പഠനസാധ്യതാ വിഭാഗങ്ങള്‍ - 03
പഠന വിഭാഗങ്ങള്‍ - 3
എളുപ്പത്തില്‍ തൊഴിലിന് ഡാറ്റ എന്‍ട്രി പഠിക്കാം
ടെക്നിക്കല്‍ റൈറ്റിംഗ്:അറിയേണ്ടതെല്ലാം
കലയും കഴിവും ചേര്‍ന്ന് ഇന്റീരിയര്‍ ഡിസൈനിങ്
സാങ്കേതികമികവ് നേടി തൊഴില്‍
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്,കമ്പനി സെക്രട്ടറി
കോള്‍ സെന്ററുകളില്‍ ജോലി നേടാന്‍

പുതിയ കാലത്ത് തൊഴില്‍ കിട്ടുകയെന്നത് അത്ര എളുപ്പമല്ല എന്നത് എല്ലാവര്‍ക്കുമറിയാം. ഏത് തൊഴില്‍മേഖലയിലേക്ക് കടക്കണമെങ്കിലും അതിന് വേണ്ട കോഴ്സുകള്‍ പൂര്‍ത്തിയാക്കിയിരിക്കണം. കോഴ്സ് മികച്ച മാര്‍ക്കോടെ ജയിച്ചാലും പോരാ, ആ രംഗത്ത് പ്രവൃത്തിപരിചയം കൂടിയുണ്ടെങ്കിലേ നല്ല ജോലി കൈയില്‍വരൂ. എവിടെയെങ്കിലും ഒന്ന് കയറിക്കൂടാന്‍ പറ്റിയാലല്ലേ പ്രവൃത്തിപരിചയമുണ്ടാകൂ. ബി.ടെക്കും എം.ടെക്കും കഴിഞ്ഞ് തേരാപ്പാര നടക്കുന്നവര്‍ എത്രയോയുണ്ട് നമ്മുടെ നാട്ടില്‍. ഇഷ്ടമുള്ള ജോലി തന്നെ കിട്ടിയാലേ ചെയ്യൂ എന്ന് വാശിയുള്ളവരാണ് ഇങ്ങനെ തൊഴില്‍രഹിതരായി അലയുന്നവരില്‍ ഏറെയും.
പ്രൊഫഷനല്‍ യോഗ്യതയുള്ളവര്‍ പോലും തൊഴിലില്ലാതെ നരകിക്കുന്ന നമ്മുടെ നാട്ടില്‍ പത്ത് പാസായവനും പ്ലസ്ടു തോറ്റവനുമൊക്കെ എന്ത് ജോലി കിട്ടാന്‍? പണിയെടുക്കാനുള്ള മനസുണ്ടെങ്കില്‍ വിദ്യാഭ്യാസം അല്പം കുറഞ്ഞവര്‍ക്ക് പോലും കൊള്ളാവുന്ന ജോലി കിട്ടുമെന്നതാണ് സത്യം. കൂലിപ്പണിയല്ല ഓഫീസ് ജോലി തന്നെ ഇവര്‍ക്ക് സ്വന്തമാക്കാനാവും. അക്കൂട്ടത്തില്‍ പെട്ടൊരു ജോലിയാണ് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടേത്.
എന്താണീ ഡാറ്റ എന്‍ട്രി
പേര് സൂചിപ്പിക്കുന്നത് പോലെ കമ്പ്യൂട്ടറൈസ്ഡ് ഡാറ്റ ബേസിലേക്കോ സ്പ്രെഡ് ഷീറ്റിലേക്കോ ഡാറ്റ എന്റര്‍ ചെയ്യുന്നതിനെയാണ് ഡാറ്റ എന്‍ട്രി എന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള ജോലി നിര്‍വഹിക്കുന്നവര്‍ക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നാണ് പേര്. കൈ കൊണ്ടെഴുതപ്പെട്ട പല തരത്തിലുളള വിവരങ്ങള്‍ കമ്പ്യൂട്ടര്‍ ഫയല്‍ രൂപത്തിലേക്ക് മാറ്റി പിന്നീടുപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ ശേഖരിച്ചുവെക്കുകയാണ് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ചുമതല. വിവരങ്ങള്‍ പല തരത്തിലുള്ളതാകാം. ചിലപ്പോഴത് കണക്കുകളാകാം, അല്ലെങ്കില്‍ ടെലിഫോണ്‍ നമ്പറുകള്‍, അല്ലെങ്കില്‍ കത്തുകളോ ലേഖനങ്ങളോ ആകാം. എന്ത് തരത്തിലുള്ള വിവരങ്ങളായാലും അത് ശ്രദ്ധയോടെ വായിച്ചു മനസിലാക്കി തെറ്റുകൂടാതെ കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്തുകയറ്റുകയാണ് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ജോലി. ടൈപ്പിസ്റ്റ്, ഡാറ്റ എന്‍ട്രി കീയര്‍, ഇന്‍ഫര്‍മേഷന്‍ പ്രൊസസ് വര്‍ക്കര്‍ എന്നീ പേരുകളിലും ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ അറിയപ്പെടുന്നു.
തുടക്കക്കാര്‍ക്ക് പറ്റിയ ജോലി
പത്താം ക്ലാസോ പ്ലസ്ടുവോ പൂര്‍ത്തിയാക്കിയശേഷം ഉടനൊരു ജോലി വേണമെന്നുളളവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ മേഖലയാണ് ഡാറ്റ എന്‍ട്രി. നാട്ടിന്‍പുറത്തുള്ള ഡി.ടി.പി. സെന്ററുകള്‍ തൊട്ട് മഹാനഗരങ്ങളിലെ സോഫ്റ്റ്വേര്‍ കമ്പനികളില്‍ വരെ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ജോലി സാധ്യതയുണ്ട്. ഈ രംഗത്തേക്ക് പ്രവേശിക്കാന്‍ വലിയൊരു ബുദ്ധിസാമര്‍ഥ്യമോ വിദ്യാഭ്യാസയോഗ്യതയോ ഒന്നും ആവശ്യമില്ല. മറ്റ് കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കോ വീട്ടമ്മമാര്‍ക്കോ പാര്‍ട്ടൈം ആയി പോലും ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ജോലി ചെയ്യാവുന്നതാണ്. ചില സ്ഥാപനങ്ങള്‍ മൈക്രോസോഫ്റ്റ് ഓഫീസ് പോലുള്ള സോഫ്റ്റ്വെയര് പ്രോഗ്രാമുകളില്‍ പ്രാവീണ്യമുള്ളവരെയാണ് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരായി റിക്രൂട്ട് ചെയ്യുക. എന്നാല്‍ ഒട്ടുമിക്ക സ്ഥാപനങ്ങളും കമ്പ്യൂട്ടര്‍ പ്രവൃത്തിപരിചയമില്ലാത്തവരെപ്പോലും ട്രെയിനി ഡാറ്റ എന്‍ട്രി ഓപ്പറ്റേറര്മാരായി നിയമിക്കാറുണ്ട്. തുടക്കക്കാര്‍ക്ക് പോലും തെറ്റില്ലാത്ത ശമ്പളം കിട്ടുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതേ ജോലിയില്‍ തന്നെ തുടരേണ്ട കാര്യമില്ല. പ്രവൃത്തിപരിചയമാകുമ്പോള് ഡാറ്റ എന്‍ട്രിയുടെയും ഡാറ്റ പ്രൊസസിങിന്റെയും ഉയര്‍ന്ന മേഖലകളിലേക്ക് ഇവര്‍ക്ക് മാറാനുള്ള അവസരം ലഭിക്കും.
കൈയില്‍ വേണ്ടതെന്തെല്ലാം
പൂര്‍ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിത തൊഴിലായതിനാല്‍ കമ്പ്യൂട്ടറിലുള്ള അടിസ്ഥാന പ്രവൃത്തിപരിചയവും കമ്പ്യൂട്ടറിലെ പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള സന്നദ്ധയുമുള്ളവര്ക്കേ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരാകാന്‍ സാധിക്കൂ. തെറ്റ് കൂടാതെ ടൈപ്പ് ചെയ്യാനുള്ള കഴിവ്, കീബോര്‍ഡ് വേഗം, മുന്നിലെത്തുന്ന വിവരങ്ങള്‍ പെട്ടെന്ന് വായിച്ചു മനസിലാക്കാനുളള ശേഷി എന്നിവയും ഇക്കൂട്ടര്‍ക്ക് അത്യാവശ്യം. മൈക്രോസോഫ്റ്റ് പ്രോഗ്രാമുകളായ വേര്‍ഡ്, എക്സെല്‍, പവര്‍പോയിന്റ് എന്നിവയിലുളള അടിസ്ഥാന അറിവും നേടിയിരിക്കണം. ഇംഗ്ലീഷ് സ്പെല്ലിങ്, ഗ്രാമര്‍, പങ്ച്വേഷന്‍ എന്നിവയിലൊക്കെ ധാരാണയുള്ളയാള്ക്ക് നല്ല ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി പെട്ടെന്ന് പേരെടുക്കാം. ഇംഗ്ലീഷ് അറിയാത്തവരും വിഷമിക്കേണ്ട കാര്യമില്ല. മലയാളമടക്കമുള്ള പ്രാദേശികഭാഷകളിലും ധാരാളം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ ഒഴിവുണ്ട്. അറബി,ഹിന്ദി തുടങ്ങിയ ഭാഷകള്‍ ടൈപ്പ് ചെയ്യാനറിയാവുന്ന ഓപ്പറേറ്റര്‍മാരെ പറയുന്ന തുക ശമ്പളം നല്കി കൊണ്ടുപോകാന്‍ ഡി.ടി.പി. സെന്ററുകള്‍ എപ്പോഴും തയ്യാറാണ്.
ഒറ്റയ്ക്കോ ഒരു ടീമിന്റെ ഭാഗമായോ ചെയ്യേണ്ട ജോലിയാണ് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടേത്. ഏല്‍പ്പിച്ച പ്രോജക്ടുകള്‍ തീര്‍ക്കാനായി ചിലപ്പോള്‍ ഓഫീസ് സമയം കഴിഞ്ഞോ രാത്രി വൈകിയോ ഇവര്‍ക്ക് ജോലി ചെയ്യേണ്ടിവരും. കിട്ടുന്ന മാറ്ററുകള്‍ വേഗത്തില്‍ ടൈപ്പ് ചെയ്ത് തീര്‍ത്താല്‍ പോരാ, ടൈപ്പ് ചെയ്യുന്ന മാറ്ററില്‍ തെറ്റ് തീരെ കുറവാണ് എന്ന് ഉറപ്പുവരുത്തേണ്ടതും ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ കടമയാണ്. ടൈപ്പിങിന് പുറമെ ഓഫീസിലെ അടിസ്ഥാന സേവന ഉപകരണങ്ങളായ സ്കാനറുകള്‍, കോപ്പിയറുകള്‍, പ്രിന്ററുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാനുള്ള അറിവും ഇവര്‍ക്ക് വേണം.
എന്ത് പഠിക്കണം?
പ്രത്യേകിച്ചൊരു കോഴ്സോ യോഗ്യതയോ വേണമെന്നില്ല ഡാറ്റ എന്‍ട്രി ഓപ്പറേറ്ററാകാന്‍. അതുകൊണ്ടുതന്നെ ഇതിന് വേണ്ടി മാത്രമായി ഒരു സ്ഥാപനവും കോഴ്സുകള്‍ നടത്തുന്നുമില്ല. പത്താം ക്ലാസ് അല്ലെങ്കില്‍ പ്ലസ്ടു യോഗ്യതയുള്ള ആര്‍ക്കും ഡാറ്റ എന്‍ട്രി ഓപ്പറേറ്ററാകാം. ടൈപ്പിങ് വേഗമാണ് അത്യാവശ്യം വേണ്ട യോഗ്യത. അതിനായി ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ചേര്‍ന്ന് അല്പകാലം ടൈപ്പിങ് പഠിക്കാം. വീട്ടില്‍ കമ്പ്യൂട്ടറുള്ളവര്‍ അതില്‍ ടൈപ്പിങ് പരിശീലിച്ചാലും മതി.
ചില സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കാര്‍, സ്വകാര്യ ഐ.ടിഐകളും ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നുണ്ട്. ടൈപ്പിങിനൊപ്പം എം.എസ്., ഓഫീസ്, ഓപ്പറേറ്റിങ് സിസ്റ്റം, നെറ്റ്വര്‍ക്കിങിന്റെയും ഹാര്‍ഡ്വേറിന്റെയും അടിസ്ഥാന കാര്യങ്ങള്‍, പേജ്മേക്കര്‍, ഇന്റര്‍നെറ്റ് ഉപയോഗം എന്നിവയും ഈ കോഴ്സില്‍ പഠിപ്പിക്കുന്നുണ്ട്. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും ചില ഐ.ടി.ഐകളിലും പഠിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (സി.ഒ.പി.എ.) കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരായി പെട്ടെന്ന് ജോലി കിട്ടുന്നുണ്ട്. ചില സ്വകാര്യ ഐ.ടി.ഐകളില്‍ ആറുമാസത്തെ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സും നടത്തുന്നു. സര്‍ക്കാര്‍ വകുപ്പുകളിലേക്കും പൊതുമേഖലാസ്ഥാപനങ്ങളിലേക്കും ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവുകളില്‍ അപേക്ഷ ക്ഷണിക്കുമ്പോള്‍ സി.ഒ.പി.ഒ. യോഗ്യത നിഷ്കര്‍ഷിക്കാറുണ്ട്. ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി നല്ല സ്ഥാപനങ്ങളില്‍ ജോലി ലഭിക്കണമെങ്കില്‍ പ്ലസ്ടുവിന് ശേഷം ഏതെങ്കിലും ഐ.ടി.ഐകളില്‍ ചേര്‍ന്ന് ഇത്തരത്തിലുളള കോഴ്സ് ചെയ്യുന്നതാണ് നല്ലത്. സര്‍ക്കാര്‍ വകുപ്പുകളില്‍ മിക്കതിലേക്കും ഇപ്പോഴും ടൈപ്പിങ് തസ്തികയിലേക്ക് തന്നെയാണ് അപേക്ഷ ക്ഷണിക്കുന്നത്. അപൂര്‍വം ചില വകുപ്പുകളില്‍ മാത്രമേ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയുള്ളൂ. ടൈപ്പിസ്റ്റായി ജോലിക്ക് ചേരുന്നവരും ചെയ്യേണ്ടി വരുക ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടേത് തന്നെയാണ്. എന്നിരുന്നാലും ടൈപ്പിങ് ലോവര്‍ പരീക്ഷ പാസായവര്‍ക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാകൂ. അതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ ഏതെങ്കിലും ടൈപ്പ്റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് ടൈപ്പിങില്‍ പ്രായോഗിക പരിശീലനം നടത്തി ഇതുസംബന്ധിച്ച യോഗ്യതാപരീക്ഷ പാസാകണം.
