മികച്ച തൊഴില്‍ സാധ്യത,സ്‌കോളര്‍ഷിപ്പുകള്‍,സ്റ്റേബാക്ക് ഓപ്ഷനുകള്‍ എന്നിവ മുന്നില്‍ക്കുന്നുണ്ട് കേരളത്തില്‍ നിന്ന് വിദേശവിദ്യാഭ്യാസം തേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുന്നു.
കൊല്ലം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുമ്പോള്‍ വിഷ്ണുപ്രിയയ്ക്ക് ഒരു എന്‍ജിനീയറാകണമെന്നായിരുന്നു ആഗ്രഹം. എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ പക്ഷേ, വിജയിക്കാനായില്ല. ബന്ധുവായ ഒരു അക്കാഡമിക് വിദഗ്ധന്റെ നിര്‍ദേശ പ്രകാരമാണ് സിംഗപ്പൂര്‍ ഗവണ്‍മെന്റിന്റെ പോളിടെക്‌നിക്ക് കോഴ്‌സുകളില്‍ ഒന്നായ റിപ്പബ്‌ളിക്ക് പോളിടെക്‌നിക്ക് കോഴ്‌സിന് അപേക്ഷിച്ചത്. എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താരതമ്യേന എളുപ്പത്തില്‍ എഴുതാന്‍ കഴിയുന്ന പ്രവേശന പരീക്ഷയെഴുതി വിജയിച്ചതിനാല്‍ കോഴ്‌സിന് അഡ്മിഷന്‍ ലഭിച്ചു. നാനോടെക്‌നോളജിയില്‍ മൂന്ന് വര്‍ഷത്തെ ഡിപ്‌ളോമാ പഠനം പൂര്‍ത്തീകരിച്ച വിഷ്ണുപ്രിയ ഇപ്പോള്‍ സിംഗപ്പൂരിലെ ഒരു അമേരിക്കന്‍ കമ്പനിയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന എന്‍ജിനീയറാണ്.
കേരളത്തിലെ സാധാരണ കുടുംബങ്ങളില്‍ നിന്ന് വിദേശ വിദ്യാഭ്യാസം തേടിപ്പോകുന്ന നിരവധി വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മാത്രമാണ് വിഷ്ണുപ്രിയ. പഠനാനന്തരമുളള മികച്ച തൊഴില്‍ സാധ്യത, സ്റ്റേ ബാക്ക് ഓപ്ഷനുകള്‍ എന്നിവ മുന്നില്‍ക്കണ്ട് വിദ്യാഭ്യാസ വായ്പകള്‍ പ്രയോജനപ്പെടുത്തി വിദേശ വിദ്യാഭ്യാസം നേടുന്ന സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെഎണ്ണം വര്‍ധിക്കുകയാണ്. ഇതിനായി സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ പഠനച്ചെലവിനെ പിന്തുണയ്ക്കുന്ന വിദേശസര്‍വകലാശാലകളുടെ വിവിധ സ്‌കോളര്‍ഷിപ്പുകളും പ്രയോജനപ്പെടുത്തുന്നുണ്ട്. ലഭ്യമായ കണക്കുകള്‍ പ്രകാരം 2013ല്‍ മാത്രം 4.64 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് വിദേശ രാജ്യങ്ങളില്‍ പഠനത്തിനെത്തിയത്. 2006ല്‍ ഇത് 1.23 ലക്ഷം മാത്രമായിരുന്നു. മത്സരാധിഷ്ഠിതമായ തൊഴില്‍ മേഖലകളില്‍ പിടിച്ചു നില്‍ക്കാനാവശ്യമായ വൈദഗ്ധ്യവും കാര്യക്ഷമതയുമാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികളെ വിദേശ വിദ്യാഭ്യാസം നേടാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നു.
സാധ്യതകള്‍ ഇങ്ങനെ
സമര്‍ത്ഥരായ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഉപരിപഠന നിലവാരമാണ് വിദേശ സര്‍വകലാശാലകള്‍ വാഗ്ദാനം ചെയ്യുന്നത്. വിപുലമായ സാംസ്‌കാരിക വിനിമയത്തിനൊപ്പം പഠനശേഷം വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമായി തൊഴില്‍ തേടാനും മികവു പുലര്‍ത്താനുമുളള അവസരങ്ങളുണ്ട് . ജര്‍മനി, ഫിന്‍ലന്‍ഡ്, നോര്‍വേ തുടങ്ങിയ രാജ്യങ്ങളില്‍ പൊതുവിദ്യാഭ്യാസം സൗജന്യമാണ് എന്ന സാധ്യതയും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്താം.
''മികച്ച വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനത്തിനായി പോകുന്ന നമ്മുടെ കുട്ടികള്‍ വിഭിന്ന സംസ്‌കാരത്തില്‍പ്പെട്ട പ്രഗല്‍ഭരായ അധ്യാപകരും വിദ്യാര്‍ത്ഥികളുമായി ഇടപെടുന്നു. ഇതവരുടെ കാഴ്ചപ്പാടുകളിലും കാര്യശേഷിയിലും പ്രകടമായ മാറ്റം വരുത്തും. പഠനത്തിലും തൊഴില്‍ മേഖലയിലും മികവ് പുലര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ അവസരങ്ങളുണ്ട്.'' ചോപ്രാസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയുടെ കൊച്ചി ടീം ലീഡറായ സബിത ബി.നായര്‍ പറയുന്നു.
