- കായിക പഠനം
- ബയോഇൻഫർമാറ്റിക്സ്
- കമ്പനി സെക്രട്ടറി
- സാമ്പത്തിക ശാസ്ത്രം
- ഇ കൊമേഴ്സ്
- മാധ്യമ പ്രവർത്തനം
- ഫിഷറീസ്
- ആക്ച്വറി
- ലിംഗ്വിസ്റ്റിക്
- ഡിസൈനിംഗ്
- സോഫ്റ്റ് വെയർ എൻജിനിയർ
കായിക പഠനം
എല്ലാ ശാസ്ത്ര ശാഖകളോടും കിട പിടിക്കുന്നതും ഇഴ പിരിഞ്ഞു കിടക്കുന്ന രീതിയിലുള്ള ഒരു വിഷയമായി കായിക വിദ്യാഭ്യാസ രംഗം ഉയർന്ന് കഴിഞ്ഞു. ശാസ്ത്ര വിഷയമായ ഫിസിക്സുമായി ബണ്ഡപ്പെട്ട് ബയോ മെക്കാനിക്സ്, ഫിസിയോളജിയുമായി ബണ്ഡപ്പെട്ട് എക്സർസൈസ് ഫിസിയോളജി എന്നിവയും സ്പോർട്സ് സൈക്കോളജി, സ്പോർട്സ് സോഷ്യോളജി, സ്പോർട്സ് ബയോകെമിസ്ട്രി, സ്പോർട്സ് മെഡിസിൻ, സ്പോർട്സ് മാനേജ്മെൻറ്റ്, സ്പോർട്സ് ഹിസ്റ്ററി ഇങ്ങനെ ഒട്ടനവധി ശാസ്ത്ര വിഷയങ്ങൾ കായിക മേഘലയുമായി ബണ്ഡപ്പെട്ടുണ്ട്. കായിക സാക്ഷരത എന്ന മുദ്രാവാക്യം അന്താരാഷ്ട്ര തലത്തിൽ തന്നെ ഉയർന്ന് വന്നു കഴിഞ്ഞു. ഇന്ത്യയിൽ സെൻട്രൽ അഡ്വൈസറി ബോർഡ് ഓൺ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് ഈ ലക്ഷ്യത്തിലെത്തുവാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. അതിൻറ്റെ ഭാഗമായി സി ബി എസ് സി സ്കൂളുകളിലും കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുവാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലും അതിനുള്ള നടപടികൾക്ക് തുടക്കമിട്ടു കഴിഞ്ഞു. അതു കൊണ്ട് തന്നെ കായിക വിദ്യാഭ്യാസം മികച്ച ഒരു കരിയർ ആയി വരും കാലങ്ങളിൽ ഉയരുമെന്നതിനു പക്ഷാന്തരമില്ല.
കോഴ്സുകളും സ്ഥാപനങ്ങളും
ഏതു വിഷയത്തിൽ പ്ല സ് ടു പാസാകുന്ന വിദ്യാർത്ഥിക്കും നാലു വർഷം ദൈർഖ്യമുള്ള ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (ബി പി ഇ) കോഴ്സിനു ചേരാം. ബി പി ഇ ഉള്ളവർക്കു രണ്ട് വർഷത്തെ എം പി എ കോഴ്സിനു ചേരാം. 25 വയസിൽ താഴെയായിരിക്കണം. ഒരു വർഷത്തെ എം ഫിൽ കോഴ്സിനു 55 ശതമാനത്തോടെയുള്ള എം പി ഇ ആണു യോഗ്യത. ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് ഒരു വർഷത്തെ പി ജി ഡിപ്ലോമ ഇൻ ഹെൽത്ത് ആൻഡ് ഫിറ്റ്നെസ്സ് മാനേജ്മെൻറ്റ് കോഴ്സിനു ചേരുവാൻ കഴിയും. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് സ്പോർട്സ് കോച്ചിങ്ങിൽ മാസ്റ്റർ ഡിഗ്രിക്ക് ചേരുവാൻ കഴിയും. സ്പോർട്സ് മെഡിസിനിൽ പി ജി ഡിപ്ലോമ, വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകൾ തുടങ്ങിയവ ഈ രംഗത്തുണ്ട്. മെഡിക്കൽ ബിരുദവും ഇൻറ്റേൺഷിപ്പും പൂർത്തിയാക്കിയവർക്ക് സ്പോർട്സ് മെഡിസിനിൽ പി ജി ഡിപ്ലോമക്ക് ചേരാം. മിക്കവാറും എല്ലാ കായിക ഇനങ്ങളിലും ഡിപ്ലോമ നേടുവാനും അവസരങ്ങളുണ്ട്. കായിക വിദ്യാഭ്യാസത്തിലും സ്പോർട്സ് സയൻസിലും ഗവേഷണം (പി എച്ച് ഡി) നടത്തുവാനുള്ള അവസരങ്ങളുമുണ്ട്.
തിരുവനന്തപുരം കാര്യവട്ടത്തെ ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, പട്യാലയിലെ നേതാജി സുഭാഷ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ്, നോയിഡയിലെ അമിറ്റി സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ് തുടങ്ങിയവ ഈ രംഗത്തെ പ്രശസ്തമായ സ്ഥാപനങ്ങളാണു. ചെന്നയിലെ ശ്രീ രാമചന്ദ്രാ യൂണിവേഴ്സിറ്റി നടത്തുന്ന സ്പോർട്സ് ആൻഡ് എക്സർസൈസ് സയൻസിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ ഇൻറ്റേഷിപ്പുൾപ്പെടെ നാലു വർഷമാണു കാലാവുധി.
തൊഴിൽ അവസരങ്ങൾ
കായിക രംഗത്ത് ഉന്നത ബിരുദങ്ങളും മികച്ച പരിശീലനവും നേടിയവർക്ക് മികച്ച അവസരങ്ങളാണിന്നുള്ളത്. സ്കൂൾ, കോളേജ് തലങ്ങളിലെ കായിക അധ്യാപകർ, കായിക വിദ്യാലയങ്ങളിലേയും സർവകലാശാലകളിലേയും ഡയറക്ടർ, സൂപ്പർവൈസർമാർ, ഫിറ്റ്നസ് ട്രെയിനർമാർ, സയൻറ്റിഫിക് ഓഫീസർമാർ തുടങ്ങി വിപുലമായ അവസരങ്ങൾ ഇന്നുണ്ട്.
ബയോഇൻഫർമാറ്റിക്സ്
ബയോ ഇൻഫ്ർമാറ്റിക്സ് എന്ന നൂതന പഠനശാഖ കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെയും ജീവശാസ്ത്രത്തിന്റേയും സമ്മേളനമാണു. ജനിതക എഞ്ചിനീയറിംഗ്, ഔഷധ നിർമ്മാണം എന്നിവയിലാണു പ്രധാനമായും ആപ്ലിക്കേഷനുള്ളത്. കംപ്യൂട്ടർ അഭിരുചിയുള്ള ജീവശാസ്ത്ര തൽപരർക്ക് ഏറെ ഇണങ്ങുന്നതാണു ഈ രംഗം.
