കാടയ്ക്കും മുട്ടയ്ക്കും ഹൈടെക് കൂട്
സൂപ്പർമാർക്കറ്റിൽ പോയി കാടമുട്ട വാങ്ങുന്നത് പലപ്പോഴും അത്ര എളുപ്പമല്ല. നിശ്ചിത എണ്ണം എണ്ണിയെടുത്ത് കൂടിനുള്ളിൽ പൊതിഞ്ഞു തരാൻ കടയുടമയോ സ്റ്റാഫോ സഹായിക്കേണ്ടിവരും. മുട്ടയ്ക്കെന്തെങ്കിലും കേടുപാടുണ്ടായാൽ ഉത്തരവാദികളായി ആരുമുണ്ടാവില്ലതാനും, ഒരു ഡസൻ മുട്ട സുതാര്യമായ കെയ്സുകളിൽ പായ്ക്കു ചെയ്ത് നിശ്ചിതവിലയും ഉൽപാദകന്റെ വിലാസവും രേഖപ്പെടുത്തിയ ബ്രാൻഡ് ലേബൽ സഹിതം അടുക്കിവച്ചാലോ, വാങ്ങാൻ ആരും താൽപര്യപ്പെട്ടുപോകും. ഈ ആശയം കേരളത്തിലാദ്യമായി നടപ്പാക്കി വിജയം കണ്ടിരിക്കുകയാണ് കോട്ടയം ചങ്ങനാശേരിക്കു സമീപം നാലുകോടി സ്വദേശി തെക്കേൽ വീട്ടിൽ ഷാജി കോര. മൂന്നു രൂപയിലേറെ വില നൽകേണ്ടിവരുമ്പോഴും ഷാജിയുടെ എവർ ഫ്രഷ് ഫാമിലെ മുട്ടപ്പായ്ക്കറ്റുകൾക്ക് സൂപ്പർമാർക്കറ്റിൽ ആവശ്യക്കാരേറുകയാണ്. കാടമുട്ട മാത്രമല്ല കാട ഇറച്ചിയും ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ചട്ടങ്ങൾ പാലിച്ച് പായ്ക്കു ചെയ്ത് വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് ഇദ്ദേഹം.
കുഴിവോടുകൂടിയതും സുതാര്യവുമായ പ്ലാസ്റ്റിക് ട്രേകളിൽ മുട്ട നിരത്തി പായ്ക്കു ചെയ്താണ് എവർ ഫ്രഷ് ബ്രാൻഡ് മുട്ടകൾ ഷെൽഫുകളിലെത്തുന്നത്. മറ്റ് രാജ്യങ്ങളിലും സംസ്ഥാനങ്ങളിലുമൊക്കെ കാടമുട്ട പായ്ക്ക് ചെയ്തു വിൽക്കുന്നതു കണ്ടപ്പോഴാണ് തനിക്ക് ഈ ആശയമുദിച്ചതെന്ന് ഷാജി പറഞ്ഞു. കേരളത്തിൽ കിട്ടാത്തതിനാൽ തമിഴ്നാട്ടിലെ ഈറോഡിൽനിന്നാണ് മുട്ട പായ്ക്കു ചെയ്യാനുള്ള ട്രേകൾ വാങ്ങിയത്. നാലു രൂപയിലേറെ വില നൽകേണ്ടി വരുന്നുണ്ടെങ്കിലും ബിസിനസ് മെച്ചപ്പെടുത്താൻ ഇതു സഹായിക്കുന്നു. അൽപം അധികലാഭവും ഉറപ്പ്. മറ്റുൽപന്നങ്ങൾപോലെ ഷെൽഫുകളിൽനിന്നു സൗകര്യപ്രദമായി ഷോപ്പിങ് ബാസ്കറ്റിലാക്കാമെന്നതുകൊണ്ട് സൂപ്പർമാർക്കറ്റുകളിലാണ് ഷാജിയുടെ കാടമുട്ടപായ്ക്കറ്റുകൾക്കു പ്രിയം. സൗകര്യത്തോടൊപ്പം വിശ്വാസ്യതയും ബ്രാൻഡ് രേഖപ്പെടുത്തിയ പായ്ക്കറ്റുകളിലൂടെ കിട്ടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലേബലിലെ വിലാസവും ഫോൺ നമ്പറും മനസ്സിലാക്കി ഉപഭോക്താക്കൾ നേരിട്ടുവിളിക്കുകയും ഫാം സന്ദർശിക്കുകയും ചെയ്യുന്നു. ആഴ്ചതോറും ശരാശരി 15,000 മുട്ടകൾ വിൽക്കാൻ പറ്റുന്നതായാണ് ഷാജിയുടെ കണക്ക്. ഇതിൽ പകുതിയും പായ്ക്കറ്റ് മുട്ട തന്നെ.
