് (കേടുവരാതെ സംരക്ഷിക്കുന്ന വസ്തു) ആയി ഉപയോഗിച്ചു വരുന്നു. കൃത്രിമ വിനിഗറുകള്‍ ഇന്ന് ധാരാളമായി മാര്‍ക്കറ്റില്‍ ധാരാളമായി കിട്ടുന്നുണ്ടെങ്കിലും തേങ്ങ വെള്ളത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ജൈവോല്‍പ്പന്നമായ ഈ വിനിഗര്‍ വീട്ടമ്മമാര്‍ക്ക് കൂടുതല്‍ പ്രിയങ്കരമാണ്. ഇതില്‍ ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിരിക്കുന്നു. ദഹനപ്രക്രിയയെ സഹായിക്കുന്നതിനും പാചകം ചെയ്ത മല്‍സ്യം, ഇറച്ചി എന്നിവയുടെ രുചി മെച്ചപ്പെടുത്തുന്നതിനും ഈ ഉല്‍പ്പന്നത്തിന് കഴിയും.
ഇതിന്റെ സാങ്കേതിക വിദ്യ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് (ഇഎഠഞക) മൈസൂറും നാളികേര വികസന ബോര്‍ഡും (ഇഉആ) ചേര്‍ന്ന് രൂപപ്പെടുത്തിയിട്ടുണ്ട്. ഒരു ചെറിയ തുക ലൈസന്‍സിംഗ് ഫീസ് ആയി നല്‍കിയാല്‍ ബോര്‍ഡില്‍ നിന്നും സാങ്കേതികവിദ്യ സ്വായത്തമാക്കാം.
പദ്ധതി ചെലവ്
പ്ലാന്റിന്റെ ഉല്‍പ്പാദനശേഷി - 100 ലി. (ദിവസം)
ഭൂമി - 25 സെന്റ് (ലീസിന്)
(അല്ലെങ്കില്‍ വീടിനോടു ചേര്‍ന്ന് ഒരു ഷെഡ് കെട്ടിയും ആകാം
കെട്ടിടം 75 ച.മീ - 3.00 ലക്ഷം രൂപ
യന്ത്ര സാമഗ്രികള്‍ - 2.50 ലക്ഷം രൂപ
100 ലി. തേങ്ങ വെള്ളത്തില്‍ നിന്നും 100 ലി.വിനിഗര്‍ ഉല്‍പ്പാദിപ്പിക്കാം. കൊപ്ര വെട്ടുകാരില്‍ നിന്നോ തേങ്ങ വെള്ളം ഉപയോഗിക്കാത്ത മില്ലുകളില്‍ നിന്നോ വെള്ളം ശേഖരിച്ചു യൂണിറ്റില്‍ സപ്ലൈ ചെയ്യുന്നതിനു കരാറുണ്ടാക്കാം. അസംസ്‌കൃത വസ്തുക്കളായി വേണ്ടത് തേങ്ങ വെള്ളം, പഞ്ചസാര, യീസ്റ്റ് (Sachertomyces Cerviseae) എന്നിവയാണ്.
വിറ്റുവരവ് - 4.00 ലക്ഷം
ലാഭം - - 0.80 ,,
മുതല്‍ മുടക്കിനുള്ള ലാഭവിഹിതം - 20 ശതമാനം
നാറ്റ ഡി കോകോ
തേങ്ങവെള്ളത്തില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന ഒരു മൂല്യവര്‍ധിത ഉല്‍പ്പന്നമാണിത്. ജെല്ലി പോലുള്ള ഈ ഭക്ഷ്യപദാര്‍ത്ഥം കാന്‍ഡി രൂപത്തിലും ഡെസര്‍ട്ടായും ഉപയോഗിക്കാം. ഫിലിപ്പീന്‍സാണ് ഈ ഉല്‍പ്പന്നത്തിന്റെ ജന്മദേശം. അച്ചാറുകള്‍, ശീതളപാനീയങ്ങള്‍, ഐസ് ക്രീം, പുഡ്ഡിംഗ്‌സ്, ഫ്രൂട്ട് മിക്‌സ് എന്നിവയിലെല്ലാം ഇത് ചേര്‍ക്കാം.
നാറ്റ ഡി കോകോ ഉല്‍പ്പാദനത്തിന്റെ സാങ്കേതിക വിദ്യയും യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും നാളികേര വികസന ബോര്‍ഡ് ലഭ്യമാക്കും.
ഏകദേശ പദ്ധതി ചെലവ്.
ശേഷി പ്രതിദിനം - 200 ലിറ്റര്‍ തേങ്ങവെള്ളത്തിന്റെ സംസ്‌കരണം.