പഠന വിഷയങ്ങൾ
Data structure & Algorithm, Genomics & Protenomics, Molecular Biology, Computer language & Algorithm, Gene Mapping & Sequencing എന്നിവയാണു പ്രധാന പഠന മേഘലകൾ. കൂടാതെ Matlab പോലെയുള്ള കമ്പ്യൂട്ടർ ടൂളുകളിലും പ്രാവിണ്യം നേടേണ്ടതുണ്ട്. ജീവശാസ്ത്രത്തിൽ RNA, DNA, Protein Sequence എന്നിവയുമായി ബന്ധപ്പെട്ട് ഒരു ഗവേഷകന് ലഭ്യമാകുന്ന വിവരങ്ങളെ കമ്പ്യൂട്ടർ ഉപയോഗിച്ച് ക്രമപ്പെടുത്തി ഗവേഷണഫലം കുറ്റമറ്റ രീതിയിലും വേഗത്തിലും ശാസ്ത്ര സമൂഹത്തിൽ എത്തിക്കുന്നു. അതായത് ജീവശാസ്ത്രത്തിൽ ഗണിതത്തിൻറ്റെയും സ്ഥിതിവിവര ശാസ്ത്രത്തിൻറ്റേയും (Statistics) ആപ്ലിക്കേഷൻ എന്നു പറയാം
പഠന സ്ഥാപനങ്ങൾ
ബിരുദം(B.Sc,B.Tech), ബിരുദാനന്തരബിരുദം(M.Sc,M.Tech), ഗവേഷണ ബിരുദം (M.Phil,Ph.D) എന്നിവയിൽ ഇന്ത്യയിൽ ഒട്ടേറെ സ്ഥാപനങ്ങൾ ബയോ ഇൻഫ്ർമാറ്റിക്സ് പഠനത്തിന് അവസരമൊരുക്കുന്നു. ബിരുദ തലത്തിൽ പ്രൊഫഷണൽ ബിരുദം നല്കുന്ന സ്ഥാപനങ്ങൾ കേരളത്തിൽ നിലവിലില്ല. കേരളത്തിന് പുറത്ത് തമിഴ്നാട് കാർഷിക സർവ്വകലാശാല, അമിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജി, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, 'ശാസ്ത്ര' സർവ്വകലാശാല തഞ്ചാവൂർ എന്നിവ ബയോ ഇൻഫ്ർമാറ്റിക്സിൽ എഞ്ചിനീയറിംഗ് ബിരുദം (B.Tech, B.E) നൽകുന്നുണ്ട്. നോർത്ത് ഒറീസ സർവ്വകലാശാലയിൽ B.Sc (Hons) ലഭ്യമാണ്. കേരളത്തിൽ തിരുവല്ലായിലെ എം എ കോളേജ് ഓഫ് അഡ്വാൻസഡ് സ്റ്റഡീസിൽ എം എസ് സി കോഴ്സുണ്ട്. കേരള സർവ്വകലാശാലയിലെ ബയോ ഇൻഫ്ർമാറ്റിക്സ് കേന്ദ്രം M.Phil ബയോ ഇൻഫ്ർമാറ്റിക്സും, M.Sc കമ്പ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്. പൂനെ സർവ്വ കലാശാലയുടെ ബയോ ബയോ ഇൻഫ്ർമാറ്റിക്സ് പഠന കേന്ദ്രം ദേശീയ തലത്തിൽ ശ്രദ്ധേയമായ സ്ഥാപനമാണ്. ഇവിടെ M.Phil, പിഎച്ച്.ഡി എന്നീ ഗവേഷണ പഠന സൗകര്യങ്ങളും കൂടാതെ എം.എസ്സി പ്രോഗാമും നടത്തപ്പെടുന്നു. മദ്രാസ്, ഹൈദ്രാബാദ്, പോണ്ടിച്ചേരി, അണ്ണാമലൈ, ബനാറസ് ഹിന്ദു എന്നീ സർവ്വ കലാശാലകളും ബയോ ബയോ ഇൻഫ്ർമാറ്റിക്സിൽ ബിരുദാനന്തര ബിരുദത്തിനുള്ള പഠന അവസരങ്ങൾ ഒരുക്കുന്നുണ്ട്. IIT,IISc അടക്കമുള്ള ഉന്നത വിദ്യാഭ്യാസരംഗത്തെ വിശ്രുത സ്ഥാപനങ്ങള്ക്കൊപ്പം ഡൽഹി അരുണ ആസഫലി മാർഗ്ഗിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി (www.nii.res.in/bioinfo.html) തുടങ്ങി ദേശീയ നിലവാരമുള്ള ഗവേഷണസ്ഥാപനങ്ങളും ഡോക്ടറൽ പഠന സൗകര്യം നല്കുന്നു.
ജോലി സാധ്യത
നിലവിൽ ഔഷധ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒട്ടേറെ അവസരങ്ങൾ ലഭ്യമാണ്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (http://rgcb.res.in), ബാംഗ്ലൂർ ബയോകോൺ തുടങ്ങിയ സ്ഥാപനങ്ങളുടെ Research & Development വിങ്ങിൽ ഗവേഷകരാകാം. ജീവ ഫൈന്റിംഗ്, ജിനോം അസംബ്ലി, പ്രോട്ടീൻ സീക്വൻസ് അലൈൻമെന്റ്, പ്രോട്ടീൻ സ്ട്രക്ച്ചർ അനാലിസിസ് എന്നിവയുമായി ബന്ധപ്പെട്ട് ആരോഗ്യ മേഖലയിലും (Healthcare Sector) മെഡിക്കൽ ലാബുകളിലും ഒട്ടേറെ അവസരങ്ങളാണ് ബയോ ഇൻഫ്ർമാറ്റിക്സ് പ്രഫഷണലുകളെ കാത്തിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ബയോടെക്നോളജി വകുപ്പ് പൂനെ സര്വ്വകലാശാലയുടെ അക്കാദമിക സഹകരണത്തോടെ BioInformatics National Certification- BINC എന്ന സർട്ടിഫിക്കേഷൻ പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്.
വ്യത്യസ്ഥമായ ഈ മേഖല പഠനത്തിനായി തിരഞ്ഞെടുക്കുന്നവർ ഒന്നോർക്കുക, കേവലം ബിരുദത്തെക്കാൾ ബിരുദാനന്തര ബിരുദം, ഡോക്ടറേറ്റ്, പോസ്റ്റ് ഡോക്ടറൽ എന്നീ യോഗ്യതകൾ കൂടി നേടിയാലെ ഈ മേഖലയിൽ നല്ലയൊരു കരിയർ പടുത്തുയർത്താനാവു.
കമ്പനി സെക്രട്ടറി
ആധുനിക കോർപ്പറേറ്റ് പ്രൊഫഷണലുകൾക്കിടയിൽ കമ്പനി സെക്രട്ടറിക്ക് പ്രമുഖമായ സ്ഥാനമാണുള്ളതു. മാനേജേരിയൽ തസ്തികയോ അതിനു മുകളിലോ ആണു കമ്പനി സെക്രട്ടരിയുടെ സ്ഥാനം. കമ്പനിയുടെ നയപരമായ നടപടികളും ഭരണവും, സാമ്പത്തികമടക്കമുള്ള കാര്യങ്ങളിലെ നിയന്ത്രണവും കമ്പനി സെക്രട്ടറിയുടെ ചുമതലയാണു. ഡയറക്ടർ ബോർഡ് അംഗങ്ങൾ, ഓഹരിയുടമകൾ, സർക്കാർ സംവിധാനം എന്നിവക്കും കമ്പനിക്കും ഇടയിൽ കമ്പനി സെക്രട്ടറിക്ക് പ്രമുഖമായ സ്ഥാനമാണുള്ളത്.
ഇന്ത്യൻ കമ്പനി സെക്രട്ടറീസ് ആക്ട് പ്രകാരം അഞ്ച് കോടി രൂപയോ അതിലധികമോ മൂലധനമുള്ള ഒരു കമ്പനിക്കും ഓഹരി വിപണിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനിക്കും ഒരു മുഴുവൻ സമയ കമ്പനി സെക്രട്ടറിയുടെ സേവനം നിർബന്ധമാണു. അതു കൊണ്ട് തന്നെ നിരവധി അവസരങ്ങളുള്ള ഈ മേഘലയിൽ യോഗ്യരായ വിദ്യാർഥികളുടെ അഭാവമുണ്ട്. താരതമേന്യ ചുരുങ്ങിയ ചിലവിലും സമയത്തിലും കോഴ്സ് പാസാകുവാൻ കഴിയും.
ന്യൂ ഡൽഹി ആസ്ഥാനമായുള്ള ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയാണു ഇന്ത്യയിൽ ഈ കോഴ്സ് നടത്തുന്നത്. ഫൗണ്ടേഷൻ, എക്സിക്യൂട്ടീവ്, പ്രഫഷണൽ എന്നിങ്ങനെ മൂന്നു തലങ്ങളിലായിട്ടാണു ഈ കോഴ്സ് സംവിധാനം ചെയ്തിരിക്കുന്നത്.
