ഏറെ സാധ്യതയും അതേസമയം റിസ്‌കുമുള്ള മേഖലയാണിത്. വൃത്തിയിലും ഗുണമേന്മയിലും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചാല്‍ ഭക്ഷ്യസംസ്‌കരണ രംഗത്തോളം വളര്‍ച്ച നേടാവുന്ന മറ്റ് മേഖലകള്‍ വിരളമാണെന്ന് തന്നെ പറയാം. കുടുംബ വ്യവസ്ഥിതിയില്‍ വന്ന മാറ്റങ്ങള്‍ മുതല്‍ ജീവിതശൈലീ മാറ്റങ്ങള്‍ വരെ ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് കരുത്തേകുന്നുണ്ട്. ഈ രംഗത്ത് സംരംഭം തുടങ്ങാന്‍ ഏറെ ലൈസന്‍സുകള്‍ അനിവാര്യമാണ്. ഒട്ടനവധി നിബന്ധനകളുമുണ്ട്. സര്‍ക്കാര്‍ വകുപ്പുകള്‍ അനുശാസിക്കുന്ന കാര്യങ്ങള്‍ വ്യക്തമായറിഞ്ഞ ശേഷം മാത്രം ഈ രംഗത്തേക്ക് കടക്കുക.
കപ്പലണ്ടി മിഠായി, അവുലോസ് പൊടി, ഇലയട, കപ്പപുഴുക്ക്, കൂര്‍ക്ക ഉപ്പേരി എന്നുവേണ്ട മലയാളിയുടെ നാവില്‍ രുചിയുടെ മേളമുയര്‍ത്തുന്ന പരമ്പരാഗത ഭക്ഷണ വിഭവങ്ങള്‍ വൃത്തിയോടെ കാലോചിതമായ പായ്ക്കിംഗില്‍ വിപണിയിലെത്തിച്ചാല്‍ സാധ്യതയേറെയാണ്. കേരളത്തില്‍ ഏറെ സുലഭമായി ലഭിക്കുന്ന ചക്ക, മാങ്ങ, പൈനാപ്പിള്‍ എന്നിവയുടെ മൂല്യവര്‍ധനയുടെ സാധ്യതകള്‍ ഇപ്പോഴും പൂര്‍ണമായും സംരംഭകര്‍ മുതലെടുത്തിട്ടില്ല. ഒരു ചക്കയില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കി 1500 രൂപ വരുമാനം നേടുന്ന വീട്ടമ്മമാര്‍ വരെ നമ്മുടെ നാട്ടിലുണ്ട്. പച്ചക്കറികള്‍ അരിഞ്ഞ് സാമ്പാര്‍, അവിയല്‍, ഓലന്‍, തോരന്‍ കൂട്ടുകളാക്കി ഓണ്‍ലൈനിലൂടെ വില്‍ക്കുന്ന യുവസംരംഭകരും കേരളത്തില്‍ മുളപൊട്ടിക്കഴിഞ്ഞു. നൂതനമായ ആശയങ്ങള്‍ പലരും ഈ രംഗത്ത് കൊണ്ടുവന്നിട്ടുണ്ടെങ്കിലും അതിന് പരിമിതമായ തോതിലേ പ്രചാരം നേടാന്‍ സാധിച്ചിട്ടുള്ളൂ. വിപണിയില്ലാത്തതല്ല അതിന് കാരണം. കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങാന്‍ സാധിക്കാത്തത്. അതുകൊണ്ടു തന്നെ ഈ രംഗത്തെ ആശയങ്ങളില്‍ ചിലത് കോപ്പിയടിച്ചാല്‍ പോലും ഇനിയും സംരംഭകര്‍ക്ക് മികച്ച വളര്‍ച്ച നേടാം. വൃത്തിയായി കഴുകി അരിഞ്ഞ് പായ്ക്കറ്റിലാക്കിയ പച്ചക്കറികള്‍ ഓണ്‍ലൈനിലൂടെയും തിരക്കേറിയ വീട്ടമ്മമാര്‍ സ്ഥിരമായി വന്നുപോകുന്ന റെയ്ല്‍വേ സ്‌റ്റേഷന്‍ പരിസരത്തുമെല്ലാം വില്‍പ്പന നടത്തിയാല്‍ മികച്ച വളര്‍ച്ച നേടാന്‍ സാധിക്കും. പരമ്പരാഗത ഭക്ഷ്യവിഭവങ്ങള്‍, റെഡി റ്റു കുക്ക് വിഭവങ്ങള്‍, നാളികേര അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍, നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന പഴങ്ങളില്‍ നിന്നുള്ള ഹാന്‍ഡ് മെയ്ഡ് വൈനുകള്‍ എന്നിവയ്ക്കും വിപണി സാധ്യതയുണ്ട്.
