എന്ത് ജോലി ചെയ്താലും എത്ര തിരക്കുണ്ടെങ്കിലും എപ്പോഴും മനസുമായി കണക്റ്റ് ചെയ്യണം എന്ന് നമ്മളെ ഓര്‍മപ്പെടുത്തുന്നതാണ് ഗോപി കല്ലായിലിന്റെ 'The internet to the inner-net' എന്ന പുസ്തകം. മനസിന്റെ അപാരമായ സാധ്യതകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ഗൂഗിളിന്റെ ചീഫ് ഇവാഞ്ചലിസ്റ്റ് (ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ്) ആയ ഈ മലയാളി സ്വന്തം ജീവിതയാത്രയിലൂടെ വിശദീകരിക്കുന്ന ഈ പുസ്തകത്തിലെ 'Ten things to do with the next hour' എന്ന അധ്യായം വായിക്കാം, ഒരു വ്യത്യസ്ത വിജയകഥ അറിയാം.
പറയുന്നത് പലരാകാം, പക്ഷേ പരാതി ഒന്ന് തന്നെ. കമ്പനികളുടെ സിഇഒ പറയും അവര്‍ അമിതമായി ജോലി ചെയ്യുന്നവരാണെന്ന്. സൗത്ത് ഇന്ത്യയിലെ എന്റെ ഗ്രാമത്തിലെ കൃഷിക്കാരും പറയും ഒന്നിനും സമയമില്ലെന്ന്. നമുക്ക് എല്ലാവര്‍ക്കും പരാതിപ്പെടാം, ഷെഡ്യൂളുകളുടെ മുഷ്ടിക്കുള്ളിലാണ് നമ്മുടെ ജീവിതം എന്ന്, ഒരു ദിവസം ഇത്രയും സമയം പോര എന്ന്. നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍, ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍, നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ തുടങ്ങി മറ്റാരോ നിശ്ചയിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടിയോ ബാഹ്യമായ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയോ ആണ് ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചെലവഴിക്കുന്നതെന്ന് നമുക്ക് ഓരോരുത്തര്‍ക്കും പറയാവുന്നതാണ്.
ബിസിനസ് സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങി മക്കിന്‍സി ആന്‍ഡ് കമ്പനിയില്‍ ജോലി തുടങ്ങിയ നാളുകളില്‍ ഓരോ ദിവസത്തെയും കാര്യങ്ങള്‍ ക്രമീകരിക്കാന്‍ ഞാന്‍ വളരെ കഷ്ടപ്പെട്ടിട്ടുണ്ട്. ആഴ്ചയില്‍ ഏഴ് ദിവസവും ജോലി മാത്രമായിരുന്നു എന്റെ ചിന്ത. നേട്ടങ്ങള്‍ വല്ലാതെ ലഹരി പിടിപ്പിച്ചിരുന്നു എന്നെ. എപ്പോഴും മീറ്റിംഗുകളിലേക്കും എയര്‍പോര്‍ട്ടുകളിലേക്കുമുള്ള പരക്കംപാച്ചിലുകള്‍. ഫ്‌ളൈറ്റുകളിലും കോണ്‍ഫറന്‍സുകളിലും കിട്ടുന്ന എത്ര മോശം ഭക്ഷണവും ഞാന്‍ കഴിക്കും. എന്റെ വീട്ടുകാര്യങ്ങള്‍ എല്ലാം കുഴഞ്ഞു മറിഞ്ഞ അവസ്ഥയായിരുന്നു തുറന്നു നോക്കുക പോലും ചെയ്യാത്ത ബില്ലുകളുടെ കൂമ്പാരം, കഴിഞ്ഞ യാത്രയ്ക്ക് കൊണ്ടുപോയ സൂട്ട് കെയ്‌സുകള്‍, അടുത്ത ട്രിപ്പിനായി പകുതി പായ്ക്ക് ചെയ്തവ വേറെ. പല പ്രാവശ്യം എന്റെ ഫോണ്‍ കണക്ഷന്‍ കട്ട് ചെയ്യപ്പെട്ടു, എന്റെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയാതെ വന്നു. പണം ഇല്ല എന്നതായിരുന്നില്ല പ്രശ്‌നം, ശ്രദ്ധ മുഴുവന്‍ ജോലിയിലും യാത്രകളിലും മാത്രമായപ്പോള്‍ ബില്‍ അടയ്ക്കാനുള്ള സമയം പോലും എനിക്കില്ലാതെ വന്നു.