കാനഡയ്ക്ക് പ്രിയമേറെ
പഠനാനന്തരം ജോലിയും സ്ഥിരപൗരത്വവും നേടാനുള്ള സാധ്യത കൂടുതല്‍ ഉള്ളതിനാല്‍ പലരും കാനഡയ്ക്ക് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നുണ്ട്. പഠനനിലവാരത്തില്‍ മുന്‍പന്തിയിലാണെന്നതാണ് യു.എസ്, യു.കെ തുടങ്ങിയ രാജ്യങ്ങളുടെ ആകര്‍ഷണം. ഇന്ത്യയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ വേണ്ടി വരുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ചൈന, ബള്‍ഗേറിയ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മെഡിക്കല്‍ ബിരുദമെടുക്കാന്‍ കഴിയുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി ഈ രാജ്യങ്ങളും തെരഞ്ഞെടുക്കുന്നുണ്ട്. പക്ഷെ, പ്രവേശനം നേടുന്നതിന് മുന്‍പ് പഠനത്തിനായി തെരഞ്ഞെടുക്കുന്ന യൂണിവേഴ്‌സിറ്റികളുടെയും സ്ഥാപനങ്ങളുടെയും അംഗീകാരം ഉറപ്പുവരുത്തണം. എന്‍ജിനീയറിംഗ് പഠനത്തിലും സ്ഥിതി വ്യത്യസ്തമല്ല. വികസിത രാജ്യങ്ങളില്‍ നിന്ന് നേടിയ എന്‍ജിനീയറിംഗ് പഠനത്തിന് രാജ്യാന്തര തലത്തില്‍ മികച്ച സ്വീകാര്യതയുണ്ട് പെട്രോളിയം, ഓയ്ല്‍ ആന്‍ഡ് ഗ്യാസ്, കെമിക്കല്‍, എന്‍വയണ്‍മെന്റല്‍, മൈനിങ്, മെക്കാട്രാണിക്‌സ് തുടങ്ങിയ മേഖലകളിലെ എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ ഉദാഹരണം. യു.എസ്, യു.കെ, ജര്‍മനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടെയുളളതും ഗവേഷണ സാധ്യതകള്‍ഉള്‍ക്കൊളളുന്നതുമായ എന്‍ജിനീയറിംഗ് പഠനമാണ് മികച്ച വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.പുതിയ ബിസിനസ് സ്ട്രാറ്റജികള്‍ മനസിലാക്കുന്നതിനൊപ്പം ലോകത്താകമാനം പരന്നു കടക്കുന്ന ബിസിനസ് നെറ്റ്‌വര്‍ക്ക് അറിയാനും സാധിക്കുമെന്നതാണ് വിദേശത്തെ ബിസിനസ് മാനേജ്‌മെന്റ് പഠനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നത്. ഇന്ത്യയില്‍ രണ്ടു വർഷം കൊണ്ട് നേടിയെടുക്കാനാവുന്ന മാസ്റ്റേഴ്‌സ് ഡിഗ്രി കൂടുതല്‍ ഉയര്‍ന്ന നിലവാരത്തില്‍ ഒരു വര്‍ഷം കൊണ്ട് നേടിയെടുക്കാനാകുമെന്നതാണ് പ്രധാന നേട്ടം. എന്നാല്‍ കോഴ്‌സുകളുടെ അംഗീകാരവും സ്ഥാപനത്തിന്റെ നിലവാരവും പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്
പാര്‍ട്ട് ടൈം, സ്റ്റേ ബാക്ക് അവസരങ്ങള്‍
വിദേശരാജ്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാലത്ത് തൊഴില്‍ ചെയ്യാനുളള അനുമതിയുണ്ട്. ജോലിയനുസരിച്ച് 6.5 ഡോളര്‍ മുതല്‍ മണിക്കൂറിന് പ്രതിഫലം ലഭിക്കും. സാധാരണയായി ആഴ്ചയില്‍ ഇരുപത് മണിക്കൂറും അവധിക്കാലത്ത് 40 മണിക്കൂറും ജോലിചെയ്യാനാണ് അനുവാദമുളളത്. എന്നാല്‍ യു.കെയില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഇതു ബാധകം. ജര്‍മനിയില്‍ വര്‍ഷത്തില്‍ 240 ദിവസം പാര്‍ട്ട് ടൈമായും 120 ദിവസം ഫുള്‍ടൈമായും ജോലി ചെയ്യാനാകും.
