കരിയര്‍ കോഴ്സുകള്‍ - 01

  1. ഔഷധങ്ങളോടൊത്ത് തൊഴില്‍
  2. മണ്ണില്‍ കരിയര്‍ പടുക്കാം
  3. സമൂഹത്തെയറിഞ്ഞ് സോഷ്യോളജി
  4. കൊമേഴ്‌സുകാര്‍ക്കുള്ള ഉപരിപഠനസാധ്യതകള്‍
  5. ജീവിതം പുസ്തകങ്ങള്‍ക്കായി
  6. കോളേജില്‍ കയറാതെ ഉന്നതപഠനം
  7. ഇംഗ്ലീഷ് ഭാഷയറിഞ്ഞാല്‍ ഇഷ്ടം പോലെ അവസരം
  8. മൃഗസ്‌നേഹികള്‍ക്ക് ശോഭനമായ കരിയര്‍
  9. ആശുപത്രി മാനേജ്‌മെന്റ്‌കോഴ്‌സുകള്‍ ചെയ്യാം
  10. എച്ച്ആര്‍ രംഗത്ത് കേമന്‍മാരാകാന്‍
  11. അത്ഭുതങ്ങളുമായി അനിമേഷന്‍ രംഗം
  12. ആര്‍ക്കിടെക്ചര്‍ പഠിച്ചാല്‍ ആവോളം സാധ്യതകള്‍
  13. നിയമം അറിഞ്ഞാല്‍ സാധ്യതയേറെ


  1. ഔഷധങ്ങളോടൊത്ത് തൊഴില്‍
ഡോക്ടര്‍ കുറിച്ചുതന്ന അലോപ്പതിമരുന്ന് വാങ്ങാന്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് ടൗണിലെ മരുന്നുഷാപ്പില്‍ പോയ കഥയൊക്കെ പഴമക്കാര്‍ക്ക് പറയാനുണ്ടാകും. എന്നാല്‍ ഇന്ന് പെട്ടിക്കടകള്‍ പോലെ മെഡിക്കല്‍ ഷോപ്പുണ്ട് എല്ലായിടത്തും. പണ്ട് ആളുകള്‍ കൂടുന്ന അങ്ങാടികളിലായിരുന്നു മെഡിക്കല്‍ ഷോപ്പെങ്കില്‍ ഇന്നിപ്പോള്‍ ഓരോ ബസ് സ്‌റ്റോപ്പിനടുത്തുമുണ്ട് മരുന്നുകടകള്‍. ഡോക്ടര്‍മാര്‍ താമസിക്കുന്ന പ്രദേശമാണെങ്കില്‍ ഒന്നിലധികമുണ്ടാകുമവ. ഡോക്ടര്‍മാരുടെയും രോഗികളുടെയും മെഡിക്കല്‍ ഷോപ്പുകളുടെയും എണ്ണം പെരുകിയതോടെ ഫാര്‍മസിസ്റ്റുകളുടെയും പ്രിയം കൂടി. എല്ലാ മെഡിക്കല്‍ ഷോപ്പിലും ഫാര്‍മസിസ്റ്റിന്റെ സേവനം നിയമപരമായി നിര്‍ബന്ധമാണ്. അവിടെ ജോലി ചെയ്യുന്ന ഫാര്‍മസിസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റ് കടയില്‍ വരുന്നവരുടെ ശ്രദ്ധ പതിയുന്ന തരത്തില്‍ ചില്ലുഫ്രെയിമിലാക്കി പ്രദര്‍ശിപ്പിക്കണമെന്നും നിയമം അനുശാസിക്കുന്നു. മരുന്നുഷോപ്പുകളില്‍ മാത്രമല്ല ഡിസ്‌പെന്‍സറികളിലും ആശുപത്രികളിലുമൊക്കെ ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴില്‍ ഉറപ്പാണ്. ഫാര്‍മസി കോഴ്‌സ് പഠിച്ചിറങ്ങുന്നവര്‍ക്ക് ഗള്‍ഫ് അടക്കമുളള വിദേശരാജ്യങ്ങളിലും തൊഴിലവസരങ്ങളേറെ.



ഡി. ഫാം
ഫാര്‍മസി രംഗത്തെ അടിസ്ഥാന കോഴ്‌സാണ് ഫാര്‍മസി ഡിപ്ലോമ അഥവാ ഡി.ഫാം. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ ഫാര്‍മസി കോളേജുകളിലും ഈ കോഴ്‌സ് നടത്തുന്നുണ്ട്. രണ്ടുവര്‍ഷമാണ് കോഴ്‌സ് കാലാവധി. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് പ്രവേശനനടപടികള്‍. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ്/ബയോടെക്‌നോളജി/കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടുവോ തത്തുല്യപരീക്ഷയോ പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 17-35 വയസ്. ആഗസ്ത് സെപ്തംബര്‍ മാസങ്ങളിലാണ് പ്രവേശനത്തിനുളള നടപടികള്‍ തുടങ്ങുക. തിരുവനന്തപുരം (20 സീറ്റ്), ആലപ്പുഴ (40), കോട്ടയം (30), കോഴിക്കോട് (50) മെഡിക്കല്‍ കോളേജുകളില്‍ ഡി. ഫാം കോഴ്‌സ് നടത്തുന്നുണ്ട്. തിരുവനന്തപുരത്തെ പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് ആണ് സര്‍ക്കാര്‍ തലത്തില്‍ ഡി.ഫാം കോഴ്‌സ് നടത്തുന്ന മറ്റൊരു സ്ഥാപനം. ഇവിടെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.

മുകളില്‍ പറഞ്ഞ അഞ്ച് സ്ഥാപനങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്. ഇതിനുപുറമെ എല്ലാ ജില്ലകളിലും സ്വകാര്യസ്ഥാപനങ്ങളില്‍ ഡി.ഫാം കോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്. നാഷനല്‍ കോളേജ് ഓഫ് ഫാര്‍മസി, കോഴിക്കോട് (60 സീറ്റ്), ജെ.ഡി.റ്റി. ഇസ്‌ലാം കോളേജ്, കോഴിക്കോട് (60 സീറ്റ്), ക്രെസന്റ് കോളേജ് ഓഫ് ഫാര്‍മസി, കണ്ണൂര്‍ (60 സീറ്റ്), കോളേജ് ഓഫ് ഫാര്‍മസി, മാലിക് ദിനാര്‍ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ (60), ജാമിയ സലഫിയ ഫാര്‍മസി കോളേജ്, മലപ്പുറം (60 സീറ്റ്), അല്‍ഷിഫ കോളേജ് ഓഫ് ഫാര്‍മസി, മലപ്പുറം (60 സീറ്റ്), ആയിഷ മജീദ് കോളേജ് ഓഫ് ഫാര്‍മസി, കരുനാഗപ്പള്ളി (90 സീറ്റ്), ശ്രീനാരായണ ഗുരു മെമ്മോറിയല്‍ ഫാര്‍മസി കോളേജ്, തുറവൂര്‍ (60), ഫാത്തിമ കോളേജ് ഓഫ് ഫാര്‍മസി (120 സീറ്റ്), ജോണ്‍ എനോക് കോളേജ് ഓഫ് ഫാര്‍മസി, തിരുവനന്തപുരം (100 സീറ്റ്), എ.ജെ. കോളേജ് ഓഫ് ഫാര്‍മസി, തിരുവനന്തപുരം (60), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് (60 സീറ്റ്), ശ്രീ വിദ്യാധിരാജ ഫാര്‍മസി കോളേജ്, തിരുവനന്തപുരം (60), എഴുത്തച്ഛന്‍ നാഷനല്‍ അക്കാദമി (60) എന്നിവയാണ് സര്‍ക്കാര്‍ അംഗീകാരത്തോടെ ഡി.ഫാം കോഴ്‌സ് നടത്തുന്ന സ്വകാര്യ കോളേജുകള്‍.

2020 ആകുമ്പോഴേക്കും ഡി.ഫാം കോഴ്‌സുകള്‍ നിര്‍ത്തലാക്കാന്‍ ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ തീരുമാനമെടുത്തിട്ടുണ്ട്. ഡി.ഫാം പഠിച്ചവര്‍ക്ക് രണ്ടു വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഫാര്‍മസി പ്രാക്ടീസ് എന്ന ബ്രിഡ്ജ് കോഴ്‌സ് നടത്താനും ഫാര്‍മസി കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. ഡി.ഫാം പഠിച്ചവര്‍ 2020ന് ശേഷം ജോലി ചെയ്യണമെങ്കില്‍ ഈ ബ്രിഡ്ജ് കോഴ്‌സ് കൂടി പാസായിരിക്കണം.

ബി.ഫാം
ഫാര്‍മസിയിലെ ബിരുദകോഴ്‌സായ ബി.ഫാമിന് നാലു വര്‍ഷം ദൈര്‍ഘ്യമുണ്ട്. സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തിലും സ്വകാര്യ-സ്വാശ്രയമേഖലയിലും ബി.ഫാം കോഴ്‌സ് നടക്കുന്നുണ്ട്. ബയോളജിക്ക് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ്/ബയോടെക്‌നോളജി/കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയും പ്ലസ്ടു/തത്തുല്യപരീക്ഷ ജയിച്ചവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഡി.ഫാം പരീക്ഷ ജയിച്ചവര്‍ക്കും ബി.ഫാം കോഴ്‌സിന് അപേക്ഷിക്കാം.
ബി.ഫാം കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഉന്നതപഠനത്തിനുള്ള ഒട്ടേറെ അവസരങ്ങളുണ്ട്. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിക്കുന്നവര്‍ക്ക് ഗേറ്റ് പരീക്ഷയെഴുതി ഫെലോഷിപ്പോടെ രണ്ടു വര്‍ഷത്തെ എം.ഫാം കോഴ്‌സിന് ചേരാം. എം.ടെക് (ബയോ ടെക്‌നോളജി/ബയോ ഇന്‍ഫര്‍മാറ്റിക്‌സ്), എം.ബി.എ. (ഫാര്‍മ മാര്‍ക്കറ്റിങ്) എന്നീ കോഴ്‌സുകള്‍ക്കും ബി.ഫാം ബിരുദക്കാര്‍ക്ക് പ്രവേശനം ലഭിക്കും.

ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിന് കീഴിലുള്ള കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് (20 സീറ്റ്), കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിലുളള കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് (20 സീറ്റ്), കോട്ടയം മെഡിക്കല്‍ കോളേജിലെ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് (60), തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് (60) എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ തലത്തില്‍ ബി.ഫാം കോഴ്‌സ് നടക്കുന്നത്. ഇതിനു പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 26 സ്വകാര്യ കോളേജുകളിലും സ്വാശ്രയാടിസ്ഥാനത്തില്‍ ബി.ഫാം കോഴ്‌സ് നടത്തുന്നു. കോഴിക്കോട്ടെ ജെ.ഡി.റ്റി. ഇസ്‌ലാം കോളേജ് ഓഫ് ഫാര്‍മസി, നാഷനല്‍ കോളേജ് ഓഫ് ഫാര്‍മസി, മലപ്പുറത്തെ അല്‍ഷിഫ കോളേജ് ഓഫ് ഫാര്‍മസി, ദേവകി അമ്മ മെമ്മോറിയല്‍ കോളേജ് ഓഫ് ഫാര്‍മസി, ജാമിയ സലഫിയ ഫാര്‍മസി കോളേജ്, മൗലാന കോളേജ് ഓഫ് ഫാര്‍മസി, കണ്ണൂരിലെ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്, അഞ്ചരക്കണ്ടി കോളേജ് ഓഫ് ഫാര്‍മസി, ക്രസന്റ് കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ്, കാസര്‍കോട്ടെ മാലിക് ദിനാര്‍ കോളേജ് ഓഫ് ഫാര്‍മസി, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസി, പാലക്കാട്ടെ ഗ്രേസ് കോളേജ് ഓഫ് ഫാര്‍മസി, കരുണ കോളേജ് ഓഫ് ഫാര്‍മസി, കെ.ടി.എന്‍. കോളേജ് ഓഫ് ഫാര്‍മസി, തൃശൂരിലെ നെഹ്‌റു കോളേജ് ഓഫ് ഫാര്‍മസി, സെന്റ് ജെയിംസ് കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, എറണാകുളത്തെ കെമിസ്റ്റ്‌സ് കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച്, നിര്‍മല കോളേജ് ഓഫ് ഫാര്‍മസി, ആലപ്പുഴയിലെ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് ഫാര്‍മസി, കെ.വി.എം. കോളേജ് ഓഫ് ഫാര്‍മസി, പത്തനംതിട്ടയിലെ നസറത്ത് കോളേജ് ഓഫ് ഫാര്‍മസി, പുഷ്പഗിരി കോളേജ് ഓഫ് ഫാര്‍മസി, തിരുവനന്തപുരത്തെ ഡേല്‍ വ്യൂ കോളേജ് ഓഫ് ഫാര്‍മസി, എഴുത്തച്ഛന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ്, മാര്‍ ഡിയോസ്‌ക്രസ് കോളേജ് ഓഫ് ഫാര്‍മസി, ശ്രീകൃഷ്ണ കോളേജ് ഓഫ് ഫാര്‍മസി എന്നിവയാണവ. എല്ലായിടത്തും അറുപത് വീതം സീറ്റുകളുണ്ട്.

എം.ഫാം.
ഫാര്‍മസി പഠനശാഖയിലെ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിഗ്രിയായ എം.ഫാം കോഴ്‌സ് കേരളത്തില്‍ അഞ്ചു സ്ഥാപനങ്ങളിലേ നടത്തുന്നുള്ളൂ. കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, പെരിന്തല്‍മണ്ണയിലെ അല്‍-ഫിഷ കോളേജ് ഓഫ് ഫാര്‍മസി, കോട്ടയം പാമ്പാടിയിലെ നെഹ്‌റു കോളേജ് ഓഫ് ഫാര്‍മസി എന്നിവയാണവ. ഇവിടെയെല്ലാം കൂടി 56 സീറ്റുകളേയുള്ളൂ. സംസ്ഥാന പ്രവേശനപരീക്ഷാ കമ്മീഷണര്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. 50 ശതമാനം മാര്‍ക്കോടെ ബി.ഫാം പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം.

ഫാം.ഡി.
ഫാര്‍മസി രംഗത്തെ ഏറ്റവും പുതിയ പഠനകോഴ്‌സാണ് ഡോക്ടര്‍ ഓഫ് ഫാര്‍മസി അഥവാ ഫാം.ഡി. ആറുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സാണിത്. എം.ബി.ബി.എസിന് ഏറെക്കുറെ തുല്യമായ സിലബസാണ് ഇവര്‍ക്ക് ആദ്യവര്‍ഷങ്ങളില്‍ പഠിക്കാനുണ്ടാകുക. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി/കമ്പ്യൂട്ടര്‍ സയന്‍സ്/മാത്തമാറ്റിക്‌സ് എന്നിവയ്ക്ക് 50 ശതമാനം മാര്‍ക്കോടെയും ബയോളജി/മാത്തമാറ്റിക്‌സ്/ബയോടെക്‌നോളജി/കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ 50 ശതമാനം മാര്‍ക്കോടെയും പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ ഡി.ഫാം പാസായവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പെരിന്തല്‍മണ്ണയിലെ അല്‍ഷിഫ കോളേജ് ഓഫ് ഫാര്‍മസി (30 സീറ്റ്), കോഴിക്കോട് മുക്കത്തെ നാഷനല്‍ കോളേജ് ഓഫ് ഫാര്‍മസി (30), പാലക്കാട്ടെ ഗ്രേസ് കോളേജ് ഓഫ് ഫാര്‍മസി (30 സീറ്റ്), തിരുവനന്തപുരത്തെ ശ്രീകൃഷ്ണ കോളേജ് ഓഫ് ഫാര്‍മസി റിസര്‍ച്ച് സെന്റര്‍ (30 സീറ്റ്) എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഫാം.ഡി. പഠനാവസരമുള്ളത്.

2. മണ്ണില്‍ കരിയര്‍ പടുക്കാം

സ്വാതന്ത്ര്യലബ്ധിയുടെ കാലം തൊട്ടേ ഇന്ത്യ കാര്‍ഷികരാജ്യമായിരുന്നു. പതിറ്റാണ്ടുകള്‍ ഏറെ പിന്നിട്ടിട്ടും അക്കാര്യത്തില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ജനസംഖ്യയുടെ 62 ശതമാനം പേരും ഇപ്പോഴും കാര്‍ഷികവൃത്തിയെ ആശ്രയിച്ചുതന്നെ കഴിയുന്നു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 20 ശതമാനം സമാഹരിക്കപ്പെടുന്നത് കാര്‍ഷികമേഖലയില്‍ നിന്നാണ്. പഴങ്ങളും പച്ചക്കറികളും ധാന്യവര്‍ഗങ്ങളുമൊക്കെ ഉല്പാദിപ്പിക്കുന്നതില്‍ ലോകത്തുതന്നെ ഒന്നാം സ്ഥാനക്കാരാണ് നമ്മുടെ രാജ്യം.

കൃഷിയോടുളള താത്പര്യം കുറഞ്ഞിട്ടില്ലെങ്കിലും പരമ്പരാഗതരീതിയില്‍ കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നവരുടെ എണ്ണം നന്നേ കുറഞ്ഞിട്ടുണ്ട്. എല്ലാം ‘ഹൈടെക്’ ആയിക്കൊണ്ടിരിക്കുന്ന പുതുകാലത്ത് കൃഷിയും അതിവേഗത്തില്‍ ഹൈടെക് രീതിയിലേക്ക് മാറുകയാണ്. പണ്ടത്തെ പോലെ കലപ്പയും കാളയുമല്ല കമ്പ്യൂട്ടറും സ്മാര്‍ട്‌ഫോണുമൊക്കെയാണ് പുതിയ കൃഷിക്കാരന്റെ സഹായികള്‍. കാര്‍ഷികരീതിയിലും കര്‍ഷകരുടെ നിലപാടുകളിലുമൊക്കെ മാറ്റം വന്നതോടെ ‘അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്’ എന്ന പഠനശാഖയുടെയും പ്രസക്തി വര്‍ധിച്ചിട്ടുണ്ട്.

2.കാര്‍ഷികപഠനം

കൃഷിയെക്കുറിച്ചുള്ള സമഗ്രപഠനമാണ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് അഥവാ കാര്‍ഷികശാസ്ത്രം കൊണ്ട് ഉദ്ദ്യേശിക്കുന്നത്. ബയോളജി,കെമിസ്ട്രി,ഫിസിക്‌സ്,മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ നിന്നുള്ള പഠനതത്വങ്ങള്‍ കാര്‍ഷികരംഗത്ത് എങ്ങനെ കാര്യക്ഷമമായി പ്രയോജനപ്പെടുത്താം എന്ന അന്വേഷണമാണ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സിന്റെ മര്‍മം. കാര്‍ഷികവിളകളുടെ ഗുണമേന്മ മെച്ചപ്പെടുത്തല്‍, കുറഞ്ഞ സ്ഥലത്ത് നിന്ന് ശാസ്ത്രീയമായ രീതിയില്‍ കൂടുതല്‍ വിളവ് ഉത്പാദിപ്പിക്കല്‍, കാര്‍ഷിക ഉത്പന്നങ്ങളുടെ സംസ്‌കരണം, അവയുടെ വിപണനം എന്നിവയെല്ലാം അഗ്രിക്കള്‍ച്ചറല്‍ സയന്‍സില്‍ പഠിക്കാനുണ്ടാകും. ഫൂഡ് സയന്‍സ്, പ്ലാന്റ് സയന്‍സ്, സോയില്‍ സയന്‍സ്, അനിമല്‍ സയന്‍സ് എന്നീ സ്‌പെഷലൈസേഷനുകളും അഗ്രിക്കള്‍ച്ചറല്‍ സയന്‍സിന്റെ കീഴില്‍ വരുന്നു.

ഭക്ഷ്യോല്‍പാദനത്തിന്റെ കാര്യത്തില്‍ നമ്മുടെ രാജ്യത്തെ സ്വയംപര്യാപ്തതയിലെത്തിച്ചതില്‍ അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് പ്രൊഫഷനലുകള്‍ക്ക് കാര്യമായ പങ്കുണ്ട്. മണ്ണ്, ജലസംരക്ഷണം, കീടനിയന്ത്രണം, കാര്‍ഷികരംഗത്തെ യന്ത്രവത്കരണം എന്നീ മേഖലകളിലും അഗ്രിക്കള്‍ച്ചറല്‍ സയന്‍സുകാര്‍ക്ക് ഫലപ്രദമായി പലകാര്യങ്ങളും ചെയ്തുതീര്‍ക്കാന്‍ സാധിച്ചു. ഓരോ വര്‍ഷം കഴിയുന്തോറും അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് ബിരുദക്കാരുടെ ആവശ്യം കൂടിവരുകയാണ്. സര്‍ക്കാര്‍തലത്തില്‍ മാത്രമല്ല സ്വകാര്യമേഖലയിലും ഈ വിഭാഗക്കാര്‍ക്ക് പ്രിയമേറെയാണിപ്പോള്‍. മണ്ണിനോട് മനസുകൊണ്ടടുപ്പവും കൃഷിയില്‍ താത്പര്യവുമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ കരിയര്‍ സാധ്യതയാണ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്.

എന്ത് പഠിക്കണം
കാര്‍ഷികമേഖലയാണ് പഠനത്തിനായി തിരഞ്ഞെടുക്കുന്നതെങ്കില്‍ അഗ്രിക്കള്‍ച്ചറില്‍ ബിരുദം നേടാം. കേരളത്തിനകത്തും പുറത്തുമുള്ള മിക്ക കാര്‍ഷികസര്‍വകലാശാലകളിലും ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സ് നടത്തുന്നുണ്ട്. സയന്‍സ് വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സിന് ചേരാം. പ്രവേശനപരീക്ഷ വഴിയായിരിക്കും അഡ്മിഷന്‍. നാലുവര്‍ഷമാണ് ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സിന്റെ കാലാവധി.
ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഉപരിപഠനത്തിനായി എം.എസ്.സിക്ക് ചേരാം. രണ്ടു വര്‍ഷമാണ് എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സിന്റെ കാലാവധി. ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, അധ്യാപകര്‍ എന്നീ നിലകളില്‍ ജോലി നേടാന്‍ ഈ കോഴ്‌സ് സഹായകരമാകും. കാര്‍ഷികരംഗത്ത് തന്നെയുള്ള വിവിധ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്ന് സ്‌പെഷലൈസ് ചെയ്തുകൊണ്ട് എം.എസ്.സി. കോഴ്‌സ് ചെയ്യുന്നതിനും സര്‍വകലാശകളില്‍ സൗകര്യമുണ്ട്. ഫോറസ്ട്രി, വൈല്‍ഡ്‌ലൈഫ്, ഹോര്‍ട്ടിക്കള്‍ച്ചര്‍, ഫിഷറീസ്, ഡെയറി സയന്‍സ്, അനിമല്‍ ഹസ്ബന്‍ഡറി തുടങ്ങി പഠിതാവിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള വിഷയങ്ങളില്‍ സ്‌പെഷലൈസ് ചെയ്തുകൊണ്ട് എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സ് പൂര്‍ത്തിയാക്കാം. അതിനനുസരിച്ചുള്ള തൊഴില്‍മേഖലകളില്‍ നിന്നുള്ള അവസരവും ഇവരെ തേടിയെത്തും.
ഓര്‍ഗാനിക് ഫാര്‍മിങ്, വാട്ടര്‍ ഹാര്‍വസ്റ്റിങ്, ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി മാനേജ്‌മെന്റ് തുടങ്ങിയ കാര്‍ഷിക അനുബന്ധ വിഷയങ്ങളില്‍ ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) വഴി വിദൂരവിദ്യാഭ്യാസത്തിനുള്ള അവസരവുമുണ്ട്.

എവിടെ പഠിക്കാം
കാര്‍ഷികശാസ്ത്രത്തില്‍ മികച്ച രീതിയില്‍ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്ന മുപ്പത്തഞ്ചോളം കാര്‍ഷികസര്‍വകലാശാലകള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലുമായുണ്ട്. ഹൈദരാബാദിലെ രാജേന്ദ്ര നഗറില്‍ പ്രവര്‍ത്തിക്കുന്ന ആചാര്യ എന്‍.ജി. രംഗ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയാണ് ഇതില്‍ പ്രധാനം. ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ ഫൂഡ്‌സയന്‍സ്, ബി.ടെക് അഗ്രിക്കള്‍ച്ചര്‍ എഞ്ചിനിയറിങ്, എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍, എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍ ബയോടെക്‌നോളജി തുടങ്ങി നിരവധി കോഴ്‌സുകള്‍ ഈ സര്‍വകലാശാലയിലുണ്ട്.
കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയാണ് മറ്റൊരു പ്രധാന സ്ഥാപനം. ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍, ബി. ടെക് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനിയറിങ്, ബി.ടി. ഇന്‍ഫോര്‍മാറ്റിക്‌സ്, ബി.എസ്.സി. അഗ്രിബിസിനസ് മാനേജ്‌മെന്റ്, എം.എസ്.സി. അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക്‌സ് തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടേറെ കോഴ്‌സുകള്‍ ഇവിടെ നടക്കുന്നു.
തമിഴ്‌നാട്ടില്‍ തന്നെയുള്ള അണ്ണാമലൈ സര്‍വകലാശാലയും കാര്‍ഷികശാസ്ത്ര പഠനത്തിന് പേരുകേട്ട സ്ഥാപനമാണ്. ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍, എം.എസ്.സി. അഗ്രോണമി, എം.ബി.എ. അഗ്രി-ബിസിനസ് തുടങ്ങിയ കോഴ്‌സുകളാണ് ഇവിടെയുള്ളത്.
ബാംഗ്‌ളൂരിലെ ഗാന്ധി കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന് കീഴിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസില്‍ ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍, ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ ബയോടെക്‌നോളജി, ബി.ടെക് അഗ്രിക്കള്‍ച്ചര്‍ എഞ്ചിനിയറിങ്, ബി.ടെക് ഫൂഡ് സയന്‍സ്, എം.എസ്.സി. അഗ്രി ബിസിനസ് മാനേജ്‌മെന്റ് തുടങ്ങിയ കോഴ്‌സുകളുണ്ട്.
ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ സെന്റര്‍ ഓഫ് അഗ്രിക്കള്‍ച്ചറില്‍ എം.എസ്.സി. (അഗ്രിക്കള്‍ച്ചര്‍) മൈക്രോബയോളജി, മാസ്റ്റര്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ്, എം.ടെക് അഗ്രിക്കള്‍ച്ചര്‍ പ്രൊസസിങ് ആന്‍ഡ് ഫൂഡ് എഞ്ചിനിയറിങ് എന്നീ കോഴ്‌സുകളുണ്ട്.