എന്റെ ജീവിതം പോലും നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്ന, നാണക്കേടുണ്ടാക്കുന്ന അവസ്ഥ. ഒരു വര്‍ഷത്തോളം ഇത് നീണ്ടുനിന്നു, ഒരു ബ്രേക്കിംഗ് പോയ്ന്റ് എത്തുന്നത് വരെ. ഞാന്‍ സ്വയം ചോദിക്കാന്‍ തുടങ്ങി ഞാന്‍ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്? എന്താണ് ഇതുകൊണ്ടുള്ള നേട്ടം? ഞാന്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നത്? ഇതിന് ഞാന്‍ എന്ത് വിലയാണ് നല്‍കുന്നത്? യാത്ര, മോശമായ ഭക്ഷണം, വ്യായാമത്തിനും മെഡിറ്റേഷനും സമയമില്ലായ്മ... ഇതൊക്കെയായി മാറിയിരുന്നു എന്റെ ജീവിതം. എന്തിനെല്ലാം പ്രാധാന്യം നല്‍കണം എന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമാണെന്നു എനിക്ക് മനസിലായി. ഏതാനും വര്‍ഷം മുന്‍പ് ന്യൂയോര്‍ക്കില്‍ മാതാ അമൃതാനന്ദമയി നേതൃത്വം നല്‍കിയ ചില പ്രോഗ്രാമുകളില്‍ പങ്കെടുക്കുമ്പോഴാണ് ഞാന്‍ ഇതിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നത്. നമുക്ക് എല്ലാവര്‍ക്കും ഒരു ദിവസം 24 മണിക്കൂര്‍ മാത്രമേ ലഭിക്കുന്നുള്ളു. ആ സമയം എങ്ങനെ ചെലവഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ ജീവിതത്തിന്റെ ഗുണമേന്മ. അങ്ങനെയാണ് ഒരു മണിക്കൂര്‍ ലഭിച്ചാല്‍ എന്ത് ചെയ്യും എന്ന് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയത്. ജീവിതം കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കുന്ന എന്തെല്ലാം കാര്യങ്ങള്‍ ഈ സമയത്തിനുള്ളില്‍ എനിക്ക് സാധ്യമാണ്? പത്ത് കാര്യങ്ങള്‍ എനിക്ക് ലിസ്റ്റ് ചെയ്യാന്‍ പറ്റി. വെറും ഒരു തോന്നലില്‍ നിന്ന് എന്റെ ദിവസങ്ങള്‍ ഏറെ മികവുറ്റതാക്കാന്‍ കഴിയുന്ന ഒരു പ്ലാനായി ഇത് മാറി. ഒരു ദിവസം നിങ്ങള്‍ക്ക് ലഭിക്കുന്നസമയം എങ്ങനെ ചെലവഴിക്കണം എന്നതിനെക്കുറിച്ച് നിങ്ങള്‍ ഉണ്ടാക്കുന്ന ലിസ്റ്റില്‍ ഒട്ടേറെ വ്യതസ്ത കാര്യങ്ങളും കാരണങ്ങളുമുണ്ടാകും. ഇവിടെ, എന്റെ ജീവിതം മാറ്റിമറിച്ച എന്റെ ലിസ്റ്റ് ഞാന്‍ പങ്കുവെക്കുന്നു.
