നിങ്ങള്‍ പറഞ്ഞത് ആളുകള്‍ മറക്കും
നിങ്ങള്‍ ചെയ്തത് ആളുകള്‍ മറക്കും
എന്നാല്‍ നിങ്ങള്‍ ആളുകള്‍ക്ക് നല്‍കുന്ന അനുഭവം
അവര്‍ ഒരിക്കലും മറക്കില്ല.
മായ എയ്ഞ്ചലൂ (കവയിത്രി, തത്വചിന്തക)
പത്രത്തിന്റെ മുന്‍പേജിലും ടെലിവിഷനില്‍ പ്രൈം ടൈമിലും ആകര്‍ഷകമായ പരസ്യം. മുമ്പ് ആളുകള്‍ അറിയാനും വില്‍പ്പന നേടാനും ഇത് ധാരാളമായിരുന്നു. എന്നാല്‍ ഇന്നത്തെ പുതുതലമുറയിലെ പലരും പത്രം വായിക്കാറില്ല. ടി.വി കാണാന്‍ മെനക്കെടാറില്ല. ഇവര്‍ കാര്യങ്ങള്‍ അറിയുന്നത് ടാബ്‌ലറ്റും ഫോണും വഴിയാകും. പരസ്യം കണ്ടതുകൊണ്ടും ശ്രദ്ധിക്കണമെന്നില്ല. കാരണം പരസ്യങ്ങളുടെ ബഹളമാണിപ്പോള്‍. പിന്നെന്തു ചെയ്യും? ഉപഭോക്താക്കള്‍ക്ക് നല്ലൊരു അനുഭവം നല്‍കാന്‍ പരസ്യങ്ങള്‍ക്ക് കഴിയണം. കുറഞ്ഞ ചെലവില്‍ ഇതെങ്ങനെ സാധിക്കും? ചില ഉദാഹരണങ്ങള്‍.
ഒന്നാം ക്ലാസുകാരനെ സ്‌കൂളിലേക്ക് ഒരുക്കിവിടുന്നത് 'ടേണ്‍' അടിസ്ഥാനത്തിലാക്കിയിരിക്കുന്ന യുവദമ്പതികള്‍. ഇന്ന് അച്ഛനാണെങ്കില്‍ നാളെ അമ്മയാണ് കുട്ടിയെ ഒരുക്കി വിടേണ്ടത്. രാവിലത്തെ അവരുടെ വെപ്രാളം കണ്ട് വിഷമം തോന്നിയ കുട്ടി ഒരു ദിവസം മാതാപിതാക്കളറിയാതെ അലാം ഓഫ് ചെയ്യുന്നു. അവന്‍ എഴുന്നേറ്റ് പല്ലു തേക്കുന്നു, കുളിക്കുന്നു, ടൈ കെട്ടുന്നു, ബ്രഡില്‍ ബട്ടര്‍ തേച്ച് കഴിക്കുന്നു, പാലു കുടിക്കുന്നു... ഞെട്ടലോടെ ഉറക്കമെഴുന്നേറ്റ മാതാപിതാക്കള്‍ കാണുന്നത് മിടുക്കനായി സ്‌കൂളിലേക്ക് പോകുന്ന മകനെയാണ്. അമുല്‍ എന്നെഴുതിയ അവന്റെ ബാഗിനെ സൂം ചെയ്ത് വീഡിയോ അവസാനിക്കുമ്പോള്‍ മാത്രമാണ് ഇത് അമുലിന്റെ പരസ്യമാണെന്ന് മനസിലാകുന്നത്. ലക്ഷക്കണക്കിന് പേര്‍ യൂട്യൂബിലൂടെ ഇത് കണ്ടു കഴിഞ്ഞു. ഫേസ്ബുക്കില്‍ നിരവധിപ്പേര്‍ ഷെയര്‍ ചെയ്തു. മൂന്ന് മിനിറ്റിന് മുകളിലുള്ള ഈ പരസ്യം ചാനലുകളില്‍ വരുത്താന്‍ കോടിക്കണക്കിന് രൂപ ചെലവു വന്നേനെ. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഈ പരസ്യം പാറി നടക്കുന്നു.
കൊച്ചിയില്‍ നടന്ന ഒരു എക്‌സിബിഷനില്‍ അവിടെ വരുന്നവര്‍ക്ക് ഒരു എഫ്എംസിജി കമ്പനി നല്‍കിയത് സൗജന്യ വൈ-ഫൈ ഇന്റര്‍നെറ്റ് കണക്ഷനാണ്. പക്ഷെ ഒരു കണ്ടീഷന്‍! സൗജന്യ ഇന്റര്‍നെറ്റ് ഉപയോഗിക്കണമെങ്കില്‍ സ്ഥാപനത്തിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യണം. ഒറ്റദിവസം കൊണ്ട് പേജില്‍ ലൈക്കുകള്‍ കുതിച്ചുയര്‍ന്നു. ലൈക്കു കൊണ്ട് സ്ഥാപനത്തിനെന്ത് കാര്യം എന്നാണോ ചിന്തിക്കുന്നത്? ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുന്നതിലൂടെ പേജില്‍ എന്ത് പുതിയ കാര്യങ്ങള്‍ ചേര്‍ത്താലും അതെല്ലാം അവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കും. ഉപഭോക്താവുമായി ദീര്‍ഘകാല ബന്ധം സ്ഥാപിക്കാനുള്ള അവസരമാണിത്. ഇതിന് വേണ്ടി വന്നത് നിസാര ചെലവും.
