പഠനസാധ്യതാ വിഭാഗങ്ങള്‍ - 04


വെബ് തുറക്കും അവസരങ്ങള്‍
കണ്ണറിഞ്ഞ് കരിയര്‍
ഉയര്‍ച്ചതാഴ്ചകള്‍ അറിയും ജോലി
ഗ്രാഫിക് ഡിസൈനിങ്:സാധ്യതകളുടെ കല
മനസറിഞ്ഞ് തൊഴില്‍
കോളേജില്‍ കയറാതെ ഉന്നതപഠനം
ജീവിതം പുസ്തകങ്ങള്‍ക്കായി


വെബ് തുറക്കും അവസരങ്ങള്‍

ലോകം മുഴുവന്‍ ഒരു വലക്കീഴിലാക്കി മുന്നേറുകയാണ് വേള്‍ഡ് വൈഡ് വെബ് എന്ന ഇന്റര്‍നെറ്റ്. ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ ഒരു ദിവസം പോലും മനുഷ്യര്‍ക്ക് ജീവിക്കാന്‍ പറ്റില്ല എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇന്റര്‍നെറ്റ് സാര്‍വത്രികമായതോടെ വെബ്‌സൈറ്റുകളുടെ എണ്ണവും പെരുകിക്കൊണ്ടിരിക്കുന്നു. ഓരോ ദിവസവും ആയിരക്കണക്കിന് വെബ്‌സൈറ്റുകള്‍ പുതുതായി തുറക്കപ്പെടുന്നു. നമ്മുടെ നാട്ടില്‍ തന്നെ മീന്‍വില്പന തൊട്ട് സ്ഥലക്കച്ചവടം വരെ ഓണ്‍ലൈനിലൂടെ നടക്കുന്നുണ്ട്. സ്വന്തമായി വെബ്‌സൈറ്റില്ലാത്ത ഒരു സ്ഥാപനവും ഇപ്പോഴില്ല. സ്വകാര്യ കമ്പനികളും സര്‍ക്കാര്‍ വകുപ്പുകളുമെല്ലാം വെബ്‌സൈറ്റുകള്‍ തുറന്ന് തങ്ങളുടെ വില്പന-സേവനശൃംഖല വിപുലപ്പെടുത്താന്‍ മത്സരിക്കുകയാണിപ്പോള്‍.

ഒരൊറ്റ മൗസ്‌ക്ലിക്കില്‍ ഒരു വെബ്‌സൈറ്റ് തുറന്നുവരുമെങ്കിലും അതിന് പിന്നിലെ അധ്വാനം ഒരാളുടേത് മാത്രമല്ല. ഒരു സംഘം ആളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഓരോ വെബ്‌സൈറ്റും പിറവിയെടുക്കുന്നത്. ഇന്റര്‍നെറ്റിന് (വേള്‍ഡ് വൈഡ് വെബ്) വേണ്ടിയോ ഇന്‍ട്രാനെറ്റിന് (സ്വകാര്യ നെറ്റ്‌വര്‍ക്ക്) വേണ്ടിയോ ഒരു വെബ്‌സൈറ്റ് വികസിപ്പിച്ചെടുക്കുന്നതിനെ വിശാലാര്‍ഥത്തില്‍ വിളിക്കുന്ന പേരാണ് വെബ് ഡെവലപ്‌മെന്റ്. ഒരു വെബ്‌സൈറ്റിന്റെ ആസൂത്രണ, വികസന, പരിപാലന ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയെല്ലാം വെബ് ഡവലപ്പര്‍മാര്‍ എന്ന് വിശേഷിപ്പിക്കുന്നു. വെബ് ഡിസൈനിങ്, വെബ് കണ്ടന്റ് ഡെവലപ്‌മെന്റ്, ക്ലയന്‍്-സൈഡ്/സെര്‍വര്‍-സൈഡ് സ്‌ക്രിപ്റ്റിങ്, നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി കോണ്‍ഫിഗറേഷന്‍ എന്നിവയെല്ലാം വെബ് ഡെവലപ്പിങിന്റെ കീഴില്‍ വരുന്ന ജോലികളാണ്. അങ്ങനെ പറയുമ്പോഴും വെബ്‌ഡെവലപ്പിങില്‍ പ്രധാനമായും ഉള്‍പ്പെടുന്നത് റൈറ്റിങ് മാര്‍ക്കപ്പ്, കോഡിങ് എന്നീ അടിസ്ഥാന ജോലികളാണ്. സൈറ്റിന്റെ രൂപകല്പനയും അതിലെ ഉള്ളടക്കവുമെല്ലാം നിശ്ചയിക്കേണ്ട ജോലി വെബ് ഡിസൈനിങ് എന്ന പേരിലും അറിയപ്പെടുന്നു.

ആരാണീ വെബ് ഡെവലപ്പര്‍?
വെബ്‌സൈറ്റുകള്‍ വികസിപ്പിച്ചെടുക്കാന്‍ ശാസ്ത്രീയമായ പരിശീലനം ലഭിച്ചവരെയാണ് വെബ് ഡെവലപ്പര്‍ എന്ന് വിളിക്കുന്നത്. വെബ്‌സൈറ്റുകളുടെ അസ്ഥിവാരം നിര്‍മിക്കുന്ന ശില്പികളാണിവര്‍. ഈ അസ്ഥിവാരത്തിന്റെ മുകളിലാണ് വെബ് ഡിസൈനര്‍മാരും കണ്ടന്റ് എഡിറ്റര്‍മാരും അവരുടെ ജോലി ചെയ്ത് വെബ്‌സൈറ്റിനെ പൂര്‍ണതയിലേക്കെത്തിക്കുക. വെബ്‌സൈറ്റിലേക്ക് പ്രവേശിക്കുന്ന ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് വെബ്‌സൈറ്റിനെ പ്രവര്‍ത്തിപ്പിക്കാന്‍ പഠിപ്പിക്കുകയാണ് വെബ് ഡെവലപ്പറുടെ ജോലി. ഇതിനായി അയാള്‍ സോഫ്റ്റ്‌വേറും കമ്പ്യൂട്ടര്‍ ലാംഗ്വേജുകളുമൊക്കെ ഉപയോഗിക്കുന്നു.

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, പ്രോജക്ട് മാനേജര്‍മാര്‍, കണ്ടന്റ് ഡെവലപ്പമാര്‍, വെബ് ഡിസൈനര്‍ എന്നിവരുള്‍പ്പെടുന്ന ടീമിനൊപ്പമായിരിക്കും വെബ് ഡെവലപ്പര്‍ക്ക് പ്രവര്‍ത്തിക്കേണ്ടിവരിക. ഒരൊറ്റ പേജുളള സാധാരണ വെബ്‌സൈറ്റ് മുതല്‍ നൂറുകണക്കിന് പേജുകളും ആയിരക്കണക്കിന് ലിങ്കുകളുമുള്ള വെബ്‌സൈറ്റുകള്‍ വരെ വെബ് ഡവലപ്പര്‍മാര്‍ക്ക് വികസിപ്പിച്ചെടുക്കേണ്ടിവരും. റെയില്‍വേയുടെ ടിക്കറ്റിങ് ബുക്കിങ് സൈറ്റായ www.irctc.co.in എന്ന വെബ്‌സൈറ്റ് കണ്ടിട്ടില്ലേ. ഓരോ നിമിഷവും പതിനായിരക്കണക്കിന് ആളുകള്‍ പ്രവേശിക്കുന്ന, മണിക്കൂറില്‍ ആയിരക്കണക്കിന് ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെടുന്ന പടുകൂറ്റന്‍ വെബ്‌സൈറ്റാണിത്. ഇരുപത്തിനാല് മണിക്കൂറും മുടക്കമില്ലാതെ ആ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ നിരവധി വെബ്ഡവലപ്പര്‍മാര്‍ അതിന് പിന്നില്‍ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നറിയുക. ഓരോദിവസവും കോടിക്കണക്കിന് രൂപയുടെ സാമ്പത്തികഇടപാടുകള്‍ ഐ.ആര്‍.ടി.സി. വെബ്‌സൈറ്റിലൂടെ നടക്കുന്നുണ്ട്. എന്നിട്ടും ഒരാളുടെയും ഒരുരൂപ പോലും നഷ്ടപ്പെടുകയോ മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് മാറിപ്പോകുകയോ ചെയ്യുന്നില്ല എന്നത് ആ വെബ്‌സൈറ്റിന്‍െ കിടയറ്റ സുരക്ഷാസംവിധാനത്തെയാണ് സൂചിപ്പിക്കുന്നത്. ഇതുപോലെ കുറ്റമറ്റ രീതിയിലുളള വെബ്‌സൈറ്റുകള്‍ വികസിപ്പിച്ചെടുക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് വെബ് ഡെലപ്പര്‍മാരെ കാത്തിരിക്കുന്നത്.

കൈയില്‍ വേണ്ടതെന്തല്ലാം?
വെബ് ഡവലപ്പര്‍ക്ക് അടിസ്ഥാനമായി വേണ്ടത് കമ്പ്യൂട്ടറിലുള്ള പ്രവൃത്തിപരിചയം തന്നെയാണ്. അതിന് പുറമെ ആവശ്യമായി വരുന്ന ചില സ്വഭാവസവിശേഷതകള്‍ കൂടിയുണ്ട്. മികച്ച ആശയവിനിമയശേഷി, ഒറ്റയ്‌ക്കോ ഒരു ടീമായോ പ്രവര്‍ത്തിക്കാനുളള സന്നദ്ധത, വിശദാംശങ്ങള്‍ ചോദിച്ചറിയുന്നതിനും പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിനുമുള്ള കഴിവ്, ക്ഷമ എന്നിവയാണത്. പത്ത് മുതല്‍ അഞ്ച് വരെ നീളുന്ന ഓഫീസ് ജോലി സമയമല്ല ഇവരുടേത്. പലപ്പോഴും ഒരു പ്രോജക്ട് നിശ്ചിതസമയത്തിനുള്ളില്‍ ചെയ്തുതീര്‍ക്കാനായി ഏറെ വൈകിയും ജോലി ചെയ്യേണ്ടി വന്നേക്കാം. ചെറിയ തകരാറുകള്‍ മതി ഒരു വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം പാടേ സ്തംഭിക്കാന്‍. അത്തരം സന്ദര്‍ഭങ്ങളില്‍ മനസ് മടുക്കാതെ കുത്തിയിരുന്ന് വെബ്‌സൈറ്റിന്റെ ഓരോ ഭാഗവും പ്രത്യേകം പരിശോധിച്ച് തകരാറുകള്‍ കണ്ടെത്തേണ്ടിവരും. ഒട്ടും എളുപ്പമുള്ള കാര്യമല്ല അത്. അനുദിനം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് ഇന്റര്‍നെറ്റ്. അതിനാല്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനും പരിശീലിക്കാനുമുളള സന്നദ്ധതയും വെബ് ഡെവലപ്പര്‍മാര്‍ക്ക് അത്യാവശ്യമാണ്.

എന്ത് പഠിക്കണം?
വെബ്‌പേജുകള്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട മാര്‍ക്ക്അപ്പ് ലാംഗ്വേജായ എച്ച്.ടി.എം.എല്‍. (ഹൈപ്പര്‍ ടെക്‌സ്റ്റ് മാര്‍ക്ക്അപ്പ് ലാംഗ്വേജ്) അറിയുന്ന ആര്‍ക്കും മുമ്പ് വെബ് ഡെവലപ്പര്‍മാരായി ജോലി നോക്കാമായിരുന്നു. ഇന്‍ഫര്‍മോഷന്‍ ടെക്‌നോളജി രംഗം വികസിച്ചതോടെ എച്ച്.ടി.എം.എല്‍. മാത്രമറിഞ്ഞാല്‍ വെബ് ഡെവലപ്പര്‍മാരാകാന്‍ സാധിക്കില്ല എന്ന സ്ഥിതിയാണിപ്പോള്‍. കമ്പ്യൂട്ടര്‍ സയന്‍സിലോ ഐ.ടിയിലോ ബി.എസ്.സി./ബി.ടെക് കോഴ്‌സ് കഴിഞ്ഞവരെയാണ് ഇപ്പോള്‍ പ്രമുഖ കമ്പനികളെല്ലാം വെബ് ഡെവലപ്പര്‍മാരായി റിക്രൂ്ട്ട് ചെയ്യുന്നത്. ബി.സി.എ., എം.സി.എ. യോഗ്യതയുള്ളവര്‍ക്കും ഈ രംഗത്തേക്ക് പ്രവേശിക്കാനാകും.

എച്ച്.ടി.എം.എല്ലിന് പുറമെ മറ്റ് മാര്‍ക്ക്അപ്പ് ലാംഗ്വേജുകളായ എക്‌സ്.എം.എല്‍., എക്‌സ്.എച്ച്.ടി.എം.എല്‍., സെര്‍വര്‍ സൈഡ് സ്‌ക്രിപ്റ്റിങ് ലാംഗ്വേജുകളായ എ.എസ്.പി. (ആക്റ്റീവ് സെര്‍വര്‍ പേജസ്), പി.എച്ച്.പി. (ഹൈപ്പര്‍ടെക്‌സ്റ്റ് പ്രീപ്രൊസസര്‍) സ്‌റ്റൈല്‍ ഷീറ്റ് ലാംഗ്വേജായ കാസ്‌കേഡിങ് സ്‌റ്റൈല്‍ ഷീറ്റ് (സി.എസ്.എസ്.) എന്നിവയും വെബ് ഡെവലപ്പര്‍മാര്‍ അറിഞ്ഞിരിക്കണം. പേര് കേള്‍ക്കുമ്പോള്‍ അല്പം കടുപ്പം തോന്നുമെങ്കിലും ഐ.ടി. കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കെല്ലാം സുപരിചിതമാണീ കമ്പ്യൂട്ടര്‍ ലാംഗ്വേജുകള്‍. മികച്ച ഡെവലപ്പര്‍മാരാകാന്‍ ഇത് മാത്രം പഠിച്ചാല്‍ പോരാ. ഗ്രാഫിക് പാക്കേജുകളായ ഇലസ്‌ട്രേറ്റര്‍, ഫോട്ടോഷോപ്പ്, ഫ്‌ളാഷ്, ഡ്രീംവീവര്‍ എന്നിവയും അല്പമെങ്കിലും അറിഞ്ഞുവെക്കണം. വെബ് ഇമേജ് പ്രൊസസിങിനും ഒപ്ടിമൈസേഷനും ഈ സോഫ്റ്റ്‌വേറുകള്‍ അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും എന്നതിനാലാണിത്.

എവിടെ പഠിക്കാം?
വെബ് ഡവലപ്പര്‍മാരാകാനുള്ള യോഗ്യതകള്‍ സ്വന്തമാക്കാന്‍ സഹായിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടില്‍ തന്നെയുണ്ട്. സംസ്ഥാനത്തിന് പുറത്തേക്കോ രാജ്യം വിട്ടോ പോകാതെ തന്നെ ഈ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി വളരെ എളുപ്പത്തില്‍ ജോലി നേടാനാകും. കമ്പ്യൂട്ടര്‍ സയന്‍സിലോ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലോ ബി.എസ്.സി./ബി.ടെക് ബിരുദം നേടിയവര്‍ക്കാണ് ഈ മേഖലയില്‍ ജോലി ലഭിക്കുക എന്ന് മുമ്പേ പറഞ്ഞല്ലോ. നമ്മുടെ നാട്ടിലാണെങ്കില്‍ ഏതാണ്ടെല്ലാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും എഞ്ചിനിയറിങ് കോളേജുകളിലും ഇത്തരം കോഴ്‌സുകള്‍ നടത്തുന്നുമുണ്ട്. എന്നാല്‍ ഏതെങ്കിലും കോളേജില്‍ നിന്ന് ബി.എസ്.സി. കമ്പ്യൂട്ടര്‍ കോഴ്‌സ് കഴിഞ്ഞിറങ്ങിയാല്‍ വമ്പന്‍ കമ്പനികളില്‍ വെബ് ഡവലപ്പര്‍ ജോലി ഉറപ്പാണെന്ന് കരുതരുത്. ഇതേ അവസ്ഥ തന്നെയാണ് ബി.ടെക് കോഴ്‌സുകള്‍ക്കും. നമ്മുടെ നാട്ടിലെ പല സ്വാശ്രയ എഞ്ചിനിയറിങ് കോളേജുകളില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് കഴിഞ്ഞിറങ്ങുന്നവര്‍ ഒരു ജോലിയും കിട്ടാതെ അലഞ്ഞുനടപ്പുണ്ട് എന്ന കാര്യം പ്രത്യേകമോര്‍ക്കണം. കമ്പ്യൂട്ടര്‍ സയന്‍സ് എന്ന വിഷയത്തിലെ അടിസ്ഥാനകാര്യങ്ങള്‍ പോലും കുട്ടികളെ പഠിപ്പിക്കുന്നതില്‍ ഈ കോളേജുകള്‍ പരാജയമാണ് എന്ന് തെളിയിക്കുന്ന വസ്തുതയാണിത്.