യോഗ്യത
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള ആർക്കും എട്ട് മാസം ദൈർഖ്യമുള്ള ഫൗണ്ടേഷൻ കോഴ്സിനു ചേരാം. ഫൈൻ ആർട്സ് ഒഴികയുള്ള വിഷയങ്ങളിൽ ബിരുദമെടുത്ത ആർക്കും ഫൗണ്ടേഷൻ ഒഴിവാക്കി നേരിട്ട് ഒൻപത് മാസത്തെ എക്സിക്യൂട്ടീവ് പ്രോഗ്രാമിനു രജിസ്റ്റർ ചെയ്യാം. ഫൈൻ ആർട്സ് ബിരുദക്കാർ ഫൗണ്ടേഷൻ കോഴ്സ് പാസായിരിക്കണം. തുടർന്ന് ഒൻപത് മാസത്തെ പ്രഫഷണൽ പ്രോഗ്രാമും തുടർച്ചയായി ഏതെങ്കിലും കമ്പനി സെക്രട്ടറിയുടെ കീഴിൽ 15 മാസത്തെ പരിശീലനവും പൂർത്തിയാക്കിയാൽ കോഴ്സ് പൂർണ്ണമാവും. ഇവർക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ അംഗത്വം ലഭിക്കും.
ഫൗണ്ടേഷൻ കോഴ്സിനു ചേരുന്നവർക്കായി ജൂണിലും ഡിസംമ്പറിലും ആണു പരീക്ഷ നടത്തുന്നത്. ഒ എം ആർ ഷീറ്റിൽ എഴുതേണ്ട ഒബ്ജക്ടീവ് രീതിയിലായിരിക്കും പരീക്ഷ. ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്യാവുന്നതും തപാൽ മാർഗ്ഗം പഠനം പൂർത്തിയാക്കാവുന്നതുമായ ഈ കോഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൻറ്റെ ചാപ്റ്ററുകൾക്ക് കീഴിലെ ക്ലാസുകൾക്ക് പോയി പഠിക്കാവുന്നതാണു.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവരെ കാത്ത് ആയിരക്കണക്കിനു തൊഴിൽ അവസരങ്ങളാണുള്ളത്. സ്വകാര്യ പ്രാക്ടീസ് നടത്തുകയുമാകാം. കൂടുതൽ വിവരങ്ങൾക്ക് http://www.icsi.edu
സാമ്പത്തിക ശാസ്ത്രം
എന്നും എക്കാലത്തും സാധ്യതകളുള്ള വിഷയമാണു സാമ്പത്തിക ശാസ്ത്രം. ഇൻഡ്യയെപ്പോലെ വൻ സാമ്പ്ത്തിക ശക്തിയാകുവാൻ കുതിക്കുന്ന വികസ്വര രാജ്യത്ത് പ്രത്യേകിച്ചും. എന്നാൽ ഏഞ്ചിനിയറിംഗിൻറ്റേയും മെഡിസിൻറ്റേയും മാത്രം പിറകെ കുതിക്കുന്ന പുതു തലമുറ ഇതു എത്രത്തോളം തിരിച്ചറിഞ്ഞിട്ടുണ്ടുവെന്നത് സംശയമാണു.
കോഴ്സുകൾ
ഇൻഡ്യയിലെ പ്രമുഖ കോളേജിലും സർവകലാശാലകളിലും എല്ലാം തന്നെ സാമ്പത്തിക ശാസ്ത്രത്തിൽ ബി, എ, എം എ, എം എസ് സി, എം ഫിൽ, പി ച്ച് ഡി കോഴ്സുകളുണ്ട്. ഏതെങ്കിലും വിഷയത്തിൽ പ്ല സ് ടു ആണു ബി എ യ്ക്ക് ചേരുവാനുള്ള അടിസ്ഥാന യോഗ്യത. ബിരുദമുണ്ടെങ്കിൽ പി ജി കോഴ്സുകൾക്ക് ചേരുവാൻ കഴിയും.
ഇന്ന് വളരെയധികം വികാസം പ്രാപിച്ചതാണു ഈ മേഘലയെന്നതിനാൽ വ്യത്യസ്ത വിഷയങ്ങളിൽ സ്പെഷ്യലൈസേഷൻ സാധ്യമാണു. ഡെവലപ്മെൻറ്റ് ഇക്കണോമിക്സ്, വേൾഡ് ഇക്കണോമിക്സ്, ഫിനാൻഷ്യൽ ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ലേബർ ഇക്കണോമിക്സ്, ഇൻറ്റർ നാഷണൽ ഇക്കണോമിക്സ്, ഇൻഡസ്ട്രിയൽ ഇക്കണോമിക്സ്, അഗ്രിക്കൾച്ചറൽ ഇക്കണൊമിക്സ് തുടങ്ങിയ നിരവധി മേഘലകളിൽ വൈദഗ്ദ്യം നേടുന്നതിനു സാധിക്കും. ഉയർന്നു വരുന്ന മറ്റൊരു മേഘലയാണു ഇക്കണോമെട്രിക്സ്.
വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളാണു ഡവലപ്മെൻറ്റ് ഇക്കണോമിക്സ് കൈകാര്യം ചെയ്യുന്നത്.
വ്യവസായങ്ങളുടെ വളർച്ചയുമായി ബണ്ഡപ്പെട്ട വിഷയങ്ങളാണു ഇൻഡസ്ട്രിയൽ ഇക്കണൊമിക്സിൻറ്റെ പരിധിയിൽ വരിക. ഉൽപ്പന്നങ്ങളുടെ വിൽപ്പന എങ്ങനെ കൂട്ടാം, അതിനുള്ള മാർഗ്ഗങ്ങളുടെ ആസൂത്രണം, ലഭ്യമായ വിഭവങ്ങൾ പരമാവുധി പ്രയോജനപ്പെടുത്തൽ, പുതിയ വിപണികളുടെ വികസനം തുടങ്ങിയവയെല്ലാം ഇതിൽ വരും.
തൊഴിലാളികളുമായി ബണ്ഡപ്പെട്ട പ്രശ്നങ്ങൾ ശാസ്ത്രീയമായി പരിഹരിക്കുന്ന വിദഗ്ദരെ വാർത്തെടുക്കുകയാണു ലേബർ ഇക്കണോമിക്സിൻറ്റെ ദൗത്യം.
നികുതി നിർദ്ദേശങ്ങൾ അടക്കമുള്ള സാമ്പത്തിക നയങ്ങളുടെ വിശകലനം, കറൻസികളുടെ മൂല്യം, വ്യാപാരം തുടങ്ങിയ മേഘലകളിൽ നികുതി നിർദ്ദേശങ്ങളുടെ പ്രത്യാഘാതം, ബാങ്കിങ്ങ് മേഘലയിൽ ഇതിൻറ്റെ പ്രതിഫലനം തുടങ്ങിയവ ഫിനാൻഷ്യൽ ഇക്കണോമിക്സിൻറ്റെ പഠന പരിധിയിൽ വരുന്നു.
രാജ്യാന്തര തലത്തിലുള്ള വാണിജ്യവും വ്യാപാരവുമാണു ഇൻറ്റർ നാഷണൽ ഇക്കണോമിക്സിൻറ്റെ പഠന വിഷയം.
സ്ഥാപനങ്ങൾ
ഒട്ടു മിക്ക സ്ഥാപനങ്ങളിലും സാമ്പത്തിക ശാസ്ത്രം പഠന വിഷയമാണെങ്കിലും പഠനം ഗൗരവമായെടുക്കുന്നവർ മുൻ നിര സ്ഥാപനങ്ങളിൽ ചേരുവാൻ ശ്രമിക്കുക. കൊച്ചിൻ യൂണിവേഴ്സിറ്റി, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്, ചെന്നയിലെ മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ്, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി,ൻ മുംമ്പയിലെ ഇണ്ഡിരാ ഗാണ്ഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ്റ് സ്റ്റഡീസ്, ഡൽഹിയിലെ ജവർഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി, ഹൈദരാബാദിലെ ദി സെൻറ്റർ ഫോർ ഇക്കണോമിക്സ് ആൻറ്റ് സോഷ്യൽ സ്റ്റഡീസ്, ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ഗ്രോത്ത്, തിരുവന്തപുരത്തെ സെൻറ്റർ ഫോർ ഡവലപ്മെൻറ്റ് സ്റ്റഡീസ് തുടങ്ങിയവ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളാണു. പ്ല സ് ടു കഴിഞ്ഞവർക്ക് ഐ ഐ ടി കളിലെ അഞ്ച് വർഷത്തെ ഇൻറ്റഗ്രേറ്റഡ് എം എ യ്ക്ക് ശ്രമിക്കാവുന്നതാണു.
