പഠനസാധ്യതാ വിഭാഗങ്ങള്‍ - 02

പഠന വിഭാഗങ്ങള്‍ 
  • ലൈബ്രറി സയന്‍സ്
  • കൊമേഴ്സ്‌ ഉപരിപഠനം
  • ഇംഗ്ലീഷ് ഭാഷയില്‍ ഉപരിപഠനം
  • വെറ്ററിനറി സയന്‍സ്
  • ഹോസ്പിറ്റല്‍ മാനേജ്മെന്റ്
  • ഹ്യൂമന്‍ റിസോര്‍സസ് ഡവലപ്പ്മെന്‍റ് (എച്ച്. ആര്‍. ഡി)
  • ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ മീഡിയ
  • ആര്‍ക്കിടെക്ചര്‍ എഞ്ചിനീയറിംഗ്
  • നിയമ പഠനം
  • കാലിഗ്രാഫിസ്റ്റ്
  • ലോജിസ്റ്റിക് മാനേജ്‌മെന്റ്
  • മര്‍ച്ചന്റ് നേവി
  • ഫുഡ് പ്രൊസസിങ്
  • തുകല്‍ അഥവാ ലെതര്‍ വ്യവസായം
  • ലൈബ്രറി സയന്‍സ്

വായനയെ അത്രമേല്‍ ഇഷ്ടപ്പെടുന്നയാളാണോ നിങ്ങള്‍?പുസ്തകങ്ങളാണോ ഇണപിരിയാത്ത കൂട്ടുകാര്‍? എഴുത്തുകാരുടെ വിശേഷങ്ങളും പുതിയ പുസ്തകങ്ങളുടെ വാര്‍ത്തകളുമെല്ലാം കൊതിയോടെയാണോ കേള്‍ക്കാറ്? മൂന്ന് കാര്യങ്ങള്‍ക്കും അതേ എന്നാണുത്തരമെങ്കില്‍ ധൈര്യമായി ലൈബ്രറി സയന്‍സ് കരിയറായി തിരഞ്ഞെടുക്കാം.

വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ കിട്ടാനുളള പുതിയ കാലത്ത് ലൈബ്രറികളില്‍ മാത്രമൊതുങ്ങുന്നില്ല ലൈബ്രേറിയന്റെ പ്രവര്‍ത്തനമേഖല. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പത്ര/ടെലിവിഷന്‍ സ്ഥാപനങ്ങളിലും ബഹുരാഷ്ട്ര കമ്പനികളിലുമൊക്കെ ലൈബ്രേറിയന്‍ കൂടിയേ തീരൂ.

ആദ്യം വേണ്ടത് വായനാശീലം

ഒരു പുസ്തകം പോലും മറിച്ചുനോക്കാത്തവന് പറഞ്ഞിട്ടുള്ള പണിയല്ല ലൈബ്രേറിയന്റേത്. വായനാശീലമുള്ളതുകൊണ്ടുമായില്ല, പുസ്തകങ്ങളോട് ഭ്രാന്തമായ അഭിനിവേശമുള്ളവര്‍ക്കേ ഈ രംഗത്ത് തിളങ്ങാനാകൂ. ഒപ്പം മികച്ച ആശയവിനിമയശേഷി, കാര്യങ്ങള്‍ ചിട്ടയോടെ ചെയ്തുതീര്‍ക്കാനുള്ള കഴിവ്, ലൈബ്രറിയിലെത്തുന്ന ഓരോരുത്തരുടെയും ആവശ്യങ്ങള്‍ മനസിലാക്കി അത് നിര്‍വഹിക്കാനുള്ള ബോധം, ഹൃദ്യമായ പെരുമാറ്റം, ഓര്‍മശക്തി എന്നിവയും വേണം.

ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എല്‍.ഐ.എസ്.)

മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എജ്യുക്കേഷന്‍… ഈ മേഖലകളില്‍ നിന്നൊക്കെയുള്ള വിഷയങ്ങള്‍ ചേരുന്നതാണ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന്റെ (എല്‍.ഐ.എസ്) സിലബസ്. നല്ല ലൈബ്രേറിയന്‍ മികച്ചൊരു മാനേജ്‌മെന്റ് വിദഗ്ധനും ഐ.ടി. എക്‌സ്‌പേര്‍ട്ടും കൂടിയായിരിക്കണമെന്നര്‍ഥം. മുമ്പത്തെ പോലെ പുസ്തകങ്ങള്‍ മാത്രം ശേഖരിക്കുന്നതിലും തരം തിരിക്കുന്നതിലുമൊതുങ്ങുന്നില്ല ലൈബ്രേറിയന്റെ ജോലി. മൈക്രോ-ഫിലിമുകള്‍, ഓഡിയോ-വീഡിയോ ശേഖരങ്ങള്‍, സ്‌ലൈഡുകള്‍ എന്നിവയും ലൈബ്രറികളില്‍ ശേഖരിക്കപ്പെടുന്നു. ഇവ കൃത്യമായി തരം തിരിച്ച് ആവശ്യക്കാര്‍ക്ക് വേണ്ടത് നല്‍കുക എന്നതും ലൈബ്രേറിയന്റെ ജോലിയില്‍ പെടുന്നു. അത്തരം കാര്യങ്ങളൊക്കെ ശാസ്ത്രീയമായി പഠിക്കാനുതകുന്ന സിലബസാണ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിലുള്ളത്.

എന്ത് പഠിക്കണം

സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ തൊട്ട് എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകള്‍ വരെ ചെയ്യാവുന്ന ബൃഹത്തായൊരു പഠനമേഖലയാണ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമെടുത്തശേഷം ലൈബ്രറി സയന്‍സിലേക്ക് തിരിയുന്നതാണ് ഏറ്റവും നല്ലത്. ബിരുദയോഗ്യത നേടിയവര്‍ക്ക് ഒരുവര്‍ഷത്തെ ബാച്ചിലര്‍ ഇന്‍ ലൈബ്രറി സയന്‍സ് (ബി.എല്‍.ഐ.സി.) കോഴ്‌സിന് ചേരാം. ലൈബ്രറി അഡ്മിനിസ്‌ട്രേഷന്‍,ബഡ്ജറ്റിങ്, പേഴ്‌സണല്‍ മാനേജ്‌മെന്റ്,കാറ്റലോഗിങ്, നെറ്റ്‌വര്‍ക്കിങ്, ഓട്ടോമേഷന്‍, ഇന്‍ഫര്‍മേഷന്‍ സോഴ്‌സസ്,കണ്‍സര്‍വേഷന്‍ ഓഫ് സ്റ്റഡിമെറ്റീരിയല്‍സ്, റിസര്‍ച്ച് മെത്തെഡോളജി എന്നീ വൈവിധ്യമാര്‍ന്ന അനുബന്ധവിഷയങ്ങളാണ് കോഴ്‌സിന് പഠിക്കാനുണ്ടാകുക. അതിനുശേഷം താത്പര്യമുള്ളവര്‍ക്ക് മാസ്‌റ്റേഴ്‌സ് ഡിഗ്രി ഇന്‍ ലൈബ്രറി കോഴ്‌സ് (എം.എല്‍.ഐ.സി.) കോഴ്‌സ് പഠിക്കാവുന്നതാണ്. എം.എല്‍.ഐ.സി. യോഗ്യത കൂടിയായാല്‍ എം.ഫില്‍,പി.എച്ച്.ഡി. കോഴ്‌സുകളും ചെയ്യാം. നല്ല സ്ഥാപനങ്ങളില്‍ നിന്ന് ബി.എല്‍.ഐ.സി. കോഴ്‌സ് കഴിഞ്ഞിറങ്ങിയാല്‍ തന്നെ കൊളളാവുന്ന ജോലി ലഭിക്കുമെന്ന കാര്യം ഉറപ്പ്. ബി.എല്‍.ഐ.സിയും എം.എല്‍.ഐ.സിയും ചേര്‍ത്തുകൊണ്ടുള്ള രണ്ടുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സും ഇപ്പോള്‍ ചില സര്‍വകലാശാലകള്‍ നടത്തുന്നുണ്ട്.

ജോലി എവിടെയൊക്കെ

സര്‍ക്കാര്‍/സ്വകാര്യ ലൈബ്രറികള്‍, സര്‍വകലാശാലകള്‍,വിദ്യാഭ്യാസസ്ഥാപനങ്ങള്‍, വിദേശ എംബസികള്‍, ഫോട്ടോ/ഫിലിം/റേഡിയോ/ടെലിവിഷന്‍ ലൈബ്രറികള്‍, മ്യൂസിയം ആര്‍ട് ഗാലറികള്‍ എന്നിവിടങ്ങളിലൊക്കെ ലൈബ്രേറിയന്റെ തസ്തിക കൂടിയേ തീരൂ. ഇതിനൊക്കെ പുറമെ ബഹുരാഷ്ട്ര കമ്പനികളും ലൈബ്രറി ബിരുദക്കാരെ ധാരാളമായി റിക്രൂട്ട് ചെയ്യുന്നുണ്ട്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.സി.) പോലുള്ള വമ്പന്‍ ഐ.ടി. കമ്പനികളിലും ലൈബ്രറി ബിരുദക്കാര്‍ ജോലി ചെയ്യുന്നു. ഇന്‍ഫര്‍മേഷന്‍ അനലിസ്റ്റ്, ഇന്‍ഡെക്‌സര്‍,ഇന്‍ഫാര്‍മേഷന്‍ ആര്‍ക്കിടെക്റ്റ്, ആര്‍ക്കൈവിസ്റ്റ് എന്നൊക്കൊയാണ് ഇവിടങ്ങളിലെ ലൈബ്രേറിയന്റെ തസ്തിക. വെറുതെ പുസ്തകങ്ങള്‍ അടുക്കിപ്പെറുക്കിവെക്കുകയല്ല വിവരങ്ങള്‍ ക്രോഡീകരിച്ച് ഇന്റര്‍നെറ്റ് വഴി ലോകം മുഴുവനുമെത്തിക്കുക എന്നതായിരിക്കും മള്‍ട്ടിനാഷണല്‍ കമ്പനികളിലെ ലൈബ്രേറിയന്റെ ജോലി. കമ്പനിയെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും പത്രവാര്‍ത്തകളും ഇവര്‍ ശേഖരിച്ച് ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്നു. ഭാവിയില്‍ കമ്പനി എടുക്കാന്‍ പോകുന്ന പല നിര്‍ണായകതീരുമാനങ്ങള്‍ക്കും മുമ്പ് ഇത്തരം ബാക്ക്ഫയലുകള്‍ പരിശോധിക്കും. ഈ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തായിക്കഴിഞ്ഞാല്‍ ജോലി രാജിവച്ച് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നവരുമുണ്ട്.

ശമ്പളവും ആകര്‍ഷകം

ബി.എല്‍.ഐ.സി. കോഴ്‌സ് കഴിഞ്ഞിറങ്ങുന്ന തുടക്കക്കാര്‍ക്ക് പോലും10,000-15,000 രൂപ നിരക്കില്‍ ശമ്പളം ലഭിക്കുന്നുണ്ട്. പ്രവൃത്തിപരിചയം കൂടുന്നതിനനുസരിച്ച് ശമ്പളവും കൂടും. കോളേജുകളിലാണെങ്കില്‍ പ്രൊഫസറുടെ അതേ ശമ്പള സ്‌കെയിലാണ് ലൈബ്രേറിയന്റേത്. ഡെപ്യൂട്ടി ലൈബ്രേറിയനാകട്ടെ അസോസിയേറ്റ് പ്രൊഫസറുടെ ശമ്പളനിരക്കും. സ്വകാര്യ കമ്പനികളില്‍ ഇന്‍ഫര്‍മേഷന്‍ അനലിസ്റ്റ്,ഇന്‍ഫര്‍മേഷന്‍ ആര്‍ക്കിടെക്റ്റ് ജോലി ചെയ്യുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയ്ക്കടുത്ത് വാര്‍ഷികവരുമാനം ലഭിക്കുന്നുണ്ട്.

എവിടെ പഠിക്കാം

ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠിപ്പിക്കാന്‍ രാജ്യത്ത് രണ്ട് മുന്‍നിര സ്ഥാപനങ്ങളുണ്ട്. ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ റിസോഴ്‌സും (എന്‍.ഐ.എസ്.സി.എ.ഐ.ആര്‍.) ബാംഗ്‌ളൂരിലെ ഡോക്യുമെന്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്ററും (ഡി.ആര്‍.ടി.സി.). ഇതിനുപുറമെ ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാല, അലിഗഡ് മുസ്‌ലിം സര്‍വകലാശാല,ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും മികച്ച രീതിയില്‍ ബി.എല്‍.ഐ.സി. കോഴ്‌സ് നടത്തുന്നു. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി,ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്‌സിറ്റി, ഹര്യാനയിലെ കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി, ലഖ്‌നൗ യൂണിവേഴ്‌സിറ്റി, പഞ്ചാബ് യൂണിവേഴ്‌സിറ്റി, ഗുജറാത്ത് യൂണിവേഴ്‌സിറ്റി, തമിഴ്‌നാട്ടിലെ മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ബി.എല്‍.ഐ.സി. കോഴ്‌സുകളും പേരുകേട്ടവയാണ്.

വിദൂരവിദ്യാഭ്യാസരീതിയില്‍ ബി.എല്‍.ഐ.സി. കോഴ്‌സ് പൂര്‍ത്തിയാക്കാനും പല സര്‍വകലാശാലകളും സൗകര്യമൊരുക്കുന്നു. ഇവയില്‍ ഏറ്റവും പ്രധാനം ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) തന്നെ. ഹൈദരാബാദിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ ഓപ്പണ്‍ യൂണിേവഴ്‌സിറ്റി, മൈസൂരിലെ കര്‍ണാടക സ്‌റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കോയമ്പത്തൂരിലെ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും വിദൂരവിദ്യാഭ്യാസരീതിയില്‍ ബി.എല്‍.ഐ.സി. കോഴ്‌സുകള്‍ നടക്കുന്നുണ്ട്.

പഠനം കേരളത്തില്‍

കേരള സര്‍വകലാശാലയുടെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സസില്‍ രണ്ടു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എല്‍.ഐ.സി. കോഴ്‌സ് നടത്തുന്നുണ്ട്. 20സീറ്റുകളാണുള്ളത്. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ലൈബ്രറി സയന്‍സില്‍ എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകളും ഇവിടെയുണ്ട്.

കേരളയൂണിവേഴ്‌സിറ്റിയുടെ തന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ കറസ്‌പോണ്ടന്‍സ് രീതിയില്‍ എം.എല്‍.ഐ.സി.,ബി.എല്‍.ഐ.സി. കോഴ്‌സുകള്‍ നടത്തുന്നു.

കോട്ടയത്തെ എം.ജി. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഒരു വര്‍ഷത്തെ ബി.എല്‍.ഐ.സി. കോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്. 45ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. എം.എല്‍.ഐ.സി. കോഴ്‌സും ഇവിടെയുണ്ട്. 45ശതമാനം മാര്‍ക്കോടെ ബി.എല്‍.ഐ.സി. പാസായവര്‍ക്ക് അപേക്ഷിക്കാം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ഇന്റഗ്രേറ്റഡ് എം.എല്‍.ഐ.സി. കോഴ്‌സ് നടത്തുന്നു. 25 സീറ്റുകളാണുള്ളത്. ഏതെങ്കിലും വിഷയത്തില്‍ 50ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. എം.ഫില്‍,പി.എച്ച്.ഡി. കോഴ്‌സുകളും കാലിക്കറ്റിലുണ്ട്.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രററി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സും രണ്ടുവര്‍ഷത്തെ എം.എല്‍.ഐ.എസ്.സി. കോഴ്‌സ് നടത്തുന്നു. 25 സീറ്റുകളുണ്ട്.

യൂണിവേഴ്‌സിറ്റി സെന്ററുകള്‍ക്ക് പുറമെ വിവിധ കോളേജുകളിലും ബി.എല്‍.ഐ.സി.,എം.എല്‍.ഐ.സി. കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ചങ്ങനാശേരി എസ്.ബി. കോളേജ് (എം.എല്‍.ഐ.എസ്.സി.),തിരുവല്ലയിലെ സെന്റ് മേരീസ് കോളേജ് ഫോര്‍ വിമന്‍ (ബി.എല്‍.ഐ.എസ്.സി.), കളമശേരിയിലെ രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് (ബി.എല്‍.ഐ.എസ്.സി., എം.എല്‍.ഐ.എസ്.സി.),കോട്ടയത്തെ ഏറ്റുമാനൂരപ്പന്‍ കോളേജ് (ബി.എല്‍.ഐ.എസ്.സി.),ആലുവയിലെ എം.ഇ.എസ്. കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (എം.എല്‍.ഐ.എസ്.സി.), കോഴിക്കോട്ടെ ഫാറൂഖ് കോളേജ് (ബി.എല്‍.ഐ.എസ്.സി.,എം.എല്‍.ഐ.എസ്.സി.) എന്നിവയാണ് ചില പ്രധാന കോളേജുകള്‍.
കൊമേഴ്സ്‌ ഉപരിപഠനം

തൊഴില്‍വിപണിയില്‍ എന്നും പ്രിയമുള്ള വിഷയമാണ് കൊമേഴ്‌സ് എന്നതുകൊണ്ട് ഉപരിപഠനസാധ്യതകളും ഈ വിഷയത്തില്‍ ഒട്ടേറെയുണ്ട്. പ്ലസ്ടു കൊമേഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് തുടര്‍ന്ന് പഠിക്കാനുള്ള കോഴ്‌സുകളെക്കുറിച്ച് വിശദീകരിക്കാം.

1. ബി.കോം

പ്ലസ്ടു കൊമേഴ്‌സുകാരില്‍ നല്ലൊരു ശതമാനവും തിരഞ്ഞെടുക്കുക ബി.കോം കോഴ്‌സ് തന്നെയായിരിക്കും. പുതിയ ഒട്ടേറെ കോഴ്‌സുകള്‍ നിലവില്‍ വന്നിട്ടുണ്ടെങ്കില്‍ ബികോമുകാര്‍ക്കുള്ള ജോലി സാധ്യത കൂടിയിട്ടേയുളളൂ. ബാങ്കിങ്, ഇന്‍ഷുറന്‍സ്, മാര്‍ക്കറ്റിങ്,അക്കൗണ്ടിങ്,അഡ്വര്‍ട്ടൈസിങ്, ഫിനാന്‍സ്, ടാക്‌സേഷന്‍ രംഗങ്ങളിലൊക്കെയായി ഓരോ വര്‍ഷവും ആയിരക്കണക്കിന് ബികോമുകാര്‍ ജോലിക്ക് കയറുന്നു. വിദേശത്തേക്ക് തൊഴിലിന് ശ്രമിക്കുമ്പോഴും ബികോമുകാരുടെ സാധ്യത അധികമാണ്.

എന്തു പഠിക്കുന്നു എന്ന് തീരുമാനിക്കുന്നതിനൊപ്പം തന്നെ പ്രാധാന്യമേറിയ കാര്യമാണ് എവിടെ പഠിക്കണമെന്നത്. കേരളത്തിലെ ഏതാണ്ടെല്ലാ കോളേജുകളിലും ബികോം കോഴ്‌സുണ്ട്. അതിനുപുറമെ സ്വകാര്യ കോളേജുകളിലും ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും ബി.കോം കോഴ്‌സ് നടത്തുന്നു. എവിടെ നിന്നെങ്കിലും പഠിച്ചിറങ്ങിയിട്ട് കാര്യമില്ല. മികച്ച പഠനവകുപ്പും അധ്യാപകരുമുള്ള കോളേജുകള്‍ തിരഞ്ഞെടുത്ത് അഡ്മിഷന്‍ നേടാന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കണം. കേരളത്തില്‍ നിന്ന് പുറത്തുപോയി പഠിക്കാന്‍ സാമ്പത്തിക-ഭൗതിക സാഹചര്യങ്ങള്‍ അനുവദിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അങ്ങനെ ചെയ്യണം. ബികോം കോഴ്‌സുകള്‍ക്ക് പേരുകേട്ട ഒട്ടേറെ കോളേജുകള്‍ പ്രവര്‍ത്തിക്കുന്ന നഗരമാണ് ഡല്‍ഹി. അവിടങ്ങളിലെ കോളേജുകളില്‍ നിന്നൊക്കെ നൂറുകണക്കിന് മലയാളി വിദ്യാര്‍ഥികള്‍ പഠിച്ചിറങ്ങുന്നുമുണ്ട്. ജാമിയ മില്ലിയ ഇസ്‌ലാമിയ, ശ്രീരാം കോളേജ് ഓഫ് കൊമേഴ്‌സ് (എസ്.ആര്‍.സി.സി.), കമല നെഹ്‌റു കോളേജ്, ഹിന്ദു കോളേജ് തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ മികച്ച രീതിയില്‍ ബി.കോം കോഴ്‌സ് നടക്കുന്നുണ്ട്. പക്ഷേ സീറ്റ് കിട്ടുക അത്ര എളുപ്പമാണെന്ന് കരുതേണ്ട. പ്ലസ്ടുവിന് 98 ശതമാനത്തിലധികം മാര്‍ക്ക് നേടിയവര്‍ക്ക് മാത്രമേ കഴിഞ്ഞവര്‍ഷം എസ്.ആര്‍.സി.സി. കോളേജില്‍ അഡ്മിഷന്‍ നല്‍കിയിട്ടുള്ളൂ എന്നറിയുക. മറ്റുകോളേജുകളില്‍ ഇത്രയധികം മാര്‍ക്ക് വേണ്ടിവരില്ലെങ്കിലും 80 ശതമാനത്തിനടുത്ത് മാര്‍ക്ക് നിര്‍ബന്ധമാണ്. രാജ്യം മുഴുവനുമുളള മിടുക്കരായ വിദ്യാര്‍ഥികള്‍ ഇവിടങ്ങളില്‍ പ്രവേശനത്തിന് ശ്രമിക്കുന്നതിനാല്‍ കടുത്ത മത്സരം തന്നെ നടക്കുമെന്നുറപ്പ്. ഡല്‍ഹിയാണ് ഉന്നതപഠനത്തിന് തിരഞ്ഞെടുക്കുന്നതെങ്കില്‍ അതിനുള്ള ഒരുക്കങ്ങള്‍ പ്ലസ്‌വണ്‍ മുതല്‍ തുടങ്ങണമെന്നര്‍ഥം.

ഡല്‍ഹിക്ക് പുറമെ കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും പേരുകേട്ട ബികോം കോളേജുകളുണ്ട്.കൊല്‍ക്കത്തയിലെ സേവിയേഴ്‌സ് കോളേജ്, മുംബൈയിലെ നാഴ്‌സി മോഞ്ജി കോളേജ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇക്കണോമിക്‌സ്,ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി എന്നിവ ഉദാഹരണങ്ങള്‍.

വീട്ടിന് തൊട്ടടുത്ത കോളേജില്‍ തന്നെ ബികോം കോഴ്‌സ് ഉളളപ്പോള്‍ എന്തിനാണ് പണം മുടക്കി മഹാനഗരങ്ങളില്‍ പോയി അതേ കോഴ്‌സ് പഠിക്കുന്നതെന്ന് ചിന്തിക്കുന്നവരുണ്ടാകാം. പക്ഷേ രണ്ടിടങ്ങളിലും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ മികവിലും അവര്‍ക്ക് ലഭിക്കുന്ന ജോലി സാധ്യതകളിലും വലിയ വ്യത്യാസമുണ്ടെന്നതുതന്നെ കാരണം. മലയാളി വിദ്യാര്‍ഥികള്‍ക്ക് സഹജമായുള്ള അപകര്‍ഷതാബോധം മാറാനും ഇംഗ്ലീഷ് ഭാഷ ഒഴുക്കോടെ സംസാരിക്കാന്‍ പഠിക്കാനുമൊക്കെ അന്യദേശപഠനം സഹായിക്കും.

2. ബി.എ. ഇക്കണോമിക്‌സ്

ബി.കോം പോലെത്തന്നെ കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന കോഴ്‌സാണ് ബി.എ. ഇക്കണോമിക്‌സ്. കൊമേഴ്‌സില്‍ കണക്കെഴുത്തിന്റെ വിവിധ വശങ്ങളാണ് പഠിപ്പിക്കുന്നതെങ്കില്‍ സാമ്പത്തികശാസ്ത്രത്തിന്റെ സമഗ്രപഠനമാണ് ബി.എ. ഇക്കണോമിക്‌സ് കൊണ്ട് ഉദ്ദേശിക്കുന്നത്. ബിസിനസ് പോളിസി ആന്‍ഡ് സ്ട്രാറ്റജി, ഇന്‍ഡസ്ട്രിയല്‍ സ്റ്റഡീസ്, എന്‍വയോണ്‍മെന്റല്‍ ആന്‍ഡ് റിസോഴ്‌സ് ഇക്കണോമിക്‌സ്, ഫോറിന്‍ ട്രേഡ്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്,ലേബര്‍ ഇക്കണോമിക്‌സ്, ഇക്കണോമിക്‌സ് ഓഫ് ക്ലൈമറ്റ് ചേഞ്ച്… കേരളത്തിന് പുറത്തെ വിവിധ സര്‍വകലാശാലകളിലെ ബി.എ. ഇക്കണോമിക്‌സ് സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വ്യത്യസ്ത വിഷയങ്ങളാണിവ. കൊമേഴ്‌സില്‍ അടിത്തറയുള്ള വിദ്യാര്‍ഥികള്‍ക്ക് ഏറെ ശോഭിക്കാന്‍ കഴിയും ഈ വിഷയങ്ങളില്‍. നമ്മുടെ നാട്ടിലെ ബി.എ. ഇക്കണോമിക്‌സ് സിലബസില്‍ ഇപ്പോഴും പരമ്പരാഗതവിഷയങ്ങളായ മൈക്രോ, മാക്രോ ഇക്കണോമിക്‌സ്, പബ്ലിക് ഫിനാന്‍സ്, ഇന്ത്യന്‍ ഇക്കോണമി എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിവിധ കോളേജുകള്‍ തന്നെയാണ് ബി.എ. ഇക്കണോമിക്‌സ് കോഴ്‌സിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജ്, ശ്രീരാം കോളേജ് ഓഫ് കൊമേഴ്‌സ് എന്നിവിടങ്ങളിലെ ബി.എ. ഇക്കണോമിക്‌സ് കോഴ്‌സുകള്‍ക്ക് രാജ്യാന്തരനിലവാരമുണ്ട്.

3. ബി.എ. (എ.എസ്.പി.എസ്.എം.)

കൊമേഴ്‌സ് പ്ലസ്ടു കഴിഞ്ഞു. പക്ഷേ കണക്കിലും അക്കൗണ്ടിങിലുമൊന്നും വലിയ താത്പര്യമില്ല,മാര്‍ക്കറ്റിങിലോ സെയില്‍സിലോ വല്ല ജോലിയും കിട്ടണമെന്നാണ് ആഗ്രഹം. ഇങ്ങനെ ചിന്തിക്കുന്നവര്‍ക്ക് നൂറുശതമാനം അനുയോജ്യമായ കോഴ്‌സാണ് ബി.എ. അഡ്വര്‍ടൈസിങ്,സെയില്‍സ് പ്രമോഷന്‍ ആന്‍ഡ് സെയില്‍സ് മാനേജ്‌മെന്റ് അഥവാ എ.എസ്.പി.എസ്.എം. രാജ്യത്തെ ചുരുക്കം ചില കോളേജുകളില്‍ മാത്രമേ നിലവില്‍ ഈ കോഴ്‌സുള്ളൂ. ഏതാനും വര്‍ഷങ്ങള്‍ക്കകം കേരളമടക്കമുളള സംസ്ഥാനങ്ങളിലും ഈ കോഴ്‌സ് തുടങ്ങുമെന്ന് പ്രതീക്ഷിക്കാം. ബി.കോമിലും ബി.എ. ഇക്കണോമിക്‌സിലും പോലെ ഡല്‍ഹിയിലെ കോളേജുകളാണ് എ.എസ്.പി.എസ്.എം. കോഴ്‌സിന്റെ കാര്യത്തിലും വഴി നയിക്കുന്നത്. ഡല്‍ഹിയിലെ കമല നെഹ്‌റു കോളേജ്, ജീസസ് ആന്‍ഡ് മേരി കോളേജ്, ഡല്‍ഹി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് എന്നിവിടങ്ങളില്‍ ഈ കോഴ്‌സ് നടക്കുന്നുണ്ട്. അഹമ്മദാബാദില്‍ പ്രവര്‍ത്തിക്കുന്ന മുദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് അഡ്വര്‍ട്ടൈസിങില്‍ (മൈക്ക) ഇതേ വിഷയത്തില്‍ പി.ജി. ഡിപ്ലോമ കോഴ്‌സും സംഘടിപ്പിക്കുന്നുണ്ട്. മുദ്രയില്‍ നിന്ന് വര്‍ഷാവര്‍ഷം കോഴ്‌സ് കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ മുന്‍നിര പരസ്യഏജന്‍സികളിലെല്ലാം ജോലി ചെയ്യുന്നു.