ഉല്‍പ്പാദനശേഷി - 20 കിലോ ഗ്രാം നാറ്റ
പ്ലാന്റ് &മെഷിനറി - 0.75 ലക്ഷം
വര്‍ക്കിംഗ് കാപ്പിറ്റല്‍ - 0.15 ലക്ഷം
പ്രതിവര്‍ഷ ഉല്‍പ്പാദന ചെലവ്
ലിറ്ററിന് രണ്ട് രൂപ
നിരക്കില്‍ 60000 ലിറ്റര്‍
തേങ്ങവെള്ളത്തിനുള്ള ചെലവ് - 1.20 ലക്ഷം രൂപ
ജീവനക്കാര്‍ - നാല്
കൂലി - 3 ലക്ഷം രൂപ
വൈദ്യുതി, മറ്റ് ചെലവുകള്‍ - 0.20 ലക്ഷം രൂപ
പ്രതിവര്‍ഷം മൊത്തം ഉല്‍പ്പാദന ചെലവ് - 4.40 ലക്ഷം
ഒരു കിലോഗ്രാമിന് 25 രൂപ നിരക്കില്‍ പാക്കേജിംഗ് ചെലവ് - 3 ലക്ഷം രൂപ
പാക്കേജിംഗ് അടക്കം പ്രതിവര്‍ഷ ഉല്‍പ്പാദന ചെലവ് - 7.40 ലക്ഷം
പ്രതിവര്‍ഷം ഉല്‍പ്പാദനം - 12000 കിലോഗ്രാം നാറ്റ
പ്രതിവര്‍ഷ വിറ്റുവരവ് (കിലോഗ്രാമിന് 120 രൂപ
നിരക്കില്‍) - 14.40 ലക്ഷം
പ്രതിവര്‍ഷം ലാഭം - 7 ലക്ഷം രൂപ
കൊപ്ര കൊറിക്കാം, ലാഭം നേടാം
കൊപ്ര സംഭരണവും വെളിച്ചെണ്ണ വിലയുമെല്ലാം കേരളത്തില്‍ ഇന്നും കര്‍ഷകര്‍ക്ക് സമ്മാനിക്കുന്നത് തലവേദനകളാണ്. ഈ തലവേദനകള്‍ മറന്ന് അതിവേഗം വളരുന്ന സ്‌നാക്‌സ് വിപണിയില്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന ഒരു ഉല്‍പ്പന്നം നിര്‍മിക്കാന്‍ ഉപകരിക്കുന്ന യൂണിറ്റിതാ.
സംസ്‌കരണ ശേഷി പ്രതിദിനം - 1000 തേങ്ങ
പ്ലാന്റ് & മെഷിനറി - 3 ലക്ഷം രൂപ
വര്‍ക്കിംഗ് കാപ്പിറ്റല്‍ - 1.5 ലക്ഷം രൂപ
ഉല്‍പ്പാദന ശേഷി - ഏഴ് തേങ്ങയില്‍ നിന്ന് ഒരു കിലോ കൊപ്ര
ഒരു വര്‍ഷത്തെ ഉല്‍പ്പാദന ശേഷി - 43500 കിലോഗ്രാം
ഉല്‍പ്പാദന ചെലവ്/കിലോഗ്രാം - 54.50 രൂപ
പാക്കേജിംഗ് നിരക്ക്/കിലോഗ്രാം - 0.50 രൂപ
പ്രതിവര്‍ഷ വിറ്റുവരവ് 60 രൂപ/കിലോഗ്രാം
നിരക്കില്‍ - 26.10 ലക്ഷം രൂപ
മൂന്നു ലക്ഷം ചിരട്ടകള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്നത് ഒരു
ചിരട്ടയ്ക്ക് 0.95 രൂപ നിരക്കില്‍ - 2.80 ലക്ഷം രൂപ
മൊത്തം പ്രതിവര്‍ഷ വിറ്റുവരവ് - 28.90 ലക്ഷം രൂപ
മൊത്തം ലാഭം - 5 ലക്ഷം രൂപ
പ്രതിദിനം 5000 രൂപ നേടാന്‍ ഫിഷ് ഫിംഗറും
ഫിഷ് ബോളും
വ്യത്യസ്തമാര്‍ന്ന ഒരു ഭക്ഷ്യവിഭവം വിപണിയിലെത്തിച്ച് നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വനിതാ സംരംഭകര്‍ക്കും അനുയോജ്യമായ ബിസിനസ് അവസരമാണിത്. കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ സ്വായത്തമാക്കി മത്സ്യത്തില്‍ നിന്നുള്ള ഈ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാം.
വിപണി സാധ്യത: മൂല്യവര്‍ധിത റെഡി റ്റു ഈറ്റ്, റെഡി റ്റു കുക്ക് വിഭവങ്ങള്‍ക്ക് വിപണിയില്‍ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ആകര്‍ഷകമായ പായ്ക്കിംഗില്‍, ഗുണമേന്മ മുഖമുദ്രയാക്കി ഇവ വിപണിയില്‍ അവതരിപ്പിച്ചാല്‍ സ്വീകാര്യത ലഭിക്കും.
മുതല്‍ മുടക്ക്: ഫിഷ് ഫിംഗ്ര്‍, ഫിഷ് ബോള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കാനാവശ്യമായ മെഷിനറിക്കും മറ്റ് എക്വിപ്‌മെന്റുകള്‍ക്കെല്ലാം കൂടി 8.50 ലക്ഷം രൂപ ചെലവാകും.
ഫിഷ് ഫിംഗ്ര്‍
തൊലിയും മുള്ളും എല്ലുമെല്ലാം നീക്കിയ മീനിന്റെ മാംസള ഭാഗം ദീര്‍ഘ ചതുരാകൃതിയില്‍ മുറിച്ചെടുത്ത് അതില്‍ റൊട്ടിപ്പൊടിയും മറ്റും പൊതിഞ്ഞ് വറുത്തെടുത്താല്‍ ഫിഷ് ഫിംഗറായി.
മത്സ്യം, മറ്റ് പാചക വസ്തുക്കള്‍, റൊട്ടിപ്പൊടി, ഇന്ധനം, വൈദ്യുതി, വെള്ളം, പാക്കേജിംഗ് ചാര്‍ജ്, ജീവനക്കാര്‍ക്കുള്ള കൂലി തുടങ്ങിയ ഇനത്തില്‍ പ്രതിദിനം 32290 രൂപ ചെലവ് വരും. പ്രതിദിനം 170-180 കിലോഗ്രം ഫിഷ് ഫിംഗ്ര്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും.