മിക്ക മാനേജ്മെൻറ്റ് കോഴ്സുകളുടേയും പ്രധാന വിഷയങ്ങളിലൊന്ന് സാമ്പത്തിക ശാസ്ത്രമായതിനാൽ ഇക്കണോമിക്സ് ബിരുദ ധാരികൾ എം ബി എ ചെയ്യുന്നത് തൊഴിൽ നേടുവാൻ ഏറെ സഹായകരമാണു. ഇവർ ബാങ്കിങ്ങ്, ഫിനാൻസ്, സ്റ്റോക്ക്, കമ്മോഡിറ്റി ബ്രോക്കിങ്ങ് തുടങ്ങിയവയിൽ സ്പെഷ്യലൈസ് ചെയ്ത് എം ബി എ ചെയ്യുന്നതായിരിക്കും ഏറെ പ്രയോജനകരം. ദ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്യാപ്പിറ്റൽ മാർക്കറ്റ്സ് ബിരുദാനന്തര തലത്തിൽ ഒരു വർഷത്തെ സെക്യൂരിറ്റീസ് മാർക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ആണു യോഗ്യത. ദേശീയ തലത്തിൽ പ്രവേശന പരീക്ഷയുണ്ടാകും. www.utiicm.com സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങൾ അറിയാം.
സാമ്പത്തിക ശാസ്ത്രത്തിൽ വൈദഗ്ധ്യം നേടുന്നവർക്കു ബാങ്കിങ്ങ്, ഇൻഷുറൻസ്, സ്റ്റോക്ക് ബ്രോക്കിങ്ങ്, ഫിനാൻസ് തുടങ്ങിയ മേഘലകളിൽ ജോലി ലഭിക്കും. സർക്കാർ സ്ഥാപനങ്ങൾ, വൻ കിട ബിസിനസ് സ്ഥാപനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, തുടങ്ങിയവയിൽ ജോലി ലഭിക്കും.
ബിരുദാനന്തര ബിരുദക്കാർക്ക് യു പി എസ് സി യുടെ ഇൻഡ്യൻ ഇക്കണൊമിക്സ് സർവീസ് പരീക്ഷ പാസായി ഉന്നത ജോലിയിൽ പ്രവേശിക്കാവുന്നതാണു. അധ്യാപന ഗവേഷണ രംഗത്ത് ഏറെ അവസരങ്ങളുള്ള സാമ്പത്തിക ശാസ്ത്രത്തിനു ബാങ്കിങ്ങ് മേഘലയിലും സാധ്യതകൾ ഉണ്ട്. മാനേജ്മെൻറ്റ് രംഗത്തേക്ക് തിരിയുവാനും കഴിയും. ആഗോള വൽക്കരണത്തിൻറ്റെ ഈ കാലഘട്ടത്തിൽ സ്വകാര്യ മേഘലയിലും നിരവധി അവസരങ്ങളുണ്ട്
ഇ കൊമേഴ്സ്
ഇൻറ്റർനെറ്റ് മുഖേന സാധനങ്ങളും സേവനങ്ങളും വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന സമ്പ്രദായമാണു ഇ കൊമേഴ്സ്. ഓണ്ലൈൻ ബാങ്കിങ്, ഇലക്ട്രോണിക് ടിക്കറ്റിങ്, ഇൻസ്റ്റന്റ് മെസേജിങ്, സപ്ലൈ ചെയിന് മാനേജ്മെന്റ്, ഡാറ്റാ എക്സ്ചേഞ്ച്, ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ. ഇവയൊക്കെ ഇ-കൊമേഴ്സിന്റെ ഭാഗമാണ്. രണ്ട് ബിസിനസ് സ്ഥാപനങ്ങൾ തമ്മിലുള്ള ഇ കൊമേഴ്സ് ഇടപാടുകൾ ബിസിനസ് ടു ബിസിനസ് എന്നും ബിസിനസ് സ്ഥാപനവും ഉപഭോക്താവുമായുള്ള ഇടപാടുകൾ ബിസിനസ് ടു കൺസ്യൂമർ എന്നുമാണു അറിയപ്പെടുന്നത്.
തൊഴിൽ അവസരങ്ങൾ
ഇ കൊമേഴസിന്റെ വ്യാപനത്തോട് കൂടി ഈ രംഗത്തെ തൊഴിൽ സാധ്യതകളും ഏറി. വെബ്സൈറ്റ് ഡിസൈൻ ആൻഡ് ഡവലപ്പർ, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, വെബ് മാസ്റ്റർ, കണ്ടൻറ്റ് ഡവലപ്പർ തുടങ്ങിയ തസ്തികകളിലാണു ഏറെ അവസരങ്ങൾ.
ലേ ഔട്ട് ഡിസൈൻ, വെബ് പേജുകളുടെ നിർമ്മാണം, ഗ്രാഫിക് ആനിമേഷൻ ഡിസൈൻ തുടങ്ങിയവയാണു വെബ് ഡിസൈൻ ആൻഡ് ഡവലപ്പറുടെ ജോലി. വെബ് സൈറ്റിലേക്ക് സാധനങ്ങളുടെയോ സേവനങ്ങളുടേയൊ വിവരങ്ങൾ വിശദീകരിച്ച് എഴുതുകയാണു കണ്ടൻറ്റ് ഡവലപ്പറുടെ ചുമതല. വെബ് സൈറ്റ് രൂപകൽപ്പന ചെയ്ത് അതിനാവശ്യമായ പ്രോഗ്രാം കൂട്ടിച്ചേർക്കുകയും, ഷോപ്പിങ്ങ് കാർട്ട് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇ കൊമേഴ്സ് സേവനം ലഭ്യമാക്കുന്നതുമാണു വെബ് പ്രോഗ്രാമറുടെ ജോലി. ഡാറ്റാ ബേസ് സിസ്റ്റങ്ങളുടെ രൂപകൽപ്പന മുതൽ അവ വികസിപ്പിക്കുകയും നില നിർത്തുകയും ചെയ്യുന്നതടക്കമുള്ള ചുമതലകളാണു ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർക്ക്. സൈറ്റിൻറ്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുകയും അവ സംരക്ഷിക്കുകയും ചെയ്യുന്നത് വെബ് മാസ്റ്ററാണു. വിവിധ കമ്പ്യൂട്ടർ സോഫ്റ്റ് വെയറുകളിലെ അവഗാഹം ഈ ജോലികൾക്കെല്ലാം അത്യന്താപേക്ഷിതമാണു.
കോഴ്സുകളും യോഗ്യതകളും
പ്ലസ് ടു കഴിഞ്ഞവർക്കു ഇ കൊമേഴ്സ് ബിരുദത്തിനു ചേരാം. B. Ecom, BBA in E Commerce തുടങ്ങിയവയാണു പ്രധാന കോഴ്സുകൾ. ചില സർട്ടിഫിക്കറ്റ് കോഴ്സുകളുമുണ്ട്. ബിരുദ ദാരികൾക്കായി ഒട്ടേറെ പി ജി ബിരുദ, പി ജി ഡിപ്ലോമ കോഴ്സുകളും ഇപ്പോൾ ലഭ്യമാണു. MBA in E Comerce, ME E Commerce, MS E Commerce Applications, Master of Information Technology in E Commerce, PG Diploma in E Commerce, PG Diploma in Information Technology and Management in E Commerce, Advance Diploma in Web and E Commerce Technology തുടങ്ങിയവയാണു പ്രധാന പി ജി കോഴ്സുകൾ.