പഠനം കേരളത്തില്‍
രാജ്യത്തെ കാര്‍ഷികസര്‍വകലാശാലകളുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെയുണ്ട് കേരള കാര്‍ഷികസര്‍വകലാശാല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷികകോളേജുകളുടെ നിയന്ത്രണം കേരള കാര്‍ഷികസര്‍വകലാശാലയ്ക്കാണ്. തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറില്‍ ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍, എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍, ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രിഷ്യന്‍, ഇന്റഗ്രേറ്റഡ് ബയോടെക്‌നോളജി എന്നീ കോഴ്‌സുകളുണ്ട്. പി.എച്ച്.ഡി. സൗകര്യവും ഇവിടെയുണ്ട്.
കാസര്‍ക്കോട്ടെ പടന്നക്കാടുളള കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറില്‍ ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍, എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍ എന്നീ കോഴ്‌സുകളാണുള്ളത്.



തൃശൂര്‍ വെള്ളാനിക്കരയിലുള്ള കോളേജ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചറില്‍ ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍, എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍, ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രിഷ്യന്‍, അഗ്രിക്കള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, അഗ്രിക്കള്‍ച്ചറല്‍ ബയോടെക്‌നോളജി എന്നീ കോഴ്‌സുകളും പി.എച്ച്.ഡി. പഠനസൗകര്യവുമുണ്ട്. വെള്ളാനിക്കരയില്‍ തന്നെയുള്ള കോളേജ് ഓഫ് ഫോറസ്ട്രിയില്‍ ബി.എസ്.സി. (ഫോറസ്ട്രി), എം.എസ്.സി. (ഫോറസ്ട്രി) കോഴ്‌സുകളുണ്ട്.
മലപ്പുറം തവനൂരിലുള്ള കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചര്‍ എഞ്ചിനിയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ ബി.ടെക് അഗ്രിക്കള്‍ച്ചര്‍ എഞ്ചിനിയറിങ്, ബി.ടെക് ഫുഡ് എഞ്ചിനിയറിങ് കോഴ്‌സുകള്‍ നടത്തുന്നു.
കേരള എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് കണ്‍ട്രോളര്‍ നടത്തുന്ന പൊതുപ്രവേശനപരീക്ഷ വഴിയാണ് ഈ കോളേജുകളിലേക്കുള്ള അഡ്മിഷന്‍.
സമൂഹത്തെയറിഞ്ഞ് സോഷ്യോളജി

മനുഷ്യ സമൂഹത്തെപറ്റിയുള്ള ശാസ്ത്രീയമായ പഠനമാണ് സമൂഹശാസ്ത്രം അഥവാ സോഷ്യോളജി. മനുഷ്യന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളെ പറ്റി നിലവിലുള്ള അറിവിനെ മെച്ചപ്പെടുത്തുകയും ശാസ്ത്രീയപഠനങ്ങളിലൂടെ അതിനെ വികസിപ്പിക്കുകയും ചെയ്യുകയാണ് സോഷ്യോളജിയുടെ ധര്‍മ്മം. മധ്യകാലത്ത് ശാസ്ത്രപുരോഗതിയുടെ അമരത്ത് വാണ അറബികളാണ് ലോകത്തിന് ഈ ശാസ്ത്രശാഖ പരിചയപ്പെടുത്തിയത്. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ദാര്‍ശനികനും രാഷ്ട്രതന്ത്രജ്ഞനുമായ അബ്ദുര്‍റഹ് മാനുബ്‌നു ഖല്‍ദൂനാണ് സമൂഹശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്. പുരോഗമന ചിന്തയുടെ കളിത്തൊട്ടിലായിരുന്ന ഗ്രീസില്‍ നിന്ന് തുടങ്ങി മുസ്‌ലിംകളിലെത്തിയ ഈ ശാസ്ത്രം അതിര്‍ത്തികള്‍ ഭേദിച്ച് വ്യാപിക്കുകയായിരുന്നു. ഫ്രഞ്ച് ചിന്തകനായ അഗസ്‌തേ കോംതെയാണ് ‘സോഷ്യോളജി’ എന്ന പദം രൂപപ്പെടുത്തിയത്. അതുകൊണ്ടാകാം സോഷ്യോളജി എന്ന പഠനശാഖയുടെ പിതാവായി പലരും വിശേഷിപ്പിക്കുന്നത് കോംതെയേയാണ്. ഏറെ പ്രായം വന്നിട്ടില്ലാത്ത ഈ ശാസ്ത്രം അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ബിസിനസ്, നിയമം, ആരോഗ്യം, പത്രപ്രവര്‍ത്തനം… ഈ മേഖലകളിലൊക്കെ സമൂഹശാസ്ത്രത്തിന്റെ പ്രായോഗിക ഉപയോഗം കൂടിയിട്ടുണ്ട്.

രാഷ്ട്രീയക്കാര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും മാത്രം ഉപയോഗപ്പെടുന്നൊരു പഠനശാഖയായിട്ടായിരുന്നു മുമ്പൊക്കെ സോഷ്യോളജി പരിഗണിക്കപ്പെട്ടിരുന്നത്. അധ്യാപനമല്ലാതെ മറ്റൊരു തൊഴിലവസരങ്ങളും സോഷ്യോളജിക്കാര്‍ക്കുണ്ടായിരുന്നില്ല. ഇപ്പോള്‍ അതൊക്കെ മാറിയിരിക്കുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം തന്നെ സ്വകാര്യമേഖലയിലും സോഷ്യോളജിക്കാര്‍ക്ക് അവസരങ്ങള്‍ ഏറിയിട്ടുണ്ടിപ്പോള്‍. വന്‍കിട കോര്‍പറേറ്റ് കമ്പനികളിലൊക്കെ സോഷ്യോളജിസ്റ്റിന്റെ തസ്തിക നിര്‍ബന്ധമായിട്ടുണ്ട്. ഓരോ ഉത്പന്നവും പുറത്തിറക്കുന്നതിന് മുമ്പ് അവ സമൂഹത്തില്‍ സൃഷ്ടിച്ചേക്കാവുന്ന നല്ലതും ചീത്തതുമായ സ്വാധീനത്തെക്കുറിച്ച് പഠിക്കുകയാണ് കോര്‍പ്പറേറ്റ് കമ്പനികളിലെ സോഷ്യോളജിസ്റ്റുകളുടെ ധര്‍മം. സര്‍ക്കാര്‍ നയങ്ങളും നിലപാടുകളും രൂപപ്പെടും മുമ്പ് അക്കാര്യങ്ങളെക്കുറിച്ച് വിശദമായി പഠിക്കാനും സോഷ്യോളജിസ്റ്റുകള്‍ നിയോഗിക്കപ്പെടാറുണ്ട്. ചുരുക്കത്തില്‍ സമൂഹത്തിന്റെ ചെറുസ്പന്ദനങ്ങള്‍ പോലും കൃത്യമായി മനസിലാക്കുകയും അതിന്റെ ഗതിവിഗതികള്‍ മൂന്‍കൂട്ടിയറിയുകയും ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് സോഷ്യോളജിസ്റ്റുകള്‍ക്കുള്ളത്. ഉപഭോക്താവ് രാജാവായി മാറുന്ന പുതുകാലത്ത് അവന്റെ മനോഗതങ്ങള്‍ പ്രവചിക്കാന്‍ കഴിയുന്ന സോഷ്യോളജിസ്റ്റുകള്‍ക്ക് പ്രിയമേറുന്നത് സ്വാഭാവികം.

എന്ത് പഠിക്കണം
സാമൂഹ്യശാസ്ത്രജ്ഞനാകുക എന്നത് എല്ലാവര്‍ക്കും സാധ്യമായ കാര്യമല്ല. സമൂഹത്തെ രണ്ടു കണ്ണും തുറന്ന് മനസിലാക്കാനുള്ള സന്നദ്ധതയും ക്ഷമയുമുള്ളവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള മേഖലയാണിത്. ഏറെക്കാലത്തെ പരിശ്രമവും കഠിനാധ്വാനവുമുണ്ടെങ്കില്‍ മാത്രമേ ഈ രംഗത്ത് ശോഭിക്കാനാകൂ. നന്നായി എഴുതാനും സംസാരിക്കാനുമുള്ള കഴിവ്, വിവേചനബുദ്ധി, ഗവേഷണത്തിലുളള താത്പര്യം, ഒറ്റയ്ക്കും കൂട്ടായും പ്രവര്‍ത്തിക്കാനുള്ള ശേഷി, വിവിധ തരക്കാരായ മനുഷ്യരുമായി സംസാരിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനുമുള്ള മാനസികനിലവാരം എന്നിവയും സോഷ്യോളജിസ്റ്റുകള്‍ക്ക് അത്യാവശ്യമാണ്.

സോഷ്യോളജി കരിയറാക്കാനാണ് ഉദ്ദ്യേശമെങ്കില്‍ ഈ വിഷയത്തില്‍ ബിരുദവും പി.ജിയുമെടുക്കാം. ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്ക് ബി.എ. സോഷ്യോളജി കോഴ്‌സിന് ചേരാം. ബിരുദപഠനത്തിന് സോഷ്യോളജി തിരഞ്ഞെടുക്കാന്‍ സാധിക്കാതെ പോയവരും വിഷമിക്കേണ്ടതില്ല. ഏത് വിഷയത്തില്‍ ബിരുദെമടുത്തവര്‍ക്കും സോഷ്യോളജി എം.എയ്ക്ക് ചേരാവുന്നതാണ്. പക്ഷേ അഡ്മിഷന്‍ വേളയില്‍ മുന്‍ഗണന ലഭിക്കുക ബി.എ. സോഷ്യോളജിക്കാര്‍ക്കായിരിക്കുമെന്ന് മാത്രം. എം.എയ്ക്ക് ശേഷം എം.ഫില്‍, പി.എച്ച്.ഡി. തുടങ്ങിയ ഉന്നത പഠന അവസരങ്ങളും സോഷ്യോളജിക്കാര്‍ക്കുണ്ട്. ബി.എയ്ക്ക് പുറമെ ചില സ്ഥാപനങ്ങളില്‍ രണ്ടുവര്‍ഷത്തെ സോഷ്യോളജി ഡിപ്ലോമ കോഴ്‌സുകളും നടത്തുന്നു.

എവിടെ പഠിക്കണം
1914ല്‍ ബോംബെ യൂണിവേഴ്‌സിറ്റിയാണ് ആദ്യമായി സോഷ്യോളജിയില്‍ പഠനകോഴ്‌സ് ആരംഭിച്ചത്. ഇന്നിപ്പോള്‍ സോഷ്യോളജി പഠനത്തിന് അവസരമൊരുക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളും കോളേജുകളുമുണ്ട്. രാജ്യത്തെ 133 പരമ്പരാഗത സര്‍വകലാശാലകളില്‍ 85 ഇടങ്ങളില്‍ സോഷ്യോളജി പഠനവകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ മിക്ക കോളേജുകളും സോഷ്യോളജിയില്‍ ബി.എ., എം.എ. കോഴ്‌സുകള്‍ നടത്തുന്നു. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു.), ഡല്‍ഹിയില്‍ തന്നെയുള്ള ജാമിഅ മിലിയ ഇസ്‌ലാമിയ, ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പ്രവര്‍ത്തിക്കുന്ന ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ഉത്തര്‍പ്രദേശില്‍ തന്നെയുള്ള അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, അലഹാബാദ് യൂണിവേഴ്‌സിറ്റി, ഗുജറാത്തിലെ മഹാരാജ സയാജിറാവു യൂണിവേഴ്‌സിറ്റി ഓഫ് ബറോഡ (എം.എസ്.യു.-ബറോഡ), തമിഴ്‌നാട്ടിലെ മദ്രാസ് യൂണിവേഴ്‌സിറ്റി എന്നിവയാണ് സോഷ്യോളജി പഠനത്തിന് രാജ്യത്തെ പേരുകേട്ട സ്ഥാപനങ്ങള്‍. പൂനെ യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി, രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും മികച്ച രീതിയില്‍ സോഷ്യോളജി കോഴ്‌സുകള്‍ നടക്കുന്നുണ്ട്. കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജ്, ചെന്നൈ ലൊയോള കോളേജ്, മുംബൈയിലെ സോഫിയ കോളേജ്, സെന്റ് പോള്‍സ് കോളേജ്, വില്‍സന്‍ കോളേജ് എന്നിവയാണ് സോഷ്യോളജി കോഴ്‌സുകള്‍ നടത്തുന്ന രാജ്യത്തെ മികച്ച കോളേജുകള്‍.

പഠനം ഡല്‍ഹിയില്‍
എല്ലാ കോഴ്‌സുകളെയും പോലെ സോഷ്യോളജി പഠനത്തിനും വിദ്യാര്‍ഥികള്‍ ആദ്യമുറ്റുനോക്കുക രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്കാണ്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഏഴ് കോളേജുകളില്‍ ബി.എ. സോഷ്യോളജി കോഴ്‌സ് നടക്കുന്നുണ്ട്. ഹിന്ദു, ജാനകി ദേവി മഹാവിദ്യാലയ, ജീസസ് ആന്‍ഡ് മേരി, കമല നെഹ്‌റു, ലേഡി ശ്രീരാം, മൈത്രേയി, മിരാന്‍ഡ ഹൗസ് എണ്ണിവയാണവ. പ്രത്യേകമായി നടത്തുന്ന പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവിടുത്തെ അഡ്മിഷന്‍. ഈ പരീക്ഷയില്‍ 85 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയവര്‍ക്ക് മാത്രമേ അഡ്മിഷന്‍ ലഭിക്കൂ. മൂന്ന് വര്‍ഷങ്ങളിലായി ആറ് സെമസ്റ്ററുകളാണ് ബി.എ. സോഷ്യോളജിക്ക് പഠിക്കാനുണ്ടാകുക. ബി.എ. സോഷ്യോളജി പഠനത്തിന് ശേഷം ഡല്‍ഹിയില്‍ തന്നെയുള്ള ജെ.എന്‍.യുവിലോ ജാമിഅ മില്ലിയ ഇസ്‌ലാമിയയിലോ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലോ ഉപരിപഠനത്തിന് ചേരാം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.)യുടെ ഡല്‍ഹി, മദ്രാസ്, ഹൈദരാബാദ്, ബോംബെ, റൂര്‍ക്കി ക്യാംപസുകളില്‍ സോഷ്യോളജിയില്‍ പി.ജി. കോഴ്‌സ് നടത്തുന്നു.

പഠനം കേരളത്തില്‍
കേരളത്തിലെ ഏല്ലാ സര്‍വകലാശാലകളുടെ കീഴിലുളള കോളേജുകളിലും സോഷ്യോളജിയില്‍ ബി.എ.,എം.എ. കോഴ്‌സുകള്‍ നടത്തുന്നുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ബി.എ. സോഷ്യോളജി കോഴ്‌സ് നടത്തുന്ന കോളേജുകളെ പരിചയപ്പെടുത്താം. കോഴിക്കോട് സാമുരിന്‍സ് ഗുരുവായൂരപ്പന്‍ കോളേജ്, ഫാറൂഖ് കോളേജ്, നരിക്കുനിയിലെ ബൈത്തുല്‍ ഇസ്സ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, തവനൂരിലെ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, പുറമണ്ണൂരിലെ മജ്‌ലിസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, തിരൂരിലെ ബാഫഖി യത്തീം ഖാന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഫോര്‍ വിമന്‍, പെരിന്തല്‍മണ്ണയിലെ ഐ.എസ്.എസ്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, വണ്ടൂരിലെ വുമണ്‍സ് ഇസ്‌ലാമിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, എടക്കരയിലെ ശ്രീ വിവേകാനന്ദ പഠനകേന്ദ്രം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കുഴിമണ്ണയിലെ റീജ്യനല്‍ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ഹ്യുമാനിറ്റീസ്, രാമപുരത്തെ ജെംസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊണ്ടോട്ടിയിലെ ബ്ലോസം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, മഞ്ചേരിയിലെ നോബിള്‍ വുമണ്‍സ് കോളേജ്, പാലക്കാട്ടെ ഐഡിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, തൃശൂരിലെ വിമല കോളേജ്, കാര്‍മല്‍ കോളേജ്, പുല്‍പ്പള്ളി ജയശ്രീ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവയാണവ. സാമുരിന്‍സ് ഗുരുവായൂരപ്പന്‍ കോളേജ് കോഴിക്കോട്, തൃശൂര്‍ വിമലാ കോളേജ്, തൃശൂര്‍ കാര്‍മല്‍ കോളേജ് എന്നിവിടങ്ങളില്‍ എം.എ. കോഴ്‌സുണ്ട്. ഇതുപോലെ എം.ജി., കേരള സര്‍വകലാശാലകളുടെ കീഴിലും നിരവധി കോളേജുകളില്‍ ബി.എ., എം.എ. സോഷ്യോളജി കോഴ്‌സ് നടക്കുന്നു. ഇതിന് പുറമെ വിവിധ സര്‍വകലാശാലകളുടെ വിദൂരവിദ്യാഭ്യാസവകുപ്പുകളും ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ)യും സോഷ്യോളജിയില്‍ ബി.എ., എം.എ. പഠനസൗകര്യം വാഗ്ദാനം ചെയ്യുന്നു.

കൊമേഴ്‌സുകാര്‍ക്കുള്ള ഉപരിപഠനസാധ്യതകള്‍

പ്ലസ്ടു കഴിഞ്ഞാല്‍ എന്ത് പഠിക്കണമെന്ന കാര്യത്തില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ആശയക്കുഴപ്പമുണ്ടാകുക സ്വാഭാവികം. മറ്റ് വിഷയക്കാരേക്കാള്‍ കൊമേഴ്‌സ് പ്ലസ്ടുക്കാര്‍ക്ക് ഈ കണ്‍ഫ്യൂഷന്‍ ഇരട്ടിയാണ്. തിരഞ്ഞെടുക്കാന്‍ ഒട്ടേറെ സാധ്യതകളാണ് ഇവരെ കാത്തിരിക്കുന്നത് എന്നതു തന്നെ കാരണം. തൊഴില്‍വിപണിയില്‍ എന്നും പ്രിയമുള്ള വിഷയമാണ് കൊമേഴ്‌സ് എന്നതുകൊണ്ട് ഉപരിപഠനസാധ്യതകളും ഈ വിഷയത്തില്‍ ഒട്ടേറെയുണ്ട്.


പ്ലസ്ടു കൊമേഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് തുടര്‍ന്ന് പഠിക്കാനുള്ള കോഴ്‌സുകളെക്കുറിച്ച് വിശദീകരിക്കാന്‍ ശ്രമിക്കുകയാണ് ഈ ലക്കത്തിലെ തൊഴില്‍വഴികള്‍.

1. ബി.കോം
പ്ലസ്ടു കൊമേഴ്‌സുകാരില്‍ നല്ലൊരു ശതമാനവും തിരഞ്ഞെടുക്കുക ബി.കോം കോഴ്‌സ് തന്നെയായിരിക്കും. പുതിയ ഒട്ടേറെ കോഴ്‌സുകള്‍ നിലവില്‍ വന്നിട്ടുണ്ടെങ്കില്‍ ബികോമുകാര്‍ക്കുള്ള ജോലി സാധ്യത കൂടിയിട്ടേയുളളൂ. ബാങ്കിങ്, ഇന്‍ഷുറന്‍സ്, മാര്‍ക്കറ്റിങ്, അക്കൗണ്ടിങ്, അഡ്വര്‍ട്ടൈസിങ്, ഫിനാന്‍സ്, ടാക്‌സേഷന്‍ രംഗങ്ങളിലൊക്കെയായി ഓരോ വര്‍ഷവും ആയിരക്കണക്കിന് ബികോമുകാര്‍ ജോലിക്ക് കയറുന്നു. വിദേശത്തേക്ക് തൊഴിലിന് ശ്രമിക്കുമ്പോഴും ബികോമുകാരുടെ സാധ്യത അധികമാണ്.

എന്തു പഠിക്കുന്നു എന്ന് തീരുമാനിക്കുന്നതിനൊപ്പം തന്നെ പ്രാധാന്യമേറിയ കാര്യമാണ് എവിടെ പഠിക്കണമെന്നത്. കേരളത്തിലെ ഏതാണ്ടെല്ലാ കോളേജുകളിലും ബികോം കോഴ്‌സുണ്ട്. അതിനുപുറമെ സ്വകാര്യ കോളേജുകളിലും ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും ബി.കോം കോഴ്‌സ് നടത്തുന്നു. എവിടെ നിന്നെങ്കിലും പഠിച്ചിറങ്ങിയിട്ട് കാര്യമില്ല. മികച്ച പഠനവകുപ്പും അധ്യാപകരുമുള്ള കോളേജുകള്‍ തിരഞ്ഞെടുത്ത് അഡ്മിഷന്‍ നേടാന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കണം. കേരളത്തില്‍ നിന്ന് പുറത്തുപോയി പഠിക്കാന്‍ സാമ്പത്തിക-ഭൗതിക സാഹചര്യങ്ങള്‍ അനുവദിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അങ്ങനെ ചെയ്യണം. ബികോം കോഴ്‌സുകള്‍ക്ക് പേരുകേട്ട ഒട്ടേറെ കോളേജുകള്‍ പ്രവര്‍ത്തിക്കുന്ന നഗരമാണ് ഡല്‍ഹി. അവിടങ്ങളിലെ കോളേജുകളില്‍ നിന്നൊക്കെ നൂറുകണക്കിന് മലയാളി വിദ്യാര്‍ഥികള്‍ പഠിച്ചിറങ്ങുന്നുമുണ്ട്. ജാമിയ മില്ലിയ ഇസ്‌ലാമിയ, ശ്രീരാം കോളേജ് ഓഫ് കൊമേഴ്‌സ് (എസ്.ആര്‍.സി.സി.), കമല നെഹ്‌റു കോളേജ്, ഹിന്ദു കോളേജ് തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ മികച്ച രീതിയില്‍ ബി.കോം കോഴ്‌സ് നടക്കുന്നുണ്ട്. പക്ഷേ സീറ്റ് കിട്ടുക അത്ര എളുപ്പമാണെന്ന് കരുതേണ്ട. പ്ലസ്ടുവിന് 98 ശതമാനത്തിലധികം മാര്‍ക്ക് നേടിയവര്‍ക്ക് മാത്രമേ കഴിഞ്ഞവര്‍ഷം എസ്.ആര്‍.സി.സി. കോളേജില്‍ അഡ്മിഷന്‍ നല്‍കിയിട്ടുള്ളൂ എന്നറിയുക. മറ്റുകോളേജുകളില്‍ ഇത്രയധികം മാര്‍ക്ക് വേണ്ടിവരില്ലെങ്കിലും 80 ശതമാനത്തിനടുത്ത് മാര്‍ക്ക് നിര്‍ബന്ധമാണ്. രാജ്യം മുഴുവനുമുളള മിടുക്കരായ വിദ്യാര്‍ഥികള്‍ ഇവിടങ്ങളില്‍ പ്രവേശനത്തിന് ശ്രമിക്കുന്നതിനാല്‍ കടുത്ത മത്സരം തന്നെ നടക്കുമെന്നുറപ്പ്. ഡല്‍ഹിയാണ് ഉന്നതപഠനത്തിന് തിരഞ്ഞെടുക്കുന്നതെങ്കില്‍ അതിനുള്ള ഒരുക്കങ്ങള്‍ പ്ലസ്‌വണ്‍ മുതല്‍ തുടങ്ങണമെന്നര്‍ഥം.

ഡല്‍ഹിക്ക് പുറമെ കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും പേരുകേട്ട ബികോം കോളേജുകളുണ്ട്. കൊല്‍ക്കത്തയിലെ സേവിയേഴ്‌സ് കോളേജ്, മുംബൈയിലെ നാഴ്‌സി മോഞ്ജി കോളേജ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇക്കണോമിക്‌സ്, ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി എന്നിവ ഉദാഹരണങ്ങള്‍.
വീട്ടിന് തൊട്ടടുത്ത കോളേജില്‍ തന്നെ ബികോം കോഴ്‌സ് ഉളളപ്പോള്‍ എന്തിനാണ് പണം മുടക്കി മഹാനഗരങ്ങളില്‍ പോയി അതേ കോഴ്‌സ് പഠിക്കുന്നതെന്ന് ചിന്തിക്കുന്നവരുണ്ടാകാം. പക്ഷേ രണ്ടിടങ്ങളിലും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ മികവിലും അവര്‍ക്ക് ലഭിക്കുന്ന ജോലി സാധ്യതകളിലും വലിയ വ്യത്യാസമുണ്ടെന്നതുതന്നെ കാരണം. മലയാളി വിദ്യാര്‍ഥികള്‍ക്ക് സഹജമായുള്ള അപകര്‍ഷതാബോധം മാറാനും ഇംഗ്ലീഷ് ഭാഷ ഒഴുക്കോടെ സംസാരിക്കാന്‍ പഠിക്കാനുമൊക്കെ അന്യദേശപഠനം സഹായിക്കും.

2. ബി.എ. ഇക്കണോമിക്‌സ്
ബി.കോം പോലെത്തന്നെ കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന കോഴ്‌സാണ് ബി.എ. ഇക്കണോമിക്‌സ്. കൊമേഴ്‌സില്‍ കണക്കെഴുത്തിന്റെ വിവിധ വശങ്ങളാണ് പഠിപ്പിക്കുന്നതെങ്കില്‍ സാമ്പത്തികശാസ്ത്രത്തിന്റെ സമഗ്രപഠനമാണ് ബി.എ. ഇക്കണോമിക്‌സ് കൊണ്ട് ഉദ്ദേശിക്കുന്നത്. ബിസിനസ് പോളിസി ആന്‍ഡ് സ്ട്രാറ്റജി, ഇന്‍ഡസ്ട്രിയല്‍ സ്റ്റഡീസ്, എന്‍വയോണ്‍മെന്റല്‍ ആന്‍ഡ് റിസോഴ്‌സ് ഇക്കണോമിക്‌സ്, ഫോറിന്‍ ട്രേഡ്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ലേബര്‍ ഇക്കണോമിക്‌സ്, ഇക്കണോമിക്‌സ് ഓഫ് ക്ലൈമറ്റ് ചേഞ്ച്… കേരളത്തിന് പുറത്തെ വിവിധ സര്‍വകലാശാലകളിലെ ബി.എ. ഇക്കണോമിക്‌സ് സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വ്യത്യസ്ത വിഷയങ്ങളാണിവ. കൊമേഴ്‌സില്‍ അടിത്തറയുള്ള വിദ്യാര്‍ഥികള്‍ക്ക് ഏറെ ശോഭിക്കാന്‍ കഴിയും ഈ വിഷയങ്ങളില്‍. നമ്മുടെ നാട്ടിലെ ബി.എ. ഇക്കണോമിക്‌സ് സിലബസില്‍ ഇപ്പോഴും പരമ്പരാഗതവിഷയങ്ങളായ മൈക്രോ, മാക്രോ ഇക്കണോമിക്‌സ്, പബ്ലിക് ഫിനാന്‍സ്, ഇന്ത്യന്‍ ഇക്കോണമി എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിവിധ കോളേജുകള്‍ തന്നെയാണ് ബി.എ. ഇക്കണോമിക്‌സ് കോഴ്‌സിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജ്, ശ്രീരാം കോളേജ് ഓഫ് കൊമേഴ്‌സ് എന്നിവിടങ്ങളിലെ ബി.എ. ഇക്കണോമിക്‌സ് കോഴ്‌സുകള്‍ക്ക് രാജ്യാന്തരനിലവാരമുണ്ട്.