കമ്പ്യൂട്ടര്‍ രംഗത്ത് മികച്ച ഭാവിയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.), നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.) എന്നിവിടങ്ങളില്‍ പഠനം നടത്തേണ്ടതുണ്ട്. അഖിലേന്ത്യാതലത്തില്‍ നടത്തുന്ന ജോയിന്റ് എഞ്ചിനിയറിങ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) എന്ന മത്സരപരീക്ഷയില്‍ മികച്ച സ്‌കോര്‍ നേടുന്നവര്‍ക്ക് മാത്രമേ ഈ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കൂ. ജെ.ഇ.ഇയ്ക്ക് തന്നെ രണ്ടു ഘട്ടങ്ങളുണ്ട് എന്ന കാര്യവും അറിയുക. ജെ.ഇ.ഇ. അഡ്വാന്‍സ്ഡും ജെ.ഇ.ഇ. മെയിനും. ജെ.ഇ.ഇ. മെയിന്‍ പരീക്ഷ വിജയിച്ച ഒന്നരലക്ഷം പേര്‍ക്ക് മാത്രമേ അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാന്‍ സാധിക്കൂ. അഡ്വാന്‍സ്ഡ് പരീക്ഷയിലും മികച്ച വിജയം നേടാനായാല്‍ ഐ.ഐ.ടി. പ്രവേശനം ഉറപ്പിക്കാം. ജെ.ഇ.ഇ. മെയിന്‍ മാത്രം കടക്കാനായവര്‍ക്ക് എന്‍.ഐ.ടിയിലെ അഡ്മിഷന്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. കോഴിക്കോടെ ചാത്തമംഗലത്താണ് കേരളത്തിലെ ഏക എന്‍.ഐ.ടി. പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ ഏക ഐ.ഐ.ടിയാകട്ടെ പാലക്കാട്ട് കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. ഐ.ഐ.ടികള്‍ക്കും എന്‍.ഐ.ടികള്‍ക്കും പുറമെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മികച്ച എഞ്ചിനിയറിങ് കോളേജുകള്‍ തിരഞ്ഞെടുത്ത് പഠനം നടത്തിയാലും വെബ് ഡെവലപ്പിങ് മേഖലയില്‍ കരിയര്‍ കണ്ടെത്താനാകും.

പഠനം കേരളത്തില്‍
ഐ.ടി./കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ബി.ടെക് കോഴ്‌സ് നടത്തുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് എഞ്ചിനിയറിങ് കോളേജുകളിലും സ്വാശ്രയ എഞ്ചിനിയറിങ് കോളേജുകളിലുമൊക്കെ കമ്പ്യൂട്ടര്‍ സയന്‍സ് ബി.ടെക് കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ഏറ്റവുമധികം അപേക്ഷകരുള്ള എഞ്ചിനിയറിങ് ബ്രാഞ്ച് കൂടിയാണിത്. സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷന്‍ നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. മാത്തമാറ്റിക്‌സിന് മാത്രം 50 ശതമാനവും മാത്ത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി/ബയോടെക്‌നോളജി/കമ്പ്യൂട്ടര്‍ സയന്‍സ്/ബയോളജി എന്നിവയ്ക്ക് മൊത്തം 50 ശതമാനവും മാര്‍ക്കോടെ പ്ലസ്ടു യോഗ്യത നേടിയവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയെഴുതാനാകും. കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, പാലക്കാട്, തൃശൂര്‍,തിരുവനന്തപുരം,ഇടുക്കി,വയനാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജുകളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ബി.ടെക് കോഴ്‌സ് നടക്കുന്നുണ്ട്. ഇതിനുപുറമെ വിവിധ ജില്ലകളിലുള്ള ഐ.എച്ച്.ആര്‍.ഡി. എഞ്ചിനിയറിങ് കോളേജുകളിലും സ്വാശ്രയ,സ്വകാര്യ എഞ്ചിനിയറിങ് കോളേജുകളിലും കമ്പ്യൂട്ടര്‍ സയന്‍സ് ബി.ടെക് കോഴ്‌സ് നടക്കുന്നു.

ബി.എസ്.സി. (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി.), ബി.സി.എ. കോഴ്‌സ് പഠനത്തിനും സംസ്ഥാനത്ത് ഒട്ടേറെ അവസരങ്ങളുണ്ട്. കണ്ണൂര്‍, കാലിക്കറ്റ്, എം.ജി. കേരള സര്‍വകലാശാലകളുടെ കീഴിലുള്ള നൂറിലേറെ കോളേജുകളില്‍ ഈ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നു.

റസല്‍

കണ്ണറിഞ്ഞ് കരിയര്‍



മനുഷ്യശരീരത്തില്‍ ഏറെ പ്രാധാന്യമുളെളാരു അവയവമാണ് കണ്ണുകള്‍. പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും അതുതന്നെ. ചുറ്റുമുള്ള ലോകത്തേക്കുള്ള ശരീരത്തിന്റെ ജാലകങ്ങളാണവ. ആ കണ്ണുകള്‍ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തം ശാസ്ത്രിയമായി നിര്‍വഹിക്കുന്നവരാണ് ഒപ്‌ടോമെട്രിസ്റ്റുകള്‍. കമ്പ്യൂട്ടറുകളും സ്മാര്‍ട്‌ഫോണുകളുമെല്ലാം വ്യാപകമായതോടെ കാഴ്ചത്തകരാറുള്ളവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. അതിനനുസൃതമായി ഒപ്‌ടോമെട്രി എന്ന തൊഴില്‍ശാഖയുടെ പ്രസക്തിയും കൂടിവരികയാണ്.

എന്താണീ ഒപ്‌ടോമെട്രി
കണ്ണുകള്‍ അഥവാ കാഴ്ച എന്ന ‘ഒപ്‌ടോസ്’ എന്ന ഗ്രീക്ക് പദവും അളവ് എന്ന അര്‍ഥമുള്ള ‘മെട്രിയ’ എന്ന പദവും കൂടിച്ചേര്‍ന്നാണ് ‘ഒപ്‌ടോമെട്രി’ എന്ന വാക്കുണ്ടായത്. മനുഷ്യനേത്രത്തിന്റെ ഘടനയും പ്രവര്‍ത്തനവും പഠിക്കുന്ന ഒഫ്താല്‍മിക് ഒപ്ടിക്‌സ് എന്ന ശാസ്ത്രീയരീതിക്ക് പൊതുവേ പറയുന്ന പേരാണ് ഒപ്‌ടോമെട്രി. കണ്ണുകള്‍ പരിശോധിക്കുകയും തകരാറുകളുണ്ടെങ്കില്‍ അവ കണ്ടെത്തി പരിഹാരം നിര്‍ദേശിക്കുകയുമാണ് ഒപ്‌ടോമെട്രിസ്റ്റിന്റെ ജോലി. ലെന്‍സുകളോ കണ്ണടയോ ഉപയോഗിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. ഇതില്‍ എന്തുവേണമെന്ന് തീരുമാനിക്കേണ്ടത് ഒപ്‌ടോമെട്രിസ്റ്റാണ്. കണ്ണുഡോക്ടര്‍മാര്‍ എന്നറിയപ്പെടുന്ന ഒഫ്താല്‍മോളജിസ്റ്റുകളല്ല ഒപ്‌ടോമെട്രിസ്റ്റുകള്‍ എന്ന കാര്യവും മനസിലാക്കേണ്ടതുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നീ കാരണങ്ങള്‍ കൊണ്ടും കാഴ്ചത്തകരാറുകളുണ്ടാകും. ഇത്തരം രോഗികളെ ഒപ്‌ടോമെട്രിസ്റ്റുകള്‍ ഒഫ്താല്‍മോളജിസ്റ്റുകളുടെ അടുക്കലേക്കയക്കും. ആവശ്യമെങ്കില്‍ നേത്രശസ്ത്രക്രിയ വരെ നടത്താന്‍ പ്രാപ്തിയുള്ളവരാണ് ഒഫ്തല്‍മോളജിസ്റ്റുകള്‍. എന്നാല്‍ രോഗികള്‍ക്ക് കണ്ണടയും ലെന്‍സുകളുമൊന്നും ഇവര്‍ നിര്‍ദ്ദേശിക്കാറില്ല. കണ്ണട ഉപയോഗിക്കണമെന്ന നിര്‍ദ്ദേശത്തോടെ ഇവരെ ഒപ്‌ടോമെട്രിസ്റ്റുകളുടെ പക്കലേക്കയയ്ക്കുകയാണ് ചെയ്യുക. ഇങ്ങനെയെത്തുന്ന രോഗികളുടെ കാഴ്ച കൃത്യമായി പരിശോധിച്ച് അവര്‍ക്ക് പറ്റിയ കണ്ണടകളോ ലെന്‍സുകളോ നിര്‍ദേശിക്കലാണ് ഒപ്‌ടോമെട്രിസ്റ്റുകളുടെ ജോലി.

കൈയില്‍ വേണ്ടത്
ഓരോ തൊഴിലിനും പ്രത്യേകം വേണ്ട ചില നൈപുണ്യങ്ങളുണ്ട്. ഒപ്‌ടോമെട്രിസ്റ്റാകാനും ഇത്തരം ചില കഴിവുകള്‍ വേണം. കൈകൊണ്ട് കാര്യങ്ങള്‍ പെട്ടെന്ന് ചെയ്യാനുള്ള വിരുത്, മികച്ച കാഴ്ചശക്തി എന്നിവയാണ് പ്രധാനമായും വേണ്ടത്. മറ്റുള്ളവരുടെ കണ്ണുകള്‍ പരിശോധിക്കുന്നയാള്‍ക്ക് കാഴ്ച കുറവാകാന്‍ പാടില്ലല്ലോ. അതിനൊപ്പം ക്ഷമ, ആത്മവിശ്വാസം, സമര്‍പ്പണമനോഭാവം എന്നിവയും ഇവര്‍ക്ക് ആവശ്യമാണ്. പല അളവുകളിലുള്ള ലെന്‍സുകള്‍ കണ്ണില്‍ വച്ച് പരീക്ഷിച്ചശേഷമേ ഒരാള്‍ക്ക് കൃത്യമായ ലെന്‍സുകള്‍ കണ്ടെത്താനാവൂ. വരുന്ന രോഗികളില്‍ പല തരക്കാരുമുണ്ടാകും. ഇവരോടൊക്കെ സമചിത്തതയോടെ പെരുമാറി മണിക്കൂറുകളെടുത്ത് പരിശോധനകള്‍ നടത്തിയാലേ കണ്ണടയ്ക്ക് വേണ്ട ശരിയായ ലെന്‍സുകള്‍ കണ്ടെത്താനാകൂ. യന്ത്രസംവിധാനങ്ങളും കമ്പ്യൂട്ടറുമുപയോഗിച്ചാണ് പുതിയ കാലത്തെ ഒപ്‌ടോമെട്രിസ്റ്റുകള്‍ ജോലി ചെയ്യുന്നത്. അതുകൊണ്ട് ഇത്തരം യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ പഠിച്ചെടുക്കാനുളള മാനസികശേഷിയും ഇക്കൂട്ടര്‍ക്ക് വേണം.

എന്ത് പഠിക്കണം?
ഒപ്‌ടോമെട്രിസ്റ്റായി ജോലിയെടുക്കണമെങ്കില്‍ ഒപ്‌ടോമെട്രിയില്‍ ബാച്ചിലേഴ്‌സ് ഡിഗ്രി പാസാകേണ്ടതുണ്ട്. ബി.എസ്.സി. ഒപ്‌ടോമെട്രി അഥവാ ബി. ഒപ്‌ടോം എന്നാണീ കോഴ്‌സിന്റെ പേര്. മൂന്നുവര്‍ഷത്തെ തിയറി കോഴ്‌സും ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പുമടക്കം നാലുവര്‍ഷമാണ് ബി.എസ്.സി. ഒപ്‌ടോമെട്രി കോഴ്‌സിന്റെ കാലദൈര്‍ഘ്യം. ഫിസിക്‌സ്, കെമിസ്ട്രി,ബയോളജി വിഷയങ്ങളെടുത്ത് പഠിച്ച് അമ്പതുശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായ ആര്‍ക്കും ഈ കോഴ്‌സിന് ചേരാവുന്നതാണ്. പൂനെയിലെ ഭാരതി വിശ്വവിദ്യാപീഠം പോലുള്ള മികച്ച സ്ഥാപനങ്ങളില്‍ സീറ്റ് കിട്ടണമെങ്കില്‍ ‘ഐസെറ്റ്’ എന്ന പൊതുപ്രവേശനപരീക്ഷയെഴുതി മികവ് തെളിയിക്കേണ്ടതുണ്ട്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എ.ഐ.ഐ.എം.എസ്.) പോലുള്ള ദേശീയസ്ഥാപനങ്ങളിലെ ഒപ്‌ടോമെട്രി ബി.എസ്.സി. കോഴ്‌സിന് ചേരാന്‍ പ്രത്യേകമായി പ്രവേശനപരീക്ഷ എഴുതി പാസാകണം. ഒപ്‌ടോമെട്രി കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഉപരിപഠന സൗകര്യമൊരുക്കി എം.എസ്.സി. ഒപ്‌ടോേെട്രി കോഴ്‌സുകളും നിലവിലുണ്ട്. ബി.എസ്.സി. ഒപ്‌ടോമെട്രി കോഴ്‌സിന് പുറമെ ചില സ്ഥാപനങ്ങള്‍ ഒപ്‌ടോമെട്രിയില്‍ ഡിപ്ലോമ കോഴ്‌സും നടത്തുന്നുണ്ട്.

പഠനം എവിടെ
ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എ.ഐ.ഐ.എം.എസ്.) ആണ് ഒപ്‌ടോമെട്രി കോഴ്‌സ് നടത്തുന്ന രാജ്യത്തെ മുന്‍നിര സ്ഥാപനം. ദേശീയതലത്തില്‍ നടക്കുന്ന പൊതുപ്രവേശനപരീക്ഷയില്‍ മികച്ച മാര്‍ക്കോടെ പാസാകുന്ന മിടുക്കര്‍ക്കേ ഇവിടെ പ്രവേശനം ലഭിക്കൂ. കൊല്‍ക്കത്തയിലെ അക്കാദമി ഓഫ് ഒപ്‌ടോമെട്രി, പിലാനിയിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കല്‍ സയന്‍സ്, ഹൈദരാബാദിലെ ബോഷ് ആന്‍ഡ് ലോമ്പ് സ്‌കൂള്‍ ഓഫ് ഒപ്‌ടോമെട്രി എന്നിവയും മികച്ച സ്ഥാപനങ്ങള്‍ തന്നെ. കണ്ണട ലെന്‍സ് നിര്‍മാണത്തിന് പേരുകേട്ട ബഹുരാഷ്ട്രക്കമ്പനിയായ ബോഷ് ആന്‍ഡ് ലോമ്പ് നടത്തുന്ന കോഴ്‌സാണ് ഹൈദരാബാദിലേത്. പഠിച്ചിറങ്ങുന്നവര്‍ക്ക് നൂറുശതമാനം പ്ലേസ്‌മെന്റ് ഉറപ്പാണ് എന്നതാണ് ഇവിടുത്തെ പ്രത്യേകത. അലിഗഡിലെ ഗാന്ധി ഐ ഹോസ്പിറ്റല്‍, മുംബൈയിലെ ആദിത്യജ്യോത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒപ്‌ടോമെട്രി, കര്‍ണാടകയിലെ മണിപ്പാല്‍ കോളേജ് ഓഫ് അലയഡ് ഹെല്‍ത്ത് സയന്‍സ്, സേലത്തെ ഡോ. ആനന്ദ് കോളേജ് ഓഫ് ഒപ്‌ടോമെട്രി ആന്‍ഡ് വിഷന്‍ സയന്‍സ് എന്നിവിടങ്ങളിലും നല്ല രീതിയില്‍ ഒപ്‌ടോമെട്രി കോഴ്‌സ് സംഘടിപ്പിക്കുന്നു. പുനെയിലെ ഭാരതി വിശ്വാപീഠ് ഡീംഡ് യൂണിവേഴ്‌സിറ്റിയാണ് ഈ മേഖലയിലെ മറ്റൊരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം. ഭാരതി വിശ്വാപീഠിന്റെ പൂനെ, നവി മുംബൈ, ഡല്‍ഹി ക്യാമ്പസുകളില്‍ ബി.എസ്.സി.,എം.എസ്.സി. ഒപ്‌ടോമെട്രി കോഴ്‌സുകള്‍ നടക്കുന്നു. ഐസെറ്റ് എന്ന പേരില്‍ വര്‍ഷാവര്‍ഷം നടക്കുന്ന പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവിടങ്ങളിലേക്കുള്ള അഡ്മിഷന്‍. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റികസ് എന്നിവയില്‍ നിന്ന് 25 മാര്‍ക്ക് വീതമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാകും എന്‍ട്രന്‍സ് പരീക്ഷയിലുണ്ടാകുക. സയന്‍സ് വിഷയങ്ങളില്‍ 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായ 17 വയസ് പൂര്‍ത്തിയാക്കിയ ആര്‍ക്കും പ്രവേശനപരീക്ഷയെഴുതാം.
ഇന്ധിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ ഒപ്‌ടോമെട്രി ആന്‍ഡ് ഒഫ്താല്‍മിക് ടെക്‌നിക്ക്‌സ് ബി.എസ്.സി. (ഹോണേഴ്‌സ്) കോഴ്‌സ് നടത്തുന്നുണ്ട് 45 ശതമാനം മാര്‍ക്കില്‍ കുറയാത്ത പ്ലസ്ടു ആണ് അടിസ്ഥാനയോഗ്യത. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ഒപ്‌ടോമെട്രിയില്‍ ഡിപ്ലോമ കോഴ്‌സ് സംഘടിപ്പിക്കുന്നു.

