ഒരു വാഴയില്‍ നിന്നു നാലായിരം രൂപവരെ സമ്പാദിക്കാം 10 മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കി വില്‍പന നടത്തുന്നു
മലപ്പുറം: ഒരു വാഴയില്‍ നിന്നു നാലായിരം രൂപവരെ സമ്പാദിക്കാം. കേട്ടു ഞെട്ടേണ്ട. വാഴയുടെ വിവിധ ഭാഗങ്ങള്‍ മൂലവര്‍ധിത വസ്‌തുക്കളാക്കി വില്‍പന നടത്തി തെളിയിച്ചിരിക്കുകയാണു ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം. നമ്മള്‍ പാഴാക്കിക്കളയുന്ന വാഴയുടെ വിവിധ ഭാഗങ്ങളടക്കം ഉപയോഗിച്ചു പത്തോളം ഉല്‍പന്നങ്ങളുണ്ടാക്കി ഇവ ചെറുതും വലുതുമായ പാക്കുകളിലാക്കി വില്‍പന നടത്തിയാണു ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം ഈ നേട്ടംകൈവരിച്ചിരിക്കുന്നത്. വാഴ ഉല്‍പന്നങ്ങളുണ്ടാക്കുന്ന പരിശീലനത്തിനായി നൈജീരിയയില്‍ നിന്നുള്ള കര്‍ഷക സംഘം ഫെബ്രുവരി മാസത്തോടെ ഇവിടെയത്താനുള്ള പുറപ്പാടിലാണ്.
അഞ്ചു ദിവസത്തെ പരിശീലനത്തുന്ന നൈജീരിയല്‍ സംഘത്തിലെ ഒരാള്‍ക്കു ഒരു ദിവസത്തെ പരിശീലന ഫീസായി 250 ഡോളാര്‍ വാങ്ങാനാണു ധാരണ. ആദ്യ ഘട്ടത്തില്‍ നൈജീരിയയില്‍ നിന്നു 25 ഓളംകര്‍ഷക സംഘമെത്തുമെന്നാണു വിവരം. ഇവരുടെ പരിശീലന ഫീസായി ലഭിക്കുന്ന തുകയും കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനു മുതല്‍ക്കൂട്ടാകും. ഇതിനു മുന്നോടിയായി മഹാരാഷ്‌ട്രയില്‍ നിന്നുള്ള 30 പേര്‍ക്കും പരിശീലനം നല്‍കും. കര്‍ണാടക കാര്‍ഷിക വിജ്‌ഞാന്‍ കേന്ദ്രയുടെ ആഭിമുഖ്യത്തിലുള്ള സംഘത്തിനു ഘട്ടംഘട്ടമായി പരിശീലനം പൂര്‍ത്തിയാക്കാനാണു ഉദ്ദേശിക്കുന്നത്. വാഴക്കൃഷി കൂടുതലായി നടത്തുന്ന രാഷ്‌ട്രമാണു നൈജീരിയ. ഇതിനാല്‍ ഇവര്‍ക്കു വാഴ ഉല്‍പന്നങ്ങളെ കുറിച്ചു പഠിക്കാനും ഉല്‍പാദിപ്പിക്കാനും താല്‍പര്യമുണ്ടെന്നും പരിശീലനം നല്‍കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു.
