കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ചും ആ മേഖലയില്‍ നടത്തുന്ന ഇടപെടലുകളെക്കുറിച്ചും വ്യക്തമാക്കുകയാണ് കേരള സ്റ്റേറ്റ് ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാനപരമായി വരുത്തേണ്ട ഒട്ടേറെ മാറ്റങ്ങളുണ്ട്. ആഗോള തലത്തിലുള്ള ലോകോത്തര യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റ് എടുത്താല്‍ ഇന്ത്യയിലെ ഐ.ഐ.ടികള്‍ പോലും ആദ്യത്തെ 200 എണ്ണത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. അതിനാല്‍ വിദ്യാഭ്യാസ രംഗത്തെ ടീച്ചിംഗ്, ഓട്ടോണമി, ടെക്‌നോളജി തുടങ്ങിയവയില്‍ ലോകവ്യാപകമായി വന്നിട്ടുള്ള മാറ്റങ്ങള്‍ നമ്മളെങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നത് പ്രധാനമാണ്.
ഓരോ വര്‍ഷവും രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ സ്വന്തം പണം മുടക്കി അമേരിക്കയില്‍ പോയി പഠിക്കുന്നുണ്ട്. വിദ്യാഭാസ രംഗത്ത് നമ്മള്‍ കൂടുതല്‍ മികവാര്‍ജ്ജിച്ചാല്‍ അവരെ ഇവിടെ പഠിപ്പിക്കാനാകും. പണമില്ലാത്തവര്‍ക്കും രാജ്യാന്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുന്നതിന്
അവസരമൊരുങ്ങും.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യം, അധ്യാപകരുടെ പരിശീലനം, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പഠനവും അദ്ധ്യയനവും, സ്വയംഭരണാവകാശം, ഗവേഷണം, ഇന്റര്‍നാഷണലൈസേഷന്‍ എന്നീ ആറ് മേഖലകളിലാണ് പരിഷ്‌ക്കരണ നടപടികള്‍ ഏറ്റവും അനിവാര്യമായിട്ടുള്ളത്. ഈ മേഖലകളിലെ പ്രശ്‌നങ്ങള്‍ വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്തുകയും, അനുയോജ്യമായ പരിഹാരമാര്‍ഗങ്ങള്‍ 12 റിപ്പോര്‍ട്ടുകളായി കൗണ്‍സില്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. സെമസ്റ്റര്‍ സമ്പ്രദായം നവീകരിക്കുകയായിരുന്നു ആദ്യത്തെ നടപടി.
റിപ്പോര്‍ട്ടിലെ 11 നിര്‍ദേശങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും ഓരോ യൂണിവേഴ്‌സിറ്റിയും ചില ഭേദഗതികളോടെയാണ് അവ നടപ്പാക്കിയത്. അവര്‍ക്ക് അസൗകര്യമായ നിര്‍ദേശങ്ങളെല്ലാം ഉപേക്ഷിച്ചുകളഞ്ഞുവെന്നതാണ് വലിയൊരു പോരായ്മ. എല്ലാ നിര്‍ദേശങ്ങളും നടപ്പാക്കാത്തതിനാല്‍ സെമസ്റ്റര്‍ സമ്പ്രദായത്തിലെ പഴയ അപാകതകള്‍ ഇപ്പോഴും തുടരുകയാണ്.
സ്വയംഭരണാവകാശവും അധ്യാപക പരിശീലനവും
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഓട്ടോണമസ് കോളെജുകള്‍ നിലവിലുണ്ട്. അതിനാല്‍ കേരളത്തിലും അവ നടപ്പാക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് 12 കോളെജുകള്‍ക്ക് സ്വയംഭരണാവകാശം കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പന്ത്രണ്ടാമത്തെ കോളെജായ തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജില്‍ പരിശോധനക്കെത്തിയവരെ വിദ്യാര്‍ത്ഥി സംഘടനകള്‍ തടഞ്ഞതിനാല്‍ 11 കോളെജുകള്‍ക്കേ അത് നല്‍കാനായുള്ളൂ. സ്വയംഭരണാവകാശം ലഭിച്ച 11 കോളെജുകളില്‍ 10ഉം ക്രിസ്ത്യന്‍ കോളെജുകളായിരുന്നു. അവ മാത്രമേ യോഗ്യതാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിരുന്നുള്ളൂ. അടുത്തഘട്ടമെന്ന നിലയില്‍ ഒന്‍പത് കോളെജുകളില്‍ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടന്നുവരികയാണ്.
