Check out Mathrubhumi - Agriculture - ആദായമേകും ചെണ്ടുമല്ലി -
ആദായമേകും ചെണ്ടുമല്ലി
അന്യസംസ്ഥാനങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് രൂപയുടെ പൂക്കളാണ് ഓരോവര്‍ഷവും നമ്മുടെ നാട്ടില്‍ എത്തുന്നത്. മാല, ബൊക്കെ, റീത്ത് എന്നുവേണ്ട അലങ്കാരാവശ്യങ്ങള്‍ക്കെല്ലാം ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് ബന്തിയെന്ന് വിളിക്കുന്ന ചെണ്ടുമല്ലി പൂക്കളാണ്. മഞ്ഞയും ചുവപ്പും നിറമുള്ള ചെണ്ടുമല്ലിക്ക് കിലോഗ്രാമിന് 50 മുതല്‍ 100 രൂപ വരെയാണ് ശരാശരിവില. ഓണക്കാലത്തും മറ്റ് വിശേഷാവസരങ്ങളിലും ഇത് മുന്നൂറിനുമപ്പുറത്തെത്തും.
പ്രകൃതിദത്ത നിറവും മണവുമുള്ള എണ്ണയും ചെണ്ടുമല്ലികയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളാണ്. കോഴിമുട്ടയുടെ മഞ്ഞക്കരുവിന് നിറം കൂട്ടുമെന്നതിനാല്‍ കോഴിത്തീറ്റയിലെ അവിഭാജ്യഘടകമാണ് ചെണ്ടുമല്ലിക. നിമാവിരകളെ ആകര്‍ഷിച്ച് നശിപ്പിക്കാന്‍ ചെണ്ടുമല്ലിക്ക് അപാര കഴിവുണ്ട്. ചെണ്ടുമല്ലിയുള്ള പച്ചക്കറിതോട്ടങ്ങളില്‍ കീടബാധ കാണാറില്ല. അതുകൊണ്ടുതന്നെ പച്ചക്കറി കൃഷിയിലെ കാവലാളാകാന്‍ ചെണ്ടുമല്ലിയെ ഒപ്പം കൂട്ടാം.
നമ്മുടെ മണ്ണും കാലാവസ്ഥയും ചെണ്ടുമല്ലി കൃഷിക്ക് തീര്‍ത്തും അനുയോജ്യമാണ്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണും സൂര്യപ്രകാശവും വേണമെന്ന നിര്‍ബന്ധം മാത്രമേ ഇതിനുള്ളൂ. ആദ്യമായി നാലടി വീതിയും അരയടി പൊക്കവും രണ്ടടി നീളവുമുള്ള വാരങ്ങളെടുത്ത് ചെണ്ടുമല്ലി നേഴ്‌സറി തയ്യാറാക്കാം. നാലുകിലോ ചാണകപ്പൊടിയും അരക്കിലോ എല്ലുപൊടിയും നേഴ്‌സറിക്കുള്ള വളമായി ചേര്‍ക്കണം. 25 സെന്റ് സ്ഥലത്തെ ചെണ്ടുമല്ലി കൃഷിക്ക് 150 ഗ്രാം വിത്ത് മതി.
മൂന്ന് ഇഞ്ച് അകലത്തില്‍ വിത്ത് പാകി വൈക്കോലോ ഓലയോകൊണ്ട് പുതയിടണം. ദിവസവും നന നിര്‍ബന്ധം. ഒരാഴ്ചയ്ക്കുള്ളില്‍ വിത്ത് മുളയ്ക്കും. ഇനി പുത മാറ്റാം. പുത മാറ്റാന്‍ വൈകിയാല്‍ തൈകള്‍ നീണ്ട് വളഞ്ഞ് വരും. ഒരുമാസം പ്രായമായ തൈകള്‍ പറിച്ചുനടാം. പറിച്ചുനടാനുള്ള സ്ഥലം നന്നായി കിളച്ചൊരുക്കി രണ്ടടി അകലത്തില്‍ വാരങ്ങള്‍ എടുക്കണം. സെന്റൊന്നിന് 100 കിലോഗ്രാം ചാണകപ്പൊടി അടിവളമാക്കാം. ഒന്നരയടി അകലത്തില്‍ മാത്രമേ ചെണ്ടുമല്ലി തൈകള്‍ പറിച്ചുനടാവൂ. നട്ട് ഒന്നരമാസം കഴിയുമ്പോള്‍ എല്ലാ ചെടികളുടെയും തലപ്പ് നുള്ളണം. ഇങ്ങനെ പിഞ്ചിങ് ചെയ്താല്‍ വശങ്ങളില്‍നിന്ന് ധാരാളം ശാഖകള്‍ വളര്‍ന്ന് കൂടുതല്‍ പൂവുണ്ടാകും. മഴയില്ലെങ്കില്‍ ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ചെടി നനയ്ക്കണം.
കളകള്‍ പറിച്ചുകളയേണ്ടത് അത്യാവശ്യം. നട്ട് രണ്ടര മാസത്തിനകം ചെണ്ടുമല്ലി വിളവെടുക്കാം. തുടര്‍ച്ചായായി രണ്ടുമാസത്തോളം പൂക്കള്‍ കിട്ടും. പൂവ് നന്നായി വിരിഞ്ഞ് കഴിയുമ്പോള്‍ അല്‍പം തണ്ടോടുകൂടി വൈകുന്നേരങ്ങളില്‍ ഇറുത്തെടുക്കാം. സെന്റൊന്നിന് 50 കിലോഗ്രാം ചെണ്ടുമല്ലി വലിയ പ്രയാസമില്ലാതെ തന്നെ ഉത്പാദിപ്പിക്കാമെന്നതാണ് പ്രത്യേകത.
വലിയ മുടക്കുമുതല്‍ ഇല്ലാതെത്തന്നെ പുഷ്പകൃഷിയില്‍ മുന്നേറാമെന്നതിന് തെളിവാണ് ചെണ്ടുമല്ലി കൃഷി. കാസര്‍കോട് ചാമക്കുഴിയിലെ ജോസഫേട്ടനും കുടുംബത്തിനും വരുമാന സ്രോതസ്സെന്നതിലുപരി മനസ്സിന് ആനന്ദം പകരുന്നവളാണ് ചെണ്ടുമല്ലി. അരോമാതെറാപ്പിയിലും ഹോര്‍ട്ടിക്കള്‍ച്ചര്‍ തെറാപ്പിയിലും ചെണ്ടുമല്ലികയ്ക്ക് പ്രധാന്യമേറിവരികയാണ്.
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതികളില്‍ടെുത്തി പുഷ്പകൃഷിക്കുള്ള സാമ്പത്തികസഹായം കൃഷിഭവനിലൂടെ നല്‍കിവരുന്നുണ്ട്.
വിപണി മുന്‍കൂട്ടി കണ്ടെത്തി കൃഷിനടത്തിയാല്‍ ചെണ്ടുമല്ലിയോളം ലാഭകരമായ മറ്റൊരു പുഷ്പവുമില്ല.
(കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസഫ്, ചാമക്കുഴി-9447473718).