ഓരോ രാജ്യങ്ങളിലെ നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി ഇതില്‍ മാറ്റം വരാം. ഓസ്‌ട്രേലിയയില്‍ 2 വര്‍ഷത്തേക്കുളള മാസ്‌റ്റേഴ്‌സ് ബൈകോഴ്‌സിന് പഠിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷവും പിഎച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്ക് 4 വര്‍ഷവും സ്റ്റേബാക്ക് അനുവദിക്കും. കാനഡയില്‍ രണ്ട് വര്‍ഷത്തെ പഠനത്തിന് 3 വര്‍ഷവും രണ്ട് വര്‍ഷത്തില്‍ താഴെയുളള പഠനത്തിന് അതിന് ആനുപാതികമായും സ്റ്റേബാക്ക് അനുവദിക്കും. എന്നാല്‍ യു.കെയില്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് പെര്‍മിറ്റ് 2011 മുതല്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോള്‍ 12 മാസത്തെ സ്്റ്റേബാക്ക് അവസരമാണുളളത്. യു.എസ് വിദ്യാര്‍ത്ഥികള്‍ക്ക് 18 മാസത്തെ ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയ്‌നിംഗ് അനുവദിക്കുന്നുണ്ട്.
സ്കോളർഷിപ്പുകളും വിദ്യാഭ്യാസ വായ്പയും
വിദ്യാഭ്യാസ വായ്പകളെ കൂടാതെ, ലക്ഷങ്ങള്‍ ചെലവു വരുന്ന വിദേശപഠനത്തിന് സാമ്പത്തിക സഹായം നേടാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നത് വിവിധസ്‌കോളര്‍ഷിപ്പുകളും ഗ്രാന്റുകളും ഫെലോഷിപ്പുകളുമാണ്. യു.കെ, ജര്‍മനി, കാനഡ,സ്വീഡന്‍, നോര്‍വേ തുടങ്ങിയ രാജ്യങ്ങളെല്ലാം വിദ്യാര്‍ത്ഥികളുടെ മികവ്, യോഗ്യത എന്നിവ അടിസ്ഥാനമാക്കിയാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. ട്യൂഷന്‍ ഫീ, ജീവിതച്ചെലവ്, വിമാനയാത്രാച്ചെലവ്, താമസച്ചെലവ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇത്തരം സ്‌കോളര്‍ഷിപ്പുകളെല്ലാം തന്നെ ഭാഗികമായോ, പൂര്‍ണമായോ പഠനച്ചെലവിനെ പിന്തുണയ്ക്കുന്നതാണ്. ഡോ. മന്‍മോഹന്‍ സിംഗ് സ്‌കോളര്‍ഷിപ്പാണ് ഒരു ഉദാഹരണം. ഇന്ത്യ ഫൌണ്ടേഷൻ സ്‌കോളര്‍ഷിപ്പ്, ഐ.റ്റി.സി സ്‌കോളര്‍ഷിപ്പ്, ദ ഒാക്‌സ്ഫോര്‍ഡ് ആന്‍ഡ് കേംബ്രിജ് സൊസൈറ്റി ഓഫ് ഇന്ത്യ സ്‌കോളര്‍ഷിപ്പ്, ശ്രീ ഗുരു ഗോബിന്ദ്‌സിങ് ഫെലോഷിപ്പ് എന്നിവയും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്താം. അതതു രാജ്യങ്ങളിലെ സ്‌കോളര്‍ഷിപ്പ് വിവരങ്ങള്‍ അറിയാനും കോഴ്‌സുകള്‍ തെരെഞ്ഞടുക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ്, ഇമിഗ്രേഷന്‍ വെബ്‌സൈറ്റ്, അംഗീകൃത ഏജന്‍സികള്‍ എന്നിവയെ ആശ്രയിക്കാം. പൊതുവെ ചെലവേറിയതായി കണക്കാക്കപ്പെടുന്ന വിദേശ വിദ്യാഭ്യാസത്തിന് ഒരുവര്‍ഷം 10 മുതല്‍ 20 ലക്ഷം വരെ ചെലവു പ്രതീക്ഷിക്കാം. തെരഞ്ഞടുക്കുന്ന രാജ്യങ്ങളിലെ ജീവിതച്ചെലവുകള്‍ക്കും വിവിധ കോഴ്‌സുകള്‍ക്കും അനുസൃതമായി ഇതില്‍ മാറ്റം വരും. 20 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ വിദേശ പഠനത്തിന് ഇപ്പോള്‍ ബാങ്കുകള്‍ ലോണനുവദിക്കുന്നുണ്ട്. പഠനശേഷം ഒരു വര്‍ഷത്തിനു ശേഷമോ അല്ലെങ്കില്‍ ജോലി ലഭിച്ച് ആറു മാസത്തിനു ശേഷമോ ആണ് തിരിച്ചടവ് തുടങ്ങേണ്ടത് . പൊതുവേ അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. വിദേശ സര്‍വകലാശാലകള്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ക്കൊപ്പം മികച്ചരീതിയില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനും തൊഴില്‍ തേടാനും സന്നദ്ധതയുണ്ടെങ്കിൽ വിദേശരാജ്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അവസരങ്ങളാണുളളത്.
കടപ്പാട് :http://www.dhanamonline.com/