വെറും 25 സെന്റില്‍ നിന്ന് രണ്ടരയേക്കര്‍ സ്ഥലത്തുനിന്നുണ്ടാക്കാവുന്ന വിളവ്. മൂന്നുമാസം കൊണ്ട് നാല് ലക്ഷം രൂപ വരെ വിറ്റുവരവ്. അത്ഭുതപ്പെടേണ്ട കേരളത്തിലെ കൃഷിയിടത്തില്‍ ഇതെല്ലാം സാധ്യമാകുന്നു. പുതിയ കാലഘട്ടത്തിലെ ഹൈ ടെക് ഫാമിംഗിലൂടെ.
കാര്‍ഷിക കേരളത്തില്‍ നിന്ന് ഹരിതാഭ പടിയിറങ്ങിയിട്ട് നാളേറെയായി. കൃഷിയെ കൈവെടിയുകയും വ്യവസായത്തില്‍ കാര്യമായൊന്നും നേടാനാകാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയിലാണിന്ന് കേരളം. വികസന സ്വപ്നങ്ങള്‍ ടൂറിസത്തിലും പിന്നെ ഐടിയിലുമായി കേന്ദ്രീകരിക്കപ്പെട്ടപ്പോള്‍ കാര്‍ഷിക കേരളം എന്ന പേര് ഏതാണ്ട് നഷ്ടമായി.
എന്നാല്‍ ഒരു സേവനവ്യവസായം എന്ന നിലയ്ക്ക് ടൂറിസത്തിന്റേയും ഐടിയുടേയും പരിമിതികള്‍ പലപ്പോഴായി കേരളം മനസിലാക്കി കഴിഞ്ഞു. ലോക സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന ചാലക ശക്തി ഉല്‍പ്പാദന മേഖലയാണ്. അതില്‍ തന്നെ കാര്‍ഷികോല്‍പ്പാദനം പരമപ്രധാനവും. എന്നാല്‍ കേരളത്തില്‍ കൃഷി ആദായകരവും ആകര്‍ഷകവുമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി കര്‍ഷകര്‍ കൂട്ടത്തോടെ ഈ രംഗം വിട്ടുപോയ്‌ക്കൊണ്ടിരിക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ എതിരിട്ട് കാര്‍ഷിക രംഗത്ത് പിടിച്ചു നില്‍ക്കുന്നവര്‍ക്കാകട്ടെ ജോലിക്കാരെ കിട്ടാനില്ല, വെള്ളവും വളവുമില്ല, വിളകള്‍ക്ക് വിപണിയില്ല... അങ്ങനെ പ്രശ്‌നങ്ങള്‍ അനവധി.
എന്നാല്‍ കാര്‍ഷിക മേഖലയുടെ സാധ്യതകള്‍ ഒരിക്കലും അസ്തമിക്കുന്നുമില്ല. പരമ്പരാഗത കൃഷിരീതി ആധുനിക കാലഘട്ടത്തില്‍ കാര്‍ഷിക രംഗത്തിന്റെ ഉന്നമനത്തിനുള്ള ഉപാധിയേ ആകുന്നില്ല. മറിച്ച് അതിനെ ആധുനീകരിക്കുകയാണ് പോംവഴി. കര്‍ഷകത്തൊഴിലാളിയെ അഗ്രികള്‍ച്ചറല്‍ മെക്കാനിക്കെന്നോ അഗ്രി ടെക്‌നീഷ്യനെന്നോ വിളിക്കാവുന്ന തരത്തിലേക്ക് കൃഷിയെ മാറ്റിയെടുക്കാനായാല്‍ വിദ്യാസമ്പന്നരായ യുവാക്കളും കൃഷിയിലേക്ക് ആകൃഷ്ടരാകും. അത്തരത്തില്‍ കൃഷിയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തയ്യാറുള്ള സംരംഭകര്‍ക്ക് മുന്നില്‍ ഇപ്പോള്‍ തുറന്നിരിക്കുന്നൊരു വാതിലാണ് ഹൈടെക് ഫാമിംഗ്. കൃഷി പണമാക്കാനുള്ള പുതിയൊരു സാധ്യത. കാര്‍ഷിക കേരളത്തിന്റെ ഭാവി ഹൈടെക് കൃഷിയിലാണ് എന്നു പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയാകില്ല.