2 വിദ്യാഭ്യാസരംഗം
മികവുറ്റ ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് ഇന്ന് കേരളത്തില്‍ സാധ്യതയുണ്ട്. ഒപ്പം ചെറുകിട സംരംഭകര്‍ക്കും അവസരങ്ങളുണ്ട്.
ഫിനിഷിംഗ് സ്‌കൂളുകള്‍: വൈദഗ്ധ്യവികസനത്തിന്റെ കാലമാണിപ്പോള്‍. ദൗര്‍ഭാഗ്യവശാല്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഉന്നത ബിരുദം നേടുന്നവരെ പോലും പ്രത്യേക പരിശീലനം നല്‍കാതെ ജോലികള്‍ക്ക് നിയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. മൂന്നു മാസം വരെ നീളുന്ന കോഴ്‌സുകള്‍ സ്‌കില്‍ ഡെവലപ്‌മെന്റ് വിഭാഗത്തില്‍ ആരംഭിച്ചാല്‍ വിജയസാധ്യതയേറും. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടും ഈ രംഗത്ത് സംരംഭം തുടങ്ങാം.
ഫാക്കല്‍റ്റി പരിശീലന കേന്ദ്രങ്ങള്‍: കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കഴിവും വൈദഗ്ധ്യവുമുള്ള അധ്യാപകരെ ലഭിക്കാത്തതും ഉള്ളവരുടെ തന്നെ മികവ് വര്‍ധിപ്പിക്കുന്നതിനുള്ള സാഹചര്യമില്ലാത്തതുമൊക്കെ പഠന നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനുള്ള സംരംഭങ്ങള്‍ തുടങ്ങാം.
വൈദഗ്്ധ്യവികസനം: മുന്‍പ് പിതാവിന്റെ പാത പിന്തുടര്‍ന്ന് യുവാക്കള്‍ കടന്നുവന്നിരുന്ന കൈത്തൊഴില്‍ മേഖലയില്‍ ഇന്ന് അത്തരക്കാരില്ല. ഫര്‍ണിച്ചര്‍ നിര്‍മാണം, പ്ലംബിംഗ്, ഇലക്ട്രീഷന്‍, കല്ലാശാരി തുടങ്ങിയ രംഗങ്ങളിലെല്ലാം പുതിയ സങ്കേതങ്ങള്‍ പരിചയമുള്ള വൈദഗ്ധ്യമുള്ളവരെ വാര്‍ത്തെടുക്കാന്‍ പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കാം.
ഐ.റ്റി അധിഷ്ഠിത സേവനങ്ങള്‍: സ്‌കൂളുകളുടെ പ്രവര്‍ത്തനം സുഗമമാക്കാനുള്ള സോഫ്റ്റ് വെയറുകള്‍, പഠനം അനായാസകരവും രസകരവുമാക്കാനുള്ള ഐ.റ്റി അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം സംരംഭകര്‍ക്ക് മുന്നില്‍ അവസരങ്ങളുടെ ജാലകമാണ് തുറക്കുന്നത്.