എല്ലാവര്ക്കും തൊഴിലുറപ്പ്
ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ സഹായമില്ലാതെ ഒരു സ്ഥാപനത്തിനും മുന്നോട്ടുപോകാനാകില്ല എന്ന അവസ്ഥയാണിപ്പോള്‍. ചെറിയൊരു സൂപ്പര്‍മാര്‍ക്കറ്റ് തൊട്ട് വന്‍കിട കോര്‍പ്പറേറ്റ് ഓഫീസുകളില്‍ വരെ ഡാറ്റ എന്‍ട്രി ഓപ്പറ്റേറുടെ സേവനം അത്യാവശ്യമാണ്. ബാങ്കിങ്, ഇന്‍ഷുറന്‍സ്, മാര്‍ക്കറ്റിങ്, അക്കൗണ്ടിങ്, ഹ്യുമന്‍ റിസോഴ്സസ്, ഹെല്‍ത്ത്കെയര്‍… ഈ മേഖലകളിലൊക്കെയായി ആയിരക്കണക്കിന് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ ജോലി ചെയ്യുന്നു. ഇന്‍ഷുറന്‍സ് രംഗത്തെ പഴയ രേഖകളെല്ലാം കമ്പ്യൂട്ടറിലേക്ക് കയറ്റുന്നതിനുള്ള വന്‍പദ്ധതികള്‍ കമ്പനികള്‍ നടത്തിവരികയാണ്. പഴയകാലത്തെ ബാങ്കിടപാടുകളും ഇതുപോലെ ഡിജിറ്റലൈസ് ചെയ്യാനായി പൊതുമേഖലാബാങ്കുകള്‍ നടപടിയാരംഭിച്ചുകഴിഞ്ഞു. ഇവയുടെയെല്ലാം കരാറുകള്‍ വന്‍ തുകയ്ക്ക് വലിയ കമ്പനികളാണ് ഏറ്റെടുത്തിട്ടുള്ളത്. നൂറുകണക്കിന് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെക്കൊണ്ട് രാവും പകലും ജോലി ചെയ്യിച്ചാണ് കമ്പനികള്‍ ഈ ലക്ഷ്യം സാധിക്കുന്നത്. അതുകൊണ്ട് തന്നെ പരിചയസമ്പന്നരായ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ എത്രവേണമെങ്കിലും റിക്രൂട്ട് ചെയ്യാന്‍ ഈ കമ്പനികളൊക്കെ തയ്യാറുമാണ്. വിദേശത്തുനിന്നുള്ള ഡാറ്റ എന്‍ട്രി കരാറുകളും ഈ കമ്പനികള്‍ക്ക് ലഭിക്കുന്നു. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങള്‍ക്കൊപ്പം നമ്മുടെ കൊച്ചിയിലും ഇതുപോലുള്ള വലിയ ഡാറ്റ എന്‍ട്രി കരാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഡല്‍ഹിയിലെ വാനി ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ്, ഇന്റര്‍നാഷനല്‍ ഡാറ്റ എന്‍ട്രി സര്‍വീസസ്, ബാംഗ്ലൂരിലെ സ്റ്റൈലസ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്റര്‍കോം ഇന്ത്യ, ഹൈദരാബാദിലെ റണ്എവേര് സോഫറ്റ്വേര്‍ പ്രൈവറ്റ് ലിമിറ്റഡ്, പോളാരിസ് സോഫ്റ്റ്വേര്‍ ലാബ്സ് എന്നിവയാണ് വര്‍ഷാവര്‍ഷം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ ജോലിക്കെടുക്കുന്ന വമ്പന്‍ കമ്പനികള്‍.
തുടക്കാര്‍ക്ക് ഏഴായിരം മുതല്‍ പന്ത്രണ്ടായിരം വരെയാണ് ഈ കമ്പനികള്‍ നല്കുന്ന ശമ്പളം. പരിചയസമ്പന്നത കൂടുന്നതനുസരിച്ച് ശമ്പളവും കൂടും.
വീട്ടിലിരുന്ന ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ചെയ്തുകൊടുക്കാന്‍ സൗകര്യം തരുന്ന കമ്പനികളുമുണ്ട്.’വീട്ടിലിരുന്ന് പണം സമ്പാദിക്കാം’ എന്ന് പത്രങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ക്ക് പിന്നില്‍ ഇത്തരം ഡാറ്റ എന്‍ട്രി സ്ഥാപനങ്ങളാണ്. ഇങ്ങനെ കരാര്‍ എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഡാറ്റ എന്‍ട്രി കരാര്‍ നല്‍കാമെന്ന് പറഞ്ഞ് വന്‍തുക രജിസ്ട്രേഷന് ഫീസ് വാങ്ങി മുങ്ങുന്ന ചില കമ്പനികളെക്കുറിച്ച് പത്രവാര്‍ത്തകള്‍ വന്നിരുന്നു. അതുകൊണ്ട് ഏതെങ്കിലും കമ്പനിയുമായി കരാര്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ആ സ്ഥാപനത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്തണം.
റസല്‍
ടെക്നിക്കല്‍ റൈറ്റിംഗ്:അറിയേണ്ടതെല്ലാം
മൊബൈല്‍ ഫോണ്‍ തൊട്ട് എയര്‍ കണ്ടീഷനര്‍ വരെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ അതിനൊപ്പം ചില ലഘുലേഖകള്‍ കൂടി കിട്ടാറില്ലേ? ‘കാറ്റലോഗ്’ എന്ന ഓമനപ്പേരുള്ള യൂസര്‍ മാന്വല്‍ ആണത്. ഗൃഹോപകരണങ്ങള്‍ക്കൊപ്പം മാത്രമല്ല ബൈക്കിനും കാറിനും കളിപ്പാട്ടങ്ങള്‍ക്കും കമ്പ്യൂട്ടര്‍ സോഫ്റ്റ്വേറുകള്‍ക്കും ചില മരുന്നുകള്‍ക്കൊപ്പം വരെ യൂസര്‍ മാന്വല്‍ ലഭിക്കുന്നുണ്ട്. ഉത്പന്നം എങ്ങനെ ഉപയോഗിക്കണമെന്നും അതിനുണ്ടാകുന്ന ചെറുതകരാറുകള്‍ എങ്ങനെ പരിഹരിക്കണമെന്നുമൊക്കെ ചിത്രങ്ങളുടെ സഹായത്തോടെ തെളിമയുളള ഇംഗ്ലീഷില്‍ വിശദീകരിക്കുന്നു യൂസര്‍ മാന്വലുകള്‍. ഫോട്ടോഷോപ്പ് പോലുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുടെ യൂസര്‍ മാന്വല്‍ പല ഭാഗങ്ങളിലായി വിഭജിച്ച് അത്തരം പ്രോഗ്രാമുകള്‍ക്കൊപ്പം തന്നെ ഉള്ക്കൊള്ളെിച്ചിട്ടുണ്ട്. കൊച്ചുകുട്ടികള്‍ക്ക് പോലും വായിച്ചു മനസിലാക്കാന്‍ കഴിയുന്നത്ര എളുപ്പമുളള രചനാശൈലിയാണ് യൂസര്‍ മാന്വലുകളുടെ പ്രത്യേകത. ഇംഗ്ലീഷിലാണ് തൊണ്ണൂറു ശതമാനം യൂസര്‍ മാന്വലുകളും തയ്യാറാക്കുകയെങ്കിലും അടുത്തകാലത്തായി മലയാളം അടക്കമുളള പ്രാദേശികഭാഷകളിലും യൂസര്‍ മാന്വലിറക്കാന് കമ്പനികള്‍ ശ്രമിക്കുന്നു.
എന്താണീ ടെക്നിക്കല്‍ റൈറ്റിങ്
ഈ യൂസര്‍ മാന്വലുകളെല്ലാം ആരാണ് കുത്തിയിരുന്ന് എഴുതിത്തയ്യാറാക്കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആ വഴിക്ക് കൂടുതലായി ചിന്തിക്കുകയും അന്വേഷിക്കുകയും ചെയ്താല്‍ ടെക്നിക്കല്‍ റൈറ്റിങ് എന്ന കരിയര്‍ സാധ്യതയെക്കുറിച്ച് മനസിലാകും. ടെക്നിക്കല്‍ റൈറ്റര്‍മാര്‍ എന്നൊരു പ്രത്യേക വിഭാഗം എഴുത്തുകാരാണ് ഈ യൂസര്‍ മാന്വലുകള്‍ എഴുതിയുണ്ടാക്കുന്നത്. സാങ്കേതികജ്ഞാനം തീരെയില്ലാത്ത സാധാരണക്കാര്‍ക്ക് പോലും സാങ്കേതികകാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുക എന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നവരാണവര്‍.
യൂസര്‍ മാന്വലുകള്‍ എഴുതിയുണ്ടാക്കുക മാത്രമല്ല ടെക്നിക്കല്‍ റൈറ്ററുടെ ജോലി. പ്രോജക്ട് റിപ്പോര്‍ട്ടുകള്‍, ഇന്സ്ട്രക്ഷന് ആന്‍ഡ് ഇന്സ്റ്റലേഷന് ഗൈഡുകള്‍, ഗ്രാഫിക്കല്‍ പ്രസന്റേഷനുകള്‍, ബ്രോഷറുകള്‍ എന്നിവയെല്ലാം തയ്യാറാക്കേണ്ടത് ടെക്നിക്കല്‍ റൈറ്ററുടെ ജോലിയാണ്. തങ്ങളുടെ ഉത്പന്നങ്ങളുടെ ഉപയോഗക്രമം ഉപയോക്താക്കളിലേക്കെത്തിക്കാന്‍ എല്ലാ കമ്പനികള്‍ക്കും ടെക്നിക്കല്‍ റൈറ്ററുടെ സഹായം കൂടിയേ തീരൂ. ഓരോ ഉത്പന്നത്തിന്റെയും സാങ്കേതിക വിശദാംശങ്ങളും അതിന്റെ ചെറുഘടകങ്ങളുടെ പ്രവര്‍ത്തനങ്ങളും അറിഞ്ഞിരുന്നാല്‍ മാത്രമേ ടെക്നിക്കല്‍ റൈറ്റര്‍ക്ക് അക്കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വിശദീകരിച്ചുകൊടുക്കാനാവൂ. അതുകൊണ്ട് ഉത്പന്നങ്ങളുടെ നിര്‍മാണഘട്ടം തൊട്ട് ടെക്നിക്കല്‍ റൈറ്ററുടെ ശ്രദ്ധ പതിയണം. പല സോഫ്റ്റ്വേര്‍ കമ്പനികളും പ്രോഗ്രാമുകള്‍ നിര്‍മിക്കാനായി രൂപവത്കരിക്കുന്ന ടീമുകളില്‍ ഒരു ടെക്നിക്കല്‍ റൈറ്ററുമുണ്ടാകും. പ്രോഗ്രാമുകളുടെ ഓരോ നിര്‍മാണ ഘട്ടം പൂര്‍ത്തിയാകുമ്പോഴും അതിന്റെ വിശദാംശങ്ങളും ഉപയോഗരീതികളും ടെക്നിക്കല്‍ റൈറ്റര്‍ എഴുതിവെക്കും. അങ്ങനെ പ്രോഗ്രാമിന്റെ നിര്‍മാണം പൂര്‍ണമായി കഴിയുമ്പോള്‍ യൂസര്‍ മാന്വലിന്റെ രചനയും പൂര്‍ത്തിയാകും.
കൈയില്‍ വേണ്ടത്
എല്ലാ എഴുത്തുകാര്‍ക്കും രചനാപാടവം വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ നല്ലൊരു ടെക്നിക്കല്‍ റൈറ്ററാകാന്‍ രചനാപാടവം മാത്രം പോരാ. അതീവദുര്ഗ്രഹമായ സാങ്കേതികവസ്തുതകള്‍ സാധാരണക്കാരന് പോലും മനസിലാകുന്ന രീതിയില്‍ എഴുതേണ്ട ജോലിയാണ് ടെക്നിക്കല്‍ റൈറ്ററുടേത്. ഇംഗ്ലീഷ് നന്നായി എഴുതാനും സംസാരിക്കാനുമറിയേണ്ടത് ഏറ്റവും അത്യാവശ്യമാണ്. നല്ല ആശയവിനിമയശേഷിയും ഗവേഷണത്തിലുളള താത്പര്യവും ഇവര്‍ക്ക് േവണം. പുതിയൊരു ഉത്പന്നത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിക്കാനായി ധാരാളം പുസ്തകങ്ങളെയും ഇന്റര്‍നെറ്റിനെയും ആശ്രയിക്കേണ്ടിവരും. ആ ഉത്പന്നത്തിന്റെ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ച എഞ്ചിനിയര്‍മാരുമായും മറ്റ് സാങ്കേതികവിദഗ്ധന്മാരുമായും അഭിമുഖസംഭാഷണം നടത്തേണ്ടിവരും. അതിനൊക്കെ വേണ്ടി ധാരാളം യാത്രകളും നടത്തേണ്ടതുണ്ട്. എഞ്ചിനിയര്മാരുള്പ്പെടുന്ന വിദഗ്ധജോലിക്കാരുടെ ടീമിലാണ് ടെക്നിക്കല്‍ റൈറ്റര്‍ ജോലി ചെയ്യേണ്ടത്. അതത് മേഖലയിലെ സാങ്കേതിക കാര്യങ്ങളെക്കുറിച്ചുളള പ്രാഥമിക അറിവെങ്കിലും ടെക്നിക്കല്‍ റൈറ്റര്‍ നേടിയിരിക്കണം. ഇല്ലെങ്കില്‍ ഒരു ടീമായി പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ട് നേരിടും.
മള്‍ട്ടി-മീഡിയ പ്രസന്റേഷന് തയ്യാറാക്കാനറിയുന്നവര്ക്ക് ടെക്നിക്കല്‍ റൈറ്റിങ് മേഖലയില്‍ ഏറെ ശോഭിക്കാനാകും. എഴുതിയുണ്ടാക്കുന്ന യൂസര്‍-മാന്വല്‍ കമ്പനിയുടെ വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥന്മാര്ക്ക് മുന്നില്‍ പരിചയപ്പെടുത്തുക മള്‍ട്ടി-മീഡിയ പ്രസന്റേഷന് വഴിയാണ്. അവരത് കണ്ട് അംഗീകാരം നല്കിയെങ്കില് മാത്രമേ യൂസര്‍ മാന്വല്‍ പുറത്തിറങ്ങൂ. ഉത്പന്നത്തിന്റെ എല്ലാഘട്ടങ്ങളും പഠിച്ചതുകൊണ്ടോ അതെല്ലാം എഴുതിയതുകൊണ്ടോ ടെക്നിക്കല്‍ റൈറ്ററുടെ ജോലി പൂര്ത്തിയാകുന്നില്ലെന്നര്ഥം. എഴുതിയ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കമ്പനിയുടെ വിവിധ തലത്തിലുളള സാങ്കേതികവിദഗ്ധര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് അവരുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. അതിനായി പ്രസന്റേഷന് കഴിവും നന്നായി സംസാരിക്കാനുളള പാടവവും ഇവര്‍ക്ക് വേണം.
എന്ത് പഠിക്കണം?
സാങ്കേതികവിഷയങ്ങള്‍ എഴുതാനും എഡിറ്റ് ചെയ്യാനും പ്രൂഫ് വായിച്ച് തെറ്റുതിരുത്താനും ടെ്ക്നിക്കല്‍ റൈറ്റിങ് കോഴ്സ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. മൈക്രോസോഫ്റ്റ് വേഡ്, പേജ്മേക്കര്‍, ഫ്രെയിംമേക്കര്‍, റോബ്ഹെല്പ്പ്, ഫ്രണ്ട്പേജ് എന്നീ സോഫ്റ്റ്വേര്‍ സംവിധാനങ്ങളും ഈ കോഴ്സിന്റെ ഭാഗമായി പഠിപ്പിക്കുന്നു. ഈ സോഫ്റ്റ്വേറുകളൊന്നും പഠിച്ചില്ലെങ്കിലും ടെക്നിക്കല്‍ റൈറ്റര്‍മാരാകാവുന്നതാണ്. ജോലി ലഭിച്ചതിന്ശേഷമുളള പരിശീലന കാലയളവില്‍ അതത് കമ്പനികള്‍ തന്നെ ഇത്തരം സോഫ്റ്റ്വേറുകളില്‍ ട്രെയിനിംഗ് നല്‍കും.