കഷണ്ടിക്കാരായ 20 പേര്‍ക്ക് സൗജന്യമായി സ്റ്റേജില്‍ വെച്ച് മുടി ഫിക്‌സ് ചെയ്യുന്ന ലൈവ് ഷോ ആണ് ഗേറ്റ്‌വേ എന്ന ഹെയര്‍ ഫിക്‌സിംഗ് സ്ഥാപനം നടത്തിയത്. കാഞ്ഞങ്ങാട് നടത്തിയ ഷോയില്‍ മുഖ്യാതിഥിയായി നടന്‍ സിദ്ദിഖും എത്തിയതോടെ ജനത്തിരക്കായി. മാധ്യമങ്ങളിലൂടെ കേരളം മുഴുവന്‍ ഇതിനെക്കുറിച്ച് അറിഞ്ഞു. മറ്റു പല പ്രദേശങ്ങളിലും ഇതേ പരിപാടി സംഘടിപ്പിച്ചു. ഇതിന് നിസാരമായ ചെലവേ വേണ്ടിവന്നുള്ളു എന്ന് സംഘാടകരായ ഐഡിയസ്‌പേസ് കമ്യൂണിക്കേഷന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ മുഹമ്മദ് ഫൈസല്‍ പറയുന്നു.
പരസ്യമാണെന്ന് തോന്നാത്ത വിധത്തില്‍ പരസ്യം അവതരിപ്പിക്കുകയാണ് ഇവര്‍ ചെയ്തത്. ഒപ്പം ഉപഭോക്താവിനെ അതില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഫലമോ എക്കാലവും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന അനുഭവങ്ങളായി ഇവരുടെ മാര്‍ക്കറ്റിംഗ്. ഇതില്‍ വലുപ്പച്ചെറുപ്പങ്ങള്‍ക്ക് കാര്യമില്ല. സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങള്‍ക്ക് മുതല്‍ തങ്ങളുടേതായ രീതിയില്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ മെനയാം. ഇതിന് പണമല്ല, ക്രിയാത്മകമായ ആശയങ്ങളാണ് വേണ്ടതെന്ന് ഓര്‍ക്കുക. ഇതാ ചില ആശയങ്ങള്‍.
യൂ ട്യൂബ് എന്ന മാന്ത്രികവടി
സംരംഭകന്റെ കൈയിലുള്ള മാന്ത്രികവടിയാണ് യൂട്യൂബ് എന്നു പറയാം. ഇതു വായിക്കാന്‍ നിങ്ങളെടുക്കുന്ന ഒരു മിനിറ്റുകൊണ്ട് 100 മണിക്കൂറുകളുള്ള വീഡിയോകളാണ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നത്. ഗൂഗിള്‍ കഴിഞ്ഞാല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ കയറുന്ന രണ്ടാമത്തെ സൈബര്‍ ഇടമാണ് യൂട്യൂബ്. ഇതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന സ്ഥാപനങ്ങള്‍ ഏറെയാണ്.
ഇന്റര്‍നെറ്റിനായി ജനിച്ചത് എന്ന എം.റ്റി.എസ് പരസ്യം സ്ഥിരം ചാനലുകളില്‍ വന്നിട്ടും ഒരു കോടിക്ക് മുകളില്‍ ആളുകള്‍ അത് യൂട്യൂബില്‍ കണ്ടു. എവിയന്‍ കുപ്പിവെള്ള കമ്പനിയുടെ എവിയന്‍ ബേബീസ് (Evian Babies) എന്ന രസകരമായ പരസ്യം യൂട്യൂബില്‍ കണ്ടത് 10 കോടിയോളം പേരാണ്. സ്ഥാപനവുമായി ബന്ധപ്പെട്ട, കാണുന്നവര്‍ക്ക് താല്‍പ്പര്യം തോന്നുന്ന എന്ത് വീഡിയോയും യൂട്യൂബില്‍ സൗജന്യമായി അപ്‌ലോഡ് ചെയ്യാം. അത് പരസ്യമാകാം, സ്ഥാപനത്തിന്റെ കോര്‍പ്പറേറ്റ് ഫിലിം ആകാം. യൂട്യൂബിന് മാത്രമായി നിര്‍മിക്കുന്ന പരസ്യങ്ങളും ഏറെയുണ്ട്. ടെലിവിഷനിലെ പരസ്യം കാണാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ യൂട്യൂബില്‍ ആളുകള്‍ തേടിപ്പോയി പരസ്യം കാണുന്നു. സോഷ്യല്‍ മീഡിയയിലൂടെ അനേകം പേര്‍ അത് ഷെയര്‍ ചെയ്യുന്നു. യൂട്യൂബ് പരസ്യങ്ങളുടെ പ്രത്യേകത ഇതാണ്.