ഒരു കിലോ ഫിഷ് ഫിംഗ്ര്‍ ഉല്‍പ്പാദിപ്പിക്കാന്‍ 185 രൂപ ചെലവാകും. ഒരു കിലോ ഫിഷ് ഫിംഗ്ര്‍ ശരാശരി 222 രൂപയ്ക്ക് വില്‍പ്പന നടത്താം. അങ്ങനെയെങ്കില്‍ പ്രതിദിനം കുറഞ്ഞത് 5000 രൂപ ലാഭമുണ്ടാക്കാന്‍ സാധിക്കും.
ഫിഷ് ബോള്‍
താരതമ്യേന കുറഞ്ഞ വിലയില്‍, നമ്മുടെ ഹാര്‍ബറുകളില്‍ യഥേഷ്ടം ലഭിക്കുന്ന ഏത് മീനുപയോഗിച്ചും ഫിഷ് ബോളുകളുണ്ടാക്കാം. മുള്ളും മറ്റും നീക്കിയ മീനിന്റെ മാംസളഭാഗം ഉപ്പും മസാലയും ചേര്‍ത്ത് കുഴച്ച് ബോള്‍ രൂപത്തില്‍ ഉരുട്ടി വേവിച്ച് അതില്‍ റൊട്ടിപ്പൊടിയും മറ്റും പൊതിഞ്ഞ് വറുത്തെടുക്കാം.
മത്സ്യം, മറ്റ് പാചക വസ്തുക്കള്‍, റൊട്ടിപ്പൊടി, ഇന്ധനം, വൈദ്യുതി, വെള്ളം, പാക്കേജിംഗ് ചാര്‍ജ്, ജീവനക്കാര്‍ക്കുള്ള കൂലി തുടങ്ങിയ ഇനത്തില്‍ പ്രതിദിനം 35290 രൂപ ചെലവ് വരും. പ്രതിദിനം 170-180 കിലോഗ്രം ഫിഷ് ബോള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും.
ഒരു കിലോ ഫിഷ് ബോള്‍ ഉല്‍പ്പാദിപ്പിക്കാന്‍ 176 രൂപ ചെലവാകും. ഒരു കിലോ ഫിഷ് ബോള്‍ ശരാശരി 250 രൂപയ്ക്ക് വില്‍പ്പന നടത്താം. അങ്ങനെയെങ്കില്‍ പ്രതിദിനം കുറഞ്ഞത് 5000 രൂപ ലാഭമുണ്ടാക്കാന്‍ സാധിക്കും.
പണം നിറയും പേപ്പര്‍ കവറുകള്‍
മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്നു വാങ്ങുമ്പോഴും ബേക്കറിയില്‍ നിന്ന് ഒരു പായ്ക്കറ്റ് ബിസ്‌കറ്റ് വാങ്ങുമ്പോഴും മറ്റൊന്ന് കൂടി അവിടെ വിറ്റുപോകുന്നുണ്ട്. അതെല്ലാം ഇട്ട് നല്‍കുന്ന പേപ്പര്‍ കവറുകള്‍. ബേക്കറികളില്‍ കാല്‍ കിലോ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അതിനായി ഉപയോഗിക്കുന്ന കവര്‍ മുതല്‍ ടെക്‌സ്റ്റൈയ്ല്‍ സാരി ഇട്ട് നല്‍കുന്ന കവര്‍ വരെ വലിയൊരു ബിസിനസ് അവസരമാണ് സംരംഭകന് മുന്നില്‍ തുറന്നു നല്‍കുന്നത്. ഗ്രോസറി കവര്‍ മേഖലയിലും മെഡിക്കല്‍ കവര്‍ രംഗത്തുമുള്ള പ്രധാന പ്രത്യേകത അതിന്റെ ഉറപ്പായ വിപണി തന്നെയാണ്.
ഗ്രോസറി കവര്‍ യൂണിറ്റ്
എട്ട് മണിക്കൂര്‍ പ്രവര്‍ത്തിച്ച് പ്രതിദിനം 50,000 ചെറിയ കവറോ അല്ലെങ്കില്‍ 25,000 വലിയ കവറോ ഉല്‍പ്പാദിപ്പിക്കാന്‍ പറ്റുന്ന ഒരു യൂണിറ്റ് സ്ഥാപിക്കാന്‍ 300 ചതുരശ്രയടിയുള്ള കെട്ടിടം മതിയാകും. ഇത് വീടിനോടനുബന്ധിച്ച് സ്ഥാപിക്കുകയുമാകാം. രണ്ട് ജീവനക്കാര്‍ വേണം. ഏഴര ലക്ഷം രൂപയ്ക്ക് മെഷിനറിയും മറ്റ് സൗകര്യങ്ങളുമൊരുക്കാം. 10 ശതമാനം ലാഭമെടുത്ത് കവറുകള്‍ വില്‍പ്പന നടത്താം.
മെഡിക്കല്‍ കവര്‍ യൂണിറ്റ്
ഇതിനും 300 ചതുരശ്രയടി യൂണിറ്റുള്ള കെട്ടിടം മതിയാകും. യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ രണ്ട് വനിതാ ജീവനക്കാര്‍ മതിയാകും. ഗ്രോസറി കവര്‍ യൂണിറ്റിനേക്കാള്‍ കുറഞ്ഞ വൈദ്യുതിയില്‍ ഈ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാനാകും. അസംസ്‌കൃത വസ്തുവായ പേപ്പറും മെഷിനറിയും എല്ലാം കേരളത്തില്‍ തന്നെ ലഭ്യമാണ്.