കോഴ്‌സ് കഴിഞ്ഞിറങ്ങിയാല്‍
എല്ലാവര്‍ക്കുമറിയുന്നത് പോലെ കണ്ണാസ്പത്രികളില്‍ തന്നെയാണ് ഒപ്‌ടോമെട്രിസ്റ്റുകള്‍ക്ക് പ്രധാനമായും ജോലി ലഭിക്കുക. ഒഫ്താല്‍മോളജിസ്റ്റുകള്‍ എന്ന കണ്ണ് ഡോക്ടര്‍മാരുടെ സഹായികളായി പ്രവര്‍ത്തിക്കുകയാണ് ഇവരുടെ കര്‍ത്തവ്യം. ഒപ്ടിക്കല്‍ ഷോപ്പുകളിലെല്ലാം ഒപ്‌ടോമെട്രിസ്റ്റുകളുടെ സാന്നിധ്യം നിര്‍ബന്ധമാണിപ്പോള്‍. കടയിലെത്തുന്നവരുടെ കാഴ്ച പരിശോധിച്ച് അവര്‍ക്ക് പറ്റിയ ലെന്‍സുകളും കണ്ണടയും നിര്‍ദേശിക്കലാണിവരുടെ ജോലി. നാട്ടിലും വിദേശത്തും ഇങ്ങനെ ഒപ്‌ടോമെട്രിസ്റ്റുകള്‍ ജോലി സാധ്യതകള്‍ ഇഷ്ടം പോലെ. ഒഫ്താല്‍മിക് ലെന്‍സുകള്‍ നിര്‍മിക്കുന്ന വന്‍കമ്പനികള്‍ എല്ലാ വര്‍ഷവും നൂറു കണക്കിന് ഒപ്‌ടോമെട്രിസ്റ്റുകളെ റിക്രൂട്ട് ചെയ്യാറുണ്ട്. സാമ്പത്തികഭദ്രതയുളള ഒപ്‌ടോമെട്രിസ്റ്റുകളില്‍ പലരും സ്വന്തമായി ഒപ്ടിക്കല്‍ ഷോപ്പുകളും ലെന്‍സ് നിര്‍മാണ യൂണിറ്റുകളും നടത്തുന്നു. ഇതിനെല്ലാം പുറമെ ഒപ്‌ടോമെട്രിയില്‍ പി.ജി. കോഴ്‌സ് പൂര്‍ത്തിയാക്കി അധ്യാപനവഴിയിലേക്ക് തിരിയുന്നവരുമുണ്ട്.

കേരളത്തില്‍ പഠിക്കാം
കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമായി ഒപ്‌ടോമെട്രിയില്‍ ഡിപ്ലോമ, ബിരുദ കോഴ്‌സുകള്‍ നടത്തുന്നു. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷനാണ് ഡിപ്ലോമ കോഴ്‌സുകളുടെ ചുമതല. രണ്ടു വര്‍ഷത്തെ കോഴ്‌സ് തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലാണുള്ളത്. ഇതിന് പുറമെ കോഴിക്കോട്ടെ കോംട്രസ്റ്റ് ഐ ഹോസ്പിറ്റല്‍, മുക്കത്തെ നാഷനല്‍ ഹോസ്പിറ്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ്, പാലക്കാട്ടെ അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റല്‍, തിരുവനന്തപുരത്തെ ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ സി.എസ്.ഐ. മെഡിക്കല്‍ കോളേജ്, കേശവദാസപുരത്തെ ചൈതന്യ ഐ ഹോസ്പിറ്റല്‍, കണ്ണൂര്‍ അഞ്ചരക്കണ്ടിയിലുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ എന്നിവിടങങ്ങളിലും സ്വാശ്രയരീതിയില്‍ ഒഫ്താല്‍മിക് അസിസ്റ്റന്‍സ് ഡിപ്ലോമ കോഴ്‌സ് നടത്തുന്നു.
സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളിലേക്ക് കേന്ദ്രീകൃത അലോട്ട്‌മെന്റാണ് ഇപ്പോള്‍ നടത്തുന്നത്. സയന്‍സ് പ്ലസ്ടുവാണ് യോഗ്യത. പ്ലസ്ടുമാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍ നിന്നാണ് നിയമനം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് കീഴിലുള്ള റീജ്യനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയാണ് ബി.എസ്.സി. ഒപ്‌ടോമെട്രി കോഴ്‌സ് നടത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. 20 സീറ്റുകള്‍ വീതമാണ് ഇവിടെയുള്ളത്. പെരിന്തല്‍മണ്ണയിലെ ആല്‍സലാമ ഐ ഹോസ്പിറ്റല്‍, അങ്ങാടിപ്പുറത്തെ അല്‍-ഷിഫ കോളേജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ്, അങ്കമാലിയിലെ ലിറ്റില്‍ഫ്‌ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് എന്നിവയാണ് ബി.എസ്.സി. ഒപ്‌ടോമെട്രി കോഴ്‌സ് നടത്തുന്ന സ്വകാര്യ-സ്വാശ്രയ കോളേജുകള്‍.

50 ശതമാനം മാര്‍ക്കോടെ സയന്‍സ് പ്ലസ്ടു പാസായവര്‍ക്ക് ഈ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കും. ഇതിനായി പ്രത്യേക പ്രവേശനപരീക്ഷ എഴുതേണ്ടതില്ല. പ്ലസ്ടുമാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. സര്‍ക്കാര്‍ കോളേജുകളില്‍ 19,000 രൂപയും സ്വാശ്രയകോളേജുകളില്‍ 35,000 രൂപയുമാണ് ഫീസ്. ഇതിന് പുറമെ സ്വാശ്രയകോളേജുകളില്‍ ആദ്യവര്‍ഷം 39,500 രൂപയും തുടര്‍ന്നുള്ള മൂന്ന് വര്‍ഷങ്ങളിലായി 27,500 രൂപ വീതവും ഫീസ് അടയ്ക്കണം.

റസല്‍

ഉയര്‍ച്ചതാഴ്ചകള്‍ അറിയും ജോലി

ഏത് തൊഴിലിനും ഉയര്‍ച്ചതാഴ്ചകളുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ ഉയര്‍ച്ചതാഴ്ചകള്‍ മാത്രമുള്ളൊരു തൊഴില്‍ശാഖയെ ഈയാഴ്ച പരിചയപ്പെടുത്താം. പറഞ്ഞുവരുന്നത് ലിഫ്റ്റ് ടെക്‌നോളജി എന്ന കരിയര്‍ സാധ്യതയെക്കുറിച്ചാണ്. വലിയ വിദ്യാഭ്യാസയോഗ്യതയില്ലാത്തവര്‍ക്ക് പോലും മികച്ച തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ലിഫ്റ്റ് ടെക്‌നോളജി ഒരുപാട് മലയാളി ചെറുപ്പക്കാര്‍ക്ക് ആശ്രയമായിട്ടുണ്ട്.



ജീവിതത്തില്‍ ഒരു തവണയെങ്കിലും ലിഫ്റ്റില്‍ കയറാത്തവരുണ്ടാകില്ല. എലിവേറ്റര്‍ എന്നതാണ് ഈ യന്ത്രത്തിന്റെ ശരിക്കുമുള്ള പേര്. വിളിക്കാനുള്ള സൗകര്യത്തിനായി എല്ലാവരും ലിഫ്റ്റ് എന്ന് പറയുന്നു എന്ന് മാത്രം. നാട്ടിന്‍പുറങ്ങളില്‍ പോലും വമ്പന്‍ കെട്ടിടങ്ങളും ഷോപ്പിങ് സെന്ററുകളും ഉയരുന്ന നമ്മുടെ നാട്ടില്‍ ലിഫ്റ്റ് സംവിധാനം സാര്‍വത്രികമായിക്കഴിഞ്ഞു. നഗരങ്ങളിലാകട്ടെ ലിഫ്റ്റ് ഇല്ലാത്ത കെട്ടിടങ്ങള്‍ കാണാന്‍ പോലുമില്ല. അമ്പതും നൂറും നിലകളുള്ള കെട്ടിടസമുച്ചയങ്ങളും അപ്പാര്‍ട്ട്‌മെന്റുകളാണ് പല പട്ടണങ്ങളിലുമുള്ളത്. ആസ്പത്രികള്‍, ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍… എല്ലായിടത്തും ലിഫ്റ്റുകള്‍ ഇരുപത്തിനാലുമണിക്കൂറും ഉയര്‍ന്നും താഴ്ന്നും പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

ഈ ലിഫ്റ്റുകളെല്ലാം സ്ഥാപിക്കലും പരിപാലിക്കലുമാണ് ലിഫ്റ്റ് ടെക്‌നീഷ്യന്റെ ജോലി. തകരാറുകള്‍ സംഭവിച്ചാല്‍ എത്രയും പെട്ടെന്ന് അവ പരിഹരിക്കേണ്ടതും ലിഫ്റ്റ് ടെക്‌നീഷ്യന്റെ ഉത്തരവാദിത്തം തന്നെ.

അല്പം ചരിത്രം
ലിഫ്റ്റ് ഒരു ആധുനികസാങ്കേതികവിദ്യയാണെങ്കിലും ഇത്തരമൊരു സംവിധാനത്തെക്കുറിച്ചുള്ള ആലോചനകള്‍ പൗരാണിക കാലം തൊട്ടേ തുടങ്ങിയിരുന്നു. ബി.സി. 236ാം നൂറ്റാണ്ടില്‍ ആര്‍ക്കിമീഡീസിന്റെ നേതൃത്വത്തില്‍ റോമില്‍ ലിഫ്റ്റ് പോലുള്ളൊരു സംവിധാനം നിര്‍മിച്ചതായി രേഖകളുണ്ട്. വലിയ കെട്ടിടങ്ങളോ വൈദ്യുതിയോ ഒന്നുമില്ലാത്ത കാലത്ത് എന്ത് ലിഫ്റ്റ് എന്ന് ചോദിക്കരുത്. കോട്ടകളും കുന്നുകളും പോലുള്ള ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് സാധനങ്ങള്‍ കയറില്‍ കെട്ടി ഉയര്‍ത്തുലായിരുന്നു ലിഫ്റ്റിന്റെ പ്രാചീനരൂപം. ഇസ്ലാമിക സ്‌പെയിനില്‍ ലിഫ്റ്റ് പോലുള്ളൊരു ഉപകരണം ഉണ്ടായിരുന്നുവെന്ന് അല്‍മുറാദിയുടെ ‘രഹസ്യങ്ങളുടെ പുസ്തക’ത്തില്‍ പ്രതിപാദിക്കുന്നു.

പിന്നീടങ്ങോട്ട് പല നാഗരികതകളും ലിഫ്റ്റ് എന്ന ആശയത്തെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചു. വ്യവസായയുഗം ആരംഭിച്ചതോടെ ലിഫ്റ്റിനെക്കുറിച്ചുളള ചിന്തകള്‍ക്കും ചൂടുപിടിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കല്‍ക്കരി ഖനികളിലേക്ക് ആളുകളെയും സാധനങ്ങളുമിറക്കാന്‍ ലിഫ്റ്റ് പോലുളെളാരു സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.
ഇന്നത്തേതുപോലുള്ള ലിഫ്റ്റ് സംവിധാനം വിജകരമായി ആദ്യം നടപ്പിലാക്കുന്നത് 1852ലാണ്. ന്യൂയോര്‍ക്കിലെ ക്രിസ്റ്റല്‍ പാലസ് കെട്ടിടത്തില്‍ എലിഷ ഓട്ടിസ് എന്ന അമേരിക്കക്കാരന്‍ അന്ന് ആദ്യമായി ലിഫ്റ്റ് സംവിധാനം അവതരിപ്പിച്ചു. അത് വന്‍ വിജയമായതോടെ കൂടുതല്‍ കെട്ടിടങ്ങളിലേക്ക് ലിഫ്റ്റ് നിര്‍മിക്കാന്‍ എലിഷ ഓട്ടിസിന് ക്ഷണം ലഭിച്ചു. ലോകം മുഴുവനും അറിയപ്പെടുന്ന ഓട്ടിസ് കോര്‍പ്പറേഷന്‍ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ തുടക്കം അങ്ങനെയായിരുന്നു. ഇന്നും ലോകത്ത് ഏറ്റവുമധികം വിറ്റുപോകുന്നത് ഓട്ടിസ് കോര്‍പ്പറേഷന്റെ ലിഫ്റ്റുകളാണ്.

കൈയില്‍ വേണ്ടത്
ലിഫ്റ്റ് ടെക്‌നോളജിസ്റ്റ് ആകാന്‍ ആദ്യം വേണ്ടത് വലിയ സര്‍ട്ടിഫിക്കറ്റുകളോ മികച്ച കോളേജുകളിലെ പഠനമോ ഒന്നുമല്ല. മികച്ച ശാരീരികക്ഷമതയും പ്രതികൂല സാഹചര്യങ്ങളില്‍ പോലും ജോലി ചെയ്യാനുള്ള ചങ്കുറപ്പുമാണ്. അല്പം സാഹസികതയൊക്കെ ഇഷ്ടപ്പെടുന്ന കരുത്തരായ ചെറുപ്പക്കാര്‍ക്ക് പറ്റിയ പണിയാണിത്. ലിഫ്റ്റ് ടെക്‌നോളജിസ്റ്റുകളുടെ ജോലി മുഖ്യപ്രമേയമാക്കിക്കൊണ്ട് എത്രയോ ഹോളിവുഡ് ത്രില്ലര്‍ സിനിമകളിറങ്ങിയിട്ടുണ്ട് എന്നറിയുക. എന്നാല്‍ സിനിമകളില്‍ കാണുന്നതുപോലെ അത്ര ഉദ്വേഗജനകമായിരിക്കില്ല യഥാര്‍ഥത്തില്‍ ലിഫ്റ്റ് ടെക്‌നോളജിസ്റ്റിന്റെ ജോലി. ചെറിയൊരു ദ്വാരത്തിനുളളിലൂടെ നൂഴ്ന്നുകയറി മണിക്കൂറുകളോളം ഒരേ ഇരിപ്പില്‍ ജോലി ചെയ്യേണ്ടിവരും ഇവര്‍ക്ക്. ഭാരമുള്ള സാധനങ്ങള്‍ മുകളിലേക്കെത്തിക്കേണ്ട പണിയുമുണ്ടാകും. കൈക്കരുത്ത് മാത്രം മതിയാകില്ല മികച്ച് ലിഫ്റ്റ് ടെക്‌നോളജിസ്റ്റാകാന്‍. ഇലക്ട്രിക്കല്‍ സിസ്റ്റം, ഇലക്‌ട്രോണിക്‌സ്, ഹൈഡ്രോളിക്‌സ് എന്നിവയിലെല്ലാം പ്രാഥമിക ജ്ഞാനം ഇവര്‍ക്ക് അത്യാവശ്യമാണ്. ഇപ്പോഴിറങ്ങുന്ന പല ലിഫ്റ്റുകളും കമ്പ്യൂട്ടര്‍ നിയന്ത്രിത മൈക്രോപ്രൊസസറുകളില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇവയ്ക്ക് തകരാറുകളുണ്ടായാല്‍ പരിഹരിക്കണമെങ്കില്‍ അല്പം കമ്പ്യൂട്ടര്‍ അറിവും ആവശ്യമായി വരും.