പത്രപ്രവര്‍ത്തനത്തില്‍ പോസ്റ്റ് ഗ്രാജ്വേഷനോ ഡിപ്ലോമയോ എടുത്തവരാണ് ടെക്നിക്കല്‍ റൈറ്റിങിലേക്ക് തിരിയുന്നവരില്‍ ഭൂരിഭാഗവും. ഇംഗ്ലീഷ് ലിറ്ററേച്ചര്‍, സയന്‍സ്, ഐ.ടി. വിഷയങ്ങളില്‍ ബിരുദമോ പി.ജിയോ എടുത്തവര്‍ക്കും ടെക്നിക്കല്‍ റൈറ്റര്‍മാരാകാവുന്നതാണ്. ഐ.ടി. മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് ടെക്നിക്കല്‍ റൈറ്റര്‍മാരായി പെട്ടെന്ന് പേരെടുക്കാനാവും. രാജ്യത്തെ അപൂര്‍വം ചില സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും മാത്രമേ ടെക്നിക്കല്‍ റൈറ്റിങില്‍ കോഴ്സ് നടത്തുന്നുള്ളൂ.
ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ടെക്നിക്കല്‍ റൈറ്റിങില്‍ കോഴ്സ് സംഘടിപ്പിക്കുന്നു. ചെന്നൈയിലെ സ്റ്റെല്ല മേരീസ് കോളേജും ടെക്നിക്കല്‍ റൈറ്റിങില്‍ ഹ്രസ്വകാല കോഴ്സ് നടത്തുന്നു.വിദേശത്ത് ഒട്ടേറെ സര്‍വകലാശാലകളും സ്ഥാപനങ്ങളും ടെക്നിക്കല്‍ റൈറ്റിങില്‍ ബിരുദ,സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ നടത്തുന്നുണ്ട്. ഇതിന് പുറമെ ടെക്നിക്കല്‍ റൈറ്ററാകാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ കോഴ്സുകളും നിലവിലുണ്ട്.
പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിംബിയോസിസ് സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ലേണിങ് എന്ന സ്ഥാപനം വിദൂരവിദ്യാഭ്യാസ രീതിയില്‍ ടെക്നിക്കല്‍ റൈറ്റിങ് ഡിപ്ലോമ കോഴ്സ് നടത്തുന്നു. ഒരു വര്‍ഷം കാലാവധിയുള്ള കോഴ്സിന് ഡിഗ്രി പാസായവര്‍ക്ക് ചേരാം. 18,000 രൂപയാണ് കോഴ്സ് ഫീ. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.രെറഹ.ില േഎന്ന വെബ്സൈറ്റ് കാണുക.
ടെക്നിക്കല്‍ റൈറ്റിങ് അഥവാ ടെക്നിക്കല്‍ കമ്യൂണിക്കേഷന്‍ കോളേജ് തലത്തിലോ സര്വകലാശാലതലത്തിലോ പഠിക്കാനുളള സൗകര്യം നമ്മുടെ നാട്ടില്‍ കുറവാണ്. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ നടക്കുന്ന എം.സി.ജെ. കോഴ്സാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇവിടുത്തെ എം.സി.ജെ. കോഴ്സിലെ ഒരു ഓപ്ഷനല്‍ പേപ്പര്‍ ടെക്നിക്കല്‍ റൈറ്റിങിനെക്കുറിച്ചാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ നിന്ന് എം.സി.ജെ. പഠിച്ചിറങ്ങിയ നിരവധി പേര് ബാംഗ്ലൂരിലും ചെന്നൈയിലുമുളള ബഹുരാഷ്ട്ര കമ്പനികളില്‍ ടെക്നിക്കല്‍ റൈറ്റര്‍മാരായി ജോലി നോക്കുന്നു. പ്രതിമാസം ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവര്‍ വരെ ഇവര്‍ക്കിടയിലുണ്ട്. കേരള സര്‍ക്കാരിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡവലപമെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയുടെ (സി-ഡിറ്റ്) ഓഫ് കാമ്പസ് സെന്ററായി കോഴിക്കോട് പ്രവര്‍ത്തിക്കുന്ന നിജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആര്‍ട്സ് ആന്‍ഡ് ടെക്നോളജിയില്‍ (നികാറ്റ്) ടെക്നിക്കല്‍ റൈറ്റിങ് ഡിപ്ലോമ കോഴ്സ് നടത്തുന്നുണ്ട്. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിന് ചേരാന്‍ ഡിഗ്രിയാണ് യോഗ്യത. ഫീസ് 60,000 രൂപ.
ജോലിസാധ്യതകള്‍ എവിടെയൊക്കെ?
ടെക്നിക്കല്‍ റൈറ്റിങ് കോഴ്സ് നടത്തുന്ന സ്ഥാപനങ്ങള്‍ കുറവായതുകൊണ്ടാകാം ഈ കോഴ്സ് പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം ജോലി ലഭിക്കുന്നുണ്ട് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വിദേശത്ത് നിന്നുള്ള ഔട്ട്സോഴ്സിങ് ഇടപാടുകള്‍ വ്യാപകമായയോടെ നാട്ടിലിരുന്ന് തന്നെ വിദേശകമ്പനികളുമായി ടെക്നിക്കല്‍ റൈറ്റിങ് ഇടപാടുകള്‍ നടത്താനാവും. ഇന്‍ഫോസിസ്, ടി.സി.എസ്, സണ്‍ മൈക്രോസിസ്റ്റംസ്, ഇന്‍ഫോടെക്ക് എന്നീ വമ്പന്‍ ഐ.ടി. കമ്പനികള്‍ എല്ലാ വര്‍ഷവും നിരവധി ടെക്നിക്കല്‍ റൈറ്റര്‍മാരെ റിക്രൂട്ട് ചെയ്യാറുണ്ട്. ജൂനിയര്‍ ടെക്നിക്കല്‍ റൈറ്ററായി ജോലിക്ക് ചേര്‍ന്ന ശേഷം ടെക്നിക്കല്‍ എഡിറ്റര്‍, ടെക്നിക്കല്‍ പ്രപ്പോസല്‍ റൈറ്റര്‍, ബിസിനസ് അനലിസ്റ്റ് ടെക്നിക്കല്‍ റൈറ്റര്‍, സീനിയര്‍ ടെക്നിക്കല്‍ റൈറ്റര്‍ എന്നിങ്ങനെ പടിപടിയായി സ്ഥാനക്കയറ്റം നേടാം.
ഇതിന് പുറമെ പരസ്യക്കമ്പനികള്‍, സോഫ്റ്റ്വേര്‍ വികസന സ്ഥാപനങ്ങള്‍, പത്രമാദ്ധ്യമങ്ങള്‍ എന്നിവിടങ്ങളിലും ടെക്നിക്കല്‍ റൈറ്റര്‍മാര്‍ക്ക് തൊഴിലവസരമുണ്ട്. തുടക്കക്കാര്‍ക്ക തന്നെ രണ്ട് ലക്ഷം രൂപയ്ക്കടുത്ത് വാര്‍ഷിക ശമ്പളം എല്ലാ കമ്പനികളും വാഗ്ദാനം െചയ്യുന്നുണ്ട്. നാല് വര്‍ഷം പ്രവൃത്തിപരിചയമുള്ള ടെക്നിക്കല്‍ റൈറ്റര്‍മാര്‍ക്ക് ആറ് ലക്ഷത്തിനും 12 ലക്ഷത്തിനുമിടയിലാണ് കമ്പനികള്‍ നല്കുന്ന വാര്‍ഷിക ശമ്പളം. ഒരു സ്ഥാപനത്തിന്റെയും കീഴില്‍ ജോലി ചെയ്യാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഫ്രീലാന്‍സായി പ്രവര്‍ത്തിക്കാനും ധാരാളം സാധ്യതകളുണ്ട്. മണിക്കൂറിന് ആയിരം രൂപയ്ക്ക് മേല്‍പ്പോട്ടാണ് ഫ്രീലാന്‍സ് ടെക്നിക്കല്‍ റൈറ്റര്‍മാര്‍ക്ക് ലഭിക്കുന്ന പ്രതിഫലം.

ആധുനികലോകത്ത് ഏതു നിര്‍മാണപ്രക്രിയയിലും ഒഴിച്ചുകൂടാനാവാത്ത ഘടകമായി ഡിസൈനിങ് അഥവാ രൂപകല്പന മാറിക്കഴിഞ്ഞു. ഒരു ഉത്പന്നമോ സേവനസംവിധാനമോ വിപണിയിലെത്തും മുമ്പേ അത് മനോഹരമായി രൂപകല്പന ചെയ്യുക എന്നതാണ് ഡിസൈനിങ് വിഭാഗത്തിന്റെ ജോലി. സര്‍ഗാത്മകതയ്ക്കൊപ്പം കലാപരമായ കഴിവുകള്‍ കൂടി ചേരുമ്പോഴാണ് ഡിസൈനര്‍ പിറവിയെടുക്കുന്നത്. പ്രൊഡക്ട് ഡിസൈനിങ്, ഫാഷന്‍ ഡിസൈനിങ്, ഗ്രാഫിക് ഡിസൈനിങ്, പ്രോജക്ട് ഡിസൈനിങ്, ഇന്റീരിയര്‍ ഡിസൈനിങ് എന്നിങ്ങനെ പല മേഖലകളിലായി പലതരം ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്ന ഡിസൈനര്‍മാരുണ്ട്. ഇവയില്‍ ഏറെ തൊഴില്‍സാധ്യതകളുള്ള വിഭാഗമാണ് കെട്ടിടങ്ങളുടെ അകത്തള രൂപകല്പന അഥവാ ഇന്റീരിയര്‍ ഡിസൈനിങ്. വീടുകള്‍ മാത്രമല്ല വന്‍ ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, കണ്വന്ഷന് സെന്ററുകള്‍, എയര്‍പോര്‍ട്ടുകള്‍, തിയേറ്ററുകള്‍ എന്നിവയുടെയെല്ലാം അകമുറികള്‍ രൂപകല്പന ചെയ്യുന്നത് ഇന്റീരിയര്‍ ഡിസൈനര്‍മാരാണ്. മുമ്പൊക്കെ കെട്ടിടങ്ങള്‍ രൂപകല്പന ചെയ്യുന്ന ആര്‍കിടെക്റ്റുമാര്‍ തന്നെയായിരുന്നു അകമുറികളും ഡിസൈന്‍ ചെയ്തിരുന്നത്. കെട്ടിടനിര്‍മാണരീതികള്‍ അടിമുടി മാറിയ പുതിയകാലത്ത് അതിനായി സ്പെഷലൈസ്ഡ് ആയ വിഭാഗം ഉദയം കൊണ്ടു. അവരാണ് ഇന്റീരിയര്‍ ഡിസൈനര്‍മാര്‍. ഇന്റീരിയര്‍ ഡിസൈനിങില്‍ തന്നെ പല ഉപവിഭാഗങ്ങളുമുണ്ട്. ചിലര്‍ വ്യാപാരസമുച്ചയങ്ങളുടെ രൂപകല്പന അഥവാ ബിസിനസ് ഡിസൈനിങ് മാത്രം ചെയ്യുമ്പോള്‍ മറ്റുചിലര്‍ വീട്ടകങ്ങളുടെ രൂപകല്പന അഥവാ റെസിഡന്‍ഷ്യല്‍ ഡിസൈനിങില്‍ ശ്രദ്ധവെക്കുന്നു. ലാന്‍ഡ്സ്കേപ്പ് ഡിസൈനിങും ബെഡ്റൂം ഡിസൈനിങും മാത്രം ചെയ്യുന്നവരുമുണ്ട്. ഒരു നിശ്ചിത ബജറ്റില്‍ മുറിക്കകത്തേക്ക് വേണ്ട ഫര്‍ണിച്ചറുകള്‍, ചുമരില്‍ വേണ്ട അലങ്കാരപ്പണികള്‍, ലൈറ്റിങ് എന്നിവയെല്ലാം തിരഞ്ഞെടുക്കുകയാണ് ഇന്റീരിയര്‍ ഡിസൈനറുടെ ജോലി. മുറിയുടെ ചുവരിനടിക്കേണ്ട പെയിന്റിന്റെ നിറവും തറയിലിടേണ്ട ടൈല്‍സിന്റെ വലിപ്പവുമൊക്കെ നിശ്ചയിക്കുക ഇവരാണ്. മുറിയുടെ അളവും വലിപ്പവും മാത്രം പറഞ്ഞുകൊടുത്താല്‍ ആ മുറി ഏതൊക്കെ രീതിയില്‍ മനോഹരമാക്കാം എന്നത് 3ഡി ചിത്രങ്ങളുടെ സഹായത്തോടെ ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ കാട്ടിത്തരും. അതില്‍ നിന്ന് വേണ്ടത് തിരഞ്ഞെടുക്കുന്നതില്‍ മാത്രമൊതുങ്ങുന്നു വീട്ടുടമയുടെ ഉത്തരവാദിത്തം.
കൈയില്‍ വേണ്ടതെന്തെല്ലാം
വീടിന് ചേര്‍ന്ന പെയിന്റിന്റെ നിറവും ഫര്‍ണിച്ചറുകളുടെ വലിപ്പവുമൊക്കെ അറിഞ്ഞിരുന്നാല്‍ ഇന്റീരിയര്‍ ഡിസൈനര്മാരാകാമെന്നു കരുതരുത്. മുറികള്‍ മനോഹരമായി അലങ്കരിക്കുകയല്ല ഇവരുടെ ജോലി. ഇന്റീരിയര്‍ ഡെക്കറേഷനല്ല ഇന്റീരിയര്‍ ഡിസൈനിങ് എന്ന് ആദ്യം മനസിലാക്കേണ്ടതുണ്ട്. കലാപരമായ കഴിവുകള്‍ മാത്രം പോരാ സാങ്കേതികജ്ഞാനവും മാനേജ്മെന്റ് മിടുക്കും മികച്ച ആശയവിനിമയശേഷിയുമൊക്കെയുള്ളവര്ക്കേ നല്ല ഇന്റീരിയര്‍ ഡിസൈനര്‍മാരായി തിളങ്ങാനാകൂ. കെട്ടിടനിര്‍മാണ മേഖലയിലുണ്ടാകുന്ന ഏറ്റവും പുതിയ സംഭവവികാസങ്ങളും നിര്‍മാണവസ്തുക്കളുടെ ഗുണവും പല ബ്രാന്‍ഡുകള്‍ തമ്മിലുളള വിലവ്യത്യാസവുമൊക്കെ ഇവര്‍ അറിഞ്ഞിരിക്കണം.