പ്രിസിഷന്‍ ഫാമിംഗിനെ അഥവാ പ്രൊട്ടക്ടഡ് കള്‍ട്ടിവേഷനെയാണ് ഹൈടെക് കൃഷിയെന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഗ്രീന്‍ ഹൗസുകള്‍ നിര്‍മിച്ച് അതിനുള്ളിലെ ചൂടും ഈര്‍പ്പവും വളവും വെള്ളവുമൊക്കെ നിയന്ത്രിച്ച് കൃഷി ചെയ്യുന്നതാണ് ഇതിലെ ഒരു രീതി. ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗാണ് മറ്റൊരു രീതി. ഇതു പ്രകാരം തുറസായ സ്ഥലത്ത് ഡ്രിപ്പ് ഇറിഗേഷനും ഫെര്‍ട്ടിലൈസേഷനുമാണ് നടത്തുന്നത്. പ്രിസിഷന്‍ ഫാമിംഗില്‍ പുഷ്പകൃഷിയും പച്ചക്കറികൃഷിയും സാധ്യമാണെങ്കില്‍ ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗിലൂടെ ഇവക്ക് പുറമേ വാഴകൃഷിയും നടത്താനാകും.
ഉല്‍പ്പാദനം വര്‍ധിക്കും, ലാഭവും
ചെറിയൊരു തുണ്ട് ഭൂമിയില്‍ നിന്നു പോലും ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള കാര്‍ഷിക വിളകള്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാനാകും എന്നതാണ് ഹൈ ടെക് കൃഷിയുടെ ഏറ്റവും വലിയ സാധ്യത. ഒരു ഏക്കറില്‍ സാധാരണ പച്ചക്കറി കൃഷി ചെയ്താല്‍ പരമാവധി മൂന്നു മുതല്‍ ആറ് ടണ്‍ വരെ വിളവ് ലഭിക്കുമെങ്കില്‍ ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗില്‍ ഇത് 12 ടണ്‍ വരെയായും ഹൈ ടെക് കൃഷിയിലെ മറ്റൊരു വഴിയായ ഗ്രീന്‍ ഹൗസുകളില്‍ 60 ടണ്‍ വരെയായും വര്‍ധിപ്പിക്കാനാകുമെന്ന് തിരുവനന്തപുരത്തെ പ്രൊവിന്‍സ് അഗ്രി സിസ്റ്റത്തിന്റെ എക്‌സിക്യുട്ടീവ് ഡയക്റ്റര്‍ കെ.ജി ഗിരീഷ് കുമാര്‍ പറയുന്നു.''ഭക്ഷ്യ ആവശ്യങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ പരമ്പരാഗത കൃഷിയുമായി ഇനി മുന്നോട്ട് പോകാനാകില്ല. ദേശീയതലത്തില്‍ തന്നെ വന്‍കിട കമ്പനികള്‍ ഹൈടെക് കൃഷിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതിനാല്‍ കേരളത്തിലെ കര്‍ഷകരും ഈ പുതിയ പാത സ്വീകരിച്ചില്ലെങ്കില്‍ കാര്‍ഷികരംഗത്ത് നിന്നും അവര്‍ തൂത്തെറിയപ്പെടും,'' ഗിരീഷ്‌കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