3. ബി.എ. (എ.എസ്.പി.എസ്.എം.)
കൊമേഴ്‌സ് പ്ലസ്ടു കഴിഞ്ഞു. പക്ഷേ കണക്കിലും അക്കൗണ്ടിങിലുമൊന്നും വലിയ താത്പര്യമില്ല, മാര്‍ക്കറ്റിങിലോ സെയില്‍സിലോ വല്ല ജോലിയും കിട്ടണമെന്നാണ് ആഗ്രഹം. ഇങ്ങനെ ചിന്തിക്കുന്നവര്‍ക്ക് നൂറുശതമാനം അനുയോജ്യമായ കോഴ്‌സാണ് ബി.എ. അഡ്വര്‍ടൈസിങ്, സെയില്‍സ് പ്രമോഷന്‍ ആന്‍ഡ് സെയില്‍സ് മാനേജ്‌മെന്റ് അഥവാ എ.എസ്.പി.എസ്.എം. രാജ്യത്തെ ചുരുക്കം ചില കോളേജുകളില്‍ മാത്രമേ നിലവില്‍ ഈ കോഴ്‌സുള്ളൂ. ഏതാനും വര്‍ഷങ്ങള്‍ക്കകം കേരളമടക്കമുളള സംസ്ഥാനങ്ങളിലും ഈ കോഴ്‌സ് തുടങ്ങുമെന്ന് പ്രതീക്ഷിക്കാം. ബി.കോമിലും ബി.എ. ഇക്കണോമിക്‌സിലും പോലെ ഡല്‍ഹിയിലെ കോളേജുകളാണ് എ.എസ്.പി.എസ്.എം. കോഴ്‌സിന്റെ കാര്യത്തിലും വഴി നയിക്കുന്നത്. ഡല്‍ഹിയിലെ കമല നെഹ്‌റു കോളേജ്, ജീസസ് ആന്‍ഡ് മേരി കോളേജ്, ഡല്‍ഹി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് എന്നിവിടങ്ങളില്‍ ഈ കോഴ്‌സ് നടക്കുന്നുണ്ട്. അഹമ്മദാബാദില്‍ പ്രവര്‍ത്തിക്കുന്ന മുദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് അഡ്വര്‍ട്ടൈസിങില്‍ (മൈക്ക) ഇതേ വിഷയത്തില്‍ പി.ജി. ഡിപ്ലോമ കോഴ്‌സും സംഘടിപ്പിക്കുന്നുണ്ട്. മുദ്രയില്‍ നിന്ന് വര്‍ഷാവര്‍ഷം കോഴ്‌സ് കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ മുന്‍നിര പരസ്യഏജന്‍സികളിലെല്ലാം ജോലി ചെയ്യുന്നു.

4. ബി.ബി.എ.
ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്റെ ചുരുക്കപ്പേരാണ് (ബി.ബി.എ.) പേരിലെ സാമ്യം സൂചിപ്പിക്കുന്നതുപോലെ എം.ബി.എ. കോഴ്‌സിന്റെ അണ്ടര്‍ഗ്രാജ്വേറ്റ് രൂപമാണിത്. ബാച്ചിലര്‍ ഓഫ് ബിസിനസ് മാനേജ്‌മെന്റ് (ബി.ബി.എം.), ബാച്ചിലര്‍ ഓഫ് ബിസിനസ് സ്റ്റഡീസ് (ബി.ബി.എസ്.) എന്ന പേരിലും സമാനമായ കോഴ്‌സുകള്‍ പല സര്‍വകലാശാലകളും നടത്തുന്നുണ്ട്. എല്ലാത്തിന്റെയും വിഷയം ബിസിനസ് അഡ്മിനിസ്‌ട്രേഷന്റെ അടിസ്ഥാന പാഠങ്ങള്‍ തന്നെ. ഡല്‍ഹി സര്‍വകലാശാല, മുംബൈ സര്‍വകലാശാല, പൂനെയിലെ സിംബിയോസിസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി, ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ സര്‍വകലാശാല, മുംബൈയിലെ എന്‍.എം.ഐ.എം.എസ്. സര്‍വകലാശാല എന്നിവയ്ക്ക് കീഴിലുള്ള പല കോളേജുകളിലും വളരെ പ്രശസ്തമായ രീതിയില്‍ ബി.ബി.എ./ബി.ബി.എം./ ബി.ബി.എസ്. കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇന്‍ഡോറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.), ഡല്‍ഹിയിലെ ഷഹീദ് സുഖ്‌ദേവ് കോളേജ് ഓഫ് ബിസിനസ് സ്റ്റഡീസ്, ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി, ചെന്നൈയിലെ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റി, നോയ്ഡയിലെ അമിറ്റി ഇന്റര്‍നാഷണല്‍ ബിസിനസ് സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളാണ് ബി.ബി.എ./ബി.ബി.എം./ ബി.ബി.എസ്. കോഴ്‌സുകള്‍ക്ക് പേരുകേട്ടവ. ഇവിടങ്ങളില്‍ പഠിച്ചിറങ്ങുന്ന കുട്ടികളില്‍ നല്ലൊരു ശതമാനത്തിനും ഐ.ഐ.എം. പോലുളള മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എം.ബി.എ. പ്രവേശനത്തിന് സീറ്റ് ലഭിക്കാറുണ്ട്.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ്

അക്കൗണ്ടന്റ് രംഗത്തെ ഗ്ലാമര്‍ പദവികളാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റേതും കോസ്റ്റ് അക്കൗണ്ടന്റിന്റെതും. ഇതിനോടൊപ്പം ചേര്‍ത്തുവെക്കാവുന്ന ജോലിയാണ് കമ്പനി സെക്രട്ടറിയുടേതും. കൊമേഴ്‌സ് പ്ലസ്ടുക്കാര്‍ക്ക് അല്‍പമൊന്ന് പരിശ്രമിച്ചാല്‍ എത്തിപ്പിടിക്കാവുന്ന ജോലികളാണിവ. ഒരു സര്‍വകലാശാലകളിലോ കോളേജുകളിലോ ഇതു സംബന്ധിച്ച കോഴ്‌സുകള്‍ നടത്തുന്നില്ലെന്നതാണ് രസകരമായ കാര്യം. കേന്ദ്രസര്‍ക്കാറിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.) യാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്‌സ് നടത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.എ.ഐ. സെന്ററുകളില്‍ ചേര്‍ന്ന് പ്ലസ്ടുക്കാര്‍ക്ക് ഈ കോഴ്‌സ് പഠിക്കാം. കേരളത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഐ.സി.എ.ഐ. ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. നാലുഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയും മൂന്നുവര്‍ഷത്തെ പ്രായോഗികപരിശീലനവും വിജയകരമായി പൂര്‍ത്തിയക്കുന്നവര്‍ക്കേ ചാര്‍ട്ടേഡ് അക്കൗണ്ടന്റാകാന്‍ സാധിക്കൂ. ഫൈനല്‍ പരീക്ഷയെഴുതുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളില്‍ 8-16 ശതമാനം പേര്‍ മാത്രമേ വിജയിക്കാറുള്ളൂ. അത്രയ്ക്ക കടുപ്പമേറിയ സിലബസാണ് സി.എ. കോഴ്‌സിനുള്ളത്. എങ്കിലും ചിട്ടയായ പഠനവും കഠിനാധ്വാനവും കൊണ്ട് സി.എ. പരീക്ഷ പാസായ നിരവധിപേര്‍ നമ്മുടെ നാട്ടില്‍ തന്നെയുണ്ട്.

സി.എയ്ക്ക് സമാനമായ കോഴ്‌സാണ് കോസ്റ്റ് അക്കൗണ്ടിങ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.) എന്ന സ്റ്റാറ്റിയൂട്ടറി സംവിധാനമാണ് കോസ്റ്റ് അക്കൗണ്ടന്റുമാര്‍ക്കുള്ള പരിശീലനം നല്‍കുന്നതും പരീക്ഷ സംഘടിപ്പിക്കുന്നതും. ഒരു ഉല്പന്നത്തിന്റെയോ സേവനത്തിന്റെയോ വില നിശ്ചയിക്കുകയും അതിന്റെ ഏറ്റക്കുറച്ചിലുകള്‍ വിലയിരുത്തി കമ്പനിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമാണ് കോസ്റ്റ് അക്കൗണ്ടന്റിന്റെ ജോലി. ഉല്പന്നമുണ്ടാക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുവിന്റെ വില തൊട്ട് ഓരോ ഘട്ടത്തിലും അതുണ്ടാക്കാന്‍ മുടക്കുന്ന ചെലവുകള്‍ വരെയുള്‍പ്പെടുത്തിവേണം വില നിശ്ചയിക്കാന്‍. എല്ലാവിധ വ്യാവസായ ശാലകളിലും വന്‍കിടനിര്‍മാണ കേന്ദ്രങ്ങളിലുമൊക്കെ കോസ്റ്റ് അക്കൗണ്ടന്റിന്റെ സേവനം കൂടിയേ തീരൂ. അതുകൊണ്ടുതന്നെ മികച്ച ശമ്പളം ലഭിക്കുന്ന ഉയര്‍ന്ന ജോലിയാണ് കോസ്റ്റ് അക്കൗണ്ടന്റിന്റേത്. പ്ലസ്ടു കഴിഞ്ഞ ഏതൊരു വിദ്യാര്‍ഥിക്കും ഫൗണ്ടേഷന്‍, ഇന്റര്‍മീഡിയറ്റ്, ഫൈനല്‍ പരീക്ഷകള്‍ പാസായി കോസ്റ്റ് അക്കൗണ്ടന്റാകാം.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനിസെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ.) എന്ന സ്വയംഭരണസ്ഥാപനമാണ് കമ്പനിസെക്രട്ടറി കോഴ്‌സ് നടത്തുന്നത്. ഇതിന് ചേരാന്‍ ആവശ്യമായ അടിസ്ഥാനയോഗ്യതയും പ്ലസ്ടു തന്നെ. ഫൗണ്ടേഷന്‍, എക്‌സിക്യുട്ടീവ്, പ്രൊഫഷനല്‍ എന്നീ മൂന്ന് ഘട്ടങ്ങളാണ് കോഴ്‌സിനുള്ളത്.
ജീവിതം പുസ്തകങ്ങള്‍ക്കായി


വായനയെ അത്രമേല്‍ ഇഷ്ടപ്പെടുന്നയാളാണോ നിങ്ങള്‍? പുസ്തകങ്ങളാണോ ഇണപിരിയാത്ത കൂട്ടുകാര്‍? എഴുത്തുകാരുടെ വിശേഷങ്ങളും പുതിയ പുസ്തകങ്ങളുടെ വാര്‍ത്തകളുമെല്ലാം കൊതിയോടെയാണോ കേള്‍ക്കാറ്? മൂന്ന് കാര്യങ്ങള്‍ക്കും അതേ എന്നാണുത്തരമെങ്കില്‍ ധൈര്യമായി ലൈബ്രറി സയന്‍സ് കരിയറായി തിരഞ്ഞെടുക്കാം. വരുമാനമാര്‍ഗം എന്നതിലുപരി ആത്മാവിനും മനസിനും സന്തോഷം പകരുന്ന അപൂര്‍വം തൊഴിലുകളിലൊന്നാണ് ലൈബ്രേറിയന്റേത്.

ലൈബ്രേറിയന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പൊടിപിടിച്ച അലമാരികള്‍ക്കിടയില്‍ നിന്നൊരു തടിയന്‍ പുസ്തകവുമായി പുറത്തേക്ക് വരുന്ന കട്ടിക്കണ്ണട ധരിച്ച ഒരാളുടെ ചിത്രമാണ് പഴമക്കാരുടെ മനസില്‍ തെളിയുക. പണ്ടത്തെക്കാലത്തെ ലൈബ്രേറിയന്‍മാരുടെ രൂപമായിരുന്നു അത്. എന്നാല്‍ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ കിട്ടാനുളള പുതിയ കാലത്ത് ലൈബ്രേറിയന്‍മാരുടെ വേഷവും കോലവുമെല്ലാം മാറി. അവരുടെ ജോലിയുടെ സ്വഭാവത്തിലും കിട്ടുന്ന ശമ്പളത്തിലുമൊക്കെ മാറ്റം വന്നു. ഇന്നിപ്പോള്‍ ലൈബ്രറികളില്‍ മാത്രമൊതുങ്ങുന്നില്ല ലൈബ്രേറിയന്റെ പ്രവര്‍ത്തനമേഖല. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പത്ര/ടെലിവിഷന്‍ സ്ഥാപനങ്ങളിലും ബഹുരാഷ്ട്ര കമ്പനികളിലുമൊക്കെ ലൈബ്രേറിയന്‍ കൂടിയേ തീരൂ.

ആദ്യം വേണ്ടത് വായനാശീലം

ഒരു പുസ്തകം പോലും മറിച്ചുനോക്കാത്തവന് പറഞ്ഞിട്ടുള്ള പണിയല്ല ലൈബ്രേറിയന്റേത്. വായനാശീലമുള്ളതുകൊണ്ടുമായില്ല, പുസ്തകങ്ങളോട് ഭ്രാന്തമായ അഭിനിവേശമുള്ളവര്‍ക്കേ ഈ രംഗത്ത് തിളങ്ങാനാകൂ. ഒപ്പം മികച്ച ആശയവിനിമയശേഷി, കാര്യങ്ങള്‍ ചിട്ടയോടെ ചെയ്തുതീര്‍ക്കാനുള്ള കഴിവ്, ലൈബ്രറിയിലെത്തുന്ന ഓരോരുത്തരുടെയും ആവശ്യങ്ങള്‍ മനസിലാക്കി അത് നിര്‍വഹിക്കാനുള്ള ബോധം, ഹൃദ്യമായ പെരുമാറ്റം, ഓര്‍മശക്തി എന്നിവയും വേണം. ഓരോ പുസ്തകവും ലൈബ്രറിയുടെ ഏത് അലമാരയിലെ എത്രാമത് തട്ടിലുണ്ടാകുമെന്നത് ഓര്‍മിച്ചുപറയുന്ന ലൈബ്രേറിയന്‍മാരുണ്ടായിരുന്നു. കാറ്റലോഗും പട്ടികയുമെല്ലാം കമ്പ്യൂട്ടറിലായയോടെ അത്രയും ഓര്‍മശക്തിയൊന്നും ഇപ്പോള്‍ വേണ്ട. എങ്കിലും തീരെ ഓര്‍മ നില്‍ക്കാത്തയാളുകള്‍ മറ്റേതെങ്കിലും ജോലി കണ്ടെത്തുന്നതാണ് നല്ലത്.

ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എല്‍.ഐ.എസ്.)

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഗ്രന്ഥങ്ങളും വായനക്കാരുമുണ്ടെങ്കിലും ലൈബ്രറി ഒരു പഠനവിഷയമായി മാറിയത് 1887ലാണ്. അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ ആ വര്‍ഷം മുതല്‍ ലൈബ്രറി സയന്‍സില്‍ പ്രത്യേക കോഴ്‌സ് ആരംഭിച്ചു. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വളര്‍ച്ചയ്ക്കനുസരിച്ച് ലൈബ്രറി സയന്‍സ് എന്ന പഠനശാഖയും പടര്‍ന്നുപന്തലിച്ചു. മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എജ്യുക്കേഷന്‍… ഈ മേഖലകളില്‍ നിന്നൊക്കെയുള്ള വിഷയങ്ങള്‍ ചേരുന്നതാണ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന്റെ (എല്‍.ഐ.എസ്) സിലബസ്. നല്ല ലൈബ്രേറിയന്‍ മികച്ചൊരു മാനേജ്‌മെന്റ് വിദഗ്ധനും ഐ.ടി. എക്‌സ്‌പേര്‍ട്ടും കൂടിയായിരിക്കണമെന്നര്‍ഥം. മുമ്പത്തെ പോലെ പുസ്തകങ്ങള്‍ മാത്രം ശേഖരിക്കുന്നതിലും തരം തിരിക്കുന്നതിലുമൊതുങ്ങുന്നില്ല ലൈബ്രേറിയന്റെ ജോലി. മൈക്രോ-ഫിലിമുകള്‍, ഓഡിയോ-വീഡിയോ ശേഖരങ്ങള്‍, സ്‌ലൈഡുകള്‍ എന്നിവയും ലൈബ്രറികളില്‍ ശേഖരിക്കപ്പെടുന്നു. ഇവ കൃത്യമായി തരം തിരിച്ച് ആവശ്യക്കാര്‍ക്ക് വേണ്ടത് നല്‍കുക എന്നതും ലൈബ്രേറിയന്റെ ജോലിയില്‍ പെടുന്നു. അത്തരം കാര്യങ്ങളൊക്കെ ശാസ്ത്രീയമായി പഠിക്കാനുതകുന്ന സിലബസാണ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിലുള്ളത്.

എന്ത് പഠിക്കണം
സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ തൊട്ട് എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകള്‍ വരെ ചെയ്യാവുന്ന ബൃഹത്തായൊരു പഠനമേഖലയാണ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമെടുത്തശേഷം ലൈബ്രറി സയന്‍സിലേക്ക് തിരിയുന്നതാണ് ഏറ്റവും നല്ലത്. ബിരുദയോഗ്യത നേടിയവര്‍ക്ക് ഒരുവര്‍ഷത്തെ ബാച്ചിലര്‍ ഇന്‍ ലൈബ്രറി സയന്‍സ് (ബി.എല്‍.ഐ.സി.) കോഴ്‌സിന് ചേരാം. ലൈബ്രറി അഡ്മിനിസ്‌ട്രേഷന്‍, ബഡ്ജറ്റിങ്, പേഴ്‌സണല്‍ മാനേജ്‌മെന്റ്, കാറ്റലോഗിങ്, നെറ്റ്‌വര്‍ക്കിങ്, ഓട്ടോമേഷന്‍, ഇന്‍ഫര്‍മേഷന്‍ സോഴ്‌സസ്, കണ്‍സര്‍വേഷന്‍ ഓഫ് സ്റ്റഡിമെറ്റീരിയല്‍സ്, റിസര്‍ച്ച് മെത്തെഡോളജി എന്നീ വൈവിധ്യമാര്‍ന്ന അനുബന്ധവിഷയങ്ങളാണ് കോഴ്‌സിന് പഠിക്കാനുണ്ടാകുക. അതിനുശേഷം താത്പര്യമുള്ളവര്‍ക്ക് മാസ്‌റ്റേഴ്‌സ് ഡിഗ്രി ഇന്‍ ലൈബ്രറി കോഴ്‌സ് (എം.എല്‍.ഐ.സി.) കോഴ്‌സ് പഠിക്കാവുന്നതാണ്. എം.എല്‍.ഐ.സി. യോഗ്യത കൂടിയായാല്‍ എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകളും ചെയ്യാം. നല്ല സ്ഥാപനങ്ങളില്‍ നിന്ന് ബി.എല്‍.ഐ.സി. കോഴ്‌സ് കഴിഞ്ഞിറങ്ങിയാല്‍ തന്നെ കൊളളാവുന്ന ജോലി ലഭിക്കുമെന്ന കാര്യം ഉറപ്പ്. ബി.എല്‍.ഐ.സിയും എം.എല്‍.ഐ.സിയും ചേര്‍ത്തുകൊണ്ടുള്ള രണ്ടുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സും ഇപ്പോള്‍ ചില സര്‍വകലാശാലകള്‍ നടത്തുന്നുണ്ട്.

ജോലി എവിടെയൊക്കെ
സര്‍ക്കാര്‍/സ്വകാര്യ ലൈബ്രറികള്‍, സര്‍വകലാശാലകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, വിദേശ എംബസികള്‍, ഫോട്ടോ/ഫിലിം/റേഡിയോ/ടെലിവിഷന്‍ ലൈബ്രറികള്‍, മ്യൂസിയം ആര്‍ട് ഗാലറികള്‍ എന്നിവിടങ്ങളിലൊക്കെ ലൈബ്രേറിയന്റെ തസ്തിക കൂടിയേ തീരൂ. ഇതിനൊക്കെ പുറമെ ബഹുരാഷ്ട്ര കമ്പനികളും ലൈബ്രറി ബിരുദക്കാരെ ധാരാളമായി റിക്രൂട്ട് ചെയ്യുന്നുണ്ട്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.സി.) പോലുള്ള വമ്പന്‍ ഐ.ടി. കമ്പനികളിലും ലൈബ്രറി ബിരുദക്കാര്‍ ജോലി ചെയ്യുന്നു. ഇന്‍ഫര്‍മേഷന്‍ അനലിസ്റ്റ്, ഇന്‍ഡെക്‌സര്‍, ഇന്‍ഫാര്‍മേഷന്‍ ആര്‍ക്കിടെക്റ്റ്, ആര്‍ക്കൈവിസ്റ്റ് എന്നൊക്കൊയാണ് ഇവിടങ്ങളിലെ ലൈബ്രേറിയന്റെ തസ്തിക. വെറുതെ പുസ്തകങ്ങള്‍ അടുക്കിപ്പെറുക്കിവെക്കുകയല്ല വിവരങ്ങള്‍ ക്രോഡീകരിച്ച് ഇന്റര്‍നെറ്റ് വഴി ലോകം മുഴുവനുമെത്തിക്കുക എന്നതായിരിക്കും മള്‍ട്ടിനാഷണല്‍ കമ്പനികളിലെ ലൈബ്രേറിയന്റെ ജോലി. കമ്പനിയെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും പത്രവാര്‍ത്തകളും ഇവര്‍ ശേഖരിച്ച് ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്നു. ഭാവിയില്‍ കമ്പനി എടുക്കാന്‍ പോകുന്ന പല നിര്‍ണായകതീരുമാനങ്ങള്‍ക്കും മുമ്പ് ഇത്തരം ബാക്ക്ഫയലുകള്‍ പരിശോധിക്കും. ഈ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തായിക്കഴിഞ്ഞാല്‍ ജോലി രാജിവച്ച് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നവരുമുണ്ട്.

ശമ്പളവും ആകര്‍ഷകം
പ്രതിമാസം ആയിരം രൂപ മാത്രം ഹോണറേറിയം വാങ്ങി ജോലി ചെയ്യുന്ന ലൈബ്രേറിയന്‍മാരെ നാട്ടിന്‍പുറങ്ങളില്‍ കാണാം. എന്നാല്‍ അതല്ല നഗരങ്ങളിലെ സ്ഥിതി. ബി.എല്‍.ഐ.സി. കോഴ്‌സ് കഴിഞ്ഞിറങ്ങുന്ന തുടക്കക്കാര്‍ക്ക് പോലും 10,000-15,000 രൂപ നിരക്കില്‍ ശമ്പളം ലഭിക്കുന്നുണ്ട്. പ്രവൃത്തിപരിചയം കൂടുന്നതിനനുസരിച്ച് ശമ്പളവും കൂടും. കോളേജുകളിലാണെങ്കില്‍ പ്രൊഫസറുടെ അതേ ശമ്പള സ്‌കെയിലാണ് ലൈബ്രേറിയന്റേത്. ഡെപ്യൂട്ടി ലൈബ്രേറിയനാകട്ടെ അസോസിയേറ്റ് പ്രൊഫസറുടെ ശമ്പളനിരക്കും. സ്വകാര്യ കമ്പനികളില്‍ ഇന്‍ഫര്‍മേഷന്‍ അനലിസ്റ്റ്, ഇന്‍ഫര്‍മേഷന്‍ ആര്‍ക്കിടെക്റ്റ് ജോലി ചെയ്യുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയ്ക്കടുത്ത് വാര്‍ഷികവരുമാനം ലഭിക്കുന്നുണ്ട്.

എവിടെ പഠിക്കാം
ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠിപ്പിക്കാന്‍ രാജ്യത്ത് രണ്ട് മുന്‍നിര സ്ഥാപനങ്ങളുണ്ട്. ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ റിസോഴ്‌സും (എന്‍.ഐ.എസ്.സി.എ.ഐ.ആര്‍.) ബാംഗ്‌ളൂരിലെ ഡോക്യുമെന്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്ററും (ഡി.ആര്‍.ടി.സി.). ഇതിനുപുറമെ ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാല, അലിഗഡ് മുസ്‌ലിം സര്‍വകലാശാല, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും മികച്ച രീതിയില്‍ ബി.എല്‍.ഐ.സി. കോഴ്‌സ് നടത്തുന്നു. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി, ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്‌സിറ്റി, ഹര്യാനയിലെ കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി, ലഖ്‌നൗ യൂണിവേഴ്‌സിറ്റി, പഞ്ചാബ് യൂണിവേഴ്‌സിറ്റി, ഗുജറാത്ത് യൂണിവേഴ്‌സിറ്റി, തമിഴ്‌നാട്ടിലെ മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ബി.എല്‍.ഐ.സി. കോഴ്‌സുകളും പേരുകേട്ടവയാണ്.

വിദൂരവിദ്യാഭ്യാസരീതിയില്‍ ബി.എല്‍.ഐ.സി. കോഴ്‌സ് പൂര്‍ത്തിയാക്കാനും പല സര്‍വകലാശാലകളും സൗകര്യമൊരുക്കുന്നു. ഇവയില്‍ ഏറ്റവും പ്രധാനം ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) തന്നെ. ഹൈദരാബാദിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ ഓപ്പണ്‍ യൂണിേവഴ്‌സിറ്റി, മൈസൂരിലെ കര്‍ണാടക സ്‌റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കോയമ്പത്തൂരിലെ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും വിദൂരവിദ്യാഭ്യാസരീതിയില്‍ ബി.എല്‍.ഐ.സി. കോഴ്‌സുകള്‍ നടക്കുന്നുണ്ട്.

പഠനം കേരളത്തില്‍
കേരള സര്‍വകലാശാലയുടെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സസില്‍ രണ്ടു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എല്‍.ഐ.സി. കോഴ്‌സ് നടത്തുന്നുണ്ട്. 20 സീറ്റുകളാണുള്ളത്. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ലൈബ്രറി സയന്‍സില്‍ എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകളും ഇവിടെയുണ്ട്.

കേരളയൂണിവേഴ്‌സിറ്റിയുടെ തന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ കറസ്‌പോണ്ടന്‍സ് രീതിയില്‍ എം.എല്‍.ഐ.സി., ബി.എല്‍.ഐ.സി. കോഴ്‌സുകള്‍ നടത്തുന്നു.

കോട്ടയത്തെ എം.ജി. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഒരു വര്‍ഷത്തെ ബി.എല്‍.ഐ.സി. കോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്. 45 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. എം.എല്‍.ഐ.സി. കോഴ്‌സും ഇവിടെയുണ്ട്. 45 ശതമാനം മാര്‍ക്കോടെ ബി.എല്‍.ഐ.സി. പാസായവര്‍ക്ക് അപേക്ഷിക്കാം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ഇന്റഗ്രേറ്റഡ് എം.എല്‍.ഐ.സി. കോഴ്‌സ് നടത്തുന്നു. 25 സീറ്റുകളാണുള്ളത്. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകളും കാലിക്കറ്റിലുണ്ട്.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രററി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സും രണ്ടുവര്‍ഷത്തെ എം.എല്‍.ഐ.എസ്.സി. കോഴ്‌സ് നടത്തുന്നു. 25 സീറ്റുകളുണ്ട്.