3. ധനകാര്യസേവന രംഗം
നിയമാനുസൃതമായ ചിട്ടി ബിസിനസ് മുതല്‍ പെഴ്‌സണല്‍ ഫിനാന്‍ഷ്യല്‍ പ്ലാനര്‍ വരെ നീണ്ടു കിടക്കുന്ന അവസരങ്ങളാണ് ഈ രംഗത്തുള്ളത്. പങ്കാളിത്ത ബിസിനസായും തനിച്ചും ഈ രംഗത്ത് സംരംഭങ്ങള്‍ തുടങ്ങാം.
ഇന്ത്യയില്‍ രണ്ടുശതമാനത്തില്‍ താഴെയുള്ളവര്‍ക്കേ ഡീമാറ്റ് എക്കൗണ്ടുള്ളു. ഓഹരി വിപണിയില്‍ പണം നഷ്ടമായവരുടെ കഥകളാണ് കേരളീയരെയും ഈ മേഖലയില്‍ നിന്ന് അകറ്റുന്നത്. എന്നാല്‍ ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ മികച്ച നേട്ടമുണ്ടാക്കാവുന്ന മേഖലയായി ഓഹരി വിപണിയെ അവതരിപ്പിക്കുകയും സാധാരണ നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കി നല്‍കുകയും ചെയ്താല്‍ ഈ രംഗത്ത് സാധ്യതയേറെയാണ്. സ്റ്റോക്ക് ബ്രോക്കിംഗ്, ഡെബ്റ്റ് മാര്‍ക്കറ്റ് ഇന്റര്‍മീഡിയേഷന്‍ എന്നിങ്ങനെ ഈ രംഗത്ത് അവസരമേറെയാണ്. ബാങ്കിനും ഉപഭോക്താക്കള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണിയായി പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ഇന്റര്‍മീഡിയേഷന്‍, വ്യക്തികള്‍ക്കും സംരംഭങ്ങള്‍ക്കുമെല്ലാം സമ്പൂര്‍ണ ഇന്‍ഷുറന്‍സ് സേവനം ലഭ്യമാക്കാനുള്ള ഇന്‍ഷുറന്‍സ് ഏജന്‍സി/ബ്രോക്കിംഗ് സ്ഥാപനങ്ങള്‍, ഓരോ വ്യക്തിയുടെയും വരവ് ചെലവുകളും സാമ്പത്തിക ലക്ഷ്യങ്ങളും വിശകലനം ചെയ്ത് വ്യക്തിഗത സേവനം ലഭ്യമാക്കുന്ന ഫിനാന്‍ഷ്യല്‍ പ്ലാനര്‍ തുടങ്ങിയവയെല്ലാം ഈ രംഗത്തെ ബിസിനസ് സാധ്യതകളാണ്.
4. വെല്‍നസ്, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍
ഒരു വ്യക്തിയുടെ എല്ലാവിധ ആരോഗ്യ, സൗന്ദര്യ സംരക്ഷണത്തിന് ഉതകുന്നതെല്ലാം കേരളീയ ആയുര്‍വേദത്തിന്റെ അതിവിശാലമായ അറിവുകളുടെ ശേഖരത്തിലുണ്ട്. ഒരു കാലത്ത് ഇവയെ വിട്ട് വഴിമാറി നടന്നവരുടെ പിന്‍തലമുറ ഇപ്പോള്‍ അതിന്റെയെല്ലാം മഹത്വം തിരിച്ചറിഞ്ഞ് ആയുര്‍വേദത്തിലേക്കും അധിഷ്ഠിത ഉല്‍പ്പന്നങ്ങളിലേക്കും തിരിച്ചുവരുന്നുണ്ട്. പൊള്ളയായ അവകാശവാദങ്ങള്‍ നടത്താതെ ഫലസിദ്ധിയുള്ള ഔഷധങ്ങളും ഔഷധകൂട്ടുകളും കാലോചിതമായി അവതരിപ്പിച്ചാല്‍ ഈ രംഗത്ത് അവസരമേറെയാണ്. ഫലസിദ്ധിയുള്ള കഷായകൂട്ടുകള്‍ പായ്ക്കറ്റുകളിലാക്കി സമാനമായി ഗുണവും മണവും ഫലവും നഷ്ടമാകാതെ വിപണിയിലെത്തിക്കാം.
