Please click Down LPG Portal for more information.
Related News
വിതരണം മെച്ചപ്പെടുത്താന്‍ ഏജന്‍സികള്‍ക്ക് റേറ്റിങ്
ന്യൂദല്‍ഹി: പാചകവാതക സിലിണ്ടര്‍ വിതരണം കാര്യക്ഷമമാക്കുന്നതിന് പുതിയ സംവിധാനം. വിതരണം വൈകിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ ഏജന്‍സികള്‍ക്ക് റേറ്റിങ് ഏര്‍പ്പെടുത്തി. റേറ്റിങ് കുറഞ്ഞ ഏജന്‍സികളില്‍നിന്ന് റേറ്റിങ് കൂടിയ ഏജന്‍സിയിലേക്ക് കണക്ഷന്‍ മാറ്റാന്‍ ഉപഭോക്താക്കളെ അനുവദിക്കും. ആദ്യഘട്ടത്തില്‍ ഒരേ കമ്പനിയുടെ ഏജന്‍സികള്‍ക്കിടയില്‍ അനുവദിച്ചിരിക്കുന്ന പോര്‍ട്ടബിലിറ്റി സൗകര്യം പിന്നീട് മൊബൈല്‍ പോര്‍ട്ടബിലിറ്റിക്ക് സമാനമായ നിലയില്‍ കുടുതല്‍ ഉദാരമാക്കും. അതോടെ, ഉപയോക്താവിന്‍െറ താല്‍പര്യമനുസരിച്ച് കണക്ഷന്‍ ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികളില്‍ ഏതിലേക്കും മാറാം.
ബുക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് സിലിണ്ടര്‍ നല്‍കാനെടുക്കുന്ന സമയം കണക്കാക്കിയാണ് ഏജന്‍സിയുടെ റേറ്റിങ് നിശ്ചയിക്കുക. ബുക് ചെയ്ത സിലിണ്ടറുകളില്‍ 85 ശതമാനവും രണ്ടു ദിവസത്തിനകം വീട്ടിലെത്തിക്കുന്ന ഏജന്‍സിക്ക് പഞ്ചനക്ഷത്ര ഗ്രേഡ്. പത്തുദിവസത്തില്‍ കൂടുതല്‍ വൈകിച്ചാല്‍ റേറ്റിങ് വട്ടപ്പൂജ്യം. രണ്ടു മുതല്‍ 10 വരെ ദിവസത്തിനിടയില്‍ സിലിണ്ടര്‍ എത്തിക്കുന്ന ഏജന്‍സികള്‍ക്ക് ഒന്നു മുതല്‍ നാലുവരെയുള്ള റേറ്റിങ് ലഭിക്കും. ഏജന്‍സി മാറ്റത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാം. അപേക്ഷ ലഭിച്ചാല്‍ നിശ്ചിത സമയത്തിനകം ഏജന്‍സി മാറ്റം അനുവദിക്കും. ഇതോടെ, വിതരണം കാര്യക്ഷമമാക്കാന്‍ ഏജന്‍സികള്‍ മത്സരിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. കണക്ഷന്‍ മാറ്റം അനുവദിക്കുന്ന പോര്‍ട്ടബിലിറ്റി സൗകര്യം പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ചണ്ഡിഗഢില്‍ നിലവില്‍ വന്നു. 'ലക്ഷ്യ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി ദല്‍ഹിയില്‍ നിര്‍വഹിച്ചു.
നടപ്പു സാമ്പത്തികവര്‍ഷം വിവിധ സംസ്ഥാനങ്ങളിലെ 25 ജില്ലകളിലും പിന്നീട് രാജ്യത്താകെയും പോര്‍ട്ടബിലിറ്റി സൗകര്യം വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. www.petroleum.nic.in എന്ന വെബ്സൈറ്റ് വഴി ഉപഭോക്താക്കള്‍ക്ക് ഏജന്‍സികളുടെ പ്രവര്‍ത്തനം വിലയിരുത്തി റേറ്റിങ് നല്‍കാം. മൊബൈല്‍ വഴി ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എല്‍.പി.ജി പോര്‍ട്ടലിന്‍െറ ആന്‍ഡ്രോയിഡ് ആപ്ളിക്കേഷനും മന്ത്രി പുറത്തിറക്കി. പുതിയ പാചകവാതക കണക്ഷനുള്ള അപേക്ഷയും ഓണ്‍ലൈനായി നല്‍കാന്‍ കഴിയും. വര്‍ഷത്തില്‍ എത്ര സിലിണ്ടര്‍ തങ്ങളുടെ പേരില്‍ ഏജന്‍സി നല്‍കിയിട്ടുണ്ടെന്നത് ഉള്‍പ്പെടെ ഉപഭോക്താക്കള്‍ക്ക് അറിയാന്‍ കഴിയുന്ന വെബ്സൈറ്റ് ഏതാനും മാസം മുമ്പ് ഏര്‍പ്പെടുത്തിയിരുന്നു. ഏജന്‍സികള്‍ സിലിണ്ടറുകള്‍ മറിച്ചുവില്‍പന നടത്തുന്നത് തടയാന്‍ ലക്ഷ്യമിട്ട സംവിധാനം മികച്ച ഫലമാണ് നല്‍കിയതെന്നും മന്ത്രി തുടര്‍ന്നു.