ഓരോ ക്ലയന്റും വ്യത്യസ്തമായ ആവശ്യങ്ങളും ആശയങ്ങളുമായാകും ഇന്റീരിയര്‍ ഡിസൈനറെ കാണാനെത്തുക. അവര്‍ പറയുന്നത് മുഴുവന്‍ ക്ഷമയോടെ കേട്ട് അവരുടെ ബജറ്റിനുളളില്‍ നിന്നുകൊണ്ട് ഏറ്റവും മികച്ചൊരു മുറി ഒരുക്കുന്നവനാണ് നല്ല ഇന്റീരിയര്‍ ഡിസൈനര്‍. അതിന് ഏറ്റവും പ്രധാനമായി വേണ്ടത് ആശയവിനിമയശേഷിയാണ്. നല്ല ഐഡിയയും തന്ത്രങ്ങളും മനസിലുണ്ടായാല്‍ പോരാ, അതു ഫലപ്രദമായി ക്ലയന്റിനെ പറഞ്ഞുബോധ്യപ്പെടുത്തുന്നതിലും വേണം മിടുക്ക്. പിന്നെ വേണ്ടത് കമ്പ്യൂട്ടറിലുള്ള പ്രവൃത്തിപരിചയവും പുതിയ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ പഠിച്ചെടുക്കാനുള്ള സന്നദ്ധതയുമാണ്. നൂറു ശതമാനവും കമ്പ്യൂട്ടര്‍ അധിഷ്ഠിതമായൊരു കരിയര്‍ മേഖലയാണ് ഇന്റീരിയര്‍ ഡിസൈനിങ്. ഓട്ടോകാഡ്, 3ഡിമാക്സ്, സ്കെച്ച് അപ്പ് തുടങ്ങി പ്രധാനപ്പെട്ട പല ഡിസൈന്‍ സോഫ്റ്റ്വേറുകളിലുമുളള ആഴത്തിലുള്ള അറിവ് ഇന്റീരിയര്‍ ഡിസൈനര്‍ക്ക് അത്യാവശ്യമാണ്.
സ്വയം പണിയെടുക്കുക മാത്രമല്ല, ഒരുപാട് തൊഴിലാളികളെ പണിയെടുപ്പിക്കുകയും ചെയ്യേണ്ടിവരും ഇന്റീരിയര്‍ ഡിസൈനര്‍ക്ക്. ഇതിനൊക്കെ അല്പം മാനേജ്മെന്റ് പാടവവും ആവശ്യമാണ്.മനസിലുളള ആശയങ്ങള്‍ അവരെ കൃത്യമായി പറഞ്ഞുമനസിലാക്കി നിശ്ചിതസമയത്തിനുള്ളില്‍ ജോലി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ക്ലയന്റിന്റെ കറുത്തമുഖം കാണേണ്ടിവരും. കരിയറില്‍ കുറച്ചൊന്നു മുന്നേറാനായാല്‍ ഒരേ സമയം ഒന്നിലേറെ പ്രൊജക്ടുകളുടെ ഉത്തരവാദിത്തം വന്നുചേരും ഇന്റീരിയര്‍ ഡിസൈനര്‍ക്ക്. അപ്പോള്‍ ജോലിസമയവും കൂടും. 10 മണിക്ക് തുടങ്ങി അഞ്ചുമണിക്ക് അവസാനിപ്പിക്കാവുന്ന ഓഫീസ് ജോലിയല്ല കാത്തിരിക്കുന്നതെന്ന് ഇന്റീരിയര്‍ ഡിസൈനിങ് പഠിക്കാന്‍ പോകുന്ന കുട്ടികള്‍ അറിഞ്ഞിരിക്കണം. ജോലിയുമായി ബന്ധപ്പെട്ട് ദൂരയാത്രകളും ധാരാളമായി വേണ്ടിവരും. ഇതിനൊക്കെ താത്പര്യവും സന്നദ്ധതയുമുണ്ടെങ്കില്‍ മാത്രം ഇന്റീരിയര്‍ ഡിസൈനിങ് കരിയറായി തിരഞ്ഞെടുത്താല്‍ മതി.
എന്തു പഠിക്കണം
നമ്മുടെ നാട്ടില്‍ ഇന്റീരിയര്‍ ഡിസൈനിങ് ഒരു പഠനശാഖയായി വികസിച്ചിട്ട് അധിക നാളുകളായിട്ടില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളേക്കാളും സര്‍വകലാശാലകളേക്കാളും സ്വകാര്യ സ്ഥാപനങ്ങളാണ് ഇന്റീരിയര്‍ ഡിസൈനിങ് കോഴ്സുകള്‍ പ്രധാനമായി നടത്തുന്നത്. ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സ് മുതല്‍ നാല് വര്‍ഷത്തെ ഡിഗ്രി കോഴ്സ് വരെ ഈ വിഷയത്തില്‍ പല സ്ഥാപനങ്ങളിലായി നടത്തുന്നുണ്ട്. പത്താം ക്ലാസ് പാസായവര്‍ക്കുളള സര്‍ട്ടിഫിക്കറ്റ് കോഴ്സുമുണ്ട്.
ഇന്റീരിയര്‍ ഡിസൈനിങില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ ശ്രമിക്കേണ്ടത് അഹമ്മദാബാദിലെ സെപ്റ്റ് സര്‍വകലാശാലയുടെ കീഴിലുള്ള സ്കൂള്‍ ഓഫ് ഇന്റീരിയര്‍ ഡിസൈനില്‍ സീറ്റ് തരപ്പെടുത്താനാണ്. ഇന്റീരിയര്‍ ഡിസൈനിങ് കോഴ്സ് നടത്തുന്ന രാജ്യത്തെ മുന്‍നിര സ്ഥാപനവും ഇതുതന്നെ. സ്കൂള്‍ ഓഫ് ഇന്റീരിയര്‍ ഡിസൈനില്‍ നടക്കുന്ന അഞ്ചുവര്‍ഷത്തെ ഇന്റീരിയര്‍ ഡിസൈന്‍ ബിരുദ കോഴ്സിന് അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷ വഴിയാണ് പ്രവേശനം. മാത്ത്സ്/ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ച് 55 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായ കുട്ടികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയെഴുതാം.
ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട് ആന്‍ഡ് ഡിസൈന്‍ (ഐഐഎഡി) നടത്തുന്ന ഇന്റീരിയര്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ബി.എ. ഹോണേഴ്സ് കോഴ്സും പേരു കേട്ടതാണ്. ഇതിന് പുറമെ ബി.എസ്.സി. ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ്, ബി.ഡിസൈന്‍ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍, ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍, പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ആര്‍ക്കിടെക്ചറല്‍ വിഷ്വലൈസേഷന്‍ എന്നിങ്ങനെ നിരവധി കോഴ്സുകള്‍ പല സ്ഥാപനങ്ങളിലായി ഈ വിഷയത്തില്‍ നടക്കുന്നുണ്ട്. മിക്കതും സ്വകാര്യ സ്ഥാപനങ്ങളായതിനാല്‍ നല്ലൊരു തുക ഫീസായി കൊടുക്കേണ്ടിവരുമെന്ന് മാത്രം.
കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്റീരിയര്‍ ഡിസൈനിങ് കോഴ്സ് നടത്തുന്ന സ്ഥാപനങ്ങളുണ്ട്. ചില സ്വകാര്യ പോളിടെക്നിക്കുകളും ഈ കോഴ്സ് നടത്തുന്നു. പ്ലസ്ടു റിസള്‍ട്ട് വന്നാലുടന്‍ ഇത്തരം സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ പത്രമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് കാണാം. ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ കണ്ണുമടച്ച് ചേരുന്നതിന് പകരം അവിടുത്തെ കോഴ്സ് നിലവാരത്തെക്കുറിച്ച് അന്വേഷിച്ചിട്ട് മതി അഡ്മിഷന് എടുക്കല്‍. വന്‍തുക ഫീസും വാങ്ങി കോഴസ് പോലും പൂര്‍ത്തിയാക്കാതെ അടച്ചുപൂട്ടിയ ചില ഇന്റീരിയര്‍ ഡിസൈനര്‍ സ്ഥാപനങ്ങളുണ്ട്. ഇന്റീരിയര്‍ ഡിസൈനിങ് കോഴ്സ് കഴിഞ്ഞ് ജോലി ചെയ്യുന്നവരെ കണ്ടെത്തി അവരുടെ ഉപദേശപ്രകാരം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. എവിടെ പഠിച്ചിറങ്ങിയാലും മതിയായ പ്രായോഗിക പരിശീലനമില്ലാതെ ഈ രംഗത്ത് കാലുറപ്പിക്കാന്‍ പറ്റില്ല. അതുകൊണ്ട് കോഴ്സ് കഴിഞ്ഞാല്‍ കുറച്ച് മാസങ്ങള്‍ ഏതെങ്കിലും ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നത് ഏറെ ഗുണം ചെയ്യും. ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ വരുന്നവരിലെ മിടുക്കന്മാര്ക്ക് മിക്ക കമ്പനികളും സ്ഥിരനിയമനം നല്‍കാറുമുണ്ട്.
ഇന്റീരിയര്‍ ഡിസൈനിങ് കോഴ്സ് കഴിഞ്ഞിറങ്ങിയാല്‍ ജോലി കിട്ടുമെന്ന കാര്യമുറപ്പാണോ? ഈ ചോദ്യത്തിന് മറുപടി കണ്ടെത്തും മുമ്പേ നമ്മുടെ ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ മതി. എല്ലായിടത്തും കെട്ടിടനിര്‍മാണം ഉഷാറായി നടക്കുന്നുണ്ട്. നാട്ടിന്‍പുറങ്ങളില്‍ പോലും വമ്പന്‍ വീടുകളും ഷോപ്പിങ് മാളുകളും ഉയരുന്നു. പഴഞ്ചന്‍ വീടുകള്‍ പുതുക്കിപ്പണിത് മൊഞ്ചാക്കുന്നവരുടെ എണ്ണവും കുറവല്ല. ഇവിടേക്കൊക്കെ ഇന്റീരിയര്‍ ഡിസൈനര്‍മാരുടെ സേവനം അത്യാവശ്യമാണ്. കെട്ടിടനിര്‍മാണ രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എഞ്ചിനിയര്‍മാരും കോണ്ട്രാക്ടര്മാരും ഒരേ സ്വരത്തില്‍ സമ്മതിക്കുന്നൊരു കാര്യമുണ്ട്- കഴിവും ചുറുചുറുക്കുമുള്ള ഇന്റീരിയര്‍ ഡിസൈനര്‍മാരെ കിട്ടാനില്ലെന്ന കാര്യം. കെട്ടിടങ്ങളുടെ സ്ട്രക്ചര്‍ നിര്‍മാണം മാത്രമേ ഇപ്പോള്‍ കോണ്‍ട്രാക്ടര്‍മാര്‍ ചെയ്യുന്നുള്ളൂ. ബാക്കിയുള്ള ജോലികളെല്ലാം നിര്‍വഹിക്കുന്നത് ഇന്റീരിയര്‍ ഡിസൈനര്‍മാരാണ്. ആര്‍ക്കിടെക്ചര്‍ കമ്പനികള്‍, ബില്‍ഡിങ് കോണ്‍ട്രാക്ട് സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലൊക്കെ ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ക്ക് ഇഷ്ടം പോലെ തൊഴിലവസരങ്ങളുണ്ട്. എന്നുകരുതി പഠിച്ചിറങ്ങിയാല്‍ തന്നെ വന്‍ശമ്പളമുള്ള ജോലി കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. കുറച്ച് മാസങ്ങളെങ്കിലും കഷ്ടപ്പെട്ട് പണി പഠിക്കേണ്ടതുണ്ട്. ആ സമയങ്ങളില്‍ ചെറിയ തുകയേ ശമ്പളമായി കിട്ടൂ. അതുകഴിഞ്ഞാല്‍ മികച്ച ശമ്പളം കിട്ടുന്ന കമ്പനികളിലേക്ക് മാറാം. സ്വന്തമായി ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം തുടങ്ങുന്നവരുമുണ്ട്. എവിടെയും ഓഫീസ് തുറക്കാതെ ഫ്രീലാന്‍സ് ആയി പ്രവര്‍ത്തിച്ചും മികച്ച വരുമാനം നേടാനാവും.
സാങ്കേതികമികവ് നേടി തൊഴില്‍
പത്താം ക്ലാസ് കഴിഞ്ഞാല്‍ തിരഞ്ഞെടുക്കാന്‍ വഴി പലതുണ്ട്. പ്ലസ്ടു കൂടി വിജയകരമായി പൂര്‍ത്തിയാക്കിയശേഷം എഞ്ചിനിയറിങിനോ എം.ബി.ബി.എസിനോ ചേരുന്നതാണ് അതിലൊരു വഴി. അല്ലെങ്കില്‍ ബിരുദവും പി.ജിയുമെടുത്ത് മറ്റ് മേഖലകളിലേക്ക് തിരിയാം. എല്ലാത്തിനും ചേരണമെങ്കില്‍ പ്ലസ്ടു പാസായിരിക്കണമെന്ന് മാത്രം. ഇനി പ്ലസ്ടു എന്ന കടമ്പയില്ലാതെ പത്ത് കഴിഞ്ഞ് നേരിട്ടുചേരാവുന്നത് ഒരു കോഴ്സിനെ പരിചയപ്പെടുത്താം. പറഞ്ഞുവരുന്ന ഇന്‍ഡസ്ട്രിയല്‍ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.ടി.ഐ.) പഠനത്തെക്കുറിച്ചാണ്. എല്ലാവരും തിരഞ്ഞെടുക്കുന്ന പ്ലസ്ടു വഴിയില്‍ നിന്ന് മാറി ചിന്തിക്കുന്നവരും പഠനം കഴിഞ്ഞ് ഉടനൊരു തൊഴില്‍ വേണമെന്നാഗ്രഹിക്കുന്നവരും ധാരാളമായി ഇപ്പോള്‍ ഐ.ടി.ഐ. പഠനത്തിന് ചേരുന്നുണ്ട്. സാങ്കേതികവിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ജോലി സാധ്യതകളും വര്‍ധിച്ചുവരുന്ന കാലമാണിപ്പോള്‍. സാങ്കേതികജ്ഞാനമുള്ള തൊഴിലാളികളെ കിട്ടാനില്ല എന്ന പരാതിയാണ് വ്യവസായികള്‍ക്കും സംരംഭകര്‍ക്കും പറയാനുള്ളത്. ഇന്ത്യയില്‍ തന്നെ ഓരോവര്‍ഷവും പുതുതായി ഒട്ടേറെ വന്‍വ്യവസായ സംരംഭങ്ങളും തുറമുഖങ്ങളും വിമാനത്താവളങ്ങളും തുറക്കപ്പെടുന്നുണ്ട്. ഇവിടങ്ങളിലൊക്കൊയി ആയിരക്കണക്കിന് ടെക്നീഷ്യന് ജോലികള്‍ സൃഷ്ടിക്കപ്പെടുന്നു. കേന്ദ്രസര്‍ക്കാറിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി വിദേശത്ത് നിന്നുളള നിക്ഷേപകരും ഇന്ത്യയില്‍ വ്യവസായം തുടങ്ങാന്‍ മുന്നോട്ടുവരുന്നുണ്ട്. ഇവരുന്നയിക്കുന്ന പ്രധാനപരാതി തന്നെ ഇവിടെ സാങ്കേതിക ധാരണയുള്ള വിദഗ്ധ തൊഴിലാളികളെ കിട്ടാനില്ലെന്നതാണ്. ഈ പ്രശ്നത്തിന് പരിഹാരം കാണാനായി അടിയന്തരനടപടികള്‍ സ്വീകരിച്ചുവരുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. ഈ വര്‍ഷം പുതുതായി ഏഴായിരം ഐ.ടി.ഐ.കള്‍ രാജ്യവ്യാപകമായി ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു.