അണ്ണാ യൂണിവേഴ്സിറ്റി, ചെന്നൈ, ദേവി അഹല്യ വിശ്വവിദ്യാലയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഇൻഡോർ, ഡോ.ബി.ആർ. അംബേദ്കർ യൂണിവേഴ്സിറ്റി ആഗ്ര, എസ്.പി. ജയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് റിസർച്ച് മുംബൈ, ഭാരതി ദാസൻ യൂണിവേഴ്സിറ്റി തിരുച്ചിറപ്പള്ളി തുടങ്ങിയവ ഈ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിൽ ചിലതാണു
മാധ്യമ പ്രവർത്തനം
കാഴ്ചയുടെ മൂന്നാം കണ്ണ് എന്ന് വിശേഷിപ്പിക്കാം മാധ്യമ പ്രവർത്തനത്തെ. സമയ ബന്ധിതമല്ലാത്ത ജോലിയല്ലാത്തതിനാൽ മടിയന്മാർക്കുള്ളതല്ല ഈ മേഘല. ഏത് വിഷയം പഠിച്ചവർക്കും ഈ കോഴ്സുകൾക്ക് ചേരാം എന്ന പ്രത്യേകതയുണ്ട്. രാഷ്ട്രീയം, കായികം, കൊമേഴ്സ്, ഫാഷൻ, സിനിമ, കൾച്ചർ, ധനകാര്യം, ഇൻവെസ്റ്റിഗേഷൻ, യാത്ര, വനിതകൾക്കും കുട്ടികൾക്കുമായുള്ളവ തുടങ്ങി നിരവധി സ്പെഷ്യലൈസേഷനുകളുമുണ്ട്. ഫോട്ടോഗ്രാഫി, സിനിമാട്ടോഗ്രാഫി, ഇന്റെർനെറ്റ്, പ്രിന്റിങ്ങ്, വിഷ്വൽ മീഡിയ, പരസ്യം, എന്നിങ്ങനെ മീഡിയത്തെയും അഭിരുചിയുള്ള മേഘലയെയും ആശ്രയിച്ചും സ്പെഷ്യലൈസേഷൻ സാധ്യമാണു.
ഗവൺമെന്റ് സ്വകാര്യ മേഘലകളിലെ അവസരങ്ങൾക്ക് പുറമെ ഫ്രീലാൻസ് ആയി പ്രവർത്തിക്കാനുള്ള അവസരങ്ങളുമുണ്ട്. പ്ലസ് ടു തലം മുതൽ ജേണലിസം ഒരു വിഷയമായി ഉൾപ്പെടുത്തിയതോടെ അധ്യാപന രംഗത്തും സാധ്യതകൾ ഏറെ. കോഴ്സുകൾ തിരഞ്ഞടുക്കുമ്പോഴും സ്ഥാപനങ്ങൾ തിരഞ്ഞടുക്കുമ്പോഴും ജാഗ്രത ആവശ്യമാണു. അഭിരുചിക്കും കഴിവിനും ചേർന്നതാവുമ്പോൾ തന്നെ കാലിക പ്രസക്തിയും കൂടി പരിഗണിക്കേണ്ടതുണ്ട്.
പഠനം ബിരുദ തലത്തിൽ
കേരളത്തിലെ മിക്ക സർവകലാശാലകളിലും ബിരുദ തലത്തിൽ ജേണലിസം മുഖ്യ വിഷയമായി പഠിക്കുവാൻ അവസരങ്ങളുണ്ട്. ബി എ ജേണലിസം, ബി എ കമ്യൂണിക്കേഷൻ എന്നിങ്ങനെ പരമ്പരാഗത കോഴ്സുകൾക്കും നവ മാധ്യമ പഠനത്തിനും അവസരങ്ങളുണ്ട്. ഇവ തന്നെ മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷാ പഠനത്തിനൊപ്പവും പൊളിറ്റിക്കൽ സയൻസ് തുടങ്ങിയ വിഷയങ്ങൾക്കൊപ്പവും പഠിക്കുവാനും അവസരങ്ങളുണ്ട്. ഏത് വിഷയങ്ങളിൽ പ്ലസ് ടു പൂർത്തിയാക്കിയവർക്കും ഇതിനു ചേരുവാൻ കഴിയും.
പഠനം ബിരുദാനന്തര ബിരുദ തലത്തിൽ
ജേണലിസം, കമ്യൂണിക്കേഷൻ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ പഠനത്തിനു കേരളത്തിലെ വിവിധ സർവകലാശാലാ വകുപ്പുകളിലും അഫിലിയേറ്റഡ് കോളേജിലും അവസരങ്ങളുണ്ട്. ബിരുദമാണു അടിസ്ഥാന യോഗ്യത. മിക്ക സ്ഥാപനങ്ങളിലും പ്രവേശന പരീക്ഷയുണ്ടാവും. രണ്ട് വർഷമാണു കാലാവധി. ഗവേഷണ ബിരുദത്തിനും അവസരങ്ങളുണ്ട്. ഇതു കൂടാതെ പ്രസ് ക്ലബുകളിൽ പി ജി ഡിപ്ലോമകളും സർട്ടിഫിക്കറ്റ് കോഴ്സുകളും ലഭ്യമാണു. ബിരുദമാണു യോഗ്യത.
ജേണലിസം പഠനത്തിനു ദേശീയ തലത്തിൽ തന്നെ ഏറ്റവും പ്രമുഖമായ സ്ഥാപനമാണു ന്യൂഡൽഹി ആസ്ഥാനമായ ഇൻഡ്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ. ഇതു കൂടാതെ ദേശീയ തലത്തിൽ ശ്രദ്ധേയമായ നിരവധി സ്ഥാപനങ്ങളുമുണ്ട്.
ഫിഷറീസ്
8000 കിലോമീറ്റർ കടൽത്തീരവും നിരവധി നദികളുമുള്ള നമ്മുടെ രാജ്യത്ത് മത്സ്യ വ്യവസായം ഏറെ പ്രാധാന്യമർഹിക്കുന്നു. ആയതിനാൽ തന്നെ ഫിഷറീസ് സയൻസിനു ധാരാളം തൊഴിൽ സാധ്യതകളാണുള്ളത്. ഏകാന്തമായ ചുറ്റുപാടിലും വ്യത്യസ്തമായ കാലാവസ്ഥയിലും പ്രതികൂല സാഹചര്യങ്ങളിലും വെല്ലുവിളികൾ ഏറ്റെടുത്തു കൊണ്ട് സമയ ബന്ധിതമല്ലാതെ ജോലി ചെയ്യുവാൻ തയ്യാറാണെങ്കിൽ നിങ്ങൾക്കിണങ്ങുന്നതാണു ഈ മേഘല.
ഫിഷ് ജനറ്റിക്സ്, ബയോടെക്നോളജി, അക്വാകൾച്ചർ ടെക്നോളജി, ഫിഷറീസ് ഇക്കണോമിക്സ് തുടങ്ങി നിരവധി ഉപ വിഭാഗങ്ങളുമുണ്ട്.
ഫിസിക്സ്, ബയോളജി, കെമിസ്ട്രി വിഷയങ്ങളിൽ പ്ലസ്ടു പാസായാൽ ബി എസ് സി (ഫിഷറീസ്) അല്ലെങ്കിൽ ബി എഫ് എസ് സി ക്ക് ചേരാം. എം എഫ് എസ് സി ക്ക് ഫിഷറീസിലോ സൂവോളജിയിലോ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അഖിലേന്ത്യ പ്രവേശന പരീക്ഷ നടത്തുന്നത് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസേർച്ച് ആണു. സൂവോളജിയിലോ ഫിഷർറീസിലോ ബിരുദമുള്ളവർക്ക് ഇൻലാൻഡ് ഫിഷറീസ് ആൻഡ് മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമക്ക് ചേരാം.
ഗവേഷണത്തിലും മാനേജ്മെന്റിലും നിരവധി അവസരങ്ങളുള്ള ഈ മേഘലയ്ക്ക് ഇന്ത്യയ്ക്ക് പുറത്തും അനവധി തൊഴിൽ സാധ്യതകളുണ്ട്.
ആക്ച്വറി
ഗണിത ശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും തികഞ്ഞ അഭിരുചിയും പ്രൊജക്റ്റ് മാനേജ്മെന്റ് വൈദഗ്ദ്യവുമുള്ളവർക്കിണങ്ങുന്ന പ്രൊഫഷനാണു ആക്ച്വൂറിയൽ സയൻസ്. വസ്തു സ്ഥിതികൾ ചിട്ടയായി പടിച്ച് സംഭാവ്യതയും ഭാവിയും ശാസ്ത്രീയമായി പ്രവചിക്കുകയും റിസ്കുകൾ കണ്ടെത്തുകയുമാണു ജോലി. താരതമേന്യ തൊഴിൽ രഹിതരില്ലാത്ത മേഘലയാണിതെന്ന് പറയാം. പടനച്ചിലവാകട്ടെ താരതമേന്യ കുറവും.