യൂട്യൂബില്‍ ശ്രദ്ധിക്കേണ്ടത്:
► നിങ്ങളുടെ കണ്ടന്റിന് യോജിക്കുന്ന, കൂടുതല്‍പ്പേര്‍ സേര്‍ച്ച് ചെയ്യുന്ന വാക്കുകള്‍ (കീ വേര്‍ഡ്) യൂട്യൂബ് വീഡിയോയ്ക്ക് നല്‍കുക.
► യൂട്യൂബ് കമ്യൂണിറ്റിയില്‍ സജീവമാകുക.
► വീഡിയോ കണ്ടവരെ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിലേക്ക് വരാന്‍ പ്രേരിപ്പിക്കുക. (വീഡിയോയില്‍ വെബ്‌സൈറ്റിന്റെ ലിങ്ക് നല്‍കാം.)
► ഹാസ്യത്തില്‍ പൊതിഞ്ഞതോ ആളുകളെ ഞെട്ടിപ്പിക്കുന്നതോ തീര്‍ത്തും വ്യത്യസ്തമോ ആയ വീഡിയോകളാണ് കൂടുതലായും ഇന്റര്‍നെറ്റില്‍ ശ്രദ്ധേയം (വൈറല്‍) ആകുന്നത്.
കൊടുത്താല്‍ ഫേസ് ബുക്കിലും കിട്ടും
ഫേസ്ബുക്ക് പേജില്‍ അല്‍പ്പം ഉദാരമനസ്‌കത കാണിച്ചാല്‍ ബിസിനസില്‍ അത് പ്രതിഫലിക്കും എന്നേ ഉദ്ദേശിച്ചുള്ളു. കടയുടെ ഉദ്ഘാടനം പത്രമാധ്യമങ്ങളിലൂടെ അറിയിക്കാതെ ഫേസ്ബുക്കില്‍ മാത്രം അറിയിച്ചാല്‍ എങ്ങനെയിരിക്കും? അതുപോലൊരു പരീക്ഷണമാണ് ഐഡിയസ്‌പേസ് കമ്യൂണിക്കേഷന്‍സ് തങ്ങളുടെ ലൈക്ക്ഡ് എന്ന സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് സംരംഭത്തിലൂടെ ചെയ്തത്.
ചിക്കിംഗ് എന്ന ഭക്ഷ്യശൃംഖലയുടെ ബാംഗ്ലൂരിലെ പുതിയ ശാഖയുടെ ഉദ്ഘാടന ദിവസം എത്തുന്നവര്‍ക്ക് മികച്ച ഓഫറുണ്ടെന്ന് ഇവര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഉദ്ഘാടനം ഹിറ്റ് ആയെന്ന് പറഞ്ഞാല്‍ മതിയല്ലോ. ശിശുദിനത്തില്‍ കുട്ടികള്‍ക്ക് ഫ്രീ കിഡ്‌സ് മീല്‍, വാലന്റൈന്‍സ് ഡേ ഓഫര്‍... ഇങ്ങനെ പല ഇവന്റുകളിലും ചിക്കിംഗ് ഇതേ ശൈലി പരീക്ഷിച്ചു. ഷോപ്പിലെത്തുന്നവരുടെ ഫോട്ടോ അവരുടെ സമ്മതത്തോടെ പേജിലും കൊടുക്കുന്നുണ്ട്.
അങ്കമാലിയിലുള്ള കാര്‍ണിവല്‍ ഗ്രൂപ്പും ഇതേ തന്ത്രമാണ് നടത്തിയത്. ഫേസ്ബുക്ക് പേജിലെ പാസ്‌വേര്‍ഡ് ഫുഡ് കോര്‍ട്ടില്‍ ചെന്നുപറയുന്ന ആദ്യത്തെ 10 പേര്‍ക്ക് സൗജന്യ ഭക്ഷണം ആണ് ഇവര്‍ കൊടുത്ത ഓഫര്‍. രാവിലെ സ്ഥാപനം തുറക്കുന്നതിനു മുമ്പു തന്നെ നിരവധിപ്പേര്‍ എത്തിയെന്ന് പരസ്യം സൃഷ്ടിച്ച ഐസ് ക്രിയേറ്റീവിന്റെ സാരഥി വിജയ് എസ്.പോള്‍ പറയുന്നു. ഉപഭോക്താവുമായി ദീര്‍ഘകാല ബന്ധം സ്ഥാപിക്കാനുള്ള അവസരമാണ് ഫേസ്ബുക്ക് സംരംഭകന് മുന്നില്‍ തുറന്നിടുന്നത്.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
സ്ഥാപനത്തിന്റെ പേരില്‍ ഫേസ്ബുക്ക് പേജ് ആരംഭിക്കുക.
