പാലക്കാട്ടെ ചൂട് ഉത്തരേന്ത്യയിലെ ഉഷ്ണ പ്രദേശങ്ങളിലെയും ഗള്‍ഫ് നാടുകളിലെയും പോലെ 41.8 ഡിഗ്രി വരെ എത്തി. കോഴിക്കോട് നാല് പതിറ്റാണ്ടിന് ശേഷമുള്ള ഉയര്‍ന്ന താപനില, 39.1 ഡിഗ്രിയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലേതുപോലെ പകല്‍ സൂര്യന്‍ കത്തി ജ്വലിച്ചുനില്‍ക്കുന്ന നേരം പുറത്തിറങ്ങാനോ, നേരിട്ട് സൂര്യതാപം ഏല്‍ക്കുന്ന വിധം ജോലി ചെയ്യാനോ പാടില്ലെന്ന മുന്നറിയിപ്പുകളും നിബന്ധനകളും കേരളത്തിലും അധികൃതര്‍ നല്‍കികൊണ്ടേയിരുന്നു. എന്നിട്ടും പാടത്ത് പണിയെടുത്തവരും വഴിയോരത്ത് ഇരുന്നവരും വരെ സൂര്യതാപമേറ്റ് മരിച്ചു.
എല്ലാ ജില്ലകളിലും വെള്ളമില്ലാതെ ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിച്ചു. പാലക്കാട്ടെ സ്ഥിതിയാണ് ഏറ്റവും രൂക്ഷം. വിഷുവിന് വിത്തിടാന്‍ ഏക്കറുകണക്കിന് പാടമൊരുക്കിയവര്‍ക്ക് വെള്ളമില്ലാത്തതിനാല്‍ അതിന് സാധിച്ചില്ല. വാഴ, കുരുമുളക്, ഏലം, ജാതി തുടങ്ങി എല്ലാ വിളകള്‍ക്കും കനത്ത നഷ്ടം നേരിട്ടു. വില അല്‍പ്പമുയര്‍ന്നപ്പോള്‍ അതിന്റെ നേട്ടം കൊയ്യാന്‍ പറ്റാതെ റബര്‍ കര്‍ഷകര്‍ വീണ്ടും കണ്ണീരൊഴുക്കി. കാരണം ഈ വേനലില്‍ വെട്ടിയാല്‍ മരം തന്നെ ഉണങ്ങും. മാത്രമല്ല കനത്ത വേനലില്‍ വിളവും കുത്തനെ കുറഞ്ഞു.
പിടഞ്ഞുവീണ നാല്‍ക്കാലികള്‍
കടുത്ത ചൂട് സഹിക്കാനാകാതെ നാല്‍ക്കാലികള്‍ പിടഞ്ഞ് ചത്തപ്പോള്‍ ക്ഷീരകര്‍ഷകരും പ്രതിസന്ധിയുടെ കയത്തിലായി. പ്രതിദിന പാലുല്‍പ്പാദനത്തില്‍ 20 ശതമാനം കുറവാണ് സംഭവിച്ചിരിക്കുന്നത്. കടുത്ത വരള്‍ച്ച കര്‍ണാടകയെയും ബാധിച്ചതോടെ സംസ്ഥാനത്തേക്കുള്ള പാല്‍ വരവും കുറഞ്ഞു. ചൂടില്‍ ഇറച്ചിക്കോഴികള്‍ ചത്തൊടുങ്ങി. തമിഴ്‌നാട്ടിലും സ്ഥിതി രൂക്ഷമായതോടെ കേരളത്തില്‍ ഇറച്ചിക്കോഴി വില ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ മിക്കവാറും ഫാമുകള്‍ അടച്ചിട്ടു.
