പഠനസാധ്യതാ വിഭാഗങ്ങള്‍ - 01

റോബോട്ടിക്സ് – നാളയുടെ വ്യാവസായിക മേഖല

ബാറ്ററി ടെക്നോളജി – മാറുന്ന വ്യാവസായിക സാധ്യതകള്‍

നാനോ ടെക്നോളജിയും ഭാവി സാധ്യതകളും

എൻറ്റർപ്രേണർഷിപ് മാനേജ്മെൻറ്റ്

വസ്ത്ര നിര്‍മ്മാണത്തിലെ പുത്തന്‍ സങ്കേതങ്ങള്‍

3 ഡി പ്രിന്റിനങ്ങില്‍ തെളിയുന്ന വ്യവസായ സാധ്യതകള്‍

ഫ്രൂഗല്‍ എഞ്ചിനിയിറിംഗ്

ബയോണിക്സ് – പ്രകൃതിയില്‍നിന്നുള്ള വ്യാവസായിക പാഠങ്ങള്‍

റോബോട്ടിക്സ് – നാളയുടെ വ്യാവസായിക മേഖല

കുറഞ്ഞ ചിലവിൽ എങ്ങനെ കൂടുതൽ ഉല്പാദനം നടത്താമെന്ന മനുഷ്യന്‍റെ ചോദ്യത്തിനുള്ളയുത്തരം ഇന്ന് ചെന്ന് നിൽക്കുന്നത് റോബോട്ടിലാണു. മനുഷ്യൻ ചെയ്യുന്ന ജോലികളെല്ലാം തന്നെ അല്ലായെങ്കിൽ മനുഷ്യനു ചെയ്യുവാൻ ദുഷ്കരമായ ജോലികളെല്ലാം തന്നെ ഫലപ്രദമായി ചെയ്യുവാൻ ഇന്ന് വ്യാവസായിക മേഖലകളിലും, ഗവേഷണ മേഖലകളിലും മറ്റിടങ്ങളിലുമെല്ലാം റോബോട്ടുകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വികസിത രാജ്യങ്ങളാണിതിൽ മുൻപിൽ. പ്രത്യേകിച്ചും ജപ്പാനും കാനഡയും. കൈകാര്യം ചെയ്യുന്ന വസ്തുക്കളുടെ വലിപ്പം, ഘനം രൂപം, താപനില, മാർദ്ദവം, നിറം എന്നിവയൊക്കെ ഇവക്ക് തിരിച്ചറിയുവാൻ കഴിയും.

ഉരുക്ക് നിർമ്മാണം, എണ്ണ ശുദ്ധീകരണം, മാലിന്യ സംസ്കരണം,അണുനിരീക്ഷണം, പ്രതിരോധം, സമുദ്രപര്യവേഷണം എന്നിവിടെയെല്ലാം ഇന്ന് റോബോട്ടുകളുടെ സേവനം അനിവാര്യമാണു. ശമ്പളം വേണ്ട, ചുരുങ്ങിയ ചിലവ്, വർദ്ധിച്ച ഉൽപ്പാദനം, ഗുണ നിലവാരമുള്ള ഉൽപ്പന്നം തുടങ്ങിയ പ്രയോജനങ്ങൾ കണക്കിലെടുക്കുമ്പോൾ റോബോട്ടുകളുടെ പ്രസക്തി ഇനി കൂടി വരുമെന്ന് തീർച്ച. ആയതിനാല്‍ത്തന്നെ നാളെയുടെ വ്യവസായിക വിപ്ലവത്തില്‍ അഗ്രഗണ്യമായ സ്ഥാനമുണ്ടാവുന്നയൊന്നാണ് റോബോട്ടിക്സ് എന്ന് നിസംശയം പറയുവാന്‍ സാധിക്കും.

എന്താണ് റോബോട്ട്

റോബോട്ട് എന്നാല്‍ നമ്മുടെ സഹായി ആയി വര്‍ത്തിക്കുന്ന ഒരു‘മെക്കാനിക്കല്‍ സ്ട്രക്ചര്‍’ ആണ്. നമുക്ക് റോബോട്ടിനെ പല രൂപത്തിലും ഉണ്ടാക്കാം, അത് നമ്മുടെ ഇഷ്ടമാണ്. പക്ഷെ നാം രൂപകല്‍പ്പന നല്‍കുന്ന ഓരോ ഭാഗത്തിനും പ്രവര്‍ത്തി ചെയ്യുന്നതിനാവശ്യമായ ആകൃതിയും അതിനുള്ള മേക്കാനിസവും അതിനെ നിയന്ത്രിക്കുവാനുള്ള കഴിവും റോബോട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കണം. റോബോട്ടുകളെ യന്ത്രമനുഷ്യന്‍ എന്ന് പറയാറണ്ടെങ്കിലും ഇതിന് മനുഷ്യരൂപം വേണമെന്ന് നിര്‍ബന്ധമില്ല. മനുഷ്യരൂപത്തില്‍ നിര്‍മ്മിക്കപ്പെടുന്ന റോബോട്ടുകളെ ആന്‍ഡ്രോയ്ഡസ്(Androids) എന്ന് വിളിക്കുന്നു.

ഇന്ന് റോബോട്ടുകള്‍ വളര്‍ച്ചയുടെ പാതയിലാണ്. കൃത്രിമ ബുദ്ധിയും വയര്‍ലെസ്സ് സങ്കേതങ്ങളും നാനോ ടെക്നോളജിയും സമന്വയിപ്പിച്ച് മുന്‍കാലങ്ങളില്‍ ചിന്തിക്കുവാന്‍ പോലും കഴിയാതിരുന്ന സിദ്ധികളുള്ള റോബോട്ടുകളാണിന്ന് രൂപം കൊള്ളുന്നത്.

വിവിധ തരം റോബോട്ടുകള്‍

മനുഷ്യന്‍റെ ആവശ്യങ്ങള്‍ക്കനുസൃതമായിട്ടാണ് റോബോട്ടുകളുടെ രൂപകല്‍പ്പന. റോബോട്ടുകളുടെ നിയന്ത്രണ സംവിധാനങ്ങളെയും യാന്ത്രിക രൂപ വിന്യാസങ്ങളേയും അടിസ്ഥാനമാക്കിയാണ് അവയെ പല വിഭാഗങ്ങളായി തിരിക്കുന്നത്. മെക്കാനിക്കല്‍ കോണ്‍ഫിഗറേഷന്‍ അടിസ്ഥാനമാക്കി അവയെ പോളാര്‍, സിലിണ്ട്രിക്കല്‍, കാര്‍ട്ടീഷ്യന്‍, ജോയിന്‍റഡ് ആം എന്നിങ്ങനെ തിരിക്കാം. മനുഷ്യന്‍റെ കൈത്തണ്ട പോലെ ലംബമായും തിരശ്ചീനമായുമുള്ള പ്രവര്‍ത്തനമുള്ള യന്ത്രക്കൈയ്യുള്ളവയാണ് പോളാര്‍ വിഭാഗത്തില്‍ വരുന്നത്. ലംബമായി മുകളിലേക്കും താഴേക്കും മാത്രം ചലിക്കുന്നവയാണ് സിലിണ്ട്രിക്കല്‍ റോബാട്ടുകള്‍. പരസ്പരം ലംബമായ മൂന്ന് അക്ഷങ്ങളിലൂടെ ചലനം സാധ്യമാക്കുന്ന റോബോട്ടുകളാണ് കാര്‍ട്ടീഷ്യന്‍ ഇനത്തില്‍ വരുന്നത്. ഏറക്കുറെ ഒരു മനുഷ്യന്‍റെ കൈ പോലെ ചലന സ്വാതന്ത്ര്യമുള്ളവയാണ് ജോയിന്‍റഡ് ആം റോബോട്ടുകള്‍.

നിയന്ത്രണ സംവിധാനങ്ങളെ അടിസ്ഥാനമാക്കിയും റോബോട്ടുകളെ തരം തിരിക്കാറുണ്ട്. പരിമിതമായ നിയന്ത്രണ സ്വാതന്ത്ര്യമുള്ളവയെ ലിമിറ്റഡ് സീക്വന്‍സ് റോബോട്ട് എന്ന് പറയുന്നു. ഉയര്‍ന്ന പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ളവയെ സര്‍വോ കണ്‍ട്രോള്‍ റോബോട്ടുകള്‍ എന്ന് പറയുന്നു. ആധുനിക റോബാട്ടുകളെ അവയുടെ പ്രവര്‍ത്തന രീതിയെ അടിസ്ഥാനമാക്കിയും തരം തിരിക്കാറുണ്ട്. ഇന്‍റര്‍നെറ്റിലൂടെ നിയന്ത്രിക്കുവാന്‍ കഴിയുന്ന റോബോട്ടുകളുണ്ട്. ഇവയെ ടെലി ഓപ്പറേറ്റഡ് എന്ന് പറയുന്നു. അനേക ജോലികള്‍ നിശ്ചിത ക്രമത്തില്‍ ഒരു പ്രോഗ്രാമായി നല്‍കിയാല്‍ അവയനുസരിച്ച് പ്രവര്‍ത്തിക്കുന്നവയാണ് പ്രോഗ്രാമബിള്‍ രോബോട്ടുകള്‍. സ്വയം പ്രവര്‍ത്തനം നിയന്ത്രിക്കുവാന്‍ കഴിവുള്ളവയാണ് ഓട്ടോണമസ് റോബോട്ടുകള്‍. ചില പ്രവര്‍ത്തനങ്ങളെ യന്ത്രം നിയന്ത്രിക്കുമ്പോള്‍ ചിലവയെ മനുഷ്യന്‍ നിയന്ത്രിക്കുന്ന തരം റോബോട്ടുകളാണ് ലിമിറ്റഡ് അഥോറിറ്റി റിമോട്ട് കണ്‍ട്രോള്‍ റോബോട്ടുകള്‍.

വ്യാവസായിക മാറ്റങ്ങള്‍

മനുഷ്യ മസ്തിഷ്ക്കത്തിലെ എല്ലാ കഴിവുകളേയും യന്ത്രത്തിലേക്ക് പകരുവാന്‍ ശാസ്ത്ര സമൂഹം തീവ്രയജ്ഞം നടത്തുന്ന ഈ വേളയില്‍ നമ്മുടെ തൊഴില്‍ മേഖലകളില്‍ ഏറെ മാറ്റങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും.

ആരോഗ്യമേഖല

മനുഷ്യ ശരീരത്തിനുള്ളില്‍ കടന്ന് ചികിത്സ നടത്തുവാന്‍ കഴിവുള്ള റോബോട്ടുകള്‍ പിറവിയെടുക്കും. ശരീരത്തില്‍ കത്തി തൊടാതെ ശസ്ത്രക്രിയ നടത്തുവാന്‍ കഴിവുള്ള അക്രോബാറ്റ് എന്ന് പേരിട്ടിരിക്കുന്ന ഒരു റോബോട്ട് ജന്‍മമെടുത്തു കഴിഞ്ഞു. വിദൂരങ്ങളിലിരുന്ന് രോഗിയെ പരിശോധിക്കാവുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയും.

പ്രതിരോധം

യുദ്ധമുന്നണിയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന റോബോട്ടുകളുണ്ട്. കുഴിബോംബുകളുടെ സാന്നിധ്യമറിയുവാനും ചാരപ്പണി നടത്തുവാനും കഴിവുള്ള ഒരു റോബോട്ട് മൂട്ടയെ വാന്‍റര്‍ മില്‍ട്ട് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു.

റോബോട്ടുകള്‍ വീടുകളില്‍

അനതി വിദൂരഭാവിയില്‍ വീട്ടുജോലിക്കാരുടെ സ്ഥാനം റോബോട്ടുകള്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. അതിനാല്‍ത്തന്നെ വരും നാളുകളില്‍ ഇന്നത്തെ മൊബൈല്‍ വില്‍പ്പനയും സര്‍വീസിങ്ങും പോലെ റോബോട്ട് വില്‍പ്പനയും സര്‍വീസിങ്ങും ഒരു വ്യവസായ മേഖലയായി വളര്‍ന്നു വരും.

റോബോട്ടും കൃഷിയും അനുബന്ധമേഖലകളും

കൃഷിയില്‍ റോബോട്ടിനെ പ്രയോജനപ്പെടുത്താവാന്‍ കഴിയും. CNC (Computer Numerical Control) മെഷീന്‍ ഉപയോഗിച്ച് ഒരു പ്രോഗ്രാം സെറ്റ് ചെയ്തിട്ട് ആകെയുള്ള സ്ഥലത്തിന്‍റെ വിസ്തീര്‍ണ്ണം കണക്ക് കൂട്ടി നല്‍കിയാല്‍ നിലം ഉഴുതുന്നതും വിത്ത് വിതയ്ക്കുന്നതും റോബോട്ടിനാല്‍ നിയന്ത്രിതമായ ഒരു യന്ത്രത്താല്‍ നടത്തുവാന്‍ കഴിയും. വിളവെടുപ്പാണ് റോബോട്ടിനെ ഉപയോഗിക്കാവുന്ന മറ്റൊരു മേഖല. ക്ഷീരോല്‍പ്പാദനത്തില്‍ റോബോട്ടുകളുടെ സഹായം വിദേശ രാജ്യങ്ങളില്‍ ഇപ്പോള്‍ത്തന്നെ ഉപയോഗപ്പെടുത്തുന്നുണ്ട്.

കളിപ്പാട്ട വിപണിയും റോബോട്ടും

അടുത്തകാലത്തായി വിപണി കൈയ്യടക്കിയ ഒരു രംഗമാണ് കളിപ്പാട്ടങ്ങളുടേത്. റോബോട്ടിനാല്‍ നിയന്ത്രിതമായ കളിപ്പാട്ടങ്ങള്‍ക്ക് വന്‍ വിപണിയുണ്ട്.

റോബോട്ട് ക്ലസ്റ്റര്‍

റോബാട്ടിനും ക്ലസ്റ്ററോ എന്ന് ചോദിക്കാന്‍ വരട്ടെ, റോബാട്ടുകളുടെ സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനം നിലവിലുണ്ട്. വളരെ ലളിതമായ ആയിരക്കണക്കിന് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാങ്കേതിക വിദ്യകളാണവ. ഈ യന്ത്രസമുച്ചയത്തില്‍ ഏതാനും റോബോട്ടുകളുടെ പ്രവര്‍ത്തനം നിന്നു പോയാലും അത് പ്രവര്‍ത്തിച്ച് കൊണ്ടേയിരിക്കും. ഒരു ചെറു റോബോട്ട് പോയാല്‍ അത് നന്നാക്കിയെടുക്കുവാനുള്ള സംവിധാനം അതിന്‍റെ അയല്‍പക്കത്തിരിക്കുന്ന റോബോട്ടില്‍ ഒരുക്കിയിരിക്കും. ഇങ്ങനെ പരസ്പരം റിപ്പയര്‍ ചെയ്ത് സഹായിക്കുന്നതിനാല്‍ ബാഹ്യാകാശ പേടകങ്ങളിലും മറ്റും ഇത്തരം സാങ്കേതിക വിദ്യകള്‍ വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

അപകടകരമായ സാധ്യതകള്‍

പല്ലികളുടേയും പൂമ്പാറ്റകളുടേയും രൂപത്തില്‍ മനുഷ്യന്‍റെ സ്വകാര്യത കവരുന്ന റോബോട്ടുകള്‍ ഒരു സ്വപ്നമല്ല. നാട്ടിലെങ്ങും പറന്ന് നടന്ന് മനുഷ്യന്‍ അറിയാതെ അവരുടെ ചിത്രങ്ങളെടുക്കുവാന്‍ കഴിവുള്ള പക്ഷികളുടെ രൂപത്തിലുള്ള റോബോട്ടുകള്‍ കാലിഫോര്‍ണിയായിലെ അഡ്വാന്‍സ്ഡ് ഓട്ടോമേഷന്‍ സെന്‍ററില്‍ ഗവേഷണ വിഷയമാണ്.ഇവയെടുക്കുന്ന നമ്മുടെ ചിത്രങ്ങള്‍ നാമറിയാതെ മറ്റൊരാള്‍ വിദൂരത്തിലിരുന്ന് ശേഖരിക്കുന്നത് ചിന്തിച്ചു നോക്കു. തലക്ക് മുകളില്‍ പറന്ന് നടക്കുന്ന ചിത്രശലഭങ്ങള്‍ കൃത്രിമമോ യഥാര്‍ഥമോയെന്ന് നാം സംശയിക്കേണ്ടതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

നാമെന്ത് ചെയ്യണം

പേഴ്സണല്‍ കമ്പ്യൂട്ടര്‍ പോലെ ഹോം റോബോട്ടുകള്‍ എല്ലാ വീട്ടിലും എത്തിത്തുടങ്ങുന്നതോടെ ഇതൊരു വന്‍ വിപണിയായി മാറും. സുരക്ഷാഭടന്‍മാരായും അപകടസ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തകരായും കുട്ടികളുടെ ട്യൂഷന്‍ മാസ്റ്ററുമായെല്ലാം റോബോട്ടുകള്‍ അവതരിക്കുന്നതോടെ മനുഷ്യന്‍ ചെയ്ത് കൊണ്ടിരിക്കുന്ന പല ജോലികളും ഇന്ന് രോബോട്ടുകളുടെ ചുമലിലാകും. ഇത് മുന്നില്‍ കണ്ട് റോബോട്ടുകളെ നമ്മുടെ നാട്ടില്‍ നിര്‍മ്മിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. ഇന്ന് ഇന്‍റര്‍നെറ്റിലൂടെ റോബോട്ടിന്‍റെ വിവിധ ഭാഗങ്ങള്‍ വാങ്ങി കൂട്ടി യോജിപ്പിക്കുവാന്‍ കഴിയും.

റോബോട്ടധിഷ്ഠിതമായ കളിപ്പാട്ടങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളിലെന്ന പോലെ ഇവിടെയും പ്രചാരം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ ഇവ നിര്‍മ്മിക്കുവാന്‍ കഴിഞ്ഞാല്‍ ഇതൊരു വന്‍ വ്യവസായമാക്കി മാറ്റാം. വിദേശ രാജ്യങ്ങളിലേക്ക് കയറ്റ്മതി ചെയ്യുന്നതും ആലോചിക്കാവുന്നതാണ്. ആധുനിക റോബോട്ടുകളില്‍ എംബഡഡ് സോഫ്റ്റ്വെയറുകള്‍ ധാരാളമായി വേണ്ടി വരും. സോഫ്റ്റ്വെയര്‍ നിര്‍മ്മാണ മേഖലയ്ക്ക് ഈ സാധ്യത ഉപയോഗിക്കാവുന്നതാണ്. റോബോട്ടുകളില്‍ ഉപയോഗിക്കുവാന്‍ അതി സങ്കീര്‍ണ്ണമായ കമ്പ്യൂട്ടര്‍ ചിപ്പുകള്‍ ധാരാളമായി വേണ്ടി വരും. ഇവയുടെ നിര്‍മ്മാണം ആരംഭിക്കാവുന്നതാണ്.

റോബോട്ട് ടെക്നോളജിയിലെ ഗവേഷങ്ങള്‍ക്കും തുടര്‍ന്നുള്ള ഉല്‍പ്പാദനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന ധാരാളം സ്ഥാപനങ്ങള്‍ ഇന്നിന്ത്യയിലും വിദേശത്തുമുള്ളതിനാല്‍ യുവാക്കള്‍ക്ക് റോബോട്ട്ക്സ് ഗവേഷണം ഒരു കരിയര്‍ ആക്കാവുന്നതാണ്.

ഭീഷണികള്‍ കാണാതിരുന്നു കൂടാ

വിദേശ വ്യവസായശാലകളില്‍ മനുഷ്യര്‍ക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനാല്‍ അവര്‍ക്ക് വരും കാലങ്ങളില്‍ കുറഞ്ഞവിലക്ക് ഇന്ത്യന്‍ വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുവാന്‍ കഴിയും. ഇത് ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് ഭീഷണിയായി മാറാം. നിലനില്‍പ്പിനായി നാമും റോബോട്ടുകളുപയോഗിക്കുവാന്‍ തുടങ്ങിയാല്‍ തൊഴിലില്ലായ്മ രൂക്ഷമാവാന്‍ തുടങ്ങും. ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ടയൊന്നാണ്. തന്ത്രപ്പധാനമായ മേഖലകളില്‍ നമുക്ക് റോബോട്ട് ഉപയോഗിക്കേണ്ടതായി വരും. അപ്പോള്‍ നഷ്ടമാവുന്ന തൊഴിലവസരങ്ങള്‍ റോബോട്ട് നിര്‍മ്മാണത്തിലേക്കോ അനുബന്ധ സേവനങ്ങളിലേക്കോ മാറ്റി വിന്യസിക്കേണ്ടി വരും. ആഗോളവല്‍ക്കരണത്തിന്‍റെ ഈ കാലഘട്ടത്തില്‍ ലോകത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നമ്മുടെ വിപണിയില്‍ പ്രതിഫലിക്കും

ബാറ്ററി ടെക്നോളജി – മാറുന്ന വ്യാവസായിക സാധ്യതകള്‍

ശാസ്ത്രവും സാങ്കേതിക വിദ്യയും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളായി കരുതാം. അടിസ്ഥാന ശാസ്ത്രത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ സാങ്കേതിക വിദ്യയിലാണ് കൂടുതലായും പ്രതിഫലിക്കുന്നത്. അത് പ്രായോഗികതലത്തിലെത്തുന്നതാകട്ടെ വ്യവസായവല്‍ക്കരണത്തിലൂടെയും. അപ്പോള്‍ വൈവിധ്യമാര്‍ന്ന പുത്തല്‍ ഉല്‍പ്പന്നങ്ങള്‍ ഉടലെടുക്കണമെങ്കില്‍ ആദ്യം മാറ്റങ്ങളുണ്ടാവേണ്ടത് അടിസ്ഥാന ശാസ്ത്രരംഗത്താണ്. ഇന്ന് നാം ഉപയോഗിക്കുന്ന ഏതൊരു ഉല്‍പ്പന്നത്തിന്‍റേയും പിന്നാമ്പുറം അന്വേക്ഷിച്ചാല്‍ അതില്‍ അടിസ്ഥാന ശാസ്ത്രത്തിന്‍റെ സംഭാവനകള്‍ കാണുവാന്‍ കഴിയും. അതിനാല്‍ത്തന്നെ രാജ്യത്ത് വ്യവസായവല്‍ക്കരണം സാധിതപ്രായമാകണമെങ്കില്‍ നാം ആദ്യം ഊന്നല്‍ നല്‍കേണ്ടത് അടിസ്ഥാന ശാസ്ത്രത്തിലെയും സാങ്കേതികവിദ്യകളുടേയും ഗവേഷണത്തിനാവണം. ഇതിനാലാണ് വികസിത രാജ്യങ്ങള്‍ പ്രത്യേകിച്ച് പ്രമുഖ സര്‍വകലാശാലകള്‍ ഗവേഷണത്തിന് ഇത്ര മാത്രം ഊന്നല്‍ നല്‍കുന്നത്.

മാത്രവുമല്ല മാറുന്ന കാലഘട്ടത്തില്‍ പിന്‍തള്ളപ്പെടാതിരിക്കണമെങ്കില്‍ ഗവേഷണം ശക്തിപ്പെടുത്തേണ്ടത് അനിവാര്യവുമാണ്. ആധുനികവല്‍ക്കരിക്കപ്പെടാത്ത സംരംഭങ്ങള്‍ക്ക് ആഗോളമല്‍സരങ്ങളില്‍ തോല്‍വി സമ്മതിക്കുവാനും നാശത്തെ സ്വയം വരിക്കുവാനുമേ കഴിയുകയുള്ളു. ഇന്നത്തെ ഗവേഷണങ്ങള്‍ നാളത്തെ ഉല്‍പ്പന്നങ്ങളായി മാറുമ്പോഴാണ് സാങ്കേതിക വിദ്യകള്‍ വികസനത്തിന് പര്യാപ്തമായി മാറുന്നത്. ഇന്ന് ഏറ്റവും അധികം ഗവേഷണങ്ങള്‍ നടക്കുന്നതും നാളെ വ്യത്യസ്ത രംഗങ്ങളില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ പര്യാപ്തമായതാണ് ബാറ്ററി ടെക്നോളജി. പ്രശ്നങ്ങളാണല്ലോ പുതിയ ടെക്നോളജിയുടേയും അത് വഴി വ്യത്യസ്ത സംരംഭങ്ങള്‍ക്കും നിദാനമായി ഭവിക്കുന്നത്. മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ഊര്‍ജ്ജപ്രതിസന്ധിക്ക് പരിഹാരമായിട്ടാണ് ബാറ്ററികള്‍ ആവിര്‍ഭവിച്ചതെങ്കിലും അവയുടെ സംഭരണ ശേഷിയും ലൈഫും തന്നെയാണ് ശാസ്ത്രലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍. ഇത് തന്നെയാണ് ഈ രംഗത്തെ സാധ്യതകളും.

ഇന്ന് ബാറ്ററികള്‍ ഇല്ലാത്ത രംഗമില്ലായെന്ന് പറയത്തക്ക വിധത്തില്‍ എത്തിയിരിക്കുന്നുവെന്ന് പറഞ്ഞാലത് ഒട്ടും അതിശയോക്തിയല്ല. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, ക്യാമറ, വയര്‍ലെസ്സ് മൌസ്, വാഹനങ്ങള്‍, വിവിധ മെഡിക്കല്‍ ഉപകരണങ്ങള്‍, ക്ലോക്ക്, റേഡിയോ, ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീന്‍ തുടങ്ങി നമുക്ക് പരിചയമുള്ള ഉപകരണങ്ങളിലെല്ലാം തന്നെ ബാറ്ററികള്‍ വിവിധ രൂപങ്ങളില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.