കൃഷി ചെലവ് കുറയും, വരുമാനം കൂടും
വ്യവസായത്തിനെന്നപോലെ കൃഷിക്കും കേരളത്തില്‍ സ്ഥല ലഭ്യത കുറയുകയാണ്, ജനസാന്ദ്രത കൂടുകയും ചെയ്യുന്നു. അതോടൊപ്പം തൊഴിലാളി ക്ഷാമവും കൂലിയും വളം വിലയും ജല ദൗര്‍ലഭ്യവും കൂടിക്കൂടി വരുന്നു. ഇതിനൊക്കെ ഒരു പരിധിവരെയൊരു മറുപടിയായേക്കും ഹൈടെക് ഫാമിംഗ്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവ് കിട്ടും, ഡ്രോപ്പ് ഇറിഗേഷന്‍ (തുള്ളി നന) യാണ് ചെയ്യുന്നത് എന്നതിനാല്‍ വെള്ളം വളരെ കുറച്ച് മതി, അതുപോലെ തന്നെ വേരുകളിലേക്ക് വളം നേരിട്ട് കൊടുക്കുകയാണ് ചെയ്യുന്നത് എന്നതിനാല്‍ വളവും താരതമ്യേന വളരെ കുറച്ച് മതിയാകും. മാത്രവുമല്ല വെള്ളവും വളവുമൊക്കെ ഓട്ടോമാറ്റിക്കായി സ്വിച്ചിട്ടാല്‍ ലഭിക്കുന്ന സംവിധാനമായിരിക്കുമെന്നതിനാല്‍ ഒരു ഗ്രീന്‍ ഹൗസില്‍ പണിക്കായി പരമാവധി രണ്ടുപേര്‍ മതിയാകും. അങ്ങനെ കൃഷിച്ചെലവ് വളരെ കുറച്ച് കൃഷിയില്‍ നിന്ന് കൂടുതല്‍ പണം നേടാനുള്ള വഴിയാണ് ഹൈടെക് ഫാമിംഗ്.
കൃഷി 'വൈറ്റ് കോളര്‍' ജോലിയാകും
വിദ്യാഭ്യാസം മലയാളിയെ മണ്ണിലിറങ്ങാന്‍ മടിയുള്ളവരാക്കി എന്നൊരു ആക്ഷേപം നിലവിലുണ്ട്. വൈറ്റ് കോളര്‍ ജോലിയോടുള്ള ആഭിമുഖ്യം മൂലം പരമ്പരാഗത കൃഷിക്കാരുടെ പിന്‍തലമുറ കൃഷി ഉപേക്ഷിച്ച് 'ജോലി' തേടിപ്പോയതാണ് കാര്‍ഷിക മേഖലയില്‍ കേരളം ഇത്രയും പിന്നോട്ട് പോയതിന് കാരണം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനൊരു തിരുത്തല്‍ വരുത്താന്‍ ശേഷിയുള്ള കൃഷി രീതിയാണ് ഹൈടെക് ഫാമിംഗ്. ഒരു ആധൂനിക ഓഫീസ് പോലെ തന്നെയുള്ള ഗ്രീന്‍ ഹൗസുകളില്‍ കൃഷിനടത്താല്‍ മണ്ണിലിറങ്ങേണ്ടതില്ല, അകത്തെന്താണ് ചെയ്യുന്നതെന്ന് പുറത്തു കാണുകയുമില്ല. ഒരു ഐടി പ്രൊഫഷണലിനെപ്പോലെ തന്നെ കൃഷിയിടത്തില്‍ ജോലിചെയ്യാനാകുമെന്നത് യുവാക്കള്‍ക്ക് ഈ മേഖലയില്‍ വന്‍ സാധ്യതയാണ് തുറന്നിടുന്നത്.