വിട്ടൊഴിയുന്ന സഞ്ചാരികള്‍
ലോകത്ത് കണ്ടിരിക്കേണ്ട 10 സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട കേരളത്തില്‍ നിന്ന് കടുത്ത വേനല്‍ മൂലം സഞ്ചാരികള്‍ ഒഴിഞ്ഞുപോയ നാളുകള്‍ കൂടിയാണ് കടന്നുപോയത്. പച്ചപ്പും തണുപ്പും ആസ്വദിക്കാന്‍ മൂന്നാറില്‍ അടക്കം റൂമുകള്‍ ബുക്കു ചെയ്തവര്‍ വരെ യാത്ര റദ്ദാക്കിയെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. ''ഏപ്രില്‍ മാസത്തില്‍ വിനോദ സഞ്ചാരമേഖലയില്‍ 20 ശതമാനത്തോളം ഇടിവുണ്ടായതായാണ് കണക്ക്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ ഓഫ് സീസണിനെ സജീവമാക്കുന്നത് അറബ് സഞ്ചാരികളാണ്. മഴയെത്തി കേരളം തണുത്തില്ലെങ്കില്‍ ഇവരും ഇനി യാത്ര റദ്ദാക്കി വേറെ ഡെസ്റ്റിനേഷനുകളിലേക്ക് പോകും. അങ്ങനെ വന്നാല്‍ ഈ മേഖലയ്ക്ക് ഇരുട്ടടിയാകുമത്,'' ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററും കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റുമായ ഏബ്രഹാം ജോര്‍ജ് (ജോണി) പറയുന്നു.
അണക്കെട്ടുകളും വരളുന്നു
കേരളത്തിലെ പ്രമുഖ ഡാമുകളിലെ ജലത്തിന്റെ തോത് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് വൈദ്യുതോല്‍പ്പാദനത്തെ കാര്യമായി ബാധിക്കും. ഇടുക്കി റിസര്‍വോയറില്‍ ജലനിരപ്പ് വന്‍തോതില്‍ താഴ്ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇവിടത്തെ ജലനിരപ്പ് ഏറെ താഴ്ന്നുവെന്ന് വൈദ്യുതി വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
വേനല്‍ക്കാലത്ത് വൈദ്യുതിയുടെ ഉപഭോഗവും കുത്തനെ ഉയര്‍ന്നു. സംസ്ഥാ
നത്തെ ഉല്‍പ്പാദനത്തിന് പുറമേ പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നതിനാലാണ് പ്രതിസന്ധിയില്ലാതെ പോയത്. 80 ദശലക്ഷം യൂണിറ്റ് വരെയാണ് വേനലിലെ പ്രതിദിന ഉപഭോഗം. മുന്‍പ് ഇത് 74 ദശലക്ഷം യൂണിറ്റ് വരെയായിരുന്നു. കേരളത്തിലെ ഉല്‍പാദനം മാത്രംകൊണ്ട് വൈദ്യുതിയുടെ ആവശ്യം നിറവേറ്റാനാകാത്തതിനാല്‍ പുറമെ നിന്നുള്ള പര്‍ച്ചേസും വര്‍ദ്ധിക്കുകയാണ്. പലപ്പോഴും 50 ദശലക്ഷം യൂണിറ്റു വരെയായി പര്‍ച്ചേസ് വര്‍ദ്ധിച്ചിട്ടുണ്ട്.
ഒഴുക്ക് നിലച്ച നദികള്‍
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആയപ്പോഴേക്കും കേരളത്തിലെ നദികളിലെ ജലനിരപ്പ് താഴാന്‍ തുടങ്ങിയിരുന്നുവെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പുഴകളിലെ വെള്ളം കുറഞ്ഞിരുന്ന സ്ഥാനത്താണിത്.
വേനലില്‍ കേരളം ചുട്ടുപൊള്ളുകയും വരണ്ടുണങ്ങുകയും ചെയ്തതിന്റെ കാരണം നദീജലം വറ്റിയതു തന്നെയാണ്. കഴിഞ്ഞ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ ലഭിക്കേണ്ട ശരാശരി മഴയേക്കാള്‍ അധികം ലഭിച്ചിട്ടാണ് ഈ സ്ഥിതി വന്നതെന്ന കാര്യം പ്രത്യേകം ഓര്‍ക്കണം.
ഫെബ്രുവരിയില്‍ തന്നെ ദുരന്ത നിവാരണ കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തിന്റെ 65 ശതമാനം പ്രദേശങ്ങളും കൊടിയ വരള്‍ച്ചയുടെ പിടിയിലാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ''ജലത്തോട് നമുക്കുള്ള ഒരു ബഹുമാനമില്ലായ്മ കൊണ്ടാണ് വരള്‍ച്ച എന്നൊരു അവസ്ഥ കേരളത്തിലുണ്ടാകുന്നത്,'' കേരള സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ് പറയുന്നു.