4. ബി.ബി.എ.

ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്റെ ചുരുക്കപ്പേരാണ് (ബി.ബി.എ.) പേരിലെ സാമ്യം സൂചിപ്പിക്കുന്നതുപോലെ എം.ബി.എ. കോഴ്‌സിന്റെ അണ്ടര്‍ഗ്രാജ്വേറ്റ് രൂപമാണിത്. ബാച്ചിലര്‍ ഓഫ് ബിസിനസ് മാനേജ്‌മെന്റ് (ബി.ബി.എം.), ബാച്ചിലര്‍ ഓഫ് ബിസിനസ് സ്റ്റഡീസ് (ബി.ബി.എസ്.) എന്ന പേരിലും സമാനമായ കോഴ്‌സുകള്‍ പല സര്‍വകലാശാലകളും നടത്തുന്നുണ്ട്. എല്ലാത്തിന്റെയും വിഷയം ബിസിനസ് അഡ്മിനിസ്‌ട്രേഷന്റെ അടിസ്ഥാന പാഠങ്ങള്‍ തന്നെ. ഡല്‍ഹി സര്‍വകലാശാല,മുംബൈ സര്‍വകലാശാല, പൂനെയിലെ സിംബിയോസിസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി, ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ സര്‍വകലാശാല, മുംബൈയിലെ എന്‍.എം.ഐ.എം.എസ്. സര്‍വകലാശാല എന്നിവയ്ക്ക് കീഴിലുള്ള പല കോളേജുകളിലും വളരെ പ്രശസ്തമായ രീതിയില്‍ ബി.ബി.എ./ബി.ബി.എം./ ബി.ബി.എസ്. കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇന്‍ഡോറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.), ഡല്‍ഹിയിലെ ഷഹീദ് സുഖ്‌ദേവ് കോളേജ് ഓഫ് ബിസിനസ് സ്റ്റഡീസ്, ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി,ചെന്നൈയിലെ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റി, നോയ്ഡയിലെ അമിറ്റി ഇന്റര്‍നാഷണല്‍ ബിസിനസ് സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളാണ് ബി.ബി.എ./ബി.ബി.എം./ ബി.ബി.എസ്. കോഴ്‌സുകള്‍ക്ക് പേരുകേട്ടവ. ഇവിടങ്ങളില്‍ പഠിച്ചിറങ്ങുന്ന കുട്ടികളില്‍ നല്ലൊരു ശതമാനത്തിനും ഐ.ഐ.എം. പോലുളള മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എം.ബി.എ. പ്രവേശനത്തിന് സീറ്റ് ലഭിക്കാറുണ്ട്.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ്

അക്കൗണ്ടന്റ് രംഗത്തെ ഗ്ലാമര്‍ പദവികളാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റേതും കോസ്റ്റ് അക്കൗണ്ടന്റിന്റെതും. ഇതിനോടൊപ്പം ചേര്‍ത്തുവെക്കാവുന്ന ജോലിയാണ് കമ്പനി സെക്രട്ടറിയുടേതും. കൊമേഴ്‌സ് പ്ലസ്ടുക്കാര്‍ക്ക് അല്‍പമൊന്ന് പരിശ്രമിച്ചാല്‍ എത്തിപ്പിടിക്കാവുന്ന ജോലികളാണിവ. ഒരു സര്‍വകലാശാലകളിലോ കോളേജുകളിലോ ഇതു സംബന്ധിച്ച കോഴ്‌സുകള്‍ നടത്തുന്നില്ലെന്നതാണ് രസകരമായ കാര്യം. കേന്ദ്രസര്‍ക്കാറിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.) യാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്‌സ് നടത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.എ.ഐ. സെന്ററുകളില്‍ ചേര്‍ന്ന് പ്ലസ്ടുക്കാര്‍ക്ക് ഈ കോഴ്‌സ് പഠിക്കാം.കേരളത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം,എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ ഐ.സി.എ.ഐ. ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. നാലുഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയും മൂന്നുവര്‍ഷത്തെ പ്രായോഗികപരിശീലനവും വിജയകരമായി പൂര്‍ത്തിയക്കുന്നവര്‍ക്കേ ചാര്‍ട്ടേഡ് അക്കൗണ്ടന്റാകാന്‍ സാധിക്കൂ. ഫൈനല്‍ പരീക്ഷയെഴുതുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളില്‍ 8-16 ശതമാനം പേര്‍ മാത്രമേ വിജയിക്കാറുള്ളൂ. അത്രയ്ക്ക കടുപ്പമേറിയ സിലബസാണ് സി.എ. കോഴ്‌സിനുള്ളത്. എങ്കിലും ചിട്ടയായ പഠനവും കഠിനാധ്വാനവും കൊണ്ട് സി.എ. പരീക്ഷ പാസായ നിരവധിപേര്‍ നമ്മുടെ നാട്ടില്‍ തന്നെയുണ്ട്.

സി.എയ്ക്ക് സമാനമായ കോഴ്‌സാണ് കോസ്റ്റ് അക്കൗണ്ടിങ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.) എന്ന സ്റ്റാറ്റിയൂട്ടറി സംവിധാനമാണ് കോസ്റ്റ് അക്കൗണ്ടന്റുമാര്‍ക്കുള്ള പരിശീലനം നല്‍കുന്നതും പരീക്ഷ സംഘടിപ്പിക്കുന്നതും. ഒരു ഉല്പന്നത്തിന്റെയോ സേവനത്തിന്റെയോ വില നിശ്ചയിക്കുകയും അതിന്റെ ഏറ്റക്കുറച്ചിലുകള്‍ വിലയിരുത്തി കമ്പനിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമാണ് കോസ്റ്റ് അക്കൗണ്ടന്റിന്റെ ജോലി.ഉല്പന്നമുണ്ടാക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുവിന്റെ വില തൊട്ട് ഓരോ ഘട്ടത്തിലും അതുണ്ടാക്കാന്‍ മുടക്കുന്ന ചെലവുകള്‍ വരെയുള്‍പ്പെടുത്തിവേണം വില നിശ്ചയിക്കാന്‍. എല്ലാവിധ വ്യാവസായ ശാലകളിലും വന്‍കിടനിര്‍മാണ കേന്ദ്രങ്ങളിലുമൊക്കെ കോസ്റ്റ് അക്കൗണ്ടന്റിന്റെ സേവനം കൂടിയേ തീരൂ. അതുകൊണ്ടുതന്നെ മികച്ച ശമ്പളം ലഭിക്കുന്ന ഉയര്‍ന്ന ജോലിയാണ് കോസ്റ്റ് അക്കൗണ്ടന്റിന്റേത്.പ്ലസ്ടു കഴിഞ്ഞ ഏതൊരു വിദ്യാര്‍ഥിക്കും ഫൗണ്ടേഷന്‍,ഇന്റര്‍മീഡിയറ്റ്,ഫൈനല്‍ പരീക്ഷകള്‍ പാസായി കോസ്റ്റ് അക്കൗണ്ടന്റാകാം.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനിസെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ.) എന്ന സ്വയംഭരണസ്ഥാപനമാണ് കമ്പനിസെക്രട്ടറി കോഴ്‌സ് നടത്തുന്നത്.ഇതിന് ചേരാന്‍ ആവശ്യമായ അടിസ്ഥാനയോഗ്യതയും പ്ലസ്ടു തന്നെ.ഫൗണ്ടേഷന്‍, എക്‌സിക്യുട്ടീവ്, പ്രൊഫഷനല്‍ എന്നീ മൂന്ന് ഘട്ടങ്ങളാണ് കോഴ്‌സിനുള്ളത്.
ഇംഗ്ലീഷ് ഭാഷയില്‍ ഉപരിപഠനം

ലോകഭാഷയെന്ന സ്ഥാനമുള്ള ഇംഗ്ലീഷില്‍ ബിരുദം നേടിയവര്‍ക്ക് ഇഷ്ടം പോലെ അവസരങ്ങളുണ്ട് പുതിയ കാലത്ത്. ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ അറിയുന്നയാള്‍ക്ക് തന്നെ തൊഴില്‍ അഭിമുഖങ്ങളില്‍ മുന്‍ഗണന ലഭിക്കും. ആ ഭാഷയില്‍ മികച്ച രീതിയില്‍ എഴുതാനും സംസാരിക്കാനും അറിയുന്നവരെ കാത്തിരിക്കുകയാണ് ആഗോളകമ്പനികളെല്ലാം. അതുകൊണ്ട് തന്നെ ശാസ്ത്രവിഷയങ്ങള്‍ പഠിക്കാന്‍ താത്പര്യമില്ലാത്ത കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയൊരു സാധ്യതയാണിന്ന് ഇംഗ്ലീഷ് പഠനം. പ്ലസ്ടു കഴിഞ്ഞയുടന്‍ ഇതിനായി പരിശ്രമം തുടങ്ങാം.

എന്താണ് പഠിക്കേണ്ടത്?

ഇംഗ്ലീഷില്‍ ഉപരിപഠനം ആഗ്രഹിക്കുന്നുവെങ്കില്‍ അതിനായി ധാരാളം സാധ്യതകള്‍ ഇന്ന് തുറന്നുകിടപ്പുണ്ട്. പ്ലസ്ടുവിന് ശേഷം ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദപഠനത്തിന് ചേരാം. നമ്മുടെ നാട്ടിലെ ഏതാണ്ട് എല്ലാ കോളേജുകളിലും ബി.എ. ഇംഗ്ലീഷ് കോഴ്‌സ് നടത്തുന്നുണ്ട്.ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ പഠിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ ബി.എ. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിന് ചേര്‍ന്നാല്‍ മതി. എല്ലാ കോളേജുകളിലുമില്ലെങ്കിലും വിവിധ ജില്ലകളിലെ പ്രമുഖ കോളേജുകളിലെല്ലാം ഈ കോഴ്‌സുണ്ട്. ബി.എ. കഴിഞ്ഞാല്‍ ഇംഗ്ലീഷ് സാഹിത്യത്തിലോ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലോ പോസ്റ്റ്ഗ്രാജ്വേറ്റ് കോഴ്‌സ് ചെയ്യാം. ഉപരിപഠനത്തിനായി എം.ഫില്‍, പി.എച്ച്.ഡി. പ്രോഗ്രാമുകളും ഈ ഭാഷയിലുണ്ട്. അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് പ്രോഗ്രാമാണ് മറ്റൊരു സാധ്യത. പ്ലസ്ടുവിന് ശേഷം ചേരേണ്ട ഈ കോഴ്‌സില്‍ പോസ്റ്റ്ഗ്രാജ്വേഷന്‍ കഴിഞ്ഞിറങ്ങാം എന്നതാണ് മെച്ചം. ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് ബിരുദക്കാര്‍ക്ക് സാദാ എം.എക്കാരേക്കാള്‍ തൊഴില്‍വിപണിയില്‍ പരിഗണന ലഭിക്കുന്നുണ്ട്.

ഇ.എഫ്.എല്‍. സര്‍വകലാശാല

ഇംഗ്ലീഷ് പഠനത്തിന് അവസരമൊരുക്കുന്ന രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനമാണ് ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി (ഇഫ്‌ളു). ഇംഗ്ലീഷ്,മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം എന്നീ വിഷയങ്ങളിലായി നടത്തുന്ന ബി.എ. (ഹോണേഴ്‌സ്) ആണിവിടുത്തെ പ്രധാനപ്പെട്ട കോഴ്‌സ്. ബി.എ. ഹോണേഴ്‌സിന് ശേഷം എം.എ. പഠനത്തിനുമുള്ള സൗകര്യം ഇവിടെയുണ്ട്. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും അതിവിഗ്ദധമായി പഠിപ്പിക്കാന്‍ ശേഷിയുളള രാജ്യാന്തര നിലാരമുള്ള അധ്യാപകനിരയാണ് ഇഫ്‌ളുവിന്റെ പ്രത്യേകത.ഇംഗ്ലീഷ് ഭാഷയില്‍ ഗവേഷണത്തിനുള്ള സൗകര്യവും ഇവിടെയുണ്ട്.ദേശീയതലത്തില്‍ നടത്തപ്പെടുന്ന എന്‍ട്രന്‍സ് പരീക്ഷ വഴിയാണ് അഡ്മിഷന്‍. കേരളമുള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ധാരാളം കുട്ടികള്‍ ഓരോവര്‍ഷവും ഇഫ്‌ളുവില്‍ പ്രവേശനം നേടുന്നു. അഡ്മിഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ www.efluniversity.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മറ്റ് പ്രമുഖ കോളേജുകള്‍

ഹൈദരാബാദ് കഴിഞ്ഞാല്‍ ഇംഗ്ലീഷ് പഠനത്തിന് മികച്ച സൗകരമൊരുക്കുന്ന മറ്റൊരു നഗരം ഡല്‍ഹിയാണ്. ഇംഗ്ലീഷില്‍ ബി.എ.,എം.എ. കോഴ്‌സുകള്‍ നടത്തുന്ന പ്രശസ്തമായ നിരവധി കോളേജുകള്‍ നഗരത്തിലുണ്ട്. സെന്റ് സ്റ്റീഫന്‍സ് കോളേജ്, മിരാന്‍ഡ ഹൗസ്, ജീസസ് ആന്‍ഡ് മേരി കോളേജ്, ശ്രീ വെങ്കിടേശ്വര കോളേജ്,ഡല്‍ഹി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് എന്നിവ ഉദാഹരണങ്ങള്‍. അക്കാദമിക് മികവും കര്‍ശന അച്ചടക്കവുമാണ് ഈ സ്ഥാപനങ്ങളുടെ പ്രത്യേകത. സെന്റ് സ്റ്റീഫന്‍സ് പോലുള്ള കോളേജുകളില്‍ പ്ലസ്ടുവിന് നൂറുശതമാനത്തിനടുത്ത് മാര്‍ക്ക് നേടിയവര്‍ക്ക് മാത്രമേ ഡിഗ്രിക്ക് പ്രവേശനം ലഭിക്കൂ. ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലെ കോളേജുകളില്‍ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് കമ്പയിന്‍ഡ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഫോര്‍ ഇംഗ്ലീഷ്. ഇംഗ്ലീഷ് പഠനത്തിന് പേരുകേട്ട രാജ്യത്തെ പ്രമുഖ കോളേജുകളായ ലേഡി ശ്രീറാം കോളേജ് ഫോര്‍ വിമന്‍, ഇന്ദ്രപ്രസ്ഥ കോളേജ്, കമലാ നെഹ്‌റു കോളേജ്, ഡല്‍ഹി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് കൊമേഴ്‌സ്, ഹിന്ദു കോളേജ്, മിരാന്‍ഡ ഹൗസ്, രാജധാനി കോളേജ്,ശിവാജി കോളേജ്, വിവേകാനന്ദ കോളേജ്, സത്യവതി കോളേജ്, കിരോരി മാല്‍ കോളേജ് എന്നീ കോളേജുകളില്‍ ഇംഗ്ലീഷ് പഠനത്തിന് വഴിയൊരുക്കുന്നതാണ് ഈ പരീക്ഷ.

ഡല്‍ഹിയും ഹൈദരാബാദിലും മാത്രമല്ല മറ്റ് നഗരങ്ങളിലും പേരുകേട്ട് ഇംഗ്ലീഷ് കോഴ്‌സുകള്‍ നടക്കുന്ന കോളേജുകളുണ്ട്. ചെന്നൈയിലെ ലൊയോള കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ്,സ്‌റ്റെല്ലാ മേരീസ് കോളേജ്, പ്രസിഡന്‍സി കോളേജ്, മുംബൈ സെന്റ് സേവിയേഴ്‌സ് കോളേജ്,കെ.ജെ. സോമയ്യ കോളേജ് ഓഫ് ആര്‍ട്‌സ്, ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജ്, മൗണ്ട് കാര്‍മല്‍ കോളേജ്, സെന്റ് ജോസഫ്‌സ് കോളേജ്,പൂനെയിലെ ഫെര്‍ഗുസന്‍ കോളേജ്, സിംബിയോസിസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് കോളേജ് എന്നിവ ഉദാഹരണങ്ങള്‍. ഇവിടങ്ങളിലെല്ലാം നടക്കുന്ന ഇംഗ്ലീഷ് ബി.എ. ഹോണേഴ്‌സ് കോഴ്‌സിന് ചേരാന്‍ ഉദ്യോഗാര്‍ഥികളുടെ തള്ളിക്കയറ്റമാണ്. കോഴ്‌സുകളുടെ വിശദാംശങ്ങളും അഡ്മിഷന്‍ സംബന്ധിച്ച വിവരങ്ങളും അതത് കോളേജുകളുടെ വെബ്‌സൈറ്റില്‍ ലഭിക്കും.

ഇന്റഗ്രേറ്റഡ് എം.എ

ശാസ്ത്രപഠനത്തിന് പേര് കേട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) കളില്‍ ഇംഗ്ലീഷ് പഠനത്തിന് അവസരമുണ്ടെന്ന വിവരം പലരെയും അതിശയിപ്പിക്കുമെന്നുറപ്പ്. ഡല്‍ഹി,മദ്രാസ്, കാണ്‍പുര്‍ ഐ.ഐ.ടികളില്‍ ഇംഗ്ലീഷ് ഭാഷാപഠനത്തിന് സാധ്യതയുണ്ട്. ഇവിടെ ഗവേഷണ സൗകര്യവുമുണ്ട്.

ഇതിനുപുറമെ ഐ.ഐ.ടി മദ്രാസില്‍ ഇംഗ്ലീഷില്‍ അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് കോഴ്‌സുമുണ്ട്. ഐ.ഐ.ടിയില്‍ ബി.ടെക് പ്രവേശനത്തിനുള്ളത്ര കടുപ്പമേറിയ എന്‍ട്രന്‍സ് പരീക്ഷയും അഭിമുഖവും ജയിച്ചവര്‍ക്ക് മാത്രമേ ഈ കോഴ്‌സിന് പ്രവേശനം കിട്ടൂ. വെറും ഇംഗ്ലീഷ് മാത്രമല്ല ഡെവലപ്‌മെന്റല്‍ സ്റ്റഡീസ്, ഇക്കണോമിക്‌സ്,സോഷ്യോളജി, ഹിസ്റ്ററി, ഫിലോസഫി എന്നീ വിഷയങ്ങളും കുട്ടികള്‍ക്ക് പഠിക്കാനുണ്ടാകും. ആദ്യരണ്ടുവര്‍ഷം ഇംഗ്ലീഷ്, ഡവലപ്‌മെന്റല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളിലെ അടിസ്ഥാനകാര്യങ്ങളാണ് പഠിക്കേണ്ടിവരുക. തുടര്‍ന്ന മൂന്നാം വര്‍ഷം മുതല്‍ രണ്ടു വിഷയങ്ങളില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുത്തശേഷം പഠനം തുടരാം. അഞ്ചുവര്‍ഷത്തെ കോഴ്‌സ് കഴിഞ്ഞിറങ്ങുന്നവര്‍ക്ക് അക്കാദമിക് മേഖലയില്‍ നിന്ന് മികച്ച അവസരങ്ങള്‍ ലഭിക്കുമെന്ന കാര്യം ഉറപ്പ്.

46 സീറ്റുകളാണ് മദ്രാസ് ഐ.ഐ.ടിയിലെ ഇംഗ്ലീഷ് ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് കോഴ്‌സിനുള്ളത്. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്കേ അഡ്മിഷന്‍ ലഭിക്കൂ. രണ്ടുഭാഗങ്ങളുള്ള എന്‍ട്രന്‍സ് പരീക്ഷയിലെ ആദ്യഭാഗം ഓണ്‍ലൈന്‍ ഒബ്ജക്ടീവ് ശൈലയിലായിരിക്കും. രണ്ടാംഭാഗം വിവതണാത്മകരീതിയിലുള്ള എഴുത്തുപരീക്ഷയായിരിക്കും. എന്‍ട്രന്‍സ പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് www.iitm.ac.in എന്ന വെബ്‌സൈറ്റ് കാണുക.

പഠനം കേരളത്തില്‍

കേരളത്തിലെ ഭൂരിഭാഗം സര്‍വകലാശാലകളിലും കോളേജുകളിലും ഇംഗ്ലീഷ് ഭാഷ ബിരുദ,ബിരുദാനന്തര തലത്തില്‍ പഠിപ്പിക്കുന്നുണ്ട്.

കേരള സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകള്‍ ഇംഗ്ലീഷില്‍ ബി.എ., എം.എ. കോഴ്‌സുകള്‍ (ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍) നടത്തുമ്പോള്‍ കലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുളള കോളേജുകളില്‍ ബി.എ. ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ബി.എ. ഫങ്ഷണല്‍ ഇംഗ്ലീഷ്,എം.എ. ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, എം.എ. കംപാരിറ്റീവ് ലിറ്ററേച്ചര്‍, എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകള്‍ നടത്തുന്നു. ഇംഗ്ലീഷ് കമ്യൂണിക്കേഷന്‍, ഇംഗ്ലീഷ് ഫോര്‍ ഇഫക്ടീവ് കമ്യൂണിക്കേഷന്‍ എന്നീ ഡിപ്ലോമ കോഴ്‌സുകളും മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ബി.എ. ഇംഗ്ലീഷ്, ബി.എ. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്. എം.എ. ഇംഗ്ലീഷ്, എം.ഫില്‍,പി.എച്ച്.ഡി. കോഴ്‌സുകളും കണ്ണൂര്‍ സര്‍വകലാശാലാ കാമ്പസില്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ കോഴ്‌സുമുണ്ട്.

കേരളത്തിലെ അഞ്ച് സര്‍വകലാശാലകളിലും ഇംഗ്ലീഷില്‍ വിദൂര വിദ്യാഭ്യാസ സൗകര്യമുണ്ട്. ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റി,കോയമ്പത്തൂരിലെ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി,ചിദംബരത്തെ അണ്ണാമലൈ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും എം.എം. ഇംഗ്ലീഷില്‍ വിദൂരവിദ്യാഭ്യാസ കോഴസ് നടത്തുന്നു.

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) യുടെ വിവിധ സെന്ററുകള്‍ ബി.എ.,എം.എ. (ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍) സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഫങ്ഷണല്‍ ഇംഗ്ലീഷ് എന്നീ കോഴ്‌സുകള്‍ നടത്തുന്നുണ്ട്.

തൊഴില്‍ സാധ്യതയേറെ

പണ്ട് ഇംഗ്ലീഷറിയാവുന്നവന് ആകെയുണ്ടായിരുന്ന തൊഴില്‍ സാധ്യത അദ്ധ്യാപനമായിരുന്നെങ്കില്‍ ഇന്നതല്ല സ്ഥിതി. കോര്‍പ്പറേറ്റ് ലോകത്തിന്റെ ഔദ്യോഗികഭാഷ ഇംഗ്ലീഷായതിനാല്‍ ബഹുരാഷ്ട്രകമ്പനികളിലെല്ലാം ഇംഗ്ലീഷ് അറിയുന്നവര്‍ക്ക് മികച്ച ജോലി ലഭിക്കും. ലാംഗ്വേജ് ട്രെയിനര്‍,ട്രാന്‍സ്‌ലേറ്റര്‍, ഓണ്‍ലൈന്‍ കണ്ടന്റ് എഡിറ്റര്‍, ടെക്‌നിക്കല്‍ ട്രാന്‍സിലേറ്റര്‍, ഡീകോഡര്‍…ഈ ജോലികളെല്ലാം ഇംഗ്ലീഷ് ബിരുദധാരികള്‍ക്കുള്ളതാണ്. ഇതിനുപുറമെ അഡ്വര്‍ട്ടൈസിങ്,പബ്‌ളിക് റിലേഷന്‍സ് എന്നീ മേഖലകളിലും തൊഴിലവസരങ്ങളുണ്ട്. താത്പര്യമുള്ളവര്‍ക്ക് അധ്യാപനമോ പത്രപ്രവര്‍ത്തനമോ തിരഞ്ഞെടുക്കാനുമാകും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള കേന്ദ്രസര്‍വകശാലാകളില്‍ ബി.എ. ഇംഗ്ലീഷ് (ഹോണേഴ്‌സ്) കോഴ്‌സ് നടക്കുന്നുണ്ട്. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു.) ജാമിയ മില്ലിയ ഇസ്‌ലാമിയ, അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലൊക്കെ ഇംഗ്ലീഷില്‍ ബി.എ. (ഹോണേഴ്‌സ്), എം.എ. കോഴ്‌സുകളുണ്ട്. ഇതിന് പുറമെ കര്‍ണാടക സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അടക്കമുള്ള വിവിധ കേന്ദ്രസര്‍വകലാശാലകളില്‍ ഇംഗ്ലീഷ് ഇന്റഗ്രേറ്റഡ് എം.എ. പഠനത്തിനുള്ള സൗകര്യവുമൊരുക്കുന്നു. 30 സീറ്റുകളാണ് ഓരോ സര്‍വകലാശാലകളിലുമുള്ളത്. എന്‍ട്രന്‍സ് പരീക്ഷ വഴിയാണ് അഡ്മിഷന്‍. കാസര്‍കോട്ടുള്ള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയില്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് കംപാരിറ്റീവ് ലിറ്ററേച്ചര്‍ കോഴ്‌സ് ആരംഭിച്ചിട്ടുണ്ട്.

ഹൈദരാബാദ് സര്‍വകലാശാല എം.എ. ഇന്‍ ലാഗ്വേജ് ആന്റ് സോഷ്യല്‍സയന്‍സസ് എന്ന പേരില്‍ അഞ്ചു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സ് നടത്തുന്നുണ്ട്. ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ആന്ത്രോപോളജി എന്നിവ പഠിക്കാനും സര്‍വകലാശാലയില്‍ അവസരമുണ്ട്.
വെറ്ററിനറി സയന്‍സ്

നാനാജാതി പക്ഷിമൃഗാദികളുടെ രോഗാവസ്ഥകള്‍ മനസിലാക്കാനും അതിന് ചികിത്സ നിര്‍ദേശിക്കാനും സാധിക്കുന്ന ശാസ്ത്രശാഖയാണ് വെറ്ററിനറി സയന്‍സ്. മൃഗങ്ങളുടെ ശരീരശാസ്ത്രം പഠിച്ച് അവയ്ക്ക് വരുന്ന രോഗങ്ങള്‍ തടയലും ചികിത്സയുമാണ് വെറ്ററിനറി സയന്‍സിന്റെ വിഷയങ്ങള്‍. അതുപഠിച്ചിറങ്ങുന്നവരെ വെറ്ററിനേറിയന്‍ എന്ന് വിളിക്കുന്നു. നാടന്‍ഭാഷയില്‍ മൃഗഡോക്ടര്‍ എന്നും പറയും. എം.ബി.ബി.എസ്. ഡോക്ടര്‍ പദവിയോളം ഗ്ലാമറും ശമ്പളവുമൊന്നുമില്ലെങ്കിലും വെറ്ററിനറി സയന്‍സ് പഠിച്ചിറങ്ങിയവരാരും വെറുതെയിരിക്കുന്നില്ല എന്നതാണ് സത്യം. മൃഗങ്ങളെ ചികിത്സിക്കല്‍ മാത്രമല്ല അവയുടെ ശാസ്ത്രീയമായ പരിപാലനം,പ്രജനനം എന്നിവയും വെറ്ററിനേറിയന്റെ സഹായമില്ലാതെ നടക്കില്ല. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങള്‍ തടയുന്നതിലും വന്യജീവി സംരക്ഷണത്തിലും ഗ്രാമീണവികസനത്തിലുമൊക്കെ വെറ്ററിനറി ഡോക്ടര്‍മാര്‍ നല്‍കുന്ന പങ്ക് വളരെ വലുതാണ്. സര്‍ക്കാര്‍ മേഖലയ്‌ക്കൊപ്പം ധാരാളം സ്വകാര്യ കമ്പനികളും വെറ്ററിനറി ഡോക്ടറുടെ സേവനം തേടുന്നു. അതിനാല്‍തന്നെ അനുദിനം പ്രിയം വര്‍ധിച്ചുവരുന്ന കരിയര്‍ മേഖലയാണ് വെറ്ററിനറി സയന്‍സ്.