യൂണിവേഴ്‌സിറ്റി സെന്ററുകള്‍ക്ക് പുറമെ വിവിധ കോളേജുകളിലും ബി.എല്‍.ഐ.സി., എം.എല്‍.ഐ.സി. കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ചങ്ങനാശേരി എസ്.ബി. കോളേജ് (എം.എല്‍.ഐ.എസ്.സി.), തിരുവല്ലയിലെ സെന്റ് മേരീസ് കോളേജ് ഫോര്‍ വിമന്‍ (ബി.എല്‍.ഐ.എസ്.സി.), കളമശേരിയിലെ രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് (ബി.എല്‍.ഐ.എസ്.സി., എം.എല്‍.ഐ.എസ്.സി.), കോട്ടയത്തെ ഏറ്റുമാനൂരപ്പന്‍ കോളേജ് (ബി.എല്‍.ഐ.എസ്.സി.), ആലുവയിലെ എം.ഇ.എസ്. കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (എം.എല്‍.ഐ.എസ്.സി.), കോഴിക്കോട്ടെ ഫാറൂഖ് കോളേജ് (ബി.എല്‍.ഐ.എസ്.സി., എം.എല്‍.ഐ.എസ്.സി.) എന്നിവയാണ് ചില പ്രധാന കോളേജുകള്‍.
കോളേജില്‍ കയറാതെ ഉന്നതപഠനം

പല കാരണങ്ങള്‍ കൊണ്ട് പഠനം മുടങ്ങിപ്പോയവര്‍ക്ക് ആശ്വാസവും ആശ്രയവുമാകുകയാണ് വിദൂരവിദ്യാഭ്യാസ പഠനരീതി.

വിദ്യാഭ്യാസസ്വപ്‌നങ്ങള്‍ പാതിവഴിയിലുപേക്ഷിച്ചവര്‍, വിദേശത്ത് ജോലി തേടിപ്പോയവര്‍, സ്ഥിരം യാത്രചെയ്തുപോയി പഠിക്കാന്‍ കഴിയാത്ത അംഗവൈകല്യമുള്ളവര്‍… ഇവരൊക്കെ ഇന്ന് ആശ്രയിക്കുന്നത് വിദൂരവിദ്യാഭ്യാസത്തെയാണ്.

ഉന്നതവിദ്യാഭ്യാസമേഖലയില്‍ നാലിലൊന്ന് വിദ്യാര്‍ഥികള്‍ വിദൂരമേഖലയിലേക്കു ചേക്കേറിക്കഴിഞ്ഞു. ആദ്യമൊക്കെ റെഗുലര്‍ കോളേജുകളില്‍ സീറ്റുകിട്ടാതെവന്നവരുടെ അഭയകേന്ദ്രമായിരുന്നു വിദൂരവിദ്യാഭ്യാസമെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ല. ജോലിയോടൊപ്പം പഠിച്ചുകയറാമെന്ന ആത്മവിശ്വാസത്തോടെ കൂടുതല്‍പേര്‍ കോഴ്‌സുകള്‍ചെയ്യുന്നു.

വിദൂര വിദ്യാഭ്യാസരീതിയില്‍ വിവിധ സര്‍വകലാശാലകള്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കൊപ്പം ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഇത്തരത്തില്‍ നടത്തുന്നുണ്ട്. ഓരോ വര്‍ഷവും ഇത്തരം കോഴ്‌സുകളില്‍ ചേരുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ കേരളത്തില്‍ പ്രതിവര്‍ഷം ഇരുപതിനായിരത്തിലധികം പേര്‍ വിവിധ കോഴ്‌സുകള്‍ക്കായി ചേരുന്നു. ഇഗ്‌നോയ്ക്കു പുറമെ കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളും വിവിധ കോഴ്‌സുകള്‍ വിദൂരവിദ്യാഭ്യാസത്തിലൂടെ നടത്തിവരുന്നു. അണ്ണാമലൈ സര്‍വകലാശാല, ഭാരതീയാര്‍ സര്‍വകലാശാല തുടങ്ങി കേരളത്തിനു പുറത്തുള്ള ഒട്ടേറെ സര്‍വകലാശാലകളും ഇത്തരത്തില്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നു.

വിദൂര വിദ്യാഭ്യാസത്തിന് പ്രധാനമായും മൂന്നു തരത്തിലുള്ള സ്ഥാപനങ്ങളാണ് രാജ്യത്തുള്ളത്. ഓപ്പണ്‍ യൂണിവേഴ്‌സിറ്റികള്‍, കറസ്‌പോന്‍ഡന്‍സ് യൂണിവേഴ്‌സിറ്റികള്‍, ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ യൂണിവേഴ്‌സിറ്റികള്‍ എന്നിവയാണവ. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കലാണ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റികളുടെ ലക്ഷ്യം. പ്ലസ്ടു യോഗ്യത ഇല്ലാത്തവര്‍ക്ക് ബാച്ചിലര്‍ പ്രിപ്പറേറ്ററി പ്രോഗ്രാമുകളിലൂടെ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടാന്‍ ഇവ അവസരമൊരുക്കുന്നു. വിദ്യാര്‍ഥികള്‍ക്കായി ലേണേഴ്‌സ് സപ്പോര്‍ട്ട് കേന്ദ്രങ്ങളും ഓപ്പണ്‍ യൂണിവേഴ്‌സിറ്റികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രിന്റഡ് സ്റ്റഡി മെറ്റീരിയലുകള്‍ നല്‍കി ഹ്രസ്വകാല വൊക്കേഷണല്‍ കോഴ്‌സുകളാണ് കറസ്‌പോന്‍ഡന്‍സ് യൂണിവേഴ്‌സിറ്റികള്‍ നല്‍കി വരുന്നത്.

ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ യൂണിവേഴ്‌സിറ്റികളില്‍ കോഴ്‌സുകള്‍ക്ക് നിശ്ചിത യോഗ്യതയുള്ളവര്‍ക്കാണ് പ്രവേശനം. പ്രിന്റഡ് സ്റ്റഡി മെറ്റീരിയലുകള്‍ നല്‍കി ഓണ്‍ലൈന്‍ സപ്പോര്‍ട്ടോടുകൂടിയാണ് ഇതിലെ വിദ്യാഭ്യാസം. സ്റ്റഡി സെന്ററുകള്‍ വഴി കോണ്‍ടാക്ട് ക്ലാസുകളും ഉണ്ടാകും.

ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ സര്‍വകലാശാലകള്‍ ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ സര്‍വകലാശാലകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവയുടെ അംഗീകാരവും തൊഴില്‍ രംഗത്ത് ആ കോഴ്‌സുകള്‍ എത്രമാത്രം അംഗീകരിക്കപ്പെടുന്നു എന്നതും കൃത്യമായി മനസ്സിലാക്കിയിരിക്കണം.

കേരള സര്‍വകലാശാല (www.ideku.nte)

1976 ലാണ് കേരള സര്‍വകലാശാലയുടെ ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ വിഭാഗം തുടങ്ങിയത്. മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹെല്‍ത്ത് സയന്‍സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സയന്‍സ്, ഭാഷ, സാഹിത്യം, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, കമ്യൂണിക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ് എന്നീ വിഭാഗങ്ങളിലായി 56 കോഴ്‌സുകളാണ് കേരളയുടെ വിദൂരവിദ്യാസവിഭാഗം നടത്തുന്നത്.

വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി/ പിജി പ്രോഗ്രാമിനൊപ്പം സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ ചെയ്യാന്‍ അവസരമുണ്ട്. സര്‍വകലാശാലയുടെ റെഗുലര്‍ കോഴ്‌സുകള്‍ക്കുള്ള അതേ സിലബസ് തന്നെയാവും വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്കും ഉണ്ടാവുക. പി.എസ്.സിയും മറ്റു സര്‍വകലാശാലകളും ഈ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. വിവിധ ജില്ലകളിലായി 132 ലേണര്‍ സപ്പോര്‍ട്ട് സെന്ററുകളും പ്രവര്‍ത്തിക്കുന്നു.

ബിരുദ കോഴ്‌സുകള്‍: അഫ്‌സലുല്‍ ഉലമ, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി വിഷയങ്ങളില്‍ ബിഎ, ബി.കോം, ബി.എസ്.സി മാത്തമാറ്റിക്‌സ്, ബി.സി.എ., ബി.ബി.എ., ബി.എല്‍.ഐ.സി.

പി.ജി. കോഴ്‌സുകള്‍: അറബി, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി, മലയാളം, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, സംസ്‌കൃതം, സോഷ്യോളജി, തമിഴ് വിഷയങ്ങളില്‍ എം.എ., എം.ബി.എ., മാസ്റ്റര്‍ ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, എം.എല്‍.ഐ.സി., മാസ്റ്റര്‍ ഓഫ് ഹെല്‍ത്ത് സയന്‍സ് ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ്, എം.കോം., എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.സി. മാത്തമാറ്റിക്‌സ്, എം.എസ്.സി. ഇന്‍ ക്ലിനിക്കല്‍ ന്യുട്രീഷന്‍ ആന്‍ഡ് ഡയറ്റിക്‌സ്, മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍.

എം.ജി. സര്‍വകലാശാല (www.mgu.ac.in)

1990 ലാണ് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇതിന്റെ ഭാഗമായി 73 ഓഫ് കാമ്പസ് സെന്ററുകളാണ് ഉള്ളത്. ഇതില്‍ ഏഴെണ്ണം വിദേശത്താണ്. ഷാര്‍ജ, ദോഹ, മനാമ, ദുബായ് ഇന്റര്‍നാഷണല്‍ അക്കാദമിക് സിറ്റി, കുവൈത്ത്, അബുദാബി, ഒമാന്‍ എന്നിവിടങ്ങളിലാണ് വിദേശ സെന്ററുകളുള്ളത്. കൂടാതെ വിവിധ വിഷയങ്ങളിലായി കേരളത്തില്‍ 122 ഓഫ് കാമ്പസ് സെന്ററുകളുമുണ്ട്. എം.ബി.എ., എം.സി.എ. കോഴ്‌സുകള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ് പ്രവേശനം.

ബിരുദ കോഴ്‌സുകള്‍: ബി.എഫ്.ടി., ബിഎ സോഷ്യോളജി, ബി.ബി.എ., ബി.ബി.എം., ബിസിഎ, ബികോം, ബി.എല്‍.ഐ.എസ്‌സി, ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ടി.എസ് – ബാച്ചിലര്‍ ഓഫ് ടൂറിസം സ്റ്റഡീസ്.

പി.ജി. കോഴ്‌സുകള്‍: എല്‍.എല്‍.എം., എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, എം.എ. മള്‍ട്ടിമീഡിയ, എം.എ. സോഷ്യോളജി, എം.സി.എ, എം.ബി.എ., എം.കോം, എം.എസ്.സി. ഐ.ടി., എം.എസ്.സി. മാത്തമാറ്റിക്‌സ്

കാലിക്കറ്റ് സര്‍വകലാശാല (www.universityofcalicut.info)

1981ലാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ വിഭാഗം ആരംഭിക്കുന്നത്. നിലവില്‍ 16 ബിരുദ കോഴ്‌സുകളും 13 ബിരുദാനന്തര ബിരുദ കോഴ്‌സുകളുമാണ് ഇവിടെ നടത്തുന്നത്. രണ്ടു ഡിപ്ലോമ കോഴ്‌സുകളുമുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി 18 വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിവിധ കോഴ്‌സുകള്‍ക്കായി അംഗീകാരം നല്‍കിയിട്ടുണ്ട്. ഷാര്‍ജ, അബുദാബി, ദോഹ, കുവൈത്ത്, ബഹറിന്‍ എന്നിവിടങ്ങളിലും സെന്ററുകളുണ്ട്.

ബിരുദകോഴ്‌സുകള്‍: ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബി, തമിഴ്, സംസ്‌കൃതം, അഫ്‌സലുല്‍ ഉലമ, ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ ബി.എ., ബി.എസ്‌സി. മാത്തമാറ്റിക്‌സ്, ബി.കോം, ബി.ബി.എ., ബാച്ചിലര്‍ ഓഫ് മള്‍ട്ടിമീഡിയ കമ്യൂണിക്കേഷന്‍,ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍, ബാച്ചിലര്‍ ഓഫ് ഗ്രാഫിക് ഡിസൈന്‍ ആന്‍ഡ് അനിമേഷന്‍, ബി.എസ്‌സി. ഇന്‍ കൗണ്‍സലിങ് സൈക്കോളജി

പി.ജി. കോഴ്‌സുകള്‍: ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബി, സംസ്‌കൃതം, തമിഴ്, ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്‌സ്, ഫിലോസഫി, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ എം.എ, എം.എസ്‌സി. മാത്തമാറ്റിക്‌സ്, എം.കോം., എം.ബി.എ.
പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍: ടിവി പ്രോഗ്രാം പ്രൊഡക്ഷന്‍, ടിവി ന്യൂസ് പ്രസന്റേഷന്‍ ആന്‍ഡ് ആങ്കറിങ്,മള്‍ട്ടി മീഡിയ, വെബ് ടെക്‌നോളജി, ഫോറിന്‍ ട്രേഡ്.
ഡിപ്ലോമ കോഴ്‌സുകള്‍: ആര്‍ക്കിടെക്ചറല്‍ വിഷ്വലൈസേഷന്‍, മള്‍ട്ടിമീഡിയ ആന്‍ഡ് അനിമേഷന്‍, ജെമോളജി, ഹോട്ടല്‍ മാനേജ്‌മെന്റ്

കണ്ണൂര്‍ സര്‍വകലാശാല (www.kannuruniversity.ac.in)

ബിരുദ കോഴ്‌സുകള്‍: ഇംഗ്ലീഷ്, ആന്ത്രപ്പോളജി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, മലയാളം, ഇക്കണോമിക്‌സ്, ഹിസ്റ്ററി, അഫ്‌സല്‍ ഉല്‍ ഉല്‍മ എന്നീ വിഷയങ്ങളില്‍ ബിഎ, ബി.കോം, ബി.എസ്‌സി. മാത്തമാറ്റിക്‌സ്, ബി.ബി.എ., ബി.സി.എ.

പി.ജി. കോഴ്‌സുകള്‍: ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ എം.എ, എം.എസ്‌സി. മാത്തമാറ്റിക്‌സ്, എം.കോം.

പ്രധാന വിദൂരവിദ്യാഭ്യാസ സര്‍വകലാശാലകള്‍
1. അളഗപ്പ സര്‍വകലാശാല, 2. ആന്ധ്ര സര്‍വകലാശാല, 3. അണ്ണ സര്‍വകലാശാല, 4. അണ്ണാമലൈ സര്‍വകലാശാല
5. ബെഗളൂരു സര്‍വകലാശാല, 6. ഭാരതിയാര്‍ സര്‍വകലാശാല, 7. ഐ.സി.എഫ്.എ.ഐ. സര്‍വകലാശാല, 8. കകാതിയ സര്‍വകലാശാല, 9. മണിപ്പാല്‍ സര്‍വകലാശാല, 10. ഉസ്മാനിയ സര്‍വകലാശാല

കരുതലോടെ വേണം വിദൂര വിദ്യാഭ്യാസം
സാമ്പത്തികസാധ്യത ലക്ഷ്യമിട്ട് 90കളിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ സര്‍വകലാശാലകള്‍ പഠനകേന്ദ്രങ്ങള്‍ തുടങ്ങിയത്. പ്രോഗ്രാമിങ് സെന്റര്‍, കൗണ്‍സലിങ് സെന്റര്‍ എന്നിങ്ങനെയുള്ള പേരുകളില്‍ സ്വകാര്യ സംരംഭകരുമായി ധാരണാപത്രം ഒപ്പുവെയ്ക്കും. ഇതിനുശേഷം അംഗീകാരം നല്‍കുന്നതാണ് രീതി. കാലിക്കറ്റ് സര്‍വകലാശാലയില്‍ അപേക്ഷകള്‍ ആദ്യം സിന്‍ഡിക്കേറ്റില്‍ വെയ്ക്കും. സിന്‍ഡിക്കേറ്റ് സമിതി അപേക്ഷകരുടെ ചെലവില്‍ വിദേശകേന്ദ്രങ്ങളിലെത്തി അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്തിയശേഷം അനുമതി നല്‍കുകയുംചെയ്യും. ഓരോവര്‍ഷവും ഈ കേന്ദ്രങ്ങള്‍ പണമടച്ച് അംഗീകാരം പുതുക്കേണ്ടതുണ്ട്.

യു എ ഇ, ഖത്തര്‍ എന്നിവിടങ്ങളിലായി കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് 24 പഠനകേന്ദ്രങ്ങളുണ്ട്. എന്നാല്‍ ഓഫ് ക്യാമ്പസ് സെന്ററുകള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ഈ 24 കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. കോടതിയുടെ സഹായത്തോടെയാണ് നിലവില്‍ അവിടെ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ പരീക്ഷയെഴുതിയത്.

ഗള്‍ഫ് നിയമങ്ങളനുസരിച്ച് വിദേശ സര്‍വകലാശാലകളുടെ കോഴ്‌സുകള്‍ക്ക് അംഗീകാരം ലഭിക്കാന്‍ വലിയ കടമ്പകള്‍ കടക്കണം. ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ മുഖേന പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തി പരീക്ഷ നടത്താനാണ് ഇപ്പോഴത്തെ ശ്രമം. എം.ജി. സര്‍വകലാശാലയിലും ഇതേ വിഷയമുണ്ടായി. യു.ജി.സി. നിര്‍ദേശപ്രകാരം ഓഫ് കാമ്പസ് സെന്ററുകള്‍ പൂട്ടാന്‍ ചാന്‍സലറായ ഗവര്‍ണറും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും നിര്‍ദേശിച്ചു. ആകെയുണ്ടായിരുന്ന 133 ഓഫ് കാമ്പസ് സെന്ററുകളില്‍ 82 എണ്ണവും പൂട്ടി. ഇവയില്‍ ഏകദേശം 12,000ത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടായിരുന്നു. പാതിവഴിയില്‍ പഠനമുപേക്ഷിക്കേണ്ടനിലയിലാണ് ഇപ്പോള്‍ ഇവര്‍.

മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 29 സര്‍വകലാശാലകള്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഠനകേന്ദ്രങ്ങളുണ്ട്. തമിഴ്‌നാട്ടില്‍നിന്നുള്ള അണ്ണാമലൈ, മധുര കാമരാജ്, ഭാരതിയാര്‍ തുടങ്ങിയവയാണ് മുന്‍പന്തിയില്‍. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സംസ്ഥാനത്തിനുപുറത്ത് ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലും കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലും പ്രോഗ്രാമിങ് സെന്ററുകളുണ്ട്.

കേന്ദ്രസര്‍വകലാശാലകള്‍ക്കുമാത്രമേ രാജ്യത്തുടനീളം പ്രവര്‍ത്തനപരിധിയുള്ളൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനസര്‍വകലാശാലകള്‍ക്ക് ഓഫ് കാമ്പസ് അനുവദിക്കാനധികാരമില്ലെന്നും പ്രവര്‍ത്തിക്കുന്നവ അടച്ചുപൂട്ടണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഓഫ് കാമ്പസ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ 2009 ഏപ്രിലില്‍ രാജ്യത്തെ എല്ലാ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്കും യു.ജി.സി. നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേ നിര്‍ദേശം കഴിഞ്ഞ മാസവും യു.ജി.സി. ആവര്‍ത്തിച്ചു. എന്നാല്‍, ഇതെല്ലാം മറികടന്നാണ് ഇവയുടെ പ്രവര്‍ത്തനം.

വിദൂര വിദ്യാഭ്യാസത്തിലൂടെ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ മികച്ച സര്‍വകലാശാലകളുടെ മികച്ച കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. പി.എസ്.സിയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും അംഗീകരിച്ച കോഴ്‌സുകളാണോ എന്ന് നോക്കിയാവണം തിരഞ്ഞെടുപ്പ്. ഇതുവരെ കേട്ടിട്ടുകൂടിയില്ലാത്ത ഏതെങ്കിലും സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ കോഴ്‌സിന് ചേരുന്നതിനേക്കാള്‍ ഇഗ്‌നോയുടെ സെന്ററുകളില്‍ പഠിക്കുന്നതാണ് സുരക്ഷിതം.

ഇഗ്‌നോ (www.ignou.ac.in)
ഇന്ത്യയില്‍ വിദൂര വിദ്യാഭ്യാസ മുന്‍നിര സര്‍വകലാശാലയാണ് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എന്ന ഇഗ്‌നോ. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇഗ്‌നോയ്ക്ക് 36 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. 67 റീജ്യണല്‍ സെന്ററുകളും 3000 ലേണര്‍ സപ്പോര്‍ട്ട് സെന്ററുകളും 60 വിദേശ സെന്ററുകളും സര്‍വകലാശാലയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നു. യു.എ.ഇ., ഒമാന്‍, ബഹറിന്‍, ദോഹ, ശ്രീലങ്ക, മൗറീഷ്യസ്, മാലെ ദ്വീപ്, നേപ്പാള്‍, കെനിയ, ഫിജി, കരീബിയന്‍ ദ്വീപുകള്‍, സമോവ, മലേഷ്യ, കിര്‍ഗിസ്ഥാന്‍, സിംഗപ്പൂര്‍, ഖാന എന്നിവിടങ്ങളിലും ഇഗ്‌നോ കോഴ്‌സുകള്‍ നല്‍കുന്നുണ്ട്.

490 അക്കാദമിക് പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്. ജനുവരിയിലും ജൂലായിലുമായി വര്‍ഷത്തില്‍ രണ്ടു തവണ പ്രവേശനം നല്‍കുന്നു. ചില കോഴ്‌സുകള്‍ ജൂലൈ സെഷനില്‍ മാത്രമായിരിക്കും. കോഴ്‌സുകളുടെ സ്വഭാവം അനുസരിച്ച് എന്‍ട്രന്‍സ് പരീക്ഷ നടത്തിയും നേരിട്ടും പ്രവേശനം നല്‍കുന്നു.

ജൂലൈ സെഷനുള്ള പ്രവേശന നടപടികള്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ തുടങ്ങും. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും റീജ്യണല്‍ സെന്ററുകളുണ്ട്.

ബിരുദ കോഴ്‌സുകള്‍: ബിഎ ടൂറിസം സ്റ്റഡീസ്, ബി.സി.എ., ബി.എ., ബി.കോം, ബി.കോം, ബി.എസ്.സി, ബി.എസ്.ഡബ്ല്യു, ബാച്ചിലര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ബി.ബി.എ ഇന്‍ റീട്ടെയിലിങ് വിത്ത് ദി മോഡുലര്‍ അപ്രോച്ച്.

പി.ജി. കോഴ്‌സുകള്‍: എം.ബി.എ, മാസ്റ്റര്‍ ഓഫ് കൗണ്‍സലിങ് ആന്‍ഡ് ഫാമിലി തെറാപ്പി, എം.സി.എ, മാസ്റ്റര്‍ ഓഫ് സയന്‍സ് (ഡയറ്റിക്‌സ് ആന്‍ഡ് ഫുഡ് സര്‍വീസസ് മാനേജ്‌മെന്റ്), എം.എ. (റൂറല്‍ ഡെവലപ്‌മെന്റ്), എം.കോം, എം.എ. ടൂറിസം മാനേജ്‌മെന്റ്, എം.എ. ഇംഗ്ലീഷ്, എം.എ. ഹിന്ദി, എംഎസ്ഡബ്ല്യു, എം.എ. ഫിലോസഫി, എം.എ. എജ്യൂക്കേഷന്‍, എം.എ. ഇക്കണോമിക്‌സ്, എം.എ. ഹിസ്റ്ററി, എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എം.എ. സോഷ്യോളജി, എം.എ. സൈക്കോളജി, മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് ഇന്‍ ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, എം.എ. ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍, മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍സ് സയന്‍സ്, എം.എസ്.സി. മാത്തമാറ്റിക്‌സ് വിത്ത് ആപ്ലിക്കേഷന്‍സ് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്, മാസ്റ്റര്‍ ഇന്‍ ആന്ത്രപ്പോളജി.
ഇംഗ്ലീഷ് ഭാഷയറിഞ്ഞാല്‍ ഇഷ്ടം പോലെ അവസരം

വിദ്യാഭ്യാസരംഗത്ത് ശാസ്ത്രവിഷയങ്ങളേക്കാള്‍ പുറകിലായിരുന്നു മുമ്പ് ഭാഷാവിഷയങ്ങളുടെ സ്ഥാനം. കെമിസ്ട്രിയോ ഫിസിക്‌സോ ബോട്ടണിയോ പഠിച്ചിറങ്ങുന്നവര്‍ക്ക് കിട്ടുന്ന തൊഴിലവസരങ്ങള്‍ ഇംഗ്ലീഷും മലയാളവും പഠിച്ചവര്‍ക്ക് കിട്ടിയിരുന്നില്ല. ബിരുദപഠനത്തിന് മറ്റെവിടെയും അഡ്മിഷന്‍ കിട്ടാതാകുമ്പോള്‍ തിരഞ്ഞെടുക്കാനുള്ള സാധ്യതയായിരുന്നു ഭാഷാവിഷയങ്ങള്‍. എന്നാല്‍ അക്കാലമൊക്കെ മാറിക്കഴിഞ്ഞു. ഇന്നിപ്പോള്‍ ശാസ്ത്രവിഷയങ്ങള്‍ക്കുളളതിനേക്കാള്‍ ജോലി സാധ്യതയുളള ഭാഷാവിഷയങ്ങളുണ്ട്. അതില്‍ പ്രധാനമാണ് ഇംഗ്ലീഷ്. ലോകഭാഷയെന്ന സ്ഥാനമുള്ള ഇംഗ്ലീഷില്‍ ബിരുദം നേടിയവര്‍ക്ക് ഇഷ്ടം പോലെ അവസരങ്ങളുണ്ട് പുതിയ കാലത്ത്. ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ അറിയുന്നയാള്‍ക്ക് തന്നെ തൊഴില്‍ അഭിമുഖങ്ങളില്‍ മുന്‍ഗണന ലഭിക്കും. ആ ഭാഷയില്‍ മികച്ച രീതിയില്‍ എഴുതാനും സംസാരിക്കാനും അറിയുന്നവരെ കാത്തിരിക്കുകയാണ് ആഗോളകമ്പനികളെല്ലാം. അതുകൊണ്ട് തന്നെ ശാസ്ത്രവിഷയങ്ങള്‍ പഠിക്കാന്‍ താത്പര്യമില്ലാത്ത കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയൊരു സാധ്യതയാണിന്ന് ഇംഗ്ലീഷ് പഠനം. പ്ലസ്ടു കഴിഞ്ഞയുടന്‍ ഇതിനായി പരിശ്രമം തുടങ്ങാം.എന്താണ് പഠിക്കേണ്ടത്?