യുവ സംരംഭകര്‍ക്ക് കൃഷി സംരംഭകരുമാകാം
ഒരു ഐ.റ്റി അധിഷ്ഠിത സംരംഭത്തിന് നിക്ഷേപം നടത്തുന്നതുപോലെ തന്നെ ഹൈടെക് ഫാമിംഗിലും നിക്ഷേപം നടത്താം. മാത്രവുമല്ല അതിലേറെ 'ടെന്‍ഷന്‍ ഫ്രീ'യായി ലാഭമുണ്ടാക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യാം. ഒരു ഐടി പ്രൊഫഷണല്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ച് മാര്‍ക്കറ്റ് ചെയ്യുന്നതുപോലതന്നെ കൃഷി നടത്തി പണമുണ്ടാക്കുന്നതിനുള്ള വഴിയാണ് ഹൈ ടെക് ഫാമിംഗ് തുറന്നു തരുന്നത്.
പരമ്പരാഗത കൃഷിരീതികളില്‍ വന്‍മാറ്റം വരുത്തുകയാണ് ഹൈടെക് കൃഷി. കാര്‍ഷിക രംഗത്തെ മുന്നേറ്റത്തിന് കേരളത്തിന് മുന്നിലുള്ള ഏക പോം വഴിയാണ് ഹൈടെക് കൃഷിയെന്ന് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനിലെ ടെക്‌നോളജി ഓഫീസറായ മെല്‍വിന്‍ ജോസ് അഭിപ്രായപ്പെടുന്നു. ഈ വര്‍ഷം സംസ്ഥാനത്തൊട്ടാകെ കുറഞ്ഞത് ഒരു ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്തെങ്കിലും ഹൈടെക് കൃഷി വ്യാപിപ്പിക്കാനാണ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
''കേരളത്തിലെ പരമ്പരാഗത കൃഷിക്കാര്‍ ഏറെയൊന്നും ഇതിലേക്ക് വന്നിട്ടില്ലെങ്കിലും യുവാക്കള്‍, വിദേശ മലയാളികള്‍, വ്യവസായികള്‍ തുടങ്ങിയവരെല്ലാം ഇതിന്റെ സാധ്യത മനസിലാക്കി ഈ രംഗത്തേക്ക് വരുന്നുണ്ട്. ഹൈടെക് ഫാമിംഗ് എന്താണെന്ന് മനസിലാക്കി ആ രംഗത്തേക്ക് കടക്കാന്‍ സഹായിക്കുന്ന ഒരു പുസ്തകം സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഉടനെ പ്രസിദ്ധീകരിക്കും,'' മെല്‍വിന്‍ ജോസ് അറിയിച്ചു.
കൃഷിയിടത്തെ ഒരു അത്യാധുനിക ബിസിനസ് ഓഫീസിന് തുല്യമാക്കുന്ന ഹൈടെക് കൃഷി രീതി മുമ്പെന്നുമില്ലാത്ത വിധം നിക്ഷേപത്തിന് അനുസൃതമായ വരുമാനം ഉറപ്പാക്കുന്നുമുണ്ട്. ''ഞങ്ങള്‍ക്ക് ആവശ്യത്തിനനുസരിച്ച് കാര്‍ഷികോല്‍പ്പന്നം വിതരണം ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്. വിപണന സാധ്യതയേറെയുള്ള സ്‌പെഷലൈസ്ഡ് വിളകളുടെ ഉല്‍പ്പാദനത്തിലൂടെ വിപണിയും വരുമാനവും ഉറപ്പാക്കാന്‍ സാധിക്കുമെന്നതാണ് ഹൈടെക് കൃഷിരീതിയുടെ ഏറ്റവും വലിയ മെച്ചം. അതുകൊണ്ടു തന്നെയാണ് ഞങ്ങള്‍ ഹൈടെക് കൃഷിക്കാരില്‍ നിന്ന് വിളകള്‍ക്ക് ബൈബാക്ക് സമ്പ്രദായം ഏര്‍പ്പെടുത്തിയിരിക്കുന്നത്,'' ഹൈടെക് ഫാമിംഗ് രംഗത്ത് സമഗ്ര സേവനം ലഭ്യമാക്കുന്ന കൊച്ചിയിലെ ഡിഎം മെഷീന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്റര്‍ കെ.ഡി ഫ്രാന്‍സിസ് പറയുന്നു. ഇസ്രായേല്‍, ഇന്‍ഡോ അമേരിക്കന്‍ കമ്പനികളുടെ പങ്കാളിത്തത്തോടെ രൂപീകരിച്ചിരിക്കുന്ന സംരംഭമാണ് ഡിഎം മെഷീന്‍സ്.