ആര്‍ക്കും പറ്റിയ പണിയല്ല

വീട്ടില്‍ കാശുണ്ടെങ്കില്‍ ആര്‍ക്കും ഡോക്ടറാകാവുന്ന കാലമാണിത്. എന്നാല്‍ പണമുള്ളതുകൊണ്ട് മാത്രം മികച്ചൊരു മൃഗഡോക്ടറാകാന്‍ സാധിച്ചെന്നുവരില്ല. മിണ്ടാപ്രാണികളോട് യഥാര്‍ഥമായ സ്‌നേഹവും കരുതലുമുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ള തൊഴിലാണിത്. തങ്ങളുടെ രോഗമെന്തെന്ന് ഡോക്ടര്‍ക്ക് വിശദീകരിച്ചുനല്‍കാന്‍ മൃഗങ്ങള്‍ക്കാവില്ലെന്ന കാര്യമോര്‍ക്കുക. അവരുടെ ചേഷ്ടകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ശബ്ദങ്ങളില്‍ നിന്നും വേണമത് മനസിലാക്കാന്‍. അടിയന്തരഘട്ടങ്ങളിലും പ്രതികൂലസാഹചര്യങ്ങളിലും മൃഗഡോക്ടര്‍ക്ക് തൊഴിലെടുക്കേണ്ടിവരും. മനുഷ്യരേക്കാള്‍ ഇരട്ടിയിലേറെ വലിപ്പവും ശാരീരികശേഷിയുമുള്ള മൃഗങ്ങളുമായി ഇടപഴകുന്ന ഡോക്ടര്‍ക്കും മികച്ച ആരോഗ്യം വേണം. മൃഗങ്ങളുടെ പ്രവചനാതീതമായ പ്രകൃതം മുന്‍കൂട്ടി കണ്ടറിഞ്ഞ് നീങ്ങിയില്ലെങ്കില്‍ മരണം പോലും സംഭവിക്കാം. ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നതിന് പകരം മിക്കപ്പോഴും ഒരു ടീമിനെ നയിക്കേണ്ട ഉത്തരവാദിത്തമായിരിക്കും മൃഗഡോക്ടര്‍ക്ക്. നിരീക്ഷണപാടവം, ക്ഷമ എന്നിവയും മൃഗഡോക്ടര്‍ക്ക് അത്യാവശ്യം. എ.സി. മുറിയിലിരുന്ന് രോഗികളെ പരിശോധിക്കുന്ന വെള്ളക്കോളര്‍ േജാലിയല്ല മൃഗഡോക്ടറുടേത് എന്നും ഈ മേഖല തിരഞ്ഞെടുക്കുന്നവര്‍ ഓര്‍ക്കണം. ഗ്രാമീണമേഖലകളിലും വനാതിര്‍ത്തികളിലുമൊക്കെയാകും ഡ്യൂട്ടി. പലപ്പോഴും രാത്രിസമയങ്ങളിലും ജോലി ചെയ്യേണ്ടിവരും.

ഇതൊക്കെയാണെങ്കിലും വെറ്ററിനേറിയന് മാത്രം ലഭിക്കുന്ന ചില സൗഭാഗ്യങ്ങളുണ്ട്. കാടുകള്‍ തോറും യാത്ര ചെയ്യാനും വന്യമൃഗങ്ങളെ അടുത്തുകാണാനും അവരെ പരിചരിക്കുന്നതിനുമൊക്കെ ധാരാളം അവസരം ലഭിക്കും. മൃഗപരിപാലനത്തില്‍ സഹായിക്കുക വഴി ഗ്രാമീണമേഖലയുടെ വികസനത്തിനും ഇവര്‍ക്ക് കാര്യമായ പങ്കുവഹിക്കാനാകും. കാശുണ്ടാക്കുക മാത്രമല്ല കരിയറിന്റെ ലക്ഷ്യമെന്നും സമൂഹനന്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്നും ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യസമേതം തിരഞ്ഞെടുക്കാവുന്ന ജോലിയാണ് വെറ്ററിനേറിയെന്റേത്.

വേണ്ട യോഗ്യതകള്‍

ബാച്ചിലര്‍ ഓഫ് വെറ്റററിനറി സയന്‍സ് ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി (ബി.വി.എസ്.സി. ആന്‍ഡ് എ.എച്ച്.) കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ മൃഗഡോക്ടറായി പ്രാക്ടീസ് ചെയ്യാനാവൂ. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ച് മികച്ച മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് ഈ കോഴ്‌സിന് അപേക്ഷിക്കാം. വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ വര്‍ഷാവര്‍ഷം സംഘടിപ്പിക്കുന്ന ഓള്‍ ഇന്ത്യ പ്രീവെറ്ററിനറി ടെസ്റ്റ് (എ.ഐ.പി.വി.ടി.) പരീക്ഷയെഴുതി യോഗ്യത നേടിയവര്‍ക്ക് രാജ്യത്തെ 44 വെറ്ററിനറി കോളേജുകളിലെ 15 ശതമാനം സീറ്റുകള്‍ നീക്കിവെച്ചിട്ടുണ്ട്.

‘ഓള്‍ ഇന്ത്യ കോമണ്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്റെ (എ.ഐ.സി.ഇ.ഇ.) ഭാഗമാണ് എ.ഐ.പി.വി.ടിയും. ബാക്കിയുള്ള 85ശതമാനം സീറ്റുകളിലേക്കുള്ള അഡ്മിഷന്‍ അതത് വെറ്ററിനറി കോളേജുകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്ത് നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ്. എല്ലാവര്‍ഷവും മെയ്മാസത്തിലാണ് ഓള്‍ ഇന്ത്യ എന്‍ട്രന്‍സ് പരീക്ഷ നടക്കുക.

അഞ്ചുവര്‍ഷത്തെ ബി.വി.എസ്.സി. കോഴ്‌സില്‍ ആദ്യ നാലുവര്‍ഷങ്ങളും അനാട്ടമി, ഫിസിയോളജി,ബയോകെമിസ്ട്രി, ന്യൂട്രിഷ്യന്‍, ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെന്റ് ആന്‍ഡ് പ്രൊഡക്ഷന്‍,മൈക്രോബയോളജി, സര്‍ജറി,ഗൈനക്കോളജി, മെഡിസിന്‍ എന്നീ വിഷയങ്ങളാകും പഠിക്കാനുണ്ടാകുക. അവസാനവര്‍ഷം മുഴുവന്‍ പ്രാക്ടിക്കല്‍ പരിശീലനമായിരിക്കും. ഇതില്‍ ആറുമാസത്തെ ഇന്റേണ്‍ഷിപ്പ് പരിശീലനവും ഉള്‍പ്പെടുന്നു. വിദ്യാര്‍ഥികള്‍ ഈ സമയത്ത് ഏതെങ്കിലും മൃഗാശുപത്രിയിലേക്ക് സേവനത്തിനായി നിയോഗിക്കപ്പെടും.

ബി.വി.എസ്.സി. കഴിഞ്ഞ മിക്കവിദ്യാര്‍ഥികളും മാസ്റ്റര്‍ ഇന്‍ വെറ്ററിനറി സയന്‍സ് (എം.വി.എസ്.സി.) എന്ന ഉപരിപഠനകോഴ്‌സ് കൂടി പൂര്‍ത്തിയാക്കാറുണ്ട്. രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള എം.വി.എസ്.സി. കോഴ്‌സിനുള്ള എന്‍ട്രന്‍സ് പരീക്ഷാനടത്തിപ്പ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിനാണ് (ഐ.സി.എ.ആര്‍.). കൂടുതല്‍ പഠിക്കണമെന്നുളളവര്‍ക്ക് ഈ രംഗത്ത് ഗവേഷണം നടത്തി പി.എച്ച്.ഡി. നേടാനുളള സൗകര്യവും വെറ്റററിനറി കോളേജുകളിലുണ്ട്.

പഠനം കേരളത്തിന് പുറത്ത്

വെറ്ററിനറി കോഴ്‌സ് പഠനത്തിനായി രാജ്യത്തെ ഏറ്റവും മികച്ച കോളേജായി ഈ രംഗത്തുള്ളവര്‍ വിശേഷിപ്പിക്കുന്നത് ബിഹാര്‍ വെറ്ററിനറി കോളേജിനെയാണ്. ബിഹാര്‍ തലസ്ഥാനമായ പാറ്റ്‌നയില്‍ പ്രവര്‍ത്തിക്കുന്ന ഈ കോളേജ് 1927ല്‍ ബ്രിട്ടീഷുകാരാല്‍ സ്ഥാപിക്കപ്പെട്ടതാണ്. ബിഹാറിലെ രാജേന്ദ്ര കാര്‍ഷികസര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കോളേജില്‍ എം.വി.എസ്.സി. ആന്‍ഡ് എ.എച്ച്.,ബി.വി.എസ്.സി. ആന്‍ഡ് എ.എച്ച് കോഴ്‌സുകളുണ്ട്.

മധ്യപ്രദേശിലെ മഹാത്മാഗാന്ധി ചിത്രകൂട് ഗ്രാമോദയ് വിശ്വവിദ്യാലയം,ജാര്‍ഖണ്ഡിലെ ബിര്‍സ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, ശ്രീനഗറിലെ ഷേര്‍-ഇ- കാശ്മീര്‍ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി, ഉത്തര്‍പ്രദേശിലെ ചത്രപതി ഷാഹുജി മഹാരാജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, ഹിമാചല്‍ പ്രദേശിലെ ചൗധരി സര്‍വണ്‍കുമാര്‍ ഹിമാചല്‍ പ്രദേശ് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി,കര്‍ണാടകയിലെ ഡെയറി സയന്‍സ് കോളേജ് എന്നിവിടങ്ങളിലും മികച്ച രീതിയില്‍ വെറ്ററിനറി കോഴ്‌സ് നടക്കുന്നു. അതതുനാടുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനായി ഇവയില്‍ ചില കോളേജുകളില്‍ അന്യസംസ്ഥാനക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കാറില്ല. ഓരോ കോളേജിന്റെയും വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നിബന്ധനകള്‍ ശ്രദ്ധയോടെ വായിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകും.

പഠനം കേരളത്തില്‍

വെറ്ററിനറി പഠനസൗകര്യമുള്ള രണ്ട് കോളേജുകളേ കേരളത്തിലുള്ളൂ. തൃശൂര്‍ മണ്ണുത്തിയിലെ കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസും വയനാട് പൂക്കോട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസും. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളാണിവ. മണ്ണുത്തിയില്‍ നൂറ് സീറ്റുകളും പൂക്കോട് 60 സീറ്റുകളുമാണുള്ളത്. ഇതില്‍ 15 ശതമാനം സീറ്റുകള്‍ ഓള്‍ഇന്ത്യ വെറ്ററിനറി സയന്‍സ് എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കായി മാറ്റിവച്ചതാണ്. ബാക്കിയുളള സീറ്റുകളിലേക്ക് സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷാക്കമ്മീഷണറുടെ നേതൃത്വത്തില്‍ നടക്കുന്ന കേരള എന്‍ജിനിയറിങ്, അഗ്രിക്കള്‍ച്ചര്‍, മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (കീം) വഴിയാണ് പ്രവേശനം. കോഴ്‌സ് സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍www.kvasu.ac.in എന്ന വെബ്‌സൈറ്റിലും എന്‍ട്രന്‍സ് പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍http://cee.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. കേരളത്തില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ പ്രാക്ടീസ് തുടങ്ങുന്നതിന് മുമ്പ് കേരള വെറ്ററിനറി കൗണ്‍സിലില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

തൊഴില്‍ സാധ്യതകള്‍

ലോകത്തിലെ മൊത്തം മൃഗസമ്പത്തില്‍ 15 ശതമാനവും ഇന്ത്യയിലാണ്. രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ എട്ടു ശതമാനം വരുന്നത് മൃഗപരിപാലനത്തില്‍ നിന്നും മാംസവ്യാപാരത്തില്‍ നിന്നുമാണ്. മാംസക്കയറ്റുമതിയില്‍ കുത്തനെയുള്ള വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ട് ‘പിങ്ക് റെവല്യൂഷന്‍’എന്നൊരു പ്രത്യേക പദ്ധതി തന്നെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിവരുന്നുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് വെറ്ററിനറി ഡോക്ടര്‍മാരുടെ ജോലിസാധ്യതയിലുള്ള വര്‍ധന തന്നെ. പണ്ടൊക്കെ ആടുമാടുകള്‍ക്ക് കൃത്രിമബീജസങ്കലനം നടത്താനും പ്രതിരോധകുത്തിവെപ്പെടുക്കാനും മാത്രമാണ് ജനം മൃഗഡോക്ടര്‍മാരെ തിരഞ്ഞതെങ്കില്‍ ഇപ്പോള്‍ കാലമൊക്കെ മാറി. ജനറ്റിക് എന്‍ജിനിയറിങ്,പ്രതിരോധ വാക്‌സിനുകളെക്കുറിച്ചുള്ള ഗവേഷണം, പക്ഷിപ്പനിയും കുരങ്ങുപനിയും പോലുള്ള പകര്‍ച്ചവ്യാധികള്‍ തടയല്‍ എന്നിവയ്‌ക്കൊക്കെ വെറ്ററിനറി വിദഗ്ധരുടെ സേവനം കൂടിയേതീരൂ. അരുമമൃഗങ്ങളെ വളര്‍ത്തുന്നത് വ്യാപകമായതോടെ അവയ്ക്ക് അസുഖങ്ങള്‍ പിടിപെട്ടാല്‍ മൃഗഡോക്ടര്‍മാരെ തിരഞ്ഞ് അലയുകയാണ് നാട്ടുകാര്‍. അതിന്റെ ഭാഗമായി പല മഹാനഗരങ്ങളിലും സ്വകാര്യ മൃഗാശുപത്രികള്‍ വരെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

പൗള്‍ട്രി, ഡെയറി വ്യവസായങ്ങളിലും വന്യജീവിസംരക്ഷണകേന്ദ്രങ്ങളിലും മൃഗശാലകളിലുമൊക്കെയായി നിരവധി വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ ജോലി ചെയ്യുന്നു.തുടക്കത്തില്‍ തന്നെ മികച്ച ശമ്പളവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് പ്രിയമേറി വരുന്ന മറ്റൊരു മേഖലയാണ് ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം. സര്‍ക്കാരിന്റെ മൃഗസംരക്ഷണകുപ്പിന് പുറമെ സൈന്യവും ബി.എസ്.എഫ്. പോലുള്ള അര്‍ദ്ധസൈനിക വിഭാഗങ്ങളും ഇപ്പോള്‍ വെറ്ററിനറി സയന്‍സ് ബിരുദധാരികളെ പ്രത്യേകമായി റിക്രൂട്ട് ചെയ്യുന്നു. ഇന്‍ഷുറന്‍സ് കമ്പനികളിലും പൊതുമേഖലാബാങ്കുകളിലും വെറ്ററിനറി സയന്‍സ് ബിരുദധാരികളെ നിയമിക്കുന്നുണ്ട്.
ഹോസ്പിറ്റല്‍ മാനേജ്മെന്റ്

കുഗ്രാമങ്ങളില്‍ പോലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്ന നാടാണ് നമ്മുടേത്. പഞ്ചായത്തുതോറും പുതിയ ആശുപത്രികള്‍ വരുന്നതോടെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മാത്രമല്ല തൊഴില്‍സാധ്യത വര്‍ധിക്കുന്നത്. ഇത്തരം ആതുരകേന്ദ്രങ്ങളുടെ ചിട്ടയോടെയുള്ള നടത്തിപ്പ് ഉറപ്പാക്കുന്ന ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രൊഫഷനലുകളുടെ മോഹരംഗമാവുകയാണ്. ഹോട്ടല്‍ മാനേജ്‌മെന്റ് പോലെ നൂറു ശതമാനം തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്ന കരിയര്‍ സാധ്യതയാണിന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്.

കൈയില്‍ വേണ്ടത്

ആശുപത്രിക്കും രോഗികള്‍ക്കുമിടയില്‍ ഒരു പാലമായി പ്രവര്‍ത്തിക്കേണ്ടയാളാണ് ഹോസ്പിറ്റല്‍ മാനേജര്‍. ആശുപത്രിയുടെ ചിട്ടയായ പ്രവര്‍ത്തനം ഉറപ്പാക്കുക മാത്രമല്ല രോഗികള്‍ക്ക് മികച്ച സേവനസൗകര്യങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന് പരിശോധിക്കേണ്ടതും മാനേജരുടെ ജോലിയാണ്. ഹൃദ്യമായ പെരുമാറ്റം, സംസാരിക്കാനും എഴുതാനുമുള്ള കഴിവ്, നേതൃപാടവം, ഏല്‍പ്പിക്കപ്പെട്ട കാര്യങ്ങള്‍ നിശ്ചിതസമയത്തിനുള്ളില്‍ ചെയ്തുതീര്‍ക്കാനാവുമെന്ന ആത്മവിശ്വാസം,സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കരുത്ത് എന്നിവയുണ്ടെങ്കില്‍ മാത്രം ഈ കരിയര്‍ തിരഞ്ഞെടുത്താല്‍ മതി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആശുപത്രി. അതിനാല്‍ ആശുപത്രി മാനേജര്‍മാര്‍ക്കും രാത്രിഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കേണ്ടിവരും.

എന്തൊക്കെയാണ് കോഴ്‌സുകള്‍

ആശുപത്രി സേവനരംഗത്ത് പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ തിരഞ്ഞെടുക്കാന്‍ ഒട്ടേറെ കോഴ്‌സുകളുണ്ട്. ബാച്ചിലര്‍ ഓഫ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്/അഡ്മിനിസ്‌ട്രേഷന്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്/അഡ്മിനിസ്‌ട്രേഷന്‍, മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, എം.ബി.എ. ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, എം.ഡി./എം.ഫില്‍ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിങ്ങനെയാണിവ. ഇതിനു പുറമെ ഹെല്‍ത്ത്‌കെയര്‍ അഡ്മിനിസ്‌ട്രേഷനുമായി ബന്ധപ്പെട്ട എഴുപതോളം കോഴ്‌സുകള്‍ വേറെയുമുണ്ട്. 50 ശതമാനം മാര്‍ക്കോടെ സയന്‍സ് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ബാച്ചിലര്‍ ഓഫ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്/അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് ചെയ്യാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് എം.ബി.എ. ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, പി.ജി. ഡിഗ്രി/ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം. ചില സ്ഥാപനങ്ങള്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സുകള്‍ക്ക് ചേരാന്‍ എം.ബി.ബി.എസ്. ബിരുദം തന്നെ യോഗ്യതയായി നിഷ്‌കര്‍ഷിക്കുന്നു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്),പൂനെയിലെ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജ്, ഇന്‍ഡോറിലെ ദേവി അഹല്യ വിശ്വവിദ്യാലയം, ഹൈദരാബാദിലെ നൈസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, മണിപ്പാലിലെ കസ്തൂര്‍ഭാ മെഡിക്കല്‍ കോളേജ്, ജമ്മുവിലെ ഷേര്‍-ഇ-കാശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സ് എന്നീ മെഡിക്കല്‍ കോളേജുകളും ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ പി.ജി. കോഴ്‌സുകള്‍ നടത്തുന്നു. ഇവിടങ്ങളില്‍ ചേരണമെങ്കില്‍ എം.ബി.ബി.എസ്. നിര്‍ബന്ധിത യോഗ്യതയാണ്. മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കേ ഇതേ വിഷയത്തില്‍ പി.ജിക്ക് ചേരാനാവൂ.

പഠനം വിദൂരവിദ്യാഭ്യാസത്തിലൂടെ

പി.ജി.,എം.ബി.എ. പഠനത്തിന് പുറമെ വിവിധ സര്‍വകലാശാലകളും സ്ഥാപനങ്ങളും ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ,കറസ്‌പോണ്ടന്‍സ് കോഴ്‌സുകള്‍ വിദൂരവിദ്യാഭ്യാസസംവിധാനങ്ങള്‍ വഴി നടത്തുന്നുണ്ട്. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (ഐ.എസ്.എച്ച്.എ.) ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ ഒരു വര്‍ഷത്തെ ഡിസ്റ്റന്‍സ് ലേണിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. തമിഴ്‌നാട് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന രണ്ടു വര്‍ഷത്തെ എം.ബി.എ. ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ മാര്‍ക്കറ്റിങിന്റെ എക്‌സിക്യുട്ടീവ് എം.ബി.എ. ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് (ഇ.എം.ബി.എ.),അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് (എ.ഡി.എച്ച്.എം.) എന്നീ കോഴ്‌സുകളും വിദൂരവിദ്യാഭ്യാസപദ്ധതി വഴി പഠിച്ചെടുക്കാവുന്നതാണ്. പോണ്ടിച്ചേരി സര്‍വകലാശാല, മദ്രാസ് സര്‍വകലാശാല, ഭാരതീയാര്‍ സര്‍വകാലാശാല, അണ്ണാമലൈ സര്‍വകലാശാല എന്നിവയുടെ വിദൂരവിദ്യാഭ്യാസകേന്ദ്രങ്ങളും എം.എച്ച്.എ. കോഴ്‌സ് നടത്തുന്നുണ്ട്.

തിരഞ്ഞെടുപ്പ്

പ്ലസ്ടു മാര്‍ക്ക്, എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ബാച്ചിലര്‍ ഓഫ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് (ബി.എച്ച്.എം.) കോഴ്‌സിനുള്ള പ്രവേശനം. ബാംഗ്ലൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മാനേജ്‌മെന്റ് റിസര്‍ച്ച് (ഐ.എച്ച്.എം.ആര്‍.) നടത്തുന്ന ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പി.ജി. (പി.ജി.പി.എച്ച്.എം.) പ്രോഗ്രാമുകള്‍ക്ക് ചേരാന്‍ അഭിമുഖം മാത്രമേയുള്ളൂ കടമ്പ. എം.ബി.എ. കോഴ്‌സുകള്‍ക്കായുള്ള പൊതു എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് എം.ബി.എ. ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കോഴ്‌സിനും ചേരാവുന്നതാണ്. മൂന്നുവര്‍ഷമാണ് ബി.എച്ച്.എം. കോഴ്‌സിന്റെ കാലാവധി. ഡിപ്ലോമ/എം.ബി.എ./മാസ്‌റ്റേഴ്‌സ് ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എം.എച്ച്.എ.)/മാനേജ്‌മെന്റ് കോഴ്‌സ് കാലാവധി രണ്ടുവര്‍ഷവും (നാല് സെമസ്റ്റര്‍) പോസ്റ്റ് ഗ്രാജ്വേറ്റ് പ്രൊഫഷനല്‍ പ്രോഗ്രാം ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് (പി.ജി.പി.എച്ച്.എം.) കോഴ്‌സിന് 11 മാസവും ഇ.എം.ബി.എ., പി.ജി.ഡി.എച്ച്.എം., എ.ഡി.എച്ച്.എം. കോഴ്‌സുകള്‍ക്ക് ഒരു വര്‍ഷവുമാണ് (രണ്ട് സെമസ്റ്റര്‍) കാലാവധി.

പ്രമുഖ സ്ഥാപനങ്ങള്‍

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍/മാനേജ്‌മെന്റില്‍ എം.ബി.എ., പി.ജി. കോഴ്‌സുകള്‍ നടത്തുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളെ പരിചയപ്പെടാം.

സിംബിയോസിസ് സെന്റര്‍ ഓഫ് ഹെല്‍ത്ത് കെയര്‍ (എസ്.സി.എച്ച്.സി.),പൂനെ: ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റില്‍ പി.ജി. ഡിപ്ലോമ കോഴ്‌സാണ് ഇവിടെ നടക്കുന്നത്. 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. എം.ബി.ബി.എസ്., നഴ്‌സിങ് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് പ്രവേശനത്തില്‍ മുന്‍ഗണനയുണ്ട്.

ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (ബിറ്റ്‌സ്),പിലാനി: വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ്, മുംബൈയിലെ ബോംബെ ഹോസ്പിറ്റല്‍ അമേരിക്കയിലെ ടുലേന്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് സിസ്റ്റംസ് മാനേജ്‌മെന്റില്‍ എം.ഫില്‍ കോഴ്‌സാണ് ഇവിടെ നടക്കുന്നത്. ബി.ഇ./ബി.ഫാം./എം്.എസ്.സി./എം.ബി.എ./എം.ബി.ബി.എസ്. യോഗ്യതയുള്ളവര്‍ക്കാണ് പ്രവേശനം.

അപ്പോളോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍,ഹൈദരാബാദ്: ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി കോഴ്‌സ് നടത്തുന്ന സ്ഥാപനമാണിത്. 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, മുംബൈ: മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എം.എച്ച്.എ.) കോഴ്‌സ് നടത്തുന്നു. ബിരുദമാണ് അടിസ്ഥാനയോഗ്യത.

മണിപ്പാല്‍ യൂണിവേഴ്‌സിറ്റി, മണിപ്പാല്‍: ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റിലും ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനിലുമായി എം.ബി.എ. കോഴ്‌സ് നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

പഠനം കേരളത്തില്‍

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴിലുള്ള അരണാട്ടുകരയിലെ ഡോ. ജോണ്‍ മത്തായി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് തുടങ്ങിയിട്ടുണ്ട്. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദം. അവസാനവര്‍ഷ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എം.എല്‍.ടി., നഴ്‌സിങ് തുടങ്ങിയ പാരാമെഡിക്കല്‍ ബിരുദധാരികള്‍ക്ക് സീറ്റ് സംവരണം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.universityofcalicut.info. ഫോണ്‍: 0487-2388477.

എം.ജി. സര്‍വകലാശാലയുടെ കീഴിലുള്ള യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷനില്‍ മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുണ്ട്. 20 സീറ്റുകളാണുള്ളത്. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മാര്‍ക്ക്‌ലിസ്റ്റുകള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് സമര്‍പ്പിക്കണം. അപേക്ഷാ ഫോമും പ്രോസ്‌പെക്റ്റസും www.sme.eud.inഎന്ന വെബ് സൈറ്റില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 0481-6061017.

കേരളസര്‍വകലാശാലയുടെ വിദൂരവിദ്യഭ്യാസവിഭാഗമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റന്റ് എജ്യുക്കേഷന്‍ മൂന്നുവര്‍ഷത്തെ മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എം.എച്ച്.എ.), ഒരുവര്‍ഷത്തെ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ആന്‍ഡ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (പി.ജി.ഡി.എച്ച്.എച്ച്.എ.) എന്നീ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ഈ കോഴ്‌സിന് കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലും സ്റ്റഡിസെന്ററുകളുമുണ്ട്.

അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ചില്‍ (ലിംസര്‍) എം.എച്ച്.എ. കോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്.

കൊച്ചിയിലെ അമൃത സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ് ക്യാമ്പസില്‍ എം.എച്ച്.എ. കോഴ്‌സ് നടക്കുന്നുണ്ട്.

ഇതിന് പുറമെ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും വിവിധ സര്‍വകലാശാലകളുടെ സ്റ്റഡിസെന്ററുകള്‍ വഴിയും എം.എച്ച്.എ. കോഴ്‌സ് പഠിക്കാവുന്നതാണ്. അന്യസംസ്ഥാന സര്‍വകലാശാലകളിലെ കോഴ്‌സുകള്‍ക്ക് ചേരുന്നതിന് മുമ്പ് അവ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. അങ്ങനെ അംഗീകരിച്ചിട്ടില്ലെങ്കില്‍ പി.എസ്.സി. ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നത് പ്രയാസകരമാകും. (റസല്‍)

Q: ബി എസ് സി നഴ്സിംഗ് പാസായ എനിക്ക് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍റ് മാനേജ്മെന്‍റില്‍ എം ബി എ കോഴ്സ് പഠിക്കാനാഗ്രഹമുണ്ട്. ജോലി സാധ്യത, യോഗ്യത, കേരളത്തിലെ സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചറിയാനാഗ്രഹിക്കുന്നു.