ഗണിത ശാസ്ത്രത്തിൽ തികഞ്ഞ അഭിരുചിയും 18 വയസ്സും താഴെപ്പറയുന്ന ഏതെങ്കിലും വിദ്യാഭ്യാസ യോഗ്യതയുമുണ്ടെങ്കിൽ ആക്ച്വറി പഠിക്കാൻ ചേരാം.
1. ഗണിത ശാസ്ത്രത്തിലോ സ്റ്റാറ്റിസ്റ്റിക്സിലോ 85 ശതമാനം മാർക്കോടെ 10 + 2.
2. ഗണിതം, സ്റ്റാറ്റിസ്റ്റിക്സ്, എക്കണോമെട്രിക്സ് എന്നിവയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ.
3. ബി ടെക്, സി എ, സി ഡബ്ലു എ, സി എസ്, എം ബി എ (ഫിനാൻസ്), എം സി എ, സി എഫ് എ ഐ
ആക്ചൂറിയൽ സൊസൈറ്റി ഓഫ് ഇൻഡ്യയാണു ഈ മേഘലയിലെ പ്രധാന സ്ഥാപനം. നാലു ഘട്ടങ്ങളായാണു പടന പദ്ധതി.
Core Technical Stage - 8 പേപ്പറുകൾ
Core Application Stage – 3 പേപ്പറുകൾ
Specialist Technical Stage – 6 പേപ്പറുകൾ (ഇതിൽ 2 എണ്ണം മതി)
Specialist Application Stage - 6 പേപ്പറുകൾ (ഇതിൽ 1 മതി)
ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ്, പ്രൊജക്ട് മാനേജ്മെന്റ്, ബാങ്കിങ്ങ്, പ്രോഡക്ട് ഡിസൈനിങ്ങ്, കോർപ്പറേറ്റ് പ്ലാനിങ്ങ്, പെൻഷൻ സ്കീമുകൾ, എംപ്ലോയി റിട്ടയർമെന്റ് ബെനിഫിറ്റ് പ്ലാനുകൾ തുടങ്ങിയവയിലെല്ലാം ആക്ച്വറികളുടെ സേവനം ആവശ്യമാണു. ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും വാങ്ങുന്ന വിഭാഗത്തിലാണു ആക്ച്വറികൾ വരുന്നതു. കൂടുതൽ വിവരങ്ങൾക്ക് http://www.actuariesindia.org
ലിംഗ്വിസ്റ്റിക്
ഫോറൻസിക് സയൻസ്, കംബ്യൂട്ടർ പ്രോഗ്രാമിങ്, സ്പീച്ച് ലാംഗേജ് പാത്തോളജി, അധ്യാപനം, ഗവേഷണം, വിവർത്തനം, ടെക്നിക്കൽ റൈറ്റർ, മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ തുടങ്ങി ആകർഷകവും സമൂഹത്തിനു ഒട്ടേറെ ഗുണം ചെയ്യുന്നതുമായ അനേകം തൊഴിലവസരങ്ങളുള്ള ഒരു മേഖലയാണു ലിംഗ്വിസ്റ്റിക്. ലിപി ഇല്ലാത്ത ഭാഷകൾക്ക് ലിപിയുണ്ടാക്കി നിഘണ്ടുവുണ്ടാക്കുന്നതും ഇവർ തന്നെയാണു.
ഭാഷയുടെ ശാസ്ത്രീയ പടനമാണു ഇതു കൊണ്ടർത്ഥമാക്കുന്നത്. പ്രധാനമായും മൂന്ന് വിഭാഗങ്ങളായി ഈ പടന മേഖലയെ തിരിക്കാം.
1. സിങ്ക്രോണികും ഡയക്രോണിക്കും: ഭാഷയുടെ ഇപ്പോഴത്തെ അവസ്ഥയെ സിങ്ക്രോണിക് പടന വിധേയമാക്കുമ്പോൾ ഡയക്രോണിക്കാകട്ടെ അതിന്റെ വികാസ പരിണാമത്തിനു ഊന്നൽ നൽകുന്നു.
2. തിയററ്റിക്കലും പ്രായോഗികവും: തിയററ്റിക്കൽ ലിംഗ്വിസ്റ്റിക് ഭാഷയുടെ ഘടന പടിക്കുമ്പോൾ പ്രായോഗിക ലിംഗ്വിസ്റ്റിക് അതിന്റെ ആപ്ലിക്കേഷനു പ്രാധാന്യം നൽകുന്നു.
തിയററ്റിക്കൽ ലിംഗ്വിസ്റ്റികിനു ഫൊണറ്റിക്സ്, ഫൊണോളജി, മോർഫോളജി, സിൻറ്റാക്സ്, സെമാൻറ്റിക്സ്, സ്റ്റൈലിസ്റ്റിക്സ്, പ്രൊഗ്രാമിറ്റിക്സ് തുടങ്ങിയ ഉപ വിഭാഗങ്ങളുണ്ട്.
3. കോൺടെക്സ്റ്റൽ ലിംഗ്വിസ്റ്റിക്: ഭാഷ എങ്ങനെയാണു ആന്ത്രപ്പോളജി, മനശാസ്ത്രം, തത്വശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയവയുമായിയൊക്കെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു പടിക്കുന്നു.
കോഴ്സുകൾ: ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം തുടങ്ങിയവ ലഭ്യമാണു. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്ക് ബിരുദത്തിനും ബിരുദദാരികൾക്ക് എം എ ക്കും ചേരാം.
സ്ഥാപനങ്ങൾ:
1. ഈഫൽ: രണ്ടു വർഷത്തെ എം. എ ലിംഗ്വിസ്റ്റിക്, ലിംഗ്വിസ്റ്റിക് സ്പെഷ്യലൈസേഷനോടു കൂടിയ എം. എ ഇംഗ്ലീഷ്
2. ഡെൽഹി സർവകലാശാല: എം. എ ലിംഗ്വിസ്റ്റിക്, ഡിപ്ലോമ, അഡ്വാൻസഡ് ഡിപ്ലോമ
3. ജവഹർലാൽ നെഹ്രു സർവകലാശാല: എം. എ ലിംഗ്വിസ്റ്റിക്
4. അലിഗഡ് മുസ്ലീം സർവകലാശാല: ബി എ (ഓണേഴ്സ്), ഡിപ്ലോമ, സർട്ടിഫിക്കേറ്റ് കോഴ്സ്
5. കേരള സർവകലാശാല: എം. എ ലിംഗ്വിസ്റ്റിക്, എം. എ അപ്ലൈഡ് ലിംഗ്വിസ്റ്റിക്
6. അണ്ണാമല സർവകലാശാല: എം. എ ലിംഗ്വിസ്റ്റിക് (വിദൂര പടനം)
അധ്യാപനത്തിലും, കുറ്റാന്വേഷണത്തിലും, കംബ്യൂട്ടർ സയൻസിലും, ന്യൂറോ സയൻസിലും തുടങ്ങി വൈവിധ്യമാർന്ന നിരവധി രംഗങ്ങളിൽ പ്രവർത്തിക്കുവാൻ കഴിയുന്ന ഈ പ്രൊഫഷനു ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ഏറെ അവസരങ്ങളുണ്ട്
ഡിസൈനിംഗ്
അസാധാരണ സർഗ്ഗവൈഭവവും, ക്ഷമയും മറ്റാരും ചിന്തിക്കാത്തത് ഭാവനയിൽ കാണുവാനും ആയത് പ്രവർത്തി പദത്തിലെത്തിക്കുവാനും നിങ്ങൾക്ക് കഴിയുമോ? എങ്കിൽ നിങ്ങൾക്കള്ളതാണു ഡിസൈനിംഗിന്റെ വിശാല ലോകം. ഡിസൈനിംഗിനെപ്പറ്റി ചോദിക്കുമ്പോൾ തന്നെ ഫാഷൻ ഡിസൈനിംഗ് എന്ന് മറുപടി തരുന്നവരാണു ഭൂരിഭാഗവും വിദ്യാർത്ദികളുമെന്നത് കരിയർ ക്ലാസുകളിലെ വ്യക്തിപരമായ അനുഭവം. എന്നാൽ അതിനുമപ്പുറം എത്രയോ വൈവിധ്യമാർന്നതാണാ പടന മേഘലയെന്നത് വർത്തമാനകാല യാധാർത്ദ്യം. ഡിസൈനിങ്ങിലെ ഡിപ്ലോമയാണു ഈ രംഗത്തെ കുറഞ്ഞ യോഗ്യത. ഡിസൈനിങ്ങ് വളരെ വികാസം പ്രാപിച്ച മേഘലയാണിന്നു.