കൂടുതല്‍പ്പേരെ പേജിലേക്ക് ആകര്‍ഷിക്കാനായി കമ്പനിയുടെ പരസ്യം, ബ്രോഷര്‍ തുടങ്ങിയവയുടെ താഴെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനും ആവശ്യപ്പെടാം.
സ്ഥാപനത്തിന്റെ വൈബ്‌സൈറ്റില്‍ നിന്ന് ഫേസ്ബുക്ക് പേജിലേക്ക് പോകാനുള്ള ലിങ്ക് ഉണ്ടായിരിക്കണം.
എപ്പോഴും സ്ഥാപനത്തിന്റെ ഗുണഗണങ്ങള്‍ മാത്രം വാഴ്ത്തിപ്പാടാതെ വായിക്കുന്നവര്‍ക്ക് താല്‍പ്പര്യം തോന്നുന്ന കാര്യങ്ങളും കൊടുക്കാം.
ഇടയ്ക്കിടക്ക് ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കിക്കൊണ്ടിരിക്കുക.
നിങ്ങളുടെ സാന്നിദ്ധ്യം എപ്പോഴും ഉണ്ടായിരിക്കണം. ഉപഭോക്താക്കള്‍ക്ക് സമയത്ത് മറുപടി കൊടുക്കാന്‍ ശ്രദ്ധിക്കണം.
വില്‍പ്പന ഓണ്‍ലൈന്‍ ആക്കാം
റീറ്റെയ്ല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്വന്തമായ ബ്രാന്‍ഡുള്ളവര്‍ക്കും ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കാം. ഉപഭോക്താക്കള്‍ക്ക് പരിചിതമായ ബ്രാന്‍ഡാണെങ്കില്‍ മികച്ച ബിസിനസ് നേടാന്‍ കഴിഞ്ഞേക്കും.
നോള്‍ട്ട ബ്രാന്‍ഡിന്റെ ഉടമകളായ കൊട്ടാരം ട്രേഡിംഗ് ഓണ്‍ലൈനിലൂടെ മികച്ച വില്‍പ്പനയാണ് നേടുന്നത്. ''ഭാവിയില്‍ ഇതിന്റെ സാധ്യതകള്‍ വലുതായിരിക്കും എന്നതുകൊണ്ടാണ് ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്ക് വന്നത്. പക്ഷെ ഞങ്ങളെ അല്‍ഭുതപ്പെടുത്തുന്ന പ്രതികരണമാണ് ലഭിച്ചത്,'' കൊട്ടാരം ട്രേഡിംഗിന്റെ ഡയറക്റ്റര്‍ (മാര്‍ക്കറ്റിംഗ്) ആന്റണി തോമസ് പറയുന്നു.
കേരളത്തിലെ ഒരു ഉള്‍നാടന്‍ പട്ടണത്തിലുള്ള ബില്‍ഡിംഗ് മെറ്റീരിയല്‍ സ്ഥാപനവും ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചിരുന്നു. ഇപ്പോള്‍ ഇവരുടെ മൊത്തം വില്‍പ്പനയുടെ 30 ശതമാനത്തിലേറെ ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ മടിക്കുന്നവരുടെ എണ്ണം കേരളത്തിലും വര്‍ധിച്ചുവരുന്നത് ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് മികച്ച അവസരമാണ് ഒരുക്കുന്നത്. ഇ-ബേ, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി വെബ്‌സൈറ്റുകളെ ഏല്‍പ്പിച്ചോ സ്വന്തം വെബ്‌സൈറ്റിലൂടെയോ ഇതിനുള്ള സംവിധാനം ബ്രാന്‍ഡുടമകള്‍ക്ക് ഒരുക്കാനാകും.
വിശ്വാസം നേടിയെടുക്കാം ബ്ലോഗിലൂടെ
ബന്ധങ്ങള്‍ വളര്‍ത്താനും വിവരങ്ങള്‍ പങ്കുവെക്കാനുമൊക്കെയുള്ള ഓണ്‍ലൈന്‍ സങ്കേതമായ ബ്ലോഗ് നല്ലൊരു മാര്‍ക്കറ്റിംഗ് ഉപാധി കൂടിയാണ്. എന്തിനെക്കുറിച്ചും ഇതില്‍ എഴുതാം. ബ്ലോഗിലൂടെ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിലേക്കും ആകര്‍ഷിക്കാനാകും. സംരംഭകന്റെ പേരിലോ സ്ഥാപനത്തിന്റെ പേരിലോ ബ്ലോഗ് ആരംഭിക്കാം. പക്ഷെ എപ്പോഴും സ്ഥാപനത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നാല്‍ ആളുകള്‍ ശ്രദ്ധിക്കണമെന്നില്ല. നിങ്ങളുടെ മേഖലയിലെ പുതിയ കാര്യങ്ങളെക്കുറിച്ചോ സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങളോ ഒക്കെ ബ്ലോഗിലൂടെ പങ്കുവെക്കാം. സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങള്‍ പങ്കുവെക്കുന്ന വി-ഗാര്‍ഡ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിളളിയുടെ ബ്ലോഗിന് ആരാധകര്‍ ഏറുന്നത് ഇതിന് ഉദാഹരണമാണ്.