A: ബി എസ് സി നഴ്സിംഗ് ബിരൂദ ധാരികള്‍ക്ക് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍റ് മാനേജ്മെന്‍റില്‍ എം ബി എ പ്രോഗ്രാമിന് അപേക്ഷിക്കാം. ഭാരത് കോളജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് പാലാ, റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം, അമ്യത ഇസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കൊച്ചി, രാജഗിരി ഇസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്‍റ് കൊല്ലം മുതലായവ എം ബി എ ഹോസ്പിറ്റല്‍ മാനേജ്മെന്‍റില്‍ പ്രോഗ്രാം നടത്തുന്ന കേരളത്തിലെ ചില സ്ഥാപനങ്ങളാണ്. ചില സ്വകാര്യ നഴ്സിംഗ് കോളജുകളും കോഴ്സ് നടത്തി വരുന്നു. 50% മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് എം ബി എ ഹോസ്പിറ്റല്‍ മാനേജ്മന്‍റ് പ്രോഗ്രാമിന് അപേക്ഷിക്കാം. ചില സ്ഥാപനങ്ങള്‍ ങഅഠ/ഇങഅഠ/ഇഅഠ നിഷ്കര്‍ഷിക്കുന്നുണ്ട്. രാജ്യത്തിനകത്തും വിദേശത്തും ആരോഗ്യമേഖല കരുത്താര്‍ജിച്ചുവരുന്നു. ആരോഗ്യമേഖലയിലെ സേവനമേഖലക്കിണങ്ങിയ എം ബി എ പ്രോഗ്രാമാണ് ഹോസ്പിറ്റല്‍ അഡ്മിനിഷ്ട്രേഷന്‍ ആന്‍റ് മാനേജ്മന്‍റ്. ഏറെ തൊഴിലവസരങ്ങള്‍ ഈ രംഗത്ത് നിലവിലുണ്ട്. സ്വകാര്യ മേഖലയിലാണ് തൊഴിലവസരങ്ങളേറെയും. ഇ-കൊമേഴ്സ് രംഗത്തും ഹോസ്പിറ്റല്‍ മനേജ്മെന്‍റിന് സാധ്യതകളേറെയാണ്
ഹ്യൂമന്‍ റിസോര്‍സസ് ഡവലപ്പ്മെന്‍റ് (എച്ച്. ആര്‍. ഡി)

ഓരോ സ്ഥാപനത്തിന്റെയും വളര്‍ച്ചയ്ക്ക് പിന്നില്‍ അവിടെ കഠിനാധ്വാനം ചെയ്ത ജീവനക്കാരുടെ വിയര്‍പ്പുകൂടിയുണ്ട്. അത് കൃത്യമായി തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ് പുതിയ മാനേജ്‌മെന്റ് സംസ്‌കാരം. തൊഴിലാളികളെ ശത്രുക്കളായി കണ്ടിരുന്ന പഴഞ്ചന്‍ സിദ്ധാന്തങ്ങളൊക്കെ കമ്പനികള്‍ ഉപേക്ഷിച്ചുകഴിഞ്ഞു. ജീവനക്കാര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്ത് മികച്ച പ്രവര്‍ത്തനശേഷി ഉറപ്പുവരുത്തുക എന്നതാണ് ബഹുരാഷ്ട്ര കമ്പനികളുടെയെല്ലാം നയം. അതിന്റെ ഭാഗമായി ഹ്യുമന്‍ റിസോഴ്‌സസ് ഡെലപ്‌മെന്റ് (എച്ച്.ആര്‍.ഡി.) എന്ന പ്രത്യേകവിഭാഗം തന്നെ എല്ലാ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്നു. മുമ്പ് പേഴ്‌സണല്‍ മാനേജ്‌മെന്റ്,ലേബര്‍ വെല്‍ഫെയര്‍, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് എന്നൊക്കെയുള്ള പേരുകളിലായിരുന്നു ഈ വകുപ്പുകള്‍ അറിയപ്പെട്ടിരുന്നത്.

ഒരു സ്ഥാപനത്തിലെ മനുഷ്യശേഷിയെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ നേതൃത്വം നല്‍കുന്നവരെയാണ് ഹ്യുമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് (എച്ച്.ആര്‍.എം.) പ്രൊഫഷനലുകള്‍ എന്ന് വിളിക്കുന്നത്. കമ്പനിയുടെ സ്വഭാവത്തിന് യോജിച്ച ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നതില്‍ തുടങ്ങി അവര്‍ക്ക് പരിശീലനം നല്‍കി മികച്ച ജീവനക്കാരായി മാറ്റിയെടുക്കുന്നതുവരെയുള്ള ഉത്തരവാദിത്തം എച്ച്.ആര്‍. എക്‌സിക്യൂട്ടീവിന്റേതാണ്.

മുമ്പൊക്കെ സോഷ്യല്‍ വര്‍ക്ക് പ്രോഗ്രാമിന്റെ സ്‌പെഷലൈസേഷന്‍ വിഷയമായിരുന്നു ഹ്യുമന്‍ റിസോഴ്‌സസ് (എച്ച്.ആര്‍.) മാനേജ്‌മെന്റെങ്കില്‍ ഇപ്പോഴത് സ്വതന്ത്രമായ പഠനശാഖയായി വികസിച്ചുകഴിഞ്ഞു. പ്രൊഫഷനല്‍ മികവിന് പുറമെ ആകര്‍ഷകമായ വ്യക്തിത്വം കൂടിയുള്ളവര്‍ക്കേ ഈ മേഖലയില്‍ തിളങ്ങാന്‍ സാധിക്കൂ. വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍ നിന്ന് വരുന്ന ജീവനക്കാരോട് കൃത്യമായി ആശയവിനിമയം നടത്താനും അവരുടെ പ്രശ്‌നങ്ങള്‍ അനുതാപപൂര്‍വം കേട്ട് പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും കഴിവുള്ളവനാകണം എച്ച്.ആര്‍. എക്‌സിക്യൂട്ടീവ്.

എച്ച്ആര്‍ എക്‌സിക്യൂട്ടീവിന്റെ ജോലികള്‍

ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ്, പരിശീലനം, ജോലിയിലെ മികവ് വിലയിരുത്തല്‍, പ്രമോഷന്‍ ലിസ്റ്റ് തയ്യാറാക്കല്‍, തൊഴിലുടമയും ജീവനക്കാരും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കല്‍ എന്നിവയെല്ലാം എച്ച്.ആര്‍. വിഭാഗത്തിന്റെ ഉത്തരവാദിത്തമാണ്. അതില്‍ റിക്രൂട്ട്‌മെന്റ് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം. വിവിധ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വഴിയും പത്രപരസ്യങ്ങള്‍ വഴിയും ലഭിക്കുന്ന ഉദ്യോഗാര്‍ഥികളുടെ ബയോഡാറ്റകള്‍ തരംതിരിച്ച് അവരില്‍ നിന്ന് യോഗ്യരായവരെ അഭിമുഖത്തിലൂടെ കണ്ടെത്തുന്ന പ്രക്രിയയാണ് റിക്രൂട്ട്‌മെന്റ്. ഇങ്ങനെ തിരഞ്ഞെടുക്കുന്നവര്‍ക്ക് കമ്പനിയുടെ രീതികളെക്കുറിച്ചും തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ചും പരിശീലനം നല്‍കേണ്ടതും എച്ച്.ആര്‍. വിഭാഗമാണ്. ഓരോ ജീവനക്കാരനും പ്രത്യേകമായ കഴിവുകളും താത്പര്യങ്ങളുമുണ്ടാകും. അത് കൃത്യമായി കണ്ടെത്തി അതിനു പറ്റിയ വിഭാഗത്തിലേക്ക് നിയോഗിച്ചാല്‍ ജീവനക്കാരുടെ ഉല്പാദനക്ഷമത ഏറെ വര്‍ധിക്കും. ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്തി അവര്‍ക്ക് അര്‍ഹമായ സ്ഥാനക്കയറ്റം ശുപാര്‍ശ ചെയ്യുന്നതും എച്ച്.ആര്‍. വിഭാഗമാണ്.

ഹ്യുമന്‍ റിസോഴ്‌സസില്‍ സ്‌പെഷലൈസേഷനോടെയുള്ള എം.ബി.എ. ആണ് എച്ച്.ആര്‍. എക്‌സിക്യുട്ടീവുകള്‍ക്ക് വേണ്ട അടിസ്ഥാനയോഗ്യത.മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എം.എസ്.ഡബ്ല്യു.), എല്‍.എല്‍.ബി. ബിരുദങ്ങളുള്ളവരെയും എച്ച്.ആര്‍. വിഭാഗത്തിലേക്ക് പരിഗണിക്കുമെങ്കിലും മുന്‍നിര കമ്പനികളെല്ലാം എച്ച്.ആര്‍. എം.ബി.എക്കാരെ തിരഞ്ഞെടുക്കാനാണ് താത്പര്യപ്പെടാറ്. ബിരുദമാണ് എം.ബി.എ. കോഴ്‌സിന് ചേരാന്‍ ആവശ്യമായ യോഗ്യത. വിവിധ സര്‍വകലാശാലകളും സ്ഥാപനങ്ങളും പ്രത്യേകമായി നടത്തുന്ന പ്രവേശനപരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍,അഭിമുഖം എന്നീ കടമ്പകള്‍ കടന്നാലേ പേരുകേട്ട സ്ഥാപനങ്ങളില്‍ എം.ബി.എ. അഡ്മിഷന്‍ ലഭിക്കുകയുള്ളൂ.

മികവിന്റെ പര്യായമായി ഐഐഎം

മാനേജ്‌മെന്റ് പഠനത്തിന് രാജ്യത്തെ ഏറ്റവും മികച്ച സാധ്യതയൊരുക്കുന്ന സ്ഥാപനങ്ങളാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.). കോഴിക്കോട്, ബാംഗ്ലൂര്‍,അഹമ്മദാബാദ്,ഇന്‍ഡോര്‍, ലഖ്‌നൗ,റായ്പുര്‍,റാഞ്ചി,റോത്തക്ക്,ഷില്ലോങ്, തിരുച്ചിറപ്പള്ളി,ഉദയ്പൂര്‍,കാശിപ്പൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി 13ഐ.ഐ.എം. ക്യാമ്പസുകളാണുള്ളത്. ഇവിടങ്ങളിലെല്ലാം കൂടി മൂവായിരത്തിനടുത്ത് സീറ്റുകളുണ്ട്. എല്ലാവര്‍ഷവും ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കാറ്റ്) വഴിയാണ് പ്രവേശനം. മിടുക്കരില്‍ മിടുക്കര്‍ക്ക് മാത്രമേ ഉയര്‍ന്ന കാറ്റ് സ്‌കോര്‍ നേടി ഐ.ഐ.എമ്മില്‍ സീറ്റുറപ്പിക്കാനാകൂ. കാറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറ്റിഅമ്പതോളം ബിസിനസ് സ്‌കൂളുകള്‍ എം.ബി.എ. പ്രവേശനം നടത്തുന്നുണ്ട്. ഐ.ഐ.എമ്മില്‍ സീറ്റ് കിട്ടിയില്ലെങ്കിലും‘കാറ്റ്’പരീക്ഷയിലെ മികച്ച സ്‌കോറുണ്ടെങ്കില്‍ മറ്റേതെങ്കിലും സ്ഥാപനങ്ങളില്‍ എം.ബി.എയ്ക്ക് ചേരാമെന്നര്‍ഥം.

50 ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയ ആര്‍ക്കും ‘കാറ്റ്’പരീക്ഷയെഴുതാം.അവസാനവര്‍ഷ ബിരുദപരീക്ഷയ്ക്കിരിക്കുന്നവര്‍ക്കും‘കാറ്റ്’ എഴുതാവുന്നതാണ്.ഉയര്‍ന്നപ്രായപരിധിയില്ല. ‘കാറ്റ്’ പരീക്ഷയ്ക്ക് രണ്ട് വിഭാഗങ്ങളുണ്ടാകും. ആദ്യഭാഗത്തില്‍ ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി,ഡാറ്റ ഇന്റര്‍പ്രറ്റേഷന്‍ എന്നിവയിലെ കഴിവ് അളക്കുമ്പോള്‍ രണ്ടാം ഭാഗത്ത് വെര്‍ബല്‍ എബിലിറ്റി, ലോജിക്കല്‍ റീസണിങ് എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങളാണുണ്ടാകുക. 140 മിനുട്ടാണ് പരീക്ഷയുടെ ദൈര്‍ഖ്യം.

കോഴിക്കോട് കുന്ദമംഗലത്തുള്ള ഐ.ഐ.എം. കാമ്പസില്‍ 360സീറ്റുകളാണുള്ളത്. ഹ്യുമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റില്‍ സ്‌പെഷലൈസേഷനുള്ള അവസരവും ഇവിടെയുണ്ട്. കോഴ്‌സ് പഠിച്ചിറങ്ങുന്നവര്‍ക്ക് ലക്ഷങ്ങള്‍ പ്രതിമാസശമ്പളം നല്‍കി കൊണ്ടുപോകാനായി കമ്പനികള്‍ കാത്തിരിക്കും എന്നതാണ് ഐ.ഐ.എമ്മുകളുടെ ആകര്‍ഷണം.

ഐഐടികളിലും പഠനാവസരം

എന്‍ജിനിയറിങ് പഠനത്തിന് പേരുകേട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) ക്യാമ്പസുകളിലും മികച്ച രീതിയില്‍ എം.ബി.എ. പഠനത്തിന് അവസരമുണ്ട്. ഡല്‍ഹി,കാണ്‍പൂര്‍,മദ്രാസ്,റൂര്‍ക്കി, ബോംബെ, ഖരഗ്പുര്‍ എന്നിവടങ്ങളിലെ ഐ.ഐ.ടി. ക്യാമ്പസുകളില്ലൊം മാനേജ്‌മെന്റ് പഠനകോഴ്‌സുകള്‍ കൂടി നടക്കുന്നു. എന്‍ജിനിയറിങില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദമോ ഏതെങ്കിലും വിഷയത്തില്‍ മാസ്‌റ്റേഴ്‌സ് ബിരുദമോ ഉള്ളവര്‍ക്ക് ഐ.ഐ.ടികളിലെ എം.ബി.എ. കോഴ്‌സിന് അപേക്ഷിക്കാം. ബോംബെ ഐ.ഐ.ടിയിലെ എസ്.ജെ. മേത്ത സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്,ഖരഗ്പൂര്‍ ഐ.ഐ.ടിയിലെ വിനോദ് മേത്ത സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് എന്നിവിടങ്ങളിലെ എം.ബി.എ. പ്രോഗ്രാമുകളാണ് ഇവയില്‍ ഏറ്റവും പേരുകേട്ടത്. എല്ലായിടങ്ങളിലും ഹ്യുമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റില്‍ സ്‌പെഷലൈസേഷനുമുണ്ട്.

എന്‍ഐടികളിലും പഠിക്കാം

ഐ.ഐ.എമ്മും എന്‍.ഐ.ടിയും കഴിഞ്ഞാല്‍ ഹ്യുമന്‍ റിസോഴ്‌സസ് എം.ബി.എ. പഠനത്തിനുളള മറ്റൊരു മികച്ച സാധ്യതയാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.) ക്യാമ്പസുകള്‍.കേരളത്തിലെ ഏക എന്‍.ഐ.ടിയായ കോഴിക്കോട്ടും എം.ബി.എ. കോഴ്‌സ് നടത്തുന്നു.എന്‍ജിനിയറിങ് ബിരുദധാരികള്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ‘കാറ്റ്’ സ്‌കോര്‍ വഴിയാണ് തിരഞ്ഞെടുപ്പ്. ഹ്യുമന്‍ റിസോഴ്‌സ് മാനേജ്‌മെന്റിന് പുറമെ പ്രൊഡക്ഷന്‍ മാനേജ്‌മെന്റ്,ഫിനാന്‍സ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ്, ബിസിനസ് അനലറ്റിക്‌സ് ആന്‍ഡ് സിസ്റ്റംസ് എന്നീ വിഷയങ്ങളിലാണ് സ്‌പെഷലൈസേഷനുള്ള അവസരം.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ എന്‍.ഐ.ടി. ക്യാമ്പസിലും ഹ്യുമന്‍ റിസോഴ്‌സസില്‍ സ്‌പെഷലൈസേഷനോടെ എം.ബി.എ. കോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്. ഇവിടെയും എന്‍ജിനിയറിങ് ബിരുദക്കാര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ‘കാറ്റ്’ സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് അഡ്മിഷന്‍.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഫാക്കല്‍റ്റി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, പുനെയിലെ സിംബിയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെന്റ്, മുംബൈയിലെ എക്‌സ്.എല്‍.ആര്‍.ഐ. എന്നിവയാണ് കേരളത്തിന് പുറത്ത് മികച്ച രീതിയില്‍ എം.ബി.എ. പഠനം നടക്കുന്ന സ്ഥാപനങ്ങള്‍. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ നടക്കുന്ന എം.എ. ഹ്യുമന്‍ റിസോഴ്‌സസ് ആന്‍ഡ് ലേബര്‍ റിലേഷന്‍സ് എന്ന കോഴ്‌സ് എച്ച്.ആര്‍. എം.ബി.എയ്ക്ക് തത്തുല്യമായി പരിഗണിക്കപ്പെടാറുണ്ട്.

പഠനം കേരളത്തില്‍

കേരളത്തിലെ എല്ലാ സര്‍വകലാശാലകളുടെയും കീഴില്‍ എം.ബി.എ. കോഴ്‌സ് നടക്കുന്നുണ്ട്. ഇവിടങ്ങളിലൊക്കെ ഹ്യുമന്‍ റിസോഴ്‌സസ് പഠനത്തില്‍ സ്‌പെഷലൈസേഷനുമുണ്ട്. എന്നാല്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള അക്കാദമിക് മികവൊന്നും നമ്മുടെ സര്‍വകലാശാലകളിലെ എം.ബി.എ. കോഴ്‌സുകള്‍ക്കില്ല എന്നതൊരു യാഥാര്‍ഥ്യം തന്നെയാണ്. എന്നിരുന്നാലും കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്ന് എം.ബി.എ. പഠിച്ചിറങ്ങിയ എത്രയോ മിടുക്കര്‍ രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങളില്‍ എച്ച്.ആര്‍. എക്‌സിക്യൂട്ടീവുമാരായി ജോലി ചെയ്യുന്നു. സര്‍കലാശാല സെന്ററുകള്‍ക്ക് പുറമെ വിവിധ കോളേജുകളും സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളും എം.ബി.എ. പഠനത്തിന് സൗകര്യമൊരുക്കുന്നു. തിരുവനന്തപുരം ഗവ. കോളേജ് ഓഫ് എഞ്ചിനിയറിങിന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍,കൊല്ലത്തെ ടി.കെ.എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കൊച്ചി കുസാറ്റ് സര്‍വകലാശാലയുടെ കീഴിലള്ള ദി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്,കൊച്ചി കാക്കനാട്ടുള്ള രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസ്,കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ പാലയാട് ക്യാമ്പസിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് എന്നിവിടങ്ങളിലെ എം.ബി.എ. അഡ്മിഷന് വിദ്യാര്‍ഥികള്‍ക്കിടയില്‍ നല്ല പേരാണ്. ഇവയ്ക്ക് പുറമെ വിവിധ ജില്ലകളിലായി അമ്പതിലേറെ എം.ബി.എ. ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വേറെയുമുണ്ട്. സര്‍വകലാശാലയുടെ അംഗീകാരമുണ്ടോയെന്ന് ഉറപ്പുവരുത്തി വേണം ഇത്തരം സ്വകാര്യസ്ഥാപനങ്ങളില്‍ പഠനത്തിന് ചേരാന്‍
ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ മീഡിയ

അത്ഭുതങ്ങളുടെ കലയാണ് അനിമേഷന്‍. കൈ കൊണ്ടു വരച്ചെടുക്കുന്ന രൂപങ്ങള്‍ക്ക് ചലനശേഷി നല്‍കുന്ന മായാ വിദ്യയാണത്. മനുഷ്യനേത്രങ്ങള്‍ക്ക് സഹജമായുള്ള പെഴ്‌സിസ്റ്റന്‍സ് ഓഫ് വിഷന്‍ (Persistence of Vision ) എന്ന സിദ്ധിവിശേഷമാണ് അനിമേഷന്റെ മര്‍മം.

ചിത്രരചനയില്‍ കഴിവും കലാപരമായ താത്പര്യവുമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ തൊഴില്‍മേഖല കൂടിയാണിത്. വിനോദവ്യവസായം, ടെലിവിഷന്‍, വിദ്യാഭ്യാസം,വിനോദസഞ്ചാരം,പ്രസാധനം, വെബ്ഡിസൈനിങ് രംഗങ്ങളിലെല്ലാം ആയിരക്കണക്കിന് അനിമേഷന്‍ വിദഗ്ധര്‍ ഇപ്പോള്‍ ജോലിയെടുക്കുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വിപ്ലവകരമായ വികാസത്തോടെ കമ്പ്യൂട്ടര്‍ അനിമേഷന്‍ രംഗം വമ്പന്‍ കുതിപ്പുനടത്തിക്കഴിഞ്ഞു. പരസ്യവ്യവസായം നിലനില്‍ക്കുന്നത് തന്നെ അനിമേഷന്റെ സഹായത്തോടെയാണിപ്പോള്‍. സോഫ്റ്റ്‌വേര്‍ കമ്പനികളുടെ ദേശീയ സംഘടനയായ നാസ്‌കോമിന്റെ കണക്കനുസരിച്ച് ആഗോള അനിമേഷന്‍ വിപണിയില്‍ പ്രതിവര്‍ഷം11,25,000 കോടി രൂപയുടെ വ്യവസായം നടക്കുന്നുണ്ട്. അനിമേഷന്‍ വിപണിയുടെ ഒരുശതമാനം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് മൂന്ന് ശതമാനമായി ഉയര്‍ത്തിയാല്‍ തന്നെ ആഗോള അനിമേഷന്‍ വിപണിയില്‍ ഇന്ത്യയ്ക്ക് 42,000 കോടി രൂപയുടെ വ്യാപാരം നേടാന്‍ കഴിയും.

കൈയില്‍ വേണ്ടതെന്തൊക്കെ?

പ്ലസ്ടു യോഗ്യതയുള്ള ആര്‍ക്കും അല്പമൊന്ന് കഷ്ടപ്പെട്ടാല്‍ അനിമേഷന്‍ രംഗത്ത് ചുവടുറപ്പിക്കാനാകും. പക്ഷേ എല്ലാ പ്ലസ്ടുക്കാര്‍ക്കും അനിമേറ്ററാകാന്‍ സാധിച്ചെന്നുവരില്ല. കലയും സാങ്കേതികവിദ്യയും ഒരേയളവില്‍ കൂടിച്ചേരേണ്ട ജോലിയാണിത്. വരയ്ക്കാനും സ്‌കെച്ച് ചെയ്യാനുമുള്ള വിരുത്, ഹാസ്യബോധം, ഭാവനാശേഷി, നിരീക്ഷണപാടവം എന്നിവയൊക്കെയുള്ളവര്‍ക്കേ ഈ രംഗത്ത് ശോഭിക്കാനാകൂ. മണിക്കൂറുകളോളം ഒറ്റയിരിപ്പിന് ചിത്രങ്ങള്‍ വരച്ചുതീര്‍ക്കാനുള്ള ക്ഷമ കൂടി ഇക്കൂട്ടര്‍ക്ക് വേണം. ഫൈന്‍ ആര്‍ട്‌സ് ബിരുദമുള്ളവര്‍ക്ക് പഠനം എളുപ്പമാവും.

എന്തൊക്കെയാണ് കോഴ്‌സുകള്‍?

അനിമേഷനില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് മുതല്‍ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സ് വരെ പല സ്ഥാപനങ്ങളും നടത്തുന്നു. അനിമേഷനൊപ്പം ഗ്രാഫിക് ഡിസൈനിങും മള്‍ട്ടിമീഡിയയും കൂടി പഠിപ്പിക്കുന്നവയാണ് മിക്ക കോഴ്‌സുകളും. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അനിമേഷനില്‍ ഡിപ്ലോമ,ഡിഗ്രി കോഴ്‌സുകള്‍ക്ക് ചേരാം. അല്പം കമ്പ്യൂട്ടര്‍ പരിജ്ഞാനം കൂടി വേണമെന്ന് മാത്രം. അനിമേഷന്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കല്‍, സ്‌പെഷ്യല്‍ വിഷ്വല്‍ എഫക്ട്‌സ്, വീഡിയോഗെയിം പ്രൊഡക്ഷന്‍ എന്നിവയാണ് ഡിപ്ലോമ, ഡിഗ്രി കോഴ്‌സുകള്‍ക്ക് പഠിക്കാനുണ്ടാകുക. ടുഡി അനിമേഷനൊപ്പം ത്രി ഡി അനിമേഷനും പഠിപ്പിക്കുന്ന ചില സ്ഥാപനങ്ങളുണ്ട്.

പഠിക്കാം പുറത്തുപോയി

കേരളത്തിന് പുറത്ത് അനിമേഷന്‍ പഠിപ്പിക്കുന്ന മികച്ച സ്ഥാപനങ്ങളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഗുജറാത്തിലെ അഹമ്മദാബാദില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സംരംഭമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) തന്നെ. ഡിസൈനില്‍ നാലുവര്‍ഷത്തെ പ്രൊഫഷനല്‍ ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സാണ് എന്‍.ഐ.ഡിയിലുളളത്. കോഴ്‌സില്‍ ഗ്രാഫിക് ഡിസൈന്‍,അനിമേഷന്‍ ഫിലിം ഡിസൈന്‍, ഫിലിം ആന്‍ഡ് വീഡിയോ കമ്യൂണിക്കേഷന്‍ എന്നീ പാഠ്യവിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നു. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ദേശീയതലത്തില്‍ നടക്കുന്ന പൊതുപ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ക്ക്www.nid.edu എന്ന വെബ്‌സൈറ്റ് കാണുക.

ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ റാഞ്ചി ക്യാമ്പസില്‍ ബി.എസ്.സി. അനിമേഷന്‍ കോഴ്‌സും ജയ്പൂര്‍, നോയ്ഡ സെന്ററുകളില്‍ ബി.എസ്.സി. മള്‍ട്ടിമീഡിയ കോഴ്‌സും നടക്കുന്നുണ്ട്. ഇവിടെയും പ്ലസ്ടുവാണ് പ്രവേശന മാനദണ്ഡം. കൂടുതല്‍ വിവരങ്ങള്‍ക്ക്www.bitsmesra.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങിന്റെ (സി-ഡാക്) പൂനെ, മൊഹാലി സെന്ററുകളില്‍ അനിമേഷനില്‍ പരിശീലനം നല്‍കുന്നു.www.cdac.inഎന്ന വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ ലഭ്യമാണ്.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മായ അക്കാദമി ഓഫ് അഡ്വാന്‍സ്ഡ് സിനിമാറ്റിക് (മാക്) അനിമേഷന്‍ പഠനത്തിന് പേരുകേട്ട സ്വകാര്യസ്ഥാപനമാണ്. ഇഗ്‌നോവില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മാകില്‍ ത്രി ഡി അനിമേഷന്‍, മള്‍ട്ടിമീഡിയ, ഗ്രാഫിക്‌സ് ആന്‍ഡ് വെബ് ഡിസൈനിങ് എന്നീ വിഷയങ്ങളില്‍ ബിരുദകോഴ്‌സുകളുണ്ട്. ഡല്‍ഹിക്ക് പുറമെ മുംബൈ, പൂനെ, നാഗ്പൂര്‍ എന്നിവിടങ്ങളിലും മാക് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം നഗരങ്ങളിലും ഇപ്പോള്‍ മാക് ഫ്രാഞ്ചൈസികളുണ്ട്. വെബ്‌സൈറ്റ്:www.maacindia.com

ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ മാത്രമല്ല രാജ്യത്തിന് പുറത്തും പേരുകേട്ട അനിമേഷന്‍ പഠന ഇന്‍സ്റ്റിറ്റ്യൂട്ടുകളുണ്ട്. ഇംഗ്ലണ്ടിലെ വെയില്‍സ് യൂണിവേഴ്‌സിറ്റി, അമേരിക്കയിലെ ന്യൂയോര്‍ക്ക് ഫിലിം അക്കാദമി എന്നിവ ഉദാഹരണങ്ങള്‍.

പഠനം കേരളത്തില്‍

തൊണ്ണൂറുകളിലാണ് അനിമേഷന്‍ വ്യവസായം കേരളത്തിലെത്തുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച ടൂണ്‍സ് അനിമേഷനാണ് ഈ രംഗത്തെ സംസ്ഥാനത്തെ ആദ്യസംരംഭം. പിന്നെയും പത്തുവര്‍ഷങ്ങള്‍ കഴിഞ്ഞാണ് അനിമേഷന്‍ പഠനത്തിന് സംസ്ഥാനത്ത് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇന്നിപ്പോള്‍ സര്‍ക്കാര്‍ തലത്തിലും സ്വകാര്യമേഖലയിലുമായി നിരവധി അനിമേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ കേരളത്തിലുണ്ട്. ഇതില്‍ ഏറ്റവും പ്രമുഖ സ്ഥാപനംതിരുവനന്തപുരത്തെ ചിത്രാഞ്ജലി ഹില്‍സില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയാണ് (സി-ഡിറ്റ്).പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ (PGDMM), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ അനിമേഷന്‍ ഫിലിം ഡിസൈന്‍ എന്നിവയാണ് ഇവിടുത്തെ കോഴ്‌സുകള്‍. ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സുകള്‍ക്ക് ചേരാനുളള യോഗ്യത ബിരുദം/ത്രിവത്സര ഡിപ്ലോമ/ ഫൈന്‍ ആര്‍ട്‌സിലോ വിഷ്വല്‍ ആര്‍ട്‌സിലോ ദേശീയ/സംസ്ഥാനതല അംഗീകാരം എന്നതാണ്. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. വിശദവിവരങ്ങള്‍ക്ക് വെബ്:www.cdit.org

തിരുവനന്തപുരത്തെ ടൂണ്‍സ് അനിമേഷന്‍ അക്കാദമിയിലെ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ആര്‍ട്‌സ് ആന്‍ഡ് ആനിമേഷന്‍ കോഴ്‌സ് ഏറെ മികച്ചതാണ്. 12 മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടൂണ്‍സ് അനിമേഷന്‍ സ്റ്റുഡിയോവില്‍ ആറുമാസം ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ബി.എസ്.സി ഇന്‍ അനിമേഷന്‍ കോഴ്‌സും ടൂണ്‍സ് നടത്തുന്നു. ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഈ മൂന്നുവര്‍ഷത്തെ ബിരുദ കോഴ്‌സിന് പ്ലസ്ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം.

