ഹൃദ്രോഗം ഒഴിവാക്കാം
കേരളത്തില്‍ ഹൃദ്രോഗവുമായി എത്തുന്നവരില്‍ ഏകദേശം 16-25% പേരും ചെറുപ്പക്കാരാണ്. ഹൃദയാഘാതം ഉള്‍പ്പെടുന്ന ഹൃദ്രോഗങ്ങള്‍ നിയന്ത്രിക്കാന്‍ നമുക്ക് സ്വീകരിക്കാവുന്ന ഏറ്റവും നല്ല മാര്‍ഗം മുന്‍കൂര്‍ പ്രതിരോധമാണ്. പാരമ്പര്യത്തിനു പുറമെ വളരെ പരിചിതമായ കാരണങ്ങളാലാണ് ഹൃദ്രോഗം ഉണ്ടാകുന്നത്. ഇത്തരം അപായഘടകങ്ങള്‍ ഒഴിവാക്കുന്നതിലൂടെത്തന്നെ 90% ഹൃദ്രോഗത്തെയും തടയാനാകും. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, പുകവലി, അമിത കൊഴുപ്പ്, മാനസിക സമ്മര്‍ദം, പഴങ്ങളും പച്ചക്കറികളും കുറഞ്ഞ ഭക്ഷണരീതി, ഗര്‍ഭിണിയാകുമ്പോള്‍ പോഷകദാരിദ്ര്യം ഉണ്ടാകാനിടയാകുക, വ്യായാമവും വിശ്രമവും ഇല്ലാതിരിക്കുക, മദ്യപാനം, പൊണ്ണത്തടി... എന്നിവയാണ് ഹൃദ്രോഗത്തെ കൂട്ടുന്ന അപായഘടകങ്ങള്‍.
പ്രമേഹം ഹൃദ്രോഗനിരക്ക് ഉയര്‍ത്തും
ഹൃദയാരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് പ്രമേഹം. ചെറുപ്പത്തില്‍ത്തന്നെ പ്രമേഹം ബാധിക്കുന്നത് രക്തധമനികളെ നേരത്തെത്തന്നെ ജരിതാവസ്ഥയിലെത്തിക്കുകയും ഹൃദ്രോഗസാധ്യത ഇരട്ടിപ്പിക്കുകയും ചെയ്യും. പ്രമേഹം അനിയന്ത്രിതമാകുമ്പോള്‍ രക്തക്കുഴലുകളില്‍ കൊഴുപ്പ് നിറയുകയും ഹൃദയപേശികളിലേക്കുള്ള രക്തക്കുഴലുകള്‍ ചുരുങ്ങി ഹൃദയപേശികള്‍ നിര്‍ജീവമാവുകയും ചെയ്യുന്നു. കൂടാതെ വേദനയില്ലാതെ ഹൃദയാഘാതമുണ്ടാകുക, ഹൃദ്രോഗാനന്തരം ഗുരുതരമായ പ്രശ്നങ്ങളിലേക്കെത്തിക്കുക തുടങ്ങിയ സങ്കീര്‍ണതകള്‍ സൃഷ്ടിക്കാനും പ്രമേഹത്തിനാകും. അതിനാല്‍ ഹൃദ്രോഗം ഒഴിവാക്കാന്‍ പ്രമേഹം നിയന്ത്രണവിധേയമാക്കുക എന്നത് അതീവ പ്രധാനമാണ്.
രക്തസമ്മര്‍ദം ഹൃദയാധ്വാനം കൂട്ടും
രക്തസമ്മര്‍ദം കൂടുതലാണെന്ന് അറിയാതെ ജീവിക്കുന്നവരാണ് ഏറെയും. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇടയാക്കും. രക്തസമ്മര്‍ദം ഉയരുമ്പോള്‍ രക്തചംക്രമണം നിലനിര്‍ത്താന്‍ ഹൃദയം തീവ്രമായി പ്രവര്‍ത്തിക്കും. ഇത് ഹൃദയപേശികളുടെ കനം കൂട്ടുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനശേഷി കുറയ്ക്കുകയും ചെയ്ത് ഹൃദ്രോഗം ഉണ്ടാക്കും. ഔഷധം, ജീവിതശൈലി ക്രമീകരണം ഇവയിലൂടെ രക്തസമ്മര്‍ദം നിയന്ത്രണത്തിലാക്കാം.
പുകയിലയുടെ ഉപയോഗം
ഹൃദ്രോഗംമൂലം മരിക്കുന്നവരില്‍ ഏറിയ പങ്കും പുകയിലയുടെ ഉപയോഗം ഉള്ളവരാണ്. പുകയില വലിക്കുകയോ, ചവയ്ക്കുകയോ ചെയ്യുന്നതിലൂടെ ഉള്ളിലെത്തുന്ന നിക്കോട്ടിന്‍ ഉന്മേഷം നല്‍കുന്നതോടൊപ്പം വ്യക്തിയെ കുറഞ്ഞ സമയംകൊണ്ട് പുകയിലയ്ക്ക് അടിമയാക്കും. അതിനാല്‍ ബോധപൂര്‍വം പുകയിലയുടെ ഉപയോഗം അവസാനിപ്പിക്കുകയാണ് വേണ്ടത്. പുകയില ഹൃദയധമനികള്‍ക്ക് കേടുവരുത്തിയും, നല്ല കൊഴുപ്പിനെ കുറച്ചും രക്തം കട്ടപിടിപ്പിച്ചും ഹൃദ്രോഗം ഉണ്ടാക്കും.