ആയുര്‍വേദം അധിഷ്ഠിതമായുള്ള സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, എഫ്.എം.സി.ജി ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കും വരും നാളുകളില്‍ മികച്ച വിപണിയായിരിക്കും. തെറ്റായ വിപണന തന്ത്രങ്ങള്‍ സ്വീകരിക്കാതെ ഉപഭോക്താവിന്റെ വിശ്വാസം ആര്‍ജിക്കുകയാണ് പ്രധാനം.
5. ഹെല്‍ത്ത്‌കെയര്‍ ആന്‍ഡ് ഫാര്‍മ
രക്തം, ബി.പി എന്നിവയൊക്കെ സ്ഥിരമായി പലര്‍ക്കും പരിശോധിക്കണം. മെഡിക്കല്‍ ടെസ്റ്റുകളും മെഡിക്കല്‍ സേവനങ്ങളുമായി വീട്ടുപടിക്കലെത്തിയാല്‍ അവ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ ഉപഭോക്താക്കളുണ്ട്. ജീവിതശൈലീ രോഗങ്ങള്‍ക്ക് സമഗ്ര ചികിത്സ ലഭ്യമാക്കുന്ന ക്ലിനിക്കുകള്‍, ഡേ കെയര്‍ സംവിധാനമുള്ള ഹൈടെക് ക്ലിനിക്കുകള്‍, സമഗ്ര ഹെല്‍ത്ത് ചെക്കപ്പുകള്‍ നല്‍കുന്ന ലബോറട്ടറികള്‍ എന്നിവയ്‌ക്കെല്ലാം ഇനിയും സാധ്യതയേറെയാണ്.
ഫാര്‍മ പാര്‍ക്കുകളുണ്ടാക്കി സര്‍ക്കാര്‍ അടിസ്ഥാന സൗകര്യം ഒരുക്കുകയാണെങ്കില്‍ ഒട്ടേറെ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ കേരളത്തില്‍ തന്നെ നിര്‍മിക്കാം. മക്കള്‍ അരികെയില്ലാത്ത വൃദ്ധജനസംഖ്യ കേരളത്തില്‍ ഏറി വരുന്നതുകൊണ്ട് ഈ രംഗത്തും സാധ്യതയുണ്ട്.
6. ടൂറിസം
ലോകത്ത് തീര്‍ച്ചയായും കണ്ടിരിക്കേണ്ട നാടായി കേരളത്തെ ലോകം വാഴ്ത്തുമ്പോഴും ഈ രംഗത്തെ ബിസിനസ് സാധ്യതകള്‍ വേണ്ട രീതിയില്‍ മുതലെടുക്കാന്‍ നമുക്ക് ആയിട്ടില്ല. നിലവിലുള്ള ടൂറിസം ഡെസ്റ്റിനേഷനുകളിലെ പോലും മുഴുവന്‍ സാധ്യതകളും നാം മുതലെടുത്തിട്ടില്ല. ആലപ്പുഴ, മൂന്നാര്‍, ബേക്കല്‍, വയനാട് എന്നുവേണ്ട ഇതിനകം പ്രശസ്തി നേടിയ ഡെസ്റ്റിനേഷനുകളോടെല്ലാം അനുബന്ധിച്ച് തനത് ഭക്ഷണം ലഭിക്കുന്ന കേന്ദ്രങ്ങള്‍, ഹ്രസ്വനേരത്തേക്കുള്ള സ്റ്റേയും അനുബന്ധ സൗകര്യങ്ങളും നല്‍കുന്ന കേന്ദ്രങ്ങള്‍, എന്തിന് മികച്ച കുളിമുറിയും ശൗചാലയവും ഒരുക്കല്‍ തുടങ്ങി ഒട്ടനവധി മേഖലകളില്‍ ബിസിനസ് സാധ്യതകളുണ്ട്. ഇതോടൊപ്പം പുറം ലോകം കുറച്ചുമാത്രം അറിയുന്ന കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള പാക്കേജ് ടൂര്‍ പോലുള്ളവയ്ക്കും സാധ്യതയുണ്ട്. യാത്രകളെ സ്‌നേഹിക്കുന്നവര്‍ നാട്ടിലേറി വരുന്നതും അതിനായി പണം ചെലവിടാന്‍ മടികാണിക്കാത്തതും ഈ മേഖലയെ മുന്നോട്ടുനയിക്കുന്ന ഘടകങ്ങളാണ്. യുവാക്കളുടെ ഉല്ലാസയാത്രകള്‍, സ്‌കൂള്‍ കുട്ടികളുടെ പഠനയാത്രകള്‍, മുതിര്‍ന്ന പൗരന്മാരുടെ തീര്‍ത്ഥയാത്രകള്‍ എന്നുവേണ്ട എല്ലാ മികച്ച ഉല്‍പ്പന്നങ്ങളാക്കാന്‍ സാധിച്ചാല്‍ സംരംഭകര്‍ക്കിന്ന് സാധ്യതയേറെയാണ്.