''വെബ്‌സൈറ്റുകളെക്കാള്‍ കൂടുതല്‍പ്പേര്‍ വായിക്കാന്‍ താല്‍പ്പര്യപ്പെടുന്നത് ബ്ലോഗുകളാണ്. മാത്രമല്ല പുതിയ അപ്‌ഡേറ്റുകള്‍ ഫോളോ ചെയ്യുന്നവരിലേക്ക് എത്തുകയും ചെയ്യും.'' ഗ്രീന്‍ പെപ്പര്‍ കണ്‍സള്‍ട്ടിംഗിന്റെ സി.ഇ.ഒ കൃഷ്ണകുമാര്‍ പറയുന്നു. ബ്ലോഗ്.കോം, വേര്‍ഡ്പ്രസ്, ബ്ലോഗ്‌സ്‌പോട്ട് തുടങ്ങിയവയിലെല്ലാം ബ്ലോഗ് ആരംഭിക്കാം. ഒരിക്കല്‍ തുടങ്ങിയാല്‍ സ്ഥിരമായി അപ്‌ഡേഷന്‍ നടത്തിക്കൊണ്ടിരിക്കണം. മാത്രമല്ല വിവാദങ്ങള്‍ സൃഷ്ടിക്കാനിടയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.
ട്വിറ്റര്‍ കിളിക്ക് ബിസിനസിലെന്ത് കാര്യം?
അടുത്ത കാലത്തായി സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെല്ലാം കാര്യമായ സ്വാധീനം ചെലുത്തുന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ട്വിറ്റര്‍. നമുക്കു ചുറ്റും സംഭവിക്കുന്നതിനെക്കുറിച്ചും അതില്‍ നമുക്കെന്താണ് പറയാനുള്ളതെന്നുമൊക്കെ എല്ലാവരെയും അറിയിക്കാനുള്ള മാര്‍ഗമാണ് ട്വിറ്റര്‍. മൈക്രോ ബ്ലോഗിംഗ് അടിസ്ഥാനമാക്കിയുള്ള ഇതില്‍ 140 വാക്കില്‍ താഴെയുള്ള സംഭാഷണങ്ങളാണ് നടത്താവുന്നത്. ബിസിനസുകാര്‍ക്ക് തങ്ങളുടെ ഉപഭോക്താക്കളെ കണ്ടെത്താനും അവരുമായുള്ള ബന്ധം നിലനിര്‍ത്താനും ബിസിനസിലേക്ക് അവരെ ആകര്‍ഷിക്കാനും ഈ കൊച്ചു മാധ്യമത്തിലൂടെ സാധിക്കും.
എല്‍ജി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണിന് വിപണി നേടാന്‍ ട്വിറ്ററിലൂടെ ട്രെഷര്‍ ഹണ്ട് നടത്തുകയാണ് ചെയ്തത്. യു.കെയില്‍ എല്‍.ജി ഒരുക്കിയ സ്റ്റാള്‍ കണ്ടെത്തി ആദ്യം ചെല്ലുന്നയാള്‍ക്ക് രണ്ട് കൂപ്പണുകള്‍ ലഭിക്കുമെന്നതായിരുന്നു മല്‍സരം. അതിനായി ഒരു മാപ്പും ഇവര്‍ നല്‍കിയിരുന്നു. 50,000 പേരാണ് ഇതില്‍ പങ്കെടുത്തത്. ഇതൊരു ഉദാഹരണം മാത്രം. ഡെല്‍, സ്റ്റാര്‍ബക്‌സ്, സാംസംഗ്, ഫോര്‍ഡ് തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ ട്വിറ്ററില്‍ വളരെ സജീവമാണ്.
പ്രൊഫഷണല്‍ ബന്ധങ്ങള്‍ക്ക് ലിങ്ക്ഡ് ഇന്‍
അല്‍പ്പം ഗൗരവസ്വഭാവമുള്ള പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റാണ് ലിങ്ക്ഡ് ഇന്‍. സ്ഥാപനത്തിന്റെ സാരഥിയുടെ പേരിലുള്ള ലിങ്ക്ഡ് ഇന്‍ എക്കൗണ്ട് പരോക്ഷമായി ബിസിനസിനെയും സഹായിക്കും. നിങ്ങള്‍ ബിസിനസില്‍ ലക്ഷ്യം വെക്കുന്ന സ്ഥാപനങ്ങളുടെ സാരഥികളുമായി പ്രൊഫഷണല്‍ സൗഹൃദം നേടാനും അതുവഴി നിങ്ങളുടെ സ്ഥാപനത്തിലേക്ക് അവരെ ആകര്‍ഷിക്കാനും സാധിക്കും. ഒരു വിദേശ സ്ഥാപനത്തിന്റെ ഡയറക്റ്ററുമായി ലിങ്ക്ഡ് ഇന്‍ വഴി ചങ്ങാത്തം കൂടിയതിലൂടെ മലബാറിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ലഭിച്ചത് ലക്ഷക്കണക്കിന് രൂപയുടെ ബിസിനസാണ്.