പരിസ്ഥിതിയെ സംരക്ഷിക്കാന്‍ പ്രസ്ഥാനങ്ങള്‍ മുന്നോട്ട്
കേരളത്തെ വറചട്ടിയിലാക്കിയ കടുത്ത വേനല്‍ ക്രിയാത്മകമായ നിരവധി പുതിയ ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും വഴി മരുന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. മരം ഒരു വരമാണെന്ന തിരിച്ചറിവ് കുറേക്കൂടി ശക്തമായി. ഒരു വഴിപാട് പോലെ മുന്‍കാലങ്ങളില്‍ നടന്നിരുന്ന പരിസ്ഥിതി ദിനാചരണത്തില്‍ നിന്നും വ്യത്യസ്തമായി പരിസ്ഥിതിയെ സംരക്ഷിക്കാന്‍ കോര്‍പ്പറേറ്റുകള്‍ അടക്കമുള്ളവര്‍ മുന്നിട്ടിറങ്ങുന്നുണ്ട്. ഒപ്പം ചില സന്നദ്ധ സംഘടനകളും.
കേരളത്തെ പച്ച പുതപ്പിക്കാന്‍ പച്ചഞരമ്പ്
കേരളത്തില്‍ മരം വെച്ചുപിടിപ്പിക്കാന്‍ സജീവവും വ്യത്യസ്തവുമായ ഇടപെടല്‍ നടത്തുന്ന ഗ്രീന്‍വെയ്ന്‍ എന്ന സന്നദ്ധ സംഘടന ഇതിനുദാഹരണമാണ്. ഇന്ത്യയൊട്ടാകെ നൂറ് കോടി മരങ്ങള്‍ വെച്ചുപിടി
പ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്വാമി സംവിധാനന്ദ് രൂപം കൊടുത്തിരിക്കുന്ന ഈ പ്രസ്ഥാനം കേരളത്തില്‍ രണ്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. ''ഒരു മരം വളരാന്‍ മൂന്നു ഘടകങ്ങള്‍ മാത്രം ഒത്തുവന്നാല്‍ മതി. ഒരു മരത്തൈ, അത് നടാനുള്ള ഭൂമി, നോക്കി നടത്താന്‍ താല്‍പ്പര്യമുള്ള ഒരാള്‍. ഞങ്ങള്‍ ഈ മൂന്ന് ഘടകങ്ങളെ ഒത്തുചേര്‍ക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിന്റെ അന്യം നിന്നുപോകുന്ന മരങ്ങളെ വീണ്ടെടുക്കാന്‍ കൂടിയാണ് ഞങ്ങള്‍ ശ്രമിച്ചിക്കുന്നത്,'' ഗ്രീന്‍ വെയ്ന്‍ കേരള കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളായ ആര്‍ക്കിടെക്റ്റ് ഐ. കെ ശ്യാം പറയുന്നു.
ഓരോ വ്യക്തിയുടെ ജീവിതത്തിലെ ഓരോ സംഭവത്തെയും ആഘോഷത്തെയും ഒരു മരതൈ നടാനുള്ള അവസരമാക്കി മാറ്റാനാണ് ഗ്രീന്‍വെയ്ന്‍ മൂവ്‌മെന്റുകാര്‍ ശ്രമിക്കുന്നത്. ''എന്റെ പിതാവ് മരിച്ചപ്പോള്‍ സ്വാമി സംവിധാനന്ദ് പിതാവിന്റെ ഓര്‍മയ്ക്കായി കുറേ മരത്തൈകള്‍ വെയ്ക്കാന്‍ അവയുമായി ഞങ്ങളുടെ ഹൗസിംഗ് കോളനിയിലെത്തി. സത്യത്തില്‍ എനിക്കത് അപ്പോള്‍ അരോചകമായി തോന്നി. പക്ഷേ മണിക്കൂറുകള്‍ക്കുള്ളില്‍ ആ കോളനിയിലെ ജനങ്ങള്‍ ആ മൂവ്‌മെന്റുമായി സഹകരിച്ചു. 78ാംവയസില്‍ മരിച്ച പിതാവിന്റെ ഓര്‍മയ്ക്കായി 78 മരങ്ങള്‍ നടാനാണ് തീരുമാനിച്ചതെങ്കില്‍ കേട്ടറിഞ്ഞ് ജനങ്ങള്‍ എത്തിയതോടെ നട്ട മരങ്ങളുടെ എണ്ണം 600 കവിഞ്ഞു,'' സ്വന്തം അനുഭവം ശ്യാം വെളിപ്പെടുത്തുന്നു.