പ്രൈമറി സ്‌ക്കൂളില്‍ പഠിപ്പിക്കാന്‍ അദ്ധ്യാപക പരിശീലനം നിര്‍ബന്ധമാണെങ്കില്‍ കോളെജില്‍ പഠിപ്പിക്കാന്‍ അതൊന്നും വേണ്ടെന്നതാണ് അവസ്ഥ. ഒരു ഫാക്കല്‍റ്റി ട്രെയ്‌നിംഗ് സംവിധാനം ഈ രംഗത്ത് അത്യന്താപേക്ഷിതമായതിനാല്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ മികച്ചൊരു ഫാക്കല്‍റ്റി ട്രെയ്‌നിംഗ് അക്കാദമി ആരംഭിക്കണമെന്ന് കൗണ്‍സില്‍ നിര്‍ദേശിച്ചു. കോളെജ് അധ്യാപകരായി നിയമനം ലഭിക്കുന്നവര്‍ അവിടെ ആറ് മാസത്തെ നിര്‍ബന്ധ പരിശീലനം നേടണമെന്നായിരുന്നു ശുപാര്‍ശ. കോഴ്‌സിന്റെ ഘടന തയ്യാറാക്കിയതിന് പുറമേ യൂണിവേഴ്‌സിറ്റികള്‍ ഇതിലേക്കായി ഒരു കോടി രൂപ വീതം മാറ്റിവക്കാനും അക്കാദമിക്ക് സ്ഥലം നല്‍കാന്‍ സംസ്‌കൃത സര്‍വ്വകലാശാല തയ്യാറായതുമാണ്. അതിനാല്‍ എത്രയും വേഗം അക്കാദമി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.
സ്വതന്ത്ര അക്രഡിറ്റേഷന്‍ സംവിധാനം
കോളെജുകളുടെ അക്രഡിറ്റേഷന് സംസ്ഥാനങ്ങളും പ്രത്യേക കൗണ്‍സിലുകള്‍ രൂപീകരിക്കണമെന്നുള്ള നോളഡ്ജ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം കേരളത്തിലും ഒരു അക്രഡിറ്റേഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിനുള്ള റിപ്പോര്‍ട്ട് ഞങ്ങള്‍ തയ്യാറാക്കി. നാകിന്റെ (NAAC) അതേ മാനദണ്ഡങ്ങള്‍ തന്നെയാണ് ഇതിനുമുള്ളത്. തുടക്കത്തില്‍ നാക് ഇതിനെ പ്രോല്‍സാഹിപ്പിച്ചിരുന്നെങ്കിലും അവരുടെ അക്രഡിറ്റേഷന്‍ ഒഴിവാക്കാനാകില്ല എന്നൊരു നിലപാട് പിന്നീടുണ്ടായി. നാക് ഇന്‍സ്റ്റിറ്റിയൂഷണല്‍ അക്രഡിറ്റേഷന്‍ മാത്രമാണ് നടത്തുന്നത്. അതിനാല്‍ ഞങ്ങള്‍ ഇതിനോട് പ്രോഗ്രാം അക്രഡിറ്റേഷന്‍, ടീച്ചേഴ്‌സ് അസസ്‌മെന്റ് എന്നീ ഘടകങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ ഇതിലേക്കായി ഒരു സ്‌പെഷല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ടെങ്കിലും അതൊരു സ്വതന്ത്ര സ്ഥാപനമായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കേണ്ടതുണ്ട്.
ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ഇത്തരം പ്രമുഖ പ്രോഗ്രാമുകളില്‍ കോളെജുകളുടെ സ്വയംഭരണാവകാശം മാത്രമാണ് പൂര്‍ണ്ണമായി നടപ്പാക്കിയത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ മികവിലേക്ക് നയിക്കുന്നതിനായി നടപ്പാക്കേണ്ട അനേകം വിഷയങ്ങളെക്കുറിച്ചും കൗണ്‍സില്‍ പഠനം നടത്തിയിട്ടുണ്ട്. കേരള സ്റ്റേറ്റ് ഹയര്‍ എഡ്യൂക്കേഷന്‍ പോളിസിയാണ് അതിലൊന്ന്. പുതിയ കോളെജുകള്‍, പുതിയ യൂണിവേഴ്‌സിറ്റികള്‍ എന്നിവ തുടങ്ങുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ ഈ രംഗത്ത് വേണ്ട വിവിധ പരിഷ്‌ക്കരണ നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയെങ്കിലും ആ നിര്‍ദേശങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. അക്കാദമി - ഇന്‍ഡസ്ട്രി ലിങ്കേജ് ആര് നടപ്പാക്കണമെന്നതില്‍ തീരുമാനമായിട്ടില്ല. എന്നാല്‍ താല്‍പര്യമുള്ള എന്‍ജിനീയറിംഗ് കോളെജുകള്‍ സ്വന്തം നിലയില്‍ അത് നടപ്പാക്കുന്നുണ്ട്.
ഇന്റര്‍നാഷണല്‍ അറബിക് യൂണിവേഴ്‌സിറ്റി ഇതൊരു മതവിഭാഗത്തിന്റെയോ പ്രദേശത്തിന്റെയോ ഇസ്ലാമിക് സ്റ്റഡീസിന്റെയോ മാത്രം കാര്യമല്ല. അറബിയിലെ വൈദഗ്ധ്യം കേരളത്തിന്റെ ഒരു അസറ്റാണ്. ഇന്ന് തൊഴിലാളികളും തൊഴിലുടമയുമായുള്ള ബന്ധം മാത്രമേ കേരളത്തിനും അറബ് രാജ്യങ്ങള്‍ക്കും തമ്മിലുള്ളൂ. അവിടെ നിന്നും മലയാളികള്‍ കൂട്ടത്തോടെ തിരിച്ചുപോരേണ്ട സാഹചര്യം ഉണ്ടായാല്‍ അറബിയിലെ വൈദഗ്ധ്യം ഉപയോഗിച്ചു മാത്രമേ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും കൂടുതല്‍ അര്‍ത്ഥവത്തായ ഒരു ബന്ധം ഭാവിയില്‍ സൃഷ്ടിച്ചെടുക്കാനാകൂ. ഒരു ഇന്റര്‍നഷണല്‍ അറബിക് യൂണിവേഴ്‌സിറ്റി കേരളത്തില്‍ സ്ഥാപിച്ചാല്‍ അതിന് വലിയ പിന്തുണ നമുക്ക് ലഭിക്കുന്നതാണ്.
യൂണിവേഴ്‌സിറ്റി ആക്റ്റുകളുടെ ഏകീകരണം
കേരളത്തിലെ ഓരോ യൂണിവേഴ്‌സിറ്റിക്കും പലതരത്തിലുള്ള പ്രത്യേകം ആക്റ്റുകളാണുള്ളത്. ഇത് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ അസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ക്കെല്ലാം ഒരു ഏകീകൃത ആക്റ്റ് രൂപീകരിക്കുന്നതിനെക്കുറിച്ചും കൗണ്‍സില്‍ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി. എന്നാല്‍ യൂണിവേഴ്‌സിറ്റികളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിന് യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യത ബാധകമാക്കണോ എന്നതില്‍ വിയോജിപ്പ് ഉണ്ടായതിനാല്‍ രണ്ട് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് നല്‍കേണ്ടിവന്നു.
സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍
സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ ഇല്ലാത്തൊരു സംസ്ഥാനമാണ് കേരളം. ഇവയുണ്ടായാല്‍ മാത്രമേ ഉന്നത വിദ്യാഭ്യാസ രംഗത്ത് മല്‍സരം ഉണ്ടാകുകയും ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്യുകയുള്ളൂ. ഇന്ത്യയില്‍ തന്നെ വന്‍വിജയമായി തീര്‍ന്നിട്ടുള്ള സ്വകാര്യ യൂണിവേഴ്‌സിറ്റികളും നമ്മുടെ യൂണിവേഴ്‌സിറ്റികളും തമ്മില്‍ താരതമ്യം ചെയ്യാന്‍പോലും സാധിക്കില്ല. സ്വകാര്യവല്‍ക്കരണമെന്നാല്‍ കച്ചവടമാണെന്നാണ് പൊതുവെയുള്ള ആക്ഷേപം. എല്ലാവിധ സുരക്ഷിതത്വവും ഉറപ്പാക്കിക്കൊണ്ട് ഇവ നടപ്പാക്കാവുന്നതേയുള്ളൂ. ഓരോ സ്വകാര്യ സര്‍വ്വകലാശാല സ്ഥാപിക്കുമ്പോഴും നിയമസഭയില്‍ ഓരോ ബില്ല് കൊണ്ടുവരണമെന്നത് ഉള്‍പ്പെടെയുള്ള ഒട്ടേറെ നിര്‍ദേശങ്ങള്‍ കൗണ്‍സില്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെങ്കിലും ചില അഭിപ്രായഭിന്നത കാരണം ഇതും മുന്നോട്ടു പോയിട്ടില്ല. സ്വകാര്യ സര്‍വ്വകലാശാലകള്‍ വന്നാലേ കേരളത്തിലെ വിദ്യാഭ്യാസ അന്തരീക്ഷം മാറുകയുള്ളൂ. വിദഗ്ധരായ അധ്യാപകരെ കേരളത്തിലേക്ക് എത്തിക്കുന്നതിനും അതിടയാക്കും.