''രണ്ടായിരം ടണ്‍ പച്ചക്കറിയാണ് പ്രതിദിനം തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും മറ്റുമായി കേരളത്തിലേക്ക് വരുന്നത്. അതിമാരകമായ കീടനാശിനികള്‍ കലര്‍ന്ന ഇവ വലിയ ആരോഗ്യ പ്രശ്‌നമാണ് നമുക്ക് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ട് നമുക്ക് ആവശ്യമുള്ള കാര്‍ഷിക വിഭവങ്ങള്‍ ഇവിടെ തന്നെ കൃഷി ചെയ്തുകൂടാ? നമുക്കു മുന്നിലിപ്പോള്‍ കൃഷി ലാഭകരമായി നടത്തി പണമുണ്ടാക്കാനുള്ള ഹൈടെക് കൃഷിയുടെ വിവിധ സാധ്യതകളുണ്ട്. ഗ്രീന്‍ ഹൗസ് ഫാമിംഗാണ് ഇതില്‍ എടുത്തു പറയേണ്ടണ്ടത്. 1987 ല്‍ ഈ രംഗത്തേക്ക് പ്രവേശിച്ച ഞങ്ങള്‍ വിജയകരമായി മുന്നോട്ട് പോകുന്നത് തന്നെയാണ് ഇക്കാര്യത്തില്‍ തരാനുള്ള ഏറ്റവും വലിയ തെളിവ്,'' കഴിഞ്ഞ കാല്‍നൂറ്റാണ്ടണ്ടായി ഹൈടെക് കൃഷി രംഗത്തു നില്‍ക്കുന്ന സ്റ്റെര്‍ലിംഗ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ശിവദാസ് ബി. മേനോന്‍ പറയുന്നു.
കൃഷി ഒരു സ്റ്റാറ്റസ് സിംബലാകും
കേരളത്തിലെ കാംപസുകള്‍ ഏറ്റെടുക്കുകയാണിപ്പോള്‍ ഹൈ ടെക് ഫാമിംഗ്. കേരളത്തിലെ ഒരോ പഞ്ചായത്തിലും മൂന്ന് ഹൈടെക് ഫാമുകള്‍ എന്ന സര്‍ക്കാര്‍ പദ്ധതി പ്രകാരം ആദ്യത്തെ ഹൈടൈക് ഫാം ആരംഭിച്ചത് അങ്കമാലി ഫിസാറ്റ് കാംപസിലായിരുന്നു. വിദ്യാര്‍ത്ഥികള്‍ വലിയ ആവേശത്തോടെയാണ് ഇത് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയതെന്നും വന്‍ വിളവും ലാഭവും നേടാനായെന്നും കാംപസിലെ ഹൈടെക് ഫാമിംഗിന് നേതൃത്വം കൊടുക്കുന്ന ഫിസാറ്റ് ചെയര്‍മാന്‍ പി.വി മാത്യു പറയുന്നു.
''കൃഷി സ്റ്റാറ്റസിന് പറ്റുന്നതല്ല എന്ന മനോഭാവം മാറി ഹൈടെക് കൃഷി ഒരു സ്റ്റാറ്റസ് സിംബലായി മാറാന്‍ പോകുകയാണ്. പ്രത്യേകിച്ച് ഡോക്ടര്‍, എന്‍ജിനീയര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ക്ക്. പലരും ടെറസിലും മറ്റും കൃഷി തുടങ്ങിക്കഴിഞ്ഞു. എല്ലാവരേയും കൃഷിക്കാരാക്കുന്ന സാധ്യതയിലേക്ക് ഹൈടെക് കൃഷി നമ്മളെ കൊണ്ടുപോകും,'' പി.വി മാത്യു പറയുന്നു.
