ദമ്മാം: 'നിതാഖാത്' പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട നടപടികള്‍ രാജ്യത്തെ വിവിധ ലേബര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ചു. 'നിതാഖാത്' പദ്ധതിയുടെ ഭാഗമായി തൊഴിലുടമകള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കുന്നതിന് മന്ത്രാലയം അനുവദിച്ച സമയപരിധി ശവ്വാല്‍ 12ന് (സെപ്റ്റംബര്‍ 10) അവസാനിക്കാനിരിക്കെയാണ് രണ്ടാം ഘട്ട നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സമര്‍പ്പിച്ച രേഖകള്‍ ശരിയാണോ എന്ന് സ്ഥാപനങ്ങളില്‍ നേരിട്ടെത്തി പരിശോധിക്കുന്ന നടപടിയാണ് ഈ ഘട്ടത്തില്‍ നടക്കുന്നത്.
ഇതിന്റെ ഭാഗമായി രേഖകള്‍ പൂര്‍ണമായി സമര്‍പ്പിച്ച സ്ഥാപനങ്ങളില്‍ മുന്‍കൂര്‍ അറിയിച്ച് നേരിട്ടെത്തിയാണ് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കുന്നത്. വിദേശി, സ്വദേശി തൊഴിലാളികളുടെ അനുപാതം സമര്‍പ്പിച്ച രേഖകളില്‍ നല്‍കിയത് പ്രകാരം കൃത്യമാണോ എന്ന് തല എണ്ണി തിട്ടപ്പെടുത്തുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. കൂടാതെ, വിസ അനുവദിച്ചിരിക്കുന്ന സി.ആര്‍ നമ്പറിന് കീഴില്‍ ഇഖാമയില്‍ കാണിച്ചിരിക്കുന്ന പ്രഫഷന്‍ പ്രകാരമാണോ തൊഴിലാളി ജോലി ചെയ്യുന്നത് എന്നും ഉറപ്പുവരുത്തുന്നുണ്ട്.
ശവ്വാല്‍ 12 (സെപ്റ്റംബര്‍ 10) മുതലാണ് രണ്ടാം ഘട്ട നടപടികള്‍ പൂര്‍ണമായും ആരംഭിക്കുക. എന്നാല്‍ 'നിതാഖത്' പദ്ധതി പ്രകാരമുള്ള രേഖകളെല്ലാം ഇതിനകം ശരിയാക്കിയതായി തൊഴില്‍ ഉടമ അറിയിക്കുന്ന കേസുകളിലാണ് ഇപ്പോള്‍ പരിശോധനകള്‍ നടക്കുന്നത്. അതേസമയം, ശവ്വാല്‍ 12ന് (സെപ്റ്റംബര്‍ 10) ശേഷം നിതാഖാത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളിലും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ പരിശോധനയില്‍ 'നിതാഖാത്' നിര്‍ദേശ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ തൊഴില്‍ ഉടമ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയാല്‍ രേഖകള്‍ ശരിയാക്കുന്നതിന് താക്കീതോടെ വീണ്ടും മൂന്നുമാസം സമയം നല്‍കും. ഈ കാലാവധിക്കുള്ളിലും നിതാഖാത് മാനദണ്ഡപ്രകാരമുള്ള രേഖകള്‍ ശരിയാക്കിയില്ലെങ്കില്‍ മാത്രമേ ഇത്തരം സ്ഥാപാനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കൂ. ആദ്യഘട്ട പരിശോധനക്ക് ശേഷം താക്കീത് നല്‍കിയിട്ടും നിതാഖാത് മാനദണ്ഡപ്രകാരമുള്ള രേഖകള്‍ ശരിയാക്കാത്ത സ്ഥാപനങ്ങളെയാണ് സമയ പരിധിക്ക് ശേഷം അപകട മേഖലയായ ചുകപ്പ്, മഞ്ഞ വിഭാഗങ്ങളില്‍പ്പെടുത്തുന്നത്. നിലവില്‍ ലഭ്യമായ വിവര പ്രകാരം ചുകപ്പ് പട്ടികയില്‍ പെടുന്ന സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് അടുത്ത ഹിജ്‌റ വര്‍ഷം ഒന്ന് മുതലും (നവംബര്‍ 26) മഞ്ഞ വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങളിലുള്ളവര്‍ക്ക് റബീഉല്‍ അവ്വല്‍ 29 (ഫെബ്രുവരി 22) മുതലും രേഖകള്‍ പുതുക്കി നല്‍കില്ലെന്നാണ് അറിയുന്നത്.
രണ്ടാം ഘട്ടം നടപടികളുടെ ഭാഗമായുള്ള പരിശോധന ഊര്‍ജിതമാകുന്നതോടെ സ്‌പോണ്‍സറുമായി നേരിട്ട് ബന്ധമില്ലാതെ കഫാലത്ത് വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരും സ്‌പോണ്‍സറുമയി ബന്ധപ്പെടാതെ 'പുറത്ത് നിന്ന്' ഇഖാമ പുതുക്കി രാജ്യത്ത് തങ്ങുന്ന വിദേശ തൊഴിലാളികളും വിസ അനുവദിച്ച സ്ഥാപനം പ്രവര്‍ത്തന രഹിതമായവരും പ്രതിസന്ധിയിലാകും. ഇത്തരക്കാര്‍ പരിശോധന സമയത്ത് സ്‌പോണ്‍സര്‍ക്ക് കീഴിലുള്ള (വിസയില്‍ നല്‍കിയിരിക്കുന്ന സി.ആര്‍ നമ്പറില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ) സ്ഥാപനത്തില്‍ ഹാജരാവേണ്ടി വരും എന്നതാണ് 'തല എണ്ണല്‍' പരിശോധന സൃഷ്ടിക്കുന്ന പ്രയാസം.