3D PIP പ്രൊഫഷണലുകള്‍ക്കായി ആറുമാസത്തെ കോഴ്‌സും ഇവിടെയുണ്ട്. കലാഭിരുചിയുണ്ടായിരിക്കണം. ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം/ഡിപ്ലോമ,പ്രവൃത്തിപരിചയം തുടങ്ങിയവയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. എഴുത്തുപരീക്ഷ, അഭിമുഖം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. വെബ്‌സൈറ്റ്: toonzacademy.com

കോട്ടയം ചങ്ങനാശ്ശേരിയിലെ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് കമ്യൂണിക്കേഷന്‍സില്‍ ബി.എ (അനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈനിങ്), ബി.എ. മള്‍ട്ടിമീഡിയ, എം.എ അനിമേഷന്‍. എം. എ ഗ്രാഫിക് ഡിസൈന്‍, എം.എ. (മള്‍ട്ടിമീഡിയ) എന്നീ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. വെബ്‌സൈറ്റ്:www.sjcc.in ഫോണ്‍: 04812722225.

തൊടുപുഴയിലെ ശാന്തിഗിരി കോളേജില്‍ ബി.എ. അനിമേഷന്‍ പഠനസൗകര്യമുണ്ട്. വെബ്‌സൈറ്റ്:www.santhigiricollege.com കൊച്ചി ഇടപ്പള്ളിയിലുള്ള അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ബി.എസ്‌സി. വിഷ്വല്‍ മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ കോഴ്‌സുണ്ട്. വെബ്‌സൈറ്റ്:www.amira.edu

കൊച്ചിയിലെ സെന്റ് ആല്‍ബര്‍ട്‌സ് കോളേജിലെ ടൂണ്‍ സ്‌കൂള്‍ അഡ്വാന്‍സ്ഡ് ആനിമേഷന്‍ അക്കാദമിയില്‍ ബി.എസ്‌സി. അനിമേഷന്‍ കോഴ്‌സ് നടത്തുന്നു. യോഗ്യത: പ്ലസ്ടു. അഭിരുചി പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വെബ്:www.toonskool.net

തിരുവനന്തപുരത്തെ ഡി.സി. മീഡിയ സ്‌കൂളില്‍ ചേര്‍ന്ന് പി.ജി. ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് അനിമേഷന്‍ ഡിസൈന്‍ കോഴ്‌സ് പഠിക്കാനാകും. ബിരുദമാണ് യോഗ്യത. വെബ്:dcsmatmediaschool.com

അനിമേഷന്‍ പഠനത്തിനുള്ള മറ്റൊരു സ്ഥാപനമാണ് കെല്‍ട്രോണ്‍ അനിമേഷന്‍ ക്യാമ്പസ്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം,ചങ്ങനാശ്ശേരി, പെരിന്തല്‍മണ്ണ, മല്ലപ്പള്ളി, തലശ്ശേരി,തൃശ്ശൂര്‍, തളിപ്പറമ്പ്,സുല്‍ത്താന്‍ബത്തേരി, വളാഞ്ചേരി, തൊടുപുഴ,ചെന്നൈ എന്നിവിടങ്ങളില്‍ പഠനകേന്ദ്രങ്ങളുണ്ട്. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് മള്‍ട്ടിമീഡിയ, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അനിമേഷന്‍,വി.എഫ്.എക്‌സ്., മള്‍ട്ടിമീഡിയ, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ത്രി ഡി അനിമേഷന്‍ ആന്‍ഡ് മോഡലിങ് തുടങ്ങിയ കോഴ്‌സുകളാണ് കാമ്പസ്സിലുള്ളത്. വെബ്:www.keltronanimation.com

സ്വകാര്യമേഖലയിലെ മികച്ച അനിമേഷന്‍ പഠനസ്ഥാപനമാണ് അരീന അനിമേഷന്‍ അക്കാദമി. കോഴിക്കോട്, കണ്ണൂര്‍, പെരിന്തല്‍മണ്ണ, പാലക്കാട്,തൃശ്ശൂര്‍, കൊച്ചി, തൊടുപുഴ, തിരുവല്ല, കൊല്ലം,തിരുവനന്തപുരം, കോട്ടയം,തിരൂര്‍ എന്നിവിടങ്ങളില്‍ അരീനയ്ക്ക് ശാഖകളുണ്ട്. വെബ്‌സൈറ്റ്:www.arena-mutimedia.com
ആര്‍ക്കിടെക്ചര്‍ എഞ്ചിനീയറിംഗ്

ബുര്‍ജ് ഖലീഫ. മേഘപാളികളെ തൊട്ടുകിടക്കുന്ന ഈ അംബരചുംബി കാണുന്നവരുടെയെല്ലാം മനസ് കീഴടക്കുമെന്ന കാര്യമുറപ്പ്. 163 നിലയുള്ള പടുകൂറ്റന്‍ കെട്ടിടത്തിന്റെ ബാഹ്യസൗന്ദര്യത്തേക്കാള്‍ അത് കെട്ടിപ്പൊക്കിയ എന്‍ജിനിയറിങ് മികവ് ആലോചിച്ചാണ് നിങ്ങള്‍ അതിശയം കൊള്ളുന്നതെങ്കില്‍ ഉള്ളിലെവിടെയോ ഒരു ആര്‍കിടെക്റ്റ് ഒളിഞ്ഞുകിടപ്പുണ്ടെന്നാണര്‍ഥം. കെട്ടിടങ്ങളുടെ രൂപകല്പനയില്‍ താത്പര്യമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ കരിയര്‍ സാധ്യതയാണ് ആര്‍ക്കിടെക്ചര്‍. ലോകത്ത് ഇന്ന് ഏറ്റവും വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന മേഖലകളിലൊന്നാണ് കെട്ടിടനിര്‍മാണം. ആസൂത്രിത നഗരവത്കരണവും ആഗോളീകരണവും കെട്ടിടനിര്‍മാണ വ്യവസായത്തിന് വന്‍കുതിപ്പ് നല്‍കിയിട്ടുണ്ട്. അവികസിത രാജ്യങ്ങള്‍ പോലും കൂറ്റന്‍ കെട്ടിടസമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ മത്സരിക്കുകയാണ്. അതുകൊണ്ടു തന്നെ പരിചയസമ്പന്നനായ ആര്‍കിടെക്റ്റിന് രാജ്യത്തിനകത്തും പുറത്തും ഇഷ്ടം പോലെ അവസരങ്ങളുണ്ട്. സ്വകാര്യമേഖലയില്‍ മാത്രമല്ല സര്‍ക്കാര്‍ വകുപ്പുകളിലും ഇപ്പോള്‍ ആര്‍കിടെക്റ്റിന് ജോലി സാധ്യത വര്‍ധിച്ചിരിക്കുന്നു. സ്വന്തമായി ആര്‍കിടെക്ചര്‍ സ്ഥാപനങ്ങള്‍ നടത്തുകയോ കണ്‍സള്‍ട്ടന്‍സിയായി പ്രവര്‍ത്തിക്കുകയോ ചെയ്യാനും അവസരമേറെ.

എന്താണീ ആര്‍ക്കിടെക്ചര്‍?

കെട്ടിടങ്ങളുടെ പ്ലാനിങ്, രൂപകല്പന,നിര്‍മാണം എന്നിവയുടെ സമഗ്രപഠനമാണ് ആര്‍ക്കിടെക്ചര്‍. സൃഷ്ടിപരവും കലാപരവുമായ ശേഷി, ചിത്രങ്ങള്‍ വരയ്ക്കാനുള്ള കഴിവ്,നിരീക്ഷണപാടവം,സൗന്ദര്യബോധം എന്നിവയുളളവര്‍ക്ക് ആര്‍ക്കിടെക്ചര്‍ കരിയറായി തിരഞ്ഞെടുക്കാം. ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി. ആര്‍ക്), മാസ്റ്റര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (എം.ആര്‍ക്) എന്നീ രണ്ടു കോഴ്‌സുകളാണ് ഈ രംഗത്ത് ചുവടുറപ്പിക്കാന്‍ പഠിക്കാനുള്ളത്. അഞ്ചുവര്‍ഷമാണ് ബി.ആര്‍ക് കോഴ്‌സിന്റെ കാലാവധി. മാത്തമാറ്റിക്‌സ് വിഷയമായി പഠിച്ച് അമ്പതുശതമാനത്തില്‍ കുറയാത്ത മാര്‍ക്കുമായി പ്ലസ്ടു ജയിച്ച ആര്‍ക്കും ബി.ആര്‍ക് പ്രവേശനത്തിന് അര്‍ഹതയുണ്ട്. ഇവര്‍ക്ക് 17 വയസ് പൂര്‍ത്തിയായിരിക്കണമെന്ന് മാത്രം. സാധാരണ എന്‍ജിനീയറിങ് കോളേജുകളില്‍ ബി.ആര്‍ക് കോഴ്‌സ് നടത്താറില്ല. ഇതിനായി പ്രത്യേക കോളേജുകളുണ്ട്. പ്രവേശനത്തിനായി പ്രത്യേകമായ എന്‍ട്രന്‍സ് പരീക്ഷയും എഴുതേണ്ടതുണ്ട്.

ബി.ആര്‍കിന് പ്രവേശനം കിട്ടാന്‍

കേരള എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് കണ്‍ട്രോളര്‍ നടത്തുന്ന പൊതു എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ എന്‍ജിനിയറിങ്, മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കുക. എന്നാല്‍ ബി.ആര്‍ക് കോഴ്‌സിന് നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ) എന്ന പേരിലുള്ള അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയെഴുതി കഴിവു തെളിയിക്കണം.ആര്‍ക്കിടെക്ചറല്‍ വിദ്യാഭ്യാസത്തിന്റെ ദേശീയനിയന്ത്രണ സംവിധാനമായ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറാണ് ‘നാറ്റ’ പരീക്ഷയുടെ സംഘാടകര്‍. പ്ലസ്ടുവിന്റെ മാര്‍ക്ക്, നാറ്റ സ്‌കോര്‍ എന്നിവ 50:50 അനുപാതത്തില്‍ വിലയിരുത്തിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. രണ്ട് ഭാഗങ്ങളാണ് എന്‍ട്രന്‍സ് പരീക്ഷയ്ക്കുണ്ടാകുക. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പേപ്പര്‍ അധിഷ്ഠിത വിവരണാത്മക എഴുത്തുപരീക്ഷയും ഒരു മണിക്കൂര്‍ നേരത്തെ ഓണ്‍ലൈന്‍ പരീക്ഷയും. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഴുത്തുപരീക്ഷയില്‍ കെട്ടിടങ്ങളുടെയും മറ്റ് വസ്തുക്കളുടെയും ചിത്രങ്ങള്‍ വരയ്ക്കാനുണ്ടാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൂന്ന് വിദഗ്ധരാണ് എഴുത്തുപരീക്ഷയിലെ ചിത്രങ്ങള്‍ വിലയിരുത്തി മാര്‍ക്കിടുക.

ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയില്‍ 40 മള്‍ട്ടിപ്പിള്‍ ചോയ്‌സ്‌ചോദ്യങ്ങളുണ്ടാകും. കെട്ടിടനിര്‍മാണത്തെക്കുറിച്ചുളള പ്രാഥമികവസ്തുതകള്‍, കെട്ടിടനിര്‍മാണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍,ഉദ്യോഗാര്‍ഥിയുടെ സൗന്ദര്യബോധവും നിരീക്ഷണപാടവും അളക്കുന്ന ചോദ്യങ്ങള്‍ എന്നിവയാണ് ഓണ്‍ലൈന്‍ പരീക്ഷയിലുണ്ടാകുക.പരീക്ഷയ്ക്ക് നെഗറ്റീവ് മാര്‍ക്കിങ് ഇല്ല. എത്ര തവണ വേണമെങ്കിലും‘നാറ്റ’പരീക്ഷയെഴുതാന്‍ അവസരമുണ്ട്.

‘നാറ്റ’ സ്‌കോര്‍ നേടിയാല്‍

‘നാറ്റ’ എന്‍ട്രന്‍സ് പരീക്ഷയില്‍ മിനിമം 40 ശതമാനം മാര്‍ക്ക് നേടിയാല്‍ ഉപരിപഠനത്തിനുള്ള യോഗ്യത ലഭിക്കും. രണ്ടുവര്‍ഷത്തേക്കാണ് ‘നാറ്റ’സ്‌കോര്‍ കാര്‍ഡിന് സാധുതയുള്ളത്. അതിനുള്ളില്‍ ഏതെങ്കിലും ആര്‍ക്കിടെക്ചര്‍ കോളേജില്‍ അഡ്മിഷന്‍ നേടിയിരിക്കണം. കേരള എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് കണ്‍ട്രോളര്‍ ബി.ആര്‍ക് പ്രവേശനത്തിനായി എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നില്ലെന്ന് മുമ്പേ പറഞ്ഞല്ലോ. എന്നാല്‍ ‘നാറ്റ’ യോഗ്യത നേടിയവര്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. വിവിധ കോളേജുകളിലെ ബി.ആര്‍ക് മെറിറ്റ് സീറ്റുകളിലേക്കുളള അലോട്ട്‌മെന്റ്, കൗണ്‍സലിങ് എന്നിവ എന്‍ട്രന്‍സ് കമ്മീഷണറുടെ നേതൃത്വത്തിലാണ് നടക്കുക. മാനേജ്‌മെന്റ് സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ വിവിധ കോളേജുകളില്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം.

പഠനം കേരളത്തില്‍

കേരളത്തില്‍ വിവിധ സര്‍ക്കാര്‍,സ്വകാര്യ കോളേജുകളും ആര്‍ക്കിടെക്ചര്‍ സ്‌കൂളുകളും ബി.ആര്‍ക് കോഴ്‌സ് നടത്തുന്നുണ്ട്. നാറ്റ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് ഇവിടങ്ങളിലെ പ്രവേശനം. സ്വകാര്യകോളേജുകളില്‍ പ്രവേശനം നേടും മുമ്പ് അവിടുത്തെ കോഴ്‌സിന് ഏതെങ്കിലും സര്‍വകലാശാലയുടെയും കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറിന്റെയും അംഗീകാരമുണ്ടെന്ന് ഉറപ്പുവരുത്തണം. കോളേജ് ഓഫ് എന്‍ജിനീയറിങ് (സി.ഇ.ടി.), ശ്രീകാര്യം, തിരുവനന്തപുരം (40സീറ്റുകള്‍), ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ്, തൃശൂര്‍ (40), കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍,വെള്ളനാട്, തിരുവനന്തപുരം (120), ടി.കെ.എം. കോളേജ് ഓഫ് എന്‍ജിനീയറിങ്,കൊല്ലം (80), ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്ലം (40),രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, പാമ്പാടി, കോട്ടയം (40),ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചര്‍, പാലക്കാട് (40), ഹോളി ക്രസന്റ് കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, ആലുവ (40), ഏഷ്യന്‍ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, വൈറ്റില, കൊച്ചി (40), സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍, മൂവാറ്റുപുഴ (40),കെ.എം.ഇ.എ. കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, കുഴിവേലിപ്പടി, ആലുവ (40), ഐ.ഇ.എസ്. കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, ചിറ്റിലപ്പള്ളി, തൃശൂര്‍ (40), തേജസ് കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, തൃശൂര്‍ (40), സ്‌നേഹ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍,പാലക്കാട് (40), ദേവകി അമ്മാസ് ഗുരുവായൂരപ്പന്‍ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, ചേലേമ്പ്ര, മലപ്പുറം (40), എം.ഇ.എസ്. കോളേജ് ഓഫ് എന്‍ജിനീയറിങ്, കുറ്റിപ്പുറം (40), അല്‍-സലാമ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചര്‍,പെരിന്തല്‍മണ്ണ, മലപ്പുറം (40), വേദവ്യാസ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, മലപ്പുറം (40),ഏറനാട് നോളേജ് സിറ്റി കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, മഞ്ചേരി, മലപ്പുറം (40),കെ.എം.സി.ടി. കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, മണാശേരി, കോഴിക്കോട് (40), കെ.എം.സി.ടി. കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, കളന്‍തോട്, കോഴിക്കോട് (40),എം.ഇ.എസ്. കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍,കക്കോടി, കോഴിക്കോട് (40), എന്നീ സ്ഥാപനങ്ങളിലാണ് നിലവില്‍ ബി.ആര്‍ക് കോഴ്‌സ് നടക്കുന്നത്.

കേരളത്തിന് പുറത്ത്

കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളില്‍ മികച്ച രീതിയില്‍ ബി.ആര്‍ക് കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങളും സര്‍വകലാശാലകളുമുണ്ട്.ന്യൂഡല്‍ഹിയിലെ ദി സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍,മുംബൈയിലെ ബല്‍വന്ത് സേത്ത് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍,പനാജിയിലെ ഗോവ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റി, ഭാരത് യൂണിവേഴ്‌സിറ്റി, ഹിന്ദുസ്ഥാന്‍ യൂണിവേഴ്‌സിറ്റി, എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റി, മണിപ്പാലിലെ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി എന്നിവ ഉദാഹരണം. ബി.ആര്‍ക് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് എം.ആര്‍ക് എന്ന ഉപരിപഠനസാധ്യതയും ഈ സ്ഥാപനങ്ങള്‍ ഒരുക്കുന്നു. ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍,അര്‍ബന്‍ ഡിസൈന്‍, ലാന്‍ഡ്‌സ്‌കേപ്പ് ആര്‍ക്കിടെക്ചര്‍, ടൗണ്‍ പ്ലാനിങ് ആന്‍ഡ് അര്‍ബന്‍ പ്ലാനിങ്,ബില്‍ഡിങ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റ്,ട്രാന്‍സ്‌പോര്‍ട് പ്ലാനിങ് എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും സ്‌പെഷലൈസ് ചെയ്തുകൊണ്ടാണ് എം.ആര്‍ക് കോഴ്‌സ് പൂര്‍ത്തിയാക്കേണ്ടത്.
നിയമ പഠനം

മുമ്പ് സിവില്‍, ക്രിമിനല്‍ എന്നിങ്ങനെ രണ്ടു സാധ്യതകള്‍ മാത്രമായിരുന്നു വക്കീല്‍മാരുടെ മുമ്പിലുണ്ടായിരുന്നത്. ഇന്നങ്ങനെയല്ല കാര്യങ്ങള്‍. കോര്‍പ്പറേറ്റ്, സൈബര്‍ക്രൈം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി,കോപ്പിറൈറ്റ്, ലീഗല്‍ പ്രൊസസ് ഔട്ട്‌സോഴ്‌സിങ് (എല്‍പിഒ) രംഗങ്ങളിലെല്ലാം അഭിഭാഷകര്‍ക്ക് ജോലിസാധ്യതകളുണ്ട്. ബാങ്കുകളും മറ്റ് പൊതുമേഖലാസ്ഥാപനങ്ങളുമെല്ലാം എല്‍.എല്‍.ബിക്കാരെ പ്രത്യേകമായി ഓഫീസര്‍ തസ്തികയിലേക്ക് റിക്രൂട്ട് ചെയ്യുന്നു. നന്നായി എഴുതാനും സംസാരിക്കാനുമുള്ള കഴിവ്, കേള്‍വിക്കാരില്‍ നിന്ന് കാര്യങ്ങള്‍ ഗ്രഹിെച്ചടുക്കാനുള്ള സാമര്‍ഥ്യം, അപഗ്രഥനശേഷി എന്നിവയുള്ളവര്‍ക്ക് അഭിഭാഷകവൃത്തി കരിയറായി തിരഞ്ഞെടുക്കാം. ആളുകളോട് നന്നായി ഇടപഴകാനുള്ള കഴിവ്, മികച്ച വായന,അധികസമയം ജോലി ചെയ്യാനുള്ള ശേഷി എന്നിവയും വേണം.

രണ്ട് വിഭാഗത്തിലുള്ള കോഴ്‌സുകളാണ് പ്രധാനമായും ഈ രംഗത്തുള്ളത്.- ത്രിവത്സര എല്‍എല്‍ബി കോഴ്‌സും പഞ്ചവത്സര എല്‍എല്‍ബി കോഴ്‌സും. പഞ്ചവത്സരകോഴ്‌സുകള്‍ക്ക് ഇന്റഗ്രേറ്റഡ് എല്‍എല്‍ബി കോഴ്‌സ് എന്നും പേരുണ്ട്. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ആര്‍ക്കും ത്രിവത്സര എല്‍എല്‍ബി കോഴ്‌സിന് േചരാം. പഞ്ചവത്സര എല്‍എല്‍ബി കോഴ്‌സിന് ചേരാന്‍ പ്ലസ്ടുവാണ് യോഗ്യത.

രാജ്യത്തെ ഏതാണ്ടെല്ലാ സര്‍വകലാശാലകളുടെയും കീഴില്‍ ഇന്റഗ്രേറ്റഡ് എല്‍എല്‍ബി കോഴ്‌സ് നടക്കുന്നുണ്ട്.

നാഷണല്‍ ലോ സ്‌കൂള്‍

നിയമപഠനത്തിനായി രാജ്യത്ത് നിലവിലുളള ഏറ്റവും മികച്ച സ്ഥാപനങ്ങളാണ് നാഷണല്‍ ലോ സ്‌കൂള്‍ യൂണിവേഴ്‌സിറ്റികള്‍. കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സ്വയംഭരണസ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങുന്നവരെ മികച്ച തൊഴിലവസരങ്ങള്‍ കാത്തിരിക്കുന്നു. ആദ്യമായി നാഷണല്‍ ലോ സ്‌കൂള്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കപ്പെടുന്നത് 1986ല്‍ ബാംഗ്ലൂരിലാണ്. പിന്നീട് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി 15 നാഷണല്‍ ലോ സ്‌കൂളുകള്‍ കൂടി സ്ഥാപിക്കപ്പെട്ടു. ഭോപ്പാല്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, ജോധ്പുര്‍,ഗാന്ധിനഗര്‍, ലക്‌നൗ, പട്യാല, റായ്പുര്‍, കട്ടക്ക്,കൊച്ചി, പാട്‌ന,വിശാഖപ്പട്ടണം, ശ്രീരംഗം, റാഞ്ചി, ഗുവാഹാട്ടി എന്നിവിടങ്ങളിലാണിവ. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (ന്യുവാല്‍സ്) എന്നതാണ് കൊച്ചി കളമശേരിയില്‍ പ്രവര്‍ത്തിക്കുന്ന ലോ സ്‌കൂളിന്റെ പേര്. കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) എന്ന പേരില്‍ അറിയപ്പെടുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവിടെയെല്ലാം പ്രവേശനം നടക്കുന്നത്. 50 ശതമാനം മാര്‍ക്കോടെ (എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും 45ശതമാനം) പ്ലസ്ടു പാസായവര്‍ക്കും പ്ലസ്ടു അവസാനവര്‍ഷപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

ക്ലാറ്റ് പരീക്ഷയെ അറിയാം

എല്ലാവര്‍ഷവും ഡിസംബറിലാണ് ക്ലാറ്റ് പരീക്ഷാവിജ്ഞാപനം പുറത്തിറങ്ങാറ്. മെയ് മാസത്തില്‍ പരീക്ഷ നടക്കും. ആകെ 200മാര്‍ക്കിന്റെ ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടാകുക. ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍ (40 മാര്‍ക്ക്), ജനറല്‍ നോളേജ് ആന്‍ഡ് കറന്റ് അഫേഴ്‌സ് (50 മാര്‍ക്ക്),എലിമെന്ററി മാത്തമാറ്റിക്‌സ് (20 മാര്‍ക്ക്), ലീഗല്‍ ആപ്റ്റിറ്റിയൂഡ് ( 50 മാര്‍ക്ക്), ലോജിക്കല്‍ റീസണിങ് ( 40 മാര്‍ക്ക്) എന്നീ വിഷയങ്ങളില്‍ നിന്ന് ചോദ്യങ്ങളുണ്ടാകും. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുമുണ്ട്. കേരളത്തില്‍ കൊച്ചിയാണ് ഏക പരീക്ഷാകേന്ദ്രം. കൂടുതല്‍ വിവരങ്ങള്‍ക്ക്www.clat.ac.in എന്ന വെബ്‌സൈറ്റ് കാണുക.

നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി

നാഷണല്‍ ലോ സ്‌കൂളുകള്‍ക്കൊപ്പം തന്നെ ദേശീയ നിലവാരമുളള നിയമവിദ്യാലയമാണ് ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി. ഓള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് ടെസ്റ്റ് (എഐഎല്‍ഇടി) എന്ന പേരിലുള്ള പ്രത്യേക എന്‍ട്രന്‍സ് പരീക്ഷയെഴുതി യോഗ്യത തെളിയിച്ചാല്‍ മാത്രമേ ഇവിടെ പ്രവേശനം ലഭിക്കൂ. 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയെഴുതാം. കൊച്ചി പരീക്ഷാകേന്ദ്രമാണ്. 80 സീറ്റുകള്‍ ഇവിടെയുണ്ട്. അഞ്ചുവര്‍ഷത്തെ എല്‍എല്‍ബി ഹോണേഴ്‌സ് കോഴ്‌സിന് പുറമെ എല്‍എല്‍എം, പിഎച്ച്ഡി കോഴ്‌സുകളും നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്നു.

നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിക്ക് പുറമെ പൂനെയിലെ സിംബിയോസിസ് ലോ സ്‌കൂള്‍,ഡല്‍ഹിയിലെ അമിറ്റി ലോ സ്‌കൂള്‍,ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ലോ എന്നിവിടങ്ങളിലും മികച്ച രീതിയില്‍ എല്‍എല്‍ബി കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രത്യേകം എന്‍ട്രന്‍സ് പരീക്ഷകളിലൂടെയായിരിക്കും ഇവിടങ്ങളിലെ പ്രവേശനം.

നിയമപഠനം കേരളത്തില്‍

മൂന്ന് സര്‍വകലാശാലകളുടെ കീഴിലായി നാല് സര്‍ക്കാര്‍ ലോ കോളേജുകളാണ് സംസ്ഥാനത്തുള്ളത്. തിരുവനന്തപുരം, എറണാകുളം,തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണിവ. ത്രിവത്സര, പഞ്ചവത്സര എല്‍എല്‍ബി കോഴ്‌സുകള്‍ ഇവിടങ്ങളില്‍ നടക്കുന്നുണ്ട്. ത്രിവത്സര കോഴ്‌സിന് ഓരോ കോളേജിലും100 സീറ്റുകള്‍ വീതമായി ആകെ 400 സീറ്റുകളുണ്ട്. കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഡിഗ്രി യോഗ്യതയുള്ളവര്‍ക്കേ എഴുത്തുപരീക്ഷയ്ക്കിരിക്കാനാവൂ.

പഞ്ചവത്സര കോഴ്‌സിന് ഓരോ കോളേജിലെയും 80 സീറ്റുകള്‍ വീതം ആകെ 320 സീറ്റുകളിലേക്ക് പ്രത്യേകമായൊരു എന്‍ട്രന്‍സ് പരീക്ഷയും നടക്കും. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് പരീക്ഷയെഴുതാം. ജൂണ്‍-ജൂലൈ മാസങ്ങളിലാണ് എല്‍.എല്‍.ബി. പൊതു എന്‍ട്രന്‍സ് പരീക്ഷ നടക്കാറ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cee-kerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്, എം.ജി. യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്,കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് എന്നിവയാണ് സര്‍വകലാശാലകള്‍ നേരിട്ടുനടത്തുന്ന നിയമപഠന കേന്ദ്രങ്ങള്‍. അതതു സര്‍വകലാശാലകള്‍ നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷന്‍.

സ്വകാര്യ ലോ കോളേജുകള്‍

കേരളത്തിലെ വിവിധ ജില്ലകളിലായി സ്വകാര്യമേഖലയില്‍ നിയമപഠനത്തിനുള്ള അവസരമുണ്ട്. വിവിധ സര്‍വകലാശാലകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്വകാര്യ ലോ കോളേജുകളിലെ 50 ശതമാനം സീറ്റുകള്‍ കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കായി മാറ്റിവച്ചതാണ്. ബാക്കി 50 ശതമാനം സീറ്റുകളിലേക്ക് അതത് കോളേജ് മാനേജ്‌മെന്റുകളാണ് അഡ്മിഷന്‍ നടത്തുക. കേരളത്തിലെ സ്വകാര്യലോകോളേജുകളുടെ പട്ടിക.