ലാഭം വിളമ്പും പേപ്പര്‍ കപ്പും പ്ലേറ്റും
ഇന്ന് നാട്ടിലും വീട്ടിലുമുള്ള വലുതും ചെറുതുമായ എല്ലാ ഒത്തുചേരലുകളിലും ഒഴിവാക്കാനാകാത്ത വസ്തുവായി മാറിയിരിക്കുന്നു പേപ്പര്‍ പ്ലേറ്റും കപ്പും. പരിസ്ഥിതിക്ക് ഇണങ്ങുന്ന ഇവയ്ക്ക് ഇന്ന് എവിടെയും വിപണിയുണ്ട്. വലിയ വിലയൊന്നുമില്ലാത്തതിനാല്‍ വിപണിയില്‍ ഇവ പെട്ടെന്ന് വിറ്റഴിയുന്നുമുണ്ട്. കടകളിലൂടെ വില്‍പ്പന നടത്താന്‍ മുതിരാതെ നാട്ടിലെ ആവശ്യക്കാര്‍ക്ക് നേരിട്ട് വില്‍പ്പന നടത്താന്‍ സംരംഭകന് സാധിച്ചാല്‍ വലിയൊരു വിപണിയും ലാഭവും നേടാന്‍ സാധിക്കും.
പേപ്പര്‍ പ്ലേറ്റ്
പ്രതിദിനം 3000 പ്ലേറ്റ് നിര്‍മിക്കാന്‍ സാധിക്കുന്ന ഒരു ചെറിയ യൂണിറ്റ് സ്ഥാപിക്കാന്‍ 2,00,000 രൂപ മതിയാകും. ഈ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ പ്രതിദിനം രണ്ട് യൂണിറ്റ് വൈദ്യുതി മതിയാകും. മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരാള്‍ മതി. 50,000 രൂപ മുതല്‍ മുടക്കില്‍ ഒരു ഫോമിംഗ് മെഷീന്‍ കൂടി സ്ഥാപിച്ചാല്‍ ഉല്‍പ്പാദനം ഇരട്ടിയാക്കാം. പ്രതിദിനം 800 രൂപ മുതല്‍ 1200 രൂപ വരെ ഇതില്‍ നിന്ന് നേട്ടമുണ്ടാക്കാം.
പേപ്പര്‍ കപ്പ്
മിനിറ്റില്‍ 45-50 പേപ്പര്‍ കപ്പ് നിര്‍മിക്കാനുതകുന്ന ഒരു യൂണിറ്റ് സ്ഥാപിക്കാന്‍ 300-500 ചതുരശ്രയടി സ്ഥലം വേണം. ഒരു മെഷീന്‍ ഓപ്പറേറ്ററും രണ്ട് വനിതാ ജീവനക്കാരുമുണ്ടെങ്കില്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാം. മൊത്തമായി അസംസ്‌കൃത വസ്തുക്കളെടുത്ത് ഉല്‍പ്പാദനം നടത്തിയാല്‍ ഒരു പേപ്പര്‍ കപ്പിന്റെ ഉല്‍പ്പാദന ചെലവ് 28 പൈസയില്‍ ഒതുക്കി നിര്‍ത്താം. പരമാവധി 32 പൈസ ഉല്‍പ്പാദന ചെലവായാല്‍ പോലും മൂന്ന് പൈസ ലാഭമെടുത്ത് ഉല്‍പ്പന്നം വില്‍പ്പന നടത്താം.
ആശയങ്ങളെ വിരിയിക്കാം
കേരള സംസ്ഥാന സ്വയം സംരംഭക വികസന മിഷന്‍ സംസ്ഥാനത്തെ യുവതീയുവാക്കള്‍ക്കിടയില്‍ സംരംഭകത്വ മനോഭാവം വളര്‍ത്തിയെടുക്കുന്നതിനായി കേരള സര്‍ക്കാര്‍ രൂപം നല്‍കിയ ഒരു പദ്ധതിയാണിത്. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.
ഏതെല്ലാം സംരംഭങ്ങള്‍ തുടങ്ങാം? ഉല്‍പ്പാദന മേഖല കേന്ദ്രീകരിച്ച് എന്തുതരം സംരംഭം തുടങ്ങുന്നതിനും സംരംഭക മിഷന്‍ അവസരം നല്‍കുന്നുണ്ട്.
എന്തെല്ലാം സേവനങ്ങള്‍ ലഭിക്കും? കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റിന്റെയും ബാങ്കുകളുടെയും സഹായത്തോടെ എല്ലാ ജില്ലകളിലും നിലവിലുള്ള റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് (RSETI) വഴി കെ.എഫ്.സി പരിശീലനം ലഭ്യമാക്കും. ഒരാഴ്ചത്തെ വിപണി സാധ്യതാപഠനം ഉള്‍പ്പടെയുള്ള നാലാഴ്ചത്തെ പരിശീലന പരിപാടിയാണ് സംരംഭകര്‍ക്ക് നല്‍കുക.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സംരംഭം തുടങ്ങുന്നതിനുള്ള പലിശരഹിത വായ്പ കൂടി ലഭ്യമാക്കും. അഞ്ച് പേര്‍ അടങ്ങുന്ന ഒരു ഗ്രൂപ്പിന് പദ്ധതി ചെലവിന്റെ 90 ശതമാനം അഥവാ 20 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. ടെക്‌നോക്രാറ്റുകള്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പയായി നല്‍കും. ഒരു വര്‍ഷത്തെ മോറട്ടോറിയം ഉള്‍പ്പടെ പരമാവധി അഞ്ച് വര്‍ഷമാണ് തിരിച്ചടവിന്റെ കാലാവധി.