ഇംഗ്ലീഷില്‍ ഉപരിപഠനം ആഗ്രഹിക്കുന്നുവെങ്കില്‍ അതിനായി ധാരാളം സാധ്യതകള്‍ ഇന്ന് തുറന്നുകിടപ്പുണ്ട്. പ്ലസ്ടുവിന് ശേഷം ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദപഠനത്തിന് ചേരാം. നമ്മുടെ നാട്ടിലെ ഏതാണ്ട് എല്ലാ കോളേജുകളിലും ബി.എ. ഇംഗ്ലീഷ് കോഴ്‌സ് നടത്തുന്നുണ്ട്. ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ പഠിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ ബി.എ. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിന് ചേര്‍ന്നാല്‍ മതി. എല്ലാ കോളേജുകളിലുമില്ലെങ്കിലും വിവിധ ജില്ലകളിലെ പ്രമുഖ കോളേജുകളിലെല്ലാം ഈ കോഴ്‌സുണ്ട്. ബി.എ. കഴിഞ്ഞാല്‍ ഇംഗ്ലീഷ് സാഹിത്യത്തിലോ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലോ പോസ്റ്റ്ഗ്രാജ്വേറ്റ് കോഴ്‌സ് ചെയ്യാം. ഉപരിപഠനത്തിനായി എം.ഫില്‍, പി.എച്ച്.ഡി. പ്രോഗ്രാമുകളും ഈ ഭാഷയിലുണ്ട്. അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് പ്രോഗ്രാമാണ് മറ്റൊരു സാധ്യത. പ്ലസ്ടുവിന് ശേഷം ചേരേണ്ട ഈ കോഴ്‌സില്‍ പോസ്റ്റ്ഗ്രാജ്വേഷന്‍ കഴിഞ്ഞിറങ്ങാം എന്നതാണ് മെച്ചം. ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് ബിരുദക്കാര്‍ക്ക് സാദാ എം.എക്കാരേക്കാള്‍ തൊഴില്‍വിപണിയില്‍ പരിഗണന ലഭിക്കുന്നുണ്ട്.

ഇ.എഫ്.എല്‍. സര്‍വകലാശാല
ഇംഗ്ലീഷ് പഠനത്തിന് അവസരമൊരുക്കുന്ന രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനമാണ് ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി (ഇഫ്‌ളു). ഇംഗ്ലീഷ്, മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം എന്നീ വിഷയങ്ങളിലായി നടത്തുന്ന ബി.എ. (ഹോണേഴ്‌സ്) ആണിവിടുത്തെ പ്രധാനപ്പെട്ട കോഴ്‌സ്. ബി.എ. ഹോണേഴ്‌സിന് ശേഷം എം.എ. പഠനത്തിനുമുള്ള സൗകര്യം ഇവിടെയുണ്ട്. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും അതിവിഗ്ദധമായി പഠിപ്പിക്കാന്‍ ശേഷിയുളള രാജ്യാന്തര നിലാരമുള്ള അധ്യാപകനിരയാണ് ഇഫ്‌ളുവിന്റെ പ്രത്യേകത. ഇംഗ്ലീഷ് ഭാഷയില്‍ ഗവേഷണത്തിനുള്ള സൗകര്യവും ഇവിടെയുണ്ട്. ദേശീയതലത്തില്‍ നടത്തപ്പെടുന്ന എന്‍ട്രന്‍സ് പരീക്ഷ വഴിയാണ് അഡ്മിഷന്‍. കേരളമുള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ധാരാളം കുട്ടികള്‍ ഓരോവര്‍ഷവും ഇഫ്‌ളുവില്‍ പ്രവേശനം നേടുന്നു. അഡ്മിഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ംംം.ലളഹൗിശ്‌ലൃശെ്യേ.മര.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മറ്റ് പ്രമുഖ കോളേജുകള്‍
ഹൈദരാബാദ് കഴിഞ്ഞാല്‍ ഇംഗ്ലീഷ് പഠനത്തിന് മികച്ച സൗകരമൊരുക്കുന്ന മറ്റൊരു നഗരം ഡല്‍ഹിയാണ്. ഇംഗ്ലീഷില്‍ ബി.എ.,എം.എ. കോഴ്‌സുകള്‍ നടത്തുന്ന പ്രശസ്തമായ നിരവധി കോളേജുകള്‍ നഗരത്തിലുണ്ട്. സെന്റ് സ്റ്റീഫന്‍സ് കോളേജ്, മിരാന്‍ഡ ഹൗസ്, ജീസസ് ആന്‍ഡ് മേരി കോളേജ്, ശ്രീ വെങ്കിടേശ്വര കോളേജ്, ഡല്‍ഹി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് എന്നിവ ഉദാഹരണങ്ങള്‍. അക്കാദമിക് മികവും കര്‍ശന അച്ചടക്കവുമാണ് ഈ സ്ഥാപനങ്ങളുടെ പ്രത്യേകത. സെന്റ് സ്റ്റീഫന്‍സ് പോലുള്ള കോളേജുകളില്‍ പ്ലസ്ടുവിന് നൂറുശതമാനത്തിനടുത്ത് മാര്‍ക്ക് നേടിയവര്‍ക്ക് മാത്രമേ ഡിഗ്രിക്ക് പ്രവേശനം ലഭിക്കൂ. ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലെ കോളേജുകളില്‍ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് കമ്പയിന്‍ഡ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഫോര്‍ ഇംഗ്ലീഷ് (ഇഅഠഋ). ഇംഗ്ലീഷ് പഠനത്തിന് പേരുകേട്ട രാജ്യത്തെ പ്രമുഖ കോളേജുകളായ ലേഡി ശ്രീറാം കോളേജ് ഫോര്‍ വിമന്‍, ഇന്ദ്രപ്രസ്ഥ കോളേജ്, കമലാ നെഹ്‌റു കോളേജ്, ഡല്‍ഹി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് കൊമേഴ്‌സ്, ഹിന്ദു കോളേജ്, മിരാന്‍ഡ ഹൗസ്, രാജധാനി കോളേജ്, ശിവാജി കോളേജ്, വിവേകാനന്ദ കോളേജ്, സത്യവതി കോളേജ്, കിരോരി മാല്‍ കോളേജ് എന്നീ കോളേജുകളില്‍ ഇംഗ്ലീഷ് പഠനത്തിന് വഴിയൊരുക്കുന്നതാണ് ഈ പരീക്ഷ.

ഡല്‍ഹിയും ഹൈദരാബാദിലും മാത്രമല്ല മറ്റ് നഗരങ്ങളിലും പേരുകേട്ട് ഇംഗ്ലീഷ് കോഴ്‌സുകള്‍ നടക്കുന്ന കോളേജുകളുണ്ട്. ചെന്നൈയിലെ ലൊയോള കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, സ്‌റ്റെല്ലാ മേരീസ് കോളേജ്, പ്രസിഡന്‍സി കോളേജ്, മുംബൈ സെന്റ് സേവിയേഴ്‌സ് കോളേജ്, കെ.ജെ. സോമയ്യ കോളേജ് ഓഫ് ആര്‍ട്‌സ്, ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജ്, മൗണ്ട് കാര്‍മല്‍ കോളേജ്, സെന്റ് ജോസഫ്‌സ് കോളേജ്, പൂനെയിലെ ഫെര്‍ഗുസന്‍ കോളേജ്, സിംബിയോസിസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് കോളേജ് എന്നിവ ഉദാഹരണങ്ങള്‍. ഇവിടങ്ങളിലെല്ലാം നടക്കുന്ന ഇംഗ്ലീഷ് ബി.എ. ഹോണേഴ്‌സ് കോഴ്‌സിന് ചേരാന്‍ ഉദ്യോഗാര്‍ഥികളുടെ തള്ളിക്കയറ്റമാണ്. കോഴ്‌സുകളുടെ വിശദാംശങ്ങളും അഡ്മിഷന്‍ സംബന്ധിച്ച വിവരങ്ങളും അതത് കോളേജുകളുടെ വെബ്‌സൈറ്റില്‍ ലഭിക്കും.

ഇന്റഗ്രേറ്റഡ് എം.എ
ശാസ്ത്രപഠനത്തിന് പേര് കേട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) കളില്‍ ഇംഗ്ലീഷ് പഠനത്തിന് അവസരമുണ്ടെന്ന വിവരം പലരെയും അതിശയിപ്പിക്കുമെന്നുറപ്പ്. ഡല്‍ഹി, മദ്രാസ്, കാണ്‍പുര്‍ ഐ.ഐ.ടികളില്‍ ഇംഗ്ലീഷ് ഭാഷാപഠനത്തിന് സാധ്യതയുണ്ട്. ഇവിടെ ഗവേഷണ സൗകര്യവുമുണ്ട്.

ഇതിനുപുറമെ ഐ.ഐ.ടി മദ്രാസില്‍ ഇംഗ്ലീഷില്‍ അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് കോഴ്‌സുമുണ്ട്. ഐ.ഐ.ടിയില്‍ ബി.ടെക് പ്രവേശനത്തിനുള്ളത്ര കടുപ്പമേറിയ എന്‍ട്രന്‍സ് പരീക്ഷയും അഭിമുഖവും ജയിച്ചവര്‍ക്ക് മാത്രമേ ഈ കോഴ്‌സിന് പ്രവേശനം കിട്ടൂ. വെറും ഇംഗ്ലീഷ് മാത്രമല്ല ഡെവലപ്‌മെന്റല്‍ സ്റ്റഡീസ്, ഇക്കണോമിക്‌സ്, സോഷ്യോളജി, ഹിസ്റ്ററി, ഫിലോസഫി എന്നീ വിഷയങ്ങളും കുട്ടികള്‍ക്ക് പഠിക്കാനുണ്ടാകും. ആദ്യരണ്ടുവര്‍ഷം ഇംഗ്ലീഷ്, ഡവലപ്‌മെന്റല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളിലെ അടിസ്ഥാനകാര്യങ്ങളാണ് പഠിക്കേണ്ടിവരുക. തുടര്‍ന്ന മൂന്നാം വര്‍ഷം മുതല്‍ രണ്ടു വിഷയങ്ങളില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുത്തശേഷം പഠനം തുടരാം. അഞ്ചുവര്‍ഷത്തെ കോഴ്‌സ് കഴിഞ്ഞിറങ്ങുന്നവര്‍ക്ക് അക്കാദമിക് മേഖലയില്‍ നിന്ന് മികച്ച അവസരങ്ങള്‍ ലഭിക്കുമെന്ന കാര്യം ഉറപ്പ്.

46 സീറ്റുകളാണ് മദ്രാസ് ഐ.ഐ.ടിയിലെ ഇംഗ്ലീഷ് ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് കോഴ്‌സിനുള്ളത്. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്കേ അഡ്മിഷന്‍ ലഭിക്കൂ. രണ്ടുഭാഗങ്ങളുള്ള എന്‍ട്രന്‍സ് പരീക്ഷയിലെ ആദ്യഭാഗം ഓണ്‍ലൈന്‍ ഒബ്ജക്ടീവ് ശൈലയിലായിരിക്കും. രണ്ടാംഭാഗം വിവതണാത്മകരീതിയിലുള്ള എഴുത്തുപരീക്ഷയായിരിക്കും. എന്‍ട്രന്‍സ പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് http:/hsee.iitm.ac.in എന്ന വെബ്‌സൈറ്റ് കാണുക.

പഠനം കേരളത്തില്‍
കേരളത്തിലെ ഭൂരിഭാഗം സര്‍വകലാശാലകളിലും കോളേജുകളിലും ഇംഗ്ലീഷ് ഭാഷ ബിരുദ, ബിരുദാനന്തര തലത്തില്‍ പഠിപ്പിക്കുന്നുണ്ട്.

കേരള സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകള്‍ ഇംഗ്ലീഷില്‍ ബി.എ., എം.എ. കോഴ്‌സുകള്‍ (ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍) നടത്തുമ്പോള്‍ കലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുളള കോളേജുകളില്‍ ബി.എ. ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ബി.എ. ഫങ്ഷണല്‍ ഇംഗ്ലീഷ്, എം.എ. ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, എം.എ. കംപാരിറ്റീവ് ലിറ്ററേച്ചര്‍, എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകള്‍ നടത്തുന്നു. ഇംഗ്ലീഷ് കമ്യൂണിക്കേഷന്‍, ഇംഗ്ലീഷ് ഫോര്‍ ഇഫക്ടീവ് കമ്യൂണിക്കേഷന്‍ എന്നീ ഡിപ്ലോമ കോഴ്‌സുകളും മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ബി.എ. ഇംഗ്ലീഷ്, ബി.എ. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്. എം.എ. ഇംഗ്ലീഷ്, എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകളും കണ്ണൂര്‍ സര്‍വകലാശാലാ കാമ്പസില്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ കോഴ്‌സുമുണ്ട്.

കേരളത്തിലെ അഞ്ച് സര്‍വകലാശാലകളിലും ഇംഗ്ലീഷില്‍ വിദൂര വിദ്യാഭ്യാസ സൗകര്യമുണ്ട്. ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റി, കോയമ്പത്തൂരിലെ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി, ചിദംബരത്തെ അണ്ണാമലൈ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും എം.എം. ഇംഗ്ലീഷില്‍ വിദൂരവിദ്യാഭ്യാസ കോഴസ് നടത്തുന്നു.

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) യുടെ വിവിധ സെന്ററുകള്‍ ബി.എ., എം.എ. (ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍) സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഫങ്ഷണല്‍ ഇംഗ്ലീഷ് എന്നീ കോഴ്‌സുകള്‍ നടത്തുന്നുണ്ട്.

തൊഴില്‍ സാധ്യതയേറെ
പണ്ട് ഇംഗ്ലീഷറിയാവുന്നവന് ആകെയുണ്ടായിരുന്ന തൊഴില്‍ സാധ്യത അദ്ധ്യാപനമായിരുന്നെങ്കില്‍ ഇന്നതല്ല സ്ഥിതി. കോര്‍പ്പറേറ്റ് ലോകത്തിന്റെ ഔദ്യോഗികഭാഷ ഇംഗ്ലീഷായതിനാല്‍ ബഹുരാഷ്ട്രകമ്പനികളിലെല്ലാം ഇംഗ്ലീഷ് അറിയുന്നവര്‍ക്ക് മികച്ച ജോലി ലഭിക്കും. ലാംഗ്വേജ് ട്രെയിനര്‍, ട്രാന്‍സ്‌ലേറ്റര്‍, ഓണ്‍ലൈന്‍ കണ്ടന്റ് എഡിറ്റര്‍, ടെക്‌നിക്കല്‍ ട്രാന്‍സിലേറ്റര്‍, ഡീകോഡര്‍… ഈ ജോലികളെല്ലാം ഇംഗ്ലീഷ് ബിരുദധാരികള്‍ക്കുള്ളതാണ്. ഇതിനുപുറമെ അഡ്വര്‍ട്ടൈസിങ്, പബ്‌ളിക് റിലേഷന്‍സ് എന്നീ മേഖലകളിലും തൊഴിലവസരങ്ങളുണ്ട്. താത്പര്യമുള്ളവര്‍ക്ക് അധ്യാപനമോ പത്രപ്രവര്‍ത്തനമോ തിരഞ്ഞെടുക്കാനുമാകും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള കേന്ദ്രസര്‍വകശാലാകളില്‍ ബി.എ. ഇംഗ്ലീഷ് (ഹോണേഴ്‌സ്) കോഴ്‌സ് നടക്കുന്നുണ്ട്. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു.) ജാമിയ മില്ലിയ ഇസ്‌ലാമിയ, അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലൊക്കെ ഇംഗ്ലീഷില്‍ ബി.എ. (ഹോണേഴ്‌സ്), എം.എ. കോഴ്‌സുകളുണ്ട്. ഇതിന് പുറമെ കര്‍ണാടക സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അടക്കമുള്ള വിവിധ കേന്ദ്രസര്‍വകലാശാലകളില്‍ ഇംഗ്ലീഷ് ഇന്റഗ്രേറ്റഡ് എം.എ. പഠനത്തിനുള്ള സൗകര്യവുമൊരുക്കുന്നു. 30 സീറ്റുകളാണ് ഓരോ സര്‍വകലാശാലകളിലുമുള്ളത്. എന്‍ട്രന്‍സ് പരീക്ഷ വഴിയാണ് അഡ്മിഷന്‍. കാസര്‍കോട്ടുള്ള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയില്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് കംപാരിറ്റീവ് ലിറ്ററേച്ചര്‍ കോഴ്‌സ് ആരംഭിച്ചിട്ടുണ്ട്.
ഹൈദരാബാദ് സര്‍വകലാശാല എം.എ. ഇന്‍ ലാഗ്വേജ് ആന്റ് സോഷ്യല്‍സയന്‍സസ് എന്ന പേരില്‍ അഞ്ചു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സ് നടത്തുന്നുണ്ട്. ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ആന്ത്രോപോളജി എന്നിവ പഠിക്കാനും സര്‍വകലാശാലയില്‍ അവസരമുണ്ട്.
മൃഗസ്‌നേഹികള്‍ക്ക് ശോഭനമായ കരിയര്‍

നാനാജാതി പക്ഷിമൃഗാദികളുടെ രോഗാവസ്ഥകള്‍ മനസിലാക്കാനും അതിന് ചികിത്സ നിര്‍ദേശിക്കാനും സാധിക്കുന്ന ശാസ്ത്രശാഖയാണ് വെറ്ററിനറി സയന്‍സ്. മൃഗങ്ങളുടെ ശരീരശാസ്ത്രം പഠിച്ച് അവയ്ക്ക് വരുന്ന രോഗങ്ങള്‍ തടയലും ചികിത്സയുമാണ് വെറ്ററിനറി സയന്‍സിന്റെ വിഷയങ്ങള്‍. അതുപഠിച്ചിറങ്ങുന്നവരെ വെറ്ററിനേറിയന്‍ എന്ന് വിളിക്കുന്നു. നാടന്‍ഭാഷയില്‍ മൃഗഡോക്ടര്‍ എന്നും പറയും. എം.ബി.ബി.എസ്. ഡോക്ടര്‍ പദവിയോളം ഗ്ലാമറും ശമ്പളവുമൊന്നുമില്ലെങ്കിലും വെറ്ററിനറി സയന്‍സ് പഠിച്ചിറങ്ങിയവരാരും വെറുതെയിരിക്കുന്നില്ല എന്നതാണ് സത്യം. മൃഗങ്ങളെ ചികിത്സിക്കല്‍ മാത്രമല്ല അവയുടെ ശാസ്ത്രീയമായ പരിപാലനം, പ്രജനനം എന്നിവയും വെറ്ററിനേറിയന്റെ സഹായമില്ലാതെ നടക്കില്ല. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങള്‍ തടയുന്നതിലും വന്യജീവി സംരക്ഷണത്തിലും ഗ്രാമീണവികസനത്തിലുമൊക്കെ വെറ്ററിനറി ഡോക്ടര്‍മാര്‍ നല്‍കുന്ന പങ്ക് വളരെ വലുതാണ്. സര്‍ക്കാര്‍ മേഖലയ്‌ക്കൊപ്പം ധാരാളം സ്വകാര്യ കമ്പനികളും വെറ്ററിനറി ഡോക്ടറുടെ സേവനം തേടുന്നു. അതിനാല്‍തന്നെ അനുദിനം പ്രിയം വര്‍ധിച്ചുവരുന്ന കരിയര്‍ മേഖലയാണ് വെറ്ററിനറി സയന്‍സ്.

ആര്‍ക്കും പറ്റിയ പണിയല്ല
വീട്ടില്‍ കാശുണ്ടെങ്കില്‍ ആര്‍ക്കും ഡോക്ടറാകാവുന്ന കാലമാണിത്. എന്നാല്‍ പണമുള്ളതുകൊണ്ട് മാത്രം മികച്ചൊരു മൃഗഡോക്ടറാകാന്‍ സാധിച്ചെന്നുവരില്ല. മിണ്ടാപ്രാണികളോട് യഥാര്‍ഥമായ സ്‌നേഹവും കരുതലുമുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ള തൊഴിലാണിത്. തങ്ങളുടെ രോഗമെന്തെന്ന് ഡോക്ടര്‍ക്ക് വിശദീകരിച്ചുനല്‍കാന്‍ മൃഗങ്ങള്‍ക്കാവില്ലെന്ന കാര്യമോര്‍ക്കുക. അവരുടെ ചേഷ്ടകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ശബ്ദങ്ങളില്‍ നിന്നും വേണമത് മനസിലാക്കാന്‍. അടിയന്തരഘട്ടങ്ങളിലും പ്രതികൂലസാഹചര്യങ്ങളിലും മൃഗഡോക്ടര്‍ക്ക് തൊഴിലെടുക്കേണ്ടിവരും. മനുഷ്യരേക്കാള്‍ ഇരട്ടിയിലേറെ വലിപ്പവും ശാരീരികശേഷിയുമുള്ള മൃഗങ്ങളുമായി ഇടപഴകുന്ന ഡോക്ടര്‍ക്കും മികച്ച ആരോഗ്യം വേണം. മൃഗങ്ങളുടെ പ്രവചനാതീതമായ പ്രകൃതം മുന്‍കൂട്ടി കണ്ടറിഞ്ഞ് നീങ്ങിയില്ലെങ്കില്‍ മരണം പോലും സംഭവിക്കാം. ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നതിന് പകരം മിക്കപ്പോഴും ഒരു ടീമിനെ നയിക്കേണ്ട ഉത്തരവാദിത്തമായിരിക്കും മൃഗഡോക്ടര്‍ക്ക്. നിരീക്ഷണപാടവം, ക്ഷമ എന്നിവയും മൃഗഡോക്ടര്‍ക്ക് അത്യാവശ്യം. എ.സി. മുറിയിലിരുന്ന് രോഗികളെ പരിശോധിക്കുന്ന വെള്ളക്കോളര്‍ േജാലിയല്ല മൃഗഡോക്ടറുടേത് എന്നും ഈ മേഖല തിരഞ്ഞെടുക്കുന്നവര്‍ ഓര്‍ക്കണം. ഗ്രാമീണമേഖലകളിലും വനാതിര്‍ത്തികളിലുമൊക്കെയാകും ഡ്യൂട്ടി. പലപ്പോഴും രാത്രിസമയങ്ങളിലും ജോലി ചെയ്യേണ്ടിവരും.

ഇതൊക്കെയാണെങ്കിലും വെറ്ററിനേറിയന് മാത്രം ലഭിക്കുന്ന ചില സൗഭാഗ്യങ്ങളുണ്ട്. കാടുകള്‍ തോറും യാത്ര ചെയ്യാനും വന്യമൃഗങ്ങളെ അടുത്തുകാണാനും അവരെ പരിചരിക്കുന്നതിനുമൊക്കെ ധാരാളം അവസരം ലഭിക്കും. മൃഗപരിപാലനത്തില്‍ സഹായിക്കുക വഴി ഗ്രാമീണമേഖലയുടെ വികസനത്തിനും ഇവര്‍ക്ക് കാര്യമായ പങ്കുവഹിക്കാനാകും. കാശുണ്ടാക്കുക മാത്രമല്ല കരിയറിന്റെ ലക്ഷ്യമെന്നും സമൂഹനന്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്നും ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യസമേതം തിരഞ്ഞെടുക്കാവുന്ന ജോലിയാണ് വെറ്ററിനേറിയെന്റേത്.

വേണ്ട യോഗ്യതകള്‍
ബാച്ചിലര്‍ ഓഫ് വെറ്റററിനറി സയന്‍സ് ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി (ബി.വി.എസ്.സി. ആന്‍ഡ് എ.എച്ച്.) കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ മൃഗഡോക്ടറായി പ്രാക്ടീസ് ചെയ്യാനാവൂ. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ച് മികച്ച മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് ഈ കോഴ്‌സിന് അപേക്ഷിക്കാം. വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ വര്‍ഷാവര്‍ഷം സംഘടിപ്പിക്കുന്ന ഓള്‍ ഇന്ത്യ പ്രീവെറ്ററിനറി ടെസ്റ്റ് (എ.ഐ.പി.വി.ടി.) പരീക്ഷയെഴുതി യോഗ്യത നേടിയവര്‍ക്ക് രാജ്യത്തെ 44 വെറ്ററിനറി കോളേജുകളിലെ 15 ശതമാനം സീറ്റുകള്‍ നീക്കിവെച്ചിട്ടുണ്ട്.

‘ഓള്‍ ഇന്ത്യ കോമണ്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്റെ (എ.ഐ.സി.ഇ.ഇ.) ഭാഗമാണ് എ.ഐ.പി.വി.ടിയും. ബാക്കിയുള്ള 85 ശതമാനം സീറ്റുകളിലേക്കുള്ള അഡ്മിഷന്‍ അതത് വെറ്ററിനറി കോളേജുകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്ത് നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ്. എല്ലാവര്‍ഷവും മെയ്മാസത്തിലാണ് ഓള്‍ ഇന്ത്യ എന്‍ട്രന്‍സ് പരീക്ഷ നടക്കുക.

അഞ്ചുവര്‍ഷത്തെ ബി.വി.എസ്.സി. കോഴ്‌സില്‍ ആദ്യ നാലുവര്‍ഷങ്ങളും അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ന്യൂട്രിഷ്യന്‍, ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെന്റ് ആന്‍ഡ് പ്രൊഡക്ഷന്‍, മൈക്രോബയോളജി, സര്‍ജറി, ഗൈനക്കോളജി, മെഡിസിന്‍ എന്നീ വിഷയങ്ങളാകും പഠിക്കാനുണ്ടാകുക. അവസാനവര്‍ഷം മുഴുവന്‍ പ്രാക്ടിക്കല്‍ പരിശീലനമായിരിക്കും. ഇതില്‍ ആറുമാസത്തെ ഇന്റേണ്‍ഷിപ്പ് പരിശീലനവും ഉള്‍പ്പെടുന്നു. വിദ്യാര്‍ഥികള്‍ ഈ സമയത്ത് ഏതെങ്കിലും മൃഗാശുപത്രിയിലേക്ക് സേവനത്തിനായി നിയോഗിക്കപ്പെടും.

ബി.വി.എസ്.സി. കഴിഞ്ഞ മിക്കവിദ്യാര്‍ഥികളും മാസ്റ്റര്‍ ഇന്‍ വെറ്ററിനറി സയന്‍സ് (എം.വി.എസ്.സി.) എന്ന ഉപരിപഠനകോഴ്‌സ് കൂടി പൂര്‍ത്തിയാക്കാറുണ്ട്. രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള എം.വി.എസ്.സി. കോഴ്‌സിനുള്ള എന്‍ട്രന്‍സ് പരീക്ഷാനടത്തിപ്പ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിനാണ് (ഐ.സി.എ.ആര്‍.). കൂടുതല്‍ പഠിക്കണമെന്നുളളവര്‍ക്ക് ഈ രംഗത്ത് ഗവേഷണം നടത്തി പി.എച്ച്.ഡി. നേടാനുളള സൗകര്യവും വെറ്റററിനറി കോളേജുകളിലുണ്ട്.

പഠനം കേരളത്തിന് പുറത്ത്
വെറ്ററിനറി കോഴ്‌സ് പഠനത്തിനായി രാജ്യത്തെ ഏറ്റവും മികച്ച കോളേജായി ഈ രംഗത്തുള്ളവര്‍ വിശേഷിപ്പിക്കുന്നത് ബിഹാര്‍ വെറ്ററിനറി കോളേജിനെയാണ്. ബിഹാര്‍ തലസ്ഥാനമായ പാറ്റ്‌നയില്‍ പ്രവര്‍ത്തിക്കുന്ന ഈ കോളേജ് 1927ല്‍ ബ്രിട്ടീഷുകാരാല്‍ സ്ഥാപിക്കപ്പെട്ടതാണ്. ബിഹാറിലെ രാജേന്ദ്ര കാര്‍ഷികസര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കോളേജില്‍ എം.വി.എസ്.സി. ആന്‍ഡ് എ.എച്ച്., ബി.വി.എസ്.സി. ആന്‍ഡ് എ.എച്ച് കോഴ്‌സുകളുണ്ട്.