എന്താണീ സാങ്കേതികവിദ്യാഭ്യാസം
എതു തൊഴില്‍മേഖലയായാലും തൊഴിലാളി നിര്‍ബന്ധമായി അറിഞ്ഞിരിക്കേണ്ട ചില സാങ്കേതികഅറിവുണ്ട്. അതില്ലാതെ അവന് കാര്യക്ഷമമായി ജോലി ചെയ്യാനാകില്ല. ഇത്തരം കാര്യങ്ങള്‍ പഠിപ്പിച്ച് ഒരു വിദ്യാര്‍ഥിയെ വിദഗ്ധ തൊഴിലാളിയായി മാറ്റുകയെന്ന ധര്‍മമാണ് സാങ്കേതികവിദ്യാഭ്യാസത്തിലൂടെ നിര്‍വഹിക്കപ്പെടുന്നത്. എഞ്ചിനിയറിങ്, ടെക്നോളജി, മാനേജ്മെന്റ്, ആര്‍ക്കിടെക്ചര്‍, ടൗണ്‍ പ്ലാനിങ്, ഫാര്‍മസി, അപ്ലൈഡ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ്, ഹോട്ടല്‍ മാനേജ്മെന്റ്, കാറ്ററിങ് ടെക്നോളജി എന്നീ തൊഴില്മേഖലകളിലൊക്കെ ജോലി ചെയ്യാനുളള അറിവ് നേടണമെങ്കില്‍ സാങ്കേതിക വിദ്യാഭ്യാസം കൂടിയേ തീരൂ.
പത്താം ക്ലാസ് കഴിഞ്ഞിറങ്ങുന്ന ഒരു വിദ്യാര്‍ഥിയെ അവന് തിരഞ്ഞെടുക്കുന്ന ട്രേഡില്‍ വേണ്ട അടിസ്ഥാനഅറിവുകളും പ്രായോഗികപരിശീലനവും നല്‍കുകയാണ് സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചെയ്യുന്നത്. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, (ഐ.ടി.ഐ.) ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് സെന്റര്‍ (ഐ.ടി.സി.) എന്നിങ്ങനെ രണ്ട് വിഭാഗം സ്ഥാപനങ്ങള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഐ.ടി.ഐകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നതാണെങ്കില്‍ ഐ.ടി.സികള്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിങിന്റെയും (ഡി.ജി.ഇ.ടി.) നിയന്ത്രണത്തിലാണ് ഐ.ടി.ഐകളും ഐ.ടി.സികളും പ്രവര്‍ത്തിക്കുന്നത്. രണ്ടിന്റെയും കോഴ്സ് സിലബസും പഠനരീതികളുമെല്ലാം ഒന്നുതന്നെ. സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ ഐ.ടി.ഐകളില്‍ ഫീസ് കുറവായിരിക്കും. സ്വകാര്യസ്ഥാപനമായ ഐ.ടി.സികളിലാകട്ടെ ഫീസ് അല്പം കൂടുതലായിരിക്കും. രണ്ട് സ്ഥാപനങ്ങളില്‍ കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികളും പൊതുവായ ഒരു പരീക്ഷയെഴുതി യോഗ്യത തെളിയിക്കേണ്ടതുണ്ട്. ആള് ഇന്ത്യ ട്രേഡ് ടെസ്റ്റ് (എ.ഐ.ടി.ടി.) എന്നാണീ പരീക്ഷയുടെ പേര്.
കൈയില്‍ വേണ്ടതെന്തെല്ലാം
പത്താം ക്ലാസ് പാസായ ആര്‍ക്കും ഐ.ടി.ഐ./ഐ.ടി.സി. പ്രവേശനം നേടാം. ഇതിനായി പ്രത്യേക എന്‍ട്രന്‍സ് പരീക്ഷയോ അഭിമുഖമോ ഒന്നും നേരിടേണ്ടതില്ല. അപൂര്‍വം ചില സ്ഥാപനങ്ങള്‍ പത്തിന് അമ്പത് ശതമാനം മാര്‍ക്ക് എന്ന നിബന്ധന വെക്കാറുണ്ടെങ്കിലും ഭുരിഭാഗം സ്ഥാപനങ്ങളിലും പത്താം ക്ലാസ് പാസായവരെ മുഴുവന്‍ കോഴ്സിന് ചേര്‍ക്കും.
ഐ.ടി.ഐ. പഠനത്തിന് ചേരും മുമ്പേ ചില കാര്യങ്ങള്‍ അറിഞ്ഞുവെക്കേണ്ടതുണ്ട്. പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട കാര്യം ഇതൊരു വിദഗ്ധ തൊഴില്‍മേഖലയാണ് എന്നതാണ്. എ.സി. റൂമില്‍ ടൈയും കെട്ടി ഇരിക്കുന്നതല്ല ചൂടും പുകയുമേറ്റ് ഫാക്ടറിക്കുള്ളില്‍ കഠിനാധ്വാനം ചെയ്യലാകും ഐ.ടി.ഐക്കാരന്റെ ജോലി. കൈയില്‍ ഗ്രീസോ ഓയിലോ പറ്റുന്നതില്‍ വിഷമമുള്ളവര് ഐ.ടി.ഐ. ട്രേഡ് തിരഞ്ഞെടുക്കാത്തതാണ് നല്ലത്. ശാരീരികാധ്വാനം വേണ്ടിവരുന്ന ജോലിയാണിത്. രാത്രിഷിഫ്റ്റിലും പണിയെടുക്കേണ്ടിവരും. മറ്റ് മേഖലകളില്‍ കിട്ടുന്നത്ര ശമ്പളമൊന്നും ഐ.ടി.ഐ. പാസായവര്‍ക്ക് തുടക്കത്തില്‍ കിട്ടിയെന്ന് വരില്ല. ചുരുങ്ങിയ തുക സ്റ്റൈപ്പന്‍ഡായി കൈപ്പറ്റി ഒരുവര്‍ഷം അപ്രന്റിസ്ഷിപ്പ് പൂര്‍ത്തിയാക്കിയാലേ ഐ.ടി.ഐ. ട്രേഡ് പാസാകാന്‍ സാധിക്കൂ. ഇക്കാര്യങ്ങളൊക്കെ മനസിലാക്കിയശേഷം വേണം ഐ.ടി.ഐ. എന്ന പഠനകോഴ്സ് തിരഞ്ഞെടുക്കാന്‍. പ്രതികൂല ഘടകങ്ങള്‍ ഏറെയുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ മനസിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. ഐ.ടി.ഐ. കോഴ്സ് പൂര്‍ത്തിയാക്കുന്നതിലൂടെ നിങ്ങളൊരു കൈത്തൊഴില്‍ അഭ്യസിക്കുകയാണ്. ജീവിതകാലം മുഴുവന്‍ നിങ്ങളെ പോറ്റാന്‍ ആ കൈത്തൊഴിലിനാകും. ഏതു രാജ്യത്ത് പോയാലും ജോലിക്ക് ബുദ്ധിമുട്ടുണ്ടാകില്ല. മറ്റാരുടെയെങ്കിലും കീഴില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് സ്വന്തമായി ജോലി ചെയ്യാനും ഐ.ടി.ഐ. പഠനം വഴിയൊരുക്കുന്നു. പ്ലസ്ടുവും ഡിഗ്രിയുമൊക്കെ പഠിച്ച് പാസാകാനുള്ള കഴിവ് കുറവാണെന്ന് ബോധ്യമുണ്ടെങ്കില്‍ ഐ.ടി.ഐ. പോലുള്ള തൊഴിലധിഷ്ഠിത കോഴ്സുകള്‍ ചേരുന്നതാണ് ഏറ്റവും നല്ലത്. കൂട്ടുകാരൊക്കെ ചെയ്യുന്നത് കണ്ട് പ്ലസ്ടുവിന് രണ്ടുവര്‍ഷം പോയി കോഴ്സ് തോറ്റുവീട്ടിലിരിക്കുമ്പോള് ഇനി ഐ.ടി.ഐ. കോഴ്സിന് ചേരാം എന്ന് ചിന്തിക്കുന്നവരാണേറെ. പത്താം ക്ലാസ് കഴിഞ്ഞയുടന്‍ ഈ തീരുമാനമെടുത്തിരുന്നെങ്കില്‍ രണ്ടുവര്‍ഷത്തെ വിലപ്പെട്ട സമയവും ഒട്ടേറെ കാശും ലാഭിക്കാമായിരുന്നു എന്ന കാര്യം ഇവര്‍ ഓര്‍ക്കില്ല.
എന്ത് പഠിക്കണം
തിരഞ്ഞെടുക്കാന്‍ നൂറിലേറെ ട്രേഡുകളുണ്ട് എന്നതാണ് ഐ.ടി.ഐ. വിദ്യാഭ്യാസത്തിന്റെ സൗകര്യം. വിദ്യാര്‍ഥികളുടെ അഭിരുചിക്കും താത്പര്യത്തിനും ഇണങ്ങുന്ന ട്രേഡുകളെടുത്ത് പഠനം തുടങ്ങാം. ഇതില്‍ തന്നെ എഞ്ചിനിയറിങ് ട്രേഡും നോണ്‍-എഞ്ചിനിയറിങ് ട്രേഡുമുണ്ട്. ഇലക്ട്രീഷ്യന്, കാര്‍പ്പന്റര്‍, ഇലക്ട്രോണിക് മെക്കാനിക്ക്, ഫിറ്റര്‍, ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്, അറ്റന്‍ഡന്റ് ഓപ്പറേറ്റര്‍, ബില്‍ഡിങ് മെയിന്റനന്‍സ്, ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), ഡ്രാഫ്റ്റ്സ്മാന്‍ (മെക്കാനിക്കല്‍), ഇലക്ട്രോപ്ലേറ്റര്‍, ഐ.ടി. ആന്‍ഡ് ഇലക്ട്രോണിക്സ് സിസ്റ്റം മെയിന്റനന്‍സ്, ലിഫ്റ്റ് മെക്കാനിക്ക്, മെഷിനിസ്റ്റ്, മെക്കാനിക്ക് (ഡീസല്‍), മെക്കാനിക്ക് (റേഡിയോ ആന്‍ഡ് ടി.വി.), മെക്കാനിക്ക് (റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍-കണ്ടീഷനര്‍), വയര്‍മാന്‍, പ്ലംബര്‍, സര്‍വേയര്‍ എന്നിവയാണ് പ്രധാനപ്പെട്ട എഞ്ചിനിയറിങ് ട്രേഡുകള്‍. ആസ്പത്രികളില്‍ മികച്ച തൊഴില്‍സാധ്യതയുള്ള ഫിസിയോതെറാപ്പി ടെക്നീഷ്യന്, റേഡിയോളജി ടെക്നീഷ്യന് (റേഡിയോ ഡയഗ്നോസിസ് ആന്‍ഡ് റേഡിയോതെറാപ്പി), മെക്കാനിക്ക് (മെഡിക്കല്‍ ഇലക്ട്രോണിക്സ്) എന്നിവയും ഇതിന്റെ കീഴില്‍ വരുന്നു.
നോണ്‍-എഞ്ചിനിയറിങ് ട്രേഡ് വിഭാഗത്തിലും ധാരാളം സാധ്യതകള്‍ ഇന്ന് ലഭ്യമാണ്. ബേക്കര്‍ ആന്‍ഡ് കണ്‍ഫെക്ഷനര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (സി.ഒ.പി.എ.), കട്ടിങ് ആന്‍ഡ് സ്യൂവിങ്, ഡാറ്റ എന്‍ട്രി ഓപ്പറ്റേറര്, ഡി.ടി.പി. ഓപ്പറ്റേര്‍, ഇവന്റ് മാനേജ്മെന്റ് അസിസ്റ്റന്റ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, സെക്രട്ടേറിയല്‍ പ്രാക്ടീസ്, സ്റ്റെനോഗ്രാഫി, മള്‍ട്ടിമീഡിയ അനിമേഷന്‍, ഓഫീസ് അസിസ്റ്റന്റ് കം കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, ഡ്രസ്മേക്കിങ്, ഡ്രൈവര്‍ കം മെക്കാനിക്ക്, കോര്‍പ്പറേറ്റ് ഹൗസ് കീപ്പിങ്, മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍, സ്റ്റ്യുവാര്‍ഡ് എന്നിവയാണ് പ്രധാനപ്പെട്ട നോണ്‍ എഞ്ചിനിയറിങ് ട്രേഡുകള്‍. മുകളില്‍ പറഞ്ഞ എല്ലാ ട്രേഡുകളും ഐ.ടി.ഐകളിലുണ്ടാകണമെന്നില്ല. സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് വൊക്കേഷനല്‍ ട്രെയിനിങ് (എസ്.സി.വി.ടി.), നാഷനല്‍ കൗണ്‍സില്‍ ഓഫ് വൊക്കേഷനല്‍ ട്രെയിനിങ് (എന്‍.സി.വി.ടി.) എന്നിവയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വൊക്കേഷനല്‍ ടെയിനിങ് ഹയര്‍സെന്‍ഡറി സ്കൂളുകളിലായിരിക്കും ഇവയില്‍ ചില കോഴ്സുകളുള്ളത്. വി.എച്ച്.എസ്.ഇ. കോഴ്സിന് ചേരാനും എസ്.എസ്.എല്‍.സി. തന്നെയാണ് യോഗ്യത.
പഠനം കഴിഞ്ഞ് പരിശീലനം
സദാസമയവും ക്ലാസ്മുറിയില്‍ തന്നെയിരുന്നുള്ള പഠനരീതിയല്ല ഐ.ടി.ഐകളിലുള്ളത്. ഓരോ ട്രേഡിനും വേണ്ടതരത്തിലുള്ള പ്രായോഗിക പരിശീലനവും ഫാക്ടറി സന്ദര്‍ശനവുമൊക്കെ കോഴ്സിന്റെ ഭാഗമായുണ്ടാകും. കോഴ്സ് കഴിഞ്ഞതിന് ശേഷമുള്ള പരിശീലനത്തിനും പ്രാധാന്യമേറെയുണ്ട്. പഠനത്തിന് ശേഷം ഏതെങ്കിലും സ്ഥാപനത്തില്‍ അപ്രന്റിസ്ഷിപ്പ് പൂര്‍ത്തിയാക്കിയിട്ട് വേണം ഓള് ഇന്ത്യ ട്രേഡ് ടെസ്റ്റ് (എ.ഐ.ടി.ടി.) എഴുതിയെടുക്കാന്‍. എല്ലാവര്‍ഷവും ഏപ്രില്‍-മെയ് മാസങ്ങളിലും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലും ഇതിനുളള പരീക്ഷ നടക്കും. എ.ഐ.ടി.ടി. പാസാകുന്ന വിദ്യാര്‍ഥിക്ക് നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (എന്‍.ടി.സി.), നാഷനല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് (എന്‍.എ.സി.) എന്നിവ നല്‍കും. ഈ രണ്ട് സര്‍ട്ടിഫിക്കറ്റുകളുമുള്ള വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര-സംസ്ഥാനസര്‍ക്കാര്‍ വകുപ്പുകളിലെ ടെക്നീഷ്യന് തസ്തികകള്‍ക്ക് അപേക്ഷിക്കാം. സ്വകാര്യമേഖലയില്‍ ജോലി ലഭിക്കണമെങ്കിലും ഈ സര്‍ട്ടിഫിക്കറ്റുകള്‍ കൂടിയേതീരൂ.