ബാറ്ററികളും പരിമിതികളും

വൈദ്യുതി രാസരൂപത്തില്‍ ശേഖരിച്ച് വയ്ക്കുവാന്‍ കഴിവുള്ള ഒരു ഉപകരണമാണ് ബാറ്ററി. ഇത് ആവശ്യാനുസരണം റീ ചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കുവാന്‍ കഴിയും. ലിഥിയം അയണ്‍ ബാറ്ററികളാണ് സാധാരണ ഉപയോഗത്തിളലുള്ളത്. ഇന്നത്തെ ബാറ്ററികളുടെ പരിമിതികളാണ് ഈ രംഗത്തിന്ന് കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുവാനുള്ള കാരണം. ഭാരക്കുടുതല്‍, ശേഷിക്കുറവ്, കൂടിയ ചാര്‍ജിങ്ങ് സമയം, വലിപ്പം, പെട്ടെന്ന് ഡിസ്ചാര്‍ജ് ചെയ്യുക തുടങ്ങിയവയൊക്കെ ഇന്ന് ബാറ്റികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമായി പുത്തന്‍ ബാറ്ററികള്‍ അണിയറകളില്‍ ഒരുങ്ങുന്നുണ്ട്. പരമ്പരാഗത എഞ്ചിനിയറിങ്ങ് മാത്രമല്ല പുത്തന്‍ അവതാരമായ നാനോ ശാസ്ത്രവും ഈ ഗവേഷണങ്ങള്‍ക്ക് കൂട്ടായുണ്ട്. ബാറ്ററിയുടെ ശേഷികൂട്ടൽ, ബാറ്ററിയുടെ ഭാരം കുറയ്ക്കൽ തുടങ്ങിയ രംഗങ്ങളിൽ ഗവേഷണങ്ങൾ മുന്നേറുന്നു. ഇതിന്‍റെ ഭാഗമായിമൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയുടെ ഭാരം കുറയ്ക്കാനാകും. ചുരുട്ടിയെടുക്കാവുന്നതും ലോലവുമായ സെല്ലുലോസ് ബാറ്ററിയും നാനോസാങ്കേതികവിദ്യയുടെ സാധ്യതയാണ്. നമുക്ക് വിവിധയിനം ബാറ്ററികളെ പരിചയപ്പെടാം.

1. ലൈഫ് കൂടിയ ബാറ്ററികള്‍

സിംഗപ്പൂരിലെ നന്‍യാങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പുതിയ ഒരു ബാറ്ററി ടെക്‌നോളജി വികസിപ്പിച്ചെടുത്തിരിക്കുന്നു. പുതിയതരം ബാറ്ററികള്‍ ഇരുപതുവര്‍ഷത്തോളം ഉപയോഗിക്കാന്‍ കഴിയുന്നവയാണ്. വൈദ്യുതി ഉപയോഗിച്ച് സഞ്ചരിക്കുന്ന വാഹനങ്ങളുടെ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ 4 മണിക്കൂറിലധികം വേണ്ടിവരുമ്പോള്‍ ഇതിന് വെറും രണ്ടു മിനിറ്റു മതി എന്നുളളതാണ് ഇതിന്‍റെ സവിശേഷത. ലിഥിയം അയേണ്‍ ബാറ്ററികളാണിവ. ഇപ്പോള്‍ ഇടയ്ക്കിടെ ബാറ്ററി മാറ്റേണ്ടി വരുന്നതുപോലെ ബാറ്ററികള്‍ മാറ്റേണ്ട ആവശ്യം ഇത്തരം ബാറ്ററികള്‍ഉപയോഗിച്ചാല്‍ ഉണ്ടാവില്ല. സാധാരണ ബാറ്ററികളില്‍ ആനോഡ് നെഗറ്റീവ് പോളായി ഉപയോഗിക്കുന്നത് ഗ്രാഫൈറ്റാണ്. ഈ ബാറ്ററിയില്‍ ടൈറ്റാനിയം ഡയോക്‌സൈഡ് ജെല്‍ ആണ് ഉപയോഗിച്ചിട്ടുളളത്. ഇതിനെ തലനാരിഴയേക്കാള്‍ ആയിരം മടങ്ങ് കനം കുറവുളളനാനോട്യൂബുകളാക്കുകയാണ് ചെയ്യുന്നത്. സൂപ്പര്‍ ഫാസ്റ്റായിട്ട് ചാര്‍ജ്ജ്ചെയ്യുന്നതിന് സഹായകമാകും വിധം ബാറ്ററിക്കുളളിലെ രാസപ്രവര്‍ത്തനംത്വരിതപ്പെടുത്തുന്നത് ഈ നാനോഘടനയാണ്. നാനോ ട്യൂബ് ജെല്‍ ടൈറ്റാനിയം ഡയോക്സൈഡും സോഡിയം ഡയോക്സൈഡും യോജിപ്പിച്ച് പ്രത്യേക താപനിലയില്‍ ഇളക്കി വളരെ എളുപ്പം ഉണ്ടാക്കാവുന്നതിനാല്‍ ബാറ്ററി നിര്‍മ്മാതാക്കള്‍ക്ക് ഇതിന്‍റെ നിര്‍മ്മാണം എളുപ്പത്തില്‍ സാധ്യമാവുന്നു. ടൈറ്റാനിയം ഡയോക്സൈഡ് ഉപയോഗിക്കുന്നതിനാല്‍ താരതമേന്യ വില കുറവായിരിക്കും. മാത്രവുമല്ല ഇടക്കിടെ മാറ്റേണ്ടതില്ലാത്ത പുതിയ ബാറ്ററി ഇറങ്ങുന്നതോടെ ബാറ്ററി മൂലമുള്ള പരിസ്ഥിതി മലിനീകരണം ഒരു പരിധി വരെ കുറയ്ക്കുവാന്‍ കഴിയും. 2 വര്‍ഷത്തിനകം ഉല്‍പ്പന്നം വിപണിയില്‍ ഇറക്കുവാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

2. വെള്ളത്തുള്ളികളില്‍ നിന്നും ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററി

വെള്ളത്തുള്ളികളില്‍ നിന്നും മൊബൈല്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ പറ്റും എന്നാണ് ശാസ്ത്രകാരന്മാര്‍ നല്‍കുന്ന ഉറപ്പ്. ഒരു ജലപ്രതിരോധ പ്രതലത്തില്‍ നിന്നും ജംപ് ചെയ്യപ്പെടുന്ന ജലതുള്ളികള്‍ ഒരു ഇലക്ട്രോണിക്ക് ഡിവൈസിന് ആവശ്യമായ വൈദ്യൂതി ഉത്പാദിപ്പിക്കും എന്നാണ് മച്യൂസാറ്റ് ഇന്‍സ്റ്റ്യൂട്ട് ഒഫ് ടെക്‌നോളജി വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒരു വെള്ളത്തുള്ളി ഒരു സൂപ്പര്‍ ഹൈഡ്രോഫോണിക്ക് സര്‍ഫസില്‍ നിന്നും കണ്‍ഡന്‍സേഷന്‍മൂലം അകലുമ്പോള്‍ വൈദ്യൂതി ചാര്‍ജ്ജ് പുറപ്പെടുവിക്കുന്നു എന്ന് കണ്ടെത്തിയിരുന്നു

ഈ സിദ്ധന്തമാണ് എംഐടി അധികൃതര്‍ പുതിയ ഉപകരണത്തിനായിവികസിപ്പിച്ചിരിക്കുന്നത്. ഒപ്പം ഇത്തരം ഉപകരണത്തിന് അന്തരീക്ഷത്തിലെജലാംശത്തില്‍ നിന്നും വൈദ്യൂതി കണ്ടെത്താന്‍ കഴിയുമെന്നാണ് ഇവര്‍പറയുന്നത്. ആദ്യ ഘട്ടത്തില്‍ ഈ പ്രവര്‍ത്തനത്തിന്‍റെ പ്രതലമായി കോപ്പര്‍പ്ലേറ്റുകളാണ് ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തില്‍ കുറഞ്ഞ വൈദ്യൂതി എകദേശം 15 പൈക്കോ വാള്‍ട്ടാണ് ഇതുവഴി ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്.ഈ ഉപകരണത്തിന് വ്യാവസായിക പങ്കാളിയെ കണ്ടെത്തി വാണിജ്യ അടിസ്ഥാനത്തില്‍ 2017 ഓടെ ഉപകരണം വിപണിയില്‍ എത്തിക്കാം എന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

3. ബയോ-ബാറ്ററി ടെക്നോളജി

ബാറ്ററിക്ക്‌ എത്ര മാത്രം ചെറുതാകാനാകും? കടുകുമണിയോളം? എങ്കിൽകേട്ടോളൂ, മസാച്ചുസെറ്റ്സ്‌ ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ ടെക്നോളജിയിലെ ഗവേഷകസംഘം വികസിപ്പിച്ച വരും തലമുറ ബാറ്ററിയുടെ വലിപ്പം നമ്മുടെ കോശങ്ങളുടെ പാതി മാത്രം. നാളത്തെ ഇത്തിരിക്കുഞ്ഞൻ ഇലക്ട്രോണിക്‌ ഉപകരണങ്ങൾ ചാർജ്ജ്‌ ചെയ്യാൻ ഈ പുതിയ ബാറ്ററിയാകും ഉപയോഗപ്പെടുക എന്നാണ്‌ ഗവേഷക സംഘത്തിന്‍റെ പ്രഖ്യാപനം. മൈക്രോ ബാറ്ററികൾ ഒറ്റയടിക്ക്‌ സൃഷ്ടിക്കാനും പ്രവർത്തനനിരതമാക്കാനും കഴിയുന്ന സങ്കേതം എം ഐ റ്റി എഞ്ചിനിയർമാർ വികസിപ്പിച്ചെടുത്തു. ജനിതകമാറ്റംവരുത്തിയ വൈറസിനെ ഉപയോഗിച്ചാണ്‌ ഈ ചെറു ബാറ്ററി നിര്‍മ്മിച്ചിരിക്കുന്നത്‌. എം13 എന്നാണ്‌ ഈ ജി എം വൈറസിന്‌ നൽകിയിരിക്കുന്ന പേര്‌. ഋണാത്മകമായ അമീനോ ആസിഡ്‌ ആണ്‌ വൈറസിന്‍റെ ഉപരിഭാഗം. കോബാൾട്ടിനോട്‌ അടുപ്പം കാട്ടുന്ന സ്വഭാവമാണ്‌ ഇതിനുള്ളത്‌. ബാറ്ററികളിൽ സാധാരണയായി ഉപയോഗിക്കുന്ന മൂലകമാണ്‌കോബാൾട്ട്‌. ഓഗസ്റ്റ്‌ 18ന്‌ പുറത്തിറങ്ങിയ പ്രോസീഡിംഗ്സ്‌ ഓഫ്‌ ദ നാഷണൽഅക്കാദമി ഓഫ്‌ സയൻസസിൽ ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.“ഞങ്ങളുടെ അറിവിൽ പെട്ടിടത്തോളം, ഇതാദ്യമായാണ്‌ മൈക്രോബാറ്ററിഇലക്‌ട്രോഡുകളുടെ സ്ഥാനം നിശ്ചയിക്കാനും സ്വഭാവം മാറ്റാനും മൈക്രോകോൺടാക്ട്‌ പ്രിന്റിങ്‌ ഉപയോഗിക്കുന്നതും അതിനുവേണ്ടി വൈറസ്‌ അധിഷ്ഠിത ഘടന സ്വീകരിക്കുന്നതും,” എംഐറ്റി പ്രൊഫസർമാരായ പൗല ടി ഹാമോണ്ടും ഏയ്ഞ്ചലാ എം ബെൽഷറും യെറ്റ്‌ മിങ്‌ ചിയാങ്ങും സഹപ്രവർത്തകരും എഴുതി. ഇലക്ട്രോലൈറ്റിനാൽ വിഭജിതമായ ആനോഡ്‌,കാതോഡ്‌ എന്നീ വിരുദ്ധ ധ്രുവങ്ങളടങ്ങിയതാണ്‌ ഓരോ ബാറ്ററിയും. എംഐടി സംഘം വൈറസ്‌ ബാറ്ററിയിൽ ആനോഡും ഇലക്ട്രോലൈറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്‌.

നൈമിഷികമായ ആയുസ്സുള്ള വൈറസ്‌ എങ്ങനെയാണ്‌ ആനോഡ്‌ ആയി പ്രവർത്തിക്കുക എന്ന സംശയം ഉണ്ടാവാം. ബെൽഷർ പറയുന്നത്‌ വൈറസുകൾ വെറും താല്‍ക്കാലിക നിലപ്പലക മാത്രമാണെന്നാണ്‌. എല്ലാത്തിനും അരങ്ങൊരുക്കി കഴിഞ്ഞാൽ പിന്നെ അവ കൊണ്ടുള്ള ആവശ്യം കഴിഞ്ഞു. ഭിത്തിക്ക്‌ ചായം തേക്കുമ്പോൾ ഉപയോഗിക്കുന്ന കുതിര പോലെചെറുഘടകങ്ങൾ നിരത്താനും വളർത്താനുമുള്ള ഒരു രാസത്വരകം എന്നതിനപ്പുറം അവ ജൈവഘടകമായി ഇവിടെ പ്രവർത്തിക്കുന്നേയില്ല. അജൈവ ഘടകം വൈറസിന്‍റെ ഉപരിതലത്തിലാണ്‌ എന്നുമാത്രമല്ല, ഒരു വർഷത്തേക്ക്‌ സ്ഥായിയായി നിൽക്കുകയും ചെയ്യും.

പോളിമർ അടരുകൾക്കുമേൽ സ്വയം ക്രമീകരിക്കുന്ന വൈറസുകൾ ആനോഡ്‌ ആയി പ്രവർത്തിക്കും. തുടർന്ന്‌ കോബാൾട്ട്‌ ഓക്സൈഡിൽ നിന്ന്‌ തന്മാത്രകൾ സ്വീകരിച്ച്‌ മാംസ്യത്താൽ തങ്ങളെത്തന്നെ പൊതിയും. ഇതോടെ വളരെ നേർത്ത വയർ ആയി പ്രവർത്തിക്കാൻ ഇവയ്ക്ക്‌ കഴിയും. ജനിതകഘടനയിൽ വരുത്തിയ മാറ്റമാണ്‌ വൈറസിനെ ഇതിന്‌ പ്രാപ്തമാക്കുന്നത്‌.

സോഫ്റ്റ്‌ ലിത്തോഗ്രഫി എന്ന സാധാരണ രീതി ഉപയോഗിച്ച്‌ റബ്ബറിന്‍റെസ്വഭാവമുള്ള ഒരു ശുദ്ധപ്രതലത്തിൽ ചെറു പോസ്റ്റുകളുടെ ഒരു ശൃംഖലതീർക്കുകയാണ്‌ ആദ്യ ഘട്ടം. (കണക്ഷൻ ഉണ്ടാക്കുന്നതിന്‌ വൈദ്യുതോപകരണങ്ങളിൽ സൗകര്യാർത്ഥം ഘടിപ്പിക്കുന്ന ലോഹത്തരികളെയാണ്‌ പോസ്റ്റ്‌ എന്ന്‌ ഇവിടെ പറയുന്നത്‌. ഇവയ്ക്ക്‌ ഒരു മീറ്ററിന്റെ 40 – 80 ലക്ഷത്തിലൊന്ന്‌ വ്യാസമേ കാണൂ.) അവയ്ക്ക്‌ മുകളിൽ രണ്ടിനം പോളിമറുകളുടെ പല തട്ടുകൾ നിക്ഷേപിക്കുകയാണ്‌ അടുത്തപടി. ഈ പോളിമറുകളാണ്‌ ഖരരൂപത്തിൽ ഇലക്ട്രോലൈറ്റ്‌ ആയും ബാറ്ററി സെപ്പറേറ്റർ ആയും പ്രവർത്തിക്കുക.

പോസ്റ്റിനുമുകളിലെ പോളിമർ അടരുകൾക്കുമേൽ സ്വയം ക്രമീകരിക്കുന്ന വൈറസുകൾ തുടർന്ന്‌ ആനോഡ്‌ ആയി പ്രവർത്തിക്കും. വൈറസുകൾ കോബാൾട്ട്‌ ഓക്സൈഡിൽ നിന്ന്‌ തന്മാത്രകൾ സ്വീകരിച്ച്‌ മാംസ്യത്താൽ സ്വയം പൊതിയും. ഇതോടെ വളരെ നേർത്ത വയർ ആയി പ്രവർത്തിക്കാൻ ഇവയ്ക്ക്‌ കഴിയും. ജനിതകഘടനയിൽ വരുത്തിയ മാറ്റമാണ്‌ വൈറസിനെ ഇതിന്‌ പ്രാപ്തമാക്കുന്നത്‌.

ഈ പ്രവർത്തനത്തിന്റെ ഫലമായി ലഭിക്കുന്ന ഇലക്ട്രോഡ്‌ അറകൾ പൂർണ്ണമായ ഇലക്ട്രോ കെമിക്കൽ പ്രവർത്തനപരത പ്രദർശിപ്പിക്കും. ഇവയെജൈവപദാർത്ഥങ്ങളുമായി ഒത്തുപോകാൻ പരുവപ്പെടുത്തുകയാണ്‌ അടുത്ത ലക്ഷ്യം.

ഒരു ചിപ്പിൽ ഒതുക്കാവുന്ന ലബോറട്ടറി മുതൽ ശരീരത്തിൽ ഇംപ്ലാന്‍റ്ചെയ്യാവുന്ന മെഡിക്കൽ സെൻസറുകൾ വരെ നിർമ്മിക്കാൻ പുതിയ കണ്ടെത്തൽ സഹായകമാകുമെന്നാണ്‌ എംഐടിയിൽ കെമിക്കൽ എഞ്ചിനീറിങ്ങിലെ പ്രൊഫസറായ പൗല ടി ഹാമോണ്ട്‌ പറയുന്നത്‌. ബയോ-ബാറ്ററി ടെക്നോളജി വൻ സാധ്യതകളുള്ള പുതിയ ശാസ്ത്രശാഖയ്ക്ക്‌തുടക്കമിടുകയാണ്‌. ജീവിവർഗ്ഗങ്ങളിലേക്ക്‌ ബാറ്ററികൾഇഴുകിച്ചേർക്കുന്നതിലൂടെ നേടാവുന്ന ഗുണങ്ങളെക്കുറിച്ച്‌ വന്യമായ ആലോചനകൾ നടത്താമെന്ന്‌ മാത്രമേ നമുക്ക്‌ പറയാൻ കഴിയൂ. ഊർജ്ജം ആവശ്യമായി വരുന്ന മെഡിക്കൽ ഉപകരണങ്ങളിൽ ബയോകമ്പാറ്റിബിൾ ബാറ്ററികൾ ഉപയോഗിക്കാനാവുമോ എന്നാണ്‌ ഇപ്പോൾ ഗവേഷകസംഘം പരിശോധിക്കുന്നത്‌. കോശങ്ങളിൽ ബാറ്ററി ഉൾപ്പെടുത്താനാവുമോ എന്ന്‌ ഇനിയും തെളിയേണ്ടിയിരിക്കുന്നു.

4. ശരീരത്തിലെ ചൂട് കൊണ്ട് ചാര്‍ജ്ജാവുന്ന ബാറ്ററി

ഭാവിയില്‍ സ്മാര്‍ട്ട് ഫോണും മറ്റും ചാര്‍ജ്ജ് ചെയ്യാന്‍ ചാര്‍ജ്ജറുകള്‍ തേടേണ്ടി വരില്ല. കൈയ്യില്‍ വച്ചാല്‍ മതിയാവും. ശരീരത്തിലെ ചൂട് കൊണ്ട് ചാര്‍ജ്ജാവുന്ന ടെക്നോളജി വികസിപ്പിച്ചിരിക്കുന്നത് കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ്. ശരീരത്തില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന ഗ്ലാസും ഫാബ്രികും കൊണ്ട് നിര്‍മ്മിച്ച ഇലക്ട്രിക് ജനറേറ്ററായ ഇവ ശരീരവും അന്തരീക്ഷവുമായുള്ള ചെറിയ താപ വ്യത്യാസത്തിലധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. ഹേര്‍ട്ട് മോണിറ്റര്‍, ഗ്ലാസ്സ് തുടങ്ങിയ വെയറബ്ള്‍ ഉപകരണങ്ങളെയാണ് തല്‍ക്കാലം ലക്ഷ്യം വയ്ക്കുന്നത്.

5. വളയുന്ന ബാറ്ററി

പലപ്പോഴും മണിക്കൂറുകള്‍ വേണ്ടിവരും ഒരു ബാറ്ററി ചാര്‍ജാവാന്‍. ഇതിന്പരിഹാരമായി ഒരു മിനിറ്റില്‍ പൂര്‍ണമായി ചാര്‍ജാവുന്ന അലുമിനിയം അയോണ്‍ ബാറ്ററിയുമായി ഗവേഷകര്‍ എത്തി. ഇത് വളക്കുകയും മടക്കുകയും ചെയ്യാം. കുറഞ്ഞചെലവില്‍ നിര്‍മിക്കാവുന്ന മൊബൈല്‍ ഫോണ്‍ ബാറ്ററിയുമായി യു.എസിലെ കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് രംഗത്തിറങ്ങിയത്. വലിപ്പമേറിയ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ആല്‍ക്കലൈന്‍ ബാറ്ററികളെ പിന്തള്ളിയാണ് ചെറിയതും ശേഷിയുമുള്ള ലിഥിയം അയോണ്‍ ബാറ്ററികള്‍ രംഗത്തത്തെിയത്.

ഈ ലിഥിയം അയോണ്‍ ബാറ്ററികളേക്കാള്‍ സുരക്ഷിതമാണ് അലൂമിനിയം അയോണ്‍ ബാറ്ററിയെന്ന് സ്റ്റാന്‍ഫഡ് സര്‍വകലാശാല കെമിസ്ട്രി പ്രഫസര്‍ ഡൈ ഹോങ്ജെ പറഞ്ഞു. ഈ ബാറ്ററി തീപിടിക്കുകയോപൊട്ടിത്തെറിക്കുകയോ ഇല്ല. മാത്രമല്ല, അലുമിനിയത്തിന് ലിഥിയത്തേക്കാള്‍ചെലവ് കുറവുമാണ്. നെഗറ്റീവ് ചാര്‍ജുള്ള അലൂമിനിയം നിര്‍മിതമായ ആനോഡും പോസിറ്റീവ് ചാര്‍ജുള്ള ഗ്രാഫൈറ്റ് നിര്‍മിതമായ കാഥോഡുമാണു പുതിയ ബാറ്ററിയില്‍. ലിഥിയം അയണ്‍ ബാറ്ററികള്‍ക്ക് 1000 തവണയാണ് ചാര്‍ജിങ് ശേഷി. വളയുന്നതിനാല്‍ ചുരുട്ടാവുന്ന സ്മാര്‍ട്ട് ഫോണുകളുടെയും മറ്റ് ഉപകരണങ്ങളുടെയും കണ്ടുപിടിത്തത്തിന് ഈ ബാറ്ററി ഊര്‍ജ്ജമേകുമെന്ന് പ്രതീക്ഷിക്കാം.

6. വരുന്നു പേപ്പര്‍ ബാറ്ററിയും ചാര്‍ജ്ജ് ചെയ്യാവുന്ന വസ്ത്രങ്ങളും

കേട്ടാല്‍ അത്ഭുതമെന്ന് തോന്നുമെങ്കിലും ഈ നാനോ യുഗത്തില്‍ ഒന്നും അസംഭ്യമല്ലായെന്നാണ് വസ്തുത. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ എഞ്ചിനിയര്‍ യി ക്യൂയിയുടെ നേതൃത്തത്തിലുള്ള ഒരു പറ്റം ശാസ്ത്രജ്ഞരാണ് പേപ്പര്‍ ബാറ്ററിയുടെ പിറകില്‍. ബയോബാറ്ററികൾ എന്നവിഭാഗത്തിൽ പെടുത്താവുന്ന ഈ ബാറ്ററികളുടെ പ്രാഥമിക രൂപം ലാബിൽ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. കടലാസുകഷണങ്ങൾ എൻസൈം സെലുലോസിക് ലായനിയിൽ കുതിർത്തെടുത്ത് അതിനെ ഒരു ബൾബുമായ് ഘടിപ്പിച്ചാൽ മിനിട്ടുകളോളം അത് പ്രകാശിക്കുന്ന ഡിസ്പ്ലേ എനർജി റിസേർച്ച് എക്സിബിഷനുകളിൽ ഇതിനോടകം പ്രദർശിപ്പിച്ചു കഴിഞ്ഞു.സെല്ലുലോസിനെ എൻസൈം സെല്ലുലോസിക് ലായനിയുടെ സാന്നിധ്യത്തിൽ വിഘടിപ്പിച്ച് ഗ്ലോക്കോസാക്കി മാറ്റുകയും ഇതിനെ അന്തരീക്ഷ വായുവിലെ ഓക്സിജനുമായ് സംയോജിച്ച് സെല്ലുലോസിനെ എൻസൈം സെലുലോസിക് ലായനിയുടെ സഹായത്തോടെ ഇലക്ട്രോണുകളും ഹൈഡ്രജൻഅയോണുകളുമാക്കി മാറ്റുന്നു. ഇങ്ങനെ സ്വതന്ത്രമാകുന്ന ഇലക്ട്രോണുകളെ ഒരു എക്സ്റ്റേണൽ സർക്യൂട്ടിന്‍റെ സഹായത്തോടെ കടത്തിവിട്ട് വൈദ്യുതപ്രവാഹമാക്കി മാറ്റുന്നു. ഈ വൈദ്യുതി ഉപയോഗിച്ച് ബൾബുകൾ കത്തിക്കുകയും മൊബൈൽ ഫോണുകളിലും ലാപ്ടോപ്പുകളിലും ഐപാഡുകളിലും മറ്റും ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററികൾ ചാർജ് ചെയ്യാനും കഴിയും. ഇനി പേപ്പര്‍ പ്രിന്‍റ് ചെയ്യുന്നതുപോലെ ബാറ്ററിയും നിര്‍മ്മിക്കാനാകും.

ഉപകരണങ്ങളുടെ വലിപ്പം തീരെ ചെറുതാകുമെന്ന മെച്ചവും ഉണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചുരുട്ടി പോക്കറ്റില്‍ ഇടാവുന്ന കാലം വരുന്നു !!