1. മര്‍കസ് ലോ കോളേജ്, കോഴിക്കോട്

2. ഭവന്‍സ് പല്‍ക്കിവാല അക്കാദമി ഫോര്‍ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്, രാമനാട്ടുകര, മലപ്പുറം

3. കെ.എം.സി.ടി. ലോ കോളേജ്, കുറ്റിപ്പുറം, മലപ്പുറം

4. എസ്എന്‍ ലോ കോളേജ്, എറണാകുളം

5. ഭാരത് മാതാ കോളേജ് ഓഫ് ലീഗല്‍ സ്റ്റഡീസ്, എറണാകുളം

6. സിഎസ്‌ഐ കോളേജ് ഫോര്‍ ലീഗല്‍ സ്റ്റഡീസ്, ഏറ്റുമാനൂര്‍, കോട്ടയം

7. കോ-ഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോ, ഇടുക്കി

8. അല്‍-അല്‍ഹര്‍ ലോ കോളേജ്, ഇടുക്കി

9. മൗണ്ട് സിയോണ്‍ ലോ കോളേജ്, കോന്നി, പത്തനംതിട്ട

10. എന്‍.എസ്.എസ്. ലോ കോളേജ്, കൊല്ലം

11. ശ്രീനാരായണഗുരു കോളേജ് ഫോര്‍ ലീഗല്‍ സ്റ്റഡീസ്, കൊല്ലം

12. മാര്‍ ഗ്രിഗോറിയസ് കോളേജ് ഓഫ് ലോ, തിരുവനന്തപുരം

13. സി.എസ്.ഐ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസ്, തിരുവനന്തപുരം .

മര്‍കസ് ലോ കോളെജ്

മര്‍ക്കസിന്റെ കീഴില്‍ കോഴിക്കോട്ട് കാരന്തൂരില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ലോ കോളേജിലേക്കുള്ള പ്രവേശനം ജൂണില്‍ ആരംഭിക്കും.

അഞ്ചുവര്‍ഷത്തെ ബിബിഎ, എല്‍എല്‍ബി കോഴ്‌സും മൂന്ന് വര്‍ഷത്തെ എല്‍എല്‍ബി കോഴ്‌സുമാണ് മര്‍കസ് ലോ കോളേജിലുള്ളത്. അഞ്ചുവര്‍ഷ കോഴ്‌സിന് 60 സീറ്റുകളും മൂന്ന് വര്‍ഷത്തെ കോഴ്‌സിന് 50സീറ്റുകളുമുണ്ട്. ഇതില്‍ പകുതി സീറ്റുകള്‍ പൊതുഎന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കായി മാറ്റിവച്ചിരിക്കുന്നു. ബാക്കി സീറ്റുകളിലേക്ക് മാനേജ്‌മെന്റ് അഡ്മിഷന്‍ നടത്തും. ദേശീയ ന്യൂനപക്ഷകമ്മീഷന്‍ ചെയര്‍മാനും മുന്‍ നിയമ കമ്മീഷന്‍ അംഗവുമായ ഡോ. താഹിര്‍ മഹ്മൂദിന്റെ മേല്‍നോട്ടത്തിലാണ് കോഴ്‌സ് നടക്കുന്നത്. പ്രൊഫ. പിഎസ് ഗോപിയാണ് പ്രിന്‍സിപ്പല്‍
കാലിഗ്രാഫിസ്റ്റ്

ആരെങ്കിലും മുന്‍കൂട്ടി തയ്യാറാക്കിയ ഫോണ്ടില്‍ എഴുതുകയല്ലാതെ പുതിയൊരു ഫോണ്ട് സൃഷ്ടിക്കാന്‍ ഒരു കമ്പ്യൂട്ടറിനുമാകില്ല. അങ്ങനെയൊരു പുതിയ ഫോണ്ടുണ്ടാക്കണമെങ്കില്‍ ‘കാലിഗ്രാഫിസ്റ്റ്’ എന്ന കൈയക്ഷരവിദഗ്ധന്റെ സേവനം കൂടിയേ തീരൂ. അവിടെയാണ് കാലിഗ്രാഫി എന്ന കലാരൂപത്തിന്റെ പ്രാധാന്യം.

കാലിഗ്രാഫിസ്റ്റ് ചെയ്യുന്നതെന്ത്?

അച്ചടിയും കമ്പ്യൂട്ടര്‍ ടൈപ്പ്‌സെറ്റിങുമൊക്കെ ആകാശം മുട്ടെ വളര്‍ന്നിരിക്കുന്ന പുതിയ കാലത്ത് കാലിഗ്രാഫിസ്റ്റിന്റെ ജോലി എന്താണ്? ഒരുപാട് ജോലികളുണ്ടിവര്‍ക്ക് എന്നതാണ് ഉത്തരം. കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാന്‍ വേണ്ടി പുതിയ ഫോണ്ടുകളും സ്‌റ്റൈലുകളും രൂപകല്പന ചെയ്യുക എന്നതാണ് കാലിഗ്രാഫിസ്റ്റുകളുടെ പ്രധാനജോലി. ഓരോ ദിനപത്രവും വ്യത്യസ്തമായ അക്ഷരശൈലികള്‍ ഉപയോഗിക്കുന്നതു കണ്ടിട്ടില്ലേ? കാലിഗ്രാഫിസ്റ്റുകളുടെ മാസങ്ങള്‍ നീണ്ട അധ്വാനത്തിന്റെ ഫലമാണത്. വിവാഹക്ഷണക്കത്തുകളിലെ വ്യത്യസ്തമായ എഴുത്തിനും ഡിഗ്രി, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകളില്‍ മനോഹരമായി എഴുതാനുമൊക്കെ കാലിഗ്രാഫിസ്റ്റുകളുടെ സേവനം കൂടിയേ തീരൂ. കമ്പനികളുടെ ലെറ്റര്‍ സ്‌റ്റൈല്‍, ലോഗോ എന്നിവയും കാലിഗ്രാഫിസ്‌ററുകളെ കൊണ്ട് ചെയ്യിക്കുന്നവരുണ്ട്. ലോകത്തിലെ മുന്‍നിര വിമാനക്കമ്പനിയായ എമിറേറ്റ്‌സിന്റെ ലോഗോയും കാലിഗ്രാഫിയില്‍ തീര്‍ത്തതാണ്. അതുപോലെ ഒട്ടനവധി കമ്പനികള്‍ കാലിഗ്രാഫിസ്റ്റിന്റെ സഹായത്തോടെ തങ്ങളുടെ ബ്രാന്‍ഡ്‌നാമങ്ങള്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പരസ്യഏജന്‍സികളെല്ലാം കാലിഗ്രാഫി അറിയുന്നവരെ ജോലിക്കെടുക്കാന്‍ ശ്രദ്ധിക്കുന്നു. മനോഹരമായ രീതിയില്‍ അക്ഷരങ്ങളെഴുതാനറിയുന്നവര്‍ക്ക് പതിനായിരങ്ങള്‍ പ്രതിമാസശമ്പളം ലഭിക്കുമെന്ന കാര്യം ഉറപ്പ്.

കൈയില്‍ വേണ്ടതെന്ത്?

മറ്റുകരിയറുകള്‍ക്കെന്ന പോലെ എസ്.എസ്.എല്‍.സിയുടെ മാര്‍ക്ക് ശതമാനവും പ്ലസ്ടു മാര്‍ക്കുമൊന്നുമല്ല കാലിഗ്രാഫി പഠിക്കാനുള്ള മാനദണ്ഡം. വൃത്തിയായി അക്ഷരങ്ങള്‍ എഴുതാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ രംഗത്തേക്ക് ധൈര്യപൂര്‍വം പ്രവേശിക്കാം. പത്താം ക്ലാസ് തോറ്റവര്‍ക്കുപോലും കാലിഗ്രാഫിസ്റ്റാകാന്‍ തടസ്സങ്ങളില്ല.

കൈയ്യക്ഷരമികവിനൊപ്പം മറ്റുചില കഴിവുകള്‍ കൂടിയുണ്ടെങ്കിലേ മികച്ച കാലിഗ്രാഫിസ്റ്റായി പേരെടുക്കാന്‍ സാധിക്കൂ. കൈവിറയ്ക്കാതെ ബ്രഷ് പിടിക്കാനുള്ള ശേഷി, മണിക്കൂറുകളോളം കുത്തിയിരുന്ന് ജോലി ചെയ്യാനുള്ള ക്ഷമ, ആശയങ്ങളെയും ചിന്തകളെയും അക്ഷരങ്ങളിലേക്കും വാക്കുകളിലേക്കും പകര്‍ത്താനുള്ള ബുദ്ധി, കലാവാസന എന്നിവയും ഇക്കൂട്ടര്‍ക്ക് അത്യാവശ്യം. ചിത്രം വരയ്ക്കാനുള്ള കഴിവ് നിര്‍ബന്ധമല്ലെങ്കിലും പേരുകേട്ട കാലിഗ്രാഫിസ്റ്റുകളെല്ലാം കലാകാരന്‍മാര്‍ കൂടിയാണ് എന്നതൊരു യാഥാര്‍ഥ്യമാണ്. ചിത്രംവരയ്ക്കാന്‍ കഴിവുളളവരുടെ കൈയക്ഷരം ചിലപ്പോള്‍ മോശമായിരിക്കും. അങ്ങനെയുളളവര്‍ വിഷമിക്കേണ്ട, ഏതെങ്കിലും കാലിഗ്രാഫിസ്റ്റിന്റെ കീഴില്‍ പരിശീലനം നടത്തി കൈയക്ഷരം നന്നാക്കാവുന്നതേയുള്ളൂ.

കടലാസില്‍ മാത്രമല്ല കമ്പ്യൂട്ടര്‍ സ്‌ക്രീനിലും വരയ്‌ക്കേണ്ടിവരും പുതിയ കാലിഗ്രാഫിസ്റ്റുകള്‍ക്ക്. അതിന് വേണ്ട ചില സോഫ്റ്റ്‌വേര്‍ പ്രോഗ്രാമുകളിലും ഇവര്‍ പരിശീലനം നേടേണ്ടതുണ്ട്.

എവിടെ പഠിക്കണം?

അക്കാദമിക് യോഗ്യതകളല്ല കാലിഗ്രാഫിസ്റ്റിന്റെ കഴിവ് നിര്‍ണയിക്കുന്നത്. അതുകൊണ്ടാകാം രാജ്യത്തെ സര്‍വകലാശാലകളിലോ കോളേജുകളിലോ കാലിഗ്രാഫി ഒരു പ്രത്യേക വിഷയമായി പഠിപ്പിക്കുന്നില്ല. ബി.എ. ഫൈന്‍ ആര്‍ട്‌സ് പഠിക്കുന്ന വിദ്യാര്‍ഥികളെ കാലിഗ്രാഫിയുടെ അടിസ്ഥാനതത്ത്വങ്ങളായ സ്‌ക്രിപ്റ്റ്, ഫോണ്ടുകള്‍,സ്‌ട്രോക്കുകള്‍ എന്നിവയെക്കുറിച്ച് പഠിപ്പിക്കുന്നു. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറുകണക്കിന് സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ കാലിഗ്രാഫിയില്‍ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ഓണ്‍ലൈന്‍ രീതിയിലും വിദൂരവിദ്യാഭ്യാസക്രമത്തിലും ഈ സ്ഥാപനങ്ങളില്‍ നിന്ന് കാലിഗ്രാഫി പഠിക്കാം. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ് (ഐ.ജി.എന്‍.സി.എ.),ന്യൂഡല്‍ഹിയിലെ തന്നെ കാലിഗ്രാഫി ഇന്ത്യ, മുംബെയിലെ അച്യുത് പല്ലവ് സ്‌കൂള്‍ ഓഫ് കാലിഗ്രാഫി, മുംബെയിലെ തന്നെ വിക്രാന്ത് കാരിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട്, നാഗ്പൂരിലെ ആര്‍ട്ടിസ്റ്റിക് കാലിഗ്രാഫി, ഇന്‍ഡോറിലെ റൈറ്റ് റൈറ്റ്, ബാംഗ്ലൂരിലെ ശ്രീ യോഗേശ്വരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌റൈറ്റിങ് എന്നിവ ഈ മേഖലയിലെ പ്രമുഖ പരിശീലനകേന്ദ്രങ്ങളാണ്. കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലും കാലിഗ്രാഫി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രായഭേദമന്യെ ഇവിടങ്ങളിലൊക്കെ ആളുകള്‍ പരിശീലനത്തില്‍ ഏര്‍പ്പെടുന്നുമുണ്ട്. കാലിഗ്രാഫിയില്‍ വിദഗ്ധപരിശീലനം നല്‍കുന്നതിനേക്കാള്‍ കൈയക്ഷരം നന്നാക്കുന്ന കോഴ്‌സ് നടത്താനാണ് നമ്മുടെ നാട്ടിലെ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ശ്രദ്ധവെക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടുത്തെ സ്ഥാപനങ്ങളില്‍ കോഴ്‌സ് കഴിഞ്ഞിറങ്ങുന്നവര്‍ക്ക് തൊഴിലവസരങ്ങള്‍ കാര്യമായി ലഭിക്കുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. സര്‍ക്കാര്‍ തലത്തിലോ ഫൈന്‍ ആര്‍ട്‌സ് കോളേജുകളുടെ നേതൃത്വത്തിലോ കാലിഗ്രാഫി കോഴ്‌സുകള്‍ തുടങ്ങിയാല്‍ മാത്രമേ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകൂ.

എവിടെ പഠിച്ചിറങ്ങുന്നു എന്നതിനേക്കാള്‍ ഈ കലാരൂപത്തോടുള്ള താത്പര്യവും അഭിനിവേശവും തന്നെയാണ് മികച്ച കാലിഗ്രാഫിസ്റ്റിനെ സൃഷ്ടിക്കുക. ഓണ്‍ലൈനായി കോഴ്‌സ് പൂര്‍ത്തിയാക്കി വീട്ടിലിരുന്ന് മാസങ്ങളോളം പരിശീലനം നടത്തിയാലും നല്ല കാലിഗ്രാഫിസ്റ്റാകാന്‍ സാധിക്കും.

വരയിലെ ജോലി സാധ്യതകള്‍

ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്തവര്‍ക്കറിയാം കാലിഗ്രാഫിക്ക് അറബ് സമൂഹം നല്‍കുന്ന ആദരവും പരിഗണനയും. അറബിക് അക്ഷരങ്ങളുടെ രൂപസൗകുമാര്യം കൊണ്ടാകാം കാലിഗ്രാഫിലെഴുതിയ അറബി വാക്കുകളുടെ ഭംഗി ഒന്ന് വേറെത്തന്നെയാണ്. കാലിഗ്രാഫി ശൈലിയില്‍ തീര്‍ത്ത വിശുദ്ധ ഖുര്‍ആന്‍ സ്വന്തമാക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു. പക്ഷിമൃഗാദികളുടെ ആകൃതിയില്‍ സ്വന്തം പേര് അറബിയിലെഴുതിക്കുക എന്നതും അന്നാട്ടുകാരുടെ ഇഷ്ടവിനോദമാണ്. ലോകത്തിലെ എണ്ണം പറഞ്ഞ കാലിഗ്രാഫിസ്റ്റുകളെല്ലാം അറബ്‌നാടുകളില്‍ പതിവായി സന്ദര്‍ശനം നടത്തി അവിടെ കാലിഗ്രാഫി പ്രദര്‍ശനങ്ങള്‍ നടത്താറുണ്ട്. പല കലാകാരന്‍മാര്‍ക്കും ഗള്‍ഫില്‍ സ്വന്തമായി സ്റ്റുഡിയോകളുമുണ്ട്.

മലയാളികളായ ധാരാളം പേര്‍ ഗള്‍ഫില്‍ കാലിഗ്രാഫി ആര്‍ടിസ്‌ററുകളായി ജോലി നോക്കുന്നുണ്ട്. ഗള്‍ഫിലെ പരസ്യമേഖലയിലും ധാരാളം കാലിഗ്രാഫിസ്റ്റുകള്‍ തൊഴിലെടുക്കുന്നു.

ഗള്‍ഫില്‍ മാത്രമല്ല കേരളത്തിലും കാലിഗ്രാഫിസ്റ്റുകള്‍ക്ക് പ്രിയം കൂടിവരികയാണ്. വിവാഹക്ഷണക്കത്തുകള്‍ കാലിഗ്രാഫിസ്‌ററുകളെക്കൊണ്ട് രൂപകല്പന ചെയ്യിക്കുന്നതാണ് ഏറ്റവും പുതിയ ട്രെന്‍ഡ്. വി.ഐ.പി. കല്യാണങ്ങളിലെല്ലാം കാലിഗ്രാഫിയില്‍ തീര്‍ത്ത ക്ഷണക്കത്തുകള്‍ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. പോസ്റ്ററുകള്‍, സിനിമാടൈറ്റിലുകള്‍, വിസിറ്റിങ് കാര്‍ഡുകള്‍ എന്നിവയും കാലിഗ്രാഫിയില്‍ ചെയ്യുന്നവരുണ്ട്. കോംപ്ലിമെന്റായി നല്‍കുന്ന സെറാമിക് പ്ലെയിറ്റുകളിലും ഗ്ലാസുകളിലും വരെ കമ്പനികള്‍ കാലിഗ്രാഫി ശൈലിയില്‍ തങ്ങളുടെ ബ്രാന്‍ഡ് നാമം എഴുതിച്ചേര്‍ക്കുന്നുണ്ട്. മറ്റുജോലികള്‍ ചെയ്യുന്നവര്‍ക്ക് പാര്‍ട്ട്‌ടൈമായി കാലിഗ്രാഫി കൂടി ചെയ്ത് അധികവരുമാനം കണ്ടെത്താവുന്നതാണ്.

എന്താണീ കാലിഗ്രാഫി?

അച്ചടിയന്ത്രവും കമ്പ്യൂട്ടറുകളും കണ്ടുപിടിക്കുന്നതിന് മുമ്പ് രേഖകളെല്ലാം കൈയെഴുത്തു പ്രതികളായിട്ടായിരുന്നു തയ്യാറാക്കിയത്. മതഗ്രന്ഥങ്ങളും ചരിത്രരേഖകളുമെല്ലാം അങ്ങനെ എഴുതിയുണ്ടാക്കിയവയാണ്. വിവിധ തരത്തിലുള്ള പേനകളും തൂവലുകളുമൊക്കെ ഉപയോഗിച്ച് മനോഹരമായ രീതിയില്‍ അക്ഷരങ്ങളെ കടലാസിലേക്ക് ചിത്രീകരിക്കുന്ന കലയുടെ പേരാണ് കാലിഗ്രാഫി. പൗരാണികകാലത്ത് ഗ്രീക്കുകാരും റോമക്കാരും അറബികളും ചൈനക്കാരുമൊക്കെയാണ് കാലിഗ്രാഫി എന്ന കലാരൂപത്തെ പരിപോഷിപ്പിച്ചതും വൈവിധ്യവത്കരിച്ചതും. കാലിഗ്രാഫി എന്ന വാക്കു തന്നെ കാല്ലി, ഗ്രാഫിയ എന്നീ രണ്ടു ഗ്രീക്ക് പദങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടായതാണ്. കാല്ലി എന്ന പദത്തിന് മനോഹരം എന്നും ഗ്രാഫിയ എന്ന പദത്തിന് എഴുത്ത് എന്നുമാണ് അര്‍ഥം. അങ്ങനെ വരുമ്പോള്‍ മനോഹരമായ എഴുത്ത് എന്നതുതന്നെയാണ് കാലിഗ്രാഫി എന്ന വാക്ക് കൊണ്ട് അര്‍ഥമാക്കുന്നത്. മരം കൊണ്ടുണ്ടാക്കിയ പേനകളും വലിയ തൂവലുകളും വിവിധ തരത്തിലുള്ള മഷിയില്‍ മുക്കിയാണ് പണ്ടത്തെ കാലിഗ്രാഫിസ്‌ററുകള്‍ രചന നടത്തിയിരുന്നത്. കാലം പുരോഗമിച്ചതോടെ കാലിഗ്രാഫിസ്റ്റുകളുടെ ഉപകരണങ്ങളിലും മാറ്റം വന്നു. വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലുമുള്ള നിബ്ബുകളുള്ള പേനകളുപയോഗിച്ചാണ് ഇപ്പോഴത്തെ കാലിഗ്രാഫിസ്റ്റുകള്‍ പണിയെടുക്കുന്നത്. സാധാരണ പേനകളേക്കാള്‍ വലിപ്പവും വണ്ണവും കൂടും ഇവരുടെ പേനകള്‍ക്ക്.
ലോജിസ്റ്റിക് മാനേജ്‌മെന്റ്

ഒരു ഉത്പന്നം ഉത്പാദനകേന്ദ്രത്തില്‍ നിന്ന് പുറപ്പെട്ട് ഉപഭോക്താവിന്റെ കൈകളില്‍ എത്തുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിക്കുന്ന മാനേജ്‌മെന്റ് വൈദഗ്ധ്യത്തെയാണ് ലോജിസ്റ്റിക്‌സ് എന്ന് വിളിക്കുന്നത്. എന്നാല്‍ സേവനങ്ങളും ഉപകരണങ്ങളും ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രക്രിയ മാത്രമല്ല ലോജിസ്റ്റിക്‌സ്. ഉത്പന്നം നിര്‍മിക്കുന്നതിനാവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ സമയാസമയങ്ങളില്‍ ഉദ്പാദനകേന്ദ്രങ്ങളിലെത്തിക്കേണ്ട ചുമതലയും ലോജിസ്റ്റിക്‌സ് വിഭാഗത്തിനാണ്. ചുരുക്കത്തില്‍ ഫാക്ടറിക്കകത്തേക്കും പുറത്തേക്കും പോകുന്ന സാധനസാമഗ്രികളുടെയെല്ലാം പരിപൂര്‍ണ ഉത്തരവാദിത്തവും നിയന്ത്രണവും ഇവര്‍ക്കാണ്.

തുടക്കം പട്ടാളത്തില്‍

പട്ടാളക്കാര്‍ക്ക് വേണ്ട പടക്കോപ്പുകളും ഭക്ഷണവുമെല്ലാം യുദ്ധമുന്നണിയിലെത്തിക്കുന്ന പ്രത്യേകസേനാവിഭാഗത്തെ വിശേഷിപ്പിക്കാനാണ് ലോജിസ്റ്റിക്‌സ് എന്ന പദം ഉപയോഗിച്ചുതുടങ്ങിയത്. ഇന്നും സൈന്യത്തിലെ അതിപ്രധാനമായൊരു വിഭാഗമാണ് ലോജിസ്റ്റിക്‌സ്. ആഗോളീകരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും വരവോടെ ബിസിനസ് രംഗത്തും ലോജിസ്റ്റിക്‌സ് എന്ന പദം കടന്നുവന്നു. രാജ്യാതിര്‍ത്തികള്‍ മറികടന്നും കച്ചവടം ചെയ്യാന്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അനുവാദം ലഭിച്ചതോടെ ചരക്കുകള്‍ വിവിധ രാജ്യങ്ങളിലേക്ക് കൃത്യസമയത്തിനെത്തുക എന്നത് വലിയ വെല്ലുവിളിയായി. ഈ പ്രശ്‌നം മറികടക്കുന്നതിന്റെ ഭാഗമായാണ് ലോജിസ്റ്റിക്‌സ് എന്ന മാനേജ്‌മെന്റ് വിഭാഗം വികാസം കൊണ്ടത്. സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് (എസ്.സി.എം.) എന്നും ഇതിനൊരു പേരുണ്ട്.

ഉദ്പാദകര്‍, വിതരണക്കാര്‍, ഉപഭോക്താക്കള്‍ എന്നീ മൂന്ന് വിഭാഗത്തെയും കൂട്ടിയിണക്കുന്ന കണ്ണിയായതുകൊണ്ടാണ് ലോജിസ്റ്റിക്‌സിനെ സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് എന്നും വിശേഷിപ്പിക്കുന്നത്. ഒട്ടേറെ ജോലി സാധ്യതകള്‍ ഉള്ള കോഴ്‌സാണ് സപ്ലൈ ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്. റോഡ്, റെയില്‍,ജല, വായു മാര്‍ഗങ്ങളിലൂടെയുള്ള ചരക്ക് ഗതാഗതമാണ് ഇത്തരം കോഴ്‌സുകളില്‍ പ്രധാനം. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, റോഡ് ട്രാന്‍സ്‌പോര്‍ട്ട് രംഗത്തെ സ്വകാര്യ കമ്പനികള്‍, ഓണ്‍ലൈന്‍ ചില്ലറ വില്പന വെബ്‌സൈറ്റുകള്‍എന്നിങ്ങനെ നീളുന്നു ഈ രംഗത്തെ തൊഴിലിടങ്ങള്‍.

കൈയില്‍ വേണ്ടത്

കേള്‍ക്കുമ്പോള്‍ വളരെ എളുപ്പമെന്ന് തോന്നുമെങ്കിലും ഏറെ വൈദഗ്ധ്യവും സാങ്കേതിക പരിഞ്ജാനവും വേണ്ട തൊഴിലാണ് ലോജിസ്റ്റിക്‌സ്. ഉത്പാദന-വിതരണ -നിയമമേഖലകളിലെ അവഗാഹം ഈ പ്രവര്‍ത്തനത്തിന് കൂടിയേ തീരൂ. നേതൃപാടവം, കാര്യങ്ങള്‍ ഏകോപിപ്പിക്കാനുള്ള കഴിവ്, മികച്ച ആശയവിനിമയശേഷിഎന്നിവയാണ് ലോജിസ്റ്റീഷ്യന് പ്രാഥമികമായി ഉണ്ടായിരിക്കേണ്ടത്. അസംസ്‌കൃതവസ്തുക്കളുടെ വിതരണക്കാരുമായും ഉത്പന്നങ്ങളുടെ വിതരണക്കാരുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കേണ്ടി വരും ഇവര്‍. കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഇക്കൂട്ടര്‍ക്ക് നിര്‍ബന്ധം. സുഗമമായ ചരക്കുനീക്കം ഉറപ്പുവരുത്തുന്നതിനായി മാസത്തില്‍ നല്ലൊരു പങ്കും ദീര്‍ഘയാത്രകള്‍ക്കായി മാറ്റിവെക്കേണ്ടിവരും. വിവിധ രാജ്യങ്ങളിലെ വാണിജ്യനിയമങ്ങള്‍, ചരക്കുനീക്കത്തിനുള്ള നിയന്ത്രണം എന്നിവയും ഇവര്‍ അറിഞ്ഞുവെക്കണം. ചുരുക്കത്തില്‍ പല മേഖലകളില്‍ ഒരേസമയം കഴിവ് തെളിയിച്ചെങ്കില്‍ മാത്രമേ നല്ലൊരു ലോജിസ്റ്റീഷ്യനായി മാറാന്‍ സാധിക്കൂ.

ലോജിസ്റ്റിക് മാനേജ്‌മെന്റ്റില്‍ വിവിധ തലത്തിലുള്ള കോഴ്‌സുകള്‍ ഇന്ന് ലഭ്യമാണ്. കേരളത്തിനകത്തും പുറത്തുമുള്ള പല സ്ഥാപനങ്ങളിലായി ഈ വിഷയത്തില്‍ ഡിപ്ലോമ,സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ്ഗ്രാജ്വേറ്റ് ഡിഗ്രി,പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ സംഘടിപ്പിക്കപ്പെടുന്നു. മാനേജര്‍ തലത്തിലുളള ജോലിയാണ് ആഗ്രഹിക്കുന്നതെങ്കില്‍ എം.ബി.എയോ മറ്റേതെങ്കിലും പോസ്റ്റ്ഗ്രാജ്വേറ്റ് കോഴ്‌സോ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ബി.ടെക് കഴിഞ്ഞ നിരവധി പേര്‍ ഇപ്പോള്‍ ലോജിസ്റ്റിക്‌സില്‍ എം.ബി.എ. എടുത്ത് മാനേജര്‍ പദവിയില്‍ ജോലി ചെയ്യുന്നുണ്ട്. സൂപ്പര്‍വൈസര്‍/അസിസ്റ്റന്റ് മാനേജര്‍ തലത്തില്‍ ജോലി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബിരുദകോഴ്‌സുകള്‍ ചെയ്യാം. പാര്‍ട്ട്‌ടൈം സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ പഠിച്ചിറങ്ങിയവര്‍ക്ക് പോലും ലോജിസ്റ്റിക്‌സ് മേഖലയില്‍ മികച്ച തൊഴിലവസരങ്ങള്‍ കിട്ടുന്നുണ്ട്.

സര്‍ക്കാര്‍ തലത്തിലുള്ള സ്ഥാപനങ്ങളേക്കാളും സര്‍വകലാശാലകളേക്കാളും ഉപരിയായി സ്വകാര്യമേഖലയിലാണ് ലോജിസ്റ്റിക്‌സ് കോഴ്‌സുകള്‍ കാര്യമായി നടക്കുന്നത്.വന്‍നഗരങ്ങളായമുംബൈ, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ ഇഷ്ടം പോലെ ലോജിസ്റ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പ്രവര്‍ത്തിക്കുന്നു. നമ്മുടെ കേരളത്തിലും ഇപ്പോള്‍ ധാരാളം സ്വകാര്യ സ്ഥാപനങ്ങള്‍ ലോജിസ്റ്റിക്‌സ് കോഴ്‌സ് നടത്തുന്നുണ്ട്. ഏതെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി ചേരാതെ അവിടെ നടത്തുന്ന കോഴ്‌സിന്റെ അംഗീകാരത്തെക്കുറിച്ചും സിലബസിനെക്കുറിച്ചും പഠനസൗകര്യങ്ങളെക്കുറിച്ചുമെല്ലാം മുന്‍കൂട്ടി അന്വേഷിക്കേണ്ടത് വിദ്യാര്‍ഥികളുടെ ഉത്തരവാദിത്തമാണ്.