പെണ്‍കുഞ്ഞിന് തേക്കിന്‍ തൈ
സംസ്ഥാനത്തെ പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ ജനിക്കുന്ന ഓരോ പെണ്‍കുഞ്ഞിനും ഒരു തേക്കിന്‍ തൈ സൗജന്യമായി വിതരണം ചെയ്യുന്നു. ഓരോ പെണ്‍കുഞ്ഞ് പിറക്കുമ്പോഴും ഒരു തേക്കിന്‍ തൈ നടൂ എന്ന സന്ദേശം പ്രചരിപ്പിക്കുന്ന ഇവര്‍ കമ്പനിയുടെ ജീവനക്കാരുടെ ജന്മദിനത്തിന് സമ്മാനമായി നല്‍കുന്നത് തേന്‍മാവിന്‍ തൈകളാണ്.
കുളത്തിലിറങ്ങാന്‍ കളക്റ്ററും
'എന്റെ കുളം, എറണാകുളം' എന്ന പദ്ധതിയിലൂടെ എറണാകുളം ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളിലെ 51 കുളങ്ങള്‍ നവീകരിച്ച പദ്ധതി സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായി. ജില്ലാ കളക്റ്റര്‍ രാജമാണിജ്യം കുളം നവീകരിക്കാന്‍ അന്‍പോട് കൊച്ചി എന്ന ഫേയ്‌സ് ബുക്ക് കൂട്ടായ്മയെയും എല്ലാം കൂട്ടി രംഗത്തെത്തിയപ്പോള്‍ പൊതുജനം അത് ഇരുകൈയും നീട്ടി സ്വീകരിച്ചു. ''പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ നേരിട്ട് ഇടപഴകുമ്പോള്‍ അവര്‍ക്ക് ജലത്തോടുള്ള സമീപനത്തില്‍ തന്നെ മാറ്റം വരും,'' ഡോ. ശേഖര്‍ പറയുന്നു.
ബിരിയാണി തരും, കുളം കുഴിച്ചാല്‍
കേരള സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി കോഴിക്കോട് ജില്ലയില്‍ നടപ്പാക്കിയ പദ്ധതിയാണ് 'കുളം കോരൂ, ബിരിയാണി തരാം,' എന്നത്. പൊതുജന പങ്കാളിത്തതോടെ കുളം കോരുന്ന ഈ പദ്ധതി ഏറെ വിജയകരമായിരുന്നുവെന്ന് ഡോ. ശേഖര്‍ പറയുന്നു. ഒപ്പം വയനാട്ടില്‍ 1900 ചെക്ക് ഡാമുകള്‍ സിമന്റ് ഇല്ലാതെ പ്രാദേശികമായുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഇവര്‍ നിര്‍മിച്ചു. കോട്ടയത്ത് 'വേനല്‍ത്തുള്ളികളും' തൃശൂരില്‍ വളരെയേറെ ജനശ്രദ്ധ പിടിച്ചുപറ്റിയ 'വനപ്പൊലിമ' എന്ന കിണര്‍ റീച്ചാര്‍ജ് പദ്ധതിയുമെല്ലാം ദുരന്തനിവാരണ അഥോറിറ്റി നടപ്പാക്കിയിട്ടുണ്ട്. അദ്ദേഹം അഭിപ്രായപ്പെടുന്നു.