ചാര്‍ജ്ജ് ചെയ്യാവുന്ന വസ്ത്രങ്ങളാണ് അടുത്ത കണ്ടുപിടുത്തം. ഇനി ഭാവിയില്‍ സ്മാര്‍ട്ട് ഫോണുകളും ടാബ് ലറ്റുകളുമെല്ലാം ടി ഷര്‍ട്ടില്‍ നിന്ന് വരെ ചാര്‍ജ്ജ് ചെയ്യാവുന്ന കാലമാണ് വരുവാനിരിക്കുന്നത്.

7. ബാക്ടീരിയ ബാറ്ററി

ബാക്ടീരിയകളെ ബാറ്ററിയുടെ ഉപയോഗത്തില്‍ എങ്ങനെ ഉപയോഗിക്കാമെന്നുള്ള ഗവേഷണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിനെMicrobial Fuels Cells (MFC) എന്നാണ് പറയുക. ബാക്ടീരിയകള്‍ നേരിട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നില്ല പ്രത്യത അവ ഉല്‍പ്പാദിപ്പിക്കുന്ന രാസോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റുകയാണ് ചെയ്യുന്നത്. സാധാരണ ബാറ്ററി പോലെ ഇവയിലും ആനോഡും കാഥോഡുമുണ്ടാകും. കൂടുതലായി ബാക്ടീരിയകള്‍ രാസവിഘടനത്തിന് വിധേയമാകുമ്പോള്‍ അവയെ അയോണുകളായി വേര്‍തിരിക്കുന്ന ഒരു മെക്കാനിസവുമുണ്ടാകും. ഒരിക്കല്‍ അയോണീകരണം നടന്നാല്‍ അയോണുകള്‍ ഉപയോഗിച്ച് സര്‍ക്യൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്യും. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ രംഗത്ത് പുത്തന്‍ കണ്ടെത്തലുകളുമായി എത്തിയിരിക്കുന്നത്. നിലവില്‍ ഈ സാങ്കേതിക വിദ്യയ്ക്കുള്ള പോരായ്മകള്‍ അവര്‍ പരിഹരിച്ച് കഴിഞ്ഞു. ആഫ്രിക്കയില്‍ കാണപ്പെടുന്ന ഒരു പ്രത്യകതരം മണ്ണാണ് ഇതിനായി ഉപയോഗിക്കുന്നത്. ആഫ്രിക്കയുടെ അവികിസിതമായ പ്രദേശങ്ങളില്‍ ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

8. ലിഥിയം അയോണ്‍ ബാറ്ററിയുടെ നാനോ പതിപ്പ് – ഒരു മലയാളി വിജയ ഗാഥ

മൊബൈല്‍ഫോണുകളിലും മറ്റും ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററിയുടെ നാനോ പതിപ്പ്‌ വികസിപ്പിച്ചെടുത്തു കൊണ്ട്‌ മലയാളി ശാസ്‌ത്രജ്ഞന്‍ പ്രൊഫസര്‍ അജയനും സംഘവും അമേരിക്കന്‍ റൈസ്‌ സര്‍വകലാശാലയില്‍ ചരിത്ര നേട്ടം കൈവരിച്ചു

ഒരു നാനോ (ഒരു മീറ്ററിന്‍റെ നൂറുകോടിയില്‍ ഒരംശം വലിപ്പം) വയറില്‍ ലിഥിയം അയോണ്‍ ബാറ്ററികളുടെ പായ്‌ക്കിംഗ്‌ ഉള്‍ക്കൊള്ളിക്കുന്ന അതി സങ്കീര്‍ണ്ണമായ കണ്ടുപിടിത്തമാണു സംഘം നടത്തിയത്‌. മൊബൈല്‍ ഫോണ്‍ വൈദ്യുതി ചാര്‍ജിംഗ്‌ രംഗത്തും ഫോണുകളുടെ വലുപ്പം ഇനിയും വളരെ കുറയ്‌ക്കുന്ന കാര്യത്തിലും വളരെ പ്രധാനപ്പെട്ട സംഭാവന നല്‌കാന്‍കഴിവുള്ളതാണ്‌ ഈ കണ്ടുപിടിത്തം. ഇവരുടെ കണ്ടുപിടിത്തം അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി പ്രസിദ്ധീകരണമായ നാനോ ലെറ്റേഴ്‌സില്‍ ചേര്‍ത്തു

മെക്കാനിക്കല്‍ എന്‍ജിനിയറിംഗിലും മെറ്റീരിയല്‍ സയന്‍സിലും ഗവേഷകനായ ഇദ്ദേഹം നാനോ സാങ്കേതിക രംഗത്ത്‌ 20 വര്‍ഷമായി ഗവേഷണം നടത്തുന്നു. 350പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സമീപകാലത്ത്‌ ഏറ്റവും ചെറുതും കാഠിന്യമേറിയതുമായ ഗ്രഫീന്‍ കണ്ടുപിടിക്കുന്നതില്‍ അദ്ദേഹത്തിന്‍റെ സംഭാവന നിര്‍ണായകമായിരുന്നു.

നാനോ ബ്രഷും ഏറ്റവും ഇരുണ്ട വസ്‌തുവും കണ്ടുപിടിച്ചതിന്‌ അദ്ദേഹം ഗിന്നസ്‌ ബുക്കിലും സ്ഥാനം പിടിച്ചു. കാര്‍ബണ്‍ നാനോ ട്യൂബുകളടങ്ങിയ ഇരുണ്ട വസ്‌തു പ്രകാശത്തിന്‍റെ 0.045% മാത്രമെ പ്രതിഫലിപ്പിക്കുകയുള്ളൂ.2007 ല്‍ പേപ്പര്‍ ബാറ്ററി കണ്ടുപിടിച്ച്‌ അദ്ദേഹം ശ്രദ്ധേയനായി.

ഏറെ വര്‍ഷങ്ങളായി പ്രഫ. അജയനും സംഘവും ഏക നാനോ വയറുള്ള ഒരു ഉപകരണം വികസിപ്പിച്ചെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ത്രിമാന നാനോ ബാറ്ററികള്‍വികസിപ്പിച്ചെടുത്തുകൊണ്ട് വന്‍നേട്ടം കൈവരിച്ചു. പ്ലെക്‌സിഗ്ലാസ്‌എന്നറിയപ്പെടുന്ന, വ്യാപകമായി ഉപയോഗിക്കുന്ന ഒരു പോളിമറില്‍ ഇലക്‌ട്രോലൈറ്റും ഇന്‍സുലേറ്ററും എന്ന നിലയില്‍ നിക്കല്‍ ടിന്‍ നാനോ വയറുകള്‍ സമാന്തരമായി ചേര്‍ത്തു കൊണ്ടുള്ളതായിരുന്നു ഈ ബാറ്ററി. അന്നു നിക്കല്‍ ടിന്‍ ആനോഡായി ഉള്ളില്‍ ഉപയോഗിച്ചുവെങ്കിലും കാഥോഡ്‌ പുറത്തായിരുന്നു. എന്നാല്‍ പുതിയ ബാറ്ററിയില്‍ കാഥോഡ്‌ ഉള്ളില്‍ ചേര്‍ക്കാന്‍ കഴിഞ്ഞുവെന്നതാണു സുപ്രധാന നേട്ടമായത്‌. അതോടെ ബാറ്ററി നാനോ വയറിനുള്ളിലാക്കാനും കഴിഞ്ഞു.

വരും കാലങ്ങളില്‍ വ്യാവസായിക രംഗത്ത് മാത്രമല്ല ജന ജീവിതത്തിലും ഗണ്യമായ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഗവേഷണങ്ങളാണ് ബാറ്ററിയുടെ കാര്യത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇത്തരുണത്തില്‍ ഈ മാറ്റങ്ങളെ നാളത്തെ വ്യാവസായിക ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിന് നമുക്കേറെ ചെയ്യുവാനുണ്ട്. വ്യവസായ വകുപ്പുകള്‍ ഗ്രാമങ്ങളില്‍ സംഘടിപ്പിക്കുന്ന വ്യവസായ സെമിനാറുകളില്‍ ഇത്തരത്തിലുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തുവാനും വിദഗ്ദരെ പങ്കെടുപ്പിക്കുവാനും ശ്രമിക്കേണ്ടതുണ്ട്. കോളേജുകളിലെ ഇ ഡി ക്ലബുകളില്‍ ഗവേഷണ വിഷയങ്ങളടിസ്ഥാനമാക്കിയുള്ള സെമിനാറുകളവതരിപ്പിക്കുകയും ഗവേഷണ ത്വരയുള്ളവരെ കണ്ടെത്തി അവരെ ഗവേഷണാടിസ്ഥാനത്തിലുള്ള സംരംഭകത്വത്തിലേക്ക് നയിക്കുകയും ചെയ്യേണ്ടതുണ്ട്. നാളയുടെ സംരംഭകത്വം ഗവേഷണാധിഷ്ഠിത വിഷയങ്ങളിലും കൂടിയാവട്ടെ.

നാനോ ടെക്നോളജിയും ഭാവി സാധ്യതകളും

ഭാവിയുടെ ടെക്നോളജി എന്ന് വിലയിരുത്താവുന്നയൊന്നാണ് നാനോ ടെക്നോളജി. പദാര്‍ത്ഥങ്ങളെ അതിന്‍റെ പരമാണു തലത്തില്‍ എടുക്കുമ്പോള്‍ അത് നാനോ ആയി. സാധാരണ ഭാഷയില്‍പ്പറഞ്ഞാല്‍ ഒരു മീറ്ററിന്‍റെ നൂറുകോടിയിലൊരംശം. ഈ അളവിൽ ഉള്ള സുക്ഷ്മ യന്ത്രങ്ങളുടെ നിർമ്മാണം അവയുടെ പരിരക്ഷ തുടങ്ങിയവയും നാനോടെൿനോളജിയുടെ പരിധിയിൽ വരുന്നു. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യംനാനോടെൿനോളജി ഒരു പ്രത്യേക ശാസ്ത്ര ശാഖയുടെ കീഴിൽ വരുന്നില്ല എന്നതാണ്‌. ഇതിൽ നിന്നു കിട്ടുന്ന ഗവേഷണ ഫലങ്ങൾ എല്ലാ ശാസ്ത്ര മേഖലകൾക്കും ഗുണം ചെയ്യും. ദ്രവ്യത്തെ നാനോതലത്തിൽ ചെറുതായി പരുവപ്പെടുത്തുമ്പോൾ അത് ഭൌതിക-കാന്തിക-രാസ മാറ്റങ്ങൾക്ക് വിധേയമാകും. ഇങ്ങനെ നാനോ അവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾപ്രയോജനപ്പെടുത്തി നവീനവും കാര്യക്ഷമതയുള്ളതുമായ ഉത്പന്നങ്ങൾ നിർമിക്കുക എന്നതാണ് നാനോസാങ്കേതികവിദ്യയുടെ പ്രധാന ലക്ഷ്യം. നിലവിലുള്ള ശാസ്ത്ര ശാഖകളുടെ സുക്ഷ്മ തലത്തിളുള്ള തുടർച്ചയായിട്ടോഅല്ലെങ്കിൽ ഇവയുടെയെല്ലാം സുക്ഷ്മ തലത്തിലുള്ള പുനരാവിഷ്കാരമായിട്ടോ നാനോടെൿനോളജിയെ കാണാവുന്നതാണ്‌.

പ്രകൃതിയിലെ നാനോ വിളയാട്ടം

സാധാരണ കരിക്കട്ടയും വജ്രവും തമ്മിൽ രാസപരമായി വ്യത്യാസമില്ല; രണ്ടുംകാർബൺ എന്ന മൂലകത്തിന്റെ അപര രൂപങ്ങളാണ്. ആറ്റങ്ങൾഅടുക്കിയിരുന്ന രീതിയിൽ മാത്രമാണ് ഇവ വ്യത്യസ്തമായിരിക്കുന്നത്. ഇത്തരത്തിൽ നാനോ തലത്തിൽ സമാനതകളുള്ള നിരവധി വസ്തുക്കൾപ്രകൃതിയിൽ കാണാം. താമരയിലും മറ്റും വെള്ളം ഒട്ടിപ്പിടിക്കാത്തതും, ചിലന്തി വലയുടെ ഉറപ്പും, പൂമ്പാറ്റയുടെ അഴകും നമ്മുടെ ചുറ്റും കാണാനാവുന്ന നാനോ ഘടനാ സവിശേഷതകളുടെ ചില ഉദാഹരണങ്ങളാണ്. ഏകാത്മക പദാർഥത്തിന് മാത്രമല്ല നാനോ സ്വഭാവം പ്രകടിപ്പിക്കാനാകുന്നത്; സങ്കരയിനം പദാർഥങ്ങൾക്കും ഇത് കഴിയും. ലോഹവും അലോഹവും ചേർന്നതാകാം അവയിൽ പലതും. പ്രാവിന്റെയും മറ്റ് ചില പക്ഷികളുടെയും കഴുത്തിലെ വർണവ്യത്യാസവും, മീൻ ചെതുമ്പലിന്റെ തിളക്കവും, ചണനൂലിന്റെ ഉറപ്പും എല്ലാം ഇക്കൂട്ടത്തിൽപ്പെടും.

നാനോ പദാർഥങ്ങൾ

ഒരു നാനോ മീറ്റർ മുതൽ 100 നാനോ മീറ്റർ വരെ വലിപ്പമുള്ള ഖരവസ്തുക്കളാണ് നാനോ പദാർഥങ്ങൾ എന്നറിയപ്പെടുന്നത്. ഇവയുടെ നിർമാണം നാനോ സാങ്കേതിക രംഗത്തെ പ്രാധാന്യമർഹിക്കുന്ന ഒരു മേഖലയാണ്. നാനോ പദാർഥങ്ങൾ ലോഹമിശ്രിതങ്ങളോ പോളിമറുകളോ സെറാമിക്കുകളോ ആകാം. മിക്ക പദാർഥങ്ങളുടെയും നാനോ രൂപങ്ങൾനിർമിക്കുന്നതിൽ ശാസ്ത്രജ്ഞർ വിജയിച്ചിട്ടുണ്ട്. കൂടുതൽ പരീക്ഷണങ്ങൾ ഈമേഖലയിൽ സജീവമാണ്.

നാനോ പദാർഥങ്ങളുടെ നിർമാണപ്രക്രിയകളെ ടോപ്- ഡൗൺ, ബോട്ടം-അപ്എന്നിങ്ങനെ രണ്ടായി തിരിക്കാറുണ്ട്. വലിയ പദാർഥങ്ങൾ പൊടിക്കുക വഴിയോ ലേസർ രശ്മികളുടെ സഹായത്താൽ ബാഷ്പീകരിക്കുക വഴിയോ നാനോ പദാർഥങ്ങൾ നിർമിക്കുന്നതാണ് ടോപ്-ഡൗൺ രീതി. ഫിസിക്കൽ വേപ്പർ ഡെപ്പോസിഷൻ, കെമിക്കൽ ലേസർ ഡെപ്പോസിഷൻ തുടങ്ങിയ പ്രക്രിയകളും ടോപ്-ഡൌൺ രീതിക്ക് ഉദാഹരണങ്ങളാണ്. ആറ്റങ്ങളെ സംയോജിപ്പിക്കുന്നതിലൂടെ നാനോ പദാർഥങ്ങൾ നിർമിക്കുന്നതാണ് ബോട്ടം-അപ് രീതി. സോൾജെൽ, കൺട്രോൾഡ് കെമിക്കൽ പ്രെസിപ്പിറ്റേഷൻ തുടങ്ങിയരീതികൾ ഈ വിഭാഗത്തിൽപ്പെടുന്നവയാണ്.

മികച്ച സൂക്ഷ്മദർശിനികളുടെ ആവിർഭാവത്തോടെ നാനോ പദാർഥങ്ങളുടെ പഠനവും അവയുടെ ക്രമീകരണവും കൃത്യതയോടെ സാധിക്കുന്നു. മുൻകൂട്ടി നിശ്ചയിച്ച വലുപ്പത്തിലും ആകൃതിയിലും നാനോപദാർഥങ്ങൾ നിർമിക്കാനാകുന്നു. അമേരിക്കയിലെ നോർത്ത് കരോലിന സർവകലാശാലയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത നാനോ മാനിപ്പുലേറ്റർഎന്ന സൂക്ഷ്മദർശിനി സംവിധാനം ഈ രംഗത്തെ മികച്ചൊരു കണ്ടുപിടുത്തമാണ്.

നാനോ ഫാക്ടറികള്‍

നാനോ ഫാക്ടറി എന്നത് ഉല്‍പ്പാദനത്തില്‍ ഫാക്ടറി ആണെങ്കിലും വലിപ്പം ഒരു പേഴ്സണല്‍ കമ്പ്യൂട്ടറിന്‍റെയത്രയം മാത്രമേയുള്ളുവെന്നതാണ് രസകരം. ജോലി ചെയ്യുവാനായി നാനോ റോബോട്ടുകളും അസംസ്കൃത വസ്തുക്കളായി നാനോ പദാര്‍ത്ഥങ്ങളും ഇവയെ കൂട്ടിയിണക്കാനായി ഒരു പ്രോഗ്രാമുമുണ്ടെങ്കിലത് നാനോ ഫാക്ടറിയായി. തന്‍മാത്രകളുടെ കൂടിച്ചേരലിലൂടെയാണ് ഇവിടെ വസ്തുക്കള്‍ രൂപപ്പെടുന്നത്.

വ്യാവസായിക സാധ്യതകൾ

വിവിധങ്ങളായ പ്രയോജനങ്ങൾ ഓരോ മേഖലയ്ക്കും നൽകാൻനാനോസാങ്കേതികവിദ്യയ്ക്കാകുന്നു. നാമുപയോഗിക്കുന്ന മിക്ക ഉപകരണങ്ങളുടെയും വലിപ്പം കുറയും എന്നതു തന്നെയാണ്‌ നാനോ ടെൿനോളജിയുടെ ഏറ്റവും വലിയ സാധ്യത. ശക്തിയേറിയ കാർബൺ ഫൈബറുകൾ നിർമ്മിക്കാൻ നാനോ ടെൿനോളജി കൊണ്ട്‌ സാധിക്കും. നാളത്തെ ലോകത്ത്‌ സിലിക്കണിനു പകരമായി ഉപയോഗിക്കാൻ സാധിക്കുന്ന കാർബൺ നാനോ ട്യുബുകൾ കണ്ടുപിടിച്ചു കഴിഞ്ഞു. ബൾബുകളിൽ ഫിലമെന്റിനു പകരമായും കൃത്രിമ അവയവങ്ങളുടെ നിർമ്മാണത്തിനും ഭുകമ്പം ബാധിക്കാത്ത കെട്ടിടങ്ങളുടെ നിർമ്മാണത്തിനും കാർബൺ നാനോ ട്യുബുകൾ ഉപയോഗിക്കാൻ സാധിക്കും. നാനോ ടെൿനോളജിയുടെ അഭൂതപൂർവമായ ഒരു സാധ്യതയാണ്‌ ടെലിപോർട്ടേഷൻ. ഒരു വസ്തുവിനെ ഒരു ബിന്ദുവിൽ നിന്ന് ഏറെക്കുറേ അപ്രത്യക്ഷമാക്കി അതിന്റെ കൃത്യമായ ആറ്റോമിക ഘടന മറ്റൊരു സ്ഥലത്തേക്ക്‌ അയച്ച്‌ അവിടെവെച്ച്‌ ആ വസ്തുവിനെ പുന:സൃഷ്ടിക്കുന്ന പ്രക്രിയയാണ്‌ ടെലിപോർട്ടേഷൻ. നാനോടെൿനോളജിസമഗ്രമായി വികസിച്ചാൽ ഇത്‌ അസാധ്യമല്ലെന്നാണ്‌ ശാസ്ത്ര ലോകം കരുതുന്നത്‌.

പരിസ്ഥിതി സംരംക്ഷണം

അഗ്നിപര്‍വ്വതം പൊട്ടുമ്പോള്‍ ഉണ്ടാകുന്ന പൊടിപടലങ്ങളില്‍ നാനോ കണങ്ങളുണ്ട്. ഫാക്ടറി പുകയിലും വിറകെരിയുമ്പോള്‍ ഉണ്ടാകുന്ന പുകയിലും ഇത്തരം കണങ്ങളുണ്ട്. അതിനാല്‍ത്തന്നെ വായുമലിനീകരണവുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ നാനോ സാങ്കേതിക വിദ്യക്ക് കഴിയും. ഗ്രീൻ എഞ്ചിനീയറിംഗ് എന്ന സുസ്ഥിര വികസനരീതിക്ക് സാങ്കേതികസഹായം നല്കി പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത പുത്തൻ രീതികൾ ആവിഷ്കരിക്കാൻ നാനോശാസ്ത്രത്തിനാകും. മലിനീകരണ വസ്തുക്കള്‍ നാനോ കണങ്ങളാവുമ്പോള്‍ നാനോ സാങ്കേതിക വിദ്യയുടെ വികാസം മലിനീകരണ നിയന്ത്രണത്തിന് സഹായിക്കും എന്നതിന് സംശയമില്ല.

ജലശുദ്ധീകരണ മേഖലയിൽ കൃത്യമായ ഗുണനിലവാരം നൽകാനും വ്യവസായശാലകളിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന മാലിന്യത്തിലെ അപകടകരമായ വിഷാംശത്തോത് ഉറവിടത്തിൽത്തന്നെ തടയാനും ഇതവസരമൊരുക്കുന്നു. ജലത്തിലെ ബാക്റ്റീരിയ, വൈറസ്, രാസമാലിന്യംഎന്നിവ മാറ്റാൻ നാനോസാങ്കേതികവിദ്യ സഹായകമാകുന്നു. ഇത്തരത്തിലുള്ള ജലശുദ്ധീകാരികൾ വിപണിയിലെത്തിയിട്ടുണ്ട്. ജലമലിനീകരണം അറിയണമെങ്കില്‍ സാമ്പിളുകള്‍ ശേഖരിക്കേണ്ടതുണ്ട്. എന്നാല്‍ ഇതൊന്നും ചെയ്യാതെ അപ്പോഴപ്പോള്‍ മലിനീകരണ നില അറിയിക്കുന്ന നാനോ സെന്‍സറുകളും വികസിപ്പിച്ചു കഴിഞ്ഞു. മലിന ജലം സംസ്കരിക്കുവാന്‍ നാനോ അരിപ്പകള്‍ ഫലപ്രദമായി ഉപയോഗിക്കുവാന്‍ കഴിയും. തലമുടിയുടെ പതിനായിരത്തിലൊന്ന് മാത്രം വലിപ്പമുള്ള സുഷിരങ്ങള്‍ നിറഞ്ഞ ഈ അരിപ്പകള്‍ ബാക്ടീരിയയെയും വൈറസിനേയും മറ്റു പല വിഷവസ്തുക്കളേയും അരിച്ച് മാറ്റുവാന്‍ പോന്നവയാണ്. ജലമലിനീകരണത്തിനും ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍ക്കും പരിഹാരമാവുമിത്.

ഇലക്ട്രോണിക്സ്

അര്‍ദ്ധ ചാലക പദാര്‍ത്ഥങ്ങളുടെ നാനോകണങ്ങളാണ് ക്വാണ്ടം ബിന്ദുക്കള്‍. ക്വാണ്ടം ബിന്ദുവില്‍ ഇലക്ട്രോണുകള്‍ക്ക് ചലന സ്വാതന്ത്ര്യമില്ല. അഥവാ ചലനം ഒരു ബിന്ദുവിലേക്ക് മാത്രമായി ചുരുക്കിയിരിക്കുന്നു. കമ്പ്യൂട്ടറിന്റെവലിപ്പം കുറയ്ക്കാനും അതേസമയം വിശകലനശേഷി (പ്രോസസിങ് പവർ) കുത്തനെ കൂട്ടാനും ക്വാണ്ടം കണങ്ങള്‍ വഴിയൊരുക്കുന്നു.നാനോസാങ്കേതികവിദ്യയിലെ പരമപ്രധാനവും എന്നാൽ ഇതുവരെ ഫലവത്താകാത്തതുമായ രണ്ട് ഉപകരണങ്ങളാണ് നാനോ കമ്പ്യൂട്ടറും നാനോ അസംബ്ലറും. ഒരു നിര നിർദേശങ്ങൾ നടപ്പിലാക്കുകവഴി ഒരു നിശ്ചിത ലക്ഷ്യം കൈവരിക്കുന്ന തന്മാത്രികായന്ത്ര സംവിധാനമാണ് നാനോ കംപ്യൂട്ടർ. ഇന്നത്തെ പ്രബലമായ മൈക്രോപ്രോസസറുകളെ അപേക്ഷിച്ച് ദശലക്ഷക്കണക്ക് മടങ്ങ്ചെറുതും എന്നാൽ ആയിരം ദശലക്ഷണക്കണക്ക് മടങ്ങ് വേഗതയുമുള്ളയന്ത്രങ്ങളായിരിക്കുമവ. നാനോ കംപ്യൂട്ടർ തയ്യാറായാലുടൻ നാനോ അസംബ്ളർ നിർമാണവും പൂർത്തിയാക്കാനാകും. അണുക്കളെ (atoms)ആവശ്യപ്രകാരം ഏതുരീതിയിലും ക്രമീകരിക്കാനുള്ള ഉപകരണമാണിത്. ഇന്ന് അറ്റോമിക് ഫോഴ്സ് മൈക്രോസ്കോപ്പിലൂടെ മാത്രമേ പദാർഥങ്ങളിലെ അണുക്കളെ തള്ളി നീക്കാനാകൂ. പക്ഷേ, നാനോ അസംബ്ളർതയ്യാറാകുന്നതോടെ ഒരു കൂടയിൽ നിന്നെന്ന പോലെ അണുക്കളെ പെറുക്കിയെടുത്ത് നിശ്ചിതസ്ഥാനങ്ങളിൽ നിക്ഷേപിച്ച് നിശ്ചിത ഘടനയുള്ള വസ്തുക്കൾ നിർമിക്കാനാകുമെന്നാണ് പ്രതീക്ഷ.