മധ്യപ്രദേശിലെ മഹാത്മാഗാന്ധി ചിത്രകൂട് ഗ്രാമോദയ് വിശ്വവിദ്യാലയം, ജാര്‍ഖണ്ഡിലെ ബിര്‍സ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, ശ്രീനഗറിലെ ഷേര്‍-ഇ- കാശ്മീര്‍ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി, ഉത്തര്‍പ്രദേശിലെ ചത്രപതി ഷാഹുജി മഹാരാജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, ഹിമാചല്‍ പ്രദേശിലെ ചൗധരി സര്‍വണ്‍കുമാര്‍ ഹിമാചല്‍ പ്രദേശ് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, കര്‍ണാടകയിലെ ഡെയറി സയന്‍സ് കോളേജ് എന്നിവിടങ്ങളിലും മികച്ച രീതിയില്‍ വെറ്ററിനറി കോഴ്‌സ് നടക്കുന്നു. അതതുനാടുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനായി ഇവയില്‍ ചില കോളേജുകളില്‍ അന്യസംസ്ഥാനക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കാറില്ല. ഓരോ കോളേജിന്റെയും വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നിബന്ധനകള്‍ ശ്രദ്ധയോടെ വായിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകും.

പഠനം കേരളത്തില്‍
വെറ്ററിനറി പഠനസൗകര്യമുള്ള രണ്ട് കോളേജുകളേ കേരളത്തിലുള്ളൂ. തൃശൂര്‍ മണ്ണുത്തിയിലെ കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസും വയനാട് പൂക്കോട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസും. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളാണിവ. മണ്ണുത്തിയില്‍ നൂറ് സീറ്റുകളും പൂക്കോട് 60 സീറ്റുകളുമാണുള്ളത്. ഇതില്‍ 15 ശതമാനം സീറ്റുകള്‍ ഓള്‍ഇന്ത്യ വെറ്ററിനറി സയന്‍സ് എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കായി മാറ്റിവച്ചതാണ്. ബാക്കിയുളള സീറ്റുകളിലേക്ക് സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷാക്കമ്മീഷണറുടെ നേതൃത്വത്തില്‍ നടക്കുന്ന കേരള എന്‍ജിനിയറിങ്, അഗ്രിക്കള്‍ച്ചര്‍, മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (കീം) വഴിയാണ് പ്രവേശനം. കോഴ്‌സ് സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ www.kvasu.ac.in എന്ന വെബ്‌സൈറ്റിലും എന്‍ട്രന്‍സ് പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ http://cee.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. കേരളത്തില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ പ്രാക്ടീസ് തുടങ്ങുന്നതിന് മുമ്പ് കേരള വെറ്ററിനറി കൗണ്‍സിലില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

തൊഴില്‍ സാധ്യതകള്‍
ലോകത്തിലെ മൊത്തം മൃഗസമ്പത്തില്‍ 15 ശതമാനവും ഇന്ത്യയിലാണ്. രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ എട്ടു ശതമാനം വരുന്നത് മൃഗപരിപാലനത്തില്‍ നിന്നും മാംസവ്യാപാരത്തില്‍ നിന്നുമാണ്. മാംസക്കയറ്റുമതിയില്‍ കുത്തനെയുള്ള വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ട് ‘പിങ്ക് റെവല്യൂഷന്‍’ എന്നൊരു പ്രത്യേക പദ്ധതി തന്നെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിവരുന്നുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് വെറ്ററിനറി ഡോക്ടര്‍മാരുടെ ജോലിസാധ്യതയിലുള്ള വര്‍ധന തന്നെ. പണ്ടൊക്കെ ആടുമാടുകള്‍ക്ക് കൃത്രിമബീജസങ്കലനം നടത്താനും പ്രതിരോധകുത്തിവെപ്പെടുക്കാനും മാത്രമാണ് ജനം മൃഗഡോക്ടര്‍മാരെ തിരഞ്ഞതെങ്കില്‍ ഇപ്പോള്‍ കാലമൊക്കെ മാറി. ജനറ്റിക് എന്‍ജിനിയറിങ്, പ്രതിരോധ വാക്‌സിനുകളെക്കുറിച്ചുള്ള ഗവേഷണം, പക്ഷിപ്പനിയും കുരങ്ങുപനിയും പോലുള്ള പകര്‍ച്ചവ്യാധികള്‍ തടയല്‍ എന്നിവയ്‌ക്കൊക്കെ വെറ്ററിനറി വിദഗ്ധരുടെ സേവനം കൂടിയേതീരൂ. അരുമമൃഗങ്ങളെ വളര്‍ത്തുന്നത് വ്യാപകമായതോടെ അവയ്ക്ക് അസുഖങ്ങള്‍ പിടിപെട്ടാല്‍ മൃഗഡോക്ടര്‍മാരെ തിരഞ്ഞ് അലയുകയാണ് നാട്ടുകാര്‍. അതിന്റെ ഭാഗമായി പല മഹാനഗരങ്ങളിലും സ്വകാര്യ മൃഗാശുപത്രികള്‍ വരെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

പൗള്‍ട്രി, ഡെയറി വ്യവസായങ്ങളിലും വന്യജീവിസംരക്ഷണകേന്ദ്രങ്ങളിലും മൃഗശാലകളിലുമൊക്കെയായി നിരവധി വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ ജോലി ചെയ്യുന്നു. തുടക്കത്തില്‍ തന്നെ മികച്ച ശമ്പളവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് പ്രിയമേറി വരുന്ന മറ്റൊരു മേഖലയാണ് ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം. സര്‍ക്കാരിന്റെ മൃഗസംരക്ഷണകുപ്പിന് പുറമെ സൈന്യവും ബി.എസ്.എഫ്. പോലുള്ള അര്‍ദ്ധസൈനിക വിഭാഗങ്ങളും ഇപ്പോള്‍ വെറ്ററിനറി സയന്‍സ് ബിരുദധാരികളെ പ്രത്യേകമായി റിക്രൂട്ട് ചെയ്യുന്നു. ഇന്‍ഷുറന്‍സ് കമ്പനികളിലും പൊതുമേഖലാബാങ്കുകളിലും വെറ്ററിനറി സയന്‍സ് ബിരുദധാരികളെ നിയമിക്കുന്നുണ്ട്.
ആശുപത്രി മാനേജ്‌മെന്റ്‌കോഴ്‌സുകള്‍ ചെയ്യാം

കുഗ്രാമങ്ങളില്‍ പോലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്ന നാടാണ് നമ്മുടേത്. ആതുരസേവനമെന്നത് കോടികള്‍ മറിയുന്ന വമ്പന്‍ വ്യവസായമായി മാറിക്കഴിഞ്ഞു. പഞ്ചായത്തുതോറും പുതിയ ആശുപത്രികള്‍ വരുന്നതോടെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മാത്രമല്ല തൊഴില്‍സാധ്യത വര്‍ധിക്കുന്നത്. ഇത്തരം ആതുരകേന്ദ്രങ്ങളുടെ ചിട്ടയോടെയുള്ള നടത്തിപ്പ് ഉറപ്പാക്കുന്ന ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രൊഫഷനലുകളുടെ മോഹരംഗമാവുകയാണ്. ഹോട്ടല്‍ മാനേജ്‌മെന്റ് പോലെ നൂറു ശതമാനം തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്ന കരിയര്‍ സാധ്യതയാണിന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്.

കൈയില്‍ വേണ്ടത്
ആശുപത്രിക്കും രോഗികള്‍ക്കുമിടയില്‍ ഒരു പാലമായി പ്രവര്‍ത്തിക്കേണ്ടയാളാണ് ഹോസ്പിറ്റല്‍ മാനേജര്‍. ആശുപത്രിയുടെ ചിട്ടയായ പ്രവര്‍ത്തനം ഉറപ്പാക്കുക മാത്രമല്ല രോഗികള്‍ക്ക് മികച്ച സേവനസൗകര്യങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന് പരിശോധിക്കേണ്ടതും മാനേജരുടെ ജോലിയാണ്. ഹൃദ്യമായ പെരുമാറ്റം, സംസാരിക്കാനും എഴുതാനുമുള്ള കഴിവ്, നേതൃപാടവം, ഏല്‍പ്പിക്കപ്പെട്ട കാര്യങ്ങള്‍ നിശ്ചിതസമയത്തിനുള്ളില്‍ ചെയ്തുതീര്‍ക്കാനാവുമെന്ന ആത്മവിശ്വാസം, സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കരുത്ത് എന്നിവയുണ്ടെങ്കില്‍ മാത്രം ഈ കരിയര്‍ തിരഞ്ഞെടുത്താല്‍ മതി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആശുപത്രി. അതിനാല്‍ ആശുപത്രി മാനേജര്‍മാര്‍ക്കും രാത്രിഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കേണ്ടിവരും.



എന്തൊക്കെയാണ് കോഴ്‌സുകള്‍
ആശുപത്രി സേവനരംഗത്ത് പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ തിരഞ്ഞെടുക്കാന്‍ ഒട്ടേറെ കോഴ്‌സുകളുണ്ട്. ബാച്ചിലര്‍ ഓഫ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്/അഡ്മിനിസ്‌ട്രേഷന്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്/അഡ്മിനിസ്‌ട്രേഷന്‍, മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, എം.ബി.എ. ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, എം.ഡി./എം.ഫില്‍ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിങ്ങനെയാണിവ. ഇതിനു പുറമെ ഹെല്‍ത്ത്‌കെയര്‍ അഡ്മിനിസ്‌ട്രേഷനുമായി ബന്ധപ്പെട്ട എഴുപതോളം കോഴ്‌സുകള്‍ വേറെയുമുണ്ട്. 50 ശതമാനം മാര്‍ക്കോടെ സയന്‍സ് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ബാച്ചിലര്‍ ഓഫ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്/അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് ചെയ്യാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് എം.ബി.എ. ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, പി.ജി. ഡിഗ്രി/ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം. ചില സ്ഥാപനങ്ങള്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സുകള്‍ക്ക് ചേരാന്‍ എം.ബി.ബി.എസ്. ബിരുദം തന്നെ യോഗ്യതയായി നിഷ്‌കര്‍ഷിക്കുന്നു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്), പൂനെയിലെ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജ്, ഇന്‍ഡോറിലെ ദേവി അഹല്യ വിശ്വവിദ്യാലയം, ഹൈദരാബാദിലെ നൈസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, മണിപ്പാലിലെ കസ്തൂര്‍ഭാ മെഡിക്കല്‍ കോളേജ്, ജമ്മുവിലെ ഷേര്‍-ഇ-കാശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സ് എന്നീ മെഡിക്കല്‍ കോളേജുകളും ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ പി.ജി. കോഴ്‌സുകള്‍ നടത്തുന്നു. ഇവിടങ്ങളില്‍ ചേരണമെങ്കില്‍ എം.ബി.ബി.എസ്. നിര്‍ബന്ധിത യോഗ്യതയാണ്. മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കേ ഇതേ വിഷയത്തില്‍ പി.ജിക്ക് ചേരാനാവൂ.

പഠനം വിദൂരവിദ്യാഭ്യാസത്തിലൂടെ
പി.ജി.,എം.ബി.എ. പഠനത്തിന് പുറമെ വിവിധ സര്‍വകലാശാലകളും സ്ഥാപനങ്ങളും ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, കറസ്‌പോണ്ടന്‍സ് കോഴ്‌സുകള്‍ വിദൂരവിദ്യാഭ്യാസസംവിധാനങ്ങള്‍ വഴി നടത്തുന്നുണ്ട്. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (ഐ.എസ്.എച്ച്.എ.) ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ ഒരു വര്‍ഷത്തെ ഡിസ്റ്റന്‍സ് ലേണിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. തമിഴ്‌നാട് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന രണ്ടു വര്‍ഷത്തെ എം.ബി.എ. ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ മാര്‍ക്കറ്റിങിന്റെ എക്‌സിക്യുട്ടീവ് എം.ബി.എ. ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് (ഇ.എം.ബി.എ.), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് (എ.ഡി.എച്ച്.എം.) എന്നീ കോഴ്‌സുകളും വിദൂരവിദ്യാഭ്യാസപദ്ധതി വഴി പഠിച്ചെടുക്കാവുന്നതാണ്. പോണ്ടിച്ചേരി സര്‍വകലാശാല, മദ്രാസ് സര്‍വകലാശാല, ഭാരതീയാര്‍ സര്‍വകാലാശാല, അണ്ണാമലൈ സര്‍വകലാശാല എന്നിവയുടെ വിദൂരവിദ്യാഭ്യാസകേന്ദ്രങ്ങളും എം.എച്ച്.എ. കോഴ്‌സ് നടത്തുന്നുണ്ട്.

തിരഞ്ഞെടുപ്പ്
പ്ലസ്ടു മാര്‍ക്ക്, എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ബാച്ചിലര്‍ ഓഫ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് (ബി.എച്ച്.എം.) കോഴ്‌സിനുള്ള പ്രവേശനം. ബാംഗ്ലൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മാനേജ്‌മെന്റ് റിസര്‍ച്ച് (ഐ.എച്ച്.എം.ആര്‍.) നടത്തുന്ന ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പി.ജി. (പി.ജി.പി.എച്ച്.എം.) പ്രോഗ്രാമുകള്‍ക്ക് ചേരാന്‍ അഭിമുഖം മാത്രമേയുള്ളൂ കടമ്പ. എം.ബി.എ. കോഴ്‌സുകള്‍ക്കായുള്ള പൊതു എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് എം.ബി.എ. ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കോഴ്‌സിനും ചേരാവുന്നതാണ്. മൂന്നുവര്‍ഷമാണ് ബി.എച്ച്.എം. കോഴ്‌സിന്റെ കാലാവധി. ഡിപ്ലോമ/എം.ബി.എ./മാസ്‌റ്റേഴ്‌സ് ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എം.എച്ച്.എ.)/മാനേജ്‌മെന്റ് കോഴ്‌സ് കാലാവധി രണ്ടുവര്‍ഷവും (നാല് സെമസ്റ്റര്‍) പോസ്റ്റ് ഗ്രാജ്വേറ്റ് പ്രൊഫഷനല്‍ പ്രോഗ്രാം ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് (പി.ജി.പി.എച്ച്.എം.) കോഴ്‌സിന് 11 മാസവും ഇ.എം.ബി.എ., പി.ജി.ഡി.എച്ച്.എം., എ.ഡി.എച്ച്.എം. കോഴ്‌സുകള്‍ക്ക് ഒരു വര്‍ഷവുമാണ് (രണ്ട് സെമസ്റ്റര്‍) കാലാവധി.

പ്രമുഖ സ്ഥാപനങ്ങള്‍
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍/മാനേജ്‌മെന്റില്‍ എം.ബി.എ., പി.ജി. കോഴ്‌സുകള്‍ നടത്തുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളെ പരിചയപ്പെടാം.
1. സിംബിയോസിസ് സെന്റര്‍ ഓഫ് ഹെല്‍ത്ത് കെയര്‍ (എസ്.സി.എച്ച്.സി.), പൂനെ: ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റില്‍ പി.ജി. ഡിപ്ലോമ കോഴ്‌സാണ് ഇവിടെ നടക്കുന്നത്. 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. എം.ബി.ബി.എസ്., നഴ്‌സിങ് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് പ്രവേശനത്തില്‍ മുന്‍ഗണനയുണ്ട്.
2. ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (ബിറ്റ്‌സ്), പിലാനി: വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ്, മുംബൈയിലെ ബോംബെ ഹോസ്പിറ്റല്‍ അമേരിക്കയിലെ ടുലേന്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് സിസ്റ്റംസ് മാനേജ്‌മെന്റില്‍ എം.ഫില്‍ കോഴ്‌സാണ് ഇവിടെ നടക്കുന്നത്. ബി.ഇ./ബി.ഫാം./എം്.എസ്.സി./എം.ബി.എ./എം.ബി.ബി.എസ്. യോഗ്യതയുള്ളവര്‍ക്കാണ് പ്രവേശനം.
3. അപ്പോളോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഹൈദരാബാദ്: ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി കോഴ്‌സ് നടത്തുന്ന സ്ഥാപനമാണിത്. 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.
4. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, മുംബൈ: മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എം.എച്ച്.എ.) കോഴ്‌സ് നടത്തുന്നു. ബിരുദമാണ് അടിസ്ഥാനയോഗ്യത.
5. മണിപ്പാല്‍ യൂണിവേഴ്‌സിറ്റി, മണിപ്പാല്‍: ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റിലും ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനിലുമായി എം.ബി.എ. കോഴ്‌സ് നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

പഠനം കേരളത്തില്‍
കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴിലുള്ള അരണാട്ടുകരയിലെ ഡോ. ജോണ്‍ മത്തായി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് തുടങ്ങിയിട്ടുണ്ട്. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദം. അവസാനവര്‍ഷ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എം.എല്‍.ടി., നഴ്‌സിങ് തുടങ്ങിയ പാരാമെഡിക്കല്‍ ബിരുദധാരികള്‍ക്ക് സീറ്റ് സംവരണം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.universityofcalicut.info. ഫോണ്‍: 0487-2388477.

എം.ജി. സര്‍വകലാശാലയുടെ കീഴിലുള്ള യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷനില്‍ മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുണ്ട്. 20 സീറ്റുകളാണുള്ളത്. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മാര്‍ക്ക്‌ലിസ്റ്റുകള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് സമര്‍പ്പിക്കണം. അപേക്ഷാ ഫോമും പ്രോസ്‌പെക്റ്റസും www.sme.eud.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 0481-6061017.
കേരളസര്‍വകലാശാലയുടെ വിദൂരവിദ്യഭ്യാസവിഭാഗമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റന്റ് എജ്യുക്കേഷന്‍ മൂന്നുവര്‍ഷത്തെ മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എം.എച്ച്.എ.), ഒരുവര്‍ഷത്തെ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ആന്‍ഡ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (പി.ജി.ഡി.എച്ച്.എച്ച്.എ.) എന്നീ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ഈ കോഴ്‌സിന് കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലും സ്റ്റഡിസെന്ററുകളുമുണ്ട്.

അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ചില്‍ (ലിംസര്‍) എം.എച്ച്.എ. കോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്.
കൊച്ചിയിലെ അമൃത സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ് ക്യാമ്പസില്‍ എം.എച്ച്.എ. കോഴ്‌സ് നടക്കുന്നുണ്ട്.

ഇതിന് പുറമെ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും വിവിധ സര്‍വകലാശാലകളുടെ സ്റ്റഡിസെന്ററുകള്‍ വഴിയും എം.എച്ച്.എ. കോഴ്‌സ് പഠിക്കാവുന്നതാണ്. അന്യസംസ്ഥാന സര്‍വകലാശാലകളിലെ കോഴ്‌സുകള്‍ക്ക് ചേരുന്നതിന് മുമ്പ് അവ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. അങ്ങനെ അംഗീകരിച്ചിട്ടില്ലെങ്കില്‍ പി.എസ്.സി. ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നത് പ്രയാസകരമാകും.
എച്ച്ആര്‍ രംഗത്ത് കേമന്‍മാരാകാന്‍

ഓരോ സ്ഥാപനത്തിന്റെയും വളര്‍ച്ചയ്ക്ക് പിന്നില്‍ അവിടെ കഠിനാധ്വാനം ചെയ്ത ജീവനക്കാരുടെ വിയര്‍പ്പുകൂടിയുണ്ട്. അത് കൃത്യമായി തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ് പുതിയ മാനേജ്‌മെന്റ് സംസ്‌കാരം. തൊഴിലാളികളെ ശത്രുക്കളായി കണ്ടിരുന്ന പഴഞ്ചന്‍ സിദ്ധാന്തങ്ങളൊക്കെ കമ്പനികള്‍ ഉപേക്ഷിച്ചുകഴിഞ്ഞു. ജീവനക്കാര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്ത് മികച്ച പ്രവര്‍ത്തനശേഷി ഉറപ്പുവരുത്തുക എന്നതാണ് ബഹുരാഷ്ട്ര കമ്പനികളുടെയെല്ലാം നയം. അതിന്റെ ഭാഗമായി ഹ്യുമന്‍ റിസോഴ്‌സസ് ഡെലപ്‌മെന്റ് (എച്ച്.ആര്‍.ഡി.) എന്ന പ്രത്യേകവിഭാഗം തന്നെ എല്ലാ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്നു. മുമ്പ് പേഴ്‌സണല്‍ മാനേജ്‌മെന്റ്, ലേബര്‍ വെല്‍ഫെയര്‍, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് എന്നൊക്കെയുള്ള പേരുകളിലായിരുന്നു ഈ വകുപ്പുകള്‍ അറിയപ്പെട്ടിരുന്നത്.

ഒരു സ്ഥാപനത്തിലെ മനുഷ്യശേഷിയെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ നേതൃത്വം നല്‍കുന്നവരെയാണ് ഹ്യുമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് (എച്ച്.ആര്‍.എം.) പ്രൊഫഷനലുകള്‍ എന്ന് വിളിക്കുന്നത്. കമ്പനിയുടെ സ്വഭാവത്തിന് യോജിച്ച ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നതില്‍ തുടങ്ങി അവര്‍ക്ക് പരിശീലനം നല്‍കി മികച്ച ജീവനക്കാരായി മാറ്റിയെടുക്കുന്നതുവരെയുള്ള ഉത്തരവാദിത്തം എച്ച്.ആര്‍. എക്‌സിക്യൂട്ടീവിന്റേതാണ്.

മുമ്പൊക്കെ സോഷ്യല്‍ വര്‍ക്ക് പ്രോഗ്രാമിന്റെ സ്‌പെഷലൈസേഷന്‍ വിഷയമായിരുന്നു ഹ്യുമന്‍ റിസോഴ്‌സസ് (എച്ച്.ആര്‍.) മാനേജ്‌മെന്റെങ്കില്‍ ഇപ്പോഴത് സ്വതന്ത്രമായ പഠനശാഖയായി വികസിച്ചുകഴിഞ്ഞു. പ്രൊഫഷനല്‍ മികവിന് പുറമെ ആകര്‍ഷകമായ വ്യക്തിത്വം കൂടിയുള്ളവര്‍ക്കേ ഈ മേഖലയില്‍ തിളങ്ങാന്‍ സാധിക്കൂ. വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍ നിന്ന് വരുന്ന ജീവനക്കാരോട് കൃത്യമായി ആശയവിനിമയം നടത്താനും അവരുടെ പ്രശ്‌നങ്ങള്‍ അനുതാപപൂര്‍വം കേട്ട് പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും കഴിവുള്ളവനാകണം എച്ച്.ആര്‍. എക്‌സിക്യൂട്ടീവ്.

എച്ച്ആര്‍ എക്‌സിക്യൂട്ടീവിന്റെ ജോലികള്‍

ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ്, പരിശീലനം, ജോലിയിലെ മികവ് വിലയിരുത്തല്‍, പ്രമോഷന്‍ ലിസ്റ്റ് തയ്യാറാക്കല്‍, തൊഴിലുടമയും ജീവനക്കാരും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കല്‍ എന്നിവയെല്ലാം എച്ച്.ആര്‍. വിഭാഗത്തിന്റെ ഉത്തരവാദിത്തമാണ്. അതില്‍ റിക്രൂട്ട്‌മെന്റ് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം. വിവിധ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വഴിയും പത്രപരസ്യങ്ങള്‍ വഴിയും ലഭിക്കുന്ന ഉദ്യോഗാര്‍ഥികളുടെ ബയോഡാറ്റകള്‍ തരംതിരിച്ച് അവരില്‍ നിന്ന് യോഗ്യരായവരെ അഭിമുഖത്തിലൂടെ കണ്ടെത്തുന്ന പ്രക്രിയയാണ് റിക്രൂട്ട്‌മെന്റ്. ഇങ്ങനെ തിരഞ്ഞെടുക്കുന്നവര്‍ക്ക് കമ്പനിയുടെ രീതികളെക്കുറിച്ചും തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ചും പരിശീലനം നല്‍കേണ്ടതും എച്ച്.ആര്‍. വിഭാഗമാണ്. ഓരോ ജീവനക്കാരനും പ്രത്യേകമായ കഴിവുകളും താത്പര്യങ്ങളുമുണ്ടാകും. അത് കൃത്യമായി കണ്ടെത്തി അതിനു പറ്റിയ വിഭാഗത്തിലേക്ക് നിയോഗിച്ചാല്‍ ജീവനക്കാരുടെ ഉല്പാദനക്ഷമത ഏറെ വര്‍ധിക്കും. ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്തി അവര്‍ക്ക് അര്‍ഹമായ സ്ഥാനക്കയറ്റം ശുപാര്‍ശ ചെയ്യുന്നതും എച്ച്.ആര്‍. വിഭാഗമാണ്.

ഹ്യുമന്‍ റിസോഴ്‌സസില്‍ സ്‌പെഷലൈസേഷനോടെയുള്ള എം.ബി.എ. ആണ് എച്ച്.ആര്‍. എക്‌സിക്യുട്ടീവുകള്‍ക്ക് വേണ്ട അടിസ്ഥാനയോഗ്യത. മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എം.എസ്.ഡബ്ല്യു.), എല്‍.എല്‍.ബി. ബിരുദങ്ങളുള്ളവരെയും എച്ച്.ആര്‍. വിഭാഗത്തിലേക്ക് പരിഗണിക്കുമെങ്കിലും മുന്‍നിര കമ്പനികളെല്ലാം എച്ച്.ആര്‍. എം.ബി.എക്കാരെ തിരഞ്ഞെടുക്കാനാണ് താത്പര്യപ്പെടാറ്. ബിരുദമാണ് എം.ബി.എ. കോഴ്‌സിന് ചേരാന്‍ ആവശ്യമായ യോഗ്യത. വിവിധ സര്‍വകലാശാലകളും സ്ഥാപനങ്ങളും പ്രത്യേകമായി നടത്തുന്ന പ്രവേശനപരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍,അഭിമുഖം എന്നീ കടമ്പകള്‍ കടന്നാലേ പേരുകേട്ട സ്ഥാപനങ്ങളില്‍ എം.ബി.എ. അഡ്മിഷന്‍ ലഭിക്കുകയുള്ളൂ.