നിങ്ങളുടെ സ്ഥാപനത്തിന്റെ പേരിലും എക്കൗണ്ട് തുടങ്ങാനാകും. നിങ്ങളുടെ വെബ്‌സൈറ്റിന്റെയും നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെയും അപ്‌ഡേറ്റുകള്‍ ലിങ്ക്ഡ്ഇന്നില്‍ കാണാന്‍ സാധിക്കും.
ക്യൂആര്‍ കോഡ് എന്തിന്?
കൊച്ചു ചതുരത്തില്‍ കറുപ്പും വെളുപ്പും കൊണ്ട് കോറിയിട്ട ക്യൂആര്‍ കോഡ് അത്ര നിസാരക്കാരനല്ല. ഇതിന്റെ മുഴുവന്‍ പേരു തന്നെ ക്വിക്ക് റെസ്‌പണ്‍സ് കോഡ് എന്നാണ്. സ്മാര്‍ട്ട്‌ഫോണിലൂടെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ പുതുതലമുറ ഏറെ താല്‍പ്പര്യം കാണിക്കാറുണ്ട്. ഈ ആപ്ലിക്കേഷന്‍ അവരെ നിങ്ങളുടെ വെബ്‌സൈറ്റിലെത്തിക്കും. നിങ്ങള്‍ കൊടുക്കുന്ന പരസ്യങ്ങളിലോ ബ്രോഷറിലോ എന്തിന് ബിസിനസ് കാര്‍ഡില്‍ വരെ ക്യൂആര്‍ കോഡ് ചേര്‍ക്കാം.
ചെലവില്ലാതെ ന്യൂസ്‌ലെറ്റര്‍
ഫേസ്ബുക്ക് പേജിലും ബ്ലോഗിലുമൊക്കെ നിങ്ങള്‍ തയാറാക്കുന്ന കാര്യങ്ങള്‍ ന്യൂസ്‌ലെറ്റര്‍ മാര്‍ക്കറ്റിംഗിലും ഉപയോഗിക്കാം. നിങ്ങളുടെ പ്രധാന ഉപഭോക്താക്കളുടെ, നേരത്തെ നിങ്ങളോട് ബിസിനസ് ചെയ്ത, നിങ്ങളോട് താല്‍പ്പര്യമുള്ള വ്യക്തികളുടെ ഒക്കെ ഇ-മെയ്ല്‍ അഡ്രസുകള്‍ ശേഖരിച്ച് വെച്ചിട്ടുണ്ടാകുമല്ലോ. (ഇല്ലെങ്കില്‍ ഇപ്പോള്‍ തന്നെ തുടങ്ങിക്കോളൂ). അവര്‍ക്കെല്ലാം ന്യൂസ് ലെറ്റര്‍ രൂപത്തില്‍ ഇ-മെയ്ല്‍ അയക്കാം.
ഉദാര മനസ്‌കത കൊണ്ട് എന്തു നേടാം?
എന്തും. പുതുതായി ആരംഭിച്ച ഒരു ജിംനേഷ്യം ഉപഭോക്താക്കള്‍ക്ക് കൊടുത്ത ഓഫറിന്റെ കഥ ഇതിനൊരു വലിയ ഉദാഹരണമാണെന്ന് ബിസിനസ് സ്ട്രാറ്റജിസ്റ്റായ പോള്‍ റോബിന്‍സണ്‍ പറയുന്നു. 30 ദിവസം തുടര്‍ച്ചയായി ജിമ്മില്‍ വന്നാല്‍ ഒരു മാസത്തെ ഫീസ് മുഴുവന്‍ രൂപ തിരിച്ചു കൊടുക്കും. ഇതുകേട്ട് ഓടിക്കൂടിയ 'ജിമ്മന്‍മാര്‍' ഒറ്റ ദിവസം പോലും കളയാതെ വരാന്‍ ആഞ്ഞുശ്രമിച്ചു. പക്ഷെ മടി മനുഷ്യസഹജമാണല്ലോ. ഒന്നോ രണ്ടോ പേരൊഴിച്ച് ആര്‍ക്കും പണം തിരിച്ചുകൊടുക്കേണ്ടി വന്നില്ല ജിം അധികൃതര്‍ക്ക്. പക്ഷെ അവരുടെ ലക്ഷ്യം സാധിച്ചു. മികച്ച ബിസിനസ് നേടുകയും ചെയ്തു. സംഭവത്തിന്റെ ഗുണപാഠം മനസിലായല്ലോ?