മെഡിക്കല്‍ സയന്‍സ്

രോഗനിര്‍ണ്ണയവും ചികിത്സയുമൊക്കെ നാനോ തലത്തിലായാല്‍ അത് വലിയ അനുഗ്രഹമായിരിക്കും. ഉദാഹരണമായി അർബുദ രോഗത്തിൽ കീമോതെറാപ്പി ഏറെ പാർശ്വഫലങ്ങൾ ഉളവാക്കുന്നതാണെന്നിരിക്കെനാനോസാങ്കേതികവിദ്യയുടെ സഹായത്തോടെ നിർദിഷ്ട കോശങ്ങളെ മാത്രംകരിച്ചുകളയാനും സമീപസ്ഥങ്ങളായ കോശങ്ങളെ പരിക്കേൽപ്പിക്കാതെ നിലനിർത്താനും സാധിക്കുന്ന സാങ്കേതിക രീതികൾ ഉണ്ടായിട്ടുണ്ട്കോശത്തിനകത്ത് കടന്ന് രോഗനിര്‍ണ്ണയവും ചികില്‍സയും നടത്തണമെങ്കില്‍ കോശത്തേക്കാള്‍ ചെറുതായ സര്‍ജനും ഉപകരണങ്ങളും ആവശ്യമാണ്. ഒരു നാനോ ഉപകരണത്തില്‍ കൊരുത്ത് വച്ച് മരുന്ന് കൃത്യമായി കോശത്തിനകത്ത് എത്തിക്കുവാന്‍ സാധിക്കും. ഒരു നാനോ റോബോട്ടിനെ സൃഷ്ടിച്ചാല്‍ ഇത് സാധ്യമാണ്. ഇത് ഗവേഷണത്തിലാണിന്ന്. ഇതുമായി ബന്ധപ്പെട്ട് നാനോജീവശാസ്ത്രവും നാനോബയോടെക്നോളജിയും നാനോമരുന്നുകളുമൊക്കെ ഉരുത്തിരിഞ്ഞിരിക്കുന്നു. പാര്‍ക്കിന്‍സ് രോഗം ബാധിച്ചവര്‍ക്ക് പേശിക്ക് ബലം നല്‍കാനാവുമോ എന്ന ഗവേഷണം പുരോഗമിക്കുന്നു. ഔഷധനിർമാണത്തിന്‍റെ മേഖലയിൽ ബയോ ചിപ്പുകളും, പ്രമേഹ രോഗശമനത്തിനുള്ള ഇൻസുലിൻ ബോക്സും ഉദാഹരണം.

ഊര്‍ജ്ജരംഗം

ഊർജ്ജ മേഖലയാണ് ഈ നവീന സാങ്കേതികവിദ്യയുടെ ഗുണഫലം അനുഭവിക്കാനാകുന്ന മറ്റൊരു പ്രധാനമേഖല. പുതിയതും പുതുക്കപ്പെടാവുന്നതുമായ ഊർജസ്രോതസുകളുടെയും അതിന്റെ സംഭരണത്തിന്റെയും രീതിയിൽ മെച്ചപ്പെട്ട മാറ്റം ഉണ്ടാക്കാനായിട്ടുണ്ട്. ദക്ഷത കൂടിയ സൌര പാനലുകളുടെ രൂപകല്പന, വൈദ്യുതി ശേഖരിച്ചുവയ്ക്കുന്നബാറ്ററിയുടെ ശേഷികൂട്ടൽ, ബാറ്ററിയുടെ ഭാരം കുറയ്ക്കൽ തുടങ്ങിയ രംഗങ്ങളിൽ ഗവേഷണങ്ങൾ മുന്നേറുന്നു. ഇതിന്റെ ഭാഗമായി മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയുടെ ഭാരം കുറയ്ക്കാനാകും. ചുരുട്ടിയെടുക്കാവുന്നതും ലോലവുമായ സെല്ലുലോസ് ബാറ്ററിയും നാനോ സാങ്കേതികവിദ്യയുടെ സാധ്യതയാണ്. സൌരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സൌരോര്‍ജ്ജ സെല്ലുകളിലെ ഇപ്പോഴുള്ള പ്രധാന പരിമിതി ആഗീരണം ചെയ്യുന്ന സൂര്യപ്രകാശം മുഴുവന്‍ വൈദ്യുതിയായി രൂപാന്തരപ്പെടുന്നില്ല എന്നതാണ്. ക്വാണ്ടം ബിന്ദുക്കള്‍ ഉപയോഗിച്ച് ഈ കുറവ് പരിഹരിക്കാന്‍ കഴിയും.

പ്രതിരോധ ഗവേഷണ മേഖല

പ്രതിരോധ രംഗത്തും ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താം. ശരീരത്തില്‍ എന്തെങ്കിലും ഒളിപ്പിച്ച് വച്ചിട്ടുണ്ടോ എന്നറിയുവാന്‍ നാനോസെന്‍സറുകള്‍ ഉപയോഗിക്കാവുന്നതാണ്. പ്രതിരോധ സാങ്കേതികവിദ്യയിലും ബഹിരാകാശ സഞ്ചാരരംഗത്തും ഉയർന്ന താപസഹന ശേഷിയും ഉറപ്പും ഉള്ള റോക്കറ്റ് ഘടക നിർമിതിയിലും കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ ഇതിനാകുന്നുണ്ട്. ഭാരം കുറഞ്ഞ പോർ വിമാനകൾ ഉണ്ടാക്കാനുള്ള കണ്ടുപിടുത്തങ്ങളും മുന്നേറുന്നുണ്ട്.

നിര്‍മ്മാണ മേഖല

കൂടുതല്‍ ഫിനിഷിങ്ങ് ഉള്ള സ്മാര്‍ട്ട് സിമിന്‍റും കോണ്‍ക്രീറ്റുമൊക്കെ നിര്‍മ്മിക്കുവാനുള്ള ഗവേഷണം പുരോഗതിയുടെ പാതയിലാണ്. കാര്‍ബണ്‍ നാനോകുഴലുകള്‍ ഉപയോഗിച്ച് സിമന്‍റിലെ വിള്ളലുകള്‍ അടക്കാനാവും. ജനാല ഗ്ലാസ്സുകളില്‍ ചെളി പുരണ്ടാല്‍ അന്തരീക്ഷത്തിലെ ഈര്‍പ്പവും സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളും കൂടിച്ചേര്‍ന്ന് സ്വയം വൃത്തിയാക്കുന്ന ടൈറ്റാനിയം ഡയോക്സൈഡ് ചേര്‍ന്ന പുതിയ തരം ഗ്ലാസ്സുകള്‍ നാനോ ടെക്നോളജിയുടെ സംഭാവനയാണ്. കെട്ടിടത്തിനുള്ളിലെ ചൂട് ആഗീരണം ചെയ്യുവാന്‍ കഴിവുള്ള ഫിലിമുകള്‍ സാധ്യമായത് ഈ സാങ്കേതിക വിദ്യയിലൂടെയാണ്. താമരയിതളുകളില്‍ വെള്ളം പറ്റിപ്പിടിക്കാത്തതിന്‍റെ സാങ്കേതിക വിദ്യ അനാവരണം ചെയ്യുന്നതിലൂടെ ചെളി പിടിക്കാത്ത പെയിന്‍റുകളുടെ നിര്‍മ്മാണം മറ്റൊരു സാധ്യതയാണ്.

കൃഷി

ജൈവസാങ്കേതിക വിദ്യയുമായി ചേർന്നു നടക്കുന്ന ഗവേഷണങ്ങൾ പുതിയ വിളകളുടെ കണ്ടുപിടുത്തത്തിലും നിലവിലുള്ളവയുടെ ഉല്പാദനക്ഷമത കൂട്ടുന്നതിലും നിർണായക പങ്കുവഹിക്കുന്നു. ഭക്ഷ്യ സുരക്ഷാരംഗത്ത് കുറഞ്ഞ കൃഷിയിടത്തിൽനിന്നുതന്നെ കൂടുതൽ വിളവ് എന്ന ലക്ഷ്യം നേടുന്നതിന് നാനോസാങ്കേതികവിദ്യക്ക് മുഖ്യപങ്കു വഹിക്കാനുണ്ട്. കൃഷിയിടത്തിലുംഭക്ഷ്യസംസ്കരണ സമയത്തും ഉപയോഗിക്കുന്ന രാസ വസ്തുക്കളുടെ (വളം,പ്രിസർവേറ്റീവ്സ് തുടങ്ങിയവ) ഗുണഫലം മെച്ചപ്പെടുത്താനും ഉപയോഗം പരിമിതപ്പെടുത്താനും ഒരു പക്ഷേ ഒഴിവാക്കാൻ പോലുമോ ഈ വിദ്യയിലൂടെ ഭാവിയിൽ കഴിഞ്ഞെന്നു വരാം. വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാവുന്ന നെല്‍വിത്ത് തായ് ലണ്ടില്‍ വികസിപ്പിച്ച് കഴിഞ്ഞു. മണ്ണിന്‍റെ ഫലഭൂയിഷ്ടിത നാനോ സെന്‍സറുകളുപയോഗിച്ച് ചെയ്യാവുന്നതാണ്. നാനോ വിപ്ലവത്തിലൂടെ ഉരുത്തിരിയാവുന്ന ഗ്രീന്‍ ഹൌസ് കൃഷി രീതി വ്യാപകമായാല്‍ കാര്‍ഷിക രംഗത്ത് അടിസ്ഥാന മാറ്റങ്ങള്‍ തന്നെയുണ്ടാകും. കുറഞ്ഞ സ്ഥലവും, കുറഞ്ഞ അളവിലുള്ള വെള്ളത്തിന്‍റെ ഉപയോഗവും ഇതിന്‍റെ പ്രത്യേകതകളാണ്.

ഭക്ഷ്യ സംസ്കരണം

ഭക്ഷ്യസംസ്കരണമാണ് മറ്റൊരു പ്രധാന മേഖല. ഭക്ഷണ സാധനങ്ങളിലെ അപകടകരമായ രാസ വസ്തുക്കള്‍ നീക്കം ചെയ്യുവാന്‍ നാനോ ടെക്നോളജി ഉപയോഗിക്കാവുന്നതാണ്. ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കൃത്രിമരാസ വസ്തുക്കള്‍ക്ക് പകരം ഓര്‍ഗാനികും ഇന്‍ ഓര്‍ഗോനികും ആയ നാനോ അഡിറ്റീവ്സ് ഉപയോഗിക്കുവാന്‍ കഴിയും. നാനോ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പ്ലാസ്റ്റിക് പാത്രങ്ങള്‍ ഭക്ഷ്യ വസ്തുക്കളുടെ പാക്കിങ്ങിനുപയോഗിക്കാം.

ബഹിരാകാശ ഗവേഷണം

ഭാരം കുറഞ്ഞ ബഹിരാകാശ പേടകങ്ങള്‍ ഇതിലൂടെ സാധ്യമാണ്. മാത്രവുമല്ല ഇന്ധനത്തിന്‍റെ അളവ് കുറയുവാന്‍ സാധ്യതയുള്ളതിനാല്‍ ബഹിരാകാശ ഗവേഷണത്തിനുള്ള ചെലവ് ഗണ്യമായി കുറയ്ക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വസ്ത്ര നിര്‍മ്മാണം

ഭാരം കൂട്ടാതെ തന്നെ ഗുണമേന്മയുള്ള വസ്ത്രങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ സാധ്യമാണ്.

ദോഷവശങ്ങള്‍

ജീവിത്തിന്‍റെ സമസ്ത മേഖലകളിലും മാറ്റം വരുത്തുവാന്‍ കഴിവുള്ളയൊന്നായി നാനോ ടെകനോളജി പുരോഗമിക്കുമ്പോള്‍ത്തന്നെ സൂക്ഷിച്ചുപയോഗിച്ചില്ലായെങ്കില്‍ ഇത് ഏറെ ദോഷങ്ങളും ക്ഷണിച്ച് വരുത്തും. തിരിച്ചെടുക്കാനാകാത്ത (irreversible) നാനോ മാറ്റങ്ങൾജീവകോശങ്ങളിൽ വന്നുപോയാൽ അത് വിപത്തായി തീരുമെന്നതാണ് ഈ രംഗം മുന്നോട്ടുവയ്ക്കുന്ന ആശങ്കകളിലൊന്ന്. നാനോ ഗവേഷണത്തിന്റെയുംപരീക്ഷണത്തിന്റെയും ഭാഗമായി അറിയപ്പെടാത്ത മാറ്റം അന്തരീക്ഷത്തിലും മറ്റും ഉണ്ടാകാനിടയുണ്ട്. നാനോ ടോക്സിസിറ്റി എന്ന ഒരു ഉപശാഖ തന്നെ ഇന്ന് സജീവമായത് ഈ ദുരന്ത സാധ്യത കുറയ്ക്കാൻ ലക്ഷ്യമിട്ടാകണം. യുദ്ധമേഖലയിൽ ചെറു ജൈവ ബോംബുകൾ ഉണ്ടാക്കാനും നിലവിലുള്ളജൈവയുദ്ധസാധ്യതകൾക്ക് കാര്യക്ഷമത വർധിപ്പിക്കാനും നീക്കങ്ങൾ നടക്കുന്നത് ദൂരവ്യാപകമായി വൻ വിപത്ത് ഉണ്ടാക്കും. നാനോ സ്പൈ (Nano spy) എന്ന അപകടവും മുമ്പിലുണ്ട്. മാത്രവുമല്ല ഈ സാങ്കേതിക വിദ്യയുടെ കുതിച്ച് ചാട്ടം സാമ്പത്തിക, രാഷ്ട്രീയ തൊഴില്‍ മേഖലകളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിവയ്ക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കുക അസാധ്യം.

എന്നിരുന്നാല്‍ത്തന്നെയും വിവിധ സര്‍ക്കാരുകള്‍ മാത്രമല്ല ബഹുരാഷ്ട്രകമ്പനികള്‍ വരെ കോടിക്കണക്കിന് രൂപ നാനോ ടെക്നോളജി ഗവേഷണങ്ങള്‍ക്കായി മാറ്റിവയ്ക്കുമ്പോള്‍ ഒന്നുറപ്പിക്കാം ഇനിയുള്ള കാലത്ത് നമ്മുടെ ജീവിത ശൈലിയില്‍ത്തന്നെ മാറ്റം വരുത്തുവാന്‍ കഴിയുന്ന ഒരു വ്യാവസായിക വിപ്ലവമാണ് നാനോ ടെക്നോളജിയിലൂടെ കരഗതമാകുവാന്‍ പോകുന്നത്.

എൻറ്റർപ്രേണർഷിപ് മാനേജ്മെൻറ്റ്

സംരംഭകരാക്കാൻ ഒരു മാനേജ്മെൻറ്റ് പഠന ശാഖ

പരമ്പരാഗത മാനേജ്മെൻറ്റ് പഠന ശാഖകളിൽ നിന്നും വ്യത്യസ്തമായൊരു പഠന മേഖല, ഒപ്പം സ്വയം തൊഴിൽ കണ്ടെത്തുവാൻ പ്രാപ്തരാക്കുന്ന നിലയിലുള്ള സിലബസ്. ഇതാണു ഈ അടുത്ത കാലത്തായി പ്രചാരമേറി വരുന്ന എൻറ്റർപ്രേണർഷിപ് ആൻഡ് ഫാമിലി ബിസിനസ്സ് മാനേജ്മെൻറ്റ്. മാനുഫാച്വറിങ്ങ്, ഭഷ്യസംസ്കരണം, സുഗന്ധവ്യജ്ഞനം, സമുദ്രോത്പന്ന വ്യവസായം തുടങ്ങിയവയോടൊപ്പം തന്നെ ഐ ടി, ഇലക്ട്രോണിക്സ് വ്യവസായങ്ങൾ വളർന്ന് വരുന്നത് വ്യവസായ ശാലകളുടെ ചിത്രം തന്നെ മാറ്റുന്നുണ്ട്. യുവ തലമുറ കൂടുതലായി ഈ മേഖലയിലേക്ക് ചുവട് വെക്കുന്നുണ്ട് എന്നത് നമ്മുടെ സമ്പദ് വ്യവസ്ഥക്ക് ആശ്വാസം നൽകുന്നയൊന്നാണു. കോളേജ് വിദ്യാർഥികളുടെ പല സംരംഭങ്ങളും ഇന്ന് വളർന്ന് പന്തലിച്ചതിൻറ്റെ വർത്തമാന കാല ഉദാഹരണങ്ങൾ ധാരാളം നമുക്കു മുൻപിലുണ്ട്. മാത്രവുമല്ല കേന്ദ്ര സംസ്ഥാന ഗവണ്മെൻറ്റുകൾ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുവാൻ ചില പദ്ധതികൾ തന്നെ ആവിഷ്കരിച്ചിട്ടുണ്ട്. തിരുവനന്തപുരം ടെക്നോ പാർക്ക് ടെക്നോ ബിസിനസ് ഇൻക്യുബേറ്റർ (ടി ബി ഐ), എറണാകുളത്തെ സ്റ്റാർട്ട് അപ് വില്ലേജ്, കോഴിക്കൊട് എൻ ഐ ടി യിലെ ഇൻക്യുബേറ്റർ എന്നിവ ഏതാനും ഉദാഹരണങ്ങളാണു. മൊബൈൽ ആപ്ലിക്കേഷൻ ഡവലപ്മെൻറ്റ്, ഐ ടി അനുബന്ധ വ്യവസായങ്ങൾ തുടങ്ങി സാധ്യതകൾ ഏറെയാണു. അതിനാൽ തന്നെ എങ്ങനെ സംരംഭകരാവാം എന്ന് ശാസ്ത്രീയമായി പഠിപ്പിക്കുന്ന ഈ പഠന ശാഖക്ക് പ്രസക്തിയേറുന്നു.

പഠന വിഷയങ്ങൾ

സാധാരണ എം ബി എ ക്കുള്ള പഠന വിഷയങ്ങളായ മാർക്കറ്റിങ്ങ്, ഹ്യൂമൻ റിസോഴ്സ്, സിസ്റ്റംസ്, ഫിനാൻസ്, ഓപ്പറേഷൻസ് റിസേർച്ച് തുടങ്ങിയവയുണ്ടാവും. ഒപ്പം
നിലവിലുള്ള വ്യവസായത്തെ വിപുലീകരിക്കുവാനും വൈവിധ്യവൽക്കരിക്കാനുമുള്ള പ്രായോഗിയതയിലൂന്നിയ പാഠങ്ങൾ.



പുതുതായി വ്യവസായ രംഗത്തെന്നുന്നവർക്ക് ഉണ്ടാവാനിടയുള്ള വെല്ലുവിളികൾ തരണം ചെയ്യുവാനുതകുന്ന പരിശീലനം.

നിലവിലുള്ള വിപണി വിപുലീകരിക്കുവാനും പുത്തൻ വിപണി കണ്ടെത്തുവാനുമുള്ള പരിശീലനം

വിദേശ രാജ്യങ്ങളിലെ സാധ്യതകൾ കണ്ടെത്തുവാനും പ്രയോജനപ്പെടുത്തുവാമുള്ള പാഠങ്ങൾ

സ്വന്തം സംരംഭം ആരംഭിക്കുവാനുള്ള വിഭവ സമാഹരണം നടത്തുവാനുള്ള പരിശീലനം

സംരംഭകത്വ മനോഭാവം വളർത്തുവാനുതകുന്ന ക്ലാസുകൾ, നിക്ഷേപകരെ കണ്ടെത്തുവാനുള്ള വഴികൾ, വിജയം വരിച്ച സംരംഭകരുമായുള്ള നേരിട്ടുള്ള സമ്പർക്കം, സ്വദേശത്തും വിദേശത്തുമുള്ള വ്യവസായ യൂണിറ്റുകളിലേക്കുള്ള പഠന യാത്രകൾ, വ്യവസായ അസോസിയേഷനുമായി ബണ്ഡപ്പെടുത്തിയുള്ള ചർച്ചാ ക്ലാസ്സുകൾ തുടങ്ങിയവയും പാഠ്യ പദ്ധതിയുടെ ഭാഗമാണു.

യോഗ്യതയെന്ത്?

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി എടുത്തവർക്കാണു സാധാരണയായി എം ബി എ ക്ക് ചേരവാൻ കഴിയുക. എന്നാൽ ചില സ്ഥാപനങ്ങളിൽ പത്താം ക്ലാസ് കഴിഞ്ഞ സംരംഭകത്വ മനോഭാവമുള്ളവർക്കായി ഹ്രസ്വ കാല കോഴ്സുകളും നടത്തുന്നുണ്ട്.

എവിടെ പഠിക്കാം?

ഈ മേഖലയിലെ ഏറ്റവും കീർത്തി കേട്ട സ്ഥാപനമാണു ഗുജറാത്ത് ഗാന്ധിനഗറിലെ Entrepreneurship Development Institute of India (www.ediindia.org/). Post Graduate Diploma in Management - Business Entrepreneurship (PGDM-BE) ആണു ഇവിടുത്തെ കോഴ്സ്. 120 സീറ്റുണ്ട്.

കൂടാതെ ഐ ഐ എം പോലെയുള്ള പ്രശസ്ത സ്ഥാപനങ്ങൾ ഹൃസ്വ കാല പ്രോഗ്രാമുകൾ നൽകുന്നുണ്ട്. ഐ ഐ എം ബാംഗ്ലൂരിലെ Post Graduate Certificate Program In Family Owned Business And Entrepreneurship (PGCFOBE)ഉദാഹരണമാണു. ഏതാനും ആഴ്ചകൾ മാത്രം ദൈർഖ്യമുള്ള സംരംഭക വിദ്യാഭ്യാസ പദ്ധതികൾ കേന്ദ്ര സർക്കാർ സ്ഥാപനമായ എം എസ് എം ഇ നടത്തുന്നുണ്ട്. വിശദ വിവരങ്ങൾക്ക് (www.msmedibangalore.gov.in/) സന്ദർശിക്കുക.

ഇന്ന് മൂലധന സമാഹാരം സംരഭകർക്ക് മുൻപിൽ ഒരു വെല്ലുവിളിയല്ല. വെഞ്ച്വൽ ക്യാപിറ്റേഴ്സ്, എയ്ഞ്ചൽ ഇൻവെസ്റ്റേഴ്സ്…. ഇങ്ങനെ സാധ്യതകൾ നിരവധിയുണ്ട്. ഇതൊന്നും പറ്റിയില്ലെങ്കിൽ മാത്രം ബാങ്കുകളേയോ സിഡ്ബി/കെ എസ് ഐ ഡി സി/കെ എഫ് സി പോലുള്ള ധനകാര്യ സ്ഥാപനങ്ങളേയോ സമീപിച്ചാൽ മതിയാകും. സത്യത്തിൽ മൂലധനമല്ല ക്രിയേറ്റീവ് ആയ ആശയങ്ങളുള്ളവരെയാണു ഇന്ന് സമൂഹത്തിനാവശ്യം

വസ്ത്ര നിര്‍മ്മാണത്തിലെ പുത്തന്‍ സങ്കേതങ്ങള്‍

പൌരാണിക കാലഘട്ടം മുതല്‍ ഒരു വ്യവസായമെന്ന നിലയില്‍ വളര്‍ന്ന് വന്നയൊന്നാണ് വസ്ത്ര നിര്‍മ്മാണ രംഗം. വസ്ത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിരവധി അനുബന്ധ വ്യവസായങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ഓരോ പുതിയ മെറ്റീരിയലുകളും വസ്ത്ര നിര്‍മ്മാണ രംഗത്തേക്ക് വരുമ്പോള്‍ അതിനനുസൃതമായി നിരവധി അനുബന്ധ വ്യവസായ യൂണിറ്റുകളും തൊഴിലവസരങ്ങളും ഉടലെടുക്കുന്നുമുണ്ട്. ഇന്നിപ്പോള്‍ ശാരിരിക ആവശ്യമെന്നതിനുപരി വസ്ത്രങ്ങള്‍ ഫാഷന്‍റേയും, സ്റ്റാറ്റസിന്‍റേയും മറ്റും സിംബലുകളായി രൂപ പരിണാമം പ്രാപിച്ചപ്പോള്‍ ശാസ്ത്ര സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ ഈ മേഖലയിലും പ്രതിഫലിച്ചു. വിവര സാങ്കേതിക വിദ്യയുടേയും ഇലക്ട്രോണിക്സിന്‍റേയും അഭൂത പൂര്‍വ്വമായ വളര്‍ച്ച ഒപ്പം പുത്തന്‍ സാങ്കേതി വിദ്യയായ നാനോ ടെക്നോളജിയുടെ മുന്നേറ്റംതുടങ്ങിയവയെല്ലാം ഈ മേഖലയിലെ മാറ്റങ്ങള്‍ക്ക് കാരണമായ വസ്തുതകളാണ്. ഇന്നിപ്പോള്‍ വസ്ത്രങ്ങളുടെ ആവശ്യകത തന്നെ ഏറെ മാറിയിട്ടുണ്ട്. ഓരോ കര്‍മ്മ പഥങ്ങളിലെ ആവശ്യകതയനുസരിച്ച് പ്രത്യേകം വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയാണിന്ന്. ആരോഗ്യ മേഖലയിലും, വ്യാവസായിക മേഖലയിലുമെല്ലാം പ്രത്യേകമായുള്ള വസ്ത്രങ്ങളാണ് ആവശ്യമെന്നിരിക്കെ അതിനനുസൃതമായ മാറ്റങ്ങളോടെയാണ് ഇന്ന് വസ്ത്രങ്ങള്‍ വിപണിയിലെത്തുന്നത്.

ഈ മാറ്റങ്ങള്‍ ഫാബ്രിക്, മെഷിനറി, കോട്ടിങ്ങ്, ബോണ്ടിങ്ങ്, പ്രൊഡക്ഷന്‍ പ്രോസസ്, പ്രിന്‍റിങ്ങ്, ഡൈയിങ്ങ്, തയ്യല്‍ തുടങ്ങിയെല്ലാ രംഗത്തും തന്നെയുണ്ട്. വളരെയധികം ഗവേഷണങ്ങള്‍ ഈ മേഖലയില്‍ നടക്കുന്നുമുണ്ട്.