പുതിയ തലമുറയെ കൂടുതലായി ഹൈ-ടെക് കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് സ്‌കൂളുകളിലും കോളേജുകളിലും ബോധവല്‍ക്കരണവും കൃഷിയും ഉണ്ടാകണമെന്നും അതിലൂടെ ഒരു പുതിയ കാര്‍ഷിക സംസ്‌ക്കാരം ഉണ്ടാക്കാന്‍ സാധിക്കുമെന്നും മാത്യു അഭിപ്രായപ്പെടുന്നു. ചെറുപ്പക്കാരെ ഹൈ ടെക് കൃഷിയിലേക്ക് കൊണ്ടുവരാനായാല്‍ അവര്‍ കുടുംബത്തിലെയും പരിചയത്തിലേയും മുതിര്‍ന്നവരേയും പുതിയ കൃഷിരീതിയിലേക്ക് കൊണ്ടുവരുകയും അങ്ങനെ പുതിയ സംരംഭങ്ങളിലൂടെ വലിയൊരു മാറ്റത്തിന് യുവാക്കള്‍ വഴികാട്ടികളാകുകയും ചെയ്‌തേക്കാം.
എന്താണ് ഗ്രീന്‍ ഹൗസ് ഫാമിംഗ്
പ്രകൃതിയെ വിളകള്‍ക്ക് അനുഗുണമായ തരത്തിലേക്ക് നിയന്ത്രിച്ചെടുക്കുന്ന സംവിധാനമാണ് ഗ്രീന്‍ ഹൗസുകള്‍ അഥവാ പോളി ഹൗസുകള്‍. ചെടിയെ ചൂട്, മഴ, തണുപ്പ്, വെയില്‍ എന്നിവയില്‍ നിന്ന് സംരക്ഷിച്ചു കൊണ്ട് ചെടിയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം കൃത്രിമമായി സൃഷ്ടിക്കുകയാണ് ഗ്രീന്‍ ഹൗസ് ഫാമിംഗില്‍ ചെയ്യുന്നത്. ഇതിനായി സൂതാര്യമായ യു വി ട്രീറ്റഡ് പോളി എത്തലിന്‍ ഷീറ്റുകൊണ്ട് കൃഷിസ്ഥലം പൂര്‍ണമായോ, ഭാഗികമായോ മറച്ച് വീടുപോലെ ആക്കിയെടുക്കുന്നതിനാണ് ഗ്രീന്‍ ഹൗസ് എന്നു പറയുന്നത്. ഇതിനകത്ത് ശാസ്ത്രീയമായ ജലസേചനം, വളമിടല്‍, കാലാവസ്ഥാ നിയന്ത്രണം തുടങ്ങിയ കാര്യങ്ങള്‍ നടപ്പിലാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലൂള്ള കൃഷിയിലൂടെ സാധാരണ കൃഷിയില്‍ ലഭിക്കുന്നതിനേക്കാള്‍ എട്ടിരട്ടിയോളം അധികം വിളവ് ഉണ്ടാക്കാമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ഗ്രീന്‍ ഹൗസ് നിര്‍മിക്കാനുള്ള ചെലവ്
ആയിരം സ്‌ക്വയര്‍ മീറ്ററിന് - 12 ലക്ഷം രൂപ
(ഇരുപത്തിയഞ്ച് സെന്റ് സ്ഥലത്ത്)
സബ്‌സിഡി
400 ച.മീ. (10 സെന്റ്) വരെയുള്ള പോളിഹൗസുകള്‍ക്ക് 75 ശതമാനം സബ്‌സിഡി ലഭിക്കുന്നതാണ്. അതായത് കര്‍ഷകന് മുടക്കേണ്ടി വരുന്നത് 25 ശതമാനം മാത്രം. അത് ആവശ്യമെങ്കില്‍ ബാങ്ക് വായ്പയായി ലഭിക്കുകയും ചെയ്യും.