എവിടെ പഠിക്കണം
പത്താം ക്ലാസ് യോഗ്യതയുള്ള ആര്‍ക്കും ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സിന് ചേര്‍ന്ന് ഈ മേഖലയില്‍ ജോലി തരപ്പെടുത്താനാകും. ലിഫ്റ്റ് ടെക്‌നോളജിയില്‍ രണ്ടു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സിന് ചേരാന്‍ എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. സര്‍ക്കാര്‍ സ്ഥാപനങ്ങളേക്കാള്‍ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ് ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സുകള്‍ കാര്യമായി നടക്കുന്നത്. കോഴ്‌സിന് ചേരാന്‍ പ്രത്യേക പ്രവേശനപരീക്ഷയോ മാര്‍ക്ക് നിബന്ധനയോ ഒന്നുമില്ല. എസ്.എസ്.എല്‍.സി. കഷ്ടിച്ച് കടന്നുകൂടിയവര്‍ക്ക് പോലും ഡിപ്ലോമയ്ക്ക് സീറ്റ് ഉറപ്പാണെന്നര്‍ഥം. ആറു മാസം വീതമുള്ള നാല് സെമസ്റ്ററുകളാകും ഡിപ്ലോമയ്ക്ക് പഠിക്കാനുണ്ടാകുക.

സംസ്ഥാനസര്‍ക്കാറിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന നിരവധി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും (ഐ.ടി.ഐ.) ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് സെന്ററുകളിലും ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സുകള്‍ നടക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ കീഴിലുളള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് (ഡി.ജി.ഇ.ടി.), ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് വകുപ്പ് എന്നിവയുടെ നിബന്ധനകള്‍ക്ക് വഴങ്ങി പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളുമുണ്ട്.

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിഫ്റ്റ് ടെക്‌നോളജി (എന്‍.ഐ.എല്‍.ടി.) യാണ് ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സ് നടത്തുന്ന രാജ്യത്തെ പ്രമുഖ സ്വകാര്യ സ്ഥാപനം. എന്‍.ഐ.എല്‍.ടി.യുടെ ഫ്രാഞ്ചൈസികള്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈദരാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എലിവേറ്റര്‍ ആന്‍ഡ് ലിഫ്റ്റ് ടെക്‌നോളജി, മധുരൈയിലെ സുദര്‍-സണ്‍ ലിഫ്റ്റ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിഫ്റ്റ് ടെക്‌നോളജി എന്നിവിടങ്ങളിലും ഈ കോഴ്‌സ് നടക്കുന്നു.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ഐ.എഫ്.ഇ. അക്കാദമിയാണ് ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സ് നടത്തുന്ന മറ്റൊരു പ്രമുഖ സ്ഥാപനം. സംസ്ഥാനത്തിനകത്തും പുറത്തുമായി ഒട്ടേറെ എന്‍.ഐ.എഫ്.ഇ. ശാഖകളുണ്ടിപ്പോള്‍.

ഏറെ വൈകിയാണെങ്കിലും സര്‍ക്കാര്‍ ഐ.ടി.ഐകളിലും ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സുകള്‍ ആരംഭിച്ചുതുടങ്ങിയിട്ടുണ്ട്. അരീക്കോട് ഗവ. ഐ.ടി.ഐയില്‍ കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഈ കോഴ്‌സ് നടക്കുന്നുണ്ട്. രണ്ട് വര്‍ഷം കാലാവധിയുള്ള കോഴ്‌സിന്റെ ഒരു ബാച്ചില്‍ 50 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ പോയാണ് വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടിക്കല്‍ പഠനം നടത്തിയിരുന്നത്.

കൊല്ലം ചന്ദനത്തോപ്പിലുള്ള സര്‍ക്കാര്‍ ഐ.ടി.ഐയിലും ലിഫ്റ്റ് ടെക്‌നോളജി ഡിപ്ലോമ കോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്. കോഴിക്കോട് മാളിക്കടവിലുള്ള ഗവ. ഐ.ടി.ഐ. ഐ.എം.സി. സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരുവര്‍ഷത്തെ ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സ് ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റുചില സര്‍ക്കാര്‍ ഐ.ടി.ഐകളും ലിഫ്റ്റ് ടെക്‌നോളജിയില്‍ ഡിപ്ലോമ കോഴ്‌സ് തുടങ്ങാനുള്ള മുന്നൊരുക്കങ്ങളിലാണ്.

സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കുന്നതിനേക്കാള്‍ സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ പ്രവേശനം നേടുന്നതാണ് നല്ലത്. തൊഴില്‍ സാധ്യതയും മികച്ച പഠനാന്തരീക്ഷവുമെല്ലാം സര്‍ക്കാര്‍ ഐ.ടി.ഐകളിലാണുള്ളത്. കഴുത്തറപ്പന്‍ ഫീസ് വാങ്ങുന്ന പല സ്വകാര്യസ്ഥാപനങ്ങളും കോഴ്‌സ് കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് തൊഴിലൊരുക്കാന്‍ ശ്രദ്ധിക്കുന്നില്ല. രണ്ട് ലക്ഷം രൂപ വരെ കോഴ്‌സ് ഫീസായി വാങ്ങുന്ന സ്ഥാപനങ്ങളുമുണ്ട്. ഏത് സഥാപനത്തില്‍ ചേരുന്നതിനുമുമ്പും അതിന് സര്‍ക്കാര്‍ അംഗീകാരമുണ്ടോയെന്ന കാര്യം ഉറപ്പു വരുത്തണം. കോഴ്‌സ് കഴിഞ്ഞിറങ്ങിയ മുന്‍ ബാച്ചുകളിലെ വിദ്യാര്‍ഥികളില്‍ എത്രപേര്‍ക്ക് ജോലി കിട്ടി എന്ന കാര്യവും അന്വേഷിക്കാം.

ഇഷ്ടം പോലെ തൊഴിലവസരങ്ങള്‍
ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സ് കഴിഞ്ഞിറങ്ങുന്നവര്‍ക്ക് ഇനി വരാനിരിക്കുന്നത് നല്ല കാലമാണ്. രാജ്യത്തിനകത്തും പുറത്തുമായി ഇഷ്ടം പോലെ തൊഴിലവസരങ്ങള്‍ ഇവരെ കാത്തിരിക്കുന്നു. നൂറ് സ്മാര്‍ട്‌സിറ്റികള്‍ വികസിപ്പിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം ലിഫ്റ്റ് വ്യവസായത്തിന് തന്നെ പുത്തനുണര്‍വ് പകര്‍ന്നിരിക്കുന്ന സമയമാണിപ്പോള്‍. 2014ല്‍ മാത്രം 38,000 ലിഫ്റ്റ് യൂണിറ്റുകള്‍ രാജ്യത്ത് വിറ്റഴിഞ്ഞുവെന്നാണ് കണക്കുകള്‍. വരും വര്‍ഷങ്ങളില്‍ ഇത് ഇരട്ടിയെങ്കിലുമാകുമെന്നുറപ്പ്. ലിഫ്റ്റുകള്‍ കൂടുതല്‍ വിറ്റഴിയുന്നതിനനുസരിച്ച് ലിഫ്റ്റ് മെക്കാനിക്കുകളുടെയും സാധ്യത വര്‍ധിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലും ഇവര്‍ക്ക് നിലവില്‍ ഒട്ടേറെ തൊഴിലവസരങ്ങളുണ്ട്.

എന്താണീ ലിഫ്റ്റ് ടെക്‌നോളജി
ലിഫ്റ്റുകള്‍ വ്യാപകമായതോടെ അത് കൃത്യമായി പരിപാലിക്കുന്നതിനും തകരാറുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനുമൊക്കെ ആളുകളുടെ ആവശ്യം വന്നു. അങ്ങനെയാണ് ലിഫ്റ്റ് ടെക്‌നോളജി എന്ന തൊഴില്‍ശാഖയുടെ പിറവി സംഭവിച്ചത്. ലിഫ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കുക, അതിന്റെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുക എന്നതൊക്കെയാണ് ലിഫ്റ്റ് ടെക്‌നോളജിസ്റ്റുകളുടെ പ്രധാനജോലി. ശരിക്കും പ്രവര്‍ത്തിച്ചില്ലെങ്കില്‍ വന്‍ അപകടസാധ്യതയുള്ളൊരു യന്ത്രമാണ് ലിഫ്റ്റ്. ചെറിയൊരു തകരാര്‍ പോലും വന്‍ദുരന്തം സൃഷ്ടിച്ചേക്കും. അതുകൊണ്ടുന്നെ ലിഫ്റ്റുകളുടെ പ്രവര്‍ത്തനം ആഴ്ചതോറും പരിശോധിക്കേണ്ടതും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് അപ്പോള്‍ തന്നെ പരിഹരിക്കുകയും ചെയ്യേണ്ടതുണ്ട്. യന്ത്രഭാഗങ്ങളില്‍ ഓയില്‍ ഒഴിക്കുക, ഗ്രീസ് പുരട്ടുക, തകരറായ ഭാഗങ്ങള്‍ മാറ്റുക എന്നതൊക്കെ ലിഫ്റ്റ് ടെക്‌നോളജിസ്റ്റുകളുടെ ജോലിയില്‍ പെടുന്നു. എത്ര നന്നായി പ്രവര്‍ത്തിക്കുന്ന ലിഫ്റ്റാണെങ്കിലും ചില സമയങ്ങളില്‍ അവിചാരിതമായി അത് പണിമുടക്കും. നിറയെ യാത്രക്കാരുമായി മുകളിലേക്കോ താഴേക്കോ വരുന്ന സമയത്താകും ഈ മിന്നല്‍ പണിമുടക്ക്. ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തരമായി സ്ഥലത്തെത്തി ലിഫ്റ്റ് പ്രവര്‍ത്തനക്ഷമമാക്കേണ്ട ഉത്തരവാദിത്തവും ലിഫ്റ്റ് ടെക്‌നോളജിസ്റ്റുകള്‍ക്കാണ്. വിദേശരാജ്യങ്ങളിലെ വമ്പന്‍ കെട്ടിടങ്ങളിലൊക്കെ 24 മണിക്കൂറും ലിഫ്റ്റ് ടെക്‌നോളജിസ്റ്റുകളുടെ സേവനം ലഭ്യമാണ്. 57 ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്ന ദുബായിയിലെ ബുര്‍ജ് ഖലീഫയില്‍ നിരവധി ലിഫ്റ്റ് ടെക്‌നോളജിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഗള്‍ഫിലെ മറ്റേത് മേഖലയെയും പോലെ ഈ രംഗത്തും ആയിരക്കണക്കിന് മലയാളികള്‍ തൊഴിലെടുക്കുന്നുണ്ട്.

റസല്‍

ഗ്രാഫിക് ഡിസൈനിങ്:സാധ്യതകളുടെ കല

എന്താണ് ഗ്രാഫിക് ഡിസൈനിങ് എന്നാരെങ്കിലും ചോദിച്ചാല്‍ വെറുതെ ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ മതി. ഒട്ടേറെ ഉദാഹരണങ്ങളിലൂടെ അതിന് മറുപടി പറയാനാകും. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ പുതുയുഗത്തില്‍ ഗ്രാഫിക് ഡിസൈനിങ് എന്ന കലാവിദ്യ സര്‍വവ്യാപിയാണിപ്പോള്‍. അച്ചടി, ദൃശ്യമാധ്യമമേഖലയിലെ പ്രധാന ചേരുവ കൂടിയാണ് ഇന്ന് ഗ്രാഫിക് ഡിസൈനിങ്. നമ്മള്‍ പണം കൊടുത്ത് വാങ്ങുന്ന ഓരോ ഉല്പന്നത്തിലും ഏതെങ്കിലും തരത്തിലുള്ള ഒരു ഗ്രാഫിക് രൂപമുണ്ടാകും. കണ്ടും വായിച്ചറിഞ്ഞുമൊക്കെയുണ്ടാക്കുന്ന വിവരങ്ങള്‍ക്കൊപ്പം ഗ്രാഫിക്‌സും കൂടി നമ്മുടെ മനസ്സിലേക്ക് കയറുന്നുണ്ട്. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തോടെ ഗ്രാഫിക് ഡിസൈനിങ് അടിമുടി മാറിക്കഴിഞ്ഞു. ഇന്നിപ്പോള്‍ പതിനായിരങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നൊരു മേഖല കൂടിയാണിത്. നാട്ടിലും ഗള്‍ഫ്‌രാജ്യങ്ങളിലും ഏറ്റവുമധികം ഡിമാന്‍ഡുള്ള തൊഴില്‍ മേഖലയാണ് ഗ്രാഫിക് ഡിസൈനിങ്. ഔപചാരികമായ പഠനത്തേക്കാള്‍ എഴുത്തിലും വരയിലുമുളള അഭിരുചിയും സൗന്ദര്യബോധവുമാണ് ഗ്രാഫിക് ഡിസൈനര്‍ക്ക് അത്യാവശ്യം വേണ്ടത്. ഇതിനൊപ്പം കമ്പ്യൂട്ടറിലുള്ള പ്രവൃത്തിപരിചയം കൂടിയുണ്ടെങ്കില്‍ മികച്ച ഗ്രാഫിക് ഡിസൈനറായി പേരെടുക്കല്‍ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.

എന്താണീ ഗ്രാഫിക് ഡിസൈനിങ്?
ചിത്രങ്ങളും വാക്കുകളും ആശയങ്ങളുമുപയോഗിച്ച് ഒരു സന്ദേശം ജനമനസ്സുകളിലേക്കെത്തിക്കുന്ന കലയെ അഥവാ ജോലിയെയാണ് ഗ്രാഫിക് ഡിസൈനിങ് എന്ന് വിളിക്കുന്നത്. ദൃശ്യങ്ങളുപയോഗിച്ചുള്ള ഒരു ആശയവിനിമയം കൂടിയാണിത്. അതുകൊണ്ടാണ് ഗ്രാഫിക് ഡിസൈനിങ്ങിനെ കമ്യൂണിക്കേഷന്‍ ഡിസൈന്‍ എന്ന് കൂടി വിളിക്കുന്നത്. വിവിധ ഉത്പന്നങ്ങളുടെ ലോഗോകള്‍, പരസ്യങ്ങള്‍, പോസ്റ്ററുകള്‍, കട്ട്ഔട്ടുകള്‍, വെബ്‌സൈറ്റുകള്‍, ഉത്പന്നങ്ങളുടെ പാക്കേജിങ് എന്നിവയെല്ലാം ഗ്രാഫിക് ഡിസൈനര്‍മാര്‍ രൂപകല്പന ചെയ്തശേഷമാണ് പുറത്തിറങ്ങുന്നത്. പത്രങ്ങളില്‍ വാര്‍ത്തകള്‍ക്കൊപ്പം കൊടുക്കുന്ന ചില രേഖാചിത്രങ്ങള്‍ കണ്ടിട്ടില്ലേ, അതും ഗ്രാഫിക് ഡിസൈനറുടെ ജോലിയാണ്. പത്രറിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ചിത്രരൂപത്തിലാക്കി വായനക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുക എന്ന ദൗത്യമാണ് ഇവിടെ ഗ്രാഫിക് ഡിസൈനര്‍ നിര്‍വഹിക്കുന്നത്. ടെലിവിഷനില്‍ വാര്‍ത്തകള്‍ക്കൊപ്പം തെളിയുന്ന അനിമേഷന്‍ ചിത്രങ്ങള്‍, പരസ്യങ്ങള്‍ എന്നിവയിലെല്ലാം ഗ്രാഫിക് ഡിസൈനറുടെ പങ്ക് നല്ല പോലെയുണ്ട്. സിനിമകളില്‍ ഗ്രാഫിക്‌സിനായി പ്രത്യേകം വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടിപ്പോള്‍. ദിനോസറായും സുനാമിയായും സ്‌ക്രീനില്‍ തെളിയുന്ന ദൃശ്യവിസ്മയങ്ങളെല്ലാം ഒരു സംഘം ഗ്രാഫിക് ഡിസൈനര്‍മാരുടെ മാസങ്ങള്‍ നീണ്ട അധ്വാനമാണെന്നറിയുക.