A. ഫാബ്രിക് രംഗത്തെ മാറ്റങ്ങള്‍

പൌരാണിക കാലഘട്ടത്തിലെ വസ്ത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഇന്നത്തെ വസ്ത്രങ്ങള്‍. വ്യത്യസ്തമായ മെറ്റീരിയല്‍സ് പരീക്ഷിച്ച് കൊണ്ടിരിക്കുന്നു. സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ഷര്‍ട്ട് ഈയിടെയാണ് വാര്‍ത്താ പ്രാധാന്യം നേടിയത്. പരീക്ഷണങ്ങളിപ്പോള്‍ അതും കടന്ന് മനുഷ്യന് മുന്‍കാലങ്ങളില്‍ ചിന്തിക്കുവാന്‍ കഴിയാത്ത തലത്തിലേക്കെത്തി നില്‍ക്കുന്നു.

a. പാലില്‍ നിന്നം വസ്ത്രം

QMilch എന്ന പേരില്‍ പാലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഒരു ഫൈബറുമായി ജര്‍മ്മനിയിലെ Anke Domaske എന്ന ഗവേഷക വിദ്യാര്‍ഥിനി രംഗത്തെത്തിയിരിക്കുന്നു. പാലില്‍ നിന്നും വെള്ളത്തിന്‍റെ അംശം പൂര്‍ണ്ണമായും നീക്കിയിട്ട് ബയോ എഞ്ചിനിയറിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രോട്ടീന്‍ സ്പിന്നിങ്ങ് ഫ്ലൂയിഡ് ആക്കി മാറ്റും. തുടര്‍ന്ന് ഇത് മറ്റ് വസ്തുക്കളും ചേര്‍ത്ത് ഫൈബറാക്കി മാറ്റുകയാണ് ചെയ്യുന്നത്. സില്‍ക്കിനോട് സമാനമായ ഈ ഫൈബറിന് വില കുറവാണെന്നതാണ് ആകര്‍ഷണീയത. മാത്രവുമല്ല അമിനോ അസിഡുകളുടെ കലവറയായ ഈ പ്രോട്ടീന്‍ പരിസ്ഥിതി സൌഹാര്‍ദ്ദമായതിനാല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുമില്ല. ആയതിനാല്‍ കുഞ്ഞുങ്ങളുടെ വസ്ത്ര നിര്‍മ്മാണത്തില്‍ ഇത് ഉപയോഗപ്പെടുത്തുവാന്‍ കഴിയുമെന്നാണ് ഗവേഷക ലോകം പ്രതീക്ഷിക്കുന്നത്. ഈ ഫൈബര്‍ ഒറ്റയ്ക്കോ മറ്റ് ഫൈബറുകളുമായോ ചേര്‍ത്തോ വസ്ത്ര നിര്‍മ്മാണത്തിനുപയോഗിക്കുവാന്‍ കഴിയും. വാഹനങ്ങളുടെ ഇന്‍റീരിയര്‍, ഹോസ്പിറ്റലില്‍ ഉപയോഗിക്കുന്ന വിവിധ ഡ്രസ്സ് മെറ്റീരിയലുകള്‍ തുടങ്ങി ഒട്ടുമിക്ക ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കുവാന്‍ കഴിയും.

b. മെറ്റല്‍ ഫൈബേഴ്സ്

1 മുതല്‍ 80 മൈക്രോണ്‍ വരെ കനമുള്ള മെറ്റല്‍സ് ഇപ്പോള്‍ ഫാബ്രിക് ആയി ഉപയോഗിക്കുവാന്‍ കഴിയും. ഇ സി ജി പോലുള്ള ഫിസിയോളജിക്കല്‍ ആവശ്യങ്ങള്‍ക്ക് ഇലക്ട്രോഡ് ആയി ഇതിനെ ഉപയോഗിക്കുവാന്‍ കഴിയും. എന്നാല്‍ സ്പിന്നിങ്ങിലും മറ്റും ചില പ്രശ്നങ്ങള്‍ ഇത് സൃഷ്ടിക്കുന്നതിനാല്‍ പൂര്‍ണ്ണമായും ഈ സാധ്യത പ്രയോജനപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ല ഇത് വരേയും. മാത്രവുമല്ല കാര്‍ബണ്‍, കോപ്പര്‍, ഗോള്‍ഡ്, നിക്കല്‍ പോലുള്ളവ പ്രിന്‍റിങ്ങിലുപയോഗിക്കുന്നതിലൂടെ വസ്ത്രങ്ങള്‍ക്ക് ചാലകശക്തി കൊടുക്കുവാന്‍ കഴിയും. ഇങ്ങനെ പ്രിന്‍റ് ചെയ്ത ഭാഗങ്ങള്‍ക്ക് ഇലക്ട്രിക്ക് സര്‍ക്യൂട്ടുകളുടെ സ്വിച്ച് ആയി പ്രവര്‍ത്തിക്കുവാന്‍ കഴിയും. ഇത് മെഡിക്കല്‍ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് കാരണമാകും.

c. ഒപ്റ്റിക്കല്‍ ഫൈബറുകള്‍

ഒപ്റ്റിക്കല്‍ ഫൈബറുകള്‍ ഇന്‍റഗ്രേറ്റ് ചെയ്ത വസ്ത്രങ്ങളായിരിക്കും നാളത്തെ ഒരു ട്രെന്‍ഡ്. സെന്‍സറുകളായി ഉപയോഗിക്കുവാന്‍ കഴിയുന്ന ഇത് ഫാഷന്‍ ഇന്‍ഡസ്ട്രിയിലാണ് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്. ഇത് ഇപ്പോഴെ വിപണിയിലെത്തിക്കഴിഞ്ഞു.

d. നാനോ പാര്‍ട്ടിക്കുളുകള്‍ ചേര്‍ത്ത വസ്ത്രങ്ങള്‍




നാനോപാര്‍ട്ടിക്കിളുകള്‍ സാധാരണ ഫാബ്രിക്കുകളില്‍ കോട്ട് ചെയ്താല്‍ അവയുടെ കാലദൈര്‍ഖ്യം കൂട്ടുവാനായിട്ട് കഴിയും. ബാക്ടീരിയകളെ നശിപ്പിക്കുവാന്‍ സില്‍വര്‍, നനഞ്ഞ് കുതിര്‍ന്ന് പോകാതിരിക്കുവാന്‍ സിലിക്ക, സൂര്യപ്രകാശത്തിന്‍റെ തീവ്രതയില്‍ നിന്നും രക്ഷിക്കുവാന്‍ ടൈറ്റാനിയം ഡയോക്സൈഡും സിങ്ക് ഓക്സൈഡും തുടങ്ങി വ്യത്യസ്തങ്ങളായ നാനോ പാര്‍ട്ടിക്കിളുകള്‍ വ്യത്യസ്തമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ കഴിയും. അമേരിക്കയിലെ നാനോടെക്സ് എന്ന കമ്പനി ഈ രംഗത്തുണ്ട്.

e. കാപ്പിയില്‍ നിന്നും വസ്ത്രങ്ങള്‍

കാപ്പി കുടിച്ചതിന് ശേഷമുള്ള വേസ്റ്റ് നാമെല്ലാം കളയുകയോ ലാന്‍ഡ് ഫില്ലു ചെയ്യുകയോ ചെയ്യും. എന്നാലിതുപയോഗിച്ച് ഫാബ്രിക്കുകളുണ്ടാമെന്ന കണ്ടെത്തലുമായി വന്നിരിക്കുകയാണ് തായ്വാനിലെ Singtex എന്ന കമ്പനി. ഇതില്‍ നിന്നും വേര്‍തിരിക്കുന്ന ഓയിലാണ് ഇവിടെ ഉപയോഗികിക്കുന്നത്. ഇത് പരിസ്ഥിതി സൌഹാര്‍ദ്ദമാണെന്നതാണ് വസ്തുത. S.Cafe എന്നാണ് ഈ പുതിയ ഫൈബറിന്‍റെ പേര്.

f. പുനരുപയോഗിക്കപ്പെടുന്ന കോട്ടണ്‍

ഉപയോഗിച്ച കോട്ടണ്‍ തുണികളില്‍ നിന്നും ഗുണമേന്‍മയുള്ള നാരുകളുമായി എത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു കമ്പനി. Evrnu എന്നാണ് ഈ പുതിയ സാങ്കേതിക വിദ്യയുടെ പേര്.

B. ഡൈയില്‍ വരുന്ന മാറ്റങ്ങള്‍

a. ക്രോമിക് മെറ്റീരയലുകളുടെ ഉപയോഗം



ഇന്‍റലിജെന്‍റ് ആയ വസ്ത്രങ്ങളാണ് നാളത്തെ മറ്റൊരു ട്രെന്‍ഡ്. പുറമേയുള്ള സാഹചര്യങ്ങള്‍ക്കനുസരിച്ച് നിറം മാറുവാന്‍ കവിവുള്ളതാണ് ക്രോമിക് മെറ്റീരിയല്‍ എന്ന് പറയുന്നത്. പുറമേയുള്ള വെളിച്ചത്തിനനുസരിച്ച് മാറുന്ന ഫോട്ടോക്രോമിക് ഡൈ, ചൂടിനോട് പ്രതികരിക്കുന്ന തെര്‍മോക്രോമിക് ഡൈ,pH മാറുന്നതനുസരിച്ച് കളര്‍ മാറുന്ന അയണോക്രോമിക് ഡൈ, കറന്‍റ് കൊടുക്കുന്നതിനനുസരിച്ച് മാറുന്ന ഇലക്ട്രോ ക്രോമിക ഡൈ തുടങ്ങി വ്യത്യസ്തമായ ഡൈകളായിരിക്കും നാളെ ഉണ്ടാവുക. ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ മാറ്റങ്ങളുണ്ടാക്കുവാന്‍ ഇതിന് കഴിയും.

C. വായു ഉപയോഗിച്ചുള്ള ഡൈയിങ്ങ്

സാധാരണയായി ഡൈയിങ്ങ് നടത്തുന്നത് വെള്ളം ഉപയോഗിച്ചിട്ടാണ്. അരക്കിലോ ഫാബ്രിക്ക് ഡൈ ചെയ്യുവാന്‍ ഏകദേശം 4 ലിറ്റര്‍ വെള്ളം വേണ്ടി വരുമെന്നാണ് കണക്ക്. എന്നാല്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്ത ഡൈയിങ്ങിന് വായു ഉപയോഗിക്കാമെന്നാണ്. ചൂട് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഇത് ചെയ്യാമെന്നതിനാല്‍ കുറഞ്ഞ ഊര്‍ജ്ജത്തില്‍ വെള്ളം ഉപയോഗിക്കാതെ തന്നെ ഇത് ചെയ്യുവാന്‍ സാധിക്കും.

D. സ്മാര്‍ട്ട് ടെക്സ്റ്റയില്‍സ്

എന്തും ഏതും സ്മാര്‍ട്ടാകുന്ന കാലഘട്ടത്തില്‍ വസ്ത്രങ്ങള്‍ക്ക് മാറി നില്‍ക്കുവാന്‍ കഴിയുകയില്ലല്ലോ. ചുറ്റുപാടുമായിട്ട് സംവേദിക്കുവാന്‍ കഴിവുള്ള വസ്ത്രങ്ങളാണ് സ്മാര്‍ട്ട് ടെക്സ്റ്റയില്‍സ് എന്ന് ചുരുക്കത്തില്‍ പറയാം. സെന്‍സറുകളും ആക്ചേറ്ററുകളുമാണ് സ്മാര്‍ട്ട് വസ്ത്രങ്ങളുടെ അടിസ്ഥാന ഘടകങ്ങള്‍. ഒപ്റ്റിക്കല് ഫൈബറുകളും മെറ്റലുകളും ചാലക ശക്തിയുള്ള പോളിമറുകളുമാണ് ഇതിന് വസ്ത്രങ്ങളെ സാധ്യമാക്കുന്നത്. മനുഷ്യ ജീവിതത്തിന്‍റെ പല മേഖലകളിലും പ്രയോജനപ്പെടുവാന്‍ പോകുന്നയൊന്നാണ് സ്മാര്‍ട്ട് ടെക്സ്റ്റയില്‍സ്. ഇന്‍റര്‍നെറ്റ് ഓഫ് തിങ്ങ്സ് എന്നാണ് ഇപ്പോഴത്തെ കാഴ്ചപ്പാട്. അതായത് ഇന്‍റര്‍നെറ്റുമായി സംവേദിക്കുവാന്‍ നാം ഉപയോഗിക്കുന്ന ഏതൊരു വസ്തുവിനും കഴിയുമെന്നര്‍ത്ഥം. അതിലൊന്നാണിപ്പോള്‍ വെയറബിള്‍ ഇലക്ട്രോണിക്സിന്‍റെ ഗണത്തില്‍ പെടുന്ന സ്മാര്‍ട്ട് ടെക്സ്റ്റയില്‍സില്‍ കൂടി സാധ്യമാകുന്നതും.

1. സ്മാര്‍ട്ട് ടെക്സ്റ്റയില്‍സും ആരോഗ്യ മേഖലയും

സ്മാര്‍ട്ട് ടെക്സ്റ്റയില്‍സ് മാറ്റം വരുത്തുന്നയൊരു മേഖലയാണ് ആരോഗ്യ രംഗത്തിന്‍റേത്. രോഗിയുടെ ആരോഗ്യ സ്ഥിതി മനസ്സിലാക്കുന്നതിന് ഈ സാങ്കേതിക വിദ്യ സഹായകമാവും. സെന്‍സറുകള്‍ ഘടിപ്പിച്ച തലയിണകളും ബെഡ് ഷീറ്റുകളുമാവും നാളത്തെ ആശുപത്രികളില്‍ ഉപയോഗിക്കുന്നത്. രോഗിയുടെ ഉറക്കത്തില്‍ പോലുമുള്ള ശാരിരിക മാറ്റങ്ങള്‍ തല്‍സമയം റെക്കോര്‍ഡ് ചെയ്യുവാന്‍ ഇവയ്ക്കാവും.

ഹൃദയ പരിശോധനകള്‍ പോലുള്ള സങ്കീര്‍ണ്ണ കാര്യങ്ങള്‍ക്ക് നിരവധി വയറുകളുടേയും മറ്റും സഹായമാവശ്യമാകുന്നത് നാം കണ്ടിട്ടുണ്ട്. ഇനിയിപ്പോള്‍ വയറുകളുടെ സഹായമില്ലാതെ സ്മാര്‍ട്ട് ഗൌണുകളുപയോഗിച്ച് ഇത്തരം പരിശോധനകള്‍ ചെയ്യുവാന്‍ കഴിയുമോയെന്നാണ് ഇപ്പോള്‍ ശാസ്ത്ര ലോകം ആലോചിക്കുന്നത്. ധരിച്ചിരിക്കുന്ന ഗൌണുകളില്‍ നിന്നും നേരിട്ട് വയര്‍ലെസ്സ് ആയി പള്‍സ്സ് റേറ്റും, രക്തസമ്മര്‍ദ്ദവും, ഹൃദയമിടിപ്പും മറ്റും നേരിട്ടറിയുന്നയൊരു സംവിധാനം സാധ്യമാകുമെന്ന് തന്നെയാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.

സ്പോര്‍ട്സ്സ് താരങ്ങള്‍ക്ക് പരിക്ക് പറ്റുകയെന്നതൊരു സാധാരണ കാര്യമാണ്. സെന്‍സറുകള്‍ ഘടിപ്പിച്ചയൊരു ക്യാപ്പ് അവര്‍ അണിയുന്നുവെങ്കില്‍ എന്തെങ്കിലും പരിക്ക് പറ്റുമ്പോള്‍ത്തന്നെ തലയുടെ തല്‍സ്ഥിതി മനസ്സിലാക്കുവാന്‍ കഴിയുമെന്നതിനാല്‍ പിന്നീടുള്ള ചികില്‍സക്ക് അത് ഏറെ സഹായകമാവും. അതിനാല്‍ത്തന്നെ ഈ ദിശയിലുള്ള ഗവേഷണങ്ങളിലാണ് ഗവേഷണ ലോകം.

നിലവിലുപയോഗിക്കുന്ന നുണപരിശോധനാ യന്ത്രങ്ങള്‍ക്ക് പകരമായി സെന്‍സറുകള്‍ ഘടിപ്പിച്ച സ്മാര്‍ട്ട് ഡ്രസ്സുകള്‍ ഉപയോഗിക്കുവാന്‍ കഴിയും. വയറുകള്‍ ഉപയോഗിച്ച് ഘടിപ്പിക്കുന്ന യന്ത്രത്തിന് പകരം ശരീരത്തില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ തന്നെ ആ ജോലി നിര്‍വ്വഹിക്കുമ്പോള്‍ തെറ്റു വരുവാനുള്ള സാധ്യത കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആരോഗ്യ രംഗത്ത് സ്മാര്‍ട്ട് ടെക്സ്റ്റയില്‍സ് വ്യാപകമാകുമ്പോള്‍ അതിന്‍റേയും അതിലുപയോഗിക്കുന്ന സെന്‍സറുകളുടേയും മറ്റും നിര്‍മ്മാണവും സര്‍വീസിങ്ങും ഒരു തൊഴിലവസരമായി ഉയര്‍ന്ന് വരാം.

2. പ്രതിരോധരംഗവും സ്മാര്‍ട്ട് ടെക്സ്റ്റയില്‍സും

ഒപ്റ്റിക്കല്‍ ഫൈബറുകളുപയോഗിക്കുന്ന വസ്ത്രങ്ങളായിരിക്കും നാളത്തെ ഡിഫന്‍സിലെ ട്രെന്‍ഡ്. പ്രതികൂല കാലാവസ്ഥകളില്‍ ജോലി ചെയ്യുന്ന സൈനീകര്‍ക്ക് അവരുടെ തല്‍സമയ ആരോഗ്യ സ്ഥിതികള്‍ വിദൂരത്ത് നിന്നറിയുവാനും വേണ്ട സഹായമെത്തിക്കുവാനും കഴിയുന്ന തരത്തിലായിരിക്കും സ്മാര്‍ട്ട് ടെക്സ്റ്റയില്‍സ് വരുത്തുന്ന മാറ്റം. ജോര്‍ജിയ ടെക്നോളജിയെലെ പ്രൊഫസര്‍. ഡോ. സുന്ദരേശന്‍ ജയരാമനും സംഘവും ഒരു സ്മാര്‍ട്ട് ഷര്‍ട്ടുമായി രംഗത്ത് വന്നിരിക്കുന്നു. ശരീരത്തിലെ താപ നിലയും രക്തസമ്മര്‍ദ്ദവും മറ്റും അളക്കുവാന്‍ കഴിവുള്ള ഇത് ശരീരത്തിലെ വെടിയുണ്ടയുടെ കൃത്യമായ സ്ഥാനം മനസ്സിലാക്കുവാനാണ് കൂടുതലായും ഉപയോഗിക്കുന്നത്. സെന്‍സാ ടെക്സ് എന്ന കമ്പനിയാണ് ഇത് വിപണിയിലിറക്കിയിരിക്കുന്നത്.

3. കായിക രംഗവും സ്മാര്‍ട്ട് വസ്ത്രങ്ങളും.

സ്മാര്‍ട്ട് ടെക്സ്റ്റയില്‍സിന് മാറ്റങ്ങളുണ്ടാക്കുവാന്‍ കഴിയുന്നയൊരു മേഖലയാണ് കായിക രംഗത്തിന്‍റേത്. വിവിധങ്ങളായ സെന്‍സറുകള്‍ഘടിപ്പിച്ച വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ കളിക്കാരുടെ ശരീരത്തിലെ മാറ്റങ്ങല്‍ തല്‍സമയം അളക്കുവാന്‍ കഴിയും. ഹൃദയമിടിപ്പും, ടെംപറേച്ചറും, പ്രഷറും മറ്റെല്ലാം തന്നെ. ഇത് പരിക്ക് പറ്റുമ്പോള്‍ അടിയന്തിരമായി വൈദ്യസഹായമെത്തിക്കുവാന്‍ ഏറെ സഹായകമാകും. ചില ഫുട്ബോള്‍ താരങ്ങളെങ്കിലും പരിക്ക് പറ്റി കളിക്കളത്തില്‍ത്തന്നെ മരിച്ച് വീണിട്ടുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടുവെന്ന് ഓര്‍ക്കുമ്പോഴാണ് നാമിന്‍റെ പ്രാധാന്യം മനസ്സിലാക്കുക.

E. പ്രോസസില്‍ വരുന്ന മാറ്റങ്ങള്‍

വസ്ത്ര നിര്‍മ്മാണത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒന്നാണ് മലിനജലത്തിന്‍റെ പ്രോസസിങ്ങ് എന്നത്. കാരണം വളരെ ഹാനികരമായ രാസവസ്തുക്കളങ്ങിയതാണിവിടുത്തെ മലിനജലം. ഇതിന് ഒരു ബയോ ട്രീറ്റ്മെന്‍റ് ഇപ്പോള്‍ കണ്ട് പിടിക്കപ്പെട്ടിട്ടുണ്ട്. സീക്വന്‍സിങ്ങ് ബാച്ച് ബയോ ഫില്‍റ്റര്‍ ഗ്രാനുലര്‍ റിയാക്ടര്‍ (SBBGR) എന്നാണ് പേര്. ബയോടെക്നോളജിയുടെ ടെക്സ്റ്റയില്‍ മേഖലയിലെ ആപ്ലിക്കേഷനിലൊന്നാണിത്. എയറോബിക് ബയോമാസ് ഗ്രാന്യൂള്‍സ് ആണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതില്‍ എല്ലാ പ്രോസസും നടക്കുന്നത് ഒരൊറ്റ ടാങ്കിലാണെന്നതാണ് പ്രത്യേകത. മാത്രവുമല്ല സാധാരണ പ്രോസസുമായി നോക്കുമ്പോള്‍ സ്ലഡ്ജ് വളരെ കുറവാണെന്നതും എടുത്ത് പറയേണ്ട പ്രത്യകത.

F. തയ്യലിലെ മാറ്റങ്ങള്‍

കമ്പ്യൂട്ടറിന്‍റെ സഹായം തയ്യലില്‍ ഇപ്പോള്‍ത്തന്നെ വന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ഡിസൈനറായ സിദ്ധാര്‍ഥ ഉപദാവ ആവിഷ്കരിച്ച പുതിയ സംവിധാനമാണ് ഡയറക്ട് പാനല്‍ ഓണ്‍ ലൂം ടെക്നോളജി (DPOL) അഥവാ സ്മാര്‍ട്ട് ടെയ് ലറിങ്ങ്. 15 ശതമാനം കാര്യക്ഷമത (Efficiency) കൂടുന്ന ഇത് 50 ശതമാനം സമയലാഭം വാഗ്ദാനം ചെയ്യുന്നു. ഗാര്‍മെന്‍റിനെ സംബന്ധിച്ച് എല്ലാ കാര്യങ്ങളും കമ്പ്യൂട്ടറിന് നല്‍കിയാല്‍ വേസ്റ്റ് തീരെയില്ലാതെ കട്ടിങ്ങും മറ്റും ലൂം നടത്തുന്നതാണിത്.

G. തുണികളിലെ ഡിജിറ്റല്‍ പ്രിന്‍റിങ്ങ്

ഇപ്പോഴത്തെ പുതിയ ഡിജിറ്റല്‍ പ്രിന്‍റിങ്ങ് പരിസ്ഥിതി സൌഹാര്‍ദ്ദവും വെള്ളം വളരെ കുറവ് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയുമാണ്. ജപ്പാന്‍ കമ്പനിയായ കോണിക്ക മിനോള്‍ട്ട (Konica Minolta) ഇത്തരം ഒരു അള്‍ട്ടാ ഹൈസ്പീഡ് ഹൈറെസല്യൂഷന്‍ പ്രിന്‍ററുമായി രംഗത്ത് വന്നിരിക്കുന്നു.NASSENGER SP-1 എന്നാണ് പേര്. പ്രിന്‍ററിന്‍റെ നോസിലില്‍ വരെ കണ്‍ട്രോള്‍ ഉള്ളതിനാല്‍ വളരെ കുറച്ച് ഇങ്ക് ആവശ്യമായ സ്ഥലത്ത് മാത്രം ഉപയോഗിക്കുവാന്‍ കഴിയുന്നു. ചൈനയിലെ അല്ക്സോ എന്ന കമ്പനിയും ഇത്തരം ഒരു സിംഗിള്‍ പാസ് പ്രിന്‍ററുമായി രംഗത്ത് വന്നിട്ടുണ്ട്. 2015 ല്‍ ഇറ്റലിയില്‍ നടന്ന ഇന്‍റര്‍ നാഷണല്‍ ടെക്സ്റ്റൈല്‍ മാര്‍ക്കറ്റ് അസോസിയേഷനില്‍ (ITMA) ഇത് അവതരിപ്പിക്കപ്പെട്ടിരുന്നു.

H. മെഷ്യനറിയിലെ മാറ്റങ്ങള്‍

വസ്ത്ര നിര്‍മ്മാണത്തിലെപ്പോഴും പുത്തന്‍ യന്ത്രങ്ങള്‍ കണ്ട് പിടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. തയ്വാനിലെ കമ്പനിയായ Acme Machinery Industryവെള്ളത്തിന്‍റെ അളവ് വളരെ കുറവ് മേണ്ടുന്നതായ AM-ICD Intelligent Conveyer Drive High Pressure Constant Speed Dyeing Machine എന്ന ഒരു പുതിയ മെഷീനുമായി രംഗത്ത് വന്നിരിക്കുന്നു. വെള്ളം മാത്രമല്ല താരതമേന്യ വളരെ കുറച്ച് കെമിക്കലും ഇതിന് മതിയാകും, ഏകദാശം 65 ശതമാനം കെമിക്കല്‍ മതിയാകുമിതിന്.

ഇവിടെ പ്രതിപാദിക്കപ്പെട്ടതും അല്ലാത്തതുമായ നിരവധി മാറ്റങ്ങളോടെയാണ് നാളത്തെ വസ്ത്ര മേഖല രംഗത്തെത്തുന്നത്. കാരണം കണ്‍സ്ട്രക്ഷന്‍ മേഖലയിലും ആരോഗ്യമേഖലയിലും വ്യാവസായിക രംഗത്തും കാര്‍ഷിക രംഗത്തും പ്രത്യകതയുള്ള ടെക്ക്നിക്കല്‍ മെറ്റീരിയലുകളാണാവശ്യം. അതിനാല്‍ത്തന്നെ ഈ രംഗത്തെ ഗവേഷണത്തിനായി നാമും ഏറെ ഊര്‍ജ്ജം മാറ്റി വെക്കേണ്ടിയിരിക്കുന്നു.