400 മുതല്‍ 4000 ച.മീ. (1 ഏക്കര്‍) വരെ 50 ശതമാനം സബ്‌സിഡി ലഭിക്കും. നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെയും രാഷ്ട്രീയ കൃഷി വികാസ് യോജനയുടെയും പദ്ധതികള്‍ അനുസരിച്ചാണ് ഹൈടെക് കൃഷിക്ക് സബ്‌സിഡി നല്‍കുന്നത്. രണ്ട് പദ്ധതി പ്രകാരമുള്ള സബ്‌സിഡിയും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനാണ് ലഭ്യമാക്കുന്നത്. ഈ പദ്ധതികള്‍ പ്രകാരം ഹൈടെക് രീതിയിലുള്ള പുഷ്പകൃഷിക്കും പച്ചക്കറികൃഷിക്കും സബ്‌സിഡി ലഭിക്കും.
സംസ്ഥാന ഗവണ്‍മെന്റിന്റെ കഴിഞ്ഞ വര്‍ഷത്തെ വെജിറ്റബിള്‍ ഡെവലപ്‌മെന്റ് സ്‌കീം പ്രകാരവും 4000 ച.മീ. വരെയുള്ള ഹൈടെക് കൃഷിക്ക് 50 ശതമാനം സബ്‌സിഡി ലഭിക്കുന്നതാണ്. എന്നാല്‍ ഇതുപ്രകാരം പച്ചക്കറികള്‍ മാത്രമേ കൃഷി ചെയ്യാനാകൂ. ഇവയ്ക്ക് പുറമേ തുറസായ സ്ഥലത്ത് ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനം നടപ്പാക്കുന്നതിന് നാഷണല്‍ മിഷന്‍ ഓണ്‍ മൈക്രോ ഇറിഗേഷന്റെ പദ്ധതി പ്രകാരം 90 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്നതാണ്.
ഒരു ഗ്രീന്‍ ഹൗസിന്റെ ആയുസ്
സാധാരണ ആയുസ് - 15-20 വര്‍ഷം
(അഞ്ചു വര്‍ഷം കഴിയുമ്പോള്‍ മുകളിലെ ഷീറ്റ് മാറ്റേണ്ടി വരും.)
ഒന്നര വര്‍ഷത്തിനുള്ളില്‍ മുടക്കു മുതല്‍ തിരിച്ച് കിട്ടും.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംരംഭം തുടങ്ങണം.
സാധാരണ കൃഷിയില്‍ 2.5 ഏക്കറില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഗ്രീന്‍ ഹൗസില്‍ 25 സെന്റില്‍ നിന്ന് ലഭിക്കും.
ഹൈടെക് കൃഷിയിലെ പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍
സാങ്കേതിക സഹായം: കര്‍ഷകര്‍ക്ക് പുതിയ സാങ്കേതിക വിദ്യയെക്കുറിച്ച് അറിവില്ലാത്തതിനാല്‍ അതേക്കുറിച്ചുള്ള സംശയങ്ങളും ഏറെയാണ്. പോളിഹൗസ് നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങള്‍, ശരിയായ സാങ്കേതികവിദ്യ, വിത്ത്, വളം എന്നിവയൊക്കെ എവിടെ ലഭ്യമാകുമെന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.
ഹൈടെക് കൃഷി രീതികളെക്കുറിച്ച് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും പരിമിതമായ അറിവേയുള്ളൂ. അതിനാല്‍ തന്നെ കര്‍ഷകരുടെ സംശയങ്ങള്‍ പരിഹരിക്കുന്നതിനോ ഇത്തരം പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനോ സാധിക്കാത്ത ഒരവസ്ഥയുണ്ട്. സംസ്ഥാനത്തൊട്ടാകെയായി 10 കൃഷി ഓഫീസര്‍മാര്‍ മാത്രമേ ഇതിനുവേണ്ട പരിശീലനം നേടിയിട്ടുള്ളൂ.