തുടക്കം ഗുഹാമുഖത്ത്
ഗ്രാഫിക് ഡിസൈനിങിന്റെ തുടക്കമന്വേഷിച്ച് യാത്ര പുറപ്പെട്ടാല്‍ ആദിമ മനുഷ്യന്‍ പാര്‍ത്തിരുന്ന ഗുഹാമുഖങ്ങളിലാണ് ചെന്നെത്തുക. ഗുഹകള്‍ക്കുള്ളിലെ പാറക്കെട്ടുകളില്‍ അവന്‍ കോറിയിട്ട രേഖാചിത്രങ്ങളാണ് ഗ്രാഫിക് ഡിസൈനിങിന്റെ ആദ്യോദാഹരണമായി പരിഗണിക്കപ്പെട്ടുപോരുന്നത്. 19ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ യൂറോപ്പിലാണ് പിന്നീടീ കലാശാഖ വികാസം പ്രാപിച്ചത്. ആദ്യകാലത്ത് കരകൗശലവസ്തു നിര്‍മാണരംഗത്താണ് ഗ്രാഫിക് ഡിസൈനിങ് കാര്യമായി ഉപയോഗിക്കപ്പെട്ടത്. 1980കളില്‍ കമ്പ്യൂട്ടറിന്റെ ആവിര്‍ഭാവത്തോടെ ഗ്രാഫിക് ഡിസൈനിങ് അടിമുടി മാറി. ഇതിനായി പുതിയ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേറും സോഫ്റ്റ്‌വേര്‍ പ്രോഗ്രാമുകളും വികസിപ്പിക്കപ്പെട്ടു. പിന്നീട് നടന്ന ‘ഡിജിറ്റല്‍ വിപ്ലവ’ത്തിന്റെ ഗുണഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ ഭാഗ്യമുളെളാരു വിഭാഗം കൂടിയായി ഗ്രാഫിക് ഡിസൈനിങ് മാറി.
കൈയില്‍ വേണ്ടതെന്തെല്ലാം

ഗ്രാഫിക് ഡിസൈനറാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രധാനമായും വേണ്ടത് രണ്ട് ഗുണങ്ങളാണ്; സര്‍ഗാത്മകതയും കലാവാസനയും. ഇവ രണ്ടുമുണ്ടെന്ന് സ്വയം ബോധ്യമുള്ളവര്‍ മാത്രം ഈ പ്രൊഫഷന്‍ തിരഞ്ഞെടുത്താല്‍ മതി. വരയ്ക്കാനും കാര്യങ്ങള്‍ വിഷ്വലൈസ് ചെയ്യാനുമുളള കഴിവാണ് പിന്നെ വേണ്ടത്. ഒരു ക്ലയന്റ് പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും മനസ്സിലാകുന്ന തരത്തില്‍ കാന്‍വാസിലേക്കോ കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്കോ പകര്‍ത്തുമ്പോഴാണ് ഗ്രാഫിക് ഡിസൈനറുടെ ജോലി പൂര്‍ത്തിയാകുന്നത്. എത്രത്തോളം ഭാവനാശേഷിയുണ്ടോ അത്ര കണ്ട് കരിയറില്‍ വിജയിക്കാന്‍ ഗ്രാഫിക് ഡിസൈനര്‍ക്കാകും. കമ്പ്യൂട്ടര്‍ പരിജ്ഞാനം, പുതിയ സാങ്കേതികവിദ്യകളും സോഫ്റ്റ്‌വേര്‍ പ്രോഗ്രാമുകളും പഠിച്ചെടുക്കാനുള്ള സന്നദ്ധത എന്നിവയും ഇവര്‍ക്ക് ആവശ്യമാണ്. പലപ്പോഴും ഒരു ടീമായിട്ടോ ഒറ്റയ്‌ക്കോ ഇവര്‍ക്ക് പ്രവര്‍ത്തിക്കേണ്ടിവരും. രണ്ട് സാഹചര്യങ്ങളുമായും പൊരുത്തപ്പെട്ടുപോകാനുള്ള മാനസികസന്നദ്ധതയുണ്ടായിരിക്കണം. കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും മികച്ച സൃഷ്ടി നടത്തുന്നയാളാണ് മികച്ച ഗ്രാഫിക് ഡിസൈനര്‍. അതുകൊണ്ട് തന്നെ കടുത്ത ജോലി ഭാരവും അതിന്റെ ഭാഗമായുള്ള സമ്മര്‍ദ്ദവും ഗ്രാഫിക് ഡിസൈനര്‍മാര്‍ക്ക് നേരിടേണ്ടിവരും. ഏറ്റെടുത്ത ജോലി പറഞ്ഞ സമയത്തിനുള്ളില്‍ തീര്‍ക്കാനായി മിക്കപ്പോഴും ‘ഓവര്‍ടൈം’ ജോലി ചെയ്യേണ്ടിയും വരും. ഇങ്ങനെയൊക്കെ കഷ്ടപ്പെടാന്‍ തയ്യാറുള്ളവര്‍ മാത്രം ഗ്രാഫിക് ഡിസൈന്‍ തൊഴിലായി തിരഞ്ഞെടുത്താല്‍ മതി.

എന്തു പഠിക്കണം
ഗ്രാഫിക് ഡിസൈനിങ് എന്ന കരിയറിലേക്കെത്തിപ്പെടാന്‍ കൃത്യമായ ഒരു കോഴ്‌സ് പഠിച്ചിരിക്കണമെന്ന നിര്‍ബന്ധമില്ല. വരയും കലയുമൊക്കെയായി ബന്ധപ്പെട്ടു കിടക്കുന്നത്‌കൊണ്ട് ബാച്ചിലര്‍ ഓഫ് ഫൈന്‍ആര്‍ട്‌സ് (ബി.എഫ്.എ.) കോഴ്‌സ് കഴിഞ്ഞവരാണ് ഗ്രാഫിക് ഡിസൈനിങ് രംഗത്തേക്ക് പ്രധാനമായും തിരിയുന്നത്. കഴിവ് തെളിയിച്ച മിക്ക ഗ്രാഫിക് ഡിസൈനര്‍മാരും ബി.എഫ്.എ. കോഴ്‌സ് പൂര്‍ത്തിയാക്കിയവരാണ്. അനിമേഷന്‍, മള്‍ട്ടിമീഡിയ കോഴ്‌സ് പാസായവരും ഈ രംഗത്ത് സജീവമായുണ്ട്. ഇതിനൊക്കെ പുറമെ വിഷ്വല്‍ കമ്യൂണിക്കേഷന്‍ കോഴ്‌സ് കഴിഞ്ഞവര്‍ക്കും ഗ്രാഫിക് ഡിസൈനര്‍മാരാകാവുന്നതാണ്. ഗ്രാഫിക് ഡിസൈനിങ് എന്ന പേരില്‍ തന്നെ കോഴ്‌സ് നടത്തുന്ന ചില സ്ഥാപനങ്ങളുമുണ്ട്.

ഈ പറഞ്ഞ കോഴ്‌സുകളൊന്നും പഠിക്കാതെ തന്നെ ഗ്രാഫിക് ഡിസൈനിങ് ചെയ്യുന്ന എത്രയോ പേരെ നമ്മുടെ നാട്ടിലെ പരസ്യസ്ഥാപനങ്ങളിലും ഡി.ടി.പി. സെന്ററുകളിലുമൊക്കെ കാണാനാകും. സര്‍ട്ടിഫിക്കറ്റുകളുടെ കനമല്ല തലയ്ക്കുള്ളിലുളള കലാബോധവും അഭിരുചിയുമാണ് ഗ്രാഫിക് ഡിസൈനര്‍മാരുടെ നിലവാരം നിര്‍ണയിക്കുന്നതെന്ന് വ്യക്തം.
ഗ്രാഫിക് ഡിസൈനിങ് മേഖലയില്‍ ശോഭിക്കണമെങ്കില്‍ നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട പല കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേര്‍ പാക്കേജുകളുമുണ്ട്. ഫോട്ടോഷോപ്പും ഇല്ലസ്‌ട്രേറ്ററുമാണ് ഇവയില്‍ ഏറ്റവും പ്രധാനം. അഡോബ് ക്രിയേറ്റീവ് സ്യൂട്ട്, കോറല്‍ഡ്രോ ഗ്രാഫിക്‌സ് സ്യൂട്ട് എന്നിവയും അറിഞ്ഞിരിക്കണം. പേജ് ലേഔട്ടിനായി ഇന്‍ഡിസൈന്‍, കോറല്‍ഡ്രോ, ക്വാര്‍ക്ക് എക്‌സ്പ്രസ് എന്നിവയും ഉപയോഗിക്കാന്‍ ശീലിക്കേണ്ടതുണ്ട്. പ്രിന്റിങിന്റെയും വെബ് പ്രോഗ്രാമിങിന്‍െയുമെല്ലാം അടിസ്ഥാനപാഠങ്ങള്‍ ഗ്രാഫിക് ഡിസൈനര്‍ മനസിലാക്കിവെക്കണം.

എവിടെ പഠിക്കാം
അഹമ്മദാബാദിലെ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) ആണ് ഈ രംഗത്തെ രാജ്യത്തെ മുന്‍നിര സ്ഥാപനം. ഗ്രാജ്വേറ്റ് തലത്തിലും പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലുമായി രണ്ട് ഡിസൈനിങ് കോഴ്‌സുകള്‍ എന്‍.ഐ.ഡിയില്‍ നടക്കുന്നുണ്ട്. പരമ്പരാഗത രൂപകല്പനാരീതിയും എറ്റവും പുതിയ കമ്പ്യൂട്ടര്‍ അധിഷ്ഠിത ഡിസൈനിങ് സംവിധാനങ്ങളും കൂടി സമന്വയിപ്പിച്ചുള്ള എന്‍.ഐ.ഡിയിലെ കോഴ്‌സുകള്‍ക്ക് രാജ്യാന്തരനിലവാരമുണ്ട്. ദേശീയതലത്തില്‍ നടത്തുന്ന മത്സരപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവിടുത്തെ അഡ്മിഷന്‍. ഗുവാഹട്ടി ഐ.ഐ.ടിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിസൈന്‍, ബോംബെ ഐ.ഐ.ടിയിലെ ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന കോഴ്‌സുകളും മികവിന് പേരുകേട്ടതാണ്. കാണ്‍പുര്‍ ഐ.ഐ.ടിയിലും ഡിസൈനിങ് കോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്.

പൂനെയിലെ സിംബിയോസിസ് സെന്റര്‍ ഓഫ് ഡിസൈന്‍, ബാംഗ്ലൂരിലെ സൃഷ്ടി സ്‌കൂള്‍ ഓഫ് ഡിസൈന്‍, മുംബൈയിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍, ന്യൂഡല്‍ഹിയിലെ എ.പി.ജെ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, ചെന്നൈ ലൊയോളോ കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വിഷ്വല്‍ എജ്യുക്കേഷന്‍ എന്നിവയാണ് ഈ രംഗത്ത് മികച്ച രീതിയില്‍ കോഴ്‌സ് നടത്തുന്ന രാജ്യത്തെ മറ്റ് പ്രധാന സ്ഥാപനങ്ങള്‍.

പഠനം കേരളത്തില്‍
കേരളത്തില്‍ കേരള, എം.ജി., കാലിക്കറ്റ്, ശ്രീശങ്കരാചാര്യ സര്‍വകലാശാലകളില്‍ ബി.എഫ്.എ. പഠനത്തിനുള്ള സൗകര്യമുണ്ട്. കേരള സര്‍വകലാശാലയിലെ തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ബി.എഫ്.എ., എം.എഫ്.എ. കോഴ്‌സുകള്‍ നടത്തുന്നു. മാവേലിക്കരയിലെ രാജാരവിവര്‍മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലും ബി.എഫ്.എ. കോഴ്‌സുണ്ട്.

എം.ജി. യൂണിവേഴ്‌സിറ്റിക്കു കീഴില്‍ തൃപ്പൂണിത്തുറയിലുള്ള ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ ബി.എഫ്.എ. വിഷ്വല്‍ ആര്‍ട്‌സ് (4 വര്‍ഷം), എം.എഫ്.എ. (2 വര്‍ഷം) എന്നീ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു കീഴില്‍ തൃശ്ശൂരിലുള്ള ഗവ. ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ ബി.എഫ്.എ. കോഴ്‌സ് ചെയ്യാന്‍ സൗകര്യമുണ്ട്. ചങ്ങനാശ്ശേരിയിലെ സെന്റ്‌ജോസഫ്‌സ് കോളേജ് ഓഫ് കമ്യൂണിക്കേഷന്‍സില്‍ ബി.എ. മള്‍ട്ടിമീഡിയ, ബി.എ. ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ എന്നിവ പഠിപ്പിക്കുന്നു. ഇതിന് പുറമെ പല സ്വകാര്യസ്ഥാപനങ്ങളും ഗ്രാഫിക്‌സ് ഡിസൈനിങ് കോഴ്‌സ് നടത്തുന്നുണ്ട്.
റസല്‍

മനസറിഞ്ഞ് തൊഴില്‍

മനുഷ്യമനസ്സിനെ ആരോഗ്യത്തോടുകൂടി നിലനിര്‍ത്താന്‍ ഇന്ന് എല്ലാവരും ബദ്ധശ്രദ്ധരാണ്. അതുകൊണ്ടുതന്നെ ഇക്കാലത്ത് പ്രമുഖ സ്ഥാപനങ്ങളെല്ലാം സമ്മര്‍ദ്ദ നിയന്ത്രണത്തിനായി മന:ശ്ശാസ്ത്രത്തിന്റെയും മനശാസ്ത്രജ്ഞരുടെയും സഹായം തേടാറുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലെന്നപോലെ വിവിധ സാമൂഹിക സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഏജന്‍സികളിലും ഇന്ന് മന:ശാസ്ത്രജ്ഞര്‍ അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ആസ്പത്രികള്‍, കോടതി മുറികള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി ജയിലുകളില്‍വരെ മന:ശാസ്ത്രജ്ഞരുടെ സേവനം ആവശ്യമായി വരുന്നു. ഇതെല്ലാം മനശാസ്ത്ര വിദ്യാര്‍ഥികളുടെ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുന്നു. മന:ശാസ്ത്രപരമായ സമീപനം ഏറ്റവും കൂടുതല്‍ പ്രസക്തമാകുന്ന മറ്റൊരു ഇടമാണ് വിദ്യാഭ്യാസമേഖല. പഠനവിഷയങ്ങളും പഠനരീതിയും എങ്ങനെയാകണമെന്ന് നിശ്ചയിക്കുന്നതില്‍ മന:ശാസ്ത്രത്തിന്റെ സ്വാധീനമുണ്ട്.

കോഴ്‌സുകള്‍
പ്ലസ് ടു വിജയകരമായി പൂര്‍ത്തിയാക്കിയ ഏതു വിദ്യാര്‍ഥിക്കും സൈക്കോളജി ബിരുദ പഠനത്തിന് ചേരാന്‍ അവസരമുണ്ട്. താരതമ്യേന കുറവാണെങ്കിലും കേരളത്തില്‍ സൈക്കോളജി പ്രധാനവിഷയമായി ബിരുദപഠന കോഴ്‌സുകളുള്ള കോളേജുകള്‍ ഉണ്ട്. പ്രവേശന പരീക്ഷയിലെ മാര്‍ക്കിന്റെയും പ്ലസ് ടു മാര്‍ക്കിന്റെയും അടിസ്ഥാനമാക്കിയായിരിക്കും സൈക്കോളജി ബിരുദപഠനത്തിന് പ്രവേശനം. സോഷ്യോളജി, ഫിസിയോളജി തുടങ്ങിയ വിഷയങ്ങളുടെ സബ്‌സിഡിയറിയായും സൈക്കോളജി ബിരുദതലത്തില്‍ പഠിപ്പിക്കുന്നു.

സൈക്കോളജിയില്‍ പി.ജി. പഠനത്തിന് ചേരാന്‍, ചില സര്‍വ്വകലാശാലകള്‍ ഡിഗ്രി തലത്തില്‍ മന:ശാസ്ത്രം ഒരു വിഷയമായി പഠിച്ചിരിക്കണം എന്ന നിബന്ധന വെച്ചുപുലര്‍ത്തുന്നു. കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം കാമ്പസ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ തേഞ്ഞിപ്പലം ക്യാമ്പസ് എന്നിവിടങ്ങളില്‍ മനഃശാസ്ത്രത്തിന് പി.ജി., എം.ഫില്‍, പി.എച്ച.്ഡി. പഠനത്തിനുള്ള സൗകര്യമുണ്ട.്

ക്ലിനിക്കല്‍ സൈക്കോളജി
മന:ശാസ്ത്രത്തിന്റെ ഏറ്റവും പ്രധാനപെട്ട ശാഖകളിലൊന്നാണ് ക്ലിനിക്കല്‍ സൈക്കോളജി. മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അത് ചികിത്സിച്ച് ഭേദമാക്കുകയും ചെയ്യുന്ന വിഭാഗമാണ് ക്ലിനിക്കല്‍ സൈക്കോളജി. സാധാരണ മാനസികാസ്വസ്ഥ്യങ്ങള്‍ മുതല്‍ സ്‌കീസോഫ്രീനിയ, മാനിയ, ഡിപ്രഷന്‍ തുടങ്ങിയ കടുത്ത മാനസിക പ്രശ്‌നങ്ങള്‍ വരെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ കൈകാര്യംചെയ്യുന്നു. വലിയ അക്കാദമിക് ഇന്‍സ്റ്റിറ്റിയുട്ടുകള്‍, ആസ്പത്രികള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, ക്ലിനിക്കുകള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ക്ക് തൊഴിലവസരമുണ്ട്. അതോടൊപ്പം സ്വകാര്യ പ്രാക്ടീസ് നടത്താനും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് സ്വാതന്ത്ര്യമുണ്ട്.

ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഉപരിപഠനത്തിന് പേരുകേട്ട സ്ഥാപനമാണ് റാഞ്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡിയും സൈക്കോളജിക്കല്‍ മെഡിസിനിലും സൈക്യാട്രിക്ക് നഴ്‌സിങിലും ഡിപ്ലോമയും സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കില്‍ എം.ഫില്ലും ഇവിടെയുണ്ട്.വിവരങ്ങള്‍ക്ക്:www.cipranchi.nic.in

പഠനം കേരളത്തിന് പുറത്ത്
മന:ശാസ്ത്ര പഠനശാഖയില്‍ മികച്ച രീതിയില്‍ കോഴ്‌സ് നടത്തുന്ന ഒട്ടേറെ സര്‍വകലാശാലകളും സ്ഥാപനങ്ങളും കേരളത്തിന് പുറത്തുണ്ട്. ഡിഗ്രി കോഴ്‌സുകളേക്കാള്‍ എം.എ., പി.എച്ച്.ഡി. കോഴ്‌സുകളാണ് ഇവിടങ്ങളില്‍ പ്രധാനമായുള്ളത്.

സൈക്കോളജി പഠനത്തിനായുള്ള രാജ്യത്തെ ഏറ്റവും മികച്ച സ്ഥപനം ബാംഗ്‌ളൂരിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (നിംഹാന്‍സ്) തന്നെ. മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ സൈക്കോളജിയില്‍ എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകള്‍ ഇവിടെ നടക്കുന്നു. മന:ശാസ്ത്രത്തില്‍ പി.ജിയുള്ളവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയിലൂടെ ഇവിടെ പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nimhans.kar.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

മന:ശാസ്ത്രപഠനത്തിന് സൗകര്യമൊരുക്കുന്ന മറ്റൊരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകള്‍ ഇവിടെ നടക്കുന്നു. വെബ്‌സൈറ്റ് : www.cipranchi.nic.in

നോയ്ഡയിലെ അമിറ്റി ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് സൈക്കോളജി ആന്‍ഡ് അലയഡ് സയന്‍സസില്‍ വിവിധ തലത്തിലുള്ള സൈക്കോളജി കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ബി.എ. അപ്ലൈഡ് സൈക്കോളജി, എം.എ. അപ്ലൈഡ് സൈക്കോളജി, എം.എ. കൗണ്‍സലിങ് സൈക്കോളജി, പി.ജി. ഡിപ്ലോമ ഇന്‍ കൗണ്‍സലിങ് സൈക്കോളജി, പി.ജി. ഡിപ്ലോമ ഇന്‍ ഫാമിലി ആന്‍ഡ് ചൈല്‍ഡ് സൈക്കോളജി, മാസ്റ്റര്‍ ഓഫ് ഫിലോസഫി-സൈക്കോളജി (ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് സൈക്കോളജി) എന്നിവയാണിവിടുത്തെ പ്രധാന കോഴ്‌സുകള്‍.

ഉത്തര്‍പ്രദേശിലെ ദീന്‍ധയാല്‍ ഉപാധ്യായ് ഗോരഖ്പുര്‍ യൂണിവേഴ്‌സിറ്റിയും മന:ശാസ്ത്രപഠനത്തിന് പേരുകേട്ട സര്‍വകലാശാലയാണ്. എം.എ. സൈക്കോളജി, എം.ഫില്‍ സൈക്കോളജി എന്നിവയാണിവിടുത്തെ കോഴ്‌സുകള്‍. പി.എച്ച്.ഡി. പഠനസൗകര്യവും ഇവിടെയുണ്ട്.

ഡല്‍ഹി യൂണിവേഴ്‌സിറ്റി, കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റി, മദ്രാസ് യൂണിവേഴ്‌സിറ്റി എന്നിവയുടെ കീഴിലുള്ള നിരവധി കോളേജുകളിലും സൈക്കോളജിയില്‍ പഠനസൗകര്യമുണ്ട്.

പഠനം കേരളത്തില്‍
കോഴിക്കോട്ടെ ഫാറൂഖ് കോളേജ് (ബി.എസ്.സി. സൈക്കോളജി), കൈതപ്പൊയിലിലെ ലിസ കോളേജ് (ബി.എസ്.സി., എം.എസ്.സി. സൈക്കോളജി), വടകരയിലെ ശ്രീനാരായണ കോളേജ് (എം.എസ്.സി. ക്ലിനിക്കല്‍ സൈക്കോളജി), തൃശൂരിലെ സെന്റ് മേരീസ് കോളേജ് (എം.എസ്.സി. സൈക്കോളജി), പേരാമ്പ്രയിലെ സില്‍വര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് (ബി.എസ്.സി. സൈക്കോളജി), മലപ്പുറം എടക്കരയിലെ ശ്രീ വിവേകാനന്ദ പഠന കേന്ദ്രം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് (ബി.എസ്.സി. സൈക്കോളജി), കൊണ്ടോട്ടി പുളിക്കലിലെ ബ്ലോസം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് (ബി.എസ്.സി. സൈക്കോളജി), മങ്കടയിലെ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് (ബി.എസ്.സി. സൈക്കോളജി), തൃശൂര്‍ ഗവ. കോളേജ് (ബി.എസ്.സി. സൈക്കോളജി), ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് (ബി.എസ്.സി. സൈക്കോളജി), പുതുക്കാട്ടെ പ്രജ്യോതി നികേതന്‍ കോളേജ് (ബി.എസ്.സി. സൈക്കോളജി, എം.എസ്.സി. ക്ലിനിക്കല്‍ സൈക്കോളജി), പൂവത്തൂരിലെ മദര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് (ബി.എസ്.സി. സൈക്കോളജി, എം.എസ്.സി. അപ്ലൈഡ് സൈക്കോളജി), കൊടകരയിലെ സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (ബി.എസ്.സി. സൈക്കോളജി), നിലമ്പൂരിലെ അമല്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (ബി.എസ്.സി. സൈക്കോളജി), മഞ്ചേരിയിലെ എച്ച്.എം. കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ബി.എസ്.സി. സൈക്കോളജി) എന്നിവയാണ് കേരളസര്‍വകലാശാലയ്ക്ക് കീഴില്‍ മന:ശാസ്ത്രപഠനത്തിന് അവസരമൊരുക്കുന്ന പ്രമുഖ കോളേജുകള്‍.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള പയ്യന്നൂരിലെ എ.ഡബ്ല്യു.എച്ച്. അല്‍-ബദര്‍ സ്‌പെഷല്‍ കോളേജ് (ബി.എസ്.സി. സൈക്കോളജി), കാസര്‍കോട്ടെ തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് (ബി.എസ്.സി. സൈക്കോളജി), വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (ബി.എസ്.സി. സൈക്കോളജി) എന്നിവിടങ്ങളില്‍ മന:ശാസ്ത്രപഠനത്തിന് സൗകര്യമുണ്ട്.

കോട്ടയത്തെ കുര്യാക്കോസ് ഏലിയാസ് കോളേജ് (ബി.എ. സൈക്കോളജി), ആലുവയിലെ യു.സി. കോളേജ് (ബി.എസ്.സി. സൈക്കോളജി) എന്നിവയാണ് എം.ജി. സര്‍വകലാശലായുടെ കീഴില്‍ സൈക്കോളജി കോഴ്‌സ് നടക്കുന്ന കോളേജുകള്‍.

കേരള യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ വഴുതക്കാട് ഗവ. കോളേജ് ഓഫ് വിമന്‍ (ബി.എ. സൈക്കോളജി), കേശവദാസപുരത്തെ മഹാത്മഗാന്ധി കോളേജ് (ബി.എ. സൈക്കോളജി), ചെമ്പഴന്തിയിലെ ശ്രീനാരായണ കോളേജ്, കൊല്ലം എന്നിവിടങ്ങളില്‍ മനഃശാസ്ത്ര കോഴ്‌സ് നടത്തുന്നു.

കൗണ്‍സലിങ് സൈക്കോളജി
ഒറ്റയ്‌ക്കോ സംഘം ചേര്‍ന്നോ ജീവിക്കുന്ന ആളുകള്‍ക്കിടയില്‍ പരസ്പരമോ ഒരാളുടെ ഉള്ളില്‍തന്നെയോ ഉണ്ടാകുന്ന മാനസികവും വൈകാരികവും സാമൂഹികവും വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കുന്ന മന:ശ്ശാസ്ത്ര ശാഖയാണ് കൗണ്‍സലിങ് സൈക്കോളജി. കൗണ്‍സലിങ് സൈക്കോളജിസ്റ്റുകള്‍ താരതമ്യേന കുറച്ചുകൂടി ആരോഗ്യകരമായ മനസ്സുള്ളവരെയാണ് കൗണ്‍സലിങിനും ചികിത്സയ്ക്കുമായി പരിഗണിക്കുന്നത്.
എം.ജി. സര്‍വ്വകലാശാലയിലെ ബിഹേവിയറല്‍ സയന്‍സ് വകുപ്പില്‍ കൗണ്‍സലിങ് സൈക്കോളജി ഡിപ്ലോമ കോഴ്‌സ് നടത്തുന്നു. സൈക്കോളജി, എജുക്കേഷന്‍, സോഷ്യല്‍വര്‍ക്ക് എന്നീ വിഷയങ്ങളിലൊന്നില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് ഇവിടെ അപേക്ഷിക്കാം.

റസല്‍

കോളേജില്‍ കയറാതെ ഉന്നതപഠനം

പല കാരണങ്ങള്‍ കൊണ്ട് പഠനം മുടങ്ങിപ്പോയവര്‍ക്ക് ആശ്വാസവും ആശ്രയവുമാകുകയാണ് വിദൂരവിദ്യാഭ്യാസ പഠനരീതി.

വിദ്യാഭ്യാസസ്വപ്‌നങ്ങള്‍ പാതിവഴിയിലുപേക്ഷിച്ചവര്‍, വിദേശത്ത് ജോലി തേടിപ്പോയവര്‍, സ്ഥിരം യാത്രചെയ്തുപോയി പഠിക്കാന്‍ കഴിയാത്ത അംഗവൈകല്യമുള്ളവര്‍… ഇവരൊക്കെ ഇന്ന് ആശ്രയിക്കുന്നത് വിദൂരവിദ്യാഭ്യാസത്തെയാണ്.

ഉന്നതവിദ്യാഭ്യാസമേഖലയില്‍ നാലിലൊന്ന് വിദ്യാര്‍ഥികള്‍ വിദൂരമേഖലയിലേക്കു ചേക്കേറിക്കഴിഞ്ഞു. ആദ്യമൊക്കെ റെഗുലര്‍ കോളേജുകളില്‍ സീറ്റുകിട്ടാതെവന്നവരുടെ അഭയകേന്ദ്രമായിരുന്നു വിദൂരവിദ്യാഭ്യാസമെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ല. ജോലിയോടൊപ്പം പഠിച്ചുകയറാമെന്ന ആത്മവിശ്വാസത്തോടെ കൂടുതല്‍പേര്‍ കോഴ്‌സുകള്‍ചെയ്യുന്നു.

വിദൂര വിദ്യാഭ്യാസരീതിയില്‍ വിവിധ സര്‍വകലാശാലകള്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കൊപ്പം ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഇത്തരത്തില്‍ നടത്തുന്നുണ്ട്. ഓരോ വര്‍ഷവും ഇത്തരം കോഴ്‌സുകളില്‍ ചേരുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ കേരളത്തില്‍ പ്രതിവര്‍ഷം ഇരുപതിനായിരത്തിലധികം പേര്‍ വിവിധ കോഴ്‌സുകള്‍ക്കായി ചേരുന്നു. ഇഗ്‌നോയ്ക്കു പുറമെ കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളും വിവിധ കോഴ്‌സുകള്‍ വിദൂരവിദ്യാഭ്യാസത്തിലൂടെ നടത്തിവരുന്നു. അണ്ണാമലൈ സര്‍വകലാശാല, ഭാരതീയാര്‍ സര്‍വകലാശാല തുടങ്ങി കേരളത്തിനു പുറത്തുള്ള ഒട്ടേറെ സര്‍വകലാശാലകളും ഇത്തരത്തില്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നു.

വിദൂര വിദ്യാഭ്യാസത്തിന് പ്രധാനമായും മൂന്നു തരത്തിലുള്ള സ്ഥാപനങ്ങളാണ് രാജ്യത്തുള്ളത്. ഓപ്പണ്‍ യൂണിവേഴ്‌സിറ്റികള്‍, കറസ്‌പോന്‍ഡന്‍സ് യൂണിവേഴ്‌സിറ്റികള്‍, ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ യൂണിവേഴ്‌സിറ്റികള്‍ എന്നിവയാണവ. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കലാണ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റികളുടെ ലക്ഷ്യം. പ്ലസ്ടു യോഗ്യത ഇല്ലാത്തവര്‍ക്ക് ബാച്ചിലര്‍ പ്രിപ്പറേറ്ററി പ്രോഗ്രാമുകളിലൂടെ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടാന്‍ ഇവ അവസരമൊരുക്കുന്നു. വിദ്യാര്‍ഥികള്‍ക്കായി ലേണേഴ്‌സ് സപ്പോര്‍ട്ട് കേന്ദ്രങ്ങളും ഓപ്പണ്‍ യൂണിവേഴ്‌സിറ്റികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രിന്റഡ് സ്റ്റഡി മെറ്റീരിയലുകള്‍ നല്‍കി ഹ്രസ്വകാല വൊക്കേഷണല്‍ കോഴ്‌സുകളാണ് കറസ്‌പോന്‍ഡന്‍സ് യൂണിവേഴ്‌സിറ്റികള്‍ നല്‍കി വരുന്നത്.

ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ യൂണിവേഴ്‌സിറ്റികളില്‍ കോഴ്‌സുകള്‍ക്ക് നിശ്ചിത യോഗ്യതയുള്ളവര്‍ക്കാണ് പ്രവേശനം. പ്രിന്റഡ് സ്റ്റഡി മെറ്റീരിയലുകള്‍ നല്‍കി ഓണ്‍ലൈന്‍ സപ്പോര്‍ട്ടോടുകൂടിയാണ് ഇതിലെ വിദ്യാഭ്യാസം. സ്റ്റഡി സെന്ററുകള്‍ വഴി കോണ്‍ടാക്ട് ക്ലാസുകളും ഉണ്ടാകും.

ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ സര്‍വകലാശാലകള്‍ ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ സര്‍വകലാശാലകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവയുടെ അംഗീകാരവും തൊഴില്‍ രംഗത്ത് ആ കോഴ്‌സുകള്‍ എത്രമാത്രം അംഗീകരിക്കപ്പെടുന്നു എന്നതും കൃത്യമായി മനസ്സിലാക്കിയിരിക്കണം.

കേരള സര്‍വകലാശാല (www.ideku.nte)

1976 ലാണ് കേരള സര്‍വകലാശാലയുടെ ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ വിഭാഗം തുടങ്ങിയത്. മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹെല്‍ത്ത് സയന്‍സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സയന്‍സ്, ഭാഷ, സാഹിത്യം, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, കമ്യൂണിക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ് എന്നീ വിഭാഗങ്ങളിലായി 56 കോഴ്‌സുകളാണ് കേരളയുടെ വിദൂരവിദ്യാസവിഭാഗം നടത്തുന്നത്.

വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി/ പിജി പ്രോഗ്രാമിനൊപ്പം സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ ചെയ്യാന്‍ അവസരമുണ്ട്. സര്‍വകലാശാലയുടെ റെഗുലര്‍ കോഴ്‌സുകള്‍ക്കുള്ള അതേ സിലബസ് തന്നെയാവും വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്കും ഉണ്ടാവുക. പി.എസ്.സിയും മറ്റു സര്‍വകലാശാലകളും ഈ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. വിവിധ ജില്ലകളിലായി 132 ലേണര്‍ സപ്പോര്‍ട്ട് സെന്ററുകളും പ്രവര്‍ത്തിക്കുന്നു.

ബിരുദ കോഴ്‌സുകള്‍: അഫ്‌സലുല്‍ ഉലമ, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി വിഷയങ്ങളില്‍ ബിഎ, ബി.കോം, ബി.എസ്.സി മാത്തമാറ്റിക്‌സ്, ബി.സി.എ., ബി.ബി.എ., ബി.എല്‍.ഐ.സി.

പി.ജി. കോഴ്‌സുകള്‍: അറബി, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി, മലയാളം, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, സംസ്‌കൃതം, സോഷ്യോളജി, തമിഴ് വിഷയങ്ങളില്‍ എം.എ., എം.ബി.എ., മാസ്റ്റര്‍ ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, എം.എല്‍.ഐ.സി., മാസ്റ്റര്‍ ഓഫ് ഹെല്‍ത്ത് സയന്‍സ് ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ്, എം.കോം., എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.സി. മാത്തമാറ്റിക്‌സ്, എം.എസ്.സി. ഇന്‍ ക്ലിനിക്കല്‍ ന്യുട്രീഷന്‍ ആന്‍ഡ് ഡയറ്റിക്‌സ്, മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍.