7. ഹൈടെക് ഫാമിംഗ്
വിഷം ഭക്ഷിക്കാതിരിക്കാന്‍ മലയാളി കരുതല്‍ തുടങ്ങിയതോടെ പച്ചക്കറി കൃഷി രംഗത്ത് ഒരു ഉണര്‍വുണ്ട്. ഇന്ന് സംസ്ഥാനത്ത് 1500 ഓളം ഗ്രീന്‍ഹൗസുകളുണ്ടെന്നാണ് കണക്ക്. ഈ രംഗത്തെ വിജയകഥകള്‍ക്ക് പ്രചാരം ഏറെ ലഭിക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് കടന്നുവരുന്നുമുണ്ട്. ഇവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തയും ഗ്രീന്‍ഹൗസിലെ കൃഷിയില്‍ വരുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണാന്‍ വിദഗ്ധരെ കിട്ടാത്തതുമൊക്കെയാകും വരും കാലത്ത് ഉയര്‍ന്നുവരുന്ന കാര്യങ്ങള്‍. ഇവ ലഭ്യമാക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങാം. ഗ്രീന്‍ഹൗസുകള്‍ വ്യാപകമാകുന്നതോടെ വിളവ് വര്‍ധിക്കും. ഇവ കേടാകാതെ സൂക്ഷിക്കാനും വിപണിയിലെത്തിക്കാനുമുള്ള കോള്‍ഡ് സ്‌റ്റോറേജുകള്‍, അത്തരം സൗകര്യമുള്ള വാഹനങ്ങള്‍ എന്നിവ വേണ്ടി വരും.
യൂറോപ്യന്‍ വിപണി ലക്ഷ്യമിട്ട് പച്ചക്കറി ഉല്‍പ്പാദനം നടത്താന്‍ സാധിച്ചാല്‍ ഹൈടെക് ഫാമിംഗിനും ഗ്രീന്‍ ഹൗസ് ഫാമിംഗിനുമെല്ലാം സാധ്യത അപാരമായിരിക്കും.
8. പാരമ്പര്യേതര ഊര്‍ജോല്‍പ്പാദനം
വൈദ്യുതി ഉല്‍പ്പാദനം വ്യവസായമായി അംഗീകരിച്ചുകൊണ്ടുള്ള ചട്ടം നടപ്പില്‍ വന്നതോടെ നിരവധി സംരംഭകര്‍ക്ക് ഈ രംഗത്ത് കടന്നുവരാനുള്ള അവസരം കൂടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സൗരോര്‍ജം, കാറ്റില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം എന്നിവയ്ക്ക് കേരളത്തില്‍ സാധ്യതയുണ്ട്. രാമക്കല്‍മേട്, കുട്ടിക്കാനം, പാലക്കാട് എന്നിവിടങ്ങളില്‍ വിന്‍ഡ് മില്ലുകള്‍ സ്ഥാപിക്കാം. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് വര്‍ഷത്തെ നികുതിയിളവും ഊര്‍ജോല്‍പ്പാദനത്തിനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായവും ഈ മേഖലയിലെ സംരംഭകര്‍ക്ക് പിന്തുണയാകും. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്ത വിന്‍ഡ് മില്ലുകള്‍ മഴ പെയ്യുന്നത് വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് മതിയായ ബോധവല്‍ക്കരണം സമൂഹത്തില്‍ നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചാല്‍ ഈ രംഗത്ത് കേരളത്തിലെ സംരംഭകര്‍ക്ക് അവസരമേറെയാണ്.
