? ഞാന്‍ ബി.എസ്‌സി. ബോട്ടണി ജയിച്ചതാണ്. എനിക്ക് NEET ന് അപേക്ഷിക്കാന്‍ കഴിയുമോ
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി (ബോട്ടണിയും സുവോളജിയും)/ബയോടെക്‌നോളജി എന്നീ വിഷയങ്ങളില്‍ രണ്ടെണ്ണമെങ്കിലും പഠിച്ച് ഭാരതത്തിലെ ഒരു സര്‍വകലാശാലയില്‍ നിന്ന് ബാച്ചിലര്‍ ഓഫ് സയന്‍സ് പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പക്ഷേ, അതിനു തൊട്ടുമുമ്പുള്ള യോഗ്യതാ പരീക്ഷ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളെടുത്ത് പഠിച്ച് ജയിച്ചിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി എന്നീ വിഷയങ്ങള്‍ പഠിച്ച് അംഗീകൃത സര്‍വകലാശാലയുടെ ത്രിവത്സര ബാച്ചിലര്‍ ബിരുദ കോഴ്‌സിന്റെ ആദ്യവര്‍ഷ യൂണിവേഴ്‌സിറ്റിതല പരീക്ഷ ജയിച്ചവരും അപേക്ഷിക്കാന്‍ അര്‍ഹരാണ്. അവര്‍, അതിനുമുമ്പുള്ള യോഗ്യതാപരീക്ഷ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി, ഇംഗ്‌ളീഷ് എന്നീ വിഷയങ്ങള്‍ പഠിച്ച് ജയിച്ചിരിക്കണം.
? ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജ് (എ.എഫ്.എം.സി.), ബനാറസ് ഹിന്ദു സര്‍വകലാശാല, അലിഗഢ് മുസ്‌ലിം സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രവേശനം നീറ്റിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ പറയുന്നു. ഇവിടേക്കൊക്കെ പ്രത്യേകം അപേക്ഷിക്കണോ? അതിന് എന്നുവരെ സമയമുണ്ട് ?
= ഈ പറഞ്ഞ മൂന്നു സ്ഥാപനങ്ങളില്‍ എ.എഫ്.എം.സി. യിലേക്കു മാത്രം പിന്നീട് അപേക്ഷിക്കേണ്ടിവരും. അവിടേക്ക് അപേക്ഷ നല്‍കേണ്ട സമയമാകുമ്പോള്‍ MCC/AFMC അതുസംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിക്കും. ഇത് നീറ്റ് പരീക്ഷയ്ക്കു ശേഷമായിരിക്കും. അപ്പോള്‍ അവിടേക്ക് അപേക്ഷ/ഓപ്ഷന്‍ നല്‍കുക. നീറ്റിന്റെ അടിസ്ഥാനത്തിലാണ് അവിടേക്കുള്ള അപേക്ഷകരെ ഷോര്‍ട്‌ലിസ്റ്റ് ചെയ്യുന്നത്. അതിനാല്‍ AFMC പ്രവേശനം ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും നീറ്റിന് അപേക്ഷിച്ച്, അത് അഭിമുഖീകരിച്ച്, യോഗ്യത നേടണം. AFMC പ്രവേശന നടപടികള്‍ അറിയാന്‍ www.afmc.nic.in/www.afmcdg1d.gov.in എന്നീ വെബ്‌സൈറ്റുകള്‍ നിരന്തരം സന്ദര്‍ശിക്കുക. 2017ല്‍ AFMCയിലേക്കുള്ള ഓപ്ഷന്‍ സ്വീകരണം മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയാണ് നടത്തിയത് (www.mcc.nic.in). BHU, AMU എന്നീ സ്ഥാപനങ്ങളിലെ പ്രവേശനം കല്പിതസര്‍വകലാശാലാ പ്രവേശനത്തിനൊപ്പം മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റി (MCC) യാണ് കഴിഞ്ഞവര്‍ഷം നടത്തിയത്. അതിലേക്ക് പ്രത്യേകം അപേക്ഷയൊന്നും നല്‍കേണ്ടിയിരുന്നില്ല. മറിച്ച് കല്പിത സര്‍വകലാശാലാ കൗണ്‍സലിങ്ങില്‍ ഈ സ്ഥാപനങ്ങളിലേക്ക് താത്പര്യമുള്ളവര്‍ അതിലേക്കുള്ള ഓപ്ഷന്‍, MCC വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നു. ഈവര്‍ഷവും ഇതേരീതിയില്‍ തന്നെയായിരിക്കും AMU, BHU മെഡിക്കല്‍/ഡെന്റല്‍ പ്രവേശനം.