മികവിന്റെ പര്യായമായി ഐഐഎം

മാനേജ്‌മെന്റ് പഠനത്തിന് രാജ്യത്തെ ഏറ്റവും മികച്ച സാധ്യതയൊരുക്കുന്ന സ്ഥാപനങ്ങളാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.). കോഴിക്കോട്, ബാംഗ്ലൂര്‍, അഹമ്മദാബാദ്, ഇന്‍ഡോര്‍, ലഖ്‌നൗ,റായ്പുര്‍,റാഞ്ചി,റോത്തക്ക്,ഷില്ലോങ്, തിരുച്ചിറപ്പള്ളി, ഉദയ്പൂര്‍, കാശിപ്പൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി 13 ഐ.ഐ.എം. ക്യാമ്പസുകളാണുള്ളത്. ഇവിടങ്ങളിലെല്ലാം കൂടി മൂവായിരത്തിനടുത്ത് സീറ്റുകളുണ്ട്. എല്ലാവര്‍ഷവും ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കാറ്റ്) വഴിയാണ് പ്രവേശനം. മിടുക്കരില്‍ മിടുക്കര്‍ക്ക് മാത്രമേ ഉയര്‍ന്ന കാറ്റ് സ്‌കോര്‍ നേടി ഐ.ഐ.എമ്മില്‍ സീറ്റുറപ്പിക്കാനാകൂ. കാറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറ്റിഅമ്പതോളം ബിസിനസ് സ്‌കൂളുകള്‍ എം.ബി.എ. പ്രവേശനം നടത്തുന്നുണ്ട്. ഐ.ഐ.എമ്മില്‍ സീറ്റ് കിട്ടിയില്ലെങ്കിലും ‘കാറ്റ്’ പരീക്ഷയിലെ മികച്ച സ്‌കോറുണ്ടെങ്കില്‍ മറ്റേതെങ്കിലും സ്ഥാപനങ്ങളില്‍ എം.ബി.എയ്ക്ക് ചേരാമെന്നര്‍ഥം.

50 ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയ ആര്‍ക്കും ‘കാറ്റ്’ പരീക്ഷയെഴുതാം. അവസാനവര്‍ഷ ബിരുദപരീക്ഷയ്ക്കിരിക്കുന്നവര്‍ക്കും ‘കാറ്റ്’ എഴുതാവുന്നതാണ്. ഉയര്‍ന്നപ്രായപരിധിയില്ല. ‘കാറ്റ്’ പരീക്ഷയ്ക്ക് രണ്ട് വിഭാഗങ്ങളുണ്ടാകും. ആദ്യഭാഗത്തില്‍ ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ഡാറ്റ ഇന്റര്‍പ്രറ്റേഷന്‍ എന്നിവയിലെ കഴിവ് അളക്കുമ്പോള്‍ രണ്ടാം ഭാഗത്ത് വെര്‍ബല്‍ എബിലിറ്റി, ലോജിക്കല്‍ റീസണിങ് എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങളാണുണ്ടാകുക. 140 മിനുട്ടാണ് പരീക്ഷയുടെ ദൈര്‍ഖ്യം.

കോഴിക്കോട് കുന്ദമംഗലത്തുള്ള ഐ.ഐ.എം. കാമ്പസില്‍ 360 സീറ്റുകളാണുള്ളത്. ഹ്യുമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റില്‍ സ്‌പെഷലൈസേഷനുള്ള അവസരവും ഇവിടെയുണ്ട്. കോഴ്‌സ് പഠിച്ചിറങ്ങുന്നവര്‍ക്ക് ലക്ഷങ്ങള്‍ പ്രതിമാസശമ്പളം നല്‍കി കൊണ്ടുപോകാനായി കമ്പനികള്‍ കാത്തിരിക്കും എന്നതാണ് ഐ.ഐ.എമ്മുകളുടെ ആകര്‍ഷണം.

ഐഐടികളിലും പഠനാവസരം

എന്‍ജിനിയറിങ് പഠനത്തിന് പേരുകേട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) ക്യാമ്പസുകളിലും മികച്ച രീതിയില്‍ എം.ബി.എ. പഠനത്തിന് അവസരമുണ്ട്. ഡല്‍ഹി, കാണ്‍പൂര്‍,മദ്രാസ്,റൂര്‍ക്കി, ബോംബെ, ഖരഗ്പുര്‍ എന്നിവടങ്ങളിലെ ഐ.ഐ.ടി. ക്യാമ്പസുകളില്ലൊം മാനേജ്‌മെന്റ് പഠനകോഴ്‌സുകള്‍ കൂടി നടക്കുന്നു. എന്‍ജിനിയറിങില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദമോ ഏതെങ്കിലും വിഷയത്തില്‍ മാസ്‌റ്റേഴ്‌സ് ബിരുദമോ ഉള്ളവര്‍ക്ക് ഐ.ഐ.ടികളിലെ എം.ബി.എ. കോഴ്‌സിന് അപേക്ഷിക്കാം. ബോംബെ ഐ.ഐ.ടിയിലെ എസ്.ജെ. മേത്ത സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, ഖരഗ്പൂര്‍ ഐ.ഐ.ടിയിലെ വിനോദ് മേത്ത സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് എന്നിവിടങ്ങളിലെ എം.ബി.എ. പ്രോഗ്രാമുകളാണ് ഇവയില്‍ ഏറ്റവും പേരുകേട്ടത്. എല്ലായിടങ്ങളിലും ഹ്യുമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റില്‍ സ്‌പെഷലൈസേഷനുമുണ്ട്.

എന്‍ഐടികളിലും പഠിക്കാം

ഐ.ഐ.എമ്മും എന്‍.ഐ.ടിയും കഴിഞ്ഞാല്‍ ഹ്യുമന്‍ റിസോഴ്‌സസ് എം.ബി.എ. പഠനത്തിനുളള മറ്റൊരു മികച്ച സാധ്യതയാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.) ക്യാമ്പസുകള്‍. കേരളത്തിലെ ഏക എന്‍.ഐ.ടിയായ കോഴിക്കോട്ടും എം.ബി.എ. കോഴ്‌സ് നടത്തുന്നു. എന്‍ജിനിയറിങ് ബിരുദധാരികള്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ‘കാറ്റ്’ സ്‌കോര്‍ വഴിയാണ് തിരഞ്ഞെടുപ്പ്. ഹ്യുമന്‍ റിസോഴ്‌സ് മാനേജ്‌മെന്റിന് പുറമെ പ്രൊഡക്ഷന്‍ മാനേജ്‌മെന്റ്, ഫിനാന്‍സ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ്, ബിസിനസ് അനലറ്റിക്‌സ് ആന്‍ഡ് സിസ്റ്റംസ് എന്നീ വിഷയങ്ങളിലാണ് സ്‌പെഷലൈസേഷനുള്ള അവസരം.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ എന്‍.ഐ.ടി. ക്യാമ്പസിലും ഹ്യുമന്‍ റിസോഴ്‌സസില്‍ സ്‌പെഷലൈസേഷനോടെ എം.ബി.എ. കോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്. ഇവിടെയും എന്‍ജിനിയറിങ് ബിരുദക്കാര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ‘കാറ്റ്’ സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് അഡ്മിഷന്‍.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഫാക്കല്‍റ്റി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, പുനെയിലെ സിംബിയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെന്റ്, മുംബൈയിലെ എക്‌സ്.എല്‍.ആര്‍.ഐ. എന്നിവയാണ് കേരളത്തിന് പുറത്ത് മികച്ച രീതിയില്‍ എം.ബി.എ. പഠനം നടക്കുന്ന സ്ഥാപനങ്ങള്‍. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ നടക്കുന്ന എം.എ. ഹ്യുമന്‍ റിസോഴ്‌സസ് ആന്‍ഡ് ലേബര്‍ റിലേഷന്‍സ് എന്ന കോഴ്‌സ് എച്ച്.ആര്‍. എം.ബി.എയ്ക്ക് തത്തുല്യമായി പരിഗണിക്കപ്പെടാറുണ്ട്.

പഠനം കേരളത്തില്‍
കേരളത്തിലെ എല്ലാ സര്‍വകലാശാലകളുടെയും കീഴില്‍ എം.ബി.എ. കോഴ്‌സ് നടക്കുന്നുണ്ട്. ഇവിടങ്ങളിലൊക്കെ ഹ്യുമന്‍ റിസോഴ്‌സസ് പഠനത്തില്‍ സ്‌പെഷലൈസേഷനുമുണ്ട്. എന്നാല്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള അക്കാദമിക് മികവൊന്നും നമ്മുടെ സര്‍വകലാശാലകളിലെ എം.ബി.എ. കോഴ്‌സുകള്‍ക്കില്ല എന്നതൊരു യാഥാര്‍ഥ്യം തന്നെയാണ്. എന്നിരുന്നാലും കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്ന് എം.ബി.എ. പഠിച്ചിറങ്ങിയ എത്രയോ മിടുക്കര്‍ രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങളില്‍ എച്ച്.ആര്‍. എക്‌സിക്യൂട്ടീവുമാരായി ജോലി ചെയ്യുന്നു. സര്‍കലാശാല സെന്ററുകള്‍ക്ക് പുറമെ വിവിധ കോളേജുകളും സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളും എം.ബി.എ. പഠനത്തിന് സൗകര്യമൊരുക്കുന്നു. തിരുവനന്തപുരം ഗവ. കോളേജ് ഓഫ് എഞ്ചിനിയറിങിന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, കൊല്ലത്തെ ടി.കെ.എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കൊച്ചി കുസാറ്റ് സര്‍വകലാശാലയുടെ കീഴിലള്ള ദി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, കൊച്ചി കാക്കനാട്ടുള്ള രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ പാലയാട് ക്യാമ്പസിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് എന്നിവിടങ്ങളിലെ എം.ബി.എ. അഡ്മിഷന് വിദ്യാര്‍ഥികള്‍ക്കിടയില്‍ നല്ല പേരാണ്. ഇവയ്ക്ക് പുറമെ വിവിധ ജില്ലകളിലായി അമ്പതിലേറെ എം.ബി.എ. ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വേറെയുമുണ്ട്. സര്‍വകലാശാലയുടെ അംഗീകാരമുണ്ടോയെന്ന് ഉറപ്പുവരുത്തി വേണം ഇത്തരം സ്വകാര്യസ്ഥാപനങ്ങളില്‍ പഠനത്തിന് ചേരാന്‍.
അത്ഭുതങ്ങളുമായി അനിമേഷന്‍ രംഗം



അത്ഭുതങ്ങളുടെ കലയാണ് അനിമേഷന്‍. കൈ കൊണ്ടു വരച്ചെടുക്കുന്ന രൂപങ്ങള്‍ക്ക് ചലനശേഷി നല്‍കുന്ന മായാ വിദ്യയാണത്. മനുഷ്യനേത്രങ്ങള്‍ക്ക് സഹജമായുള്ള പെഴ്‌സിസ്റ്റന്‍സ് ഓഫ് വിഷന്‍ (Persistence of Vision ) എന്ന സിദ്ധിവിശേഷമാണ് അനിമേഷന്റെ മര്‍മം.

ചിത്രരചനയില്‍ കഴിവും കലാപരമായ താത്പര്യവുമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ തൊഴില്‍മേഖല കൂടിയാണിത്. വിനോദവ്യവസായം, ടെലിവിഷന്‍, വിദ്യാഭ്യാസം,വിനോദസഞ്ചാരം, പ്രസാധനം, വെബ്ഡിസൈനിങ് രംഗങ്ങളിലെല്ലാം ആയിരക്കണക്കിന് അനിമേഷന്‍ വിദഗ്ധര്‍ ഇപ്പോള്‍ ജോലിയെടുക്കുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വിപ്ലവകരമായ വികാസത്തോടെ കമ്പ്യൂട്ടര്‍ അനിമേഷന്‍ രംഗം വമ്പന്‍ കുതിപ്പുനടത്തിക്കഴിഞ്ഞു. പരസ്യവ്യവസായം നിലനില്‍ക്കുന്നത് തന്നെ അനിമേഷന്റെ സഹായത്തോടെയാണിപ്പോള്‍. സോഫ്റ്റ്‌വേര്‍ കമ്പനികളുടെ ദേശീയ സംഘടനയായ നാസ്‌കോമിന്റെ (ചഅടടഇഛങ) കണക്കനുസരിച്ച് ആഗോള അനിമേഷന്‍ വിപണിയില്‍ പ്രതിവര്‍ഷം 11,25,000 കോടി രൂപയുടെ വ്യവസായം നടക്കുന്നുണ്ട്. അനിമേഷന്‍ വിപണിയുടെ ഒരുശതമാനം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് മൂന്ന് ശതമാനമായി ഉയര്‍ത്തിയാല്‍ തന്നെ ആഗോള അനിമേഷന്‍ വിപണിയില്‍ ഇന്ത്യയ്ക്ക് 42,000 കോടി രൂപയുടെ വ്യാപാരം നേടാന്‍ കഴിയും.

കൈയില്‍ വേണ്ടതെന്തൊക്കെ?
പ്ലസ്ടു യോഗ്യതയുള്ള ആര്‍ക്കും അല്പമൊന്ന് കഷ്ടപ്പെട്ടാല്‍ അനിമേഷന്‍ രംഗത്ത് ചുവടുറപ്പിക്കാനാകും. പക്ഷേ എല്ലാ പ്ലസ്ടുക്കാര്‍ക്കും അനിമേറ്ററാകാന്‍ സാധിച്ചെന്നുവരില്ല. കലയും സാങ്കേതികവിദ്യയും ഒരേയളവില്‍ കൂടിച്ചേരേണ്ട ജോലിയാണിത്. വരയ്ക്കാനും സ്‌കെച്ച് ചെയ്യാനുമുള്ള വിരുത്, ഹാസ്യബോധം, ഭാവനാശേഷി, നിരീക്ഷണപാടവം എന്നിവയൊക്കെയുള്ളവര്‍ക്കേ ഈ രംഗത്ത് ശോഭിക്കാനാകൂ. മണിക്കൂറുകളോളം ഒറ്റയിരിപ്പിന് ചിത്രങ്ങള്‍ വരച്ചുതീര്‍ക്കാനുള്ള ക്ഷമ കൂടി ഇക്കൂട്ടര്‍ക്ക് വേണം. ഫൈന്‍ ആര്‍ട്‌സ് ബിരുദമുള്ളവര്‍ക്ക് പഠനം എളുപ്പമാവും.

എന്തൊക്കെയാണ് കോഴ്‌സുകള്‍?
അനിമേഷനില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് മുതല്‍ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സ് വരെ പല സ്ഥാപനങ്ങളും നടത്തുന്നു. അനിമേഷനൊപ്പം ഗ്രാഫിക് ഡിസൈനിങും മള്‍ട്ടിമീഡിയയും കൂടി പഠിപ്പിക്കുന്നവയാണ് മിക്ക കോഴ്‌സുകളും. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അനിമേഷനില്‍ ഡിപ്ലോമ, ഡിഗ്രി കോഴ്‌സുകള്‍ക്ക് ചേരാം. അല്പം കമ്പ്യൂട്ടര്‍ പരിജ്ഞാനം കൂടി വേണമെന്ന് മാത്രം. അനിമേഷന്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കല്‍, സ്‌പെഷ്യല്‍ വിഷ്വല്‍ എഫക്ട്‌സ്, വീഡിയോഗെയിം പ്രൊഡക്ഷന്‍ എന്നിവയാണ് ഡിപ്ലോമ, ഡിഗ്രി കോഴ്‌സുകള്‍ക്ക് പഠിക്കാനുണ്ടാകുക. ടുഡി അനിമേഷനൊപ്പം ത്രി ഡി അനിമേഷനും പഠിപ്പിക്കുന്ന ചില സ്ഥാപനങ്ങളുണ്ട്.

പഠിക്കാം പുറത്തുപോയി

കേരളത്തിന് പുറത്ത് അനിമേഷന്‍ പഠിപ്പിക്കുന്ന മികച്ച സ്ഥാപനങ്ങളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഗുജറാത്തിലെ അഹമ്മദാബാദില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സംരംഭമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) തന്നെ. ഡിസൈനില്‍ നാലുവര്‍ഷത്തെ പ്രൊഫഷനല്‍ ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സാണ് എന്‍.ഐ.ഡിയിലുളളത്. കോഴ്‌സില്‍ ഗ്രാഫിക് ഡിസൈന്‍, അനിമേഷന്‍ ഫിലിം ഡിസൈന്‍, ഫിലിം ആന്‍ഡ് വീഡിയോ കമ്യൂണിക്കേഷന്‍ എന്നീ പാഠ്യവിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നു. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ദേശീയതലത്തില്‍ നടക്കുന്ന പൊതുപ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ക്ക് www.nid.edu എന്ന വെബ്‌സൈറ്റ് കാണുക.

ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ റാഞ്ചി ക്യാമ്പസില്‍ ബി.എസ്.സി. അനിമേഷന്‍ കോഴ്‌സും ജയ്പൂര്‍, നോയ്ഡ സെന്ററുകളില്‍ ബി.എസ്.സി. മള്‍ട്ടിമീഡിയ കോഴ്‌സും നടക്കുന്നുണ്ട്. ഇവിടെയും പ്ലസ്ടുവാണ് പ്രവേശന മാനദണ്ഡം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bitsmesra.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങിന്റെ (സി-ഡാക്) പൂനെ, മൊഹാലി സെന്ററുകളില്‍ അനിമേഷനില്‍ പരിശീലനം നല്‍കുന്നു.www.cdac.in എന്ന വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ ലഭ്യമാണ്.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മായ അക്കാദമി ഓഫ് അഡ്വാന്‍സ്ഡ് സിനിമാറ്റിക് (മാക്) അനിമേഷന്‍ പഠനത്തിന് പേരുകേട്ട സ്വകാര്യസ്ഥാപനമാണ്. ഇഗ്‌നോവില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മാകില്‍ ത്രി ഡി അനിമേഷന്‍, മള്‍ട്ടിമീഡിയ, ഗ്രാഫിക്‌സ് ആന്‍ഡ് വെബ് ഡിസൈനിങ് എന്നീ വിഷയങ്ങളില്‍ ബിരുദകോഴ്‌സുകളുണ്ട്. ഡല്‍ഹിക്ക് പുറമെ മുംബൈ, പൂനെ, നാഗ്പൂര്‍ എന്നിവിടങ്ങളിലും മാക് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം നഗരങ്ങളിലും ഇപ്പോള്‍ മാക് ഫ്രാഞ്ചൈസികളുണ്ട്. വെബ്‌സൈറ്റ്:www.maacindia.com

ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ മാത്രമല്ല രാജ്യത്തിന് പുറത്തും പേരുകേട്ട അനിമേഷന്‍ പഠന ഇന്‍സ്റ്റിറ്റ്യൂട്ടുകളുണ്ട്. ഇംഗ്ലണ്ടിലെ വെയില്‍സ് യൂണിവേഴ്‌സിറ്റി, അമേരിക്കയിലെ ന്യൂയോര്‍ക്ക് ഫിലിം അക്കാദമി എന്നിവ ഉദാഹരണങ്ങള്‍.

പഠനം കേരളത്തില്‍
തൊണ്ണൂറുകളിലാണ് അനിമേഷന്‍ വ്യവസായം കേരളത്തിലെത്തുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച ടൂണ്‍സ് അനിമേഷനാണ് ഈ രംഗത്തെ സംസ്ഥാനത്തെ ആദ്യസംരംഭം. പിന്നെയും പത്തുവര്‍ഷങ്ങള്‍ കഴിഞ്ഞാണ് അനിമേഷന്‍ പഠനത്തിന് സംസ്ഥാനത്ത് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇന്നിപ്പോള്‍ സര്‍ക്കാര്‍ തലത്തിലും സ്വകാര്യമേഖലയിലുമായി നിരവധി അനിമേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ കേരളത്തിലുണ്ട്. ഇതില്‍ ഏറ്റവും പ്രമുഖ സ്ഥാപനം തിരുവനന്തപുരത്തെ ചിത്രാഞ്ജലി ഹില്‍സില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയാണ് (സി-ഡിറ്റ്). പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ (PGDMM), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ അനിമേഷന്‍ ഫിലിം ഡിസൈന്‍ എന്നിവയാണ് ഇവിടുത്തെ കോഴ്‌സുകള്‍. ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സുകള്‍ക്ക് ചേരാനുളള യോഗ്യത ബിരുദം/ത്രിവത്സര ഡിപ്ലോമ/ ഫൈന്‍ ആര്‍ട്‌സിലോ വിഷ്വല്‍ ആര്‍ട്‌സിലോ ദേശീയ/സംസ്ഥാനതല അംഗീകാരം എന്നതാണ്. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. വിശദവിവരങ്ങള്‍ക്ക് വെബ്:www.cdit.org

തിരുവനന്തപുരത്തെ ടൂണ്‍സ് അനിമേഷന്‍ അക്കാദമിയിലെ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ആര്‍ട്‌സ് ആന്‍ഡ് ആനിമേഷന്‍ കോഴ്‌സ് ഏറെ മികച്ചതാണ്. 12 മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടൂണ്‍സ് അനിമേഷന്‍ സ്റ്റുഡിയോവില്‍ ആറുമാസം ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ബി.എസ്.സി ഇന്‍ അനിമേഷന്‍ കോഴ്‌സും ടൂണ്‍സ് നടത്തുന്നു. ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഈ മൂന്നുവര്‍ഷത്തെ ബിരുദ കോഴ്‌സിന് പ്ലസ്ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം.

3D PIP പ്രൊഫഷണലുകള്‍ക്കായി ആറുമാസത്തെ കോഴ്‌സും ഇവിടെയുണ്ട്. കലാഭിരുചിയുണ്ടായിരിക്കണം. ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം/ഡിപ്ലോമ, പ്രവൃത്തിപരിചയം തുടങ്ങിയവയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. എഴുത്തുപരീക്ഷ, അഭിമുഖം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. വെബ്‌സൈറ്റ്: toonzacademy.com

കോട്ടയം ചങ്ങനാശ്ശേരിയിലെ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് കമ്യൂണിക്കേഷന്‍സില്‍ ബി.എ (അനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈനിങ്), ബി.എ. മള്‍ട്ടിമീഡിയ, എം.എ അനിമേഷന്‍. എം. എ ഗ്രാഫിക് ഡിസൈന്‍, എം.എ. (മള്‍ട്ടിമീഡിയ) എന്നീ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. വെബ്‌സൈറ്റ്:www.sjcc.in ഫോണ്‍: 04812722225.

തൊടുപുഴയിലെ ശാന്തിഗിരി കോളേജില്‍ ബി.എ. അനിമേഷന്‍ പഠനസൗകര്യമുണ്ട്. വെബ്‌സൈറ്റ്:www.santhigiricollege.com കൊച്ചി ഇടപ്പള്ളിയിലുള്ള അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ബി.എസ്‌സി. വിഷ്വല്‍ മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ കോഴ്‌സുണ്ട്. വെബ്‌സൈറ്റ്:www.amira.edu

കൊച്ചിയിലെ സെന്റ് ആല്‍ബര്‍ട്‌സ് കോളേജിലെ ടൂണ്‍ സ്‌കൂള്‍ അഡ്വാന്‍സ്ഡ് ആനിമേഷന്‍ അക്കാദമിയില്‍ ബി.എസ്‌സി. അനിമേഷന്‍ കോഴ്‌സ് നടത്തുന്നു. യോഗ്യത: പ്ലസ്ടു. അഭിരുചി പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വെബ്:www.toonskool.net

തിരുവനന്തപുരത്തെ ഡി.സി. മീഡിയ സ്‌കൂളില്‍ ചേര്‍ന്ന് പി.ജി. ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് അനിമേഷന്‍ ഡിസൈന്‍ കോഴ്‌സ് പഠിക്കാനാകും. ബിരുദമാണ് യോഗ്യത. വെബ്: dcsmatmediaschool.com

അനിമേഷന്‍ പഠനത്തിനുള്ള മറ്റൊരു സ്ഥാപനമാണ് കെല്‍ട്രോണ്‍ അനിമേഷന്‍ ക്യാമ്പസ്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, ചങ്ങനാശ്ശേരി, പെരിന്തല്‍മണ്ണ, മല്ലപ്പള്ളി, തലശ്ശേരി, തൃശ്ശൂര്‍, തളിപ്പറമ്പ്, സുല്‍ത്താന്‍ബത്തേരി, വളാഞ്ചേരി, തൊടുപുഴ,ചെന്നൈ എന്നിവിടങ്ങളില്‍ പഠനകേന്ദ്രങ്ങളുണ്ട്. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് മള്‍ട്ടിമീഡിയ, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അനിമേഷന്‍, വി.എഫ്.എക്‌സ്., മള്‍ട്ടിമീഡിയ, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ത്രി ഡി അനിമേഷന്‍ ആന്‍ഡ് മോഡലിങ് തുടങ്ങിയ കോഴ്‌സുകളാണ് കാമ്പസ്സിലുള്ളത്. വെബ്:www.keltronanimation.com

സ്വകാര്യമേഖലയിലെ മികച്ച അനിമേഷന്‍ പഠനസ്ഥാപനമാണ് അരീന അനിമേഷന്‍ അക്കാദമി. കോഴിക്കോട്, കണ്ണൂര്‍, പെരിന്തല്‍മണ്ണ, പാലക്കാട്, തൃശ്ശൂര്‍, കൊച്ചി, തൊടുപുഴ, തിരുവല്ല, കൊല്ലം, തിരുവനന്തപുരം, കോട്ടയം, തിരൂര്‍ എന്നിവിടങ്ങളില്‍ അരീനയ്ക്ക് ശാഖകളുണ്ട്. വെബ്‌സൈറ്റ്:www.arena-mutimedia.com
ആര്‍ക്കിടെക്ചര്‍ പഠിച്ചാല്‍ ആവോളം സാധ്യതകള്‍

ബുര്‍ജ് ഖലീഫ. മേഘപാളികളെ തൊട്ടുകിടക്കുന്ന ഈ അംബരചുംബി കാണുന്നവരുടെയെല്ലാം മനസ് കീഴടക്കുമെന്ന കാര്യമുറപ്പ്. 163 നിലയുള്ള പടുകൂറ്റന്‍ കെട്ടിടത്തിന്റെ ബാഹ്യസൗന്ദര്യത്തേക്കാള്‍ അത് കെട്ടിപ്പൊക്കിയ എന്‍ജിനിയറിങ് മികവ് ആലോചിച്ചാണ് നിങ്ങള്‍ അതിശയം കൊള്ളുന്നതെങ്കില്‍ ഉള്ളിലെവിടെയോ ഒരു ആര്‍കിടെക്റ്റ് ഒളിഞ്ഞുകിടപ്പുണ്ടെന്നാണര്‍ഥം. കെട്ടിടങ്ങളുടെ രൂപകല്പനയില്‍ താത്പര്യമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ കരിയര്‍ സാധ്യതയാണ് ആര്‍ക്കിടെക്ചര്‍. ലോകത്ത് ഇന്ന് ഏറ്റവും വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന മേഖലകളിലൊന്നാണ് കെട്ടിടനിര്‍മാണം. ആസൂത്രിത നഗരവത്കരണവും ആഗോളീകരണവും കെട്ടിടനിര്‍മാണ വ്യവസായത്തിന് വന്‍കുതിപ്പ് നല്‍കിയിട്ടുണ്ട്. അവികസിത രാജ്യങ്ങള്‍ പോലും കൂറ്റന്‍ കെട്ടിടസമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ മത്സരിക്കുകയാണ്. അതുകൊണ്ടു തന്നെ പരിചയസമ്പന്നനായ ആര്‍കിടെക്റ്റിന് രാജ്യത്തിനകത്തും പുറത്തും ഇഷ്ടം പോലെ അവസരങ്ങളുണ്ട്.