ഉറക്കം: എനിക്കിഷ്ടമുള്ള രീതിയില്‍ ചെലവഴിക്കാന്‍ ഏതാനും മണിക്കൂര്‍ കിട്ടിയാല്‍ അത് ഞാന്‍ ഉറങ്ങിത്തീര്‍ക്കും. കഴിയുമെങ്കില്‍ എട്ട് മണിക്കൂര്‍. നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്. നമ്മുടെ സന്തോഷത്തിന്റെ അളവും ഇതിനെ ആശ്രയിച്ചിരിക്കും. വളരെ ലളിതമായ ഈ കാര്യം തെറ്റിച്ചാല്‍ പ്രകൃതിയുടെ നിയമങ്ങള്‍ തിരിച്ചടിക്കുന്നത് രൂക്ഷമായിട്ടായിരിക്കും.
ഭക്ഷണം: ആരോഗ്യം മികച്ചതാക്കാനും തകര്‍ക്കാനും കഴിയുന്നതാണ് നാം കഴിക്കുന്ന ഭക്ഷണം. നമ്മുടെ എനര്‍ജി, ചിന്താശക്തി, ക്രിയേറ്റിവിറ്റി, മാനസികമായ ഉല്ലാസം എന്നിവയെ എല്ലാം ബാധിക്കുന്ന ഒന്നാണു പോഷകസമൃദ്ധമായ ആഹാരം. അതുകൊണ്ട് എന്താണു കഴിക്കുന്നതെന്നും എന്ത് ഒഴിവാക്കണമെന്നും മനസിലാക്കുക. സ്വന്തമായി കൃഷി ചെയ്‌തോ പാചകം ചെയ്‌തോ കഴിക്കുമ്പോഴും മറ്റൊരാളുണ്ടാക്കി തരുന്നത് കഴിക്കുമ്പോഴും ഈ നിയമം തെറ്റിക്കാതിരിക്കുക. 30 മിനിറ്റ് എനിക്ക് കിട്ടിയാല്‍ ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനും തെരഞ്ഞെടുക്കാനും ഞാന്‍ ശ്രമിക്കും.
വ്യായാമം:
ഒരു മണിക്കൂറോ അതില്‍ കുറവോ സമയം ലഭിച്ചാല്‍ അത് ഞാന്‍ വ്യായാമത്തിനായി നീക്കിവെക്കും. എന്റെ ശാരീരികവും മാനസികവുമായ എനര്‍ജി വര്‍ധിപ്പിക്കുന്നത് എക്‌സര്‍സൈസാണ്. യാത്രകളിലും യോഗയ്‌ക്കോ നീന്തലിനോ സമയം കണ്ടെത്താന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. നടക്കാം, ഓടാം, ഡാന്‍സ് ചെയ്യാം, ടെന്നീസ് കളിക്കാം. നിങ്ങള്‍ക്ക് ഉല്ലാസം തരുന്ന ഒരു ആക്റ്റിവിറ്റി എപ്പോഴും ചെയ്യാന്‍ ശ്രമിക്കുക
മെഡിറ്റേഷന്‍:
20 മിനിറ്റ് എനിക്ക് കിട്ടിയിട്ടുണ്ട്, എന്ത് ചെയ്യും? ഞാന്‍ ആ സമയം ധ്യാനത്തിന് വേണ്ടി മാറ്റിവെക്കും. എന്റെ ഒരു ദിവസത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത് മെഡിറ്റേഷനാണ്. എല്ലാ ശബ്ദകോലാഹലങ്ങളും അലങ്കോലങ്ങളും ഒഴിവാക്കി മനസ് വൃത്തിയാക്കി സന്തോഷം പകര്‍ന്ന് എന്റെ ചിന്തകള്‍ക്ക് വ്യക്തത നല്‍കി കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ എന്നെ സഹായിക്കുന്നു ധ്യാനം. ചിലപ്പോള്‍, ഫ്‌ളൈറ്റില്‍, എല്ലാ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഓഫ് ചെയ്ത് ടേക്കോഫിനു തയാറാകുന്ന 15 മിനിറ്റായിരിക്കും ഞാന്‍ മെഡിറ്റേഷനു വേണ്ടി ഉപയോഗിക്കുന്നത്.