? ഈ വര്‍ഷം ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ അഖിലേന്ത്യാ ക്വാട്ട സീറ്റുകള്‍ ഉണ്ടോ..?
= 2018-19 മുതല്‍ ആന്ധ്രാപ്രദേശും തെലങ്കാനയും അഖിലേന്ത്യാ ക്വാട്ട അലോട്ടുമെന്റില്‍ ചേരുകയാണ്. അതുകൊണ്ട് ഈ രണ്ടു സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളെയും 15 ശതമാനം അഖിലേന്ത്യാ ക്വാട്ട എം.ബി.ബി.എസ്./ബി.ഡി.എസ്. സീറ്റുകളിലേക്ക് പരിഗണിക്കും. അതോടൊപ്പം, ഈ രണ്ടു സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ 15 ശതമാനം സീറ്റുകള്‍ അഖിലേന്ത്യാ ക്വാട്ടയില്‍ ഉള്‍പ്പെടും. രാജ്യത്തെ, ജമ്മുകശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളെ ഈ സീറ്റുകളിലേക്ക് പരിഗണിക്കും. അതിനാല്‍ അഖിലേന്ത്യാ ക്വാട്ട എം.ബി.ബി.എസ്/ബി.ഡി.എസ്. സീറ്റുകള്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്, ഈ വര്‍ഷം അല്പം വര്‍ധിക്കുന്നതാണ്.
? നീറ്റിന് അപേക്ഷിക്കാന്‍ ഉയര്‍ന്ന പ്രായപരിധിയുണ്ടോ? ഏതു തീയതി വെച്ചാണ് ഇതു കണക്കാക്കുക
= നീറ്റിന് അപേക്ഷിക്കുന്നവര്‍ക്ക് 2018 ഡിസംബര്‍ 31 ന് കുറഞ്ഞത് 17 വയസ്സ് ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയും നീറ്റ് അപേക്ഷകര്‍ക്ക് നിശ്ചയിച്ചിട്ടുണ്ട്. പക്ഷേ, അത് കണക്കാക്കുന്നത് നീറ്റ് പരീക്ഷാ തീയതി വെച്ചാണ്. 2018 മേയ് 6 ന് അനുവദനീയമായ പരമാവധി പ്രായം 25 വയസ്സാണ്. SC/ST/OBC/PWBD വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവുണ്ട്. സംവരണ ആനുകൂല്യമൊന്നുമില്ലാത്തവര്‍ 7.5.93 നും 1.1.20027 നും ഇടയ്ക്ക് ജനിച്ചവരും SC/ST/OBC/PWBD വിഭാഗക്കാര്‍ 7.5.88 നും 1.1.2002 നും (രണ്ടിലും രണ്ടു തീയതികളും ഉള്‍പ്പെടെ) ഇടയ്ക്ക് ജനിച്ചവരും ആയിരിക്കണം.
? വിദേശത്ത് എം.ബി.ബി.എസ്. പഠിക്കാന്‍ ഇനി NEET യോഗ്യത വേണോ ?
= വേണമെന്നാണ് പ്രോസ്‌പെക്ടസില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ഇപ്രകാരം ഒരു തീരുമാനം കേന്ദ്രആരോഗ്യ കുടുംബക്ഷേമവകുപ്പ് എടുത്തു എന്നാണ് പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കിയിരിക്കുന്നത്. MBBS പഠനത്തിനായി വിദേശത്തേക്കു പോകുന്നവര്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അര്‍ഹതാ സര്‍ട്ടിഫിക്കറ്റ് (എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്) വാങ്ങണമെന്ന് വ്യവസ്ഥയുണ്ട്. NEETല്‍ യോഗ്യത നേടുന്നവര്‍ക്കേ ഇനി മുതല്‍ അര്‍ഹതാസര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ.
