Published Madhymumonline on 13 Mar 2013
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്ന കുട്ടികള്‍ പലതരത്തിലുള്ള മാനസിക സമ്മര്‍ദങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും വിധേയരാകുന്നെന്ന് 'ദിശ'യുടെ കൗണ്‍സലിങ് കേന്ദ്രത്തിലേക്കെത്തുന്ന ഫോണ്‍വിളികള്‍ വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ കൗണ്‍സലിങ് സംവിധാനമായ ദിശ (ഡയറക്ട് ഇന്റര്‍വെന്‍ഷന്‍ സിസ്റ്റം ഫോര്‍ ഹെല്‍ത്ത് അവയര്‍നെസ്സ്) യില്‍ 1800-ല്‍ അധികം ഫോണ്‍കോളുകളാണ് ഇപ്പോള്‍ പ്രതിദിനമെത്തുന്നത്. ഇതില്‍ അഞ്ചു ശതമാനത്തിന്റെയെങ്കിലും പ്രശ്‌നം ഗൗരവമുള്ളതാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
പരീക്ഷാപ്പേടിക്കപ്പുറം മാനസിക സംഘര്‍ഷം, പിരിമുറുക്കം, ഉറക്കമില്ലായ്മ, ഭയം തുടങ്ങിയവയ്ക്ക് പരിഹാരം തേടിയാണ് ഭൂരിഭാഗം പേരും വിളിക്കുന്നത്. പഠിച്ചതൊക്കെ എഴുതാനാകുമോ, അടുത്ത ദിവസത്തെ പരീക്ഷ എങ്ങനെയാകുമെന്ന ഉത്കണ്ഠ എന്നിവയൊക്കെ കുട്ടികളെ ബാധിക്കുന്നുണ്ട്. പരീക്ഷ പ്രയാസമായിരുന്നത് വീട്ടുകാരില്‍ നിന്ന് എങ്ങനെ മറച്ചുവെക്കാം എന്നതിനെപ്പറ്റിവരെ കുട്ടികള്‍ അന്വേഷിക്കുകയാണ്. എം.എസ്.ഡബ്ല്യു. ബിരുദവും കൗണ്‍സലിങ് പരിചയവുമുള്ള 23 പേരാണ് ഇപ്പോള്‍ 'ദിശ'യില്‍ കുട്ടികളുടെ ഫോണ്‍കോളുകള്‍ കൈകാര്യം ചെയ്യുന്നത്. കൂടാതെ ആറ് മനശ്ശാസ്ത്രജ്ഞരും ഒപ്പമുണ്ട്. കൗണ്‍സലര്‍മാര്‍ക്ക് കൈകാര്യം ചെയ്യാനാകാത്ത കോളുകള്‍ മനശ്ശാസ്ത്രജ്ഞര്‍ക്ക് കൈമാറുകയാണ്. പ്രതിദിനം 20 മുതല്‍ 30 വരെ ഫോണ്‍കോളുകള്‍ മനശ്ശാസ്ത്രജ്ഞര്‍ കൈകാര്യം ചെയ്യുന്നുണ്ട്. വിളിക്കുന്ന കുട്ടികളില്‍ അഞ്ചുശതമാനം പേരെങ്കിലും ഗൗരവമായ മാനസികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് ദിശയുടെ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ജി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
നേെേത്ത എസ്.എസ്.എല്‍.സി. പരീക്ഷ ഉയര്‍ന്ന രീതിയില്‍ വിജയിച്ച സഹോദരങ്ങളുള്ള കുട്ടികള്‍ മറ്റൊരു പ്രശ്‌നമാണ് നേരിടുന്നത്. സഹോദരനെയോ അല്ലെങ്കില്‍ സഹോദരിയെപ്പോലെയോ ഉയര്‍ന്ന വിജയം നേടണമെന്ന വീട്ടുകാരുടെ സമ്മര്‍ദം ഇവര്‍ക്ക് താങ്ങാനാകുന്നില്ല. ഇത്തരം പ്രശ്‌നങ്ങളുമായും നിരവധി കോളുകള്‍ എത്തുന്നുണ്ട്. അതോടൊപ്പം പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയാലുടനുള്ള ചോദ്യപേപ്പര്‍ വിശകലനത്തെ നേരിടാനാകാതെ കൗണ്‍സലിങ് സെന്ററിലേക്ക് വിളിക്കുന്ന കുട്ടികളും നിരവധിയാണ്. കഴിഞ്ഞ പരീക്ഷകളെക്കുറിച്ചുള്ള ആധിയും വിദ്യാര്‍ഥികള്‍ കൗണ്‍സലര്‍മാരോട് പങ്കുവെക്കുകയാണ്. വിളിക്കുന്ന കുട്ടികളുടെ പ്രശ്‌നങ്ങളെ വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാന്‍ ദിശയ്ക്കാകുന്നുണ്ടെന്നും ഡോ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
മാര്‍ച്ച് എട്ടി നാണ് ദിശ ആരംഭിച്ചത്. ഒരേസമയത്ത് എട്ട് കൗണ്‍സലര്‍മാര്‍ 30 കോളുകള്‍ വരെ കൈകാര്യം ചെയ്യുന്നുണ്ട്. ഇവ അഞ്ച് മിനിറ്റ് മുതല്‍ 45 മിനിറ്റുവരെ നീണ്ടുനില്‍ക്കുന്നുമുണ്ട്. കോള്‍സെന്ററിലേക്കുള്ള 24 മണിക്കൂര്‍ ടോള്‍ഫ്രീ നമ്പരായ 1056-ല്‍ രാവിലെ ഏഴിനും ഒന്‍പതിനും ഇടയ്ക്കാണ് കൂടുതല്‍ ഫോണ്‍കോളുകളും എത്തുന്നത്. പിന്നെ വൈകീട്ട് നാലുമണിക്ക് ശേഷവും. രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലുവരെ അപൂര്‍വം കോളുകളേ വരുന്നുള്ളൂ. വരുന്ന കോളുകളില്‍ ഭൂരിഭാഗവും കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ളതാണ്. ജൂണ്‍ ആദ്യവാരം വരെ പരീക്ഷാ ഹെല്‍പ്പ്‌ലൈന്‍ ആയിത്തന്നെ 'ദിശ' പ്രവര്‍ത്തിക്കും. തുടര്‍ന്ന് ഇത് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനുള്ള സംവിധാനമായി മാറും. ടെക്‌നോപാര്‍ക്കിലെ തേജസ്വിനി ബില്‍ഡിങ്ങിലാണ് കോള്‍സെന്റര്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.
കോളുകളുടെ എണ്ണം ദിനംപ്രതി കൂടുന്നു
ദിശയുടെ ഓണ്‍ലൈന്‍ കൗണ്‍സലിങ് സംവിധാനം ആരംഭിച്ചശേഷം ഓരോ ദിവസം ചെല്ലുന്തോറും ഫോണ്‍കോളുകളുടെ എണ്ണം കൂടുകയാണ്. ഭൂരിഭാഗവും വിളിക്കുന്നത് കുട്ടികള്‍ തന്നെയാണെങ്കിലും കുട്ടികള്‍ക്കായി വിളിക്കുന്ന അമ്മമാരുടെ എണ്ണവും കൂടുന്നുണ്ട്. കൗണ്‍സലിങ് സംവിധാനം ആരംഭിച്ച മാര്‍ച്ച് എട്ടിന് 1258 കോളുകളാണ് ലഭിച്ചതെങ്കില്‍ പിറ്റേദിവസം കോളുകളുടെ എണ്ണം 1229 ആയി. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് തലേന്ന് അത് 1506 ആയി ഉയര്‍ന്നു. പരീക്ഷ ആരംഭിച്ച തിങ്കളാഴ്ച 1820 പേരാണ് 'ദിശ'യിലേക്ക് വിളിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിവരെ 'ദിശ'യില്‍ ലഭിച്ചത് 1100 ഫോണ്‍കോളുകളാണ്.