എം.ജി. സര്‍വകലാശാല (www.mgu.ac.in)

1990 ലാണ് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇതിന്റെ ഭാഗമായി 73 ഓഫ് കാമ്പസ് സെന്ററുകളാണ് ഉള്ളത്. ഇതില്‍ ഏഴെണ്ണം വിദേശത്താണ്. ഷാര്‍ജ, ദോഹ, മനാമ, ദുബായ് ഇന്റര്‍നാഷണല്‍ അക്കാദമിക് സിറ്റി, കുവൈത്ത്, അബുദാബി, ഒമാന്‍ എന്നിവിടങ്ങളിലാണ് വിദേശ സെന്ററുകളുള്ളത്. കൂടാതെ വിവിധ വിഷയങ്ങളിലായി കേരളത്തില്‍ 122 ഓഫ് കാമ്പസ് സെന്ററുകളുമുണ്ട്. എം.ബി.എ., എം.സി.എ. കോഴ്‌സുകള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ് പ്രവേശനം.

ബിരുദ കോഴ്‌സുകള്‍: ബി.എഫ്.ടി., ബിഎ സോഷ്യോളജി, ബി.ബി.എ., ബി.ബി.എം., ബിസിഎ, ബികോം, ബി.എല്‍.ഐ.എസ്‌സി, ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ടി.എസ് – ബാച്ചിലര്‍ ഓഫ് ടൂറിസം സ്റ്റഡീസ്.

പി.ജി. കോഴ്‌സുകള്‍: എല്‍.എല്‍.എം., എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, എം.എ. മള്‍ട്ടിമീഡിയ, എം.എ. സോഷ്യോളജി, എം.സി.എ, എം.ബി.എ., എം.കോം, എം.എസ്.സി. ഐ.ടി., എം.എസ്.സി. മാത്തമാറ്റിക്‌സ്

കാലിക്കറ്റ് സര്‍വകലാശാല (www.universityofcalicut.info)

1981ലാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ വിഭാഗം ആരംഭിക്കുന്നത്. നിലവില്‍ 16 ബിരുദ കോഴ്‌സുകളും 13 ബിരുദാനന്തര ബിരുദ കോഴ്‌സുകളുമാണ് ഇവിടെ നടത്തുന്നത്. രണ്ടു ഡിപ്ലോമ കോഴ്‌സുകളുമുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി 18 വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിവിധ കോഴ്‌സുകള്‍ക്കായി അംഗീകാരം നല്‍കിയിട്ടുണ്ട്. ഷാര്‍ജ, അബുദാബി, ദോഹ, കുവൈത്ത്, ബഹറിന്‍ എന്നിവിടങ്ങളിലും സെന്ററുകളുണ്ട്.

ബിരുദകോഴ്‌സുകള്‍: ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബി, തമിഴ്, സംസ്‌കൃതം, അഫ്‌സലുല്‍ ഉലമ, ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ ബി.എ., ബി.എസ്‌സി. മാത്തമാറ്റിക്‌സ്, ബി.കോം, ബി.ബി.എ., ബാച്ചിലര്‍ ഓഫ് മള്‍ട്ടിമീഡിയ കമ്യൂണിക്കേഷന്‍,ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍, ബാച്ചിലര്‍ ഓഫ് ഗ്രാഫിക് ഡിസൈന്‍ ആന്‍ഡ് അനിമേഷന്‍, ബി.എസ്‌സി. ഇന്‍ കൗണ്‍സലിങ് സൈക്കോളജി

പി.ജി. കോഴ്‌സുകള്‍: ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബി, സംസ്‌കൃതം, തമിഴ്, ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്‌സ്, ഫിലോസഫി, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ എം.എ, എം.എസ്‌സി. മാത്തമാറ്റിക്‌സ്, എം.കോം., എം.ബി.എ.
പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍: ടിവി പ്രോഗ്രാം പ്രൊഡക്ഷന്‍, ടിവി ന്യൂസ് പ്രസന്റേഷന്‍ ആന്‍ഡ് ആങ്കറിങ്,മള്‍ട്ടി മീഡിയ, വെബ് ടെക്‌നോളജി, ഫോറിന്‍ ട്രേഡ്.
ഡിപ്ലോമ കോഴ്‌സുകള്‍: ആര്‍ക്കിടെക്ചറല്‍ വിഷ്വലൈസേഷന്‍, മള്‍ട്ടിമീഡിയ ആന്‍ഡ് അനിമേഷന്‍, ജെമോളജി, ഹോട്ടല്‍ മാനേജ്‌മെന്റ്

കണ്ണൂര്‍ സര്‍വകലാശാല (www.kannuruniversity.ac.in)

ബിരുദ കോഴ്‌സുകള്‍: ഇംഗ്ലീഷ്, ആന്ത്രപ്പോളജി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, മലയാളം, ഇക്കണോമിക്‌സ്, ഹിസ്റ്ററി, അഫ്‌സല്‍ ഉല്‍ ഉല്‍മ എന്നീ വിഷയങ്ങളില്‍ ബിഎ, ബി.കോം, ബി.എസ്‌സി. മാത്തമാറ്റിക്‌സ്, ബി.ബി.എ., ബി.സി.എ.

പി.ജി. കോഴ്‌സുകള്‍: ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ എം.എ, എം.എസ്‌സി. മാത്തമാറ്റിക്‌സ്, എം.കോം.

പ്രധാന വിദൂരവിദ്യാഭ്യാസ സര്‍വകലാശാലകള്‍
1. അളഗപ്പ സര്‍വകലാശാല, 2. ആന്ധ്ര സര്‍വകലാശാല, 3. അണ്ണ സര്‍വകലാശാല, 4. അണ്ണാമലൈ സര്‍വകലാശാല
5. ബെഗളൂരു സര്‍വകലാശാല, 6. ഭാരതിയാര്‍ സര്‍വകലാശാല, 7. ഐ.സി.എഫ്.എ.ഐ. സര്‍വകലാശാല, 8. കകാതിയ സര്‍വകലാശാല, 9. മണിപ്പാല്‍ സര്‍വകലാശാല, 10. ഉസ്മാനിയ സര്‍വകലാശാല

കരുതലോടെ വേണം വിദൂര വിദ്യാഭ്യാസം
സാമ്പത്തികസാധ്യത ലക്ഷ്യമിട്ട് 90കളിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ സര്‍വകലാശാലകള്‍ പഠനകേന്ദ്രങ്ങള്‍ തുടങ്ങിയത്. പ്രോഗ്രാമിങ് സെന്റര്‍, കൗണ്‍സലിങ് സെന്റര്‍ എന്നിങ്ങനെയുള്ള പേരുകളില്‍ സ്വകാര്യ സംരംഭകരുമായി ധാരണാപത്രം ഒപ്പുവെയ്ക്കും. ഇതിനുശേഷം അംഗീകാരം നല്‍കുന്നതാണ് രീതി. കാലിക്കറ്റ് സര്‍വകലാശാലയില്‍ അപേക്ഷകള്‍ ആദ്യം സിന്‍ഡിക്കേറ്റില്‍ വെയ്ക്കും. സിന്‍ഡിക്കേറ്റ് സമിതി അപേക്ഷകരുടെ ചെലവില്‍ വിദേശകേന്ദ്രങ്ങളിലെത്തി അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്തിയശേഷം അനുമതി നല്‍കുകയുംചെയ്യും. ഓരോവര്‍ഷവും ഈ കേന്ദ്രങ്ങള്‍ പണമടച്ച് അംഗീകാരം പുതുക്കേണ്ടതുണ്ട്.

യു എ ഇ, ഖത്തര്‍ എന്നിവിടങ്ങളിലായി കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് 24 പഠനകേന്ദ്രങ്ങളുണ്ട്. എന്നാല്‍ ഓഫ് ക്യാമ്പസ് സെന്ററുകള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ഈ 24 കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. കോടതിയുടെ സഹായത്തോടെയാണ് നിലവില്‍ അവിടെ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ പരീക്ഷയെഴുതിയത്.

ഗള്‍ഫ് നിയമങ്ങളനുസരിച്ച് വിദേശ സര്‍വകലാശാലകളുടെ കോഴ്‌സുകള്‍ക്ക് അംഗീകാരം ലഭിക്കാന്‍ വലിയ കടമ്പകള്‍ കടക്കണം. ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ മുഖേന പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തി പരീക്ഷ നടത്താനാണ് ഇപ്പോഴത്തെ ശ്രമം. എം.ജി. സര്‍വകലാശാലയിലും ഇതേ വിഷയമുണ്ടായി. യു.ജി.സി. നിര്‍ദേശപ്രകാരം ഓഫ് കാമ്പസ് സെന്ററുകള്‍ പൂട്ടാന്‍ ചാന്‍സലറായ ഗവര്‍ണറും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും നിര്‍ദേശിച്ചു. ആകെയുണ്ടായിരുന്ന 133 ഓഫ് കാമ്പസ് സെന്ററുകളില്‍ 82 എണ്ണവും പൂട്ടി. ഇവയില്‍ ഏകദേശം 12,000ത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടായിരുന്നു. പാതിവഴിയില്‍ പഠനമുപേക്ഷിക്കേണ്ടനിലയിലാണ് ഇപ്പോള്‍ ഇവര്‍.

മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 29 സര്‍വകലാശാലകള്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഠനകേന്ദ്രങ്ങളുണ്ട്. തമിഴ്‌നാട്ടില്‍നിന്നുള്ള അണ്ണാമലൈ, മധുര കാമരാജ്, ഭാരതിയാര്‍ തുടങ്ങിയവയാണ് മുന്‍പന്തിയില്‍. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സംസ്ഥാനത്തിനുപുറത്ത് ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലും കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലും പ്രോഗ്രാമിങ് സെന്ററുകളുണ്ട്.

കേന്ദ്രസര്‍വകലാശാലകള്‍ക്കുമാത്രമേ രാജ്യത്തുടനീളം പ്രവര്‍ത്തനപരിധിയുള്ളൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനസര്‍വകലാശാലകള്‍ക്ക് ഓഫ് കാമ്പസ് അനുവദിക്കാനധികാരമില്ലെന്നും പ്രവര്‍ത്തിക്കുന്നവ അടച്ചുപൂട്ടണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഓഫ് കാമ്പസ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ 2009 ഏപ്രിലില്‍ രാജ്യത്തെ എല്ലാ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്കും യു.ജി.സി. നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേ നിര്‍ദേശം കഴിഞ്ഞ മാസവും യു.ജി.സി. ആവര്‍ത്തിച്ചു. എന്നാല്‍, ഇതെല്ലാം മറികടന്നാണ് ഇവയുടെ പ്രവര്‍ത്തനം.

വിദൂര വിദ്യാഭ്യാസത്തിലൂടെ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ മികച്ച സര്‍വകലാശാലകളുടെ മികച്ച കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. പി.എസ്.സിയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും അംഗീകരിച്ച കോഴ്‌സുകളാണോ എന്ന് നോക്കിയാവണം തിരഞ്ഞെടുപ്പ്. ഇതുവരെ കേട്ടിട്ടുകൂടിയില്ലാത്ത ഏതെങ്കിലും സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ കോഴ്‌സിന് ചേരുന്നതിനേക്കാള്‍ ഇഗ്‌നോയുടെ സെന്ററുകളില്‍ പഠിക്കുന്നതാണ് സുരക്ഷിതം.

ഇഗ്‌നോ (www.ignou.ac.in)
ഇന്ത്യയില്‍ വിദൂര വിദ്യാഭ്യാസ മുന്‍നിര സര്‍വകലാശാലയാണ് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എന്ന ഇഗ്‌നോ. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇഗ്‌നോയ്ക്ക് 36 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. 67 റീജ്യണല്‍ സെന്ററുകളും 3000 ലേണര്‍ സപ്പോര്‍ട്ട് സെന്ററുകളും 60 വിദേശ സെന്ററുകളും സര്‍വകലാശാലയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നു. യു.എ.ഇ., ഒമാന്‍, ബഹറിന്‍, ദോഹ, ശ്രീലങ്ക, മൗറീഷ്യസ്, മാലെ ദ്വീപ്, നേപ്പാള്‍, കെനിയ, ഫിജി, കരീബിയന്‍ ദ്വീപുകള്‍, സമോവ, മലേഷ്യ, കിര്‍ഗിസ്ഥാന്‍, സിംഗപ്പൂര്‍, ഖാന എന്നിവിടങ്ങളിലും ഇഗ്‌നോ കോഴ്‌സുകള്‍ നല്‍കുന്നുണ്ട്.

490 അക്കാദമിക് പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്. ജനുവരിയിലും ജൂലായിലുമായി വര്‍ഷത്തില്‍ രണ്ടു തവണ പ്രവേശനം നല്‍കുന്നു. ചില കോഴ്‌സുകള്‍ ജൂലൈ സെഷനില്‍ മാത്രമായിരിക്കും. കോഴ്‌സുകളുടെ സ്വഭാവം അനുസരിച്ച് എന്‍ട്രന്‍സ് പരീക്ഷ നടത്തിയും നേരിട്ടും പ്രവേശനം നല്‍കുന്നു.

ജൂലൈ സെഷനുള്ള പ്രവേശന നടപടികള്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ തുടങ്ങും. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും റീജ്യണല്‍ സെന്ററുകളുണ്ട്.

ബിരുദ കോഴ്‌സുകള്‍: ബിഎ ടൂറിസം സ്റ്റഡീസ്, ബി.സി.എ., ബി.എ., ബി.കോം, ബി.കോം, ബി.എസ്.സി, ബി.എസ്.ഡബ്ല്യു, ബാച്ചിലര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ബി.ബി.എ ഇന്‍ റീട്ടെയിലിങ് വിത്ത് ദി മോഡുലര്‍ അപ്രോച്ച്.

പി.ജി. കോഴ്‌സുകള്‍: എം.ബി.എ, മാസ്റ്റര്‍ ഓഫ് കൗണ്‍സലിങ് ആന്‍ഡ് ഫാമിലി തെറാപ്പി, എം.സി.എ, മാസ്റ്റര്‍ ഓഫ് സയന്‍സ് (ഡയറ്റിക്‌സ് ആന്‍ഡ് ഫുഡ് സര്‍വീസസ് മാനേജ്‌മെന്റ്), എം.എ. (റൂറല്‍ ഡെവലപ്‌മെന്റ്), എം.കോം, എം.എ. ടൂറിസം മാനേജ്‌മെന്റ്, എം.എ. ഇംഗ്ലീഷ്, എം.എ. ഹിന്ദി, എംഎസ്ഡബ്ല്യു, എം.എ. ഫിലോസഫി, എം.എ. എജ്യൂക്കേഷന്‍, എം.എ. ഇക്കണോമിക്‌സ്, എം.എ. ഹിസ്റ്ററി, എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എം.എ. സോഷ്യോളജി, എം.എ. സൈക്കോളജി, മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് ഇന്‍ ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, എം.എ. ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍, മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍സ് സയന്‍സ്, എം.എസ്.സി. മാത്തമാറ്റിക്‌സ് വിത്ത് ആപ്ലിക്കേഷന്‍സ് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്, മാസ്റ്റര്‍ ഇന്‍ ആന്ത്രപ്പോളജി.

റസല്‍

ജീവിതം പുസ്തകങ്ങള്‍ക്കായി





വായനയെ അത്രമേല്‍ ഇഷ്ടപ്പെടുന്നയാളാണോ നിങ്ങള്‍? പുസ്തകങ്ങളാണോ ഇണപിരിയാത്ത കൂട്ടുകാര്‍? എഴുത്തുകാരുടെ വിശേഷങ്ങളും പുതിയ പുസ്തകങ്ങളുടെ വാര്‍ത്തകളുമെല്ലാം കൊതിയോടെയാണോ കേള്‍ക്കാറ്? മൂന്ന് കാര്യങ്ങള്‍ക്കും അതേ എന്നാണുത്തരമെങ്കില്‍ ധൈര്യമായി ലൈബ്രറി സയന്‍സ് കരിയറായി തിരഞ്ഞെടുക്കാം. വരുമാനമാര്‍ഗം എന്നതിലുപരി ആത്മാവിനും മനസിനും സന്തോഷം പകരുന്ന അപൂര്‍വം തൊഴിലുകളിലൊന്നാണ് ലൈബ്രേറിയന്റേത്.