? NEET പരീക്ഷയ്ക്കുള്ള അപേക്ഷയില്‍, ഫോട്ടോ അപ്‌ലോഡ്  ചെയ്തപ്പോള്‍ എന്റെ പേരും ഫോട്ടോയെടുത്ത തീയതിയും രേഖപ്പെടുത്താന്‍ വിട്ടുപോയി. അപേക്ഷ സ്വീകരിക്കുമോ
=അപ്‌ലോഡ് ചെയ്ത ഫോട്ടോയും ഒപ്പും സ്വീകാര്യമല്ലെങ്കില്‍, സി.ബി.എസ്.ഇ. അപേക്ഷകനെ, ഇ.മെയില്‍/എസ്.എം.എസ്. വഴി ആ വിവരം അറിയിക്കുന്നാണ്. അതിനാല്‍ നിങ്ങള്‍ അപ്‌ലോഡ് ചെയ്ത ഫോട്ടോ, എന്തെങ്കിലും കാരണത്താല്‍ സി.ബി.എസ്.ഇ.ക്ക് സ്വീകാര്യമല്ലെങ്കില്‍ ആ വിവരം സി.ബി.എസ്.ഇ. നിങ്ങളെ അറിയിക്കും.  അറിയിപ്പ് കിട്ടുമ്പോള്‍ തെറ്റുതിരുത്തി ശരിയായ ഫോട്ടോ അപ്‌ലോഡ് ചെയ്യുക.  അതുപോലെ അപേക്ഷയില്‍ തിരുത്താന്‍ അനുവാദമുള്ള ഏതെങ്കിലും വിവരങ്ങളില്‍ പിശകുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ തിരുത്താനും സി.ബി.എസ്.ഇ. അനുവദിക്കുന്നതാണ്. അപേക്ഷകന്റെ പേജില്‍ മാര്‍ച്ച് 12നും മാര്‍ച്ച് 16നും ഇടയ്ക്ക് അതിനുള്ള സൗകര്യം ലഭ്യമാകുന്നതാണ്. അതും പ്രയോജനപ്പെടുത്തുക.
? NEET അപേക്ഷയില്‍ O.B.C. സംവരണം ചോദിക്കുന്നുണ്ട്. പക്ഷേ, കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ മെഡിക്കല്‍ അപേക്ഷയില്‍ ഒ.ബി.സി. സംവരണത്തെപ്പറ്റി പറയുന്നില്ല. മറിച്ച് SEBC സംവരണമാണ് ചോദിക്കുന്നത്. ഇതിലേതാണ് കേരളത്തില്‍ പരിഗണിക്കുക?
= NEETന്റെ അടിസ്ഥാനത്തില്‍ MCC നടത്തുന്ന, അഖിലേന്ത്യാ ക്വാട്ട അലോട്‌മെന്റില്‍, കേന്ദ്ര സര്‍ക്കാറിന്റെ കീഴിലെ സ്ഥാപനങ്ങളില്‍മാത്രം OBC സംവരണമുണ്ട്. നിങ്ങള്‍ക്ക് അതിന് അര്‍ഹതയുണ്ടെങ്കില്‍ ആ ആനുകൂല്യത്തിന് NEET അപേക്ഷയില്‍ അവകാശവാദമുന്നയിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളെ AIQ അലോട്‌മെന്റില്‍ അതിലേക്ക് പരിഗണിക്കും. കേരളത്തില്‍ പ്രവേശനപരീക്ഷാ കമ്മിഷണര്‍ തയ്യാറാക്കുന്ന മെഡിക്കല്‍റാങ്ക് പട്ടികയുടെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് ക്വാട്ട സീറ്റുകള്‍ അനുവദിക്കുമ്പോള്‍ SEBC സംവരണമാണ് പരിഗണിക്കുക. ഇതിന് നിങ്ങള്‍ക്ക് അര്‍ഹതയുണ്ടാവുകയും ആ അവകാശവാദം സ്ഥാപിക്കാന്‍വേണ്ട രേഖകള്‍ നിങ്ങള്‍ പ്രവേശനപരീക്ഷാ കമ്മിഷണര്‍ക്ക് നല്‍കുകയും ചെയ്തിട്ടുള്ളപക്ഷം, കേരളത്തിലെ അലോട്‌മെന്റ് നടത്തുമ്പോള്‍ നിങ്ങളെ SEBC വിഭാഗത്തിലും പരിഗണിക്കും.
? ഞാന്‍ ജനറല്‍ കാറ്റഗറി വിദ്യാര്‍ഥിയാണ്. എനിക്ക് ബയോളജിയില്‍ 48 ശതമാനം മാര്‍ക്കാണ് പ്ലസ്ടുവിനുള്ളത്. പക്ഷേ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്ന് വിഷയങ്ങള്‍ക്കും കൂടി 55 ശതമാനമുണ്ട്. എനിക്ക് ഓള്‍ ഇന്ത്യ ക്വാട്ടവഴി കേരളത്തില്‍ പ്രവേശനം കിട്ടുമോ?