പഠനം എവിടെ
സാങ്കേതിക വിദ്യാഭ്യാസത്തിന് അവസരമൊരുക്കി ഒട്ടേറെ സര്‍ക്കാര്‍ ഐ.ടി.ഐകളും സ്വകാര്യ ഐ.ടി.ഐകളും നമ്മുടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ തന്നെ ഏഴ് സര്‍ക്കാര്‍ ഐ.ടി.ഐകളും 39 സ്വകാര്യ ഐ.ടി.ഐകളുമുണ്ട്. ഇതിന് പുറമെ വിവിധ വി.എച്ച്.എസ്.ഇ. സ്കൂളുകളിലും സമാനമായ ട്രേഡുകളില്‍ കോഴ്സ് നടത്തുന്നുണ്ട്. കഴിയുന്നതും സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ തന്നെ പ്രവേശനം നേടാന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കണം. സ്വകാര്യ ഐ.ടി.ഐകളില്‍ ചേരുന്നവര്‍ ആ സ്ഥാപനത്തിന് സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഡിപ്പാര്‍ട്ട്മെന്റിന്റെ അംഗീകാരമുണ്ടോയെന്ന കാര്യം ഉറപ്പുവരുത്തണം.www.det.kerala.gov.in എന്ന വെബ്സൈറ്റില്‍ അംഗീകാരമുളള ഐ.ടി.ഐകളുടെ പട്ടിക നല്‍കിയിട്ടുണ്ട്.
തൊഴിലവസരങ്ങള്‍ ഇഷ്ടം പോലെ
ഏത് ഐ.ടി.ഐ. ട്രേഡ് പഠിച്ചിറങ്ങിയാലും വെറുതെയിരിക്കേണ്ടിവരില്ല എന്ന കാര്യം ഉറപ്പ്. എന്നാലും ചില ട്രേഡുകള്‍ക്ക് ജോലിസാധ്യതയേറും. ഇലക്ട്രോണിക്സ്, വെല്‍ഡര്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനല് മെക്കാനിക്ക് എന്നീ ട്രേഡുകള്‍ ഉദാഹരണം. ഏത് വ്യവസായമേഖലയിലും ഇലക്ട്രോണിക്സ് അവിഭാജ്യഘടകമായതിനാല്‍ ഈ വിഷയത്തില്‍ ഐ.ടി.ഐ. യോഗ്യതയുള്ളവര്‍ക്ക് ഇഷ്ടം പോലെ ജോലി ലഭിക്കും. ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ. കഴിഞ്ഞവര്‍ക്ക് ഓയില്‍ ആന്‍ഡ് ഗ്യാസ് വ്യവസായം, ഷിപ്പയാര്‍ഡ് എന്നിവിടങ്ങളില്‍ ഇഷ്ടം പോലെ അവസരങ്ങളുണ്ട്. ഗള്‍ഫിലേക്ക് കടക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ എ.സി. മെക്കാനിക്ക്, വെല്‍ഡര്‍ ട്രേഡുകളില്‍ ഐ.ടി.ഐ. കോഴ്സ് ചെയ്യുന്നത് കൂടുതല്‍ ഗുണകരമാകും.

ജോലി എന്ന പ്രാഥമിക ലക്ഷ്യം മുന്‍നിര്‍ത്തിയാണല്ലോ ഓരോ വിദ്യാര്‍ഥിയും കോഴ്സ് തിരഞ്ഞെടുക്കുന്നതും പഠനം പൂര്‍ത്തിയാക്കുന്നതും. ഏത് കോഴ്സ് കഴിഞ്ഞാലാണ് വളരെപ്പെട്ടെന്ന് മികച്ചൊരു ജോലി കിട്ടുക എന്നത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സ്ഥിരമായി അലട്ടുന്ന ചോദ്യമാണ്. ഇതിന് മറുപടിയായി ചില കണക്കുകള്‍ പറയാം. ഓരോ വര്‍ഷവും പതിനഞ്ച് ലക്ഷത്തിലേറെ എഞ്ചിനിയറിങ് ബിരുദധാരികള്‍ കോഴ്സ് കഴിഞ്ഞിറങ്ങുന്നുണ്ട് നമ്മുടെ നാട്ടില്‍. കോഴ്സ് പൂര്‍ത്തിയാക്കുന്ന എം.ബി.ബി.എസുകാരുടെ എണ്ണം അര ലക്ഷത്തിനടുത്തുവരും. ഇനി കഴിഞ്ഞവര്‍ഷം ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി ഫൈനല്‍ പരീക്ഷ പാസായവരുടെ എണ്ണം കൂടിയറിയുക. നവംബറില്‍ നടന്ന സി.എ. ഫൈനല്‍ പരീക്ഷ എഴുതിയവരുടെ ആകെ എണ്ണം 42,469. ഇവരില്‍ 2,440 പേര് വിജയിച്ചു. പരീക്ഷയെഴുതിയവരില്‍ 5.75 ശതമാനം പേര് മാത്രമേ ജയിച്ചുള്ളൂ എന്നര്‍ഥം. വിജയശതമാനം തീരെക്കുറവാണെങ്കിലും ജയിച്ച 2,440 പേരെയും കാത്തിരിക്കുന്നത് ലക്ഷങ്ങള്‍ വാര്‍ഷികശമ്പളം ഉറപ്പായ മികച്ച ജോലി സാധ്യതകളാണ്. അല്പമൊന്നു കഠിനാധ്വാനം ചെയ്യാനും മനസിരുത്തി പഠിക്കാനും തയ്യാറാണെങ്കില്‍ ആ അഞ്ച് ശതമാനത്തിലൊരാളായി മാറാം. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പഠനം പൂര്‍ത്തിയാക്കിയ ഒരാള്‍ പോലും ജോലി തേടി അലയുന്നില്ലെന്ന കാര്യം കൂടി ഓര്‍ക്കണം. ഇതുപോലെ തന്നെയാണ് കമ്പനിസെക്രട്ടറി കോഴ്സ് പൂര്‍ത്തിയാക്കിയവരുടെ കാര്യവും. ഈയാഴ്ചത്തെ തൊഴില്വഴികളില് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി കോഴ്സുകളെ പരിചയപ്പെടുത്താം.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.) എന്ന സ്റ്റാറ്റിയൂട്ടറി സംവിധാനമാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്സും പരീക്ഷയും നടത്തി മികവുറ്റവരെ കണ്ടെത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.എ.ഐ. സെന്ററുകളിലായി ഒമ്പതു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ നിലവില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്സ് പഠിക്കുന്നുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഐ.സി.എ.ഐ. ശാഖകള്‍ പ്രവര്‍ത്തിക്കുന്നു.
കോമണ്‍ പ്രൊഫിഷ്യന്‍സി ടെസ്റ്റ് (സി.പി.ടി.) വിജയിക്കലാണ് സി.എക്കാരനാകുന്നതിനുള്ള ആദ്യകടമ്പ. പത്താം ക്ലാസ് കഴിഞ്ഞയുടന്‍ സി.പി.ടിക്ക് രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് പ്ലസ്ടു പഠനത്തിനൊപ്പം സി.പി.ടിക്കും പഠിക്കണം. പ്ലസ്ടുവും സി.പി.ടിയും ജയിച്ചാല്‍ മാത്രമേ സി.എയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാവൂ. പത്താം ക്ലാസ് കഴിഞ്ഞയുടന്‍ തന്നെ സി.പി.ടിക്ക് രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമൊന്നുമില്ല. എല്ലാവര്‍ഷവും ജൂണ്‍, ഡിസംബര്‍ മാസങ്ങളിലാണ് സി.പി.ടി. നടക്കുക. പരീക്ഷയുടെ മൂന്ന് മാസം മുമ്പ് രജിസ്റ്റര്‍ ചെയ്താല്‍ മതി. പക്ഷേ പഠിക്കാനുള്ള സമയം കിട്ടാനായി മിക്ക വിദ്യാര്‍ഥികളും പത്തു കഴിയുമ്പോള്‍ തന്നെ സി.പി.ടിക്ക് രജിസ്റ്റര്‍ ചെയ്യാറുണ്ട്. രണ്ടു വിഭാഗങ്ങളിലായി നാലുപരീക്ഷകളുണ്ടാകും സി.പി.ടിക്ക്. ആദ്യഭാഗത്തില്‍ ഫണ്ടമെന്റല്‍സ് ഓഫ് അക്കൗണ്ടിങ്, മെര്‍ക്കന്റൈല്‍ ലോ എന്നീ വിഷയങ്ങളും രണ്ടാം ഭാഗത്തില്‍ ജനറല്‍ ഇക്കണോമിക്സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് എന്നിവയും. പ്ലസ്ടുവിന് ഏതു വിഷയമെടുത്തവര്‍ക്കും സി.പി.ടി. എഴുതാമെങ്കിലും കൊമേഴ്സ് വിഷയം പഠിച്ചവര്‍ക്ക് സി.പി.ടി. പരീക്ഷ എളുപ്പത്തില്‍ വിജയിക്കാനാവും. പ്ലസ്ടുവിന് അവര്‍ പഠിച്ച അതേ വിഷയങ്ങളില്‍ നിന്നുതന്നെയാണ് സി.പി.ടിക്കും ചോദ്യങ്ങളുണ്ടാകുക എന്നതുകൊണ്ടാണിത്.
സി.പി.ടി. പാസായ വിദ്യാര്‍ഥികള്‍ക്ക് ഇന്റഗ്രേറ്റഡ് പ്രൊഫഷനല്‍ കോംപിറ്റന്‍സ് കോഴ്സ് (ഐ.പി.സി.സി.) ചേരാം. ഐ.സി.എ.ഐ. സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്തതിന് എട്ടുമാസത്തിനുശേഷമേ ഐ.പി.സി.സി. പരീക്ഷ എഴുതാനാകൂ. പഠനസാമഗ്രികള്‍ ഐ.സി.എ.ഐ. തപാല്‍ മാര്‍ഗം അയച്ചുതരും. ഇതില്‍ ഏഴു പേപ്പറുകളുള്ള രണ്ട് ഗ്രൂപ്പുകള്‍ പാസാകേണ്ടതുണ്ട്. അക്കൗണ്ടിങ്, ബിസിനസ് ലോ-എത്തിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, കോസ്റ്റ് അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്, ടാക്സേഷന്‍ എന്നീ നാലു പേപ്പറുകളാണ് ആദ്യ ഗ്രൂപ്പില്‍. രണ്ടാം ഗ്രൂപ്പില്‍ അഡ്വാന്‍സ്ഡ് അക്കൗണ്ടിങ്, ഓഡിറ്റിങ് ആന്‍ഡ് അഷ്വറന്‍സ്, ഐ.ടി. ആന്‍ഡ് സ്ട്രാറ്റജിക് മാനേജ്മെന്റ് എന്നീ പേപ്പറുകളുമുണ്ടാകും. രണ്ട് ഗ്രൂപ്പുകളില്‍ ഏതെങ്കിലുമൊന്ന് എഴുതിയെടുത്തവര്ക്ക് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാം.
ഐ.പി.സി.സിയുടെ ഏതെങ്കിലും ഒരു ഗ്രൂപ്പ് പാസായവര്‍ മൂന്നുവര്‍ഷത്തെ ആര്‍ട്ടിക്കിള്‍ഷിപ്പ് ട്രെയിനിങ് പൂര്‍ത്തിയാക്കണം. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ കൂടെ നിന്ന് പ്രായോഗികപരിശീലനം നേടലാണിത്. ഈ കാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത തുക പ്രതിമാസ സ്റ്റൈപ്പന്‍ഡ് ലഭിക്കും. മൂന്നു വര്‍ഷത്തിനുളളില്‍ ഐ.പി.സി.സിയുടെ രണ്ടാം ഗ്രൂപ്പ് എഴുതിയെടുക്കുകയും വേണം. ഈ സമയത്ത് തന്നെ വിദ്യാര്‍ഥികള്‍ക്ക് പ്രൈവറ്റായി ബി.കോം കോഴ്സിന് േചര്‍ന്ന് പഠിക്കുകയും ചെയ്യാം.
മൂന്ന് വര്‍ഷത്തെ ആര്‍ട്ടിക്കിള്‍ഷിപ്പ് ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് സി.എയുടെ അന്തിമഘട്ടമായ ഫൈനല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം. രണ്ട് ഗ്രൂപ്പുകളിലായി എട്ട് പരീക്ഷകളുണ്ടാകും ഫൈനലിന്. ആദ്യഗ്രൂപ്പില്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ്, സ്ട്രാറ്റജിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്, അഡ്വാന്‍സ്ഡ് ഓഡിറ്റിങ് ആന്‍ഡ് പ്രൊഫഷനല്‍ എത്തിക്സ്, കോര്‍പറേറ്റ് ആന്‍ഡ് അലൈഡ് ലോസ് എന്നിവയും രണ്ടാം ഗ്രൂപ്പില്‍ അഡ്വാന്‍സ്ഡ് മാനേജ്മെന്റ് അക്കൗണ്ടിങ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് കണ്ട്രോള് ആന്‍ഡ് ഓഡിറ്റ്, ഡയറകട് ടാക്സ് ലോസ്, ഇന്‍ഡയറക്ട് ടാക്സ് ലോസ് എന്നിവയുമുണ്ടാകും. രണ്ട് ഗ്രൂപ്പുകളിലും വിജയിക്കുന്നവര്‍ക്ക് ഐ.സി.എ.ഐയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി അംഗത്വം നല്‍കും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുന്നതിനും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനും നിയമപരമായ അംഗീകാരം നല്‍കുന്നതാണ് ഐ.സി.എ.ഐ. അംഗത്വം. സി.എ. പഠനത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്കിടയില്‍ 100 മണിക്കൂര്‍ നേരത്തെ ഐ.ടി. പരിശീലനം, 15 ദിവസത്തെ ജനറല്‍ മാനേജ്മെന്റ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് സ്കില്‍ കോഴ്സ് (ജി.എം.സി.എസ്.) എന്നിവ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇവയ്ക്കൊന്നും പരീക്ഷയില്ല. ഇതില്‍ പങ്കെടുക്കാത്തവര്‍ക്ക് ഫൈനല്‍ പരീക്ഷ എഴുതാനാവില്ലെന്നുമാത്രം.
സി.പി.ടിയുടെ രജിസ്ട്രേഷന് ഫീസ് ആറായിരം രൂപയും ഐ.പി.സി.സിയുടേത് ഒമ്പതിനായിരം രൂപയുമാണ്. ആര്ടിക്കിള്ഷിപ്പ് ട്രെയിനിങിന് രണ്ടായിരം രൂപയും ഫൈനല്‍ കോഴ്സ് പരീക്ഷയെഴുതാന്‍ പതിനായിരം രൂപയും ഫീസുണ്ട്. ഐ.ടി., ജി.എം.സി.എസ്. പരിശീലനങ്ങള്‍ക്കായി പതിനൊന്നായിരം രൂപയും ഫീസ് അടയ്ക്കണം. മറ്റ് ഫീസുകളും കൂടി മൊത്തം കോഴ്സ്ഫീസ് അമ്പതിനായിരം രൂപയ്ക്കടുത്താകും. വിവിധ ഐ.സി.എ.ഐ. സെന്ററുകളില്‍ നല്കുന്ന പരിശീലനത്തിന് വേറെ ഫീസ് നല്‍കണം. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഐ.സി.എ.ഐ. സ്കോളര്‍ഷിപ്പ് നല്കുന്നു. വികലാംഗവിഭാഗക്കാര്ക്കും സൈനിക-അര്‍ദ്ധസൈനിക വിഭാഗക്കാരുടെ മക്കള്‍ക്കും ഫീസിളവുമുണ്ട്.