എവിടെ പഠിക്കണം?

ഐ.ഐ.എം. കൊല്‍ക്കത്തയില്‍ നടക്കുന്ന അഡ്വാന്‍സ്ഡ് പ്രോഗ്രാം ഇന്‍ സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് എന്ന പി.ജി. കോഴ്‌സാണ് ഈ മേഖലയില്‍ നടക്കുന്ന രാജ്യത്തെ ഏറ്റവും മികച്ച കോഴ്‌സ്. മാനേജ്‌മെന്റ് പഠനത്തിന് മുന്‍നിര സൗകര്യമൊരുക്കുന്ന ഐ.ഐ.എമ്മുകളില്‍ പ്രവേശനം ലഭിക്കുകയെന്നത് കുട്ടിക്കളിയല്ലെന്നത് എല്ലാവര്‍ക്കുമറിയാം. ദേശീയതലത്തില്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയില്‍ മികവ് തെളിയിച്ചവര്‍ക്ക് മാത്രമേ അഡ്മിഷന്‍ ലഭിക്കൂ. മൂന്നുവര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുളള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഡിഗ്രിക്ക് മിനിമം55 ശതമാനം മാര്‍ക്ക് വേണം.

ചെന്നയിലെ സി.ഐ.ഐ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്‌സ് ഈ രംഗത്ത് പ്രമുഖരായ സ്ഥാപനമാണ്. ലോജിസ്റ്റിക് മാനേജ്‌മെന്റ്റ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്റ്, കോമ്പറ്റിറ്റീവ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്റ് എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകള്‍ ഇവിടെയുണ്ട്. ഒന്നര വര്‍ഷത്തെ പി.ജി. ഡിപ്ലോമക്ക് ഡിഗ്രിയാണു യോഗ്യത. എം.ബി.എ. പോലുള്ള മാനേജ്‌മെന്റ് യോഗ്യതയുള്ളവര്‍ക്ക് രണ്ടാമത്തെ സെമസ്റ്ററിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സിനു ഡിഗ്രിയാണു യോഗ്യത. പത്താം ക്ലാസും 2 വര്‍ഷത്തെ പ്രവൃത്തി പരിചയമോ, പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ തുടങ്ങി ഏതെങ്കിലും യോഗ്യതയുള്ളവര്‍ക്കോ ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനു ചേരാം.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്റ് സ്റ്റഡീസ് ഗാസിയാബാദ്, പുനെയിലെ സിംബിയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് എന്നിവിടങ്ങളില്‍ ലോജിസ്റ്റിക് മാനേജ്‌മെന്റ് ഒരു വിഷയമായി പഠിപ്പിക്കുന്നു.

മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയല്‍ മാനേജ്‌മെന്റ്റില്‍ കറസ്‌പോണ്ടന്‍സായി പി ജി ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് മാനേജ്‌മെന്റ്റ് കോഴ്‌സ് നടത്തുന്നുണ്ട്. ഒരു വര്‍ഷമാണു ദൈര്‍ഘ്യം. ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമോ, എഞ്ചിനിയറിങ്ങ് ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

കോയമ്പത്തൂരിലെ കാരുണ്യ യൂണിവേഴ്‌സിറ്റി, ചെന്നൈയിലെ സതേണ്‍ അക്കാദമി ഓഫ് മാരിടൈം യൂണിവേഴ്‌സിറ്റി, ലോജിസ്റ്റിക്‌സ് നോളേജ് പാര്‍ക്ക്, കോയമ്പത്തൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്‌സ് എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള സ്ഥാപനങ്ങളില്‍ എം.ബി.എ. ലോജിസ്റ്റിക്‌സ് കോഴ്‌സ് സംഘടിപ്പിക്കുന്നു. അതത് സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തുകൊണ്ടാണ് ഇവയുടെ പ്രവര്‍ത്തനം.

കോഴ്‌സ് കഴിഞ്ഞാല്‍ തൊഴില്‍ ഉറപ്പ്

ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് മേഖലയിലെ വിദഗ്ധര്‍ക്ക് ലോകമെമ്പാടും പ്രിയമേറെയാണ്. വന്‍ ശമ്പളമാണ് പല മള്‍ട്ടിനാഷനല്‍ കമ്പനികളും ഇവര്‍ക്കായി നീക്കിവെക്കുന്നത്.

ലോജിസ്റ്റിക്‌സ് മേഖലയില്‍ 2022ഓടെ രാജ്യത്ത് 1.17 കോടി തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് നാഷനല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചരക്ക് നീക്കം, ഗതാഗതം,സംഭരണം, പാക്കിങ് തുടങ്ങിയ മേഖലകളിലാണ് ഇത്രയും തൊഴിലാളികളെ ആവശ്യമായി വരിക. ഇ-കൊമേഴ്‌സ് മേഖലയുടെ വളര്‍ച്ച, ഉപഭോക്താക്കളുടെ വരുമാനവര്‍ധന, വിദേശ നിക്ഷേപ സാധ്യത തുടങ്ങിയവയാകും ലോജിസ്റ്റിക്‌സ് മേഖലയുടെ വളര്‍ച്ചയ്ക്ക് കാരണമാകുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 1.67 കോടി പേരാണ് ഈ മേഖലയില്‍ ജോലിചെയ്യുന്നത്.

ലോജിസ്റ്റിക്‌സ് കോഴസ് കഴിഞ്ഞിറങ്ങുന്നവര്‍ക്ക് അനേകം തൊഴിലവസരങ്ങള്‍ നമ്മുടെ നാട്ടില്‍ തന്നെ ലഭിക്കുമെന്ന കാര്യവും ഉറപ്പ്. കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമായതോടെ അനേകം പേര്‍ക്ക് അവിടെ ജോലി ലഭിച്ചുകഴിഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ കൂടി നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അവിടേക്കും നൂറുകണക്കിന് ലോജിസ്റ്റീഷ്യന്‍മാരുടെ സേവനം ആവശ്യമായിവരും.

പഠനം കേരളത്തില്‍

കൊച്ചി കുസാറ്റ് സര്‍വകലാശാലയിലെ ഇന്റര്‍നാഷനല്‍ ബിസിനസ് സ്റ്റഡീസ് നടത്തുന്ന എം.ബി.എ. കോഴ്‌സ്, കൊച്ചി സിയാല്‍ അക്കാദമി നടത്തുന്ന എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, മാരിടൈം യൂണിവേഴ്‌സിറ്റിയിലെ എം.ബി.എ. ഇന്‍ പോര്‍ട്ട് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് തുടങ്ങിയവ കേരളത്തിനുള്ളില്‍ ലോജിസ്റ്റിക്‌സില്‍ പഠനാവസരം ഒരുക്കുന്ന സ്ഥാപനങ്ങളാണ്. ഇതിന് പുറമെ കൊച്ചി,തിരുവനന്തപുരം, കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സ്വകാര്യസ്ഥാപനങ്ങള്‍ ലോജിസ്റ്റിക്‌സില്‍ കോഴ്‌സുകള്‍ നടത്തുന്നു. കൊച്ചിയിലെ ഏഷ്യ മെര്‍ക്കന്റൈല്‍ ആന്‍ഡ് മാരിടൈം അക്കാദമി,കൊച്ചിയിലെ തന്നെ കാര്‍ഗോമാര്‍ എജ്യുക്കേഷനല്‍ സൊസൈറ്റി,തൃശൂരിലെ ലീഡ്‌സ് അക്കാദമി ഫോര്‍ കോര്‍പറേറ്റ് എക്‌സലന്‍സ് എന്നിവയും മികച്ച രീതിയില്‍ ലോജിസ്റ്റിക്‌സ് കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങളാണ്.

സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സ് നടത്തുന്നു. ആറുമാസം കാലാവധിയുളള ഈ കോഴ്‌സിന് പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സപ്പോര്‍ട്ടും നല്‍കുന്നു കിറ്റ്‌സ്. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലന്വേഷിക്കുന്നവര്‍ക്കായി എല്‍.ബി.എസ്.സെന്ററും നോര്‍ക്കറൂട്ട്‌സും സംയുക്തമായി ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റില്‍ മൂന്ന് മാസത്തെ കോഴ്‌സ് നടത്തുന്നുണ്ട്. എസ്.എല്‍.എല്‍.സി. യോഗ്യതയുള്ളവര്‍ക്ക് കോഴ്‌സിന് ചേരാം. കോഴ്‌സിനൊപ്പം ഭാഷാപരിചയത്തിനായി സ്‌പോക്കണ്‍ ഇംഗ്ലീഷ് ആന്‍ഡ് സോഫ്റ്റ് സ്‌കില്‍ ട്രെയിനിങും നല്‍കുന്നു. കോഴ്‌സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എല്ലാ ജില്ലകളിലുമുള്ള എല്‍.ബി.എസ്. ഓഫീസുകളില്‍ നിന്നറിയാം.
മര്‍ച്ചന്റ് നേവി

തീവണ്ടിയും വിമാനങ്ങളുമൊക്കെ വ്യാപകമായതോടെ കപ്പല്‍യാത്രയുടെ പ്രാധാന്യം അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും കടല്‍ വഴിയുള്ള ചരക്കുനീക്കം പതിന്മടങ്ങായി വര്‍ധിച്ചിട്ടുണ്ടിപ്പോള്‍. രാജ്യാന്തര വാണിജ്യത്തിന്റെ സിംഹഭാഗവും കടല്‍വഴിയാണ് നടക്കുന്നത്. ലോകം മുഴുവനും ചരക്കെത്തിക്കാന്‍ സാധിക്കുന്ന ആയിരക്കണക്കിന് പടുകൂറ്റന്‍ കപ്പലുകള്‍ നമ്മുടെ കടലുകളിലൂടെ രാവും പകലും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ആ കപ്പലുകളിലെല്ലാമായി ലക്ഷക്കണക്കിന് പേര്‍ ജോലി ചെയ്യുന്നുമുണ്ട്. മര്‍ച്ചന്റ് നേവി എന്ന കരിയര്‍ ശാഖയുടെ പിറവിക്ക് കാരണവും ഈ കച്ചവടക്കപ്പലുകള്‍ തന്നെ.

എന്താണീ മര്‍ച്ചന്റ് നേവി

രാജ്യത്തിന്റെ സമുദ്രാതിര്‍ത്തികള്‍ കാത്തുസംരക്ഷിക്കുകയെന്ന ദൗത്യമാണ് നേവി അഥവാ നാവികസേനയ്ക്കുളളത്. എന്നാല്‍ രാജ്യാതിര്‍ത്തികള്‍ കടന്നുളള കപ്പലുകളുടെ യാത്രയ്ക്ക് നേതൃത്വം വഹിക്കുന്ന വിഭാഗത്തെയാണ് മര്‍ച്ചന്റ് നേവി എന്ന് വിളിക്കുന്നത്. ഏതെങ്കിലും രാജ്യത്തിന്റെ ഔദ്യോഗിക സേനാവിഭാഗത്തില്‍ പെടുന്നവരല്ല ഇവര്‍. കപ്പല്‍ യാത്ര സംബന്ധിച്ചുളള രാജ്യാന്തരക്കരാറുകളും ഉടമ്പടികളും പാലിച്ചുകൊണ്ട് വിവിധ തുറമുഖങ്ങളിലടുപ്പിച്ചുകൊണ്ട് വാണിജ്യഇടപാടുകള്‍ നടത്തുകയെന്നതാണ് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യം. യാത്രാക്കപ്പലുകള്‍,കാര്‍ഗോ ലൈനറുകള്‍, എണ്ണ ടാങ്കറുകള്‍ എന്നിവയിലെല്ലാം മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നുണ്ട്. സാങ്കേതിക പരിജ്ഞാനവും കടല്‍ ഗതാഗത അറിവുമുള്ള ഇവരില്ലാതെ ഒരു കപ്പലിനും നീങ്ങാനാവില്ല.

കൈയില്‍ വേണ്ടത്

ലക്ഷങ്ങള്‍ പ്രതിമാസ ശമ്പളം കിട്ടുന്ന ജോലിയാണ് മര്‍ച്ചന്റ് നേവി എന്ന് എല്ലാവര്‍ക്കുമറിയാം. കൊച്ചുകുട്ടികളെ പോലും ആകര്‍ഷിക്കുന്ന ഗ്ലാമര്‍ പരിവേഷവും ഈ കരിയറിനുണ്ട്. പക്ഷേ എല്ലാവര്‍ക്കും പറ്റിയതല്ല കടലിലെ ജോലി എന്ന് മനസിലാക്കണം. രാവിലെ പത്ത് മുതല്‍ അഞ്ച് വരെ നീളുന്ന ഓഫീസ് ജോലിയല്ല ഇത്. ഭൂഖണ്ഡങ്ങള്‍ തോറും മാസങ്ങള്‍ നീളുന്ന യാത്രയാണ് മര്‍ച്ചന്റ് നേവി ജോലിയുടെ പ്രധാന വൈഷമ്യം. കടല്‍ യാത്രയെന്ന് കേള്‍ക്കുമ്പോള്‍ രസമായി തോന്നുമെങ്കിലും കരയില്‍ നിന്ന് അല്പം വിട്ടുനിന്നാല്‍ മനസിലാകും അതിന്റെ ബുദ്ധിമുട്ടുകള്‍. ഒരിക്കല്‍ കപ്പലില്‍ കയറിയാല്‍ ആറുമാസം മുതല്‍ ഒമ്പത് മാസം വരെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരും. അതിനിടയ്ക്ക് ഓഫും ലീവുമൊന്നും കിട്ടില്ല. മനക്കരുത്തും ആരോഗ്യശേഷിയുമുള്ളവര്‍ക്ക് മാത്രം പറഞ്ഞിട്ടൊരു തൊഴിലാണിത്. രക്തത്തില്‍ അല്പം സാഹസികമനോഭാവവും അറിയാത്ത നാടുകള്‍ കാണാനുളളള മോഹവുമൊക്കെയുള്ളവര്‍ക്ക് ഈ കരിയറില്‍ ശോഭിക്കാനാകും. ഒറ്റയ്ക്കും ടീമായും പ്രവര്‍ത്തിക്കാനുള്ള കഴിവ്,പെട്ടെന്ന് തീരുമാനമെടുക്കാനുളള ശേഷി, നേതൃത്വപാടവം എന്നിവയും അത്യാവശ്യമാണ്. ഏറ്റവും പ്രധാനം ഉറ്റവരെയും സുഹൃത്തുക്കളെയുമൊക്കെ ഉപേക്ഷിച്ച് ആറുമാസം കടലില്‍ നില്‍ക്കാനുള്ള മനക്കട്ടിയാണ്. ജോലിക്ക് കയറി അടുത്തയാഴ്ച നാട്ടില്‍ പോകണമെന്ന് തോന്നിയാല്‍ കടലില്‍ ചാടി നീന്തുകയേ പോംവഴിയുണ്ടാകൂ. രാവും പകലുമുള്ള ഷിഫ്റ്റുകളിലായി എല്ലു മുറിയെ അധ്വാനിക്കാന്‍ സന്നദ്ധരായവര്‍ മാത്രം ഈ കരിയര്‍ തിരഞ്ഞെടുത്താല്‍ മതി. മികച്ച കാഴ്ചശക്തിയും ഇക്കൂട്ടര്‍ക്ക് അത്യാവശ്യമാണ്.

പല വിഭാഗങ്ങള്‍, പലതരം ജോലികള്‍

മര്‍ച്ചന്റ് നേവി എന്ന് വിശാല അര്‍ഥത്തില്‍ പറയുമെങ്കിലും കപ്പലിനുള്ളില്‍ തന്നെ നൂറിലേറെ വ്യത്യസ്ത വിഭാഗങ്ങളിലായി ജോലികളുണ്ട്. കപ്പല്‍ ജോലിയെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തരം തിരിക്കാം. ഡെക്ക്, എഞ്ചിന്‍, സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയാണത്. ക്യാപ്റ്റന്‍, ചീഫ് ഓഫീസര്‍, സെക്കന്‍ഡ് ഓഫീസര്‍,തേഡ് ഓഫീസര്‍, ജൂനിയര്‍ ഓഫീസര്‍മാര്‍ എന്നിവരെല്ലാം ഡെക്ക് വിഭാഗത്തില്‍ പെടുന്നു. ചീഫ് എഞ്ചിനിയര്‍, റേഡിയോ ഓഫീസര്‍,ഇലക്ട്രിക്കല്‍ ഓഫീസര്‍, ജൂനിയര്‍ എഞ്ചിനിയര്‍മാര്‍ എന്നിവരാണ് എഞ്ചിന്‍ വിഭാഗത്തിലെ പ്രധാനികള്‍. സര്‍വീസ് വിഭാഗത്തിലാണ് കിച്ചന്‍, ലോണ്ട്‌റി, മെഡിക്കല്‍, മറ്റ് സേവനവിഭാഗങ്ങള്‍ എന്നിവയൊക്കെ പെടുന്നത്. ഈ ജോലികളില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കണമെങ്കില്‍ അതിന് പറ്റിയ കോഴ്‌സുകള്‍ ചെയ്യേണ്ടതുണ്ട്.

കപ്പലിന്റെ മുഴുവന്‍ ചുമതലയും ക്യാപ്റ്റന്റെ പക്കല്‍ നിക്ഷിപ്തമാണ്. ക്യാപ്റ്റന് തൊട്ടുതാഴെയുളള ഉദ്യോഗസ്ഥനാണ് ഫസ്റ്റ് മേറ്റ് എന്ന് അറിയപ്പെടുന്ന ചീഫ് ഓഫീസര്‍. ഡെക്കിലെ കീഴ്ജീവനക്കാര്‍ക്ക് ജോലികള്‍ വീതിച്ചുകൊടുക്കുക, കപ്പലില്‍ അച്ചടക്കം ഉറപ്പുവരുത്തുക എന്നതൊക്കെയാണ് ചീഫ് ഓഫീസറുടെ പ്രധാനജോലികള്‍. ചീഫ് ഓഫീസര്‍ക്ക് താഴെയാണ് സെക്കന്‍ഡ് ഓഫീസര്‍ പദവി. കപ്പലിന്റെ ദിശാസൂചികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുക, ആവശ്യമായ ചാര്‍ട്ടുകള്‍ തയ്യാറാക്കുക, തുറമുഖങ്ങളുമായുളള ഇ-മെയില്‍ ഇടപാടുകള്‍ നടത്തുക എന്നതൊക്കെയാണ് ഇവരുടെ ജോലി. കപ്പലിലെ സുരക്ഷാസംവിധാനങ്ങളുടെ പൂര്‍ണചുമതല തേഡ് ഓഫീസറുടെ ഉത്തരവാദിത്തമാണ്. ഇതിന് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ജൂനിയര്‍ ഓഫീസര്‍മാരുമുണ്ടാകും.

ഇനി എഞ്ചിന്‍ വിഭാഗത്തിലെ ജോലികള്‍ നോക്കാം. കപ്പലിന്റെ എഞ്ചിന്‍ മുറിയുടെ പൂര്‍ണ ഉത്തരവാദിത്തം ചീഫ് എഞ്ചിനിയറുടെ ചുമലിലാണ്. വിവിധ തരത്തിലുളള എഞ്ചിനുകള്‍, ബോയ്‌ലറുകള്‍,കപ്പലിനുള്ളിലെ ഇലക്ട്രിക്കല്‍ വയറിങ്, സാനിട്ടറി സംവിധാനങ്ങള്‍ എന്നിവയെല്ലാം സംരക്ഷിക്കേണ്ടതിന്റെ നേതൃത്വം ചീഫ് എഞ്ചിനിയര്‍ക്കാണ്. ഇദ്ദേഹത്തെ സഹായിക്കാനായി സെക്കന്‍ഡ്,തേഡ്,ഫോര്‍ത്ത്,ഫിഫ്ത്ത് എഞ്ചിനിയര്‍മാരും ജൂനിയര്‍ ഓഫീസര്‍മാരുമുണ്ടാകും. കപ്പലിലെ വയര്‍ലെസ് സംവിധാനവും സിഗ്നല്‍ പ്രക്ഷേപണവുമൊക്കെ നിയന്ത്രിക്കുന്ന ജോലിയാണ് റേഡിയോ ഓഫീസറുടേത്. കപ്പലിലെ വയറിങ് സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം ചെയ്യുക എന്നതാണ് ഇലക്ട്രിക്കല്‍ ഓഫീസറുടെ ജോലി.

കപ്പല്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സമയാസമയങ്ങളില്‍ ഭക്ഷണമുണ്ടാക്കി വിളമ്പുക, അവരുടെ വസ്ത്രങ്ങള്‍ അലക്കുക, മുറികള്‍ വൃത്തിയാക്കുക എന്നതൊക്കെ സര്‍വീസ് വിഭാഗത്തിന്റെ ജോലികളില്‍ പെടുന്നു.

എന്ത് പഠിക്കണം?

പത്താം ക്ലാസ് കഴിഞ്ഞും പ്ലസ്ടു കഴിഞ്ഞും ചേരാവുന്ന പല കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയാല്‍ കപ്പലുകളില്‍ ജോലി നേടാനാകും. ഇതിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ഓഫീസിന്റെ അംഗീകാരമുള്ള നിരവധി കോഴ്‌സുകള്‍ സര്‍ക്കാര്‍,സ്വകാര്യമേഖലകളിലായി നടക്കുന്നു.പലതരത്തിലുള്ള സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ,എഞ്ചിനിയറിങ് കോഴ്‌സുകള്‍ കപ്പല്‍ജോലിക്കാര്‍ക്കായി നടത്തുന്നുണ്ട്. ആദ്യം സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളെക്കുറിച്ച് പറയാം.

പ്രീ-സീ ട്രെയിനിങ്: ജനറല്‍ പര്‍പ്പസ് ട്രെയിനിങ് (ജി.പി.ടി.) എന്നും പേരുളള ഈ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആറുമാസം ദൈര്‍ഘ്യമുള്ളതാണ്. കണക്ക്, സയന്‍സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ 40 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി. പാസായ 17നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ കോഴ്‌സിന് അപേക്ഷിക്കാം. കപ്പല്‍ എഞ്ചിന്റെ പരിപാലനവും ഡെക്കിലെ ജോലികളുമാണ് പാഠ്യവിഷയങ്ങള്‍. ഇതിന് പുറമെ മൂന്ന് മാസത്തെ ഡെക്ക് റേറ്റിങ് പ്രീ-സീ കോഴ്‌സ്, എഞ്ചിന്‍ റേറ്റിങ് പ്രീ-സീ കോഴ്‌സ്, നാല് മാസത്തെ സലൂണ്‍ റേറ്റിങ് പ്രീ-സീ കോഴ്‌സ് എന്നിവയുമുണ്ട്.

ഡെക്ക് കേഡറ്റായാണ് ജോലി ആഗ്രഹിക്കുന്നതെങ്കില്‍ നോട്ടിക്കല്‍ സയന്‍സില്‍ ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഫിസിക്‌സ്,കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് ഈ കോഴ്‌സിന് ചേരാനാകും.

കപ്പലില്‍ എഞ്ചിനിയര്‍ ഗ്രേഡിലുളള ജോലിയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ബി.ഇ. മറൈന്‍ എഞ്ചിനിയറിങ്, ബി.എസ്.സി. നോട്ടിക്കല്‍ ടെക്‌നോളജി,ബി.എസ്.സി. നോട്ടിക്കല്‍ സയന്‍സ്, എന്നീ കോഴ്‌സുകളില്‍ ഏതെങ്കിലും ചെയ്യണം. ആര്‍ട്‌സ് വിഷയങ്ങളില്‍ ഡിഗ്രി കഴിഞ്ഞിറങ്ങിയവര്‍ക്ക് ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സില്‍ എം.ബി.എ. ചെയ്തുകൊണ്ട് കപ്പലുകളില്‍ ജോലിക്ക് കയറാം.

എവിടെ പഠിക്കാം

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥരെ വാര്‍ത്തെടുക്കുന്ന രാജ്യത്തെ കേന്ദ്രസര്‍വകലാശാലയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി (ഐ.എം.യു.). ഐ.എം.യുവിന്റെ കീഴിലായി ടി.എസ്. ചാണക്യ, മറൈന്‍ എഞ്ചിനിയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, എല്‍.ബി.എസ്. കോളേജ് എന്നീ മൂന്ന് ക്യാമ്പസുകള്‍ മുംബൈയില്‍ തന്നെ പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമെ കൊല്‍ക്കത്ത,വിശാഖപ്പട്ടണം, കാരയക്കല്‍, കാണ്ട്‌ല, കൊച്ചി എന്നിവിടങ്ങളിലും ഐ.എം.യുവിന് ക്യാമ്പസുകളുണ്ട്. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എഞ്ചിനിയേഴ്‌സ് ലിമിറ്റഡ്, ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാരിടൈം ട്രെയിനിങ്,കന്യാകുമാരിയിലെ നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി എന്നിവയുള്‍പ്പെടെ ധാരാളം സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ കോഴ്‌സുകള്‍ നടത്തുന്നു.

കോയമ്പത്തൂര്‍ മറൈന്‍ കോളേജ്, ഭുവനേശ്വറിലെ സി.വി.രാമന്‍ കോളേജ് ഓഫ് എഞ്ചിനിയറിങ്, ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാരിടൈം ട്രെയിനിങ്, ഉത്തര്‍പ്രദേശിലെ ഇന്റര്‍നാഷനല്‍ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട്, പൂനെയിലെ മഹാരാഷ്ട്ര അക്കാദമി ഓഫ് നേവല്‍ എജ്യുക്കേഷന്‍, മംഗലാപുരത്തെ മാംഗ്ലൂര്‍ മറൈന്‍ കോളേജ് ആന്‍ഡ് ടെക്‌നോളജി, കോയമ്പത്തൂരിലെ പാര്‍ക്ക് മാരിടൈം അക്കാദമി,മധുരൈയിലെ ആര്‍.എല്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നോട്ടിക്കല്‍ സയന്‍സസ് എന്നീ സ്ഥാപനങ്ങളില്‍ ഐ.എം.യു. അംഗീകാരത്തോടെ ബി.ടെക് മറൈന്‍ എഞ്ചിനിയറിങ് കോഴ്‌സ് നടത്തുന്നു.
ഫുഡ് പ്രൊസസിങ്

എന്താണീ ഫുഡ് പ്രൊസസിങ്

കൃത്യമായ രീതികളും സാങ്കേതിക സംവിധാനങ്ങളുമുപയോഗിച്ച് ഭക്ഷ്യവിഭവങ്ങളുടെ ആയുസും ഗുണമേന്മയും വര്‍ധിപ്പിക്കുന്ന ശാസ്ത്രത്തെയാണ് ഫുഡ് പ്രൊസസിങ് അല്ലെങ്കില്‍ ഭക്ഷ്യസംസ്‌കരണം എന്ന് വിളിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളിലെ അലമാരകളില്‍ അടുക്കിവച്ച വിവിധ ഭക്ഷണസാധനങ്ങള്‍ കണ്ടിട്ടില്ലേ. ആറുമാസം കഴിഞ്ഞുപയോഗിച്ചാലും അവയുടെ ഗുണമോ രുചിയോ നിറമോ ഒന്നും മാറുന്നില്ലെന്നത് ശ്രദ്ധിച്ചിട്ടില്ലേ. അവയെല്ലാം ഫുഡ് പ്രൊസസിങിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയവയാണ് എന്ന് മനസിലാക്കുക. പായ്ക്കറ്റുകളില്‍ കിട്ടുന്ന പാലും ജ്യൂസും ബിസ്‌കറ്റും കേക്കുമെല്ലാം ഇങ്ങനെ പ്രൊസസ് ചെയ്യപ്പെട്ടവയാണ്. കൂടുതല്‍ കാലം കേടാകാതെ സൂക്ഷിക്കുക മാത്രമല്ല ഫുഡ് പ്രൊസസിങിന്റെ ധര്‍മം. ഭക്ഷ്യവസ്തുക്കളുടെ ഗുണവും രുചിയും വര്‍ധിപ്പിക്കുക, അവയില്‍ നിന്ന് വിഷവസ്തുക്കള്‍ എടുത്തുകളയുക, മാലിന്യം കലരുന്നത് തടയുക എന്നിവയൊക്കെ ഫുഡ് പ്രൊസസിങിന്റെ പരിധിയില്‍ വരുന്നു. ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കാന്‍ അനുവദനീയമായ ചില കൃത്രിമനിറങ്ങളും രുചികളുമുണ്ട്. അവയെല്ലാം കൃത്യമായ ആനുപാതത്തില്‍ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ഉത്തരവാദിത്തവും ഫുഡ് പ്രൊസസിങ് പ്രൊഫഷനലുകളുടേതാണ്.