ഇതോടെ ഫെബ്രുവരി മാസം ഇവര്‍ക്കു പരിശീലനം നല്‍കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഗവേഷണ കേന്ദ്രത്തില്‍ ഉല്‍പാദിപ്പിക്കുന്ന വാഴയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങക്കു ഏറെ ഉപഭോക്‌താക്കളുണ്ട്. ഏറെ സ്വധിഷ്‌ടമായ ഈ ഉല്‍പന്നങ്ങള്‍ വിദേശരാജ്യങ്ങളിലേക്കുവരെ കയറ്റി അയക്കുന്നുണ്ട്. ഇവക്കു യാതൊരു വിധ പാര്‍ശ്വഫലങ്ങളുമില്ലയെന്നതും ഇവയെ പ്രിയപ്പെട്ടതാക്കുന്നു. ഇവ ഉണ്ടാക്കുന്നതിനുള്ള പരിശീലനവും ഇവിടെ നല്‍കുണ്ട്. പഴുത്ത പഴത്തിന്റെ തൊലികൊണ്ടു കൊണ്ടാട്ടം, പച്ചതൊലികൊണ്ട് അച്ചാര്‍, വാഴയുടെ താഴെ ഭാഗം കൊണ്ടു വാഴക്കല്ല അച്ചാര്‍, ജെല്ലി, ഹലുവ, ജാം, ബേബി പൗഡര്‍, ചെറിയ കായകൊണ്ടു കോഴത്തീറ്റ, ചിപ്‌സ് തുടങ്ങിയ ഉല്‍പന്നങ്ങളാണു വലിയ പാക്കറ്റുകള്‍ മുതല്‍ 10, 15 രൂപാ വിലയുള്ള പാക്കറ്റുകളില്‍വരെ വില്‍പന നടത്തുന്നത്. ഇവ പാക്കറ്റുകളാക്കിക്കഴിഞ്ഞാല്‍ രണ്ടു ദിവസത്തിനുള്ളില്‍ മുഴുവന്‍ വിറ്റുപോകുന്നുണ്ടെങ്കിലും കൂടുതലായി ഉല്‍പാദിപ്പിക്കാന്‍ നിലവില്‍ ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സൗകര്യമില്ല. ഇവിടെ ഉണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ ഇവിടെ വെച്ചു തന്നെ വില്‍പന നടത്തുന്നതിനു പുറമെ ചിലര്‍ കൂടുതലായി വാങ്ങി ഗള്‍ഫ് രാജ്യങ്ങളിലേക്കടക്കം കയറ്റിഅയക്കുന്നുണ്ട്.
ഇത്തരത്തില്‍ ഒരു വാഴയില്‍ നിന്നു നാലായിരം രൂപവരെ സാമ്പാദിക്കാന്‍ കഴിയുന്നുണ്ടെന്നു ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്‍ മംഗളത്തോടു പറഞ്ഞു. അടുത്ത കാലാത്തായി വാഴകൊണ്ടുള്ള ഉല്‍പന്നങ്ങളുണ്ടാക്കാന്‍ 25 ലധികം പേര്‍ക്കു പരീശലനം നല്‍കിക്കഴിഞ്ഞു. നിലവില്‍ നാലു പേര്‍ ഇവിടെ പരിശീലനത്തിനുണ്ട്. സാധാരണ ഒരു വാഴ നട്ടാല്‍ വാഴക്കുല മാത്രം എടുത്തു ഉപേക്ഷിക്കാറാണു പതിവ്. ഇവ വിറ്റാല്‍ കര്‍ഷകര്‍ക്കു ലഭിക്കുന്നതോ 150 രൂപയോളം മാത്രവുമാണ്. മികവിന്റെ കേന്ദ്രമായ പ്രഖ്യാപിച്ചു സര്‍ക്കാര്‍ ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനു രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ നിന്നും 80 ലക്ഷം രൂപാ ചെലവഴിച്ചു ഒരു പരിശീലന കേന്ദ്രം കൂടി തുടങ്ങാനുള്ള തെയ്ാറെടുയപ്പിലാണു അധികൃതര്‍. ഇതോടെ കൂടുതല്‍ പേര്‍ക്കു ഒരുമിച്ചു പരിശീലനം നല്‍കാനും കര്‍ഷകരില്‍ നിന്നും കൂടുതല്‍ ഉല്‍പന്നങ്ങള്‍ വാങ്ങാനും സാധിക്കും.
വി.പി നിസാര്‍ മലപ്പുറം