മരം നട്ട് വാര്‍ഷികാഘോഷം
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക്റ്റ് സ്ഥാപനമായ കുമാര്‍ ഗ്രൂപ്പ് അവരുടെ 40ാം വാര്‍ഷികം പ്രമാണിച്ച് കൊച്ചിയില്‍ ലക്ഷക്കണക്കിന് മരങ്ങള്‍ വെച്ചുപിടിപ്പിക്കാനുള്ള ശ്രമത്തിലാണ്.
ശുദ്ധജലം നല്‍കാന്‍ മമ്മൂട്ടിയും
ശുദ്ധജലക്ഷാമം കടുത്തപ്പോള്‍ അത് പരിഹരിക്കാന്‍ നടന്‍ മമ്മൂട്ടി രൂപം കൊടുത്ത 'ഓണ്‍ യുവര്‍ വാട്ടര്‍' പദ്ധതിയും ഈ വേനലില്‍ ശ്രദ്ധ നേടി. കൊച്ചിയിലും കോട്ടയത്തും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശുദ്ധജല സംഭരണി മമ്മൂട്ടി സ്ഥാപിച്ചു. മഴ ലഭിച്ച് ശുദ്ധജല ക്ഷാമം പരിഹരിക്കും വരെ ഇവ പ്രവര്‍ത്തിക്കുമെന്നറിയിച്ച മമ്മൂട്ടി ജലസംരക്ഷണത്തിനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും ചര്‍ച്ചകളിലും സജീവമായി ഇടപെടുന്നുമുണ്ട്.
മനസിലെ കാടത്തം മരിക്കട്ടെ, നമ്മുടെ ലോകം നിലനില്‍ക്കട്ടെ
കൊച്ചി ആസ്ഥാനമായുള്ള പ്രമുഖ പരസ്യ ഏജന്‍സിയായ ഓര്‍ഗാനിക് ബിപിഎസ് മനുഷ്യ മനസിലെ കാടത്തത്തെ തൂത്തെറിഞ്ഞ് ലോകം നിലനില്‍ക്കാന്‍ ഉപകരിക്കും വിധമുള്ള രചനകളെയാണ് ക്ഷണിക്കുന്നത്. ഗ്രീന്‍ സ്റ്റോം ഇക്കോടെയ്ല്‍ കോണ്‍ടെസ്റ്റ് എന്നതിനെ കഴിഞ്ഞ ഏഴുവര്‍ഷമായി പരിസ്ഥിതി ബോധവല്‍ക്കരണത്തിനുള്ള ഉപാധിയാക്കുകയാണ് ഓര്‍ഗാനിക് ബിപിഎസ്.
പുഴകളെ സംരക്ഷിക്കാന്‍ കൂട്ടായ്മകള്‍
44 നദികളുള്ള നാടാണ് കേരളം. ഈ നദികളില്‍ പലതും വേനലില്‍ കണ്ണീര്‍ ച്ചാല്‍ മാത്രമായി മാറുമ്പോള്‍ നോവുന്ന മനസുള്ള വലിയൊരു സമൂഹം സംസ്ഥാനത്ത് ഉടലെടുക്കുന്നുവെന്നതും ശ്രദ്ധേയമാണ്. നദികളുടെ സംരക്ഷണത്തിനായി രൂപം കൊള്ളുന്ന കൂട്ടായ്മകള്‍ തന്നെ ഇതിനുദാഹരണം. പക്ഷേ ഈ ദിശയില്‍ ഒട്ടേറെ കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. നിറംമാറിയൊഴുകുന്ന പെരിയാറും ദുര്‍ഗന്ധം വമിക്കുന്ന കായലോരങ്ങളും ബിയര്‍ കുപ്പികള്‍ പൊട്ടിച്ചിതറിയ അരുവികളും ഒഴുക്ക് നിലച്ച കനാലുകളും കേരളീയരുടെ കണ്ണ് ഇനിയും തുറപ്പിക്കേണ്ടതുണ്ട്.