യൂണിവേഴ്‌സിറ്റികളിലെ ഗവേഷണം
നമുക്ക് ലോകോത്തര യൂണിവേഴ്‌സിറ്റികള്‍ ഉണ്ടാകാത്തത് മികച്ച ഗവേഷണം ഇല്ലാത്തതിനാലാണ്. ഇപ്പോള്‍ ഇവിടെ നടക്കുന്ന പി.എച്ച്.ഡി സംവിധാനം റിസര്‍ച്ചല്ല മറിച്ച് വെറും സമാഹരണമാണ്. പുതിയ അറിവുണ്ടാകുകയും പേറ്റന്റ് എടുക്കുകയും നോബല്‍ പ്രൈസ് നേടുകയുമാണ് പി.എച്ച്.ഡിയുടെ അളവുകോലുകള്‍. അതിനാല്‍ ഈ രംഗത്ത് എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്നതിനെക്കുറിച്ചും കൗണ്‍സില്‍ പഠിക്കുന്നുണ്ട്.
വിദേശ യൂണിവേഴ്‌സിറ്റികള്‍
സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ ഇല്ലാതെ, വിദേശ യൂണിവേഴ്‌സിറ്റികളുടെ കാമ്പസുകള്‍ ഇവിടെ സ്ഥാപിക്കാതെ, എങ്ങനെ അവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്നതായിരുന്നു കോവളത്ത് നടന്ന ഗ്ലോബല്‍ എഡ്യൂക്കേഷന്‍ മീറ്റിന്റെ മുഖ്യ ചര്‍ച്ചാവിഷയം. വിദേശ യൂണിവേഴ്‌സിറ്റികളുമായി ചേര്‍ന്ന് ട്വിന്നിംഗ് പ്രോഗ്രാമും ജോയിന്റ് റിസര്‍ച്ചും ജോയിന്റ് കോണ്‍ഫറന്‍സും ഉള്‍പ്പെടെ പത്തോളം കാര്യങ്ങള്‍ ചെയ്യാമെന്ന് യു.ജി.സി പറഞ്ഞിട്ടുണ്ട്. ഇതിനൊന്നിനും വിദേശ യൂണിവേഴ്‌സിറ്റി ഇവിടെ വരേണ്ടതില്ല. പക്ഷെ കോണ്‍ഫറന്‍സിനെ സമരക്കാര്‍ വളച്ചൊടിച്ചതോടെ വിഷയത്തിലുള്ള ശ്രദ്ധ മാറിപ്പോയി, വിദേശത്ത് നിന്നെത്തിയ പ്രൊഫസര്‍മാര്‍ ഇവിടത്തെ അന്തരീക്ഷം നേരിട്ട് മനസിലാക്കി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ വര്‍ഷങ്ങളോളം പിന്നോട്ടടിക്കുന്നതിനും ആ സംഭവം ഇടയാക്കി. സമൂഹ്യ മനഃസ്ഥിതി, വൈസ് ചാന്‍സലര്‍മാരുടെ മനോഭാവം, രാഷ്ട്രീയ ഇച്ഛാശക്തി എന്നിവയൊക്കെ ശക്തമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രമായി വളര്‍ത്തിയെടുക്കാനാകൂവെന്നതാണ് യാഥാര്‍ത്ഥ്യം.
കടപ്പാട് :http://www.dhanamonline.com/