കടക്കേണ്ടത് മൂന്ന് കടമ്പകള്‍
ഫൗണ്ടേഷന് പ്രോഗ്രാം, എക്സിക്യുട്ടീവ് പ്രോഗ്രാം, പ്രൊഫഷനല്‍ പ്രോഗ്രാം എന്നീ മൂന്ന് ഘട്ടങ്ങള്‍ കടന്നാലേ കമ്പനി സെക്രട്ടറി പദം സ്വന്തമാക്കാനാവൂ. ആദ്യഘട്ടമായ ഫൗണ്ടേഷന് പ്രോഗ്രാമിന് ചേരാന്‍ പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. എട്ട്മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്സിന്റെ പരീക്ഷ ഡിസംബറിലും ജൂണിലുമായി വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം നടക്കും. ഡിസംബറില്‍ പരീക്ഷയെഴുതേണ്ടവര്‍ അതേവര്‍ഷം മാര്‍ച്ച് 31ന് മുമ്പായും ജൂണില്‍ പരീക്ഷയെഴുതേണ്ടവര്‍ തലേവര്‍ഷം സപ്തംബര്‍ 31ന് മുമ്പായും രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് നടത്തി മൂന്നുവര്‍ഷത്തിനുളളില്‍ ഫൗണ്ടേഷന് പ്രോഗ്രാം വിജയിക്കുന്നവര്‍ക്കേ അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കൂ. ഇംഗ്ലീഷ് ആന്‍ഡ് ബിസിനസ് കമ്യൂണിക്കേഷന്‍, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, എലിമെന്റ്സ് ഓഫ് ബിസിനസ് ലോസ് ആന്‍ഡ് മാനേജ്മെന്റ് എന്നീ പാഠ്യവിഷയങ്ങളില്‍ നിന്നാണ് ഫൗണ്ടേഷന് പരീക്ഷയ്ക്ക് ചോദ്യങ്ങളുണ്ടാകുക.
ഫണ്ടേഷന് പരീക്ഷ വിജയിച്ചുകഴിഞ്ഞാല്‍ അടുത്ത കടമ്പയായ എക്സിക്യുട്ടീവ് പ്രോഗ്രാമിന് ചേരാം. ആര്‍ട്സ് വിഷയങ്ങളൊഴിച്ചുള്ള മറ്റേത് ഡിഗ്രി,പി.ജി.ക്കാര്‍ക്കും നേരിട്ട് എക്സിക്യുട്ടീവ് പ്രോഗ്രാമിന് പ്രവേശനം ലഭിക്കും. രണ്ട് മൊഡ്യൂളുകളാണ് എക്സിക്യൂട്ടീവ് പ്രോഗ്രാമിന് പഠിക്കാനുണ്ടാകുക. ആദ്യ മൊഡ്യൂളില്‍ ജനറല്‍ ആന്‍ഡ് കമേഴ്സ്യല്‍ ലോസ്, കമ്പനി അക്കൗണ്ട്സ് ആന്‍ഡ് കോസ്റ്റ് ആന്‍ഡ് മാനേജ്മെന്റ് അക്കൗണ്ടിങ്, ടാക്സ് ലോസ് എന്നിവയും രണ്ടാമത് മൊഡ്യൂളില്‍ കമ്പനി ലോ, ഇക്കണോമിക്, ലേബര്‍ ലോ, സെക്യൂരിറ്റി ലോ എന്നിവയും പഠിക്കാനുണ്ടാകും.
എക്സിക്യൂട്ടീവ് പ്രോഗ്രാമും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ അന്തിമഘട്ടമായ ഫൈനല്‍ പ്രോഗ്രാമിലേക്ക് പ്രവേശിക്കാം. നാല് മൊഡ്യൂളുകളില്‍ നിന്നുള്ള പാഠ്യവിഷയങ്ങളുണ്ടാകും ഫൈനല്‍ പരീക്ഷയ്ക്ക്. ആദ്യ മൊഡ്യൂളില്‍ കമ്പനി സെക്രട്ടേറിയല്‍ പ്രാക്ടീസ്, ഡ്രാഫ്റ്റിങ്, അപ്പിയറന്‍സസ്, പ്ലീഡിങ് എന്നിവയും രണ്ടാം മൊഡ്യൂളില്‍ ഫിനാന്‍ഷ്യല്‍, ട്രഷറി ആന്‍ഡ് ഫോറെക്സ് മാനേജ്മെന്റ്, കോര്‍പറേറ്റ് റീസ്ട്രക്ചറിങ് ആന്‍ഡ് ഇന്‍സോള്‍വന്‍സി എന്നിവയുമാണുണ്ടാകുക. മൂന്നാം മൊഡ്യൂളില്‍ സ്ട്രാറ്റജിക് മാനേജ്മെന്റ്, അലയന്‍സസ് ആന്‍ഡ് ഇന്റര്‍നാഷനല്‍ ട്രേഡ്, അഡ്വാന്‍സ്ഡ് ടാക്സ് ലോസ് ആന്‍ഡ് പ്രാക്ടീസ് എന്നീ വിഷയങ്ങളും അവസാന മൊഡ്യൂളില്‍ കോംപ്ലിയന്‍സ് മാനേജ്മെന്റ് ഗവേണന്‍സ്, ബിസിനസ് എത്തിക്സ് ആന്‍ഡ് സസ്റ്റെയിനബിലിറ്റി വിഷയങ്ങളും പഠിക്കാനുണ്ടാകും. ഈ പരീക്ഷയും വിജയിച്ചുകഴിഞ്ഞാല്‍ പിന്നെ നിശ്ചിത കാലയളവില്‍ പ്രായോഗിക പരിശീലനം നേടണം. അതും കൂടി കഴിയുന്നതോടെ കമ്പനി സെക്രട്ടറി പദവി സ്വന്തമാകും.
കമ്പനി സെക്രട്ടറി
ചാര്‍ട്ടേഡ് അക്കൗണ്ടന്‍സിക്ക് സമാനമായ പഠനരീതികളും പരീക്ഷാഘട്ടങ്ങളുമാണ് കമ്പനി സെക്രട്ടറിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ.) എന്ന സ്വയംഭരണസംവിധാനമാണ് കമ്പനി സെക്രട്ടറി കോഴ്സ് നടത്തുന്നത്. 50 ലക്ഷത്തിലേറെ മൂലധനത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളിലും കമ്പനി സെക്രട്ടറിയുടെ തസ്തികയുണ്ടായിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. കമ്പനി ഡയറക്ടര്‍മാര്‍, ഓഹരിയുടമകള്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവരെയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുപോകുക എന്നതാണ് കമ്പനി സെക്രട്ടറിയുടെ ജോലി. കമ്പനിയുടെ ഫിനാന്‍സ്, അക്കൗണ്ട്സ്, ലീഗല്‍, പേഴ്സണല്‍, അഡ്മിനിസ്ട്രേഷന് വിഭാഗങ്ങളുടെ പ്രവര്ത്തനമേല്നോട്ടച്ചുമതലയും കമ്പനി സെക്രട്ടറിയില്‍ നിക്ഷിപ്തം.
റസല്‍
കോള്‍ സെന്ററുകളില്‍ ജോലി നേടാന്‍
രാജ്യത്ത് ഉദയം കൊണ്ട ഏറ്റവും ‘പ്രായം കുറഞ്ഞ’ തൊഴില്‍മേഖലയാണ് കോള്‍ സെന്ററുകള്‍. വലിയ വിദ്യാഭ്യാസയോഗ്യതയൊന്നുമില്ലാത്തവര്ക്ക് പോലും മികച്ച തൊഴിലവസരങ്ങള്‍ ഒരുക്കുന്നു എന്നതാണ് കോള്‍ സെന്ററുകളുടെ പ്രത്യേകത. പണ്ടൊക്കെ ഇംഗ്ലീഷ് ഭാഷ മാത്രം സംസാരിക്കുന്ന കോള്‍ സെന്ററുകള്‍ മാത്രമേ ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ മലയാളമടക്കമുളള പ്രാദേശിക ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നിരവധി കോള്‍ സെന്ററുകള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലുമായി പ്രവര്‍ത്തിക്കുന്നു. ഇവിടെയൊക്കെയായി ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ജോലി ചെയ്യുന്നുമുണ്ട്. പുതിയ ഉത്പന്നങ്ങളും സേവനങ്ങളും നല്കുന്ന പലതരം കമ്പനികള്‍ വര്‍ഷാവര്‍ഷം വിപണിയിലേക്ക് കാലെടുത്തുവെക്കുന്നുണ്ട്. ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നുളള പരാതികളും അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമൊക്കെ സ്വീകരിക്കാനായി ഈ കമ്പനികളൊക്കെ കോള്‍ സെന്ററുകള്‍ക്ക് കരാര്‍ കൊടുക്കുന്നു. അതിനായി പ്രത്യേക ടോള്‍ ഫ്രീ നമ്പറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ടാകും. ഈ നമ്പറിലേക്ക് വിളിക്കുന്ന കോളുകളെല്ലാം കോള്‍ സെന്ററുകളിലേക്കാണ് എത്തുക. ഉപഭോക്താക്കളുടെ പരാതിയും പരിഭവങ്ങളുമൊക്കെ ക്ഷമാപൂര്‍വം കേട്ട് അതിനുളള പരിഹാരം നിര്‍ദേശിക്കാനായി 24 മണിക്കൂറും അവിടെ കോള്‍ സെന്റര്‍ എക്സിക്യുട്ടീവുമാര്‍ സേവനസന്നദ്ധരായുണ്ടാകും. 1988ല്‍ ജനറല്‍ ഇലക്ട്രിക്കല്‍സ് (ജി.ഇ.) എന്ന ബഹുരാഷ്ട്രകമ്പനിയാണ് രാജ്യത്ത് ആദ്യ കോള്‍സെന്റര്‍ സ്ഥാപിച്ചത്. പിന്നീടിങ്ങോട്ട് നൂറുകണക്കിന് കോള്‍സെന്ററുകള്‍ ഇവിടെ തുറക്കപ്പെട്ടു. ഡല്‍ഹിക്കടുത്തുളള ഗുഡ്ഗാവ്, മുംബൈയ്ക്ക് സമീപമുള്ള നോയ്ഡ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായിരുന്നു ആദ്യകാലത്തെ കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ബിസിനസ് വിപുലീകരിച്ചതോടെ ബാംഗ്ലൂരിലും ചെന്നൈയിലും കൊച്ചിയിലുമൊക്കെ കോള്‍സെന്ററുകള്‍ തുറക്കപ്പെട്ടു. ഇന്ന് കോഴിക്കോടും തൃശൂരും തിരുവനന്തപുരത്തുമൊക്കെ ഐ.ടി. പാര്‍ക്കുകളുടെ ഭാഗമായി കോള്‍സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ പല സെന്ററുകളും കൈകാര്യം ചെയ്യുന്നത് വിദേശ കമ്പനികളുടെ ഇടപാടുകളാണ്. അമേരിക്കയിലോ ജര്‍മനിയിലോ ജീവിക്കുന്ന ഒരു ഉപഭോക്താവ് താന്‍ വാങ്ങിയ ഉത്പന്നത്തെക്കുറിച്ചുള്ള പ്രശ്നങ്ങള്‍ പറയാന്‍ വിളിക്കുന്ന കോള്‍ നേരെയെത്തുന്നത് കാക്കനാടോ കഴക്കൂട്ടത്തോയുള്ള കോള്‍ സെന്ററുകളിലേക്കാകാം. ഇംഗ്ലീഷോ മറ്റേതെങ്കിലും വിദേശഭാഷയോ അറിയുന്നവര്‍ക്ക് മാത്രമേ കോള്‍ സെന്റര്‍ എക്സിക്യുട്ടീവായി ജോലി ലഭിക്കൂ എന്ന് കരുതരുത്. മലയാളം മാത്രം സംസാരിക്കാന്‍ അറിയാവുന്നവര്‍ക്കും ഇവിടെ ജോലി സാധ്യതകളുണ്ട്. മാരുതി പോലുള്ള വാഹനക്കമ്പനികള് എല്ലാ ഭാഷകളിലേക്കുമായി പ്രത്യേകം കോള്‍സെന്ററുകള്‍ ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ കമ്പനികള്‍ പ്രാദേശികവത്കരണത്തിലേക്ക് തിരിഞ്ഞുകൊണ്ടിരിക്കുകയാണ്.
ആരാണീ കോള്‍ സെന്റര്‍ എക്സിക്യുട്ടീവ്?
കോള്‍ സെന്ററുകളിലേക്ക് രാവും പകലും വരുന്ന ടെലിഫോണ്‍ കോളുകള്‍ സ്വീകരിച്ച് ഉപയോക്താക്കളോട് മറുപടി പറയാന്‍ നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്കുളള പേരാണ് കോള്‍ സെന്റര്‍ എക്സിക്യുട്ടീവ്. താന്‍ കൈകാര്യം ചെയ്യുന്ന കമ്പനിയുടെ ഉത്പന്നത്തെക്കുറിച്ചോ സേവനത്തെക്കുറിച്ചോയുള്ള മുഴുവന്‍ വിവരങ്ങളും ഇയാള്‍ അറിഞ്ഞിരിക്കണം. ഉപയോക്താക്കളുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്ത് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കേണ്ടത് ഇവരുടെ ഉത്തരവാദിത്തമാണ്. മുമ്പൊക്കെ ഫോണ്‍ കോളുകള്‍ക്ക് മറുപടി പറഞ്ഞാല്‍ തീരുന്ന ജോലിയായിരുന്നു കോള്‍ സെന്റര്‍ എക്സിക്യുട്ടീവിന്റേത്. എന്നാല്‍ ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ഫോണുകളുടെയും വ്യാപനത്തോടെ ഇ-മെയിലായും എസ്.എം.എസ്. ആയും വരുന്ന സന്ദേശങ്ങള്‍ക്ക് കൂടി ഇപ്പോഴിവര് മറുപടി നല്‍കണം. ഉപഭോക്താക്കളുടെ ഫോണ്‍ വിളി സ്വീകരിക്കുക മാത്രമല്ല ചിലപ്പോള്‍ അവരെ അങ്ങോട്ടുവിളിച്ച് വിവരങ്ങള്‍ തിരക്കേണ്ടിയും വരും. പുതിയൊരു ബൈക്കോ കാറോ എടുത്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അതിന്റെ പ്രവര്‍ത്തനമികവിനെക്കുറിച്ചും ഡീലറുടെ സേവനസന്നദ്ധതയെക്കുറിച്ചും അന്വേഷിച്ചുകൊണ്ട് ഫോണ്‍ കോളുകള്‍ വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഇന്ന കമ്പനിയില്‍ നിന്നാണ് വിളിക്കുന്നതെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് അവര്‍ സംസാരം തുടങ്ങുകയെങ്കിലും അവരൊന്നും കമ്പനിയുടെ ജീവനക്കാരല്ല എന്നതാണ് സത്യം. ‘കസ്റ്റമര്‍ ഫീഡ്ബാക്ക്’ ശേഖരിക്കാനായി വാഹനക്കമ്പനിയില്‍ നിന്ന് കരാര്‍ നേടിയ ഏതോ കോള്‍സെന്ററിലെ എക്സിക്യുട്ടീവാണ് നമ്മളോട് സംസാരിക്കുന്നത്. വാഹന നിര്‍മാതാക്കള്‍ക്ക് മാത്രമല്ല ബാങ്കുകള്‍ക്കും വിമാനക്കമ്പനികള്‍ക്കും ഓണ്‍ലൈന്‍ റീടെയ്ല്‍ സൈറ്റുകള്‍ക്കുമൊക്കെ വേണ്ടി കോള്‍സെന്റര്‍ എക്സിക്യുട്ടീവുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കൈയില്‍ വേണ്ടതെന്തെല്ലാം?