3 ഡി പ്രിന്റിനങ്ങില്‍ തെളിയുന്ന വ്യവസായ സാധ്യതകള്‍

മനുഷ്യ ചരിത്രത്തില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക് കാരണമായയൊന്നാണ് അച്ചടിയുടെ കണ്ടുപിടുത്തം. എന്നാലിന്ന് അച്ചടിയുടെ തലം 3 ഡി പ്രിന്‍റിങ്ങ് എന്ന മറ്റൊരു സാങ്കേതിക വിദ്യയില്‍ ചെന്ന് നില്‍ക്കുന്നു. വരും കാലങ്ങളില്‍ വ്യവസായിക ലോകത്ത് തന്നെ നിരവധി മാറ്റങ്ങളുണ്ടാക്കുവാന്‍ പര്യാപ്തമായ ഒന്നാണ് അഡിറ്റീവ് മാനുഫാക്ച്വറിങ്ങ് എന്ന പേരിലും അറിയപ്പെടുന്ന 3 ഡി പ്രിന്‍റിങ്ങ്. സാങ്കേതിക ലോകം ഇതിനെ മൂന്നാം വ്യാവസായിക വിപ്ലവം എന്നാണ് വിശേഷിപ്പിക്കുന്നത്.

എന്താണ് 3 ഡി പ്രിന്‍റിങ്ങ്

കമ്പ്യൂട്ടറില്‍ ഡിസൈന്‍ ചെയ്ത ഒരു വസ്തുവിന്‍റെ ത്രിമാന തലത്തിലുള്ള രൂപം പുനസൃഷ്ടിക്കുന്നതാണ് 3 ഡി പ്രിന്‍റിങ്ങ് എന്ന് പറയാം. ഏതെങ്കിലും ഒരു കാഡ് സോഫ്റ്റ് വെയറുപയോഗിച്ചോ 3 ഡി സ്കാനറിലൂടെ പകര്‍ത്തപ്പെടുന്നതോ ആയ ത്രിമാന മോഡലിലോ ആണ് ഇതിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 3 ഡി ഇമേജിനെ പ്രിന്‍ററില്‍ ഉപയോഗിക്കുന്ന ഏതെങ്കിലും ഫയല്‍ ഫോര്‍മാറ്റില്‍ സേവ് ചെയ്യുകയെന്നതാണ് അടുത്ത ഘട്ടം. പ്രിന്‍റിങ്ങ് സൈസ്, ഓറിയന്‍റേഷന്‍ തുടങ്ങിയ സെറ്റപ്പുകളും പ്രിന്‍ററില്‍ മെറ്റീരിയല്‍ നിറയ്ക്കുകയൊക്കെ ചെയ്യേണ്ടതുണ്ട്. നിര്‍മ്മിക്കേണ്ട ഒബ്ജക്ടിന്‍റെ സൈസ്, മെറ്റീരിയല്‍, പ്രിന്‍റര്‍ ടൈപ്പ് തുടങ്ങിയവയൊക്കെ അനുസരിച്ച് ഏതാനും മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ നിര്‍മ്മാണം നീളാറുണ്ട്. സാധാരണ 0.1 മില്ലി മീറ്ററ്‍ കനത്തിലാണ് ഓരോ ലയറും നിര്‍മ്മിക്കപ്പെടുക. നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഒബ്ജക്ട് പ്രിന്‍ററില്‍ നിന്നും നീക്കം ചെയ്ത് ചില പോസ്റ്റ് പ്രോസസിങ്ങ് ജോലികള്‍ കൂടി ചെയ്താല്‍ 3 ഡി പ്രിന്‍റിങ്ങ് പൂര്‍ത്തിയായി. വെര്‍ച്വല്‍ വേള്‍ഡില്‍ രൂപം കൊണ്ടയൊന്ന് റിയല്‍ വേള്‍ഡിലേക്കെത്തിപ്പെടുകയായി.

സ്റ്റീരിയോ ലിത്തോഗ്രാഫി, സെലക്ടീവ് ലേസര്‍ സിന്‍ററിങ്ങ്, ഫ്യൂസഡ് ഡിപ്പോസിഷന്‍ മോള്‍ഡിങ്ങ്, ഡയറക്ട് 3 ഡി പ്രിന്‍റിങ്ങ്, ബൈന്‍ഡര്‍ 3 ഡി പ്രിന്‍റിങ്ങ്, ഡയറക്ട് മെറ്റല്‍ ലേസര്‍ സിന്‍ററിങ്ങ് തുടങ്ങിയവയൊക്കെ വിവിധ തരത്തിലുള്ള 3 ഡി പ്രിന്‍റിങ്ങ് സാങ്കേതിക വിദ്യകളാണ്. വ്യത്യസ്തങ്ങളായ ഉപയോഗമാണ് ഓരോന്നിനും.

3 ഡി പ്രിന്‍റിങ്ങും വ്യവസായിക മാറ്റങ്ങളും

ആര്‍ക്കിടെക്ടുകള്‍ക്കും ഡിസൈനര്‍മാര്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങളുടെ മോഡലുകള്‍ തയ്യാറാക്കുവാനാണ് ഈ സാങ്കേതിക വിദ്യ ആദ്യ കാലത്ത് ഉപയോഗിച്ചിരുന്നുവെങ്കില്‍ ഇന്നിതിന് വ്യാപകായമായ ഉപയോഗങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ചെലവ് കുറഞ്ഞ 3 ഡി പ്രിന്‍ററുകളായ റെപ് റാപ്പ് എന്ന ഓപ്പണ്‍ സോഴ്സ് പ്രിന്‍ററുകള്‍ 2008 ല്‍ രംഗത്തെത്തിയതോട് കൂടിയാണ് ഈ രംഗത്ത് ഒരു ഉണര്‍വുണ്ടായത്. ഘടക ഭാഗങ്ങളില്‍ 50 ശതമാനം സ്വയം നിര്‍മ്മിക്കുവാനാകുമെന്നതാണ് റെപ് റാപ്പ് എന്ന സെല്‍ഫ് റിപ്ലിക്കേറ്റിങ്ങ് പ്രിന്‍ററുകളുടെ പ്രധാന സവിശേഷത.

വൈദ്യശാസ്ത്ര രംഗം

വൈദ്യശാസ്ത്ര രംഗമാണ് ഈ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ മാറ്റം വരുന്നയൊരു പ്രധാനപ്പെട്ട ഒരു മേഖല. സങ്കീര്‍ണ്ണമായ സര്‍ജറികള്‍ക്ക് മുന്‍പ് ശരീര ഭാഗങ്ങളുടെ 3 ഡി മോഡലുകള്‍ ഉണ്ടാക്കി റഫര്‍ ചെയ്യുന്നത് ജോലിയില്‍ കൃത്യത ഉറപ്പ് വരുത്തുവാന്‍ സഹായിക്കുമെന്നതിനാല്‍ ഈ രംഗത്ത് വന്‍ ഉണര്‍വാകും വരും നാളുകളില്‍. ചൈനയിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ദരിപ്പോള്‍ ഈ രീതി അവലംബിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. ദന്തിസ്റ്റുകള്‍ക്ക് കൃത്രിമ പല്ലുകളും മറ്റും ഇനി പ്രിന്‍റ് ചെയ്തെടുക്കുവാന്‍ കഴിയും. ഫേഷ്യല്‍ റി കണ്‍സ്ട്രക്ഷന്‍ സര്‍ജറി, ടിഷ്യു ആന്‍ട് ഓര്‍ഗന്‍ എഞ്ചിനിയറിങ്ങ്, 3 ഡി പ്രിന്‍റഡ് ഹിയറിങ്ങ് എയ്ഡ്, 3 ഡി പ്രിന്‍റഡ് ഓര്‍ത്തോപിഡിക് എയ്ഡ്, ഓര്‍ഗന്‍ റിപ്ലിക്കേഷന്‍, ഇങ്ങനെ നീളുന്ന പട്ടികയിലെ ഏതാണ്ടെല്ലാം തന്നെ രൂപപ്പെട്ട് കഴിഞ്ഞു. ശരീര കോശങ്ങളും അവയവയങ്ങളും പ്രിന്‍റുകളിലൂടെ സൃഷ്ടിക്കുന്ന ബയോ പ്രിന്‍റിങ്ങിലാണ് ഇപ്പോള്‍ ഗവേഷണ ലോകം. കൃത്രിമ അവയവ നിര്‍മ്മാണ രംഗത്തും ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുവാന്‍ കഴിയും.

വൈദ്യശാസ്ത്ര രംഗത്തെ 3 ഡി പ്രിന്‍റിങ്ങിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് പ്രിന്‍റഡ് ജോ ബോണ്‍. ടൈറ്റാനിയം പൌഡര്‍ ലേസര്‍ കിരണങ്ങളുപയോഗിച്ച് ആയിരക്കണക്കിന് ലെയറുകളാക്കി സംയോജിപ്പിച്ച് തയ്യാറാക്കിയ കൃത്രിമ താടിയെല്ല് 83 വയസ്സുള്ള ഒരു രോഗിയില്‍ ബെല്‍ജിയത്തിലെ ബയോമെഡിക്കല്‍ റിസേര്‍ച്ച് വച്ച് വിജയകരമായി പരീക്ഷിക്കപ്പെട്ട് കഴിഞ്ഞു. കൂടാതെ രക്തക്കുഴലുകളും അസ്ഥികള്‍ തന്നേയും കൃത്രിമമായി നിര്‍മ്മിക്കുവാനുള്ള പരീക്ഷണങ്ങളാണ് ഇവിടെ പരരോഗമിക്കുന്നത്.

മനുഷ്യ ശരീരത്തില്‍ ത്വക്ക് ഉള്‍പ്പടെ കരള്‍, ശ്വാസകോശം, ധമനികള്‍ തുടങ്ങിയവയെല്ലാം 3 ഡി പ്രിന്‍റിങ്ങിലൂടെ സൃഷ്ടിക്കുവാന്‍ കഴിയുമെന്നാണ് ശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത്.

ആഭരണ നിര്‍മ്മാണ രംഗം

കുറഞ്ഞ ചിലവില്‍ കൂടുതല്‍ കൃത്യതയോടെ ലോഹങ്ങളോ, പ്ലാസ്റ്റിക്കോ ഉപയോഗിച്ച് ആഭരണങ്ങള്‍ പ്രിന്‍റ് ചെയ്തെടുക്കുവാന്‍ ഇത് വഴി സാധ്യമാണ്. ജ്വല്ലറി, വാച്ച് നിര്‍മ്മാതാക്കള്‍ക്കായി യു കെയിലെ ഫാബ്രിക്കേറ്റഡ് പ്രെഷ്യസ് മെറ്റല്‍സ് ദാതാക്കളായ കുക്ക്സണ്‍ പ്രെഷ്യസ് മെറ്റല്‍സ് ഹോങ്കോങ്ങില്‍ നടന്ന ജ്വല്ലറി ജെം ഫെയറില്‍ അവതരിപ്പിച്ച ത്രി ഡി പ്രിന്‍റിങ്ങ് പ്രോട്ടോ ടൈപ്പ് സിസ്റ്റമാണ് പ്രഷ്യസ് M080. ലേസര്‍ പ്രിന്‍റര്‍ ടെക്നോളജിയില്‍ അധിഷ്ടിതമായി സ്വര്‍ണ്ണം നിര്‍മ്മാണ വസ്തുവായി ഉപയോഗിച്ചാണ് ആഭരണമുണ്ടാക്കുന്നത്.

വിദ്യാഭ്യാസ രംഗം

രസതന്ത്രം, ജീവശാസ്ത്രം, ഭൌതീക ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കുവാന്‍ വസ്തുക്കളുടെ 3 ഡി മോഡലുകള്‍ സഹായകരമാണ്. ഇത്തരം വസ്തുക്കള്‍ എളുപ്പത്തില്‍ പ്രിന്‍റ് ചെയ്തെടുക്കുവാന്‍ റെപ് റാപ്പ് പ്രിന്‍റുകളുടെ സഹായത്താല്‍ സാധ്യമാണ്. ഇന്നത്തെ ഫോട്ടോ കോപ്പി സെന്‍ററുകള്‍ പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്ത് പഠനാവശ്യങ്ങള്‍ക്കുള്ള 3 ഡി മോഡലുകള്‍ പ്രിന്‍റെടുക്കുന്ന ഷോപ്പുകളുടെ സാധ്യത ആലോചിച്ച് നോക്കുക.

ഭക്ഷ്യ വ്യവസായ രംഗ

മെറ്റല്‍, സെറാമിക്, പ്ലാസ്റ്റിക് തുടങ്ങിയവയില്‍ മാത്രം നിന്നിരുന്ന 3 ഡി പ്രിന്‍റിങ്ങിപ്പോള്‍ ഷുഗര്‍, സ്റ്റാര്‍ച്ച്, ചോക്കലേറ്റ് തുടങ്ങിയവയിലേക്കൊക്കെ എത്തി നില്‍ക്കുന്ന കാഴ്ചയാണ് നാമിന്ന് കാണുന്നത്. ചോക്കലേറ്റ്, കാന്‍ഡി, പാസ്താ തുടങ്ങിയവയൊക്കെ പ്രിന്‍റ് ചെയ്തെടുക്കുന്ന 3 ഡി കൊളോയ്ഡ് പ്രിന്‍റിങ്ങ് എന്ന സാങ്കേതിക വിദ്യയിലേക്കാണ് ഭക്ഷ്യസംസ്കരണ രംഗം മാറുന്നത്. ചോക്കോ ക്രിയേറ്റര്‍ എന്ന പ്രിന്‍ററിലെ സിറിഞ്ചില്‍ ചോക്ക്ളേറ്റ് മിശ്രിതം നിറച്ച് ഇഷ്ടമുള്ള ഡിസൈനില്‍ ചോക്ക്ളേറ്റുകള്‍ നിര്‍മ്മിക്കാം. സിറിഞ്ചിലൂടെ ഒഴുകി വരുന്ന ഏത് വസ്തുവും ഉപയോഗിക്കാമെന്നതിനാല്‍ ചോക്ളേറ്റിന് സമാനമായ ഏത് വസ്തുവും ഭാവിയില്‍ നിര്‍മ്മിക്കാമെന്ന് കരുതുന്നു. അധികം താമസിയാതെ ഉപഭോക്താവിന്‍റെ ആവശ്യാനുസരണം റെഡിമെയ്ഡായി ചോക്ളേറ്റ് പോലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ നിര്‍മ്മിക്കാമെന്ന അവസ്ഥയുണ്ടാകുമെന്ന് ചിന്തിക്കാം. അങ്ങനെ വന്നാല്‍ അത് വന്‍കിട കമ്പനികളെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് കണ്ട് തന്നെ അറിയണം.

ബഹിരാകാശ യാത്രികര്‍ക്കാവശ്യമുള്ള ഭക്ഷണം ബാഹ്യാകാശത്ത് വച്ച് തന്നെ പ്രിന്‍റ് ചെയ്തെടുക്കുവാന്‍ കഴിയുമോയെന്നാണ് നാസ ഇപ്പോള്‍ ആലോചിക്കുന്നത്.

പുരാവസ്തു ശാസ്ത്രം

വളരെ കാലപ്പഴക്കം വന്ന വസ്തുക്കളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയായ ആര്‍ക്കിയോളജിയിലും പാലിയന്‍റോളജിയിലും 3 ഡി മോഡലുകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. കാലപ്പഴക്കം ചെന്ന വസ്തുക്കളുടെ മോഡലുകള്‍ ഉപയോഗിച്ച് പഠനം നടത്തുന്നത് ഒരേ സമയം ഒന്നിലധികം ശാസ്ത്രജ്ഞര്‍മാര്‍ക്ക് പഠനത്തിന് സഹായകരമാകും. പുരാവസ്തുക്കള്‍ പുനസൃഷ്ടിക്കുവാനും 3 ഡി പ്രിന്‍റിങ്ങ് പ്രയോജനപ്പെടുത്താം.

ഫോറന്‍സിക് സയന്‍സ്

ഒരു കുറ്റകൃത്യം നടന്ന കഴിഞ്ഞ് കുറ്റവാളി അവശേഷിപ്പിക്കുന്ന തെളിവുകള്‍ കേസന്വേഷണത്തില്‍ വളരെ നിര്‍ണ്ണായകമാണ്. ഇവിടെ നശിപ്പിക്കപ്പെട്ട തെളിവുകള്‍ പോലും പുനസൃഷ്ടിക്കുവാന്‍ 3 ഡി പ്രിന്‍റിങ്ങ് വഴി സാധിക്കും.

ഫിംഗര്‍ പ്രിന്‍റ് എക്സാമിനേഷനില്‍ ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുവാന്‍ കഴിയും. അപകടം സംഭവിച്ച വാഹനങ്ങള്‍ പൊലീസ് പരിശോധിക്കുമ്പോള്‍ വാഹനത്തിന്‍റെ 3 ഡി മോഡലുകള്‍ ഫോട്ടോയെക്കാള്‍ ഏറെ പ്രയോജനപ്പെടുന്നതാണ്.

എഞ്ചിനിയറിങ്ങ്

പലപ്പോഴും എഞ്ചിനിയര്‍മാര്‍ക്ക് ഏതെങ്കിലും പ്രോഡക്ടുകള്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി അതിന്‍റെ പ്രോട്ടോടൈപ്പുകള്‍ ഉണ്ടാക്കേണ്ടതായി വരാറുണ്ട്. മുന്‍കാലങ്ങളില്‍ ഇത് വളരെ ബുദ്ധിമുട്ടും സമയ നഷ്ടവുമുള്ളതായിരുന്നുവെങ്കില്‍ ഇന്നിത് വളരെ എളുപ്പമായിരിക്കുന്നു. ഉണ്ടാക്കേണ്ട വസ്തുവിന്‍റെ ഒരു ഗ്രാഫിക് ഇമേജ് കമ്പ്യൂട്ടറില്‍ തയ്യാറാക്കി കൊടുത്താല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മോഡലുകള്‍ റെഡിയായിരിക്കും. മാത്രവുമല്ല ഇത് വളരെ കൃത്യതയാര്‍ന്നതായിരിക്കും.

3 ഡി പ്രിന്‍ററും കണ്‍സ്ട്രക്ഷന്‍ ഇന്‍ഡ്സ്ട്രിയും

ഇത് വരേയും വളരെ ചെറിയ വസ്തുക്കളുടെ നിര്‍മ്മാണമാണ് ഈ സാങ്കേതിക വിദ്യയിലൂടെ സാധ്യമായതെങ്കില്‍ വന്‍കിട കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിലും 3 ഡി പ്രിന്‍റിങ്ങ് സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് D ഷെയ്പ് പ്രിന്‍ററുകള്‍. മണലും ഏതെങ്കിലും ബൈന്‍ഡിങ്ങ് മെറ്റീരിയലുമാണ് നിര്‍മ്മാണത്തിനുപയോഗിക്കുന്നത്. ഏതെങ്കിലും ഒരു CAD സോഫ്റ്റ്വെയറിലാണിത് നിയന്ത്രിക്കപ്പെടുന്നത്. 3 ഡി മോഡലിന്‍റെ ഘടനയനുസരിച്ച് സോഫ്റ്റ്വെയറിനാല്‍ നയിക്കപ്പെടുന്ന പാതയിലൂടെ ചലിക്കുന്ന പ്രിന്‍റര്‍ നോസിലുകള്‍ മണല്‍ നിറച്ച ഉപരിതലത്തിലേക്ക് ബൈന്‍ഡര്‍ മെറ്റീരിയല്‍ പുറം തള്ളുമ്പോള്‍ മണലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രാസത്വരകത്തിന്‍റെ പ്രവര്‍ത്തനഫലമായി മണല്‍ ഖരാവസ്ഥ പ്രാപിക്കുവാന്‍ തുടങ്ങും. ദൃഡമാകുവാന്‍ 24 മണിക്കൂര്‍ സമയമാവശ്യമാണെങ്കിലും 5-10 mm കനമുള്ള ലെയറുകള്‍ അടിക്കടി ചേര്‍ത്ത് കൊണ്ടിരിക്കും. നിലവിലുള്ള മനുഷ്യ നിര്‍മ്മിതമായ ഇരു നില കെട്ടിടത്തിനോട് സമാനമുള്ളയൊന്ന് നിര്‍മ്മിക്കുവാന്‍ വരെ D ഷെയ്പ് എന്ന റോബോട്ടിക് എന്ന ബില്‍ഡിങ്ങ് സിസ്റ്റത്തിനാകുമെന്നാണ് സൂചന.

സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡോ. ബെഹ്റോഖ് ഖോഷ്നിവിസ് പറയുന്നത് 24 മണിക്കൂറിനുള്ളില്‍ ഒരു വീട് 3 ഡി പ്രിന്‍റിങ്ങ് ഉപയോഗിച്ച് നിര്‍മ്മിക്കാമെന്നാണ്. Contour Craftingഎന്നാണ് ഇതിന് പറയുന്നത്.

നാളെയുടെ 3 ഡി പ്രിന്‍റിങ്ങ്

പല കലാ രൂപങ്ങളും വളരെ വേഗത്തില്‍ നിര്‍മ്മിക്കുവാന്‍ ഈ സാങ്കേതിക വിദ്യ സഹായകമാകും. 3 ഡി പ്രിന്‍റിങ്ങിനാല്‍ നിര്‍മ്മിക്കപ്പെട്ട വസ്ത്രങ്ങളും ഷൂസുമൊക്കെ ഇനി തരംഗമാകുവാന്‍ തുടങ്ങും. ഫര്‍ണീച്ചര്‍, സ്ലോ മോഷന്‍ പിക്ചര്‍ തുടങ്ങി ബഹിരാകാശ ഗവേഷണത്തില്‍ വരെ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുവാനൊരുങ്ങുകയാണ് ഗവേഷകര്‍. നാസ ഓര്‍ബിറ്റില്‍ വച്ച് തന്നെ സാറ്റലൈറ്റുകള്‍ നിര്‍മ്മിക്കാനുതകുന്നതായ 3 ഡി പ്രിന്‍റര്‍ പദ്ധതിക്ക് തുടക്കമിട്ട് കഴിഞ്ഞു. 3 ഡി പ്രിന്‍റിങ്ങിലൂടെ നിര്‍മ്മിച്ച കാറും വിമാനവുമൊക്ക് ഇപ്പോഴെ യാഥാര്‍ഥ്യമായിക്കഴിഞ്ഞു

വരും കാലങ്ങളില്‍ 3 ഡി പ്രിന്‍ററുകളുടെ നിര്‍മ്മാണവും സര്‍വീസിങ്ങും ഒരു ബിസിനസ്സായി മാറാം. ഉല്‍പ്പന്നങ്ങളുടെ 3 ഡി മോഡലുകള്‍ വീടുകളില്‍ത്തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഒരു സാഹചര്യം വന്നാല്‍ അത് ഉയര്‍ത്തുന്ന പകര്‍പ്പവകാശ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് കാത്തിരുന്ന് കാണുകയേ നിര്‍വ്വാഹമുള്ളു

ഫ്രൂഗല്‍ എഞ്ചിനിയിറിംഗ്

ടാറ്റാ ഇറക്കിയ ഒരു ലക്ഷം രൂപയുടെ കാറ്‍ വിജയമായിരുന്നുവോ, അതിന് ഇന്ത്യക്ക് പുറത്ത് വിപണി കണ്ടെത്തുവാന്‍ കഴിഞ്ഞുവോ, അവര്‍ ഇട്ടിരുന്ന വില ശരിയായിരുന്നുവോ എന്നുള്ള ചോദ്യങ്ങള്‍ക്കുത്തരം തേടിപ്പോകുന്നവര്‍ കാണാത്ത ഒരു കാര്യം ആ കാറിന്‍റെ ഉല്‍പ്പാദനത്തിന് ഉല്‍പ്പന്ന രൂപകല്‍പ്പനയില്‍ കൊണ്ട് വരുവാന്‍ കഴിഞ്ഞ നവീകരണമാണ് (Innovation). ഇതാണ് ഇന്ന് കോടിക്കണക്കിന് രൂപ ചിലവഴിച്ച് വന്‍കിട കമ്പനികള്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്ന ആശയം. കാരണം സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും പ്രാപ്യമായി വരുമ്പോഴാണ് ഏതൊരു സാങ്കേതിക വിദ്യക്കും അതിന്‍റെ പൂര്‍ണ്ണത കൈവരിക്കുവാന്‍ കഴിയുന്നത്. പ്രത്യകിച്ചും ഇന്ത്യയെപ്പോലുള്ള ഒരു മൂന്നാം ലോകരാഷ്ട്രത്തില്‍ വില കൂടുതലുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാന്‍ ക്രയശേഷിയുള്ള സമ്പന്നര്‍ മാത്രമല്ല ഇവിടുത്തെ വിപണി മറിച്ച് ദരിദ്ര വിഭാഗങ്ങളുമുണ്ട്. ആയതിനാല്‍ത്തന്നെ ഗുണമേന്മ കുറയാതുള്ള വിലക്കുറവ് ലക്ഷ്യമിട്ടാണ് ഇന്ന് വന്‍കിട കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. വിലക്കുറവുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് ബഹുജനങ്ങളുടെ വിപണി പിടിക്കുകയെന്ന പുത്തന്‍ മാര്‍ക്കറ്റിങ്ങ് തന്ത്രമാണിന്ന് കമ്പനികള്‍ പയറ്റുന്നത്.