സ്വകാര്യമേഖലയില്‍ മാത്രമല്ല സര്‍ക്കാര്‍ വകുപ്പുകളിലും ഇപ്പോള്‍ ആര്‍കിടെക്റ്റിന് ജോലി സാധ്യത വര്‍ധിച്ചിരിക്കുന്നു. സ്വന്തമായി ആര്‍കിടെക്ചര്‍ സ്ഥാപനങ്ങള്‍ നടത്തുകയോ കണ്‍സള്‍ട്ടന്‍സിയായി പ്രവര്‍ത്തിക്കുകയോ ചെയ്യാനും അവസരമേറെ.

എന്താണീ ആര്‍ക്കിടെക്ചര്‍?
കെട്ടിടങ്ങളുടെ പ്ലാനിങ്, രൂപകല്പന,നിര്‍മാണം എന്നിവയുടെ സമഗ്രപഠനമാണ് ആര്‍ക്കിടെക്ചര്‍. സൃഷ്ടിപരവും കലാപരവുമായ ശേഷി, ചിത്രങ്ങള്‍ വരയ്ക്കാനുള്ള കഴിവ്, നിരീക്ഷണപാടവം, സൗന്ദര്യബോധം എന്നിവയുളളവര്‍ക്ക് ആര്‍ക്കിടെക്ചര്‍ കരിയറായി തിരഞ്ഞെടുക്കാം. ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി. ആര്‍ക്), മാസ്റ്റര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (എം.ആര്‍ക്) എന്നീ രണ്ടു കോഴ്‌സുകളാണ് ഈ രംഗത്ത് ചുവടുറപ്പിക്കാന്‍ പഠിക്കാനുള്ളത്. അഞ്ചുവര്‍ഷമാണ് ബി.ആര്‍ക് കോഴ്‌സിന്റെ കാലാവധി. മാത്തമാറ്റിക്‌സ് വിഷയമായി പഠിച്ച് അമ്പതുശതമാനത്തില്‍ കുറയാത്ത മാര്‍ക്കുമായി പ്ലസ്ടു ജയിച്ച ആര്‍ക്കും ബി.ആര്‍ക് പ്രവേശനത്തിന് അര്‍ഹതയുണ്ട്. ഇവര്‍ക്ക് 17 വയസ് പൂര്‍ത്തിയായിരിക്കണമെന്ന് മാത്രം. സാധാരണ എന്‍ജിനീയറിങ് കോളേജുകളില്‍ ബി.ആര്‍ക് കോഴ്‌സ് നടത്താറില്ല. ഇതിനായി പ്രത്യേക കോളേജുകളുണ്ട്. പ്രവേശനത്തിനായി പ്രത്യേകമായ എന്‍ട്രന്‍സ് പരീക്ഷയും എഴുതേണ്ടതുണ്ട്.

ബി.ആര്‍കിന് പ്രവേശനം കിട്ടാന്‍
കേരള എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് കണ്‍ട്രോളര്‍ നടത്തുന്ന പൊതു എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ എന്‍ജിനിയറിങ്, മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കുക. എന്നാല്‍ ബി.ആര്‍ക് കോഴ്‌സിന് നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ) എന്ന പേരിലുള്ള അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയെഴുതി കഴിവു തെളിയിക്കണം. ആര്‍ക്കിടെക്ചറല്‍ വിദ്യാഭ്യാസത്തിന്റെ ദേശീയനിയന്ത്രണ സംവിധാനമായ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറാണ് ‘നാറ്റ’ പരീക്ഷയുടെ സംഘാടകര്‍. പ്ലസ്ടുവിന്റെ മാര്‍ക്ക്, നാറ്റ സ്‌കോര്‍ എന്നിവ 50:50 അനുപാതത്തില്‍ വിലയിരുത്തിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. രണ്ട് ഭാഗങ്ങളാണ് എന്‍ട്രന്‍സ് പരീക്ഷയ്ക്കുണ്ടാകുക. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പേപ്പര്‍ അധിഷ്ഠിത വിവരണാത്മക എഴുത്തുപരീക്ഷയും ഒരു മണിക്കൂര്‍ നേരത്തെ ഓണ്‍ലൈന്‍ പരീക്ഷയും. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഴുത്തുപരീക്ഷയില്‍ കെട്ടിടങ്ങളുടെയും മറ്റ് വസ്തുക്കളുടെയും ചിത്രങ്ങള്‍ വരയ്ക്കാനുണ്ടാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൂന്ന് വിദഗ്ധരാണ് എഴുത്തുപരീക്ഷയിലെ ചിത്രങ്ങള്‍ വിലയിരുത്തി മാര്‍ക്കിടുക.

ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയില്‍ 40 മള്‍ട്ടിപ്പിള്‍ ചോയ്‌സ്‌ചോദ്യങ്ങളുണ്ടാകും. കെട്ടിടനിര്‍മാണത്തെക്കുറിച്ചുളള പ്രാഥമികവസ്തുതകള്‍, കെട്ടിടനിര്‍മാണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍, ഉദ്യോഗാര്‍ഥിയുടെ സൗന്ദര്യബോധവും നിരീക്ഷണപാടവും അളക്കുന്ന ചോദ്യങ്ങള്‍ എന്നിവയാണ് ഓണ്‍ലൈന്‍ പരീക്ഷയിലുണ്ടാകുക. പരീക്ഷയ്ക്ക് നെഗറ്റീവ് മാര്‍ക്കിങ് ഇല്ല. എത്ര തവണ വേണമെങ്കിലും ‘നാറ്റ’ പരീക്ഷയെഴുതാന്‍ അവസരമുണ്ട്.

‘നാറ്റ’ സ്‌കോര്‍ നേടിയാല്‍
‘നാറ്റ’ എന്‍ട്രന്‍സ് പരീക്ഷയില്‍ മിനിമം 40 ശതമാനം മാര്‍ക്ക് നേടിയാല്‍ ഉപരിപഠനത്തിനുള്ള യോഗ്യത ലഭിക്കും. രണ്ടുവര്‍ഷത്തേക്കാണ് ‘നാറ്റ’ സ്‌കോര്‍ കാര്‍ഡിന് സാധുതയുള്ളത്. അതിനുള്ളില്‍ ഏതെങ്കിലും ആര്‍ക്കിടെക്ചര്‍ കോളേജില്‍ അഡ്മിഷന്‍ നേടിയിരിക്കണം. കേരള എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് കണ്‍ട്രോളര്‍ ബി.ആര്‍ക് പ്രവേശനത്തിനായി എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നില്ലെന്ന് മുമ്പേ പറഞ്ഞല്ലോ. എന്നാല്‍ ‘നാറ്റ’ യോഗ്യത നേടിയവര്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. വിവിധ കോളേജുകളിലെ ബി.ആര്‍ക് മെറിറ്റ് സീറ്റുകളിലേക്കുളള അലോട്ട്‌മെന്റ്, കൗണ്‍സലിങ് എന്നിവ എന്‍ട്രന്‍സ് കമ്മീഷണറുടെ നേതൃത്വത്തിലാണ് നടക്കുക. മാനേജ്‌മെന്റ് സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ വിവിധ കോളേജുകളില്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം.

പഠനം കേരളത്തില്‍
കേരളത്തില്‍ വിവിധ സര്‍ക്കാര്‍,സ്വകാര്യ കോളേജുകളും ആര്‍ക്കിടെക്ചര്‍ സ്‌കൂളുകളും ബി.ആര്‍ക് കോഴ്‌സ് നടത്തുന്നുണ്ട്. നാറ്റ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് ഇവിടങ്ങളിലെ പ്രവേശനം. സ്വകാര്യകോളേജുകളില്‍ പ്രവേശനം നേടും മുമ്പ് അവിടുത്തെ കോഴ്‌സിന് ഏതെങ്കിലും സര്‍വകലാശാലയുടെയും കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറിന്റെയും അംഗീകാരമുണ്ടെന്ന് ഉറപ്പുവരുത്തണം. കോളേജ് ഓഫ് എന്‍ജിനീയറിങ് (സി.ഇ.ടി.), ശ്രീകാര്യം, തിരുവനന്തപുരം (40 സീറ്റുകള്‍), ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ്, തൃശൂര്‍ (40), കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, വെള്ളനാട്, തിരുവനന്തപുരം (120), ടി.കെ.എം. കോളേജ് ഓഫ് എന്‍ജിനീയറിങ്, കൊല്ലം (80), ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്ലം (40), രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, പാമ്പാടി, കോട്ടയം (40), ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചര്‍, പാലക്കാട് (40), ഹോളി ക്രസന്റ് കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, ആലുവ (40), ഏഷ്യന്‍ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, വൈറ്റില, കൊച്ചി (40), സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍, മൂവാറ്റുപുഴ (40), കെ.എം.ഇ.എ. കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, കുഴിവേലിപ്പടി, ആലുവ (40), ഐ.ഇ.എസ്. കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, ചിറ്റിലപ്പള്ളി, തൃശൂര്‍ (40), തേജസ് കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, തൃശൂര്‍ (40), സ്‌നേഹ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, പാലക്കാട് (40), ദേവകി അമ്മാസ് ഗുരുവായൂരപ്പന്‍ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, ചേലേമ്പ്ര, മലപ്പുറം (40), എം.ഇ.എസ്. കോളേജ് ഓഫ് എന്‍ജിനീയറിങ്, കുറ്റിപ്പുറം (40), അല്‍-സലാമ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചര്‍, പെരിന്തല്‍മണ്ണ, മലപ്പുറം (40), വേദവ്യാസ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, മലപ്പുറം (40), ഏറനാട് നോളേജ് സിറ്റി കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, മഞ്ചേരി, മലപ്പുറം (40),കെ.എം.സി.ടി. കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, മണാശേരി, കോഴിക്കോട് (40), കെ.എം.സി.ടി. കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, കളന്‍തോട്, കോഴിക്കോട് (40), എം.ഇ.എസ്. കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, കക്കോടി, കോഴിക്കോട് (40), എന്നീ സ്ഥാപനങ്ങളിലാണ് നിലവില്‍ ബി.ആര്‍ക് കോഴ്‌സ് നടക്കുന്നത്.

കേരളത്തിന് പുറത്ത്
കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളില്‍ മികച്ച രീതിയില്‍ ബി.ആര്‍ക് കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങളും സര്‍വകലാശാലകളുമുണ്ട്. ന്യൂഡല്‍ഹിയിലെ ദി സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍, മുംബൈയിലെ ബല്‍വന്ത് സേത്ത് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍, പനാജിയിലെ ഗോവ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റി, ഭാരത് യൂണിവേഴ്‌സിറ്റി, ഹിന്ദുസ്ഥാന്‍ യൂണിവേഴ്‌സിറ്റി, എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റി, മണിപ്പാലിലെ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി എന്നിവ ഉദാഹരണം. ബി.ആര്‍ക് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് എം.ആര്‍ക് എന്ന ഉപരിപഠനസാധ്യതയും ഈ സ്ഥാപനങ്ങള്‍ ഒരുക്കുന്നു. ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, അര്‍ബന്‍ ഡിസൈന്‍, ലാന്‍ഡ്‌സ്‌കേപ്പ് ആര്‍ക്കിടെക്ചര്‍, ടൗണ്‍ പ്ലാനിങ് ആന്‍ഡ് അര്‍ബന്‍ പ്ലാനിങ്, ബില്‍ഡിങ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റ്, ട്രാന്‍സ്‌പോര്‍ട് പ്ലാനിങ് എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും സ്‌പെഷലൈസ് ചെയ്തുകൊണ്ടാണ് എം.ആര്‍ക് കോഴ്‌സ് പൂര്‍ത്തിയാക്കേണ്ടത്.
നിയമം അറിഞ്ഞാല്‍ സാധ്യതയേറെ
പണ്ടുപണ്ട്, രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിച്ചിരുന്നവര്‍ മാത്രം തിരഞ്ഞെടുക്കുന്ന വഴിയായിരുന്നു നിയമപഠനം. ഇന്നിപ്പോള്‍ അതല്ല സ്ഥിതി. ആഗോളവത്കരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയുമൊക്കെ കാലം വന്നതോടെ അഭിഭാഷകന്റേത് ലക്ഷങ്ങള്‍ ശമ്പളമുറപ്പിക്കാവുന്ന സ്വപ്‌നജോലിയായി മാറി. മുമ്പ് സിവില്‍, ക്രിമിനല്‍ എന്നിങ്ങനെ രണ്ടു സാധ്യതകള്‍ മാത്രമായിരുന്നു വക്കീല്‍മാരുടെ മുമ്പിലുണ്ടായിരുന്നത്. ഇന്നങ്ങനെയല്ല കാര്യങ്ങള്‍. കോര്‍പ്പറേറ്റ്, സൈബര്‍ക്രൈം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കോപ്പിറൈറ്റ്, ലീഗല്‍ പ്രൊസസ് ഔട്ട്‌സോഴ്‌സിങ് (എല്‍പിഒ) രംഗങ്ങളിലെല്ലാം അഭിഭാഷകര്‍ക്ക് ജോലിസാധ്യതകളുണ്ട്. ബാങ്കുകളും മറ്റ് പൊതുമേഖലാസ്ഥാപനങ്ങളുമെല്ലാം എല്‍.എല്‍.ബിക്കാരെ പ്രത്യേകമായി ഓഫീസര്‍ തസ്തികയിലേക്ക് റിക്രൂട്ട് ചെയ്യുന്നു. നന്നായി എഴുതാനും സംസാരിക്കാനുമുള്ള കഴിവ്, കേള്‍വിക്കാരില്‍ നിന്ന് കാര്യങ്ങള്‍ ഗ്രഹിെച്ചടുക്കാനുള്ള സാമര്‍ഥ്യം, അപഗ്രഥനശേഷി എന്നിവയുള്ളവര്‍ക്ക് അഭിഭാഷകവൃത്തി കരിയറായി തിരഞ്ഞെടുക്കാം. ആളുകളോട് നന്നായി ഇടപഴകാനുള്ള കഴിവ്, മികച്ച വായന, അധികസമയം ജോലി ചെയ്യാനുള്ള ശേഷി എന്നിവയും വേണം.

രണ്ട് വിഭാഗത്തിലുള്ള കോഴ്‌സുകളാണ് പ്രധാനമായും ഈ രംഗത്തുള്ളത്.- ത്രിവത്സര എല്‍എല്‍ബി കോഴ്‌സും പഞ്ചവത്സര എല്‍എല്‍ബി കോഴ്‌സും. പഞ്ചവത്സരകോഴ്‌സുകള്‍ക്ക് ഇന്റഗ്രേറ്റഡ് എല്‍എല്‍ബി കോഴ്‌സ് എന്നും പേരുണ്ട്. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ആര്‍ക്കും ത്രിവത്സര എല്‍എല്‍ബി കോഴ്‌സിന് േചരാം. പഞ്ചവത്സര എല്‍എല്‍ബി കോഴ്‌സിന് ചേരാന്‍ പ്ലസ്ടുവാണ് യോഗ്യത.

യുവാക്കളെ നിയമരംഗത്തേക്ക് ആകര്‍ഷിക്കാനായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതാണ് ഇന്റഗ്രേറ്റഡ് എല്‍എല്‍ബി കോഴ്‌സ്. ഇന്നിപ്പോള്‍ രാജ്യത്തെ ഏതാണ്ടെല്ലാ സര്‍വകലാശാലകളുടെയും കീഴില്‍ ഇന്റഗ്രേറ്റഡ് എല്‍എല്‍ബി കോഴ്‌സ് നടക്കുന്നുണ്ട്.

നാഷണല്‍ ലോ സ്‌കൂള്‍
നിയമപഠനത്തിനായി രാജ്യത്ത് നിലവിലുളള ഏറ്റവും മികച്ച സ്ഥാപനങ്ങളാണ് നാഷണല്‍ ലോ സ്‌കൂള്‍ യൂണിവേഴ്‌സിറ്റികള്‍. കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സ്വയംഭരണസ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങുന്നവരെ മികച്ച തൊഴിലവസരങ്ങള്‍ കാത്തിരിക്കുന്നു. ആദ്യമായി നാഷണല്‍ ലോ സ്‌കൂള്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കപ്പെടുന്നത് 1986ല്‍ ബാംഗ്ലൂരിലാണ്. പിന്നീട് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി 15 നാഷണല്‍ ലോ സ്‌കൂളുകള്‍ കൂടി സ്ഥാപിക്കപ്പെട്ടു. ഭോപ്പാല്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, ജോധ്പുര്‍, ഗാന്ധിനഗര്‍, ലക്‌നൗ, പട്യാല, റായ്പുര്‍, കട്ടക്ക്, കൊച്ചി, പാട്‌ന, വിശാഖപ്പട്ടണം, ശ്രീരംഗം, റാഞ്ചി, ഗുവാഹാട്ടി എന്നിവിടങ്ങളിലാണിവ. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (ന്യുവാല്‍സ്) എന്നതാണ് കൊച്ചി കളമശേരിയില്‍ പ്രവര്‍ത്തിക്കുന്ന ലോ സ്‌കൂളിന്റെ പേര്. കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) എന്ന പേരില്‍ അറിയപ്പെടുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവിടെയെല്ലാം പ്രവേശനം നടക്കുന്നത്. 50 ശതമാനം മാര്‍ക്കോടെ (എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും 45 ശതമാനം) പ്ലസ്ടു പാസായവര്‍ക്കും പ്ലസ്ടു അവസാനവര്‍ഷപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

ക്ലാറ്റ് പരീക്ഷയെ അറിയാം
എല്ലാവര്‍ഷവും ഡിസംബറിലാണ് ക്ലാറ്റ് പരീക്ഷാവിജ്ഞാപനം പുറത്തിറങ്ങാറ്. മെയ് മാസത്തില്‍ പരീക്ഷ നടക്കും. ആകെ 200 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടാകുക. ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍ (40 മാര്‍ക്ക്), ജനറല്‍ നോളേജ് ആന്‍ഡ് കറന്റ് അഫേഴ്‌സ് (50 മാര്‍ക്ക്), എലിമെന്ററി മാത്തമാറ്റിക്‌സ് (20 മാര്‍ക്ക്), ലീഗല്‍ ആപ്റ്റിറ്റിയൂഡ് ( 50 മാര്‍ക്ക്), ലോജിക്കല്‍ റീസണിങ് ( 40 മാര്‍ക്ക്) എന്നീ വിഷയങ്ങളില്‍ നിന്ന് ചോദ്യങ്ങളുണ്ടാകും. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുമുണ്ട്. കേരളത്തില്‍ കൊച്ചിയാണ് ഏക പരീക്ഷാകേന്ദ്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.clat.ac.in എന്ന വെബ്‌സൈറ്റ് കാണുക.

നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി
നാഷണല്‍ ലോ സ്‌കൂളുകള്‍ക്കൊപ്പം തന്നെ ദേശീയ നിലവാരമുളള നിയമവിദ്യാലയമാണ് ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി. ഓള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് ടെസ്റ്റ് (എഐഎല്‍ഇടി) എന്ന പേരിലുള്ള പ്രത്യേക എന്‍ട്രന്‍സ് പരീക്ഷയെഴുതി യോഗ്യത തെളിയിച്ചാല്‍ മാത്രമേ ഇവിടെ പ്രവേശനം ലഭിക്കൂ. 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയെഴുതാം. കൊച്ചി പരീക്ഷാകേന്ദ്രമാണ്. 80 സീറ്റുകള്‍ ഇവിടെയുണ്ട്. അഞ്ചുവര്‍ഷത്തെ എല്‍എല്‍ബി ഹോണേഴ്‌സ് കോഴ്‌സിന് പുറമെ എല്‍എല്‍എം, പിഎച്ച്ഡി കോഴ്‌സുകളും നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്നു.
നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിക്ക് പുറമെ പൂനെയിലെ സിംബിയോസിസ് ലോ സ്‌കൂള്‍, ഡല്‍ഹിയിലെ അമിറ്റി ലോ സ്‌കൂള്‍, ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ലോ എന്നിവിടങ്ങളിലും മികച്ച രീതിയില്‍ എല്‍എല്‍ബി കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രത്യേകം എന്‍ട്രന്‍സ് പരീക്ഷകളിലൂടെയായിരിക്കും ഇവിടങ്ങളിലെ പ്രവേശനം.

നിയമപഠനം കേരളത്തില്‍
മൂന്ന് സര്‍വകലാശാലകളുടെ കീഴിലായി നാല് സര്‍ക്കാര്‍ ലോ കോളേജുകളാണ് സംസ്ഥാനത്തുള്ളത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണിവ. ത്രിവത്സര, പഞ്ചവത്സര എല്‍എല്‍ബി കോഴ്‌സുകള്‍ ഇവിടങ്ങളില്‍ നടക്കുന്നുണ്ട്. ത്രിവത്സര കോഴ്‌സിന് ഓരോ കോളേജിലും 100 സീറ്റുകള്‍ വീതമായി ആകെ 400 സീറ്റുകളുണ്ട്. കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഡിഗ്രി യോഗ്യതയുള്ളവര്‍ക്കേ എഴുത്തുപരീക്ഷയ്ക്കിരിക്കാനാവൂ.

പഞ്ചവത്സര കോഴ്‌സിന് ഓരോ കോളേജിലെയും 80 സീറ്റുകള്‍ വീതം ആകെ 320 സീറ്റുകളിലേക്ക് പ്രത്യേകമായൊരു എന്‍ട്രന്‍സ് പരീക്ഷയും നടക്കും. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് പരീക്ഷയെഴുതാം. ജൂണ്‍-ജൂലൈ മാസങ്ങളിലാണ് എല്‍.എല്‍.ബി. പൊതു എന്‍ട്രന്‍സ് പരീക്ഷ നടക്കാറ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cee-kerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്, എം.ജി. യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് എന്നിവയാണ് സര്‍വകലാശാലകള്‍ നേരിട്ടുനടത്തുന്ന നിയമപഠന കേന്ദ്രങ്ങള്‍. അതതു സര്‍വകലാശാലകള്‍ നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷന്‍.

സ്വകാര്യ ലോ കോളേജുകള്‍
കേരളത്തിലെ വിവിധ ജില്ലകളിലായി സ്വകാര്യമേഖലയില്‍ നിയമപഠനത്തിനുള്ള അവസരമുണ്ട്. വിവിധ സര്‍വകലാശാലകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്വകാര്യ ലോ കോളേജുകളിലെ 50 ശതമാനം സീറ്റുകള്‍ കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കായി മാറ്റിവച്ചതാണ്. ബാക്കി 50 ശതമാനം സീറ്റുകളിലേക്ക് അതത് കോളേജ് മാനേജ്‌മെന്റുകളാണ് അഡ്മിഷന്‍ നടത്തുക. കേരളത്തിലെ സ്വകാര്യലോകോളേജുകളുടെ പട്ടിക.
1. മര്‍കസ് ലോ കോളേജ്, കോഴിക്കോട്
2. ഭവന്‍സ് പല്‍ക്കിവാല അക്കാദമി ഫോര്‍ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്, രാമനാട്ടുകര, മലപ്പുറം
3. കെ.എം.സി.ടി. ലോ കോളേജ്, കുറ്റിപ്പുറം, മലപ്പുറം
4. എസ്എന്‍ ലോ കോളേജ്, എറണാകുളം
5. ഭാരത് മാതാ കോളേജ് ഓഫ് ലീഗല്‍ സ്റ്റഡീസ്, എറണാകുളം
6. സിഎസ്‌ഐ കോളേജ് ഫോര്‍ ലീഗല്‍ സ്റ്റഡീസ്, ഏറ്റുമാനൂര്‍, കോട്ടയം
7. കോ-ഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോ, ഇടുക്കി
8. അല്‍-അല്‍ഹര്‍ ലോ കോളേജ്, ഇടുക്കി
9. മൗണ്ട് സിയോണ്‍ ലോ കോളേജ്, കോന്നി, പത്തനംതിട്ട
10. എന്‍.എസ്.എസ്. ലോ കോളേജ്, കൊല്ലം
11. ശ്രീനാരായണഗുരു കോളേജ് ഫോര്‍ ലീഗല്‍ സ്റ്റഡീസ്, കൊല്ലം
12. മാര്‍ ഗ്രിഗോറിയസ് കോളേജ് ഓഫ് ലോ, തിരുവനന്തപുരം
13. സി.എസ്.ഐ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസ്, തിരുവനന്തപുരം .

മര്‍കസ് ലോകോളേജില്‍ പ്രവേശനം ജൂണില്‍
മര്‍ക്കസിന്റെ കീഴില്‍ കോഴിക്കോട്ട് കാരന്തൂരില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ലോ കോളേജിലേക്കുള്ള പ്രവേശനം ജൂണില്‍ ആരംഭിക്കും. പ്ലസ്ടു റിസല്‍ട്ട് വന്നതിനുശേഷം പുതിയ അധ്യയനവര്‍ഷത്തിലേക്കുള്ള അപേക്ഷാഫോറം നല്‍കിത്തുടങ്ങുമെന്ന് മര്‍ക്കസ് ലോ കോളേജ് അഡ്മിനിസ്‌ട്രേറ്ററും അസിസ്റ്റന്റ് പ്രൊഫസറുമായ സമദ് പുലിക്കാട് അറിയിച്ചു.

അഞ്ചുവര്‍ഷത്തെ ബിബിഎ, എല്‍എല്‍ബി കോഴ്‌സും മൂന്ന് വര്‍ഷത്തെ എല്‍എല്‍ബി കോഴ്‌സുമാണ് മര്‍കസ് ലോ കോളേജിലുള്ളത്. അഞ്ചുവര്‍ഷ കോഴ്‌സിന് 60 സീറ്റുകളും മൂന്ന് വര്‍ഷത്തെ കോഴ്‌സിന് 50 സീറ്റുകളുമുണ്ട്. ഇതില്‍ പകുതി സീറ്റുകള്‍ പൊതുഎന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കായി മാറ്റിവച്ചിരിക്കുന്നു. ബാക്കി സീറ്റുകളിലേക്ക് മാനേജ്‌മെന്റ് അഡ്മിഷന്‍ നടത്തും. ദേശീയ ന്യൂനപക്ഷകമ്മീഷന്‍ ചെയര്‍മാനും മുന്‍ നിയമ കമ്മീഷന്‍ അംഗവുമായ ഡോ. താഹിര്‍ മഹ്മൂദിന്റെ മേല്‍നോട്ടത്തിലാണ് കോഴ്‌സ് നടക്കുന്നത്. പ്രൊഫ. പിഎസ് ഗോപിയാണ് പ്രിന്‍സിപ്പല്‍. 30 വര്‍ഷത്തിലേറെ അധ്യാപന പരിചയമുള്ള പ്രൊഫ. ഗോപി നേരത്തെ കോഴിക്കോട്, എറണാകുളം ലോ കോളേജുകളില്‍ പ്രിന്‍സിപ്പലായിരുന്നിട്ടുണ്ട്. രാജ്യാന്തരനിലവാരത്തിലുള്ള പാഠ്യപദ്ധതിയും മികച്ച അധ്യാപകരുടെ സേവനവും മര്‍കസ് ലോ കോളേജിന്റെ മികവ് വര്‍ധിപ്പിക്കുന്നു. നിലവില്‍ കാരന്തൂരില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഏറെ വൈകാതെ കൈതപ്പൊയിലിലെ മര്‍കസ് നോളേജ് സിറ്റിയിലേക്ക് മാറും.

കടപ്പാട് : sidheequl Akbar


Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