അമിതകൊഴുപ്പ് ഗുണകരമല്ല
നിയന്ത്രണമില്ലാത്ത ഭക്ഷണവും വ്യായാമമില്ലായ്മയും കൊളസ്ട്രോള്‍ നില ഉയര്‍ത്തും. ചീത്ത കൊളസ്ട്രോള്‍ ഉയര്‍ന്ന അവസ്ഥ ധമനികളുടെ ജരാവസ്ഥയ്ക്കും ഹൃദ്രോഗത്തിനും ഇടയാക്കും. ലളിതമായ ഭക്ഷണരീതികളും നിത്യവുമുള്ള വ്യായാമവും നല്ല കൊഴുപ്പ് വര്‍ധിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
മാനസികസമ്മര്‍ദം
മാനസികസമ്മര്‍ദങ്ങള്‍ സ്ഥിരമായി അനുഭവിക്കുന്നത് ഹൃദയപ്രവര്‍ത്തനത്തിന്റെ താളംതെറ്റിക്കും. ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞ് പേശികളുടെ പ്രവര്‍ത്തനക്ഷമതയെ പ്രതികൂലമായി ബാധിക്കും. മാനസിക പിരിമുറുക്കം ഉള്ളവരില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുന്നതും ഹൃദ്രോഗത്തിനിടയാക്കും. ക്ഷമയില്ലായ്മ, അധിക മത്സരബുദ്ധി, ദേഷ്യം, നിരാശ, താങ്ങാനാവാത്ത ജോലിഭാരം ഇവയൊക്കെ സ്ഥിരമായി തുടരുന്നത് ഹൃദയത്തിന് ഒട്ടും ഗുണകരമല്ല. യോഗപോലുള്ള വ്യായാമങ്ങളും നല്ലസൗഹൃദങ്ങളും മനസ്സിന് ആശ്വാസം നല്‍കും. പുസ്തകവായന, സംഗീതം ഇവയും മാനസികസമ്മര്‍ദം കുറയ്ക്കും.
ഗര്‍ഭകാലം ശ്രദ്ധയോടെ
പോഷകക്കുറവും മാനസികസമ്മര്‍ദങ്ങളും ഗര്‍ഭിണി കര്‍ശനമായും ഒഴിവാക്കുന്നതിലൂടെ ഗര്‍ഭസ്ഥശിശുവിന്റെ ഹദ്രോഗസാധ്യതയെ കുറയ്ക്കാനാകും. ജനസമയത്ത് തൂക്കം കുറവായ കുട്ടികളില്‍ ഭാവിയില്‍ ഹൃദയാഘാതം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് സാധ്യത ഏറെയാണ്. അതുപോലെ പ്രമേഹമുള്ള സ്ത്രീകളിലും ഹൃദയവൈകല്യമുള്ള കുട്ടികള്‍ ജനിക്കാനുള്ള സാധ്യത കൂടുതലാണ്. ഗര്‍ഭധാരണവും പ്രസവവും 30 വയസ്സിനു മുമ്പ് ആകുന്നതാണ് ഉചിതം. കുഞ്ഞിന്റെ ക്രമാനുഗതമായ വളര്‍ച്ചയ്ക്കും അവയവ രൂപീകരണത്തിനും കുറുന്തോട്ടി, ചുക്ക്, ജീരകം ഇവ ചേര്‍ത്ത പാല്‍ക്കഷായം ഗര്‍ഭിണി കഴിക്കുന്നത് ഏറെ ഫലപ്രദമാണ്.
പഴങ്ങളും പച്ചക്കറികളും നല്ലത്
ഹൃദ്രോഗം വരുത്തുന്നതില്‍ ഒട്ടും അപ്രധാനമല്ലാത്ത പങ്ക് വ്യക്തിയുടെ ആഹാരരീതിക്കുണ്ട്. പഴങ്ങളും പച്ചക്കറികളും സമൃദ്ധമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ധമനികളുടെയും ഹൃദയത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാകും. ബീറ്റ്റൂട്ട്, ബീന്‍സ്, പയര്‍, വെള്ളക്കടല, ചീര ഇവയ്ക്ക് ധമനികളില്‍ കൊഴുപ്പടിയുന്നതിനെ തടയാന്‍ കഴിവുണ്ട്. നാരുകളാല്‍ സമ്പന്നമായ ഉലുവ, ഉഴുന്ന്, തുവര, ഓട്സ്, ഗോതമ്പ്, ചെറുപയര്‍ ഇവ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുക വഴി ഹൃദ്രോഗത്തെ ഒഴിവാക്കും. വെളുത്തുള്ളി, ചുമന്നുള്ളി, സവാള ഇവയ്ക്കും ധമനികളുടെ ആരോഗ്യം സംരക്ഷിക്കാനാവും. പാവയ്ക്ക, പടവലങ്ങ, വെള്ളരി, കുമ്പളം, നെല്ലിക്ക, കാരറ്റ് തുടങ്ങിയവയും ഹൃദയാരോഗ്യം സംരക്ഷിക്കും. പാചകത്തിന് മിതമായി വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് ഉചിതം. പേരയ്ക്ക, പപ്പായ, ഓറഞ്ച് ഇവയും ഹൃദയാരോഗ്യം ഉറപ്പാക്കും. കൊഴുപ്പടങ്ങിയ ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുന്നത് ഹൃദയസംരക്ഷണത്തിന് അനിവാര്യമാണ്. ഫാസ്റ്റ്ഫുഡ്, സോസ്, മൃഗക്കൊഴുപ്പ്, ഉപ്പിലിട്ടവ, ദഹിക്കാന്‍ പ്രയാസമുള്ളവ എന്നിവ കഴിയുന്നത്ര ഒഴിവാക്കുക. അസമയത്തുള്ള ഭക്ഷണവും ഒഴിവാക്കുക.