എന്താണ് ഫ്രൂഗല്‍ എഞ്ചിനിയറിങ്ങ്

പ്രൂഗല്‍ എഞ്ചിനിയറിങ്ങ് അഥവാ ഗാന്ധിയന്‍ എഞ്ചിനിയറിങ്ങ് എന്നാണ് ഈ ഗുണമേന്മയുള്ള ചെറുതുകളുടെ നിര്‍മ്മിതിക്ക് പൊതുവേ പറയുന്ന പേര്. ഗാന്ധിജി വിഭാവന ചെയ്തത് പോലെ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും താങ്ങാനാവുന്ന ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പന ആയതിനാലാണ് ഈ പേര് വന്നത്. നാനോ ടെക്നോളജിയുടെ വ്യാപനത്തോടെയാണ് ഗാന്ധിയന്‍ എഞ്ചിനിയറിങ്ങ് ലോകപ്രശസ്തമായത്. മുന്‍ മാനവശേഷി വികസന മന്ത്രി ശ്രീ കപില്‍ സിബല്‍ ഇന്ത്യയുടെ ഭാവി ചൂണ്ടിക്കാണിക്കുന്ന ശാസ്ത്രങ്ങളില്‍ പ്രധാനമായി ഈയിടെ എഴുതിയത് ഫ്രൂഗല്‍ എഞ്ചിനിയറിങ്ങിനെക്കുറിച്ചാണ്. ഇന്ന് ഇന്ത്യയില്‍ സി എസ് ഐ ആര്‍ കാര്യമായി പ്രമോട്ട് ചെയ്യുന്ന ഗവേഷണ മേഖലയണിത്. കഴിഞ്ഞ ആതാനും വര്‍ഷങ്ങളായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പല ശാസ്ത്രമേളകളിലും ഉയര്‍ന്ന് വരുന്നത് ഫ്രൂഗല്‍ എഞ്ചിനിയറിങ്ങിന്‍റെ സാധ്യതകള്‍ത്തന്നെയാണ്.

എന്തിനാണ് പ്രൂഗല്‍ എഞ്ചിനിയറിങ്ങ്

ജനറല്‍ ഇലക്ട്രിക്കല്‍സിന്‍റെ മുന്‍ മാനേജിങ്ങ് ഡയറക്ടര്‍ ശ്രീ. ഗൈലര്‍മോ വില്ലിയുടെ അഭിപ്രായത്തില്‍ ഇന്ത്യയുടെ വിപണി ലോകത്തുള്ള എല്ലാ ഉല്‍പ്പന്നങ്ങളും ആവശ്യപ്പെടുന്നുണ്ട് പക്ഷേ ചെറുതും വിലക്കുറവിലും ആയിരിക്കണം. ഇത് തന്നെയാണ് ഫ്രൂഗല്‍ എഞ്ചിനിയറിങ്ങിന്‍റെ പ്രസക്തിയും. ഇന്ത്യയുടെ ഗ്രാമങ്ങളുടെ വളര്‍ച്ചയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വന്‍കിട കമ്പനികള്‍ രംഗത്തുണ്ടെങ്കിലും തദ്ദേശീയമായി ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് തദ്ദേശീയമായിത്തന്നെ പരിഹാരം കാണുകയും ആയത് ചെറുകിട വ്യവസായമാക്കി വളര്‍ത്തുകയും ചെയ്യുകയും എന്ന ഉദ്ദേശവും കൂടി ഇതിനുണ്ട്.

മെഡിക്കല്‍ രംഗം

മുട്ടുമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുന്ന ചെലവ് കുറഞ്ഞ നീ ഇംപ്ലാന്‍റ് വികസിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനി. ചെലവ് കുറഞ്ഞ കാര്‍ഡിയോ വാസ്കുലാര്‍ സ്ക്രീനിങ്ങ് ഉപകരണ ഗവേഷണത്തിലാണ് റോച്ചേ ഡയഗ്നോസ്റ്റിക്സ്. കൈയ്യില്‍ കൊണ്ട് നടക്കാവുന്ന ഇ സി ജി ഉപകരണത്തിലാണ് ജനറല്‍ ഇലക്ട്രിക്കല്‍സിന്‍റെ ഗവേഷണം. പാരാമെഡിക്കല്‍ മേഖലയില്‍ മാത്രമല്ല ചെലവ് കുറഞ്ഞ മരുന്നുകളില്‍ വരെ ഇത് വരും നാളുകളില്‍ എത്തുമെന്നാണ് ഗവേഷണ മതം.



യു പിയില്‍ സി എസ് ഐ ആറിന്‍റെ സഹായത്തോടെ നടന്ന ശാസ്ത്രമേളയില്‍ ഗ്രാമീണരുടെ നേത്രരോഗങ്ങള്‍ കണ്ടെത്തുവാനുള്ള കൊണ്ട് നടക്കാവുന്ന ഉപകരണവും നിലവിലുള്ളതിന്‍റെ പത്തിലൊന്ന് മാത്രം ചെലവ് വരുന്ന ഡയപ്പറും രൂപകല്‍പ്പന ചെയ്ത 2 ചെറുപ്പക്കാരാണ് സമ്മാനം നേടിയത്.

Zhongxing Medical എന്ന ചൈനീസ് മെഡിക്കല്‍ കമ്പനി നിലവിലുള്ളതിന്‍റെ ഇരുപതില്‍ ഒന്ന് മാത്രം വില വരുന്ന ഒരു X-ray മെഷീന്‍ രൂപകല്‍പ്പന നടത്തിയിരിക്കുന്നു.

ലോകത്തില്‍ ഒരു വര്‍ഷം ഏകദേശം 1 മില്യണ്‍ കുഞ്ഞുങ്ങള്‍ പ്രസവത്തോട് കൂടി മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ചിലവേറിയ ഇന്‍കുബേറ്റര്‍ സൌകര്യം സമൂഹത്തിലെ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഉപയോഗിക്കുവാനായി കഴിയുകയുള്ളു. എന്നാല്‍ ഇപ്പോള്‍ കുഞ്ഞുങ്ങള്‍ക്കായുള്ള ഒരു ചിലവ് കുറഞ്ഞ ഇന്‍കുബേറ്റര്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്നു. 37 ഡിഗ്രി സെന്‍റിഗ്രേഡില്‍ കുഞ്ഞുങ്ങളെ 6 മണിക്കൂര്‍ വരെ സൂക്ഷിക്കുവാന്‍ ഇതിലൂടെ കഴിയും. ഹൈടെക് ആശുപത്രി സൌകര്യം പ്രാപ്യമല്ലാത്ത ഗ്രാമീണ പ്രദേശങ്ങളില്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തുവാന്‍ കഴിയും. ഇപ്പോള്‍ കറന്‍റിലാണ് ഇത് ഉപയോഗിക്കുന്നതെങ്കിലും കാറിന്‍റെ ബാറ്റിയില്‍ ഘടിപ്പിക്കാവുന്ന സംവിധാനമാണ് പുതിയ ട്രെന്‍ഡ്. ഈ പ്രോജക്ട് ഇപ്പോള്‍ അതിന്‍റെ പ്രാരംഭ ദിശയിലാണെങ്കിലും താമസം വിനാ ഇത് ഉല്‍പ്പാദന രംഗത്തേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മറ്റ് വിവിധ സാങ്കേതിക വിദ്യകള്‍

മനുഷ്യന്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശനങ്ങള്‍ക്ക് പരിഹാരമെന്ന നിലയ്ക്കാണ് പുതിയ ബിസിനസ്സ് ആശയങ്ങള്‍ ഉടലെടുക്കുന്നത്. ഇന്നിപ്പോള്‍ ഇത്തരം ആശയ സാക്ഷാല്‍ക്കാരം ഗാന്ധിയന്‍ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമോയെന്നാണ് ചിന്ത. ജപ്പാനിലെ നിപ്പോണ്‍ ബേസിക്, സൈക്കിള്‍ കറക്കുമ്പോള്‍ കിട്ടുന്ന ഊര്‍ജ്ജം ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കുന്ന ഒരു സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നു. സൈക്ളോക്ലീന്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

പശുക്കളുടെ ചാണകത്തില്‍ നിന്നും മണ്ണിഷ്ടികയെക്കാള്‍ ഭാരം കുറഞ്ഞതും എന്നാല്‍ ഉറപ്പുള്ളതുമായ ഇഷ്ടികയുടെ നിര്‍മ്മാണം ഇത്തരത്തിലുള്ളയൊന്നാണ്. EcoFaeBrick എന്നാണ് ഇതറിയപ്പെടുന്നത്. ഇന്‍ഡോനേഷ്യയിലെ Prasetiya Mulya Business സ്കൂളിലെ കുട്ടികളാണ് ഈ കണ്ടുപിടുത്തത്തിന് പിറകില്‍. ഇന്ത്യ, മെക്സിക്കോ, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ ചില ഗ്രൂപ്പുകള്‍ ഈ സാങ്കേതിക വിദ്യയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

വ്യക്തിഗത ഉപയോഗത്തിനുതകുന്ന biodegradable ആയ ഒരു ടോയ് ലറ്റ് കണ്ടു പിടിക്കപ്പെട്ടിരിക്കുന്നു. Peepoo bag എന്നാണിതറിയപ്പെടുന്നത്. ഇതില്‍ യൂറിയ നിറച്ചിട്ടുണ്ടാവും. 12 മുതല്‍ 24 മണിക്കൂര്‍ വരെ ദുര്‍ഗന്ധമില്ലാതെ സൂക്ഷിക്കുവാനിതിനാകും. 2 മുതല്‍ 4 ആഴ്ചകള്‍ക്ക് ശേഷം വിസര്‍ജ്ജ്യ വസ്തുക്കള്‍ വളമായി ഉപയോഗിക്കാവുന്നതാണ്. 2010 മുതല്‍ കെനിയയിലെ നഗരപ്രദേശങ്ങളിലെ ചേരികളില്‍ ഈ ചിലവ് കുറഞ്ഞ സംവിധാനം ഉപയോഗിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും ചെറിയ റെഫ്രിജേറ്ററുമായാണ് ഗോദ്റെജിന്‍റെ രംഗപ്രവേശം. ഗ്രാമീണരുടെ ജീവിത സാഹചര്യം കൃത്യമായി വിലയിരുത്തിയതിന് ശേഷമാണിത്. കംപ്രസറില്ലാത്ത ഇതില്‍ കംപ്യൂട്ടറുകള്‍ തണുപ്പിക്കുവാനുപയോഗിക്കുന്നത് പോലെ കൂളിങ്ങ് ചിപ്പും ഫാനുമാണുപയോഗിച്ചിരിക്കുന്നത്. ChotuKool എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഫ്രൂഗല്‍ എഞ്ചിനിയറിങ്ങും ചെറുകിട വ്യവസായ മേഖലയും

ചെറുകിട വ്യവസായ മേഖലയില്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന നിരവധി യന്ത്രങ്ങളിപ്പോള്‍ സാധാരണക്കാര്‍ തന്നെ കുറഞ്ഞ ചിലവില്‍ ഉണ്ടാക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള നാഗരാജന്‍ രൂപകല്‍പ്പന ചെയ്ത നാരങ്ങ മുറിക്കുന്ന യന്ത്രവും കേരളത്തില്‍ നിന്നുള്ള പാലു കറക്കുന്ന യന്ത്രവും, കോയമ്പത്തൂരിലെ മുരുകാനന്ദത്തിന്‍റെ സാനിട്ടറി നാപ്കിന്‍ ഉണ്ടാക്കുന്ന യന്ത്രവും ആസാമില്‍ നിന്നുള്ള റൂറല്‍ എഗ്ഗ് ഇന്‍കുബേറ്ററും കേരളത്തില്‍ നിന്ന് തന്നെയുള്ള Reversible reduction gear for marine diesel engine and Z- drive എന്ന സംവിധാനവുമെല്ലാം ഇതിനുദാഹരണങ്ങളാണ്. ചെലവ് കുറവാമെന്നാണിതിന്‍റെ മെച്ചം. കേവലം 300 രൂപക്ക് സെല്‍ഫോണ്‍, വീണ്ടും ഉപയോഗിക്കാവുന്ന സ്റ്റാപ്ലര്‍ പിന്നുകള്‍, ഒരു കൂളറിന്‍റെ അത്ര മാത്രം വലിപ്പമുള്ള ലോകത്തിലെ ഏറ്റവും വില കുറഞ്ഞ റഫ്രിജേറ്റര്‍ ഇതൊക്കെയും സ്വപ്നമല്ല യാഥാര്‍ത്ഥ്യമാകുവാന്‍ പോകുന്ന കാര്യങ്ങള്‍ മാത്രം. മുന്‍കാലങ്ങളില്‍ പുതിയ സാങ്കേതിക വിദ്യകള്‍ പിറവിയെടുത്തിരുന്നത് ഗവേഷണ ശാലകളില്‍ മാത്രമായിരുന്നുവങ്കില്‍ ഇന്ന് ഉന്നത വിദ്യാഭ്യാസം പോലുമില്ലാത്ത സാധാരണക്കാര്‍ പല പുതിയ കണ്ടുപിടുത്തങ്ങളുമായി മുന്‍പോട്ട് വരുന്നുണ്ട്. എന്നാല്‍ തങ്ങളുടെ നൂതനാശയങ്ങള്‍ക്ക് പേറ്റന്‍റും കൂടി എടുക്കവാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഫ്രൂഗല്‍ എഞ്ചിനിയറിങ്ങിന്‍റെ പ്രാധാന്യമെന്ത്

വികസനം എത്തി നോക്കാത്ത ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോഴെ ഗ്രാമീണ സാങ്കേതിക വിദ്യയുടെ പ്രധാന്യം മനസ്സിലാവുകയുള്ളു. വലിയ വില ചിലവഴിച്ച് ആധുനിക സൌകര്യങ്ങള്‍ സ്വായത്തമാക്കുവാന്‍ കഴിവില്ലാത്തവര്‍ക്ക് ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപകാരപ്രദമാകും. ഭാരക്കുറവുള്ളതിനാല്‍ ഉല്‍പ്പന്നങ്ങളുടെ കൈമാറ്റം താരതമേന്യ എളുപ്പമായിരിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഉല്‍പ്പാദനച്ചിലവ് കുറവായതിനാല്‍ ഉല്‍പ്പാദനത്തിന്‍റെ അളവ് കൂട്ടുവാന്‍ സാധിക്കും. പ്രത്യേകിച്ചും ഇന്ത്യയെപ്പോലെ ജനസാന്ദ്രത കൂടിയ ഒരു രാജ്യത്ത് ഇത് നിര്‍ണ്ണായകമാണ്. ആരോഗ്യരംഗത്ത് ഇത് ഏറ്റവും പ്രയോജനം ചെയ്യും. ഇത്തരത്തിലുള്ള നിര്‍മ്മിതി അതിന്‍റെ അനുബന്ധ വ്യവസായ സാധ്യതകളും വര്‍ദ്ധിപ്പിക്കുന്നുണ്ട്. ചിലവ് കുറഞ്ഞ റപ്രിജേറ്ററിന്‍റെ നിര്‍മ്മിതിക്കാവശ്യമായ അസംസ്കൃത വസ്തുക്കളുടെ നിര്‍മ്മാണം ഉദാഹരിക്കാവുന്നതാണ്.

ഗ്രാമീണ മേഖലയിലെ ഉന്നമനത്തിനായി വ്യത്യസ്തങ്ങളായ നൂതനാശയങ്ങള്‍ കണ്ടെത്തുകയും അത് വ്യാവസായികമായി ഉല്‍പ്പാദിപ്പിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

ബയോണിക്സ് – പ്രകൃതിയില്‍നിന്നുള്ള വ്യാവസായിക പാഠങ്ങള്‍

പൌരാണിക കാലഘട്ടം മുതലേ പ്രകൃതി മനുഷ്യനെ വിസ്മയിപ്പിച്ചിട്ടുണ്ട്. മനുഷ്യന്‍റെ പല കണ്ടുപിടുത്തങ്ങള്‍ക്കും പ്രകൃതി മാതൃകയായിട്ടുമുണ്ട്. വിമാനത്തിന്‍റെ രൂപം തന്നെ ഉദാഹരണം. എന്നാലിന്ന് മനുഷ്യരാശിയുടെ ഗവേഷണം മറ്റൊരു തലത്തിലെത്തി നില്‍ക്കുന്നു. രൂപത്തില്‍ മാത്രമല്ല പ്രവര്‍ത്തനങ്ങളിലും പ്രകൃതിയെയും ജീവജാലങ്ങളേയും ഉള്‍ക്കൊള്ളുവാന്‍ കഴിയുമോയെന്നെ ചിന്ത മനുഷ്യനെ കൊണ്ടെത്തിച്ചത് ബയോണിക്സ് എന്ന പുത്തന്‍ സാങ്കേതിക വിദ്യയിലേക്കാണ്. നാളെയുടെ വ്യാവസായിക മുന്നേറ്റത്തില്‍ ശ്രദ്ധേയമായ ഒരു പിടി മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിവുള്ളയൊരു സാങ്കേതിക വിദ്യയാണിത്.

എന്താണ് ബയോണിക്സ്

പ്രകൃതിയിലെ ഓരോ ജീവജാലങ്ങളേയും സൂക്ഷ്മമായി പഠിച്ച് അവയുടെ അതി സൂക്ഷ്മ ശാരിരിക ആന്തിക ഘടനകളേയും പ്രവര്‍ത്തനങ്ങളേയും പോലും സാങ്കേതികമായി ഉപയോഗപ്പെടുത്തുന്നതാണ് ബയോണിക്സ് എന്ന് പറയാം. ബയോണിക്കല്‍ ക്രിയേറ്റീവ് എഞ്ചിനിയറിങ്ങ് എന്നും ഇതിനെ പറയാറുണ്ട്. ഇന്നിത് ഒരു ഗവേഷണാത്മക പഠന മേഖലയാണ്. എന്നാല്‍ നാളെ ഇതുമായി ബന്ധപ്പെട്ട് ധാരാളം തൊഴിലവസരങ്ങളുടലെടുക്കുമെന്നാണ് ശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത്. ഗവേഷണത്തിന് ഏറെ ഊന്നല്‍ കൊടുക്കുന്ന പാശ്ചാത്യ ലോകം വളരെ പ്രതീക്ഷയോട് കൂടിയാണ് ഈ രംഗത്തെ ചലനങ്ങള്‍ നോക്കിക്കാണുന്നത്. കാരണം മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ടോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കെമിക്കല്‍, മെഡിക്കല്‍ ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍ എഞ്ചിനിയറിങ്ങ്, ബയോമെഡിക്കല്‍ എഞ്ചിനിയറിങ്ങ് തുടങ്ങിയവയുടെയൊക്കെ ഉപരിപഠന മേഖലയായി കണക്കാക്കപ്പെടുന്നയൊന്നാണിതെന്നതിനാല്‍ ഈ രംഗത്തുണ്ടാവുന്ന ചലനങ്ങള്‍ മേല്‍പ്പറഞ്ഞവയിലെല്ലാം മാറ്റം വരുത്തുവാന്‍ പര്യാപ്തമാണ്.

ഓട്ടോമൊബൈല്‍ വ്യവസായം.

കാലാനുസൃതമായ മാറ്റങ്ങള്‍ക്കെന്നും വിധേയമായിക്കൊണ്ടിരിക്കുന്നയൊന്നാണ് ഓട്ടോമൊബൈല്‍ വ്യവസായം. ദിനം പ്രതിയെന്നോണം ഇറങ്ങുന്ന പുതിയ വാഹനങ്ങളില്‍ വ്യത്യസ്തമായ സൌകര്യങ്ങളൊരുക്കുവാന്‍ നിര്‍മ്മാതാക്കള്‍ ഇന്ന് മത്സരിക്കുകയാണ്. ബോക്സ് ഫിഷിന്‍റെ ജൈവഘടനയെ മാതൃകയാക്കി പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡന്‍സ് ബെന്‍സ് പുതിയ കാര്.ഇറക്കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാരക്കുറവും ബലവുമാണിതിന്‍റെ പ്രത്യേകത. ഡോള്‍ഫിന്‍റെ തൊലിയുടെ പ്രവര്‍ത്തനങ്ങളേയും ഘടനയെയും മാതൃകയാക്കി കപ്പലിന്‍റെ പുറം കവചം നിര്‍മ്മിക്കുവാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നു.

വൈദ്യശാസ്ത്ര ഗവേഷണ മേഖല

വൈദ്യശാസ്ത്ര രംഗത്ത് ഈ സാങ്കേതിക വിദ്യക്ക് ഏറെ മാറ്റങ്ങള്‍ വരുത്തുവാനാകും. മനുഷ്യന്‍റെ ശരീരാവയവയങ്ങളുടെ ഘടനയിലെയും പ്രവര്‍ത്തനങ്ങളിലെയും സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെ പരിഹരിക്കുവാന്‍ പ്രകൃതിയിലെ പ്രവര്‍ത്തനങ്ങളെ അനുകരിക്കുന്ന സാങ്കേതിക മെഡിക്കല്‍ മേഖലയായ ബയോമിമെറ്റിക്സ് ബയോണിക്സിന്‍റെ ഒരു വക ഭേദമാണ്. ഇപ്പോഴുള്ള ‘Hearing Aid’ ന് പകരം ഒരു ബയോണിക് ‘Hearing Aid’ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വിഭാഗം (DRDO) വികസിപ്പിച്ച് കഴിഞ്ഞു. ഇപ്പോള്‍ വിദേശത്ത് നിന്നും ഇറക്ക്മതി ചെയ്യുന്നതിന്‍റെ എട്ടിലൊന്ന് ചിലവില്‍ ചെയ്യാമെന്നാണ് ഇതിന്‍റെ ഗുണം.



കൃത്രിമ അവയവ നിര്‍മ്മാണത്തിലും കൃത്രിമ ഹൃദയത്തിന്‍റെ നിര്‍മ്മാണത്തിലുമെല്ലാം വന്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ ഈ സാങ്കേതിക വിദ്യക്കാകും. മനുഷ്യരുടെ തൊലിയുടെ സ്പര്‍ശന സവിശേഷതകളോട് കൂടിയ കൃത്രിമ ഇലക്ട്രോണിക് തൊലിയുടെ നിര്‍മ്മാണത്തിലാണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍.

അതി സങ്കീര്‍ണ്ണമായ എഞ്ചിനിയറിങ്ങ് വൈദഗ്ദ്യമാണ് മനുഷ്യന്‍റെ കണ്ണിന്‍റേത്. ഇതിന്‍റെ പ്രവര്‍ത്തനത്തെ സൂക്ഷമമായി പഠിച്ചതിന്‍ ശേഷം കൃത്രിമമായി ഒരു ബയോണിക് കണ്ണിന്‍റെ പിറകേയാണ് ഇന്ന് ഗവേഷകര്‍. ആസ്ട്രേലിയായിലെ മൊണാഷ് യൂണിവേഴ്സിറ്റി ഒരു ബയോണിക് കണ്ണ് രൂപപ്പെടുത്തിയിട്ടുണ്ട്. 2016 ല്‍ ഇത് പരീക്ഷിക്കപ്പെടുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. കാനഡയിലെOccumetrics Technology Corporation ഒരു ബയോണിക് ലെന്‍സുമായി രംഗത്ത് വന്നിട്ടുണ്ട്.

ബയോണിക് അതിന്‍റെ വൈദ്യശാസ്ത്ര രംഗത്തെ പ്രായോഗികതയില്‍ പ്രാമുഖ്യമുള്ളയൊന്നാണ് ബയോണിക് ആം (Bionic Arm). ന്യൂ കാസ്റ്റില്‍ യൂണിവേഴ്സിറ്റിയാണിതിന്‍റെ പിറകില്‍. ഇതില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഒരു ചിപ്പില്‍ നിന്നും തലച്ചോറിലേക്ക് സന്ദേശങ്ങളയയ്ക്കുവാന്‍ കഴിയും. തലച്ചോറുമായി സംവേദിക്കുവാന്‍ കഴിയുന്ന കൈയാണ് ലക്ഷ്യം.

കെമിക്കല്‍ വ്യവസായിക രംഗം

താമരയിതളുകളുടെ പ്രത്യേകത പഠിച്ച് അതിനെ ആധാരമാക്കി കറയും അഴുക്കുകളും പറ്റിപ്പിടിക്കാത്ത പെയിന്‍റുകളുടെ നിര്‍മ്മാണമാണിനി വരുന്നത്. ഭാവിയില്‍ നമ്മുടെ വീടുകളുടെ ചുവരുകള്‍ മഴവെള്ളം വീണാല്‍ തനിയെ വൃത്തിയാകുന്ന സ്ഥിതിയിലേക്കെത്തിക്കുവാന്‍ ഇത്തരം പെയിന്‍റിന് കഴിയും.

നമ്മുടെ ശരീരത്തില്‍ ഒരു ചെറിയ മുറിവ് പറ്റിയാല്‍ അത് സ്വാഭാവികമായിത്തന്നെ ഉണങ്ങുന്ന രീതിയിലാണ് ഞരമ്പുകളുടെ പ്രവര്‍ത്തനം. മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ എഞ്ചിനിയേഴ്സ് ശരീരത്തിന്‍റെ ഈ പ്രത്യേകതയുള്ള ഒരു കോണ്‍ക്രീറ്റ് ഉണ്ടാക്കിയിരിക്കുന്നു. ചെറിയ വിള്ളലുകള്‍ വന്നാല്‍ അത് അന്തരീക്ഷത്തിലെ ഈര്‍പ്പം ഉപയോഗിച്ച് മൃദുവാകുകയും തനിയെ വിള്ളലടക്കുകയും ചെയ്യുന്നു. മണലിനും മെറ്റലിനും പകരം പ്രത്യേക തരം ഫൈബറുകളാണിവിടെ ഉപയോഗിക്കുന്നത്.

ഇലക്ട്രോണിക്സിലും ബയോണിക്സ്

ചിപ്പുകളുടെ നിര്‍മ്മാണത്തിലും മറ്റു സൂക്ഷ്മമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലും ബയോണിക്സിന് റോളുണ്ട്. അതിലൊന്നാണ് റേഡിയോ ഫ്രീക്വന്‍സി ഐഡല്‍റിഫിക്കേഷന്‍ എന്ന സാങ്കേതിക വിദ്യയിലുള്ള മോഡിഫിക്കേഷന്‍. നീലക്കളറുള്ള മോര്‍ഫോ ബട്ടര്‍ഫ്ലൈ പ്രകാശം പ്രതിഫലിപ്പിക്കുന്നതിന്‍റെ പിറകിലുള്ള തീയറി പഠിച്ചിട്ട് അതിന്‍റെ അനുകരണമെന്നോണമായി വെള്ളത്തില്‍ സുഗമമായി പ്രവര്‍ത്തിക്കുന്ന ഒരു റേഡിയോ ഫ്രീക്വന്‍സി ഐഡല്‍റിഫിക്കേഷന്‍ ടാഗ് രൂപപ്പെടുത്തിയിട്ടുണ്ട്. സ്പോടക വസ്തുക്കള്‍ കണ്ട് പിടിക്കുവാനുതകുന്ന പുതിയ നാനോ സെന്‍സറുകളുടെ നിര്‍മ്മാണത്തിലും മോര്‍ഫോ ബട്ടര്‍ഫ്ലൈ പ്രകാശം പ്രതിഫലിപ്പിക്കുന്നതിന്‍റെ പിറകിലുള്ള തീയറി ഉപയോഗിക്കുന്നുണ്ട്. ഏത് പ്രകാശത്തിലും മങ്ങാതെ ഒരു പോലെ പ്രകാശിക്കുന്ന മിറാസോള്‍ ഡിസ്പ്ലേകളുടെ (Mirasol Display) നിര്‍മ്മാണവും ഈ സാങ്കേതിക വിദ്യയിലധിഷ്ടിതമാണ്.

