ചെറുനാരങ്ങയെന്ന രോഗ സംഹാരി
കപ്പല്‍ യാത്രക്കാരുടെ പേടിസ്വപ്നമായിരുന്ന സ്കര്‍വി അഥവാ മോണവീക്കം നാരങ്ങാ നീര് കുടിച്ചാല്‍ മാറുമെന്ന് തെളിഞ്ഞതോടെയാണ് നാരങ്ങ ഒരു രോഗ സംഹാരിയായി അറിയപ്പെട്ടു തുടങ്ങിയത്. ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന ജീവകങ്ങളില്‍ മുഖ്യമാണ് ജീവകം - സി.. ഇതിന്റെ നല്ല ശേഖരമാണ് നാരങ്ങ. മോണവീക്കവും , വേദനയും രക്‌തസ്രാവവും , സന്ധിവാതവും വായ്നാറ്റവും പല്ലു ദ്രവിക്കലുമൊക്കെ ജീവകം -സി യുടെ അഭാവത്തിന്റെ ലക്ഷണങ്ങളാണ്.
ദിവസവും നാരങ്ങാനീര് കുടിക്കുന്നതും ഇതു കൊണ്ട് മോണയില്‍ ഉഴിയുന്നതുമൊക്കെ ഈ അവസ്ഥകള്‍ മാറാന്‍ സഹായിക്കും. ജീവകം സി ക്കു പുറമേ ബി- കോംപ്ലക്സ് ജീവകങ്ങളും പൊട്ടാസ്യവും ഫ്ലവനോയിഡുകളും ചെറുനാരങ്ങയില്‍ നല്ല തോതില്‍ അടങ്ങിയിട്ടുണ്ട്. നാരങ്ങയിലുള്ള ഫ്ലവനോയിഡുകള്‍ ശരീരത്തില്‍ നീരുകെട്ടല്‍ , പ്രമേഹത്തോടനുബന്ധിച്ച് ചെറു രക്‌തഞ്ഞരമ്പുകള്‍ പൊട്ടിയുണ്ടാകുന്ന രക്‌തസ്രാവം , അണുപ്രസരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ , പിത്തം എന്നിവയെ ശമിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
ചെറുനാരങ്ങയിലടങ്ങിയിട്ടുള്ള സിട്രിക് അമ്ലം രക്‌തഞ്ഞരമ്പുകളില്‍ കൊളസ്ട്രോള്‍ അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കുമെന്നും ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നല്ല അണുനാശിനിയാണ് സിട്രിക് ആസിഡ്. വൃഷണത്തിലുണ്ടാകുന്ന ചൊറിച്ചിലും ഗര്‍ഭാശയ രക്‌തസ്രാവവും നാരങ്ങാനീര് പുരട്ടുന്നതിലൂടെ കുറയുമെന്ന് കിങ്ങ്സ് അമേരിക്കന്‍ ഡിസ്പെന്‍സറി നടത്തിയ പഠനം പറയുന്നു. വിട്ടു മാറാത്ത ഇക്കിളും വയറിലെ കോച്ചിപ്പിടുത്തവുമകറ്റാന്‍ നാരങ്ങാനീര് നല്‍കുന്നത് ഫലവത്താണെന്ന് ചില ഗവേഷണഫലങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ടോണ്‍സിലൈറ്റിസിനു ശമനമുണ്ടാക്കാന്‍ നാരങ്ങാ നീര് പുരട്ടുന്നത് നല്ലതാണെന്ന് ചില ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ശബ്ദം അടയുന്ന അവസ്ഥയും പനിയും നാരങ്ങാനീരിന്റെ ഉപയോഗത്തിലൂടെ കുറയ്ക്കാമെന്നാണ് മറ്റൊരു ഗവേഷണഫലം. ഇലക്കറികള്‍ അധികം കഴിച്ചുണ്ടാകുന്ന ദഹനക്കേടും വിശപ്പില്ലായ്മയും മാറാനും നാരങ്ങനീര് സഹായിക്കും. നാരങ്ങ തുളച്ചതില്‍ വിരല്‍ കടത്തിവെച്ച് നഖച്ചുറ്റ് മാറ്റുന്നതും നാരങ്ങാനീര് തലയില്‍ പുരട്ടി താരന്‍ ശമിപ്പിക്കുന്നതും നാരങ്ങാവെള്ളത്തില്‍ തേന്‍ കലര്‍ത്തിക്കുടിച്ച് ജലദോഷം അകറ്റുന്നതുമൊക്കെ ഫലപ്രദമായ ചില നാട്ടുവൈദ്യ പ്രയോഗങ്ങളാണ്.
ജി.എസ് ഉണ്ണീകൃഷണന്‍ നായര്‍
മാതൃഭൂമി ദിനപത്രം