''ആദ്യ ബാച്ചിലെ 518 പേര്‍ പരിശീലനത്തില്‍ പങ്കെടുക്കുകയും അതില്‍ 431പേര്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാകുകയും ചെയ്തു. യുവാക്കള്‍ ഇതേപോലെ മുന്നോട്ടുവരുകയാണെങ്കില്‍ മികച്ച സംരംഭകരെ കണ്ടെത്തി അവര്‍ക്ക് വേണ്ടുന്ന എല്ലാ സഹായവും നല്‍കുന്നതിലൂടെ വികസന ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറാന്‍ ഈ പദ്ധതിക്ക് കഴിയും, കെ.എഫ്.സി മാനേജിംഗ് ഡയറക്റ്റര്‍ യോഗേഷ് ഗുപ്ത ഐ.പി.എസ് അഭിപ്രായപ്പെടുന്നു.
എങ്ങനെ പരിശീലനം നേടാം? പ്ലസ് ടു അഥവാ വൊക്കേഷണല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള 21നും 40നും മധ്യേ പ്രായമുള്ള തൊഴില്‍രഹിതര്‍ക്ക് പദ്ധതിയുടെ അടുത്ത ബാച്ചിലേക്ക് അപേക്ഷിക്കാവുന്നതാണ്. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് അപേക്ഷ നല്‍കേണ്ടത്. ജില്ലാതല ഇന്റര്‍വ്യൂകളിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തുക.
ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍ (സി.ഐ.എഫ്.ടി)
മീനില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൊച്ചിയിലെ വെല്ലിംഗ്ടണ്‍ ഐലന്റിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്) മന്ദിരത്തിലേക്ക് സധൈര്യം കയറി ചെല്ലാം. ഒരു കോര്‍പ്പറേറ്റ് ഓഫീസിന്റെ എല്ലാ സൗകര്യങ്ങളോടും കൂടി 5000 ചതുരശ്രയടിയില്‍ ഇവിടെ സജ്ജീകരിച്ചിരിക്കുന്ന ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍ സംരംഭകര്‍ക്കേകുന്നത് സമഗ്രമായ സേവനമാണ്.
ഏതെല്ലാം സംരംഭങ്ങള്‍ തുടങ്ങാം: ഫിഷ് കട്‌ലറ്റ്, ഫിഷ് ബോള്‍, ഫിഷ് ഫിംഗര്‍, ദീര്‍ഘകാലം കേടു കൂടാതെ സൂക്ഷിക്കാവുന്ന വിധം റിട്ടോര്‍ട്ട് പൗച്ചിലും കാനിലും പായ്ക്ക് ചെയ്ത ഫിഷ് കറി, ഫിഷ് കുറെ, കൈറ്റിന്‍, കൈറ്റോസിന്‍ എന്നിവയെല്ലാം വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇന്‍ക്യുബേഷന്റെ സേവനം തേടാം.
എന്തെല്ലാം സേവനങ്ങള്‍ ലഭിക്കും?: പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത വര്‍ക്ക് സ്‌പേസാണ് ഇന്‍ക്യുബേഷനില്‍ ഒരുക്കിയിരിക്കുന്നത്. ഒരേസമയം ഒന്‍പത് സംരംഭകര്‍ക്ക് ഇവിടുത്തെ സൗകര്യങ്ങള്‍ ഉപയോഗിക്കാം. കോണ്‍ഫറന്‍സ് റൂം, ഓഫീസ് സ്‌പേസ്, പ്രിന്റിംഗ്, സിറോക്‌സ്, ഫാക്‌സ്, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ എന്നിവയെല്ലാം ഇവിടെ ചേക്കേറുന്ന സംരംഭകര്‍ക്ക് പൊതുവായ ഉപയോഗത്തിന് ഉതകും വിധം സജ്ജീകരിച്ചിട്ടുണ്ട്.
സിഫ്റ്റ് വികസിപ്പിച്ചെടുത്ത ടെക്‌നോളജികള്‍ സംരംഭകര്‍ക്ക് ഉപയോഗിക്കാം. ഇവിടെയുള്ള പൈലറ്റ് പ്ലാന്റിലെ സൗകര്യങ്ങളുപയോഗിച്ച് പുതിയ പാക്കേജിംഗ് സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കാം. കൂടുതല്‍ ഉയരങ്ങളിലേക്ക് വളരാന്‍ വെഞ്ച്വര്‍ ഫിനാന്‍സിംഗ് സേവനങ്ങള്‍, നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡ്, മറൈന്‍ പ്രോഡക്റ്റ്‌സ് ഡെവലപ്‌മെന്റ് അഥോറിറ്റി എന്നീ ഏജന്‍സികളുടെ സബ്‌സിഡി എന്നിവയെല്ലാം ഇവിടെ ചേക്കേറുന്ന സംരംഭകര്‍ക്ക് ലഭ്യമാക്കിക്കൊടുക്കും.
''ബാലാരിഷ്ടതകള്‍ ഏറെയുള്ള സംരംഭകരെ പ്രൊഫഷണല്‍ രീതിയില്‍ കൈപിടിച്ചു നടത്തി അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുകയാണ് ഈ ഇന്‍ക്യുബേഷന്‍ സെന്റര്‍ ചെയ്യുന്നത്,'' ബിസിനസ് മാനേജര്‍ നിതിന്‍ സിംഗ് പറയുന്നു.
എങ്ങനെ ഇവിടെ ചേക്കേറാം?