സ്‌നേഹം:
എന്റെ ലിസ്റ്റില്‍ അടുത്തത് സ്‌നേഹമാണ് എന്നില്‍ സ്‌നേഹം നിറയ്ക്കുന്ന ചിന്തകളും, പ്രവൃത്തികളും, ഒപ്പം എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് നല്‍കാനുള്ള സമയവും. ഇതിനു ഒന്നാം സ്ഥാനം നല്‍കേണ്ടേ എന്ന് പലരും ചോദിക്കാം. പക്ഷേ, ഞാന്‍ ആദ്യം പറഞ്ഞ നാല് കാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ എനിക്ക് സ്വയം സന്തോഷിക്കാനോ മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കാനോ കഴിയില്ല, എന്റെ പോളിസി എയര്‍ലൈനുകളുടേതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് പറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ? 'മറ്റുള്ളവരെ സഹായിക്കും മുന്‍പ് ഓക്‌സിജന്‍ മാസ്‌ക് ധരിക്കുക.'
കൊച്ചു കൊച്ച് കാര്യങ്ങള്‍:
ഇനി ഞാന്‍ എന്ത് കാര്യമാണ് ചെയ്യുക? ഓരോ ദിവസവും ചെയ്യേണ്ട ചില ചെറിയ കാര്യങ്ങള്‍ തീര്‍ക്കും. 'സ്റ്റഫ്' എന്ന് പറയുന്ന ഇക്കാര്യങ്ങളൊന്നും അത്യാവശ്യ സംഭവങ്ങളല്ല. പക്ഷേ, അവ കൂടിക്കിടന്നാല്‍ നമ്മുടെ ജോലിയെയും മനസമാധാനത്തെയും ബാധിക്കും എന്ന് ഉറപ്പ്. മെയ്‌ലുകള്‍, വീട്ടുജോലികള്‍ എന്നിവയെല്ലാം ഇതില്‍ പെടും.
ജോലി:
പലരുടെയും ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തായിരിക്കും ജോലി. പക്ഷേ, ഞാന്‍ നല്‍കുന്നത് ഏഴാം സ്ഥാനമാണ്. കാരണം, ഒന്ന് മുതല്‍ ആറ് വരെയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാലേ എനിക്ക് നന്നായി ജോലി ചെയ്യാന്‍ കഴിയൂ. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ എറ്റവും മികച്ച രീതിയില്‍ എന്റെ ജോലി തീര്‍ക്കുകയും അതെന്നെ ഏറെ തൃപ്തിപ്പെടുത്തുകയും ചെയ്യണമെങ്കില്‍ ഇവയെല്ലാം ഞാന്‍ പ്രാധാന്യത്തോടെ ചെയ്യണം. ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ. എല്ലാവര്‍ക്കും നേട്ടങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളു. നിങ്ങളും, കമ്പനിയും, സഹപ്രവര്‍ത്തകരും എല്ലാം. നിങ്ങളുടെ ബോസ് സൂപ്പര്‍ ഹാപ്പിയുമാകും.
പ്രിയപ്പെട്ട ഇഷ്ടങ്ങള്‍:
ഒരു മണിക്കൂര്‍ കിട്ടിയാല്‍ മനസിന് ഏറ്റവും പ്രിയപ്പെട്ട ചില കാര്യങ്ങള്‍ ചെയ്യാനാണ് എനിക്ക് താല്‍പ്പര്യം. എന്റെ പാഷനായ, വളരെ ഇഷ്ടമുള്ളത് കൊണ്ട് മാത്രം ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍, എന്റെ മനസിനെ സ്പര്‍ശിക്കുന്ന കാര്യങ്ങള്‍. നിര്‍ബന്ധിതമായി ചെയ്യേണ്ടതല്ല ഇതൊന്നും. ജീവിതമാര്‍ഗമായതു കൊണ്ട് ചെയ്യുന്നതുമല്ല. (പക്ഷെ, ജോലി എന്റെ ഒരു പാഷന്‍ തന്നെയാണ്.) പബ്ലിക് സ്പീക്കിംഗ്, യോഗ പഠിപ്പിക്കുക, കീര്‍ത്തനങ്ങള്‍ പാടുക എന്നിങ്ങനെ പല ഇഷ്ടങ്ങളും എനിക്കുണ്ട്. അതുകൊണ്ട് എന്റെ ഷെഡ്യൂളില്‍ ഒരു മണിക്കൂര്‍ വീണുകിട്ടിയാല്‍ ഞാന്‍ ഇതെല്ലാമാണ് ചെയ്യുക.