സോളാര്‍ വൈദ്യുതി ഉപകരണങ്ങളുടെ ഉല്‍പ്പാദനത്തിലും സാധ്യതയുണ്ട്.
9. ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്‌സ്
സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുതകുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിശാലമായ വിപണിയാണുള്ളത്. മികവുള്ള മനുഷ്യവിഭവശേഷിയുള്ള കേരളത്തില്‍ ലൈറ്റ് എന്‍ജിനീയറിംഗ് സംരംഭങ്ങള്‍ക്ക് സാധ്യതയുണ്ട്. പക്ഷേ പ്രോത്സാഹനം ലഭിക്കുന്നില്ലെന്നതാണ് പ്രശ്‌നം. ഏറ്റവും പുതിയ മേഖലയായ ത്രീ ഡി പ്രിന്റിംഗിലും കേരളത്തിലെ സംരംഭകര്‍ ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു. ലോകം തന്നെ മാറ്റി മറിക്കുന്ന ഒന്നാകും ഇത്.
10. ഐ.റ്റി
മൊബീല്‍ സെക്റ്ററില്‍ അടുത്ത മൂന്നു മുതല്‍ ആറു വര്‍ഷം വരെ വലിയ ഉയര്‍ച്ച ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഐ.റ്റി മേഖലയുടെ ചുവടു പിടിച്ചാണ് മൊബീല്‍ ആപ്ലിക്കേഷനും വളരുന്നത്. എങ്കിലും സ്മാര്‍ട്ട് ഹെല്‍ത്ത് ഗാഡ്ജറ്റുകള്‍ക്ക് ആകും കൂടുതല്‍ ഡിമാന്‍ഡ്. ബിഗ് ഡാറ്റ, ഐ ഒ റ്റി സ്‌പെയ്‌സ്, ഹാര്‍ഡ്‌വെയര്‍ ബേസ്ഡ് സംരംഭങ്ങള്‍ക്കും സാധ്യതയേറും. അല്‍ഗോരിതം ബേസ്ഡ് ഡാറ്റ സ്‌റ്റോറെജ് ജോലികള്‍ക്ക് വലിയ തോതില്‍ അവസരങ്ങള്‍ ഉയരും. ഫെയ്‌സ്ബുക്ക് പോലെ ഒരേ സമയം ഒന്നിലധികം പേരുടെ ഡാറ്റ സംയോജിപ്പിച്ച് ഇന്റര്‍നെറ്റില്‍ സൂക്ഷിക്കാനും മറ്റുമുള്ള ബിഗ് ഡാറ്റയില്‍ ഇന്ന് സംരഭകര്‍ കുറവാണ് കേരളത്തില്‍. അതുപോലെ തന്നെ ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ആപ്ലിക്കേഷനുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും സാധ്യതയേറെയുണ്ട്.
ഐ.റ്റി സര്‍വീസും ഉല്‍പ്പന്നങ്ങളും നല്‍കുന്ന കമ്പനികള്‍ക്ക് വളരാന്‍ ധാരാളം സാധ്യതകളാണുള്ളത്. കോര്‍ ബാങ്കിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി നിരവധി സംരംഭക അവസരങ്ങളാണ് ഐ.റ്റി മേഖലയില്‍ കേരളത്തില്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്.