എന്റോള്‍മെന്റ് ഫീ നല്‍കി ഇന്‍ക്യുബേഷന്‍ സെന്ററില്‍ സംരംഭകര്‍ക്ക് അംഗമാകാം. സിഫ്റ്റുമായി ധാരണാപത്രത്തിലേര്‍പ്പെടുന്ന സംരംഭകര്‍ക്ക് ഇവിടുത്തെ മെഷിനറികളും ടെക്‌നോളജികളുമെല്ലാം ലഭ്യമാകും. ടെസ്റ്റ് മാര്‍ക്കറ്റിംഗിനുള്ള പിന്തുണയും സിഫ്റ്റ് നല്‍കും. ഉല്‍പ്പന്നത്തിന്റെ ഗുണമേന്മാ പരിശോധനയും ഇവിടെ നടത്താം. ഒപ്പം സബ്‌സിഡികള്‍ക്കായി പല ഓഫീസുകള്‍ കയറിയിറങ്ങാതെ തന്നെ അവയെല്ലാം ലഭ്യമാക്കുന്ന സംരംഭകര്‍ക്കുള്ള ഏകജാലക സംവിധാനം കൂടിയാണ് ഈ ഇന്‍ക്യുബേഷന്‍ സെന്റര്‍.
വിവരങ്ങള്‍ക്ക്: 0484 2666845
സ്റ്റാര്‍ട്ടപ്പ് വില്ലേജ്
ഇന്‍ഫോസിസിന്റെ സഹസ്ഥാപകനും കോ ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്‍, നാസ്‌കോമിന്റെ മുന്‍ മേധാവി കിരണ്‍ കാര്‍ണിക്, യാഹു ഇന്ത്യയുടെ ഗവേഷണ വികസന വിഭാഗം മുന്‍ സി.ഇ.ഒ ശരത് വര്‍മ, ഡെല്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്റര്‍ ഗണേഷ് ലക്ഷ്മിനാരായണന്‍...തുടങ്ങിയവരുടെയെല്ലാം മാര്‍ഗനിര്‍ദേശങ്ങളും സഹായവും നേടി ഒരു സംരംഭം കെട്ടിപ്പടുക്കുക. കേള്‍ക്കുമ്പോള്‍ തന്നെ ഏതൊരു നവ സംരംഭകനെയും മോഹിപ്പിക്കുന്ന കാര്യം. ഇത് സാധ്യമാക്കുകയാണ് എറണാകുളം ജില്ലയിലെ കളമശ്ശേരിയിലുള്ള കിന്‍ഫ്ര ഹൈ ടെക് പാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ദേശീയ ശാസ്ത്ര, സാങ്കേതിക സംരംഭക വികസന ബോര്‍ഡ്, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് എന്നീ സ്ഥാപനങ്ങള്‍ മോബ്മി വയര്‍ലെസ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജിന് തുടക്കമിട്ടിരിക്കുന്നത്.
''ലോകത്തിലെ വലിയ കമ്പനികളായ ഫേസ്ബുക്ക്, ഗൂഗ്ള്‍ എന്നിവയുടെ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും അവയുടെ പിറവി യുവ മനസിലാണെന്ന്. കേരളത്തിലെ മോബ്മിയും ഇന്നോസുമെല്ലാം ഇതിനുദാഹരണമാണ്. ഈ ഗണത്തില്‍പെടുന്ന ശതകോടി സംരംഭങ്ങള്‍ വാര്‍ത്തെടുക്കുകയാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ ലക്ഷ്യം,'' സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സിജോ കുരുവിള ജോര്‍ജ് പറയുന്നു.
ആര്‍ക്കെല്ലാം കടന്നുവരാം?: ഇന്റര്‍നെറ്റ്, മൊബീല്‍ രംഗത്തെ പുതിയ ബിസിനസ് ആശയങ്ങളുള്ള സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പുകളെയാണ് ഇവര്‍ പ്രധാനമായും തേടുന്നത്. മൊബീല്‍ വാല്യു ആഡഡ് സര്‍വീസസ് (വാസ്), ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് (ഐ.വി.ആര്‍) എന്നുതുടങ്ങി ടെലികോം മേഖലയുമായി ബന്ധപ്പെട്ട ഏത് ബിസിനസ് ആശയങ്ങളുള്ളവര്‍ക്കും സ്റ്റാര്‍ട്ടപ്പ് വില്ലേജിലേക്ക് കടന്നു ചെല്ലാം.
സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ എന്തുണ്ട്? 4ജി ശൃംഖലയില്‍ ടെലികോം ലാബുകള്‍, ഇന്നവേഷന്‍ സോണുകള്‍, നിയമ-ബൗദ്ധിക സ്വത്തവകാശ സേവനങ്ങള്‍, സമ്പൂര്‍ണ സജ്ജീകരണങ്ങളോടെയുള്ള ഓഫീസ് സൗകര്യം, വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യങ്ങള്‍ എന്നിവയ്ക്കു പുറമേ സംരംഭകര്‍ക്കു നല്‍കുന്ന നിക്ഷേപങ്ങള്‍ക്ക് മൂന്നുവര്‍ഷത്തെ നികുതി സൗജന്യമടക്കമുള്ള നിരവധി ആനുകൂല്യങ്ങളും.
എങ്ങനെ ചേക്കേറാം? നവീന ആശയങ്ങളുള്ള സംരംഭകര്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജ് സി.ഇ.ഒ സിജോ കുരുവിള ജോര്‍ജുമായി നേരിട്ട് സംസാരിക്കാം. അവരുടെ ആശയം പങ്കുവെയ്ക്കാം. പിന്നീട് ഒരു സെലക്ഷന്‍ കമ്മിറ്റി ഈ ആശയം വിലയിരുത്തും. അതിനുശേഷം അര്‍ഹരായവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ ഇടം നല്‍കും.