വിവരങ്ങള്‍ ലഭ്യമാക്കാന്‍ സാങ്കേതിക യോഗ്യതയുള്ള കുറെ ഏജന്‍സികളെ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. ഹൈടെക് കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും കര്‍ഷകര്‍ക്ക് ഇവരെ സമീപിക്കാവുന്നതാണ്.
വായ്പയും സബ്‌സിഡിയും: ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടും കാലതാമസവുമൊക്കെ ഹൈടെക്ക് കൃഷി വ്യാപിക്കാതിരിക്കാനുള്ള കാരണമാണ്. പോളിഹൗസുകള്‍ നിര്‍മിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ചതുരശ്ര മീറ്ററിന് 935 രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇതിന്റെ 50 അല്ലെങ്കില്‍ 75 ശതമാനം തുക മാത്രമേ സബ്‌സിഡിയായി ലഭിക്കുകയുള്ളൂ. എന്നാല്‍ കേരളത്തില്‍ പോളിഹൗസുകളുടെ നിര്‍മാണത്തിന് ചതുരശ്ര മീറ്ററിന് 1200 രൂപയുടെ ചെലവ് വരുന്നതിനാല്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന സബ്‌സിഡി തുകയില്‍ വളരെയേറെ കുറവുണ്ടാകുന്നു. ഇതിന് പുറമേ വിളവെടുപ്പ് വരെ കൃഷി ചെയ്യാനായി ചതുരശ്ര മീറ്ററിന് 150 രൂപയോളം കര്‍ഷകര്‍ ചെലവാക്കേണ്ടതുണ്ട്. ഇത്തരം അപാകതകള്‍ പരിഹരിക്കുന്നതിനായി പുതിയൊരു പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനൊരുങ്ങുകയാണ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍.
(ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഫോണ്‍: 0471 - 2330856, 2327732)
ആത്മഹത്യയില്‍ നിന്ന് രക്ഷിച്ച് അഗ്രോ സര്‍വീസ് സെന്റര്‍
പാലക്കാട് വടകരപതി പഞ്ചായത്തില്‍ മുന്‍ എം.എല്‍.എ കൃഷ്ണന്‍ കുട്ടി സംസ്ഥാനത്തിനൊട്ടാകെ മാതൃകയാകുന്ന പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. കടക്കെണിയില്‍ പെട്ട് ആത്മഹത്യയുടെ വക്കിലെത്തിയ കര്‍ഷകര്‍ക്കാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അഗ്രോ സര്‍വീസ് സെന്റര്‍ എന്ന കൂട്ടായ്മ ആശ്വാസമായത്. 250ലേറെ കര്‍ഷകരെ സംഘടിപ്പിച്ച് ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗിലൂടെ പച്ചക്കറികള്‍ കൃഷി ചെയ്യുകയാണ് ഇവിടെ. തക്കാളി, വഴുതന, മുളക്, വെണ്ട, പയര്‍ തുടങ്ങിയവയാണ് പ്രധാന വിളകള്‍. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ സഹായവും സെന്ററിനുണ്ട്. ഈ രീതി മൂലം കാര്‍ഷികോല്‍പ്പാദനത്തില്‍ പത്തിരട്ടിയോളം വര്‍ധനയാണുണ്ടായതെന്ന് കൃഷ്ണന്‍കുട്ടി പറയുന്നു. കര്‍ഷകര്‍ക്ക് സാങ്കേതിക ഉപദേശം, വളം അടക്കമുള്ള കൃഷിക്കു വേണ്ട മറ്റു സഹായങ്ങള്‍ എന്നിവ അഗ്രോ സര്‍വീസ് സെന്റര്‍ നല്‍കുന്നുണ്ട്.
Courtesy: http://www.dhanamonline.com/ml/articles/details/91/1171