മഴവെള്ളത്തെ ഭൂമിയിലിറക്കാന്‍ മഴക്കൊയ്ത്ത്
വീടിന്റെ മുകളില്‍ വീഴുന്ന മഴവെള്ളത്തെ ടാങ്കില്‍ ശേഖരിച്ച് ഭൂമിയിലേക്കിറക്കിയ കുഴലിലൂടെ ഭൂമിക്ക് തന്നെ തിരിച്ചു നല്‍കാനുള്ള കൊച്ചു പദ്ധതികളും സംസ്ഥാനമെമ്പാടുമുള്ള പല വ്യക്തികളും പ്രസ്ഥാനങ്ങളും ചെറുതും വലുതുമായ രീതികളില്‍ നടപ്പാക്കുന്നുണ്ട്. 'മേല്‍ക്കൂര മഴവെള്ളക്കൊയ്ത്' എന്ന നൂതനമായ പദ്ധതി സ്വയം നടത്തി വിജയിച്ചിരിക്കുന്ന കോഴിക്കോട്ടെ ഡോ. സി. ബാലകൃഷ്ണന്‍ നായര്‍ മുതല്‍ സ്വന്തം വീട്ടില്‍ മാത്രമല്ല ചുറ്റുവട്ടത്തെ കിണറുകളെ വരെ ജലസമൃദ്ധമാക്കുന്ന പദ്ധതി ഒരുക്കുന്ന മറ്റനേകം പേരുടെ ശ്രമങ്ങളെ വരെ ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.
സ്‌കൂള്‍ ഗ്രൗണ്ടുകളില്‍ മഴക്കാലത്ത് ലഭിക്കുന്ന വെള്ളം പാഴായിപ്പോകാതെ ഫില്‍ട്ടര്‍ ചെയ്ത സംരക്ഷിക്കുന്നതിനോ അല്ലെങ്കില്‍ അവയെ മണ്ണിലേക്ക് ആഴ്ന്നിറങ്ങാന്‍ സഹായിക്കുന്നതോ ആയ പദ്ധതികളും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി ആലോചിക്കുന്നുണ്ട്.
കേരളത്തില്‍ വളരെ കുറച്ച് മഴ ലഭിക്കുന്ന പാലക്കാട്ടെ വടകരപ്പതി പഞ്ചായത്തില്‍ ജലക്ഷാമം പരിഹരിക്കാന്‍ ഭൗമശാസ്ത്ര പഠന കേന്ദ്രവുമായി ചേര്‍ന്ന് ജലം സൃഷ്ടിക്കുന്നതിനുള്ള പരീക്ഷണങ്ങളും ദുരന്തനിവാരണ അഥോറിറ്റി നടത്തുന്നുണ്ട്.
കേരളത്തിലെ പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലെ ഭൂഗര്‍ഭ ജലനിരപ്പ് മൂന്ന് മീറ്റര്‍ വരെ താണിരിക്കുകയാണെന്ന് ഭൂജല വകുപ്പ് ഡയറക്റ്റര്‍ കെ.എസ് മധു പറയുന്നു. ''ജലനിരപ്പ് ഒരുപാട് താഴ്ന്ന സ്ഥലങ്ങളില്‍ റീച്ചാര്‍ജ് സംവിധാനം ഏര്‍പ്പെടുത്തുകയാണ് ഒരു പോംവഴി. ഇതും വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നുണ്ട്.
മേല്‍ക്കൂരയില്‍ വീഴുന്ന വെള്ളം
ഫില്‍റ്റര്‍ ചെയ്ത് പൈപ്പ് മുഖേന കിണറുകളിലേക്ക് എത്തിച്ച് റീച്ചാര്‍ജ് ചെയ്യുന്ന സംവിധാനമാണിത്. കൂടാതെ ചെക്ക് ഡാമുകളും നിര്‍മിക്കുന്നുണ്ട്. നിലവിലുള്ള വീടുകളിലും പുതിയ വീടുകളിലും റെയിന്‍വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് സംവിധാനങ്ങള്‍ നിര്‍ബന്ധമായും നടപ്പാക്കുന്നതിലൂടെയും ഭൂഗര്‍ഭ ജലനിരപ്പിനെ സംരംക്ഷിക്കാനാകും. ഫ്‌ളാറ്റുകളിലും ഇത് നടപ്പാക്കണം,'' കെ.എസ് മധു ചൂണ്ടിക്കാട്ടുന്നു.
- See more at: http://www.dhanamonline.com/ml/articles/details/127/2654#sthash.dnAesI7D.dpuf