വിവരങ്ങള്‍ക്ക്: 0484 6491646, 0484 6492646, www.startupvillage.in
ടെക്‌നോപാര്‍ക്ക് - ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേഷന്‍ (T-TBI)
ഐ.റ്റി രംഗത്ത് ആഗോള കമ്പനികളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ ടെക്‌നോപാര്‍ക്ക് ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്ററിന് (T-TBI) രൂപം കൊടുത്തിട്ടുള്ളത്. ''71 കമ്പനികളാണ് ഇന്‍ക്യുബേറ്ററില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത് പോയത്. 95 ശതമാനമാണ് ഇന്‍ക്യുബേറ്ററിന്റെ സക്‌സസ് റേറ്റ്. പുതിയ സംരംഭകര്‍ക്കാവശ്യമായ എല്ലാത്തരം പിന്തുണയും ഞങ്ങള്‍ നല്‍കുന്നുവെന്നതാണ് ഇതിന് കാരണം.'' ടെക്‌നോപാര്‍ക്ക് ഇന്‍ക്യുബേറ്ററിന്റെ സെക്രട്ടറിയും രജിസ്ട്രാറുമായ കെ.സി ചന്ദ്രശേഖരന്‍
നായര്‍ പറഞ്ഞു.
ഏതെല്ലാം സംരംഭം തുടങ്ങാം? സോഫ്റ്റ്‌വെയറുകള്‍, ഹാര്‍ഡ്‌വെയറുകള്‍, മൊബീല്‍ ആപ്ലിക്കേഷനുകള്‍, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, വെബ് ആപ്ലിക്കേഷനുകള്‍ എന്നിവക്ക് പുറമെ ഗെയ്മിംഗ്, ഫിനാന്‍സ് തുടങ്ങി ഐ.റ്റിയുമായി ബന്ധപ്പെട്ട അനേകം സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്. ഐ.റ്റി അധിഷ്ഠിത ഉല്‍പ്പന്നങ്ങളോ സാങ്കേതികവിദ്യയോ ആയിരിക്കണം വികസിപ്പിച്ചെടുക്കേണ്ടത് എന്ന നിബന്ധനയുണ്ട്.
എന്തെല്ലാം സേവനങ്ങള്‍ ലഭിക്കും? ടെക്‌നോപാര്‍ക്കിലെ 15,000 ചതുരശ്ര അടി സ്ഥലത്താണ് ഇന്‍ക്യുബേറ്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ നാല് സീറ്റുകള്‍ മുതല്‍ 20 സീറ്റുകള്‍ വരെയുള്ള എയര്‍ കണ്ടീഷന്‍ഡ് ഓഫീസ് മോഡ്യൂളുകള്‍ ലഭ്യമാണ്. ജലം, വൈദ്യുതി, ഇന്റര്‍നെറ്റ്, ടെലിഫോണ്‍, എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുറമെ സാങ്കേതിക ഉപദേശം, ബിസിനസ് മാര്‍ഗനിര്‍ദേശങ്ങള്‍, പരിശീലനം, ഗസ്റ്റ് ഹൗസ്, കോണ്‍ഫറന്‍സ് റൂം, ലൈബ്രറി തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. യോഗ്യമായ സംരംഭങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെയും വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകളുടെയും സാമ്പത്തികസഹായം ലഭ്യമാകും. ഇ-ലേണിംഗ് മുഖേന എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് പ്രോഗ്രാമും നടത്തപ്പെടുന്നുണ്ട്. ഇതിനായി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി. കൂടാതെ ഇന്‍ക്യുബേറ്ററിന്റെ നേതൃത്വത്തില്‍ എല്ലാ ബുധനാഴ്ചകളിലും സംരംഭകര്‍ക്ക് ഇവിടെ വെച്ച് കൗണ്‍സലിംഗ് നല്‍കുന്നുണ്ട്.
എങ്ങനെ ഇവിടെ ചേക്കേറാം? ഇന്‍ക്യുബേറ്ററില്‍ സ്ഥലം വേണമെന്നുള്ളവര്‍ www.technoparktbi.org എന്ന സൈറ്റിലെ സ്പ്രിംഗ് ബോര്‍ഡ് ഓപ്ഷനില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ ബിസിനസ് പ്ലാനും നല്‍കണം. ഇത് തയാറാക്കാന്‍ ആവശ്യമെങ്കില്‍ പാര്‍ക്കിലെ കണ്‍സള്‍ട്ടന്റിന്റെ സേവനം ഉപയോഗപ്പെടുത്താം. തുടര്‍ന്ന് ഇതൊരു വിദഗ്ധ സമിതി വിലയിരുത്തിയശേഷമാണ് ഇന്‍ക്യുബേറ്ററില്‍ സ്ഥലം അനുവദിക്കുക. ഇതിനുപുറമെ കോളെജ് വിദ്യാര്‍ത്ഥികളില്‍ നിന്നും സംരംഭകരെ സൃഷ്ടിക്കുന്നതിനായി ടെക്‌നോപാര്‍ക്ക് ഇന്‍ക്യുബേറ്ററിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 46 കോളെജുകളിലായി ഇന്നൊവേഷന്‍ ആന്‍ഡ് എന്‍ട്രപ്രന്യൂര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെല്ലുകളും ഇന്‍ക്യുബേറ്ററിന്റെ എക്‌സ്‌ടെന്‍ഷന്‍ സെല്ലുകളും പ്രവര്‍ത്തിക്കുന്നു. ഇവയില്‍ രണ്ടെണ്ടണ്ണം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജുകളിലാണ് പ്രവര്‍ത്തിക്കുന്നത്.