കേരളത്തിലെ സര്‍വകലാശാലാ വ്യവസ്ഥകള്‍ പ്രകാരം ബയോളജിക്ക് 50 ശതമാനം മാര്‍ക്കുണ്ടെങ്കിലേ എം.ബി.ബി.എസ്. പ്രവേശനത്തിന് അര്‍ഹത ലഭിക്കുകയുള്ളൂ. നീറ്റ് യോഗ്യതാ വ്യവസ്ഥയില്‍ ഈ ഒരു നിബന്ധന ഇല്ലെങ്കിലും അന്തിമമായി നിലനില്‍ക്കുക, വിദ്യാര്‍ഥി ചേരുന്ന സര്‍വകലാശാലയുടെ വ്യവസ്ഥകളായിരിക്കും എന്നാണ് കരുതേണ്ടത്. അങ്ങനെ നോക്കുമ്പോള്‍, AIQ അലോട്ടുമെന്റ് ലഭിച്ചാലും പ്രവേശനത്തിനായി ചെല്ലുമ്പോള്‍ ഈ വ്യവസ്ഥ (50 ശതമാനം മാര്‍ക്ക് ബയോളജിക്കു വേണമെന്നത്) പരിശോധിക്കും. അതില്ലെങ്കില്‍, പ്രവേശനം നിഷേധിച്ചേക്കാം. ആരോഗ്യ സര്‍വകലാശാലയുമായി ബന്ധപ്പെട്ട് ഇതിലൊരു വ്യക്തത വരുത്തുക (അലോട്ടുമെന്റ് നടത്തുമ്പോള്‍ യോഗ്യത പരിശോധിക്കുന്നില്ല എന്ന കാര്യം ഓര്‍ക്കുക).
? നീറ്റ് പരീക്ഷയില്‍ ഓരോ വിഷയത്തിനും പ്രത്യേകം കട്ട്ഓഫ് വാങ്ങണമെന്നുണ്ടോ?
= അങ്ങനെയൊരു വ്യവസ്ഥയില്ല. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്നു വിഭാഗങ്ങളിലെയും ചോദ്യങ്ങള്‍ക്കും കൂടി ലഭിക്കുന്ന മൊത്തം മാര്‍ക്കു പരിഗണിച്ചാണ് യോഗ്യത നിര്‍ണയിക്കുന്നത്.
? ഞാന്‍ നീറ്റ് രണ്ടുതവണ എഴുതി അതിനുമുമ്പ്  AIPMT രണ്ടുതവണ എഴുതി. എനിക്ക് ഈ വര്‍ഷത്തെ നീറ്റ് എഴുതാമോ?
= നീറ്റ് ഇത്ര തവണയേ എഴുതാന്‍ പാടുള്ളൂ എന്നൊരു വ്യവസ്ഥയില്ല. ഉയര്‍ന്ന പ്രായപരിധി, മറ്റു വ്യവസ്ഥകള്‍ എന്നിവയ്ക്കു വിധേയമായി, ഒരാള്‍ക്ക് എത്രതവണ വേണമെങ്കിലും നീറ്റ് അഭിമുഖീകരിക്കാം.
? നീറ്റ് വഴി കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെ മെഡിക്കല്‍കോളേജില്‍ പ്രവേശനം കിട്ടുമോ? ആര്‍ക്കാണ് ഇതിന് അപേക്ഷിക്കേണ്ടത്?
=മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന കൗണ്‍സിലിങ് വഴി കേരളത്തിനു പുറത്തുള്ള മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം കിട്ടാം. ഓള്‍ ഇന്ത്യ ക്വാട്ട, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളജ് (എ.എഫ്.എം.സി.), ഡീംഡ് സര്‍വകലാശാലകള്‍, കേന്ദ്ര സര്‍വകലാശാലകള്‍/സ്ഥാപനങ്ങള്‍ എന്നിവയിലെ കൗണ്‍സലിങ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് നടത്തുന്നത്. കൗണ്‍സലിങ് തുടങ്ങുമ്പോള്‍ അവിടെ ഓപ്ഷന്‍ കൊടുക്കുക.
മറ്റു സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സീറ്റില്‍, അവരുടെ നേറ്റിവിറ്റി വ്യവസ്ഥകള്‍ തൃപ്തിപ്പെടുത്തുന്നവര്‍ക്കേ പൊതുവേ സീറ്റുകള്‍ ഉണ്ടാവുകയുള്ളൂ. എന്നാല്‍, ചില സംസ്ഥാനങ്ങളിലെ സ്വാശ്രയകോളേജുകളില്‍ മാനേജ്‌മെന്റ്/എന്‍.ആര്‍.ഐ. വിഭാഗത്തില്‍ മറ്റു സംസ്ഥാനക്കാര്‍ക്ക് കഴിഞ്ഞവര്‍ഷം പ്രവേശനം നല്‍കിയിരുന്നു. തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ഇങ്ങനെ ചെയ്തിരുന്നു. ആ സീറ്റിലേക്കു പരിഗണിക്കപ്പെടാന്‍ ആ സംസ്ഥാനങ്ങളുടെ വിജ്ഞാപനപ്രകാരം പിന്നീട് അപേക്ഷിക്കേണ്ടിവരും. അത് ശ്രദ്ധിച്ചിരിക്കുക.
sourse Vikaspeedea