മല്‍സരം നടത്തൂ
നിങ്ങള്‍ പുതിയൊരു ബ്രാന്‍ഡ് പുറത്തിറക്കുന്നു. അതിന് ഉചിതമായ പേര് നിര്‍ദേശിക്കാന്‍ ഉപഭോക്താവിനോട് ആവശ്യപ്പെടാം. തെരഞ്ഞെടുക്കുന്ന അഞ്ചു പേരുകള്‍ക്ക് സമ്മാനവും കൊടുക്കാം. ഉപഭോക്താക്കള്‍ നിങ്ങള്‍ക്ക് പേരു കണ്ടുപിടിക്കാന്‍ തല പുകയ്ക്കുന്നത് രസകരമല്ലേ? പരോക്ഷമായ മാര്‍ക്കറ്റിംഗ് രീതികള്‍ക്ക് ഉദാഹരണമാണിത്.
എക്‌സിബിഷന്‍ ഒഴിവാക്കല്ലേ
വീടുനിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനമാണ് നിങ്ങളുടേത് എന്നിരിക്കട്ടെ. ഈ രംഗത്ത് നിരവധി എക്‌സിബിഷനുകള്‍ സംഘടിപ്പിക്കാറുണ്ട്. അവിടെ വരുന്നവരില്‍ ഭൂരിഭാഗവും പുതിയ വീട് വെക്കാനോ ഉള്ളത് മെച്ചപ്പെടുത്താനോ ഉള്ള ലക്ഷ്യമുള്ളവരായിരിക്കും. നിങ്ങള്‍ ലക്ഷ്യം വെക്കുന്ന ഉപഭോക്താക്കളെ ഒരുമിച്ചു കിട്ടുന്ന അത്തരം വേദികള്‍ ഉപയോഗപ്പെടുത്തുക. സാധാരണയില്ലാത്ത ഓഫറുകള്‍ എക്‌സിബിഷന്‍ സ്റ്റാളില്‍ പ്രഖ്യാപിക്കുക.
വാഹനം മാര്‍ക്കറ്റിംഗ് നടത്തുമോ?
തീര്‍ച്ചയായും. എല്ലാ സ്ഥാപനങ്ങള്‍ക്കും തന്നെ വിവിധതരം വാഹനങ്ങള്‍ സ്വന്തമായി ഉണ്ടാകും. കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ സേവനങ്ങള്‍ വെച്ച് അവയെ ബ്രാന്‍ഡ് ചെയ്താല്‍ പോകുന്ന വഴിയെല്ലാം അവ നിങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയി മാറും.
''ഉദാരത വേണം, വിശ്വസ്തതയും''
ഉപഭോക്താവിനെ വിളിച്ച് ബിസിനസ് നേടിയിരുന്ന കാലം മാറി. ഉപഭോക്താവ് നിങ്ങളെ തേടി വരണം. അത്തരത്തില്‍ ഇന്‍ബൗണ്ട് മാര്‍ക്കറ്റിംഗിനുള്ള സാഹചര്യങ്ങളാണ് ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെ ഒരുക്കേണ്ടതെന്ന് മോട്ടിവേഷണല്‍ ട്രെയ്‌നറും ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ പോള്‍ റോബിന്‍സണ്‍ പറയുന്നു. കാര്യക്ഷമമായ മാര്‍ക്കറ്റിംഗിനുള്ള അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍.
വെര്‍ച്വല്‍ ലോകത്ത് നിങ്ങള്‍ എത്രമാത്രം സജീവമാണ് എന്നതാണ് ഇന്നത്തെ ബിസിനസിലെ പ്രധാന ചോദ്യം. ഉപഭോക്താവ് നിങ്ങളെ തേടി വരാനിത് വളരെ പ്രധാനമാണ്.
ഇത് എക്‌സ്പീരിയന്‍സ് മാര്‍ക്കറ്റിംഗിന്റെ കാലമാണ്. മികച്ച അനുഭവം ഉപഭോക്താവിന് കൊടുക്കുന്ന മാര്‍ക്കറ്റിംഗ് കാംപെയ്ന്‍ ആയിരിക്കണം നിങ്ങളുടേത്. വിപണിയില്‍ മല്‍സരം കൂടുമ്പോള്‍ നിങ്ങള്‍ ഉദാരമനസ്‌കരായേ പറ്റു. ഓണ്‍ലൈനില്‍ ശ്രദ്ധിക്കപ്പെടാനുള്ള വഴിയും അതുതന്നെ. ഉദാരമനസ്‌കത, വിശ്വസ്ത ഇതു രണ്ടും ഇന്നത്തെ മാര്‍ക്കറ്റിംഗില്‍ വളരെ പ്രധാനമാണ്. സമ്മാനങ്ങളും ഓഫറുകളെല്ലാം ആഘോഷ പൂര്‍വം ഉപഭോക്താക്കള്‍ കൊണ്ടാടും. ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പനയ്ക്ക് ഡിമാന്റേറുന്ന കാലമായതിനാല്‍ അതിനെ അവഗണിച്ചുകൊണ്ട് വരും കാലങ്ങളില്‍ മുന്നോട്ടുപോകാന്‍ കഴിയണമെന്നില്ല. യുവാക്കളും വനിതകളുമാണ് ഇപ്പോള്‍ കൂടുതലായി ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നത്.