സൗകര്യമൊരുക്കി കിന്‍ഫ്ര
സംസ്ഥാനത്തെ വ്യാവസായിക അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കിന്‍ഫ്ര) വിവിധ പാര്‍ക്കുകളില്‍ നൂതന സംരംഭങ്ങളെ വളര്‍ത്തിയെടുക്കുന്നതിനുള്ള ഇന്‍ക്യുബേഷന്‍ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസംസ്‌ക്കരണം, ഗാര്‍മെന്റ്‌സ്, റബ്ബര്‍, ഇലക്ട്രോണിക്‌സ്, എക്‌സ്‌പോര്‍ട്‌സ്, ഇന്‍ഫ്രാടെയ്ന്‍മെന്റ് തുടങ്ങിയ വിവിധ മേഖലകളിലായി 20 തീം ബേസ്ഡ് പാര്‍ക്കുകള്‍ കിന്‍ഫ്ര സ്ഥാപിച്ചിട്ടുണ്ട്.
കിന്‍ഫ്രയുടെ പാര്‍ക്കുകളില്‍ ബില്‍റ്റപ്പ് സ്‌പെയ്‌സ്, ജലം, വൈദ്യുതി, കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പടെ കുറഞ്ഞ ചെലവിലും സമയത്തിനുള്ളിലും സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള റെഡിമെയ്ഡ് മാനുഫാക്ചറിംഗ് സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ഫുഡ് പ്രോസസിംഗ് പാര്‍ക്ക്, കാക്കഞ്ചേരി
മൈസൂരിലെ ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലബോറട്ടറിയുടെ സഹകരണത്തോടെ കാക്കഞ്ചേരിയിലെ ഫുഡ് പ്രോസസിംഗ് പാര്‍ക്കില്‍ ഒരു അഗ്രോ ഫുഡ് ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍ കിന്‍ഫ്ര സ്ഥാപിച്ചിട്ടുണ്ട്. പുതിയ സംരംഭങ്ങള്‍ക്ക് മാത്രമല്ല വ്യവസായികളായിട്ടുള്ളവര്‍ക്കും അവരുടെ നൂതനാശയങ്ങളുമായി ഇന്‍ക്യുബേറ്ററിനെ സമീപിക്കാം.
എന്തെല്ലാം സംരംഭങ്ങള്‍ തുടങ്ങാം: റെഡി ടു ഈറ്റ്, റെഡി ടു കുക്ക് ഉല്‍പ്പന്നങ്ങള്‍, സംസ്‌ക്കരിച്ച ഭക്ഷ്യോല്‍പ്പന്നങ്ങള്‍ തുടങ്ങിയവയൊക്കെ ഇവിടെനിന്നും വികസിപ്പിച്ചെടുക്കാം. റിട്ടോര്‍ട്ട് പൗച്ച് പാക്കിംഗിന് പുറമെ ഡീഹൈഡ്രേറ്റഡ് ഉല്‍പ്പന്നങ്ങള്‍, ശീതീകരിച്ച ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ടിന്നിലടച്ച ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയൊക്കെ വികസിപ്പിച്ചെടുക്കുന്നതിനും ഇന്‍ക്യുബേറ്ററില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് തിരുവനന്തപുരം
വിനോദ വ്യവസായവുമായി ബന്ധപ്പെട്ട സംരംഭങ്ങളുടെ പ്രോല്‍സാഹനത്തിനായാണ് തിരുവനന്തപുരത്തെ ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ ഇന്‍ക്യുബേഷന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇത്തരം സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ വന്‍ നിക്ഷേപം ആവശ്യമാണെങ്കില്‍ തുച്ഛമായ ചെലവില്‍ അവ ഇന്‍ക്യുബേഷന്‍ സംവിധാനത്തിലൂടെ യാഥാര്‍ത്ഥ്യമാക്കാനാകുമെന്നതാണ് സംരംഭകര്‍ക്കുള്ള നേട്ടം. അനിമേഷന്‍ കമ്പനികള്‍, സിനിമ-ടെലിവിഷന്‍ മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ എന്നിവക്കൊക്കെ ഇന്‍ക്യുബേഷന്‍ സംവിധാനം ഉപയോഗപ്പെടുത്താനാകും.
3000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ചിരിക്കുന്ന ഇന്‍ക്യുബേഷന്‍ കേന്ദ്രത്തില്‍ 15 ഉം 25 ഉം സീറ്റുകളുള്ള രണ്ട് ക്യൂബിക്കിളുമുണ്ട്. കൂടാതെ ഡിസ്‌കഷന്‍ റൂമും സംരംഭകര്‍ക്ക് ഉപയോഗിക്കാം. അനുബന്ധ സൗകര്യങ്ങളായ കോണ്‍ഫറന്‍സ് ഹാള്‍, ബിസിനസ് സെന്റര്‍ എന്നിവ കുറഞ്ഞ ഫീസ് നല്‍കി ഉപയോഗിക്കാവുന്നതാണ്.
ഹൈടെക് പാര്‍ക്ക്, കളമശേരി
ബയോടെക്‌നോളജിയുമായി ബന്ധപ്പെട്ട എല്ലാത്തരം സംരംഭങ്ങളുടെയും വികസനത്തിന് ഹൈടെക് പാര്‍ക്കിലെ ഇന്‍ക്യുബേഷന്‍ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇവിടെ 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ക്യുബിക്കിളുകള്‍ ലഭ്യമാണ്.
അനിമല്‍ ടിഷ്യു, പ്ലാന്റ് ടിഷ്യൂ എന്നിവ കള്‍ച്ചര്‍ ചെയ്യുന്നതിനുള്ള പൊതുവായ ലാബ്, ട്രെയ്‌നിംഗ് ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം, സെക്യൂരിറ്റി തുടങ്ങിയ സംവിധാനങ്ങളൊക്കെ ഇന്‍ക്യുബേറ്ററില്‍ ലഭ്യമാക്കിയിട്ടുണ്ട്.