പുതിയ പാഠങ്ങള്‍:
എപ്പോഴും എന്തെങ്കിലും പഠിച്ചു കൊണ്ടിരിക്കുക. ഹാര്‍മോണിയം വായിക്കുന്നതും, ടിവി ഷോ ചെയ്യുന്നതും വെജിറ്റേറിയന്‍ ഭക്ഷണമുണ്ടാക്കുന്നതും തുടങ്ങി പുതുതായി പഠിക്കുന്ന എല്ലാ കാര്യങ്ങളും എനിക്ക് പുതിയ അവസരങ്ങളാണ് മനസിലാക്കി തരുന്നത്. എന്റെ ലോകം കൂടുതല്‍ വിശാലമാകുകയും ചെയ്യും.
സാമൂഹ്യപ്രവര്‍ത്തനങ്ങള്‍:
എന്റെ മനസിന്റെ എനര്‍ജി പുറത്ത് കൊണ്ടു വരുന്ന എന്ത് കാര്യവും മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യാന്‍ ഞാന്‍ ഈ സമയം ഉപയോഗിക്കും. ചിലപ്പോഴത് ഒരു യോഗ ക്ലാസ് നടത്തുന്നതാകാം, അല്ലെങ്കില്‍ കൂട്ടുകാര്‍ക്ക് ചായയോ ഡിന്നറോ നല്‍കുന്നതാകാം. നിങ്ങള്‍ക്ക് ഇത് പള്ളിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേരുന്നതോ, കുട്ടികളുടെ സ്‌കൂളില്‍ സഹായിക്കുന്നതോ ഒരു സംരക്ഷണ കേന്ദ്രത്തിനു വേണ്ടി വോളന്റിയര്‍ ആകുന്നതോ ആകാം. പ്ലാന്‍ ചെയ്യാത്ത കാര്യങ്ങളും ചെയ്യാം. കുറെ കാലമായി അടുപ്പമില്ലാത്ത ഒരു സുഹൃത്തിനെ ഫോണ്‍ ചെയ്യാം, നേരിട്ട് കാണാം. ചെറിയ കാരുണ്യ പ്രവൃത്തികള്‍. സമൂഹവുമായി ചേര്‍ത്ത് നിരത്തുന്ന ഇത്തരം ചില കാര്യങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്താം.
ഈ ലിസ്റ്റ് എന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായതോടെ ഒരു മനുഷ്യജീവി എന്ന നിലയിലുള്ള എന്റെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും പുതിയ രൂപമായി. എന്റെ ലക്ഷ്യങ്ങളും നേട്ടങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടും കൂടുതല്‍ വ്യക്തവുമായി. എന്റെ എനര്‍ജി ഏറ്റവും നന്നായി ഉപയോഗിക്കുന്ന രീതിയില്‍ സമയം പ്രയോജനപ്പെടുത്താന്‍ എനിക്ക് ഇപ്പോള്‍ അറിയാം. നിങ്ങളും സ്വന്തമായി ഒരു ലിസ്റ്റ് ഉണ്ടാക്കി അത് പിന്തുടരുമ്പോള്‍ മനസിലാകും, 24 മണിക്കൂര്‍ എങ്ങനെ കൂടുതല്‍ മികച്ച രീതിയില്‍ ചെലവഴിക്കാം എന്ന്.