നിശ്ചിത അളവില്‍ ചൂടാക്കിയാല്‍ പാല്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ച പാസ്ചറൈസേഷന്‍എന്ന വിദ്യ കണ്ടുപിടിച്ച ലൂയി പാസ്ചര്‍ എന്ന ശാസ്ത്രജ്ഞനാണ് ഈ രംഗത്ത് വന്‍ വഴിത്തിരിവ് സൃഷ്ടിച്ചത്. തുടര്‍ന്നങ്ങോട്ട് ഭക്ഷ്യസംസ്‌കരണരംഗത്ത് ഒട്ടേറെ പുതിയ കണ്ടുപിടിത്തങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു.

പുതിയ കാലത്ത് ഏറ്റവുമധികം ഗവേഷണവും പുത്തന്‍ സാേങ്കതികവിദ്യകളുടെ ഉപയോഗവും നടക്കുന്നൊരു മേഖല കൂടിയാണ് ഫുഡ് പ്രൊസസിങ്. ഭക്ഷ്യോത്പന്നങ്ങള്‍ ഏതാണ്ട് പൂര്‍ണമായും പായ്ക്കറ്റുകളിലേക്ക് രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കുന്ന കാലം കൂടിയാണിത്. അതുകൊണ്ട് തന്നെ ഫുഡ് പ്രൊസസിങ് പ്രൊഫഷനലുകളുടെ ജോലി സാധ്യതയും ഉത്തരവാദിത്തവും കൂടിവരുന്നു.

കൈയില്‍ വേണ്ടതെന്തെല്ലാം

പൂര്‍ണമായും ശാസ്ത്രത്തില്‍ അധിഷ്ഠിതമായൊരു തൊഴില്‍ മേഖലയാണ് ഫുഡ് പ്രൊസസിങ്. ശാസ്ത്രീയവിഷയങ്ങളിലുള്ള താത്പര്യം, ഓരോ ഭക്ഷ്യവിഭവത്തിന്റെയും പോഷകമൂല്യങ്ങളെക്കുറിച്ചും ആരോഗ്യപരമായ പ്രയോജനങ്ങളെക്കുറിച്ചുമുള്ള ഏകദേശ ധാരണ,മികച്ച ആശയവിനിമയശേഷി എന്നിവയുള്ളവര്‍ക്ക് ഈ മേഖലയില്‍ ചുവടുറപ്പിക്കാനാകും. പ്രശ്‌നങ്ങളുടെ കുരുക്കഴിക്കാനുള്ള കഴിവ്,കഠിനാധ്വാനം ചെയ്യാനുളള സന്നദ്ധത, ഒരു ടീമായി ജോലി ചെയ്യാനുള്ള താത്പര്യം എന്നിവയും ഇക്കൂട്ടര്‍ക്ക് അത്യാവശ്യമാണ്. നാട്ടിലേക്കാള്‍ മറുനാട്ടിലും വന്‍നഗരങ്ങളിലുമാകും ജോലി സാധ്യത കൂടുതലായി ഉണ്ടാകുക.

എന്ത് പഠിക്കണം

ഈ മേഖലയില്‍ കരിയര്‍ കെട്ടിപ്പടുക്കണമെന്നാഗ്രഹിക്കുന്നവര്‍ ശാസ്ത്രവിഷയങ്ങളില്‍ അടിസ്ഥാനം സൃഷ്ടിക്കേണ്ടത് അത്യാവശ്യം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ പ്ലസ്ടു മികച്ച മാര്‍ക്കോടെ പാസായതിന് ശേഷം വേണം ഫുഡ് പ്രൊസസിങ് പഠനത്തിനൊരുങ്ങാന്‍. പ്ലസ്ടു കഴിഞ്ഞാല്‍ ഈ വിഷയത്തില്‍ ഡിപ്ലോമ,ഡിഗ്രി കോഴ്‌സുകള്‍ ഒട്ടേറെയുണ്ട്. ഫുഡ് ടെക്‌നോളജി, ഫുഡ് സയന്‍സ്,ഹോം സയന്‍സ് എന്നീ വിഷയങ്ങളില്‍ ഡിഗ്രി കോഴ്‌സുകളും ബി.ടെക്,എം.ടെക്, എം.എസ്.സി., പി.എച്ച്.ഡി. കോഴ്‌സുകളും പല സ്ഥാപനങ്ങളിലായി നടക്കുന്നു. പ്ലസ്ടു കഴിഞ്ഞാണ് പോകുന്നതെങ്കില്‍ ബി.എസ്.സി. കോഴ്‌സോ ബി.ടെക്കോ തിരഞ്ഞെടുക്കാം. ഏതെങ്കിലും ശാസ്ത്രവിഷയങ്ങളില്‍ ബിരുദം നേടിയവര്‍ക്ക് ഫുഡ് പ്രൊസസിങില്‍ എം.എസ്.സി. കോഴ്‌സ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ഫുഡ് പ്രൊസസിങില്‍ തന്നെ വ്യത്യസ്തമായ പല വിഭാഗങ്ങളുമുണ്ട്. അവയിലൊക്കെ ജോലി കിട്ടണമെങ്കില്‍ വ്യത്യസ്തമായ കോഴ്‌സുകള്‍ പഠിച്ചിരിക്കണം. ഓര്‍ഗാനിക് കെമിസ്റ്റ്, ബയോകെമിസ്റ്റ്, അനലിറ്റിക്കല്‍ കെമിസ്റ്റ്, ഹോം ഇക്കണോമിസ്റ്റ്, എഞ്ചിനിയര്‍, റിസര്‍ച്ച് സയന്റിസ്റ്റ് എന്നിങ്ങനെ പലതരത്തിലുള്ള ജോലിസാധ്യതകള്‍ ഈ മേഖലയില്‍ ലഭ്യമാണ്. ബി.ടെക്/ബി.എസ്.സി. പഠനത്തിന് ശേഷം ഏത് മേഖലയിലാണോ ഉപരിപഠനം നടത്തുന്നത് അതനുസരിച്ചായിരിക്കും ജോലി ലഭിക്കുക.

എവിടെ പഠിക്കാം

മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എഫ്.ടി.ആര്‍.ഐ.) എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് ഭക്ഷ്യസംസ്‌കരണമേഖലയില്‍ ഗവേഷണപരിപാടികള്‍ നടത്തുന്ന രാജ്യത്തെ മുന്‍നിര സ്ഥാപനം. ഫുഡ് ടെക്‌നോളജിയില്‍ എം.എസ്.സി. കോഴ്‌സും ഇവിടെ നടക്കുന്നുണ്ട്. എല്ലാവര്‍ഷവും ഏപ്രിലിലാണ് ഈ കോഴ്‌സിന്റെ പ്രവേശനനടപടികള്‍ ആരംഭിക്കുക. കെമിസ്ട്രി/ബയോകെമിസ്ട്രി വിഷയങ്ങള്‍ പഠിച്ചുകൊണ്ട് നേടിയ ബി.എസ്.സി. സയന്‍സ് ബിരുദം അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചര്‍ ബിരുദം അല്ലെങ്കില്‍ എഞ്ചിനിയറിങ് ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

എം.എസ്.സി. കോഴ്‌സിന് പുറമെ ഭക്ഷ്യസംസ്‌കരണത്തിന്റെ വിവിധ വശങ്ങള്‍ പഠിപ്പിക്കുന്ന ഹ്രസ്വകാല കോഴ്‌സുകളും ഇവിടെ നടത്തുന്നുണ്ട്. വിശദവിവരങ്ങള്‍ക്ക് സി.എഫ്.ടി.ആര്‍.ഐ. വെബ്‌സൈറ്റ് പരിശോധിക്കുക.

കൊല്‍ക്കത്ത സര്‍വകലാശാല, ചെന്നൈയിലെ അണ്ണാ സര്‍വകലാശാല,ഖരക്പുര്‍ ഐ.ഐ.ടി., മദ്രാസ് സര്‍വകലാശാല, ധാര്‍വാഡിലെ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍ സയന്‍സ്, മൈസൂര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ മികച്ച രീതിയില്‍ ഫുഡ് പ്രൊസസിങ് ബി.ടെക് കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നു.

കോയമ്പത്തൂരിലെ കാരുണ്യ യൂണിവേഴ്‌സിറ്റി, അവിനാശിലിംഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹോം സയന്‍സ് ആന്‍ഡ് ഹയര്‍എജ്യുക്കേഷന്‍ ഫോര്‍ വിമന്‍ എന്നിവിടങ്ങളില്‍ ഫുഡ് പ്രൊസസിങ് എഞ്ചിനിയറിങില്‍ ബി.ടെക്, എം.ടെക് കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ചെന്നൈയിലെ എസ്.ആര്‍.എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി,എന്നിവിടങ്ങളിലും ബി.ടെക് ഫുഡ് ടെക്‌നോളജി കോഴ്‌സുണ്ട്.

പഠനം കേരളത്തില്‍

കേരളത്തില്‍ എം.ജി. സര്‍വകലാശാലയുടെ കീഴിലും മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുമായി ഭക്ഷ്യസംസ്‌കരണത്തില്‍ ചില ഹ്രസ്വകാല ഡിപ്ലോമ കോഴ്‌സുകള്‍ നടക്കുന്നു. എന്നാല്‍ ഫുഡ് പ്രൊസസിങില്‍ ബി.ടെക് എടുക്കാനുള്ള സൗകര്യങ്ങള്‍ തീരെ കുറവാണ്. കൊല്ലത്തെ ടി.കെ.എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മാത്രമേ നിലവില്‍ സംസ്ഥാനത്ത് ബി.ടെക് കോഴ്‌സ് നടക്കുന്നുള്ളൂ. ഭക്ഷ്യസംസ്‌കരണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ സംഭരണം മുതല്‍ വിതരണം വരെയുളള എല്ലാ പ്രക്രിയകളും ആവശ്യമായ സുരക്ഷയും ഉത്പന്നങ്ങളുടെ ഗുണനിലവാരവും അത്യാവശ്യം കൈക്കൊള്ളേണ്ട സാങ്കേതികവിദ്യകളെയും ഭക്ഷ്യസുരക്ഷാനിയമങ്ങളെക്കുറിച്ചുമെല്ലാം ഈ കോഴ്‌സില്‍ പഠിപ്പിക്കുന്നുണ്ട്.

എഞ്ചിനിയറിങ് വിഷയങ്ങളും സയന്‍സ് വിഷയങ്ങളും തുല്യപ്രാധാന്യത്തോടെ പഠിക്കണം എന്നതാണ് ഈ കോഴ്‌സിന്റെ പ്രത്യേകത. എല്ലാ എഞ്ചിനിയറിങ് ബിരുദ കോഴ്‌സുകളെയും പോലെ ആദ്യത്തെ വര്‍ഷം സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന ബി.ടെക് ഫുഡ് ടെക്‌നോളജിക്കും ബാധകമാണ്.
തുകല്‍ അഥവാ ലെതര്‍ വ്യവസായം

ഇന്ത്യയിലെ ലെതര്‍ വ്യവസായം വമ്പന്‍ രീതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ആഭ്യന്തരവിപണിയിലും വിദേശവിപണിയിലും ലെതര്‍ ഉത്പന്നങ്ങളുടെ പ്രിയം നാള്‍തോറും വര്‍ധിച്ചുവരുന്നു. തുകല്‍ ഉത്പന്നക്കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യ. വ്യവസായവത്കരണത്തിന്റെയും വൈവിധ്യവത്കരണത്തിന്റെയും വേഗം കൂട്ടി ആ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ഇന്ത്യന്‍ തുകല്‍ വ്യവസായികള്‍ കിണഞ്ഞുപരിശ്രമിക്കുകയാണ്. അവര്‍ക്ക് സര്‍വവിധ പിന്തുണയുമായികേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാനസര്‍ക്കാരുകളും രംഗത്തുണ്ട്. മുമ്പൊക്കെ വെറും തുകല്‍ മാത്രമായിരുന്നു കയറ്റി അയച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ തുകല്‍ കൊണ്ട് നിര്‍മിച്ച വൈവിധ്യമേറിയ ഉത്പന്നങ്ങളാണ് കടല്‍ കടക്കുന്നത്. ഇവയില്‍ പാദരക്ഷകളും ജാക്കറ്റുകളുമൊക്കെയുള്‍പ്പെടുന്നു. തൊഴിലാളികളെ കൂടുതലായി ആശ്രയിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന മേഖല കൂടിയാണ് തുകല്‍വ്യവസായം. കമ്പ്യൂട്ടര്‍ അധിഷ്ഠിത സാങ്കേതികവിദ്യകളുപയോഗിച്ചാണ് ഇപ്പോള്‍ തുകല്‍ സംസ്‌കരണവും രൂപകല്പനയും നടക്കുന്നത്. അതുകൊണ്ട്തന്നെ ഈ രംഗത്ത് മികവ് തെളിയിച്ച ചെറുപ്പക്കാര്‍ക്ക് ഇഷ്ടം പോലെ തൊഴിലവസരങ്ങള്‍ നിലവില്‍ ലഭ്യമാണ്.

എന്താണീ ലെതര്‍?

മൃഗത്തോല്‍ ഊറയ്ക്കിട്ട ശേഷം ശാസ്ത്രീയമായി സംസ്‌കരിച്ചുകൊണ്ട് നിര്‍മിക്കുന്ന ഉത്പന്നമാണ് തുകല്‍ എന്ന ലെതര്‍. ഈടുനില്‍പ്പും ഉറപ്പുമാണ് തുകലിന്റെ സവിശേഷത. ചരിത്രാതീത കാലം തൊട്ടേ മനുഷ്യന്‍ തുകല്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുപോരുന്നുണ്ട്. വ്യവസായവത്കരണത്തിന്റെ ഫലമായി സിന്തറ്റിക്ക് ഉത്പന്നങ്ങളും കൃത്രിമ ലെതറുമൊക്കെ കണ്ടുപിടിച്ചതോടെ തനത് തുകല്‍ ഉത്പന്നങ്ങളുടെ പ്രിയം അല്പം കുറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷങ്ങളായി സ്ഥിതി മാറിമറഞ്ഞിട്ടുണ്ട്. വില അല്പം കൂടിയാലും എല്ലാവര്‍ക്കും പ്രകൃതിദത്തമായ ലെതര്‍ കൊണ്ടുണ്ടാക്കിയ ഉത്പന്നങ്ങള്‍ മാത്രം മതി. രണ്ടായിരം മുതല്‍ മേല്‌പോട്ടാണ് ലെതര്‍ ഷൂവിന്റെ വിലയെങ്കിലും ആളുകള്‍ക്കതൊരു പ്രശ്‌നമേയല്ല. ആക്ഷന്‍ പോലുളള സിന്തറ്റിക് കാന്‍വാസ് ഷൂ മോഡലുകള്‍ ഒരുകാലത്ത് വലിയ ട്രെന്‍ഡായിരുന്നുവെങ്കിലും ഇപ്പോഴാരും അത്തരം ഷൂ ഉപയോഗിക്കുന്നില്ല. അതൊക്കെ തെളിയിക്കുന്നത് ലെതറിനോടുള്ള വര്‍ധിച്ച താത്പര്യമാണ്.

മൃഗത്തോല്‍ കൊണ്ടുണ്ടാക്കുന്നതാണ് ലെതര്‍ എന്നു പറഞ്ഞെങ്കിലും കേള്‍ക്കുന്നത്ര എളുപ്പത്തില്‍ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകില്ല. ഒട്ടേറെ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന അതിസങ്കീര്‍ണമായ നിര്‍മാണപ്രക്രിയയാണ് ഇതിന്റേത്. പണ്ടൊക്കെ ആഴ്ചകള്‍ നീണ്ട മനുഷ്യാധ്വാനത്തിന്റെ ഫലമായിട്ടായിരുന്നു തുകല്‍ പിറവിയെടുത്തിരുന്നത്. എന്നാല്‍ സാങ്കേതികവിദ്യയുടെ കടന്നുവരവോടെ യന്ത്രങ്ങളുടെയും കെമിക്കല്‍ ട്രീറ്റ്‌മെന്റിന്റെയും സഹായത്തോടെ ദിവസങ്ങള്‍ക്കുളളില്‍ തുകല്‍ നിര്‍മിച്ചെടുക്കാന്‍ കഴിയും.

മൂന്ന് ശാഖകളില്‍ തൊഴില്‍

രാജ്യം മുഴുവന്‍ തുകല്‍ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും തുകല്‍ നിര്‍മിക്കപ്പെടുന്നില്ല. വിരലിലെണ്ണാവുന്ന നഗരങ്ങളില്‍ മാത്രമേ തുകല്‍ സംസ്‌കരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ഡല്‍ഹിക്കടുത്ത് ആഗ്ര, ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ എന്നിവിടങ്ങളിലും കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നീ മഹാനഗരങ്ങളിലും മാത്രമേ നിലവില്‍ തുകല്‍ ഫാക്ടറികളുള്ളൂ. എന്നാല്‍ ഇവിടങ്ങളിലൊക്കെയായി നൂറുകണക്കിന് ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരക്കണക്കിനാളുകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുമുണ്ട്.

പ്രധാനമായും മൂന്ന് വിഭാഗങ്ങളിലായാണ് തുകല്‍ വ്യവസായത്തിലെ ജോലി സാധ്യതകള്‍. രൂപകല്പന, നിര്‍മാണം, വിപണനം എന്നിവയാണവ. പുത്തന്‍ട്രെന്‍ഡുകള്‍ക്കും ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്കുമനുസരിച്ച് തുകല്‍ ഉത്പന്നങ്ങള്‍ രൂപകല്പന ചെയ്യുകയാണ് ആദ്യത്തേത്. കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ (കാഡ്) സംവിധാനമുപയോഗിച്ചാണ് ഇപ്പോള്‍ തുകല്‍ ഉത്പന്നങ്ങളുടെ ഡിസൈനിങ് കാര്യമായി നടക്കുന്നത്. ഇങ്ങനെ ഡിസൈന്‍ ചെയ്യപ്പെടുന്ന വസ്തുക്കളുടെ വ്യാസായികാടിസ്ഥാനത്തിലുളള നിര്‍മാണമാണ് അടുത്ത ഘട്ടം. നിര്‍മിക്കപ്പെട്ട വസ്തുക്കള്‍ രാജ്യത്തിനകത്തും പുറത്തുമുളള വിപണികളിലെത്തിക്കേണ്ടത് വിപണനവിഭാഗത്തിന്റെ ജോലിയാണ്. മൂന്ന് വിഭാഗങ്ങളിലുമായി വര്‍ഷാവര്‍ഷം നിരവധി യുവാക്കള്‍ ജോലിക്കെത്തുന്നുണ്ട്.

കൈയില്‍ വേണ്ടതെന്തെല്ലാം

മറ്റേത് തൊഴില്‍മേഖലയെയും പോലെ കഠിനാധ്വാനവും ആത്മസമര്‍പ്പണം ചെയ്യാനുളള കഴിവുമുണ്ടെങ്കില്‍ മാത്രമേ തുകല്‍വ്യവസായ മേഖലയിലും കഴിവ് തെളിയിക്കാനാകൂ. കലാവാസനയും വരയ്ക്കാനുള്ള കഴിവുമുള്ളവര്‍ക്ക് ലെതര്‍ ഡിസൈനിങിലേക്ക് തിരിയാം. പുതിയ ആശയങ്ങള്‍ കണ്ടെത്താനുള്ള ശേഷിയുണ്ടാകേണ്ടത് പ്രധാനമാണ്. ഒറ്റയ്‌ക്കോ ഒരു ടീമായോ പ്രവര്‍ത്തിക്കാനുളള സന്നദ്ധതയും ആവശ്യം.ആഗോള ഫാഷന്‍വ്യവസായത്തില്‍ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും പുത്തന്‍ട്രെന്‍ഡുകളുമൊക്കെ ഇക്കൂട്ടര്‍ അറിഞ്ഞുവെക്കണം. പ്ലസ്ടു മികച്ച മാര്‍ക്കോടെ പാസായവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയിലൂടെ രാജ്യത്തെ എണ്ണം പറഞ്ഞ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ലെതര്‍ ഡിസൈനിങ് കോഴ്‌സിന് ചേരാനാകും.

മൃഗത്തോലിനെ തുകലാക്കി മാറ്റുന്ന വിവിധ നിര്‍മാണഘട്ടങ്ങളുടെ മേല്‍നോട്ടം വഹിക്കുക എന്നതാണ് നിര്‍മാണമേഖലയിലെ പ്രധാനപ്പെട്ട ജോലി. ഇക്കാര്യങ്ങള്‍ പരിശീലിപ്പിക്കുന്ന ‘ലെതര്‍ ടെക്‌നോളജി’ എന്ന എഞ്ചിനിയറിങ് ബ്രാഞ്ച് തന്നെ ഇപ്പോള്‍ നിലവില്‍ വന്നിട്ടുണ്ട്. ഇതേ വിഷയത്തില്‍ ബി.എസ്.സി. കോഴ്‌സുകളും ചില സ്ഥാപനങ്ങളില്‍ നടത്തുന്നു. ഫിസിക്‌സ്,കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളെടുത്ത് പഠിച്ച് പ്ലസ്ടു പാസായവര്‍ക്ക് ഈ കോഴ്‌സിന് ചേരാം.

ലെതര്‍ ഉത്പന്നങ്ങളുടെ വിപണനത്തിലാണ് താത്പര്യമെങ്കില്‍ മാര്‍ക്കറ്റിങില്‍ സ്‌പെഷലൈസേഷനോടെ എം.ബി.എ. എടുക്കേണ്ടതുണ്ട്. ബി.ബി.എ. പാസായവര്‍ക്കും ലെതര്‍ മാര്‍ക്കറ്റിങ് മേഖലയില്‍ അവസരങ്ങള്‍ ലഭിക്കും.

എവിടെ പഠിക്കണം

സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എല്‍.ആര്‍.ഐ.), നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (എന്‍.ഐ.എഫ്.ടി.), ആഗ്രയിലെ ഗവണ്‍മെന്റ് ലെതര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയാണ് തുകല്‍ നിര്‍മാണ,രൂപകല്പനാമേഖലകളില്‍ പരിശീലനം നല്‍കുന്ന രാജ്യത്തെ മുന്‍നിര സ്ഥാപനങ്ങള്‍. ബി.എസ്.സി. ഇന്‍ ലെതര്‍ ഗുഡ്‌സ് ആന്‍ഡ് ആക്‌സസറീസ് ഡിസൈന്‍ (ബി.എസ്.സി.-എല്‍.ജി.എ.ഡി.), എം.എസ്.സി. ഇന്‍ ലെതര്‍ ഗുഡ്‌സ് ആന്‍ഡ് ആക്‌സസറീസ് ഡിസൈന്‍ (എം.എസ്.സി.-എല്‍.ജി.എ.ഡി.) എന്നിവയാണ് ഇവിടുത്തെ പ്രധാന കോഴ്‌സുകള്‍.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ (എന്‍.ഐ.എഫ്.ടി.) ന്യൂഡല്‍ഹി, അഹമ്മദാബാദ്,ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബാംഗ്ലൂര്‍ ക്യാമ്പസുകളില്‍ ലെതര്‍ ഡിസൈനിങില്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്) കോഴ്‌സ് നടത്തുന്നു. അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷ വഴിയാണ് പ്രവേശനം. എന്‍.ഐ.എഫ്.ടിക്ക് കണ്ണൂരിലും കാമ്പസുണ്ടെങ്കിലും അവിടെ ലെതര്‍ ഡിസൈനിങ് കോഴ്‌സില്ല.

ചെന്നൈയിലെ സെന്‍ട്രല്‍ ഫുട്‌വേര്‍ ട്രെയിനിങ് സെന്റര്‍, സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ആഗ്രയിലെ സെന്‍ട്രല്‍ ഫുട്‌വേര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ ലെതര്‍ ഡിസൈനിങില്‍ ഡിപ്ലോമ കോഴ്‌സ് നടത്തുന്നുണ്ട്.

കൊല്‍ക്കത്തയിലെ ഗവ ണ്‍മെന്റ് കോളേജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ലെതര്‍ ടെക്‌നോളജി, ചെന്നൈയിലെ സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, അളഗപ്പ കോളേജ് ഓഫ് ടെക്‌നോളജി, ഭാരത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, കാണ്‍പുരിലെ ഹാര്‍കൗര്‍ട്ട് ബട്‌ലര്‍ ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മുസാഫര്‍പുറിലെ മുസാഫര്‍പുര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങളില്‍ ലെതര്‍ ടെക്‌നോളജിയില്‍ ബി.ടെക് കോഴ്‌സ് നടത്തുന്നുണ്ട്.

ബാംഗ്ലൂരിലെ ഉള്ളാള്‍ ഉപനഗറില്‍ പ്രവര്‍ത്തിക്കുന്ന കര്‍ണാടക ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ലെതര്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ ഇന്‍ ലെതര്‍ ടെക്‌നോളജി, ലെതര്‍ ഗുഡ്‌സ് മാനുഫാക്ചറിങ്, ലെതര്‍ ഗാര്‍മന്റ് ടെക്‌നോളജി എന്നീ കോഴ്‌സുകള്‍ നടത്തുന്നു. മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സിന് ചേരാന്‍ പ്ലസ്ടുവാണ് യോഗ്യത. 45 സീറ്റുകളാണ് ഓരോ കോഴ്‌സിനുമുള്ളത്. ഇതില്‍ അമ്പത് ശതമാനം സീറ്റുകള്‍ കര്‍ണാടകയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്യപ്പെട്ടതാണ്. മുംബൈയിലെ ഗവണ്‍മെന്റ് പോളിടെക്‌നിക്ക്,വെല്ലൂരിലെ കെ.എ.ആര്‍. പോളിടെക്‌നിക്ക് എന്നിവിടങ്ങളിലും ലെതര്‍ ഡിസൈനിങില്‍ ഡിപ്ലോമ കോഴ്‌സ് നടത്തുന്നു.

ലെതര്‍ ടെക്‌നോളജിയിലോ ലെതര്‍ ഡിസൈനിങിലോ ഉപരിപഠനം നടത്താന്‍ നിലവില്‍ നമ്മുടെ നാട്ടില്‍ സൗകര്യങ്ങളൊന്നുമില്ല എന്നതാണ് ഖേദകരമായ കാര്യം. തൃശൂര്‍ അയ്യന്തോളില്‍ പ്രവര്‍ത്തിക്കുന്ന മിനിസ്ട്രി ഓഫ് മൈക്രോ സ്‌മോള്‍ ആന്‍ഡ് മീഡിയം ഇന്‍സ്റ്റിറ്റ്യൂട്ട് (എം.എസ്.എം.ഇ.) ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് തുകല്‍ ഉത്പന്ന നിര്‍മാണത്തില്‍ ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നുണ്ട്. എട്ടാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ആകെ പത്തു സീറ്റുകളാണുള്ളത്.

തൊഴിലവസരങ്ങള്‍

പ്രമുഖ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് ലെതര്‍ നിര്‍മാണശാലകളിലും കയറ്റുമതി സ്ഥാപനങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളിലും ജോലി ലഭിക്കുന്നു. ലെതര്‍ ടെക്‌നോളജിസ്റ്റുകള്‍ക്കും ലെതര്‍ ഡിസൈനര്‍മാര്‍ക്കും കാര്യമായ അവസരങ്ങള്‍ ലഭിക്കുക ചെരുപ്പുനിര്‍മാണ ഫാക്ടറികളിലും തുകല്‍ അനുബന്ധ വ്യവസായങ്ങളിലുമാണ്. ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് മതിയായ പ്രവൃത്തിപരിചയം ആര്‍ജിച്ചുകഴിഞ്ഞ് സ്വന്തമായി ലെതര്‍ ഉത്പാദനയൂണിറ്റുകള്‍ ആരംഭിക്കുന്നവരും കുറവല്ല.

അധ്യാപനമാണ് മറ്റൊരു പ്രധാന മേഖല. രാജ്യത്തെ പല പ്രമുഖ സര്‍വകലാശാലകളിലും എഞ്ചിനിയറിങ് കോളേജുകളിലുമായി നിരവധി ലെതര്‍ ടെക്‌നോളജിസ്റ്റുകള്‍ അധ്യാപകരായി ജോലി നോക്കുന്നു.

ലെതര്‍ ഡിസൈനര്‍മാര്‍ക്ക് നാട്ടിലും വിദേശത്തും ഒരുപോലെ തൊഴിലവസരങ്ങളുണ്ട്. വിദേശത്തുള്ള വന്‍കിട ലെതര്‍ ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മാണയൂണിറ്റുകള്‍ ആരംഭിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’ പരിപാടിയുടെ ഭാഗമായിട്ടാണിത്. അതിനാല്‍ ലെതര്‍ ടെക്‌നോളജി/ഡിസൈനിങ് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളെ ശോഭനമായ ഭാവിയാണ് കാത്തിരിക്കുന്നതെന്നുറപ്പ്

കടപ്പാട് : www.allprocess.in

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