1. ഫാഷൻ ഡിസൈൻ: കലാപരമായി പുതിയ ഫാഷനുകൾ രൂപകൽപ്പന ചെയ്യുന്ന കോഴ്സാണിത്.
2. ആക്സസറി ഡിസൈൻ: ബാഗ്, പേഴ്സ്, ബെൽറ്റ് തുടങ്ങിയവയുടെ രൂപകൽപ്പനയാണിത്.
3. നിറ്റ് വിയർ ഡിസൈൻ: നിറ്റ് വിയർ ഉൽപ്പന്നങ്ങളുടെ രൂപകൽപ്പന, ഉൽപ്പാദനം, വിപണനം തുടങ്ങിയവയുൾപ്പെടുന്ന മേഘല
4. ലെതർ അപ്പാരൽ ഡിസൈൻ: തുകൽ ഉൽപ്പന്നങ്ങളുടെ ഡിസൈൻ, ഉൽപ്പാദനം, വിപണനം തുടങ്ങിയവയിൽ വൈദഗ്ധ്യം നൽകുന്ന കോഴ്സ്
5. ടെക്സ്റ്റൈൽ ഡിസൈൻ: വസ്ത്ര നിർമ്മാണ രംഗത്ത് മികച്ച രൂപകൽപ്പന വൈഭവവും സാങ്കേതിക വൈദഗ്ധ്യവും ഒത്തു ചേർന്ന സമർധരെ വാർത്തെടുക്കുന്ന കോഴ്സ്
6. ഗാർമെന്റ് മാനുഫാക്ചറിങ് ഡിസൈൻ: ഫാഷൻ ഡിസൈനിങ്ങിനോട് ചേർന്ന് നിൽക്കുന്ന മേഘലയാണിത്. നൂലുകൾ തിരഞ്ഞെടുക്കുന്നതു മുതൽ വസ്ത്ര നിർമ്മാണം, പാക്കേജിങ്ങ് തുടങ്ങി വസ്ത്ര നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളാണു ഈ കോഴ്സിൽ പടിപ്പിക്കുന്നത്.
7. ജൂവലറി ഡിസൈൻ: സ്വർണ്ണാഭരണം മാത്രമല്ല മറ്റ് ലോഹങ്ങളുടെ ആഭരണങ്ങളുടേയും ആഭരണശാലകളുടേയും ഡിസൈൻ ഇന്ന് ആകർഷകമായ ഒരു തൊഴിൽ മേഘലയാണു.
8. ഇൻറ്റീരിയർ ഡിസൈൻ: വൻകിട ഹോട്ടലുകളുടേയും ഷോപ്പിങ്ങ് മാളുകളുടേയും മറ്റും അകത്തളങ്ങൾ രൂപകൽപ്പന ചെയ്യുന്ന കോഴ്സ്
9. ക്രാഫ്റ്റ് ഡിസൈൻ: കരകൗശല വസ്തുക്കളുടെ രൂപകൽപ്പനയും നിർമ്മാണവും പടിപ്പിക്കുന്നു. ഇതു തന്നെ സോഫ്റ്റ് മെറ്റീരിയൽ, ഹാർഡ് മെറ്റീരിയൽ, ഫയേർഡ് മെറ്റീരിയൽ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.
10. ഫർണീച്ചർ ഡിസൈൻ: വ്യത്യസ്തമായ വിവിധ തരം ഫർണീച്ചറുകളുടെ രൂപകൽപ്പനയും നിർമ്മാണവും ഉൾപ്പെടുന്ന മേഘല
11. ട്രാൻസ്പോർട്ടേഷനും വാഹന ഡിസൈനും: ദിനം പ്രതിയെന്നോണം വ്യത്യസ്തമായ വാഹനങ്ങൾ ഇറങ്ങുന്ന ഇക്കാലത്ത് അവയുടെ ഡിസൈൻ സർഗ്ഗശേഷിയുള്ളവർക്ക് മുൻപിൽ പുത്തൻ വാതയാനങ്ങൾ തുറന്നിടുന്നു. വാഹനത്തേക്കളുപരി ട്രാൻസ്പോർട്ടേഷൻ ഡിസൈൻ മനുഷ്യരുടെ യാത്രാ സൗകര്യങ്ങളെയും കൂടി കണക്കിലെടുക്കുന്നു.
12. ടോയ് ഡിസൈൻ: ഇൻഡ്യ കളിപ്പാട്ടങ്ങളുടെ നല്ലൊരു വിപണിയാകുമ്പോൾ ഈ രംഗത്തെ വിദഗ്ദർക്ക് അവസരങ്ങൾ ഏറെയാണു.
13. ഗെയിം ഡിസൈൻ: ഈ അടുത്ത കാലത്തായി ഉയർന്ന് വന്ന ഒരു തൊഴിൽ ശാഖയാണിത്. പ്രത്യേക കമ്പ്യൂട്ടർ സോഫ്റ്റ് വെയറുകൾ കൈകാര്യം ചെയ്യുന്ന വിദഗ്ദരെയാണിവിടെ ആവശ്യം. പ്രതിഭ ഏറെ ആവശ്യമുള്ള ഒരു മേഘല. പ്രീ പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ എന്ന 3 വിഭാഗങ്ങളുണ്ട്.
14. ആർക്കിടെക്ചറൽ ഡിസൈൻ: ബിൽഡിംഗ് മാത്രമല്ല, ഷോപ്പിങ്ങ് മാളുകൾ, എയർ പോർട്ടുകൾ വലിയ ടാൺ ഷിപ്പുകൾ തുടങ്ങിയവയെല്ലാം ഇതിന്റെ പരിധിയിൽ വരും
15. പ്രോഡക്ട് ഡിസൈൻ: ഉപഭോക്താവിന്റെ താല്പര്യം മനസിലാക്കി വ്യത്യസ്ത ഡിസൈനിലുള്ള വിവിധ പ്രോഡക്ടുകൾ വിപണിയിയിലിറക്കുക എന്നത് വെല്ലുവിളികൾ നിറഞ്ഞ ജോലിയാണു. കലയും സാങ്കേതിക വിദ്യയും കൈ കോർക്കുന്നിവിടെ വിദഗ്ദർക്കു അവസരങ്ങൾ അനവധി
16. ഇൻഡസ്ട്രിയൽ ഡിസൈൻ: ഉപഭോക്താവിനും നിർമ്മാതാവിനും ഉപകാരപ്രദമായ രീതിയിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ഏറ്റവും നല്ല സ്പെസിഫിക്കേഷൻ ഉറപ്പ് വരുത്തേണ്ടതിവരാണു
17. ഇൻഫോർമേഷൻ & ഇന്റെർഫേസ് ഡിസൈൻ: വിവര സാങ്കേതിക വിദ്യയുടെ ഇക്കാലത്ത് വിവരങ്ങൾ ക്രിത്യമായി അതാവശ്യമുള്ളവർക്കെത്തിക്കുകയെന്നത് ഒരു വെല്ലുവിളിയാണു. ഇതേറ്റെടുത്ത് ഇതിനാവശ്യമായ സോഫ്റ്റ് വെയറുകൾ, വെബ്സൈറ്റ്, മൊബൈൽ കമ്യൂണിക്കേഷൻ ഉപകരണങ്ങൾ തുടങ്ങിയവയുടെ രൂപകൽപ്പനയാണിത്.
18. ന്യൂ മീഡിയ ഡിസൈൻ: ആനിമേഷൻ, ഫോട്ടോഗ്രാഫി, മൾട്ടിമീഡിയ പ്രോജക്റ്റ് ഡവലപ്മെന്റ് തുടങ്ങിയവയെല്ലാം ഇതിന്റെ പരിധിയിൽ വരും
19. സെറാമിക് & ഗ്ലാസ് ഡിസൈൻ: സെറാമിക് മെറ്റീരിയലിലും ഗ്ലാസിലുമുള്ള ഉൽപ്പന്നങ്ങളുടെ ഡിസൈനും പരിപാലനവുമെല്ലാം ഉൾപ്പെടുന്ന പടന ശാഖയാണിത്
20. ഗ്രാഫിക് ഡിസൈൻ: ന്യൂസ് പേപ്പറുകളിലും, മാഗസിൻ, പരസ്യകമ്പനികളും വ്യാപകമായി ഗ്രാഫിക് ഡിസൈനേഴ്സിനെ ഉപയോഗപ്പെടുത്തുന്നു.