ആര്‍ക്കിടെക്ചറില്‍ ബയോണിക്സ്

പുറത്തെ അന്തരീക്ഷം എന്തായിരുന്നാലും ഒരു ചിതല്‍പ്പുറ്റിന്‍റെ അകത്തെ താപ നിലക്ക് വലിയ വ്യത്യാസം ഒന്നും വരാറില്ല. ചിതലുകള്‍ ദിവസം മുഴുവന്‍ സൂക്ഷ്മ സുഷിരങ്ങള്‍ തുറക്കുകയും അടക്കുകയും ചെയ്യുന്നതാണിതിന് കാരണം. ഈ പ്രവര്‍ത്തനം വിശദമായി പഠിച്ചിട്ട് അന്തരീക്ഷത്തിലെ താപനിലയനുസരിച്ച് ഉള്ളിലെ ചൂട് ക്രമീകരിക്കുന്ന തരത്തിലുള്ള ഒരു നിര്‍മ്മാണ രീതിയാണ് സിംബാവെയിലെ ഈസ്റ്റ് ഗേറ്റ് ഷോപ്പിങ്ങ് സെന്‍ററിന്‍റേത്. ഇത്തരത്തിലുള്ള മറ്റു ബില്‍ഡിങ്ങുമായി താരതമ്യം ചെയ്താല്‍ 10 ശതമാനം ഊര്‍ജ്ജം മാത്രമേ ഇതിനുപയോഗിക്കുന്നുള്ളു.

വവ്വാലുകളുടെ പ്രവര്‍ത്തന രീതി അടിസ്ഥാനമാക്കി റഡാര്‍ സാങ്കേതിക വിദ്യയും റോബോട്ടുകളെ വികസിപ്പിക്കുന്നതുമൊക്കെ ബയോണിക്സ് എന്ന സാങ്കേതിക മേഖലയുടെ ആവിഷ്കാരം തന്നെയാണ്. ഇപ്പോള്‍ പരീക്ഷണ ശാലയിലാണ് കൂടുതലെങ്കിലും നാളെകളില്‍ മനുഷ്യന്‍റെ ജീവിതത്തില്‍ സമഗ്ര പുരോഗതി വരുത്തുവാന്‍ കഴിയുന്നതാണ് ഈ സാങ്കേതിക വിദ്യ. ഭാവിയില്‍ ബയോണിക് അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുന്ന കാലം വിദൂരമല്ല.

ജൈവ സാങ്കേതിക വിദ്യ വ്യവസായവല്‍ക്കരണത്തില്‍

ഈയടുത്തകാലത്തായി ഉയര്‍ന്ന് വന്ന ഒരു സാങ്കേതികവിദ്യയാണ് ജൈവ സാങ്കേതിക വിദ്യ (BIO TECHNOLOGY) ഇന്ന് വ്യവസായരംഗം തന്നെ ഒട്ടനവധി മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ബയോടെക്നോളജി അനുബന്ധ വ്യവസായങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടാവുന്ന മാറ്റങ്ങള്‍ വ്യവസായരംഗത്ത് പ്രതിഫലിക്കുമ്പോഴേ അത് സാധാരണക്കാര്‍ക്ക് പ്രയോജനകരമായി തീരുകയുള്ളു. ഇന്ത്യയില്‍ ഇന്ന് ബയോടെക്നോളജി അധിഷ്ടിത വ്യവസായങ്ങള്‍ക്ക് വളരെ സാധ്യതയുണ്ടെന്നതാണ് സത്യം. ഏഷ്യാ പസഫികിലെ ബയോടെക്നോളജിയധിഷ്ടിത വ്യവസായങ്ങളില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമാണുള്ളത്. ഇന്ത്യക്ക് വിവിധ ജൈവമാറ്റം വരുത്തിയ പച്ചക്കറികളുടെ ഉല്‍പ്പാദന രംഗത്ത് മുന്നേറുവാന്‍ കഴിയുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇന്ന് ഏറെ ഗവേഷണം നടക്കുന്ന ഒരു മേഖലയും കൂടിയാണിത്. ആയതിനാല്‍ത്തന്നെ വരും നാളുകളില്‍ ഈ സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായ വ്യവസായങ്ങള്‍ ഏറെയുണ്ടാകുമെന്നതിന് പക്ഷാന്തരമില്ല.

എന്താണ് ബയോടെക്നോളജി?

ജൈവ വസ്തുക്കളെ അനുദിന ജീവിതത്തില്‍ ഉപകാരപ്രദമായ വിധത്തില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉപയോഗിക്കുന്ന ശാസ്ത്രശാഖയാണ് ബയോടെക്‌നോളജി. ജെനെറ്റിക്‌സ്, മോളിക്കുലാര്‍ ബയോളജി, ബയോകെമിസ്ട്രി,എംബ്രയോളജി, സെല്‍ ബയോളജി എന്നിവ ബയോടെക്‌നോളജിയില്‍ ഒന്നിക്കുന്നു. ഇവ കെമിക്കല്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ മേഖലകളില്‍ തുടര്‍ന്നു ഉപയോഗപ്പെടുത്തുന്നു. അവസാന ഘട്ടത്തില്‍ കൃഷി, ഫുഡ് സയന്‍സ്, മെഡിസിന്‍ എന്നീ മേഖലകള്‍ ഇതില്‍ നിന്നും പ്രയോജനം സ്വീകരിക്കുന്നു.

വ്യാവസായിക സാധ്യതകള്‍

മനുഷ്യനിന്നഭിമുഖീകരിക്കുന്ന ഒട്ടു മിക്ക പ്രശ്നങ്ങള്‍ക്കും ബയോടെക്നോളജിയില്‍ പരിഹാരമുണ്ടെന്നതാണ് വസ്തുത. അതിനാല്‍ത്തന്നെ വിവിധ രംഗങ്ങളിലെ വ്യവസായവല്‍ക്കരണത്തിന് ഈ ടെക്നോളജി സഹായകരമാകും.

ജലദൌര്‍ലഭ്യം

ഭൂമിയുടെ മൂന്നില്‍ രണ്ട് ഭാഗവും വെള്ളമാണെങ്കിലും ശുദ്ധ ജലദൌര്‍ലഭ്യം ഒരു പ്രശ്നം തന്നെയാണിന്ന്. ലോകജനസംഖ്യയില്‍ 100 കോടിയിലധികം പേര്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമല്ല. യൂനിസെഫിന്‍റെ കണക്കനുസരിച്ച് മലിന ജലം ഉപയോഗിക്കുന്നത് മൂലം 15 ലക്ഷം കുട്ടികളാണ് പ്രതിവര്‍ഷം മരണമടയുന്നത്. ബയോടെക്നോളജിസ്റ്റുകള്‍ക്ക് ഇവിടെ ഫലപ്രദമായി ഇടപെടുവാന്‍ സാധിക്കും. സമുദ്രജലത്തേയും മറ്റ് മലിനജലത്തേയും ശുദ്ധജലമാക്കി മാറ്റുവാനുള്ള പ്ലാന്‍റുകള്‍ സ്ഥാപിക്കുവാന്‍ കഴിയും. അത് വഴി ഉപയോഗിച്ച ജലത്തെ വീണ്ടും റീസൈക്കിള്‍ ചെയ്ത് പുനരുപയോഗം നടത്തുവാന്‍ കഴിയും.

പരിസ്ഥിതി സംരക്ഷണം

ഹസാര്‍ഡസ് ആയ മാലിന്യങ്ങളെ മൈക്രോ ഓര്‍ഗാനിക്സിന്‍റെ സഹായത്താല്‍ മാലിന്യമുക്തമാക്കുവാന്‍ കഴിയും. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മാലിന്യങ്ങളെ ബാക്ടീരിയ ഉപയോഗിച്ച് ശുദ്ധീകരിക്കുവാന്‍ കഴിയും.

ഇന്ധന ക്ഷാമം

അനതി വിദൂരഭാവിയില്‍ ലോകം നേരിടുവാന്‍ പോകുന്ന അതി ഭീകരമായ ഒരു വിപത്താണ് ഇന്ധനക്ഷാമമെന്നത്. പച്ചക്കറി വേസ്റ്റും മൃഗക്കൊഴുപ്പുമെല്ലാം ബയോഡീസലാക്കി മാറ്റുന്നതിലൂടെ ഈ ക്ഷാമം ഒരു പരിധി വരെ പരിഹരിക്കുവാന്‍ കഴിയും. ജനറ്റിക് എഞ്ചിനിയറിങ്ങിന്‍റെ സഹായത്താല്‍ പച്ചക്കറി വേസ്റ്റിലെ ഡീസലിന്‍റ അളവ് കൂട്ടുവാനുള്ള ശ്രമങ്ങള്‍ ഗവേഷണത്തിലാണ്. 1998 ല്‍ അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് ബയോഡീസല്‍ ഉപയോഗിച്ചാല്‍ പുറന്തള്ളപ്പെടുന്ന കാര്‍ബണിന്‍റെ അളവ് 78 ശതമാനം ആയി കുറയ്ക്കുവാന്‍ കഴിയുമെന്നാണ്.

പോളിമര്‍ സയന്‍സും ബയോടെക്നോളജിയും

പോളിമര്‍ വ്യവസായത്തിലെ മാറ്റങ്ങളുടെ നാന്ദിയെന്നോണം ടയറിന്‍റെ ഉല്‍പ്പാദനത്തില്‍ ബാക്ടീരിയ ഉപയോഗിക്കുന്ന ഒരു പുതിയ ടെക്നോളജിക്ക് തുടക്കം കുറിച്ചിരിക്കുന്നു. പ്രമുഖ ടയര്‍ കമ്പനിയായ 'ഡുഡിയറി'നുവേണ്ടി ബഹുരാഷ്ട്ര ബയോടെക്‌നോളജി ഗവേഷണ സ്ഥാപനമായ ജീനിന്‍കോറാണ് സൂക്ഷ്മജീവികളെ ഉപയോഗിച്ചുകൊണ്ടുള്ള റബ്ബറുത്പാദന രീതിവികസിപ്പിച്ചെടുത്തത്. പുനരുപയോഗിക്കാന്‍ (റിന്യൂവബിള്‍)കഴിയുമെന്നതിനാല്‍ ഈ പുതിയ 'ബയോടെക് റബര്‍' സ്വാഭാവിക റബ്ബറിന് ഭീഷണിയാകും. ഇപ്പോള്‍ ടയര്‍ വ്യവസായത്തില്‍ കൃത്രിമ റബ്ബര്‍ഉപയോഗിക്കുന്നത് മൂലമുള്ളതിനേക്കാള്‍ വലിയ ഭീഷണിയാണിതുയര്‍ത്തുന്നത്.

ടയര്‍ നിര്‍മിക്കാനുപയോഗിക്കുന്ന വള്‍ക്കനൈസ് ചെയ്ത റബ്ബറിലെഅടിസ്ഥാനഘടകമായ 'ഐസോ പ്രീന്‍' ബാക്ടീരിയയിലൂടെ വന്‍തോതില്‍ നിര്‍മിക്കുന്ന രീതിയാണ് ഇപ്പോള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കരിമ്പില്‍നിന്നുള്ള പഞ്ചസാരയില്‍ വളര്‍ത്തിയെടുക്കുന്ന 'ഇകോളി' ഇനത്തില്‍പ്പെട്ടബാക്ടീരിയ അതിന്റെ ദഹനപ്രക്രിയയ്ക്കിടയില്‍ ചെറിയ തോതില്‍ഐസോപ്രീന്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് പുതിയകണ്ടെത്തലിലേക്ക് നയിച്ചത്. ഈ ബാക്ടീരിയയുടെ ദഹന പ്രക്രിയ ജനിതക വിദ്യ ഉപയോഗിച്ച് ഇരട്ടിയാക്കുകയായിരുന്നു. ഇതാണ് ടയറിന്റെ വ്യാവസായിക ഉത്പാദനത്തിന് ബാക്ടീരിയയില്‍ നിന്നുള്ള ഐസോപ്രീന്‍ ഉപയോഗിക്കാമെന്ന സ്ഥിതിയിലേക്ക് എത്തിച്ചത്. ഇപ്പോള്‍ പെട്രോളിയത്തില്‍ നിന്നാണ് കൃത്രിമ റബ്ബര്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ക്രൂഡോയിലിന്‍റെ വിലക്കയറ്റമാണ് ഈ രീതിയില്‍ ചിന്തിക്കുവാന്‍ പ്രേരകമായത്.

കൃഷിയും ബയോടെക്നോളജിയും

കൃഷിയാണ് ഈ സാങ്കേതിക വിദ്യക്ക് കൂടുതലായി ഇടപെടുവാന്‍ കഴിയുന്നയൊരു പ്രധാന മേഖല. ഗവേഷകരുടെ അഭിപ്രായത്തില്‍ അടുത്ത 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകം ഭക്ഷ്യക്ഷാമം നേരിടും. കാരണം ഭക്ഷ്യ ഉപയോഗം അതിന്‍റെ ഉല്‍പ്പാദത്തേക്കാള്‍ കൂടുന്നുണ്ട്. കുറഞ്ഞ കൃഷിയിടത്തില്‍ നിന്നും കൂടുതല്‍ വിളവ് നേടുന്നതിന് ബയോടെക്നോളജി ഉപയോഗപ്പെടുത്താവുന്നതാണ്. Bio-regeneration, bio-augmentationഎന്നിവയാണ് ഇവിടെ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍. മണ്ണിനെ കൂടുതല്‍ ഫലഭൂയിഷ്ടമാക്കുവാന്‍ ഈ സാങ്കതിക വിദ്യക്കാവും.

തെങ്ങിനെ ബാധിക്കുന്ന മണ്ഡരി പോലുള്ള അസുഖങ്ങള്‍, മറ്റ് കാര്‍ഷിക വിളകളെ ബാധിക്കുന്ന രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഫലപ്രദമായ പ്രതിവിധികള്‍ ഈ സാങ്കേതിക വഴി കണ്ടു പിടിക്കുവാന്‍ കഴിയും. ടിഷ്യുകള്‍ച്ചര്‍ ഇപ്പോള്‍ത്തന്നെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നയൊരു സാങ്കേതിക വിദ്യയാണ്.

ജനറ്റിക് എഞ്ചിനിയറിങ്ങിന്‍റെ സഹായത്താല്‍ പുഷ്പങ്ങളുടെ നിറത്തിനും ഗന്ധത്തിനുമെല്ലാം മാറ്റം വരുത്തുവാന്‍ സാധിക്കും.

സാധാരണയായി വെളിച്ചെണ്ണയുണ്ടാക്കുന്നത് കൊപ്രാ ആട്ടിയാണ്. ഇതിനായി തേങ്ങാ ചൂടാക്കുമ്പോള്‍ അപകടകരായ അഫ്ലാടോക്സിന്‍ എന്ന രാസവസ്തു ഉണ്ടാകാറുണ്ട്. എന്നാല്‍ ബയോളജിക്കല്‍ രീതിയിലൂടെ ഇതിനെ ഒഴിവാക്കുവാന്‍ കഴിയും. മാത്രവുമല്ല പരമ്പരാഗതമായ വെളിച്ചെണ്ണ ഉല്‍പ്പാദനത്തിന് പകരമായി തേങ്ങാപ്പാലിനെ ഫെര്‍മെന്‍റേഷന്‍ നടത്തി ഇത് ഉല്‍പ്പാദിപ്പിക്കുവാന്‍ സാധിക്കും. നിരവധി microbial strains ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഇപ്രകാരം എന്‍സൈം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വെളിച്ചെണ്ണയില്‍ ലോറിക് ആസിഡ് കൂടുതലായിരിക്കുമെന്നൊരു ഗുണവും കൂടിയുണ്ട്. ഇപ്പോഴത്തെ ഗവേഷണങ്ങള്‍ ഇങ്ങനെ പുരോഗമിക്കുകയാണെങ്കില്‍ വരും കാലങ്ങളില്‍ Coconut cloning തന്നെ സംഭവിച്ച് കൂടായ്കയില്ല.

കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പാദന മേഖല

കയറില്‍ നിന്നും നിരവധി മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കും. ഇതിനായി ചകിരി പ്രോസസ് ചെയ്യുന്നുണ്ട്. എന്നാലിത് ബയോടെക്നോളജിയുടെ സഹായത്താല്‍ ബാക്ടീരിയ കണ്‍സോര്‍ഷ്യം ഉപയോഗിച്ച് ചെയ്താല്‍ സമയ ലാഭവും മാലിന്യമില്ലാതെയും ചെയ്യുവാന്‍ സാധിക്കും. ബയോബ്ലീച്ചിങ്ങ് ചെയ്തെടുക്കുന്ന കയറില്‍ ലിഗ്നിന്‍റെ അളവ് കൂടുതലായിരിക്കുമെന്ന ഗുണവുമുണ്ട്.

കുരുമുളക് വിദേശ രാജ്യങ്ങളില്‍ ഏറെ പ്രിയമുള്ളയൊന്നാണെങ്കിലും അതിന്‍റെ കറുത്ത നിറം അവര്‍ക്ക് ഇഷ്ടമല്ല. എന്നാലിത് ബാക്ടീരിയയുടെ സഹായത്താല്‍ വെളുപ്പിക്കുവാന്‍ കഴിയും. അതിനാല്‍ത്തന്നെ നമുക്ക് ഏറെ വിദേശനാണ്യം നേടിത്തരുന്ന ഇതിന്‍റെ കയറ്റുമതിക്ക് ജെവസാങ്കേതിക വിദ്യ സഹായകരമാകും.

ചില തരം ചെടികള്‍ക്ക് ഔഷധ ഗുണമുണ്ടെന്നറിയാമല്ലോ. ഈ ഗുണം ഒരു പക്ഷേ അതിന്‍റെ കാണ്ഡത്തിലോ, ഇലയിലോ, കായിലോ, വേരിലോ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. ഈ ഔഷധ ഗുണമുള്ള സസ്യ ഭാഗം എടുത്ത് ടിഷ്യുകള്‍ച്ചര്‍ മുഖേന കാലസ് (CALLUS) ഉണ്ടാക്കിയെടുത്ത് അതില്‍ നിന്നും നേരിട്ട് ഔഷധഗുണമുള്ള വസ്തു വേര്‍തിരച്ചെടുക്കാനുള്ള ഒരു ടെക്നോളജിയിപ്പോള്‍ ഗവേഷണത്തിലാണ്. ഇത്തരം രീതിയില്‍ ഔഷധം വേര്‍തിരിച്ചെടുമ്പോള്‍ സസ്യങ്ങള്‍ പറിച്ചെടുത്ത് നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കാം. അതിനാല്‍ത്തന്നെ ബയോ ഡൈവേഴ്സിറ്റി നശിപ്പിക്കാതെ വിവിധ ഔഷധങ്ങളും മറ്റും വ്യാവസായികമായി ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയും. ഇതേ മാതൃകയില്‍ത്തന്നെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളേയും വേര്‍തിരിച്ചെടുക്കാന്‍ സാധ്യമാണ്.

ആരോഗ്യ രംഗം

ബയോടെക്നോളജിയുടെ വരവിനാല്‍ ഏറ്റവും മാറ്റം വരുന്നയൊരു മേഖലയാണ് ആരോഗ്യമേഖലയുടേത്. വിവരസാങ്കേതിക വിദ്യയുടേയും നാനോ സാങ്കേതിക വിദ്യയുടേയും സഹായത്തോടെ രോഗനിര്‍ണ്ണയം എളുപ്പത്തിലും ചിലവു കുറഞ്ഞതാക്കുവാനും കഴിയും. റീജനറേറ്റീവ് മെഡിസിന്‍ ആണ് മറ്റൊരു മേഖല. വരും കാലങ്ങളില്‍ ക്യാന്‍സര്‍ മുഖാന്തിരമോ മറ്റോ നാശം വന്ന ശരീരഭാഗങ്ങള്‍ പുനരുജ്ജീവിപ്പിക്കുവാന്‍ കഴിയുമെന്നതിലേക്ക് ശാസ്ത്രമെത്തി നില്‍ക്കുന്നു. മാത്രവുമല്ല ശരീര ഭാഗങ്ങള്‍ ലബോറട്ടറിയില്‍ ഉല്‍പ്പാദിപ്പിക്കുവാനും കഴിയും. മെഡിക്കല്‍ സയന്‍സിന്‍റെ ഈ വിഭാഗമാണ് റീ ജനറേറ്റീവ് മെഡിസിനെന്നത് കൊണ്ടര്‍ത്ഥമാക്കുന്നത്.

ഭക്ഷ്യ സംസ്കരണം

ഭക്ഷ്യ സംസ്കരണത്തില്‍ ബയോടെക്നോളജിയുടെ സംഭാവനകള്‍ ഏറെയാണ്. ഭക്ഷ്യവസ്തുക്കളുടെ ഷെല്‍ ലൈഫും രുചിയും വര്‍ദ്ധിപ്പിക്കുവാന്‍ എന്‍സൈമുകളെ ഉപയോഗിക്കുവാന്‍ കഴിയും. ഭക്ഷ്യ വസ്തുക്കളിലെ മാലിന്യം ഈ സാങ്കേതിക വിദ്യ കൊണ്ട് എളുപ്പത്തില്‍ കണ്ടു പിടിക്കുവാന്‍ കഴിയുമെന്നത് ഭക്ഷ്യ സുരക്ഷയില്‍ ശ്രദ്ദേയമായ ഒരു ചുവടുവെപ്പാണ്. ഡി എന്‍ എ ബാര്‍കോഡിങ്ങാണ് ഭക്ഷ്യ വസ്തുക്കളുടെ തിരിച്ചറിയലിന് ഇനിയുള്ള കാലഘട്ടത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുവാന്‍ പോകുന്നയൊന്ന്.

ഭക്ഷ്യ വസ്തുക്കളിലെ ന്യൂട്രിയന്‍സുകളുടെ ഉപയോഗം ഇത് വഴി വര്‍ദ്ധിപ്പിക്കുവാന്‍ കഴിയും. ശരീരത്തിലെ വൈറ്റമിന്‍ A യുടെ ഉല്‍പ്പാദകരായ ബീറ്റാ കരോട്ടിനടങ്ങിയ ഗോള്‍ഡന്‍ റൈസ് ഇതിനുദാഹരണമാണ്.

സൌന്ദര്യ വര്‍ദ്ധക വ്യവസായ രംഗം

സൌന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ നിര്‍മ്മാണത്തിലും മാറ്റങ്ങള്‍ വരുത്തുവാന്‍ ബയോടെക്നോളജിക്കാകും. സിന്തറ്റിക് കളറുകളുപയോഗിക്കുന്നിടത്ത് വ്യത്യസ്ത സ്പീഷിസിലുള്ള മൈക്രോ ആല്‍ഗേ ഉപയോഗിച്ചാല്‍ നാച്വറല്‍ കളറിലേക്ക് മാറുവാന്‍ കഴിയും. ഇന്ന് ചെടികളില്‍ നിന്ന് മാത്രമല്ല മൃഗങ്ങളില്‍ നിന്നുമുള്ള എക്സ്ട്രാറ്റും ഈ രംഗത്ത് ഉപയോഗിക്കുന്നുണ്ട്. ബ്രസീലില്‍ നിന്നുള്ള കമ്പനികള്‍ ഇത് വ്യപകമായി ചെയ്യുന്നുണ്ട്.

ഇന്ത്യയില്‍

ഇന്ത്യയില്‍ ഇന്നും ഈ സാങ്കേതിക വിദ്യ ലബോറട്ടറിയിലാണെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. ജൈവ സാങ്കേതിക വിദ്യയിലധിഷ്ടിതമായ വ്യവസായങ്ങള്‍ പിറവിയെടുക്കണമെങ്കില്‍ സര്‍ക്കാരുകളുടേയും ഗവേഷണ സ്ഥാപനങ്ങലുടേയുമെല്ലാം സത്വര ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു. കേന്ദ്ര ബയോടെക്നോളജി ഡിപ്പാര്‍ട്ട്മെന്‍റും തെലുങ്കാന ഗവണ്‍മെന്‍റും ചേര്‍ന്ന് ഹൈദരാബാദില്‍ സ്ഥാപിച്ച Shapoorji Pallonji Biotech Park (SPBP) എന്ന ബയോടെക്നോളജി പാര്‍ക്ക് ഈ രംഗത്തെ ആശാവഹമായ ഒരു ചുവട് വെപ്പാണ്. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിയും ഒരു ഇന്‍കുബേഷന്‍ സെന്‍റര്‍ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി മറ്റൊരു സ്ഥാപനമാണ്.

വരും നാളുകളില്‍ വ്യാവസായിക രംഗത്ത് അഭൂതപൂര്‍വ്വമായ മാറ്റങ്ങളുണ്ടാക്കുവാന്‍ പര്യാപ്തമായ ഒരു സാങ്കേതിക വിദ്യയാണ് ബയോടെക്നോളജി. ഗവേഷണശാലകളില്‍ നിന്നും ഇത് വ്യവസായത്തിലേക്ക് ഇപ്പോള്‍ത്തന്നെ മാറിയിട്ടുണ്ടെങ്കിലും കൂടുതല്‍ സംരംഭങ്ങള്‍ ഈ ദിശയില്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. അഭ്യസ്ത വിദ്യരായ യുവ സംരംഭകരുടെ സത്വര ശ്രദ്ധ ഈ വഴിക്ക് തിരിയേണ്ടിയിരിക്കുന്നു.



കടപ്പാട് :samrambhakaraavaam.blogspot.in

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