ലൈബ്രേറിയന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പൊടിപിടിച്ച അലമാരികള്‍ക്കിടയില്‍ നിന്നൊരു തടിയന്‍ പുസ്തകവുമായി പുറത്തേക്ക് വരുന്ന കട്ടിക്കണ്ണട ധരിച്ച ഒരാളുടെ ചിത്രമാണ് പഴമക്കാരുടെ മനസില്‍ തെളിയുക. പണ്ടത്തെക്കാലത്തെ ലൈബ്രേറിയന്‍മാരുടെ രൂപമായിരുന്നു അത്. എന്നാല്‍ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ കിട്ടാനുളള പുതിയ കാലത്ത് ലൈബ്രേറിയന്‍മാരുടെ വേഷവും കോലവുമെല്ലാം മാറി. അവരുടെ ജോലിയുടെ സ്വഭാവത്തിലും കിട്ടുന്ന ശമ്പളത്തിലുമൊക്കെ മാറ്റം വന്നു. ഇന്നിപ്പോള്‍ ലൈബ്രറികളില്‍ മാത്രമൊതുങ്ങുന്നില്ല ലൈബ്രേറിയന്റെ പ്രവര്‍ത്തനമേഖല. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പത്ര/ടെലിവിഷന്‍ സ്ഥാപനങ്ങളിലും ബഹുരാഷ്ട്ര കമ്പനികളിലുമൊക്കെ ലൈബ്രേറിയന്‍ കൂടിയേ തീരൂ.

ആദ്യം വേണ്ടത് വായനാശീലം
ഒരു പുസ്തകം പോലും മറിച്ചുനോക്കാത്തവന് പറഞ്ഞിട്ടുള്ള പണിയല്ല ലൈബ്രേറിയന്റേത്. വായനാശീലമുള്ളതുകൊണ്ടുമായില്ല, പുസ്തകങ്ങളോട് ഭ്രാന്തമായ അഭിനിവേശമുള്ളവര്‍ക്കേ ഈ രംഗത്ത് തിളങ്ങാനാകൂ. ഒപ്പം മികച്ച ആശയവിനിമയശേഷി, കാര്യങ്ങള്‍ ചിട്ടയോടെ ചെയ്തുതീര്‍ക്കാനുള്ള കഴിവ്, ലൈബ്രറിയിലെത്തുന്ന ഓരോരുത്തരുടെയും ആവശ്യങ്ങള്‍ മനസിലാക്കി അത് നിര്‍വഹിക്കാനുള്ള ബോധം, ഹൃദ്യമായ പെരുമാറ്റം, ഓര്‍മശക്തി എന്നിവയും വേണം. ഓരോ പുസ്തകവും ലൈബ്രറിയുടെ ഏത് അലമാരയിലെ എത്രാമത് തട്ടിലുണ്ടാകുമെന്നത് ഓര്‍മിച്ചുപറയുന്ന ലൈബ്രേറിയന്‍മാരുണ്ടായിരുന്നു. കാറ്റലോഗും പട്ടികയുമെല്ലാം കമ്പ്യൂട്ടറിലായയോടെ അത്രയും ഓര്‍മശക്തിയൊന്നും ഇപ്പോള്‍ വേണ്ട. എങ്കിലും തീരെ ഓര്‍മ നില്‍ക്കാത്തയാളുകള്‍ മറ്റേതെങ്കിലും ജോലി കണ്ടെത്തുന്നതാണ് നല്ലത്.

ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എല്‍.ഐ.എസ്.)
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഗ്രന്ഥങ്ങളും വായനക്കാരുമുണ്ടെങ്കിലും ലൈബ്രറി ഒരു പഠനവിഷയമായി മാറിയത് 1887ലാണ്. അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ ആ വര്‍ഷം മുതല്‍ ലൈബ്രറി സയന്‍സില്‍ പ്രത്യേക കോഴ്‌സ് ആരംഭിച്ചു. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വളര്‍ച്ചയ്ക്കനുസരിച്ച് ലൈബ്രറി സയന്‍സ് എന്ന പഠനശാഖയും പടര്‍ന്നുപന്തലിച്ചു. മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എജ്യുക്കേഷന്‍… ഈ മേഖലകളില്‍ നിന്നൊക്കെയുള്ള വിഷയങ്ങള്‍ ചേരുന്നതാണ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന്റെ (എല്‍.ഐ.എസ്) സിലബസ്. നല്ല ലൈബ്രേറിയന്‍ മികച്ചൊരു മാനേജ്‌മെന്റ് വിദഗ്ധനും ഐ.ടി. എക്‌സ്‌പേര്‍ട്ടും കൂടിയായിരിക്കണമെന്നര്‍ഥം. മുമ്പത്തെ പോലെ പുസ്തകങ്ങള്‍ മാത്രം ശേഖരിക്കുന്നതിലും തരം തിരിക്കുന്നതിലുമൊതുങ്ങുന്നില്ല ലൈബ്രേറിയന്റെ ജോലി. മൈക്രോ-ഫിലിമുകള്‍, ഓഡിയോ-വീഡിയോ ശേഖരങ്ങള്‍, സ്‌ലൈഡുകള്‍ എന്നിവയും ലൈബ്രറികളില്‍ ശേഖരിക്കപ്പെടുന്നു. ഇവ കൃത്യമായി തരം തിരിച്ച് ആവശ്യക്കാര്‍ക്ക് വേണ്ടത് നല്‍കുക എന്നതും ലൈബ്രേറിയന്റെ ജോലിയില്‍ പെടുന്നു. അത്തരം കാര്യങ്ങളൊക്കെ ശാസ്ത്രീയമായി പഠിക്കാനുതകുന്ന സിലബസാണ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിലുള്ളത്.

എന്ത് പഠിക്കണം
സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ തൊട്ട് എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകള്‍ വരെ ചെയ്യാവുന്ന ബൃഹത്തായൊരു പഠനമേഖലയാണ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമെടുത്തശേഷം ലൈബ്രറി സയന്‍സിലേക്ക് തിരിയുന്നതാണ് ഏറ്റവും നല്ലത്. ബിരുദയോഗ്യത നേടിയവര്‍ക്ക് ഒരുവര്‍ഷത്തെ ബാച്ചിലര്‍ ഇന്‍ ലൈബ്രറി സയന്‍സ് (ബി.എല്‍.ഐ.സി.) കോഴ്‌സിന് ചേരാം. ലൈബ്രറി അഡ്മിനിസ്‌ട്രേഷന്‍, ബഡ്ജറ്റിങ്, പേഴ്‌സണല്‍ മാനേജ്‌മെന്റ്, കാറ്റലോഗിങ്, നെറ്റ്‌വര്‍ക്കിങ്, ഓട്ടോമേഷന്‍, ഇന്‍ഫര്‍മേഷന്‍ സോഴ്‌സസ്, കണ്‍സര്‍വേഷന്‍ ഓഫ് സ്റ്റഡിമെറ്റീരിയല്‍സ്, റിസര്‍ച്ച് മെത്തെഡോളജി എന്നീ വൈവിധ്യമാര്‍ന്ന അനുബന്ധവിഷയങ്ങളാണ് കോഴ്‌സിന് പഠിക്കാനുണ്ടാകുക. അതിനുശേഷം താത്പര്യമുള്ളവര്‍ക്ക് മാസ്‌റ്റേഴ്‌സ് ഡിഗ്രി ഇന്‍ ലൈബ്രറി കോഴ്‌സ് (എം.എല്‍.ഐ.സി.) കോഴ്‌സ് പഠിക്കാവുന്നതാണ്. എം.എല്‍.ഐ.സി. യോഗ്യത കൂടിയായാല്‍ എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകളും ചെയ്യാം. നല്ല സ്ഥാപനങ്ങളില്‍ നിന്ന് ബി.എല്‍.ഐ.സി. കോഴ്‌സ് കഴിഞ്ഞിറങ്ങിയാല്‍ തന്നെ കൊളളാവുന്ന ജോലി ലഭിക്കുമെന്ന കാര്യം ഉറപ്പ്. ബി.എല്‍.ഐ.സിയും എം.എല്‍.ഐ.സിയും ചേര്‍ത്തുകൊണ്ടുള്ള രണ്ടുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സും ഇപ്പോള്‍ ചില സര്‍വകലാശാലകള്‍ നടത്തുന്നുണ്ട്.

ജോലി എവിടെയൊക്കെ
സര്‍ക്കാര്‍/സ്വകാര്യ ലൈബ്രറികള്‍, സര്‍വകലാശാലകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, വിദേശ എംബസികള്‍, ഫോട്ടോ/ഫിലിം/റേഡിയോ/ടെലിവിഷന്‍ ലൈബ്രറികള്‍, മ്യൂസിയം ആര്‍ട് ഗാലറികള്‍ എന്നിവിടങ്ങളിലൊക്കെ ലൈബ്രേറിയന്റെ തസ്തിക കൂടിയേ തീരൂ. ഇതിനൊക്കെ പുറമെ ബഹുരാഷ്ട്ര കമ്പനികളും ലൈബ്രറി ബിരുദക്കാരെ ധാരാളമായി റിക്രൂട്ട് ചെയ്യുന്നുണ്ട്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.സി.) പോലുള്ള വമ്പന്‍ ഐ.ടി. കമ്പനികളിലും ലൈബ്രറി ബിരുദക്കാര്‍ ജോലി ചെയ്യുന്നു. ഇന്‍ഫര്‍മേഷന്‍ അനലിസ്റ്റ്, ഇന്‍ഡെക്‌സര്‍, ഇന്‍ഫാര്‍മേഷന്‍ ആര്‍ക്കിടെക്റ്റ്, ആര്‍ക്കൈവിസ്റ്റ് എന്നൊക്കൊയാണ് ഇവിടങ്ങളിലെ ലൈബ്രേറിയന്റെ തസ്തിക. വെറുതെ പുസ്തകങ്ങള്‍ അടുക്കിപ്പെറുക്കിവെക്കുകയല്ല വിവരങ്ങള്‍ ക്രോഡീകരിച്ച് ഇന്റര്‍നെറ്റ് വഴി ലോകം മുഴുവനുമെത്തിക്കുക എന്നതായിരിക്കും മള്‍ട്ടിനാഷണല്‍ കമ്പനികളിലെ ലൈബ്രേറിയന്റെ ജോലി. കമ്പനിയെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും പത്രവാര്‍ത്തകളും ഇവര്‍ ശേഖരിച്ച് ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്നു. ഭാവിയില്‍ കമ്പനി എടുക്കാന്‍ പോകുന്ന പല നിര്‍ണായകതീരുമാനങ്ങള്‍ക്കും മുമ്പ് ഇത്തരം ബാക്ക്ഫയലുകള്‍ പരിശോധിക്കും. ഈ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തായിക്കഴിഞ്ഞാല്‍ ജോലി രാജിവച്ച് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നവരുമുണ്ട്.

ശമ്പളവും ആകര്‍ഷകം
പ്രതിമാസം ആയിരം രൂപ മാത്രം ഹോണറേറിയം വാങ്ങി ജോലി ചെയ്യുന്ന ലൈബ്രേറിയന്‍മാരെ നാട്ടിന്‍പുറങ്ങളില്‍ കാണാം. എന്നാല്‍ അതല്ല നഗരങ്ങളിലെ സ്ഥിതി. ബി.എല്‍.ഐ.സി. കോഴ്‌സ് കഴിഞ്ഞിറങ്ങുന്ന തുടക്കക്കാര്‍ക്ക് പോലും 10,000-15,000 രൂപ നിരക്കില്‍ ശമ്പളം ലഭിക്കുന്നുണ്ട്. പ്രവൃത്തിപരിചയം കൂടുന്നതിനനുസരിച്ച് ശമ്പളവും കൂടും. കോളേജുകളിലാണെങ്കില്‍ പ്രൊഫസറുടെ അതേ ശമ്പള സ്‌കെയിലാണ് ലൈബ്രേറിയന്റേത്. ഡെപ്യൂട്ടി ലൈബ്രേറിയനാകട്ടെ അസോസിയേറ്റ് പ്രൊഫസറുടെ ശമ്പളനിരക്കും. സ്വകാര്യ കമ്പനികളില്‍ ഇന്‍ഫര്‍മേഷന്‍ അനലിസ്റ്റ്, ഇന്‍ഫര്‍മേഷന്‍ ആര്‍ക്കിടെക്റ്റ് ജോലി ചെയ്യുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയ്ക്കടുത്ത് വാര്‍ഷികവരുമാനം ലഭിക്കുന്നുണ്ട്.

എവിടെ പഠിക്കാം
ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠിപ്പിക്കാന്‍ രാജ്യത്ത് രണ്ട് മുന്‍നിര സ്ഥാപനങ്ങളുണ്ട്. ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ റിസോഴ്‌സും (എന്‍.ഐ.എസ്.സി.എ.ഐ.ആര്‍.) ബാംഗ്‌ളൂരിലെ ഡോക്യുമെന്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്ററും (ഡി.ആര്‍.ടി.സി.). ഇതിനുപുറമെ ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാല, അലിഗഡ് മുസ്‌ലിം സര്‍വകലാശാല, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും മികച്ച രീതിയില്‍ ബി.എല്‍.ഐ.സി. കോഴ്‌സ് നടത്തുന്നു. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി, ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്‌സിറ്റി, ഹര്യാനയിലെ കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി, ലഖ്‌നൗ യൂണിവേഴ്‌സിറ്റി, പഞ്ചാബ് യൂണിവേഴ്‌സിറ്റി, ഗുജറാത്ത് യൂണിവേഴ്‌സിറ്റി, തമിഴ്‌നാട്ടിലെ മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ബി.എല്‍.ഐ.സി. കോഴ്‌സുകളും പേരുകേട്ടവയാണ്.

വിദൂരവിദ്യാഭ്യാസരീതിയില്‍ ബി.എല്‍.ഐ.സി. കോഴ്‌സ് പൂര്‍ത്തിയാക്കാനും പല സര്‍വകലാശാലകളും സൗകര്യമൊരുക്കുന്നു. ഇവയില്‍ ഏറ്റവും പ്രധാനം ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) തന്നെ. ഹൈദരാബാദിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ ഓപ്പണ്‍ യൂണിേവഴ്‌സിറ്റി, മൈസൂരിലെ കര്‍ണാടക സ്‌റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കോയമ്പത്തൂരിലെ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും വിദൂരവിദ്യാഭ്യാസരീതിയില്‍ ബി.എല്‍.ഐ.സി. കോഴ്‌സുകള്‍ നടക്കുന്നുണ്ട്.

പഠനം കേരളത്തില്‍
കേരള സര്‍വകലാശാലയുടെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സസില്‍ രണ്ടു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എല്‍.ഐ.സി. കോഴ്‌സ് നടത്തുന്നുണ്ട്. 20 സീറ്റുകളാണുള്ളത്. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ലൈബ്രറി സയന്‍സില്‍ എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകളും ഇവിടെയുണ്ട്.

കേരളയൂണിവേഴ്‌സിറ്റിയുടെ തന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ കറസ്‌പോണ്ടന്‍സ് രീതിയില്‍ എം.എല്‍.ഐ.സി., ബി.എല്‍.ഐ.സി. കോഴ്‌സുകള്‍ നടത്തുന്നു.

കോട്ടയത്തെ എം.ജി. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഒരു വര്‍ഷത്തെ ബി.എല്‍.ഐ.സി. കോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്. 45 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. എം.എല്‍.ഐ.സി. കോഴ്‌സും ഇവിടെയുണ്ട്. 45 ശതമാനം മാര്‍ക്കോടെ ബി.എല്‍.ഐ.സി. പാസായവര്‍ക്ക് അപേക്ഷിക്കാം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ഇന്റഗ്രേറ്റഡ് എം.എല്‍.ഐ.സി. കോഴ്‌സ് നടത്തുന്നു. 25 സീറ്റുകളാണുള്ളത്. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകളും കാലിക്കറ്റിലുണ്ട്.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രററി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സും രണ്ടുവര്‍ഷത്തെ എം.എല്‍.ഐ.എസ്.സി. കോഴ്‌സ് നടത്തുന്നു. 25 സീറ്റുകളുണ്ട്.

യൂണിവേഴ്‌സിറ്റി സെന്ററുകള്‍ക്ക് പുറമെ വിവിധ കോളേജുകളിലും ബി.എല്‍.ഐ.സി., എം.എല്‍.ഐ.സി. കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ചങ്ങനാശേരി എസ്.ബി. കോളേജ് (എം.എല്‍.ഐ.എസ്.സി.), തിരുവല്ലയിലെ സെന്റ് മേരീസ് കോളേജ് ഫോര്‍ വിമന്‍ (ബി.എല്‍.ഐ.എസ്.സി.), കളമശേരിയിലെ രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് (ബി.എല്‍.ഐ.എസ്.സി., എം.എല്‍.ഐ.എസ്.സി.), കോട്ടയത്തെ ഏറ്റുമാനൂരപ്പന്‍ കോളേജ് (ബി.എല്‍.ഐ.എസ്.സി.), ആലുവയിലെ എം.ഇ.എസ്. കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (എം.എല്‍.ഐ.എസ്.സി.), കോഴിക്കോട്ടെ ഫാറൂഖ് കോളേജ് (ബി.എല്‍.ഐ.എസ്.സി., എം.എല്‍.ഐ.എസ്.സി.) എന്നിവയാണ് ചില പ്രധാന കോളേജുകള്‍.

റസല്‍



കടപ്പാട്-http:risalaonline.com

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