തുടക്കത്തില്‍ പറഞ്ഞതുപോലെ വലിയ വിദ്യാഭ്യാസയോഗ്യതയോ സര്‍ട്ടിഫിക്കറ്റുകളുടെ കൂമ്പാരമോ ഒന്നും വേണ്ട കോള്‍ സെന്റര്‍ എക്സിക്യുട്ടീവായി ജോലി നേടാന്‍. പ്ലസ്ടു യോഗ്യത മാത്രമേ മിക്ക കോള്‍സെന്ററുകളും നിഷ്കര്‍ഷിക്കുന്നുള്ളൂ. എന്നുകരുതി പ്ലസ്ടു പാസായ ഏത് മണ്ടനും എളുപ്പത്തില്‍ കോള്‍ സെന്റര്‍ എക്സിക്യുട്ടീവാകാന് സാധിക്കുമെന്ന് കരുതരുത്. ഇംഗ്ലീഷിലോ മലയാളത്തിലോയുള്ള നല്ല ആശയവിനിമയശേഷി, കമ്പ്യൂട്ടര്‍ പ്രവൃത്തിപരിചയം, ടൈപ്പിങ് വേഗം എന്നിവയൊക്കെ ഇവര്‍ക്ക് നിര്‍ബന്ധമായും വേണം. മറ്റൊരു പ്രധാനകാര്യം ക്ഷമയോടെ കാര്യങ്ങള്‍ കേള്‍ക്കാനുള്ള കഴിവും വിനയത്തോടെ മറുപടി പറയാനുള്ള സന്നദ്ധതയുമാണ്. കോള്‍ സെന്ററുകളിലേക്ക് വിളിക്കുന്നവരില്‍ പല തരക്കാരുമുണ്ടാകും എന്നോര്‍ക്കുക. ചിലപ്പോളവര് മിനുട്ടുകളോളം സംസാരിച്ചുകൊണ്ടേയിരിക്കും, ചിലര്‍ കയര്‍ത്ത് സംസാരിക്കാനും തട്ടിക്കയറാനും ശ്രമിച്ചെന്നുവരാം. അപ്പോഴൊക്കെ സമനില വിട്ട് പെരുമാറാതെ ക്ഷമയും വിനയവും പുലര്‍ത്തുന്നവനാണ് മികച്ച കോള്‍ സെന്റര്‍ എക്സിക്യുട്ടീവ്. ഉപയോക്താവ് എത്ര തന്നെ മോശമായി സംസാരിച്ചാലും അതേരീതിയില്‍ മറുപടി പറയാന്‍ എക്സിക്യുട്ടീവിന് അധികാരമില്ല. അങ്ങനെ ഒരു തവണയെങ്കിലും സംഭവിച്ചാല്‍ പിറ്റേദിവസം അവന് പണിയുണ്ടാകില്ല എന്ന കാര്യവും ഉറപ്പ്. ഉപയോക്താവും കോള്‍ സെന്റര്‍ എക്സിക്യൂട്ടീവും തമ്മില്‍ നടക്കുന്ന സംഭാഷണങ്ങളത്രയും റെക്കോഡ് ചെയ്തശേഷം അവ പരിശോധിക്കുകയെന്നത് കോള്‍ സെന്റര്‍ മാനേജരുടെ ജോലിയാണ്. മോശമായ ഒരു വാക്കോ വാചകമോ മതി എക്സിക്യുട്ടീവിന്റെ ജോലി തെറിക്കാന്‍.
ഇന്റര്‍നാഷണല്‍ കോളുകള്‍ കൈകാര്യം ചെയ്യുന്ന കോള്‍ സെന്ററുകളിലാണ് ജോലി ലഭിച്ചതെങ്കിലും രാവും പകലുമുള്ള ഷിഫ്റ്റുകളില്‍ ജോലി ചെയ്യേണ്ടിവരും. നമ്മുടെ നാട്ടില്‍ രാത്രിയായിരിക്കുന്ന സമയത്തായിരിക്കും വിദേശരാജ്യങ്ങളില്‍ പകല്‍ എന്നതുകൊണ്ടാണിത്.
എന്ത് പഠിക്കണം?
കോള്‍ സെന്റര്‍ എക്സിക്യുട്ടീവാകാനുള്ള യോഗ്യത സമ്മാനിക്കുന്ന കോഴ്സുകള്‍ രാജ്യത്തൊരു സര്‍വകലാശാലയും നടത്തുന്നില്ല. ചില സ്വകാര്യ സ്ഥാപനങ്ങള്‍ മാത്രമേ ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ വേണ്ട കാര്യങ്ങള്‍ പഠിപ്പിക്കുന്നുള്ളൂ. ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്തശേഷം അവര്‍ക്ക് വിശദമായ പരിശീലനം നല്കി മികച്ച എക്സിക്യുട്ടീവുകളായി മാറ്റുകയാണ് ഇപ്പോള്‍ എല്ലാ കോള്‍ സെന്ററുകളും ചെയ്യുന്നത്. അതിനായി പ്രത്യേക പരിശീലന വിഭാഗം തന്നെ കോള്‍സെന്ററുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.
ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് കോള്‍ സെന്ററുകള്‍ പുതിയ ജോലിക്കാരെ റിക്രൂട്ട് ചെയ്യുക. ഇങ്ങനെ ജോലിക്കെടുക്കുന്നവര്‍ക്ക് രണ്ടാഴ്ച മുതല്‍ പന്ത്രണ്ട് ആഴ്ചകള്‍ വരെ നീളുന്ന പരിശീലനപരിപാടിയുണ്ടാകും. വിവിധ ഭാഷാശൈലികള്‍, ടെലിഫോണ്‍ സംഭാഷണത്തിനിടെ പുലര്‍ത്തേണ്ട സാമാന്യ മര്യാദ, ഉപയോക്താക്കളുമായി സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കമ്പ്യൂട്ടര്‍ പരിശീലനം എന്നിവയൊക്കെ പരിപാടിയുടെ ഭാഗമായുണ്ടാകും. എത് കമ്പനിക്ക് വേണ്ടിയാണോ റിക്രൂട്ട് ചെയ്യപ്പെട്ടത് ആ കമ്പനിയുടെ മുഴുവന്‍ ഉത്പന്നങ്ങളുടെ വിശദാംശങ്ങളും ചെറിയ തകരാറുകള്‍ പരിഹരിക്കാനുള്ള വിദ്യകളുമെല്ലാം ഇവരെ പഠിപ്പിക്കും. ഉപയോക്താക്കളില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് അവ അതിവേഗത്തില്‍ കമ്പ്യൂട്ടറിലേക്ക് കയറ്റാനായുള്ള ടൈപ്പിങ് പരിശീലനവും ഇവര്‍ക്ക് നല്‍കും. ഇങ്ങനെ ഓരോ മേഖലകളിലും കൃത്യമായ പരിശീലന പരിപാടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഇവരെ ഉപയോക്താക്കളുടെ ടെലിഫോണ്‍ കോളുകള്‍ സ്വീകരിക്കാന്‍ നിയോഗിക്കപ്പെടൂ.
എവിടെ പഠിക്കണം?
കോള്‍ സെന്റര്‍ എക്സിക്യൂട്ടീവ് പരിശീലനം നല്കുന്ന സ്വകാര്യസ്ഥാപനങ്ങള്‍ വന്‍നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് മാസം മുതല്‍ ഒരുവര്‍ഷം വരെ ദൈര്‍ഘ്യമുള്ള പല കോഴ്സുകളും ഇവിടെ നടക്കുന്നു. പല ഇന്‍സ്റ്റിറ്റ്യൂട്ടുകളും പ്രമുഖ കോള്‍സെന്ററുകളുമായി ടൈ-അപ്പിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ കോഴ്സ് കഴിഞ്ഞിറങ്ങിയാല്‍ ജോലി നൂറു ശതമാനവും ഉറപ്പാണെന്ന് ഈ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അവകാശപ്പെടുന്നു. ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ശാഖകളുളള എഡ്യുടെക് ഇന്ത്യയാണ് കോള്‍സെന്റര്‍ പരിശീലനം നല്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനം. നോയ്ഡയിലെ നോര്‍ത്ത് സ്റ്റാര്‍ കോള്‍ സെന്റര്‍ കോളേജ്, ബാംഗ്ലൂര്‍ ഇന്‍ഫന്‍ട്രി റോഡിലുള്ള ജെ.ടി.എസ്. ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ പ്രോ-എഡ്ജ് സൊല്യൂഷന്‍സ് എന്നീ സ്ഥാപനങ്ങളും കോള്‍സെന്റര്‍ എക്സിക്യൂട്ടീവ് ട്രെയിനിങ് പ്രോഗ്രാമുകള്‍ നടത്തുന്നു.
ഏറുന്ന തൊഴിലവസരങ്ങള്‍
ബിസിനസ് ഇടപാടുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് കരാര്‍ നല്കുന്ന സമ്പ്രദായമായ ബിസിനസ് പ്രൊസസ് ഔട്ട് സോഴ്സിങ് (ബി.പി.ഒ.) എന്ന വിഭാഗത്തില്‍ പെടുന്ന സേവനമേഖലയാണ് കോള്‍ സെന്ററുകള്‍. ഇംഗ്ലീഷും മറ്റ് ഭാഷകളും സംസാരിക്കാനറിയാവുന്ന ധാരാളം പേര് ഇവിടെയുള്ളതുകൊണ്ടും താരതമ്യേനെ കുറഞ്ഞ വേതനം നല്കിയാല് മതി എന്നുള്ളതുകൊണ്ടും ഇന്ത്യയിലേക്ക് ബി.പി.ഒ. ജോലികള്‍ നല്കാന് ബഹുരാഷ്ട്ര കുത്തകകള്‍ മത്സരിക്കുകയാണ്. അതിന്റെ ഭാഗമായി കോള്‍സെന്റര്‍ കരാറുകളും ഇന്ത്യയിലേക്ക് ധാരാളമായി വരുന്നുണ്ട്. ഈ സാഹചര്യം മുതലാക്കാനായി ഇന്‍ഫോസിസ്, വിപ്രോ, ടി.സി.എസ്. തുടങ്ങിയ വമ്പന്‍ കമ്പനികളെല്ലാം ബി.പി.ഒ. സ്ഥാപനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇവിടേക്കൊക്കെയായി ധാരാളം പേരെ വര്‍ഷാവര്‍ഷം റിക്രൂട്ട് ചെയ്യുന്നുണ്ട്. വമ്പന്‍ കമ്പനികള്‍ക്ക് പുറമെ കേരളത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ വരെ ഇപ്പോള്‍ കോള്‍സെന്ററുകളുടെ സഹായം തേടുന്നു. അതുകൊണ്ട് തന്നെ കോള്‍ സെന്ററുകളില്‍ ജോലി നേടുകയെന്നത് ഒട്ടും പ്രയാസകരമായ കാര്യമല്ല. തുടക്കക്കാര്‍ക്ക് 6000 മുതല്‍ 12000 രൂപ വരെയാണ് കോള്‍ സെന്ററുകളില്‍ ലഭിക്കുന്ന ശമ്പളം. പ്രവര്‍ത്തനപരിചയം കൂടുന്നതനുസരിച്ച് ശമ്പളത്തിലും വര്‍ധനവുണ്ടാകും. ഈ രംഗത്ത് നാലോ അഞ്ചോ വര്‍ഷം ജോലി ചെയ്താല്‍ കോള്‍ സെന്റര്‍ സൂപ്പര്‍വൈസറായി സ്ഥാനക്കയറ്റം ലഭിക്കും. അടുത്ത പ്രമോഷന് കോള്‍ സെന്റര്‍ മാനേജരായിട്ടായിരിക്കും. കോള്‍ സെന്ററുകളില്‍ നിന്ന് ലഭിച്ച പ്രവര്‍ത്തനപരിചയം വെച്ച് വമ്പന്‍ കമ്പനികളുടെ ടെലിമാര്‍ക്കറ്റിങ് വിഭാഗങ്ങളില്‍ ജോലി നേടിപ്പോകുന്നവരും ധാരാളമായുണ്ട്.
റസല്‍
കടപ്പാട്-http:risalaonline.com

Popular Post
- How I check my (Resident Identity) Iqama Renewed or not?
- How I register my Enginering Degree in Saudi Council of Engineers?
- How can I check my Iqama transferred to my new sponsor ?
- How i can check my Iqama Issued or not? New comer.
- How can I check my exit re-entry status in Saudi Arabia?
- How can I apply for a family visit visa inSaudi Arabia?
- How can I apply for a Permanent Family Visa in Saudi Arabia?
- How can I check and print my exit re-entry visa in Saudi Arabia by Muqeem?
- How to update my Iqama number to SAWA mobile.شركة الاتصالات السعودية
- How i check my iqama expiry date?
Popular Posts
Popular Posts
-
കേരളം ഇന്ത്യയുടെ 'ഡിവോർസ് ക്യാപിറ്റൽ'... Column By K Narayananകെ.നാരായണൻ Oct 6, 2014: ഒരു നാണയത്തിന് രണ്ടു വശം എന്നത് പോലെ തന...
-
ഒരു സര് ക്കസ് കൂടാരത്തില്‍ രണ്ടു സിംഹങ്ങള്‍ ഉണ്ടായിരുന്നു .. വളരെ ചെറിയ പ്രായം മുതല്‍ ആ സിംഹങ്ങള്‍ വളര് ന്നത് ...
-
എനെ കുറിച്ച് ചിന്തിച്ചപ്പോൾ ആദ്യം ഓര്മ വന്നത് ശരീരത്തിലെ ടോപ് അവയവമായ തലയെ കുറിച്ചാണ്. അപ്പോ പിണെ കാത്തുനിന്നില്ല തലയിലെ മര്‍മ്മപ്രധാനമായ ...
-
കുഞ്ഞുങ്ങള്‍ മുതല്‍ പ്രായംചെന്നവര്‍ വരെയുള്ളവരെ ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് തലയിലെ താരന്. മുടിചീകുമ്പോള്‍ തലയോട്ടിയോട് ചേര്ന്നുകി...
-
KERALA GOVERNMENT DEPARTMENTS DEPARTMENTS WEBSITES Agriculture Department http://www.keralaagriculture.gov.in/ http://www....
Popular Posts
Top 19 Posts in My Blog CMKONDOTTY |
How can I apply for a Permanent Family Visa in Saudi Arabia? |
|
|
|
|
|
|
|
മാറ്റം നിങ്ങളുടെ മനോഭാവം |
|
|
|
ഡിപ്രെഷൻ (വിഷാദരോഗം) |