21. ആനിമേഷൻ ഫിലിം ഡിസൈൻ: അസാധാരണ ക്രിയേറ്റിവിറ്റി ഉള്ളവർക്ക് തിരഞ്ഞെടുക്കാവുന്നതാണു ആനിമേഷൻ ഡിസൈൻ. ആനിമേഷൻ സിനിമകൾ ചെയ്യുകയാണു പ്രധാന ജോലി
22. ഫിലിം & വീഡിയൊ കമ്മ്യൂണിക്കേഷൻ ഡിസൈൻ: പേരു സൂചിപ്പിക്കുന്നതു പോലെ ഫിലിം മേക്കർ ആകുവാനുള്ള പരിശീലനമാണിവിടെ ലഭിക്കുക
23. റീടെയിൽ & എക്സിബിഷൻ ഡിസൈൻ: വിവരങ്ങൾ ശേഖരിക്കുകയും അത് ക്രിത്യമായി പ്രദർശിപ്പിച്ച് വിപണനം ചെയ്യേണ്ടവരാണിവർ
24. ഇൻട്രാക്ഷൻ ഡിസൈൻ: ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോക്താവിനു എളുപ്പത്തിൽ കാര്യക്ഷമമായി ആസ്വദിച്ച് ഉപയോഗിക്കാവുന്ന വിധത്തിൽ രൂപ കൽപ്പന ചെയ്യുന്ന വിധമാണു ഇതിൽ പടിപ്പിക്കുന്നത്.
മേൽ പറഞ്ഞവ മിക്കതും ബിരുദ, തലത്തിൽ ലഭ്യമാണു. ചിലത് ബിരുദാനന്തര ബിരുദ, തലത്തിലും. ഡോക്ട്രേറ്റ് എടുക്കുവാനും അവസരമുണ്ട്. +2 വാണു 4 വർഷ ബിരുദ കോഴ്സുകളുടെ അടിസ്താന യോഗ്യത. പ്രവേശന പരീക്ഷയുണ്ടാവും. ബിരുദാനന്തര കോഴ്സുകൾക്ക് ബിരുദവും, ചിലതിനു എഞ്ഞിനിയറിംഗ്, ആർക്കിടെക്ചറൽ, ഫൈൻ ആർട്സ് ബിരുദവുമാണു യോഗ്യത. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, എം ഐ ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, ഐ ഐ ടി, ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ഡിസൈൻ തുടങ്ങിയവ ദേശീയ തലത്തിലെ ചില സ്താപനങ്ങൾ ആണു. കേരളത്തിലെ സർവകലാശാലകളും ഫാഷൻ ഡിസൈനിങ്ങ് കോഴ്സുകൾ നടത്തുന്നുണ്ട്. ഗണിതമുൾപ്പെടുന്ന +2 വാണു ആർക്കിടെക്ചറിന്റെ അടിസ്താന യോഗ്യത. കേരളത്തിലും ലഭ്യമാണു. കൂടാതെ വിവിധ ഡിപ്ലോമ പ്രോഗ്രാമുകളും ലഭ്യമാണു. കോഴ്സുകൾ ഏത് പടിച്ചാലും ജന്മ സിദ്ധമായ കഴിവുണ്ടെങ്കിലേ നല്ലയൊരു ഡിസൈനറാകുവാൻ കഴിയുകയുള്ളുവെന്നതാണു ഓർക്കേണ്ട പ്രധാനപ്പെട്ട കാര്യം
സോഫ്റ്റ് വെയർ എൻജിനിയർ
ഐടി, സോഫ്റ്റ് വെയർ മേഘല തൊഴിലവസരങ്ങളുടെ അക്ഷയ ഖനിയാണു. ഗണിതശാസ്ത്രാഭിരുചിയും അപഗ്രഥനശേഷിയും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ക്ഷമാശീലവുമൊക്കെയുള്ള ചെറുപ്പക്കാർക്ക് സോഫ്റ്റ് വെയർ എൻജിനിയർ ജോലി ഏറെ അനുയോജ്യമാണ്.
പന്ത്രണ്ടാം ക്ലാസിൽ ഗണിതവും, ഊർജ്ജന്ത്രവും, രസതന്ത്രവും ഉയർന്ന മാർക്കോടെ പാസായി പ്രവേശന പരീക്ഷയെന്ന കടമ്പയും കടന്നാൽ ബി ടെക്കിനു കമ്പ്യൂട്ടറൊ ഐടിയോ തിരഞ്ഞെടുക്കാം. അല്ലെങ്കിൽ പഞ്ചവൽസര ഇൻറ്റഗ്രേറ്റഡ് എം. എസ് സി (സോഫ്റ്റ് വെയർ എഞ്ചിനിയറിങ്ങ്) തിരഞ്ഞെടുക്കാം. അതുമല്ലങ്കിൽ ഗണിതശാസ്ത്രം ഉൾപ്പെട്ട ശാസ്ത്ര വിഷയങ്ങളിൽ ഡിഗ്രിയും മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (MCA) അല്ലായെങ്കിൽ എം. എസ് സി (കമ്പ്യൂട്ടർ സയൻസ്/ഐ ടി) കഴിഞ്ഞ് സോഫ്റ്റ് വെയർ മേഘലയിൽ ജോലി നേടാം. ഉയർന്ന മാർക്കോടെ എഞ്ചിനിയറിങ്ങോ, ഗണിതമുൾപ്പെടുന്ന ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമോ ചെയ്തതിനു ശേഷം കമ്പ്യൂട്ടർ സയൻസിൽ എം ടെക് നേടിയും ഈ മേഘലയിൽ പ്രവേശിക്കവുന്നതാണ്. ബിരുദമെടുക്കന്നതോടൊപ്പം ഡോട്ട്ടെക് ടെക്നോളജീസലോ ജാവ, ഒറാക്കിൾ തുടങ്ങിയ കമ്പ്യൂട്ടർ ഭാഷകളിലോ പ്രാവിണ്യം നേടേണ്ടതും അനിവാര്യമാണ്.
എന്നാൽ എഞ്ചിനിയറിങ്ങിനു ഏത് വിഷയമെടുക്കന്നവർക്കും സോഫ്റ്റ് വെയർ മേഘലയിലേക്കു മാറാമെന്നതാണ് രസകരമായ കാര്യം. മേൽ സൂചിപ്പിച്ച ഹ്രസ്വകാല കോഴ്സുകളാണ് ഇവർക്ക് തുണയാവുക. ഒന്നാലോചിച്ചാൽ അതു തന്നെയാണു നല്ലതും. മറ്റേതെങ്കിലും വിഷയം ഐശ്ചികമായി എടുക്കുന്നവർക്ക് ജോലിയുടെ സമ്മർദ്ദത്താലോ മറ്റേതെങ്കിലും കാരണത്താലോ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ തന്നെ സ്വന്തം മേഘലയിലേക്ക് മാറുവാനുള്ള അവസരം ഉണ്ടുവെന്നതാണു അതിനു കാരണം. എന്നാൽ ഐടിയോ കമ്പ്യൂട്ടറോ തിരഞ്ഞെടുക്കുന്നവർക്ക് അങ്ങനെയൊരു സൗകര്യമില്ലായെന്നതൊരു പരിമിതിയാകുന്നു. സോഫ്റ്റ് വെയർ എൻജിനിയറല്ലാതെ തന്നെ മറ്റ് നിരവധി ജോലികൾ കമ്പ്യൂട്ടർ മേഘലയിൽ ഉണ്ടുവെന്നതാണു വസ്തുത.
ഇൻഫോസിസ്, വിപ്രോ, ഗൂഗിൾ, ഐ ബി എം, ഐ ബി എസ്, നെസ്റ്റ്, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻ കിട കമ്പനികൾ ആകർഷകമായ ശമ്പളത്തിൽ യോഗ്യരായ ആയിരക്കണക്കിനു യുവതീ യുവാക്കൾക്ക് തൊഴിൽ നൽകി വരുന്നു.