ഉപഭോക്താക്കള്‍ രുചിച്ചു നോക്കട്ടെ
സ്‌നാക്ക് വിപണി വന്‍കിട കമ്പനികള്‍ കൈയടക്കിയിരിക്കുന്നു. എവിടെ നോക്കിയാലും അവരുടെ പരസ്യം മാത്രം. കാപ്പോ എന്ന കപ്പ ചിപ്‌സും ബനാനോ എന്ന ബനാന ചിപ്‌സും വിപണിയിലിറക്കിയ ടിയാറ ഫുഡ്‌സിന്റെ സാരഥി അല്ക്‌സ് തോമസ് പക്ഷെ തളര്‍ന്നില്ല. മികച്ച ഇവന്റുകളിലെല്ലാം തന്റെ ഉല്‍പ്പന്നത്തിന്റെ അഞ്ചു രൂപ പായ്ക്കറ്റുകള്‍ സൗജന്യമായി കൊടുക്കാന്‍ തുടങ്ങി. പരമാവധി എക്‌സിബിഷനുകളില്‍ പങ്കെടുത്ത് ഇത്തരം സാമ്പിളുകള്‍ വിതരണം ചെയ്യുന്നു. ഒരിക്കല്‍ രുചി പിടിച്ച ഉപഭോക്താക്കള്‍ വെറുതെയിരിക്കുമോ? അവര്‍ തേടിനടന്ന് ഉല്‍പ്പന്നം വാങ്ങുന്നു. മാസം 15 ലക്ഷം പായ്ക്കറ്റുകളാണ് ഇന്ന് ടിയാറ ഗ്രൂപ്പ് വിറ്റഴിക്കുന്നത്. എന്നാല്‍ ഈ സാമ്പിളിംഗ് രീതിക്ക് വലിയ ചെലവുണ്ടായോ? കാര്യമായി ചെലവു വന്നില്ലെന്ന് മാത്രമല്ല, ചെലവായതിനെക്കാള്‍ ഏറെ പ്രയോജനം ലഭിക്കുകയും ചെയ്‌തെന്ന് അലക്‌സ് തോമസ് പറയുന്നു. എഫ്.എം.സി.ജി സ്ഥാപനങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന മാര്‍ക്കറ്റിംഗ് തന്ത്രമാണിത്.
ടെസ്റ്റിമോണിയല്‍ ചോദിക്കാന്‍ മടിക്കേണ്ട
നിങ്ങളുടെ സേവനത്തെ അല്ലെങ്കില്‍ ഉല്‍പ്പന്നങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളുണ്ടാകും. അവരോട് നിങ്ങളുടെ സ്ഥാപനത്തെക്കുറിച്ച് നല്ല വാക്കുകള്‍ പറയാന്‍ ആവശ്യപ്പെടാം. ആ വാക്കുകള്‍, അവരുടെ സമ്മതത്തോടെ സോഷ്യല്‍ മീഡിയ അടക്കമുള്ള നിങ്ങളുടെ എല്ലാ മാര്‍ക്കറ്റിംഗ് ശ്രമങ്ങളിലും ഉപയോഗിക്കുക. ഇരട്ടി ഫലമുണ്ടാകും അതിന്.
ഉപഭോക്താവ് ബിസിനസ് കൊണ്ടുവരട്ടെ
ഇത് ഉട്ടോപ്യന്‍ ആശയമൊന്നും അല്ല, പല സ്ഥാപനങ്ങളും പരീക്ഷിച്ച് വിജയിച്ച മാര്‍ഗമാണ്. ചെറിയ സ്ഥാപനങ്ങള്‍ക്കും എളുപ്പത്തില്‍ സാധിക്കാവുന്നതേയുള്ളു. പുതിയ ഉപഭോക്താവിനെ കൊണ്ടു വന്നാല്‍ അടുത്ത പ്രാവശ്യം ഉല്‍പ്പന്നം വാങ്ങിയാല്‍ 50 ശതമാനം ഡിസ്‌കൗണ്ട് തരാമെന്ന് പറഞ്ഞുനോക്ക്. നിങ്ങളുടെ മാര്‍ക്കറ്റിംഗ് ടീമിനെക്കാള്‍ അഗ്രസീവായി ഉപഭോക്താവ് ബിസിനസ് കൊണ്ടുവന്നെന്നിരിക്കും. അതുപോലെ സ്ഥിരം ഉപഭോക്താക്കള്‍ക്ക് ചെറുതെങ്കിലും ഓഫറുകള്‍ നല്‍കാന്‍ ശ്രദ്ധിക്കണം.
Courtesy : dhanammagazinonline