പതിനയ്യായിരം കാടകളെ വളർത്താവുന്ന ഹൈടെക് ഫാമാണ് ഇദ്ദേഹത്തിനുള്ളത്. 2015 മാർച്ചിലായിരുന്നു തുടക്കം. മൂന്നു തവണയായി നാലായിരം കാടകളെയാണ് ആദ്യവർഷം വളർത്തിയത്. അവയുടെ മുട്ടയുൽപാദനം കഴിഞ്ഞപ്പോൾ ഇറച്ചിക്കാടയായി വിറ്റു. ഈ വർഷം ഇതുവരെ നാലു ബാച്ചുകളിലായി നാലായിരം കാടകൾ കൂട്ടിലുണ്ട്. ആദ്യത്തെ മൂന്നു ബാച്ചുകളും മുട്ടയുൽപാദനം തുടങ്ങിക്കഴിഞ്ഞു. അഞ്ചാമത്തെ ബാച്ചിനെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ഷാജി. വിൽപന വർധിക്കുന്നതനുസരിച്ച് ഫാം പൂർണശേഷിയിലെത്തിക്കും. ഓരോ ബാച്ചിലും പകുതിയോളം കാടകൾ പൂവന്മാരായിരിക്കും. അവയെ 45 ദിവസം പ്രായമാവുമ്പോൾ ഇറച്ചിക്കാടയായി വിൽക്കും. ഇറച്ചിക്കാടകളുടെ മാംസം ഡ്രസ് ചെയ്തു പായ്ക്കറ്റിലാക്കുന്ന സംരംഭത്തിനു ലൈസൻസ് കിട്ടിക്കഴിഞ്ഞു. എവർഫ്രഷ് ബ്രാൻഡിൽ അഞ്ച് കാടകളുടെ പായ്ക്കറ്റിന് 280 രൂപയാണ് വില.
എറണാകുളത്തു ബിസിനസ് നടത്തുന്ന ഷാജി ഹൈടെക് കാടഫാമിനുവേണ്ടി 15 ലക്ഷം രൂപ മുടക്കിക്കഴിഞ്ഞു. പരമാവധി കാറ്റും വെളിച്ചവും കയറത്തക്ക വിധത്തിലുള്ള ഈ കൂടിന്റെ രൂപകൽപന ഇദ്ദേഹം തന്നെ. അരയിഞ്ച് കണ്ണിയകലമുള്ള ഇരുമ്പുവല വാങ്ങി നിശ്ചിത അളവിൽ മുറിച്ചശേഷം വെൽഡ് ചെയ്തെടുക്കുകയായിരുന്നു. കൂടുകൾക്ക് കീഴിലായി കാഷ്ഠം വീഴുന്നതിനുള്ള പാത്തിയുൾപ്പെടെ ഹൈടെക് കൂടിലെ സംവിധാനങ്ങളെല്ലാം മൂൻകൂട്ടി കണ്ട് രൂപകൽപന നടത്തിയതുകൊണ്ടാണ് തീർത്തും ആയാസമില്ലാതെ ഈ ഫാം പ്രവർത്തിപ്പിക്കാൻ കഴിയുന്നതെന്നു ഷാജി ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ സഹായമില്ലാതെ തന്നെ ഇത്രയേറെ കാടകളെ പരിചരിക്കാൻ സാധിക്കുന്നുണ്ട്.
കാടവളർത്തലിൽ താൽപര്യമുള്ളവർക്ക് മുട്ടയിട്ടു തുടങ്ങിയ മുപ്പത് കാടകളും കൂടും അഞ്ചു കിലോ തീറ്റയും 4500 രൂപയ്ക്കു നൽകുന്ന പദ്ധതി എവർ ഫ്രഷ് ഫാമിനുണ്ട്. ഒരു മാസം പ്രായമായ പെൺകാടകളെ 35 രൂപ നിരക്കിൽ വാങ്ങാനും ഇവിടെ അവസരമുണ്ട്. വൃത്തിയുള്ള കൂടുകൾ, പാഴാകാതെ ആവശ്യാനുസരണം വെള്ളം നൽകാൻ കഴിയുന്ന ഡ്രിപ് ഫീഡർ, കാടക്കാഷ്ഠം ആയാസമില്ലാതെ വടിച്ചുവൃത്തിയാക്കുന്നതിനുള്ള ഡങ് സ്ക്രാപ്പർ, കാടമുട്ട പൊട്ടാനിടയാകാതെ സൗകര്യപ്രദമായി സംഭരിക്കുന്നതിനുള്ള സംവിധാനം, കാടമുട്ടയുടെയും കാടമാംസത്തിന്റെയും പായ്ക്കറ്റുകൾ എന്നിങ്ങനെ ഈ മേഖലയിൽ പരിചിതമല്ലാത്ത ആശയങ്ങൾ നടപ്പാക്കി തനതുമാതൃക തീർക്കുകയാണ് ഈ യുവസംരംഭകൻ. ഒന്നിടവിട്ട ദിവസങ്ങളിൽ ബിസിനസ് ആവശ്യങ്ങൾക്കായി എറണാകുളത്തേക്കു പോകേണ്ടി വരുന്ന ഷാജിക്ക് കാടവളർത്തലിൽ കുടുംബാംഗങ്ങളുടെ സജീവ പിന്തുണയുണ്ട്. ഭാര്യ ഷീമോൾ, പ്ലസ് ടു വിദ്യാർഥിനിയായ മകൾ ഏഞ്ചൽ, നാലാം ക്ലാസ് വിദ്യാർഥിയായ മകൻ എബിൻ എന്നിവരുടെ സംരക്ഷണയിൽ തന്റെ കാടകൾ സുരക്ഷിതമാണെന്നു ഷാജിക്കറിയാം.
ഫോൺ– 9447160229
More details വായിക്കാം ഇ - കർഷകശ്രീ