2008ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്റ്റ് പ്രകാരം 2009 ല്‍ രൂപീകരിക്കപെട്ടതാണ് പ്രവാസി ക്ഷേമനിധി. വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കും ജോലിക്ക് ശേഷം തിരിച്ച് വന്നിട്ടുള്ളവരുടെയും ക്ഷേമത്തിനായി ഇത് രൂപീകരിച്ചിരിക്കുന്നു.
അംഗത്വം & അര്‍ഹത ഉള്ളവര്‍
ഈ ക്ഷേമനിധിയില്‍ നാല് തരാം അംഗത്വം ഉണ്ട്
1. പ്രവാസി കേരളീയന്‍(വിദേശം): ഇപ്പോള്‍ വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍
2. മുന്‍ പ്രവാസി കേരളീയന്‍(വിദേശം): വിദേശത്ത് 2 വര്‍ഷമെങ്കിലും ജോലി ചെയ്ത ശേഷം തിരിച്ച് വന്നു കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍
3. പ്രവാസി കേരളീയന്‍ (ഭാരതം): കേരളത്തിന് പുറത്ത് ജോലി സംബന്ധമായി 6 മാസമായി താമസിച്ചു വരുന്നവര്‍
4. കല്പിതാംഗം: പ്രവാസി കേരളീയന്‍( ഭാരതം) ആയിരിക്കുമ്പോള്‍ അംഗത്വം എടുത്ത ആള്‍ക്ക് പിന്നീട് കേരളത്തില്‍ സ്ഥിര താമസം ആകുമ്പോള്‍ ഈ പദ്ധതിയില്‍ അംഗത്വം തുടരാവുന്നതാണ്. ഇവരാണ് കല്പിതാംഗങ്ങള്‍.
മേല്‍പറഞ്ഞ 1,2,3, എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുക്കാവുന്നതാണ്.
അപേക്ഷകരുടെ പ്രായം 18 നും 55 നും മദ്ധ്യേ ആയിരിക്കണം.രെജിസ്ട്രേഷന്‍ ഫീസ് 200 രൂപയാണ്.kerala non residant keralaite welfare fund എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി ആയോ ഏതെങ്കിലും എസ്.ബി.ടി ശാഖയില്‍ 200 രൂപ പ്രവാസി ക്ഷേമനിധി ചെലാന്‍ വഴിയോ രെജിസ്ട്രേഷന്‍ അടക്കാവുന്നതാണ്.ഫീസ് അടച്ച രേഖയുടെ കോപ്പി അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
1. വിദേശത്ത് ജോലി ചെയ്യുന്നവര്‍(പ്രവാസി വിദേശം) ഫോറം നമ്പര്‍ 14 പൂരിപ്പിച്ച് നല്‍കണം. അപേക്ഷയോടൊപ്പം ജനന തിയതി തെളിയിക്കുന്ന രേഖ( ജനന സര്‍ട്ടിഫിക്കറ്റ്,പാസ്പോര്‍ട്ട്,ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്‍റെ കോപ്പി) നോര്‍ക്കാ രൂറ്റ്സില്‍ നിന്നും ലഭിച്ചിട്ടുള്ള ഐഡന്റിറ്റി കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ഹാജരാക്കണം. നോര്‍ക്കയുടെ കാര്‍ഡില്ലെങ്കില്‍ പാസ്പോര്ടിന്റെയും പ്രാബല്യത്തിലുള്ള വിസയുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ഹാജരാക്കണം.
വിദേശത്ത് നിന്നും അപേക്ഷിക്കുകയാനെങ്കില്‍ പാസ്പോര്‍ട്ട്,വിസയുടെയും പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുതിയാല്‍ മതി.
2. വിദേശത്ത് നിന്ന് തിരിച്ച് വന്നവര്‍,മുന്‍ പ്രവാസി കേരളീയന്‍(വിദേശം) ഫോറം നമ്പര്‍ 1 ബി പൂരിപ്പിച്ച് ജനന സര്‍ട്ടിഫിക്കറ്റ്,പാസ്പോര്‍ട്ട്,ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്,വിദേശത്ത് താമസിച്ചത് തെളിയിക്കുന്നതിനുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്,2 വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ പ്രവാസി കേരളീയനായിരുന്നു എന്നും തിരിച്ച് വന്ന് ഇപ്പോള്‍ കേരളത്തില്‍ സ്ഥിരതാമസമാക്കിയത് ആണെന്നും തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍,തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്‍റെ പ്രസിടന്റ്റ്/ സെക്രട്ടറി/ഗസറ്റഡ് ഓഫീസര്‍/എം.എല്‍.എ/എം.പി ഇവരില്‍ ആരില്‍ നിന്നെങ്കിലുമുള്ള സാക്ഷ്യപത്രം എന്നിവ ഹാജരാക്കേണ്ടതാണ്.
3. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍,പ്രവാസി കേരളീയന്‍ (ഭാരതം) ഫോറം നമ്പര്‍ 2 എ പൂരിപ്പിച്ച് ജനന സര്‍ട്ടിഫിക്കറ്റ്,പാസ്പോര്‍ട്ട്,ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. കേരളത്തിന് പുറത്ത് ആറുമാസത്തില്‍ അധികമായി താമസിക്കുന്ന പ്രവാസി കേരളീയനാണെന്നു തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍/ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്‍റെ പ്രസിടന്റ്റ്/ സെക്രട്ടറി/ ഒരു ഗസറ്റഡ് ഓഫീസര്‍/എം.എല്‍.എ/ എം.പി ഇവരില്‍ ആരില്‍ നിന്നെങ്കിലും ഉള്ള സാക്ഷ്യപത്രമോ റേഷന്‍ കാര്‍ഡോ ഹാജരാക്കേണ്ടതാണ്.കൂടാതെ കേരളത്തിന് പുറത്ത് തൊഴില്‍ ചെയ്യുന്നതിനെ സംബന്ധിച്ച തൊഴില്‍ ഉടമയുടെയോ ബന്ധപ്പെട്ട വില്ലേജ് ഓഫീസരുടെയോ സാക്ഷ്യപത്രവും ചേര്‍ക്കണം.
അംശാദായം/ വിഹിതം
അംഗത്വം ലഭിച്ച് കഴിഞ്ഞാല്‍ പ്രവാസി കേരളീയന്‍(വിദേശി) വിഭാഗത്തില്‍ പെട്ടവര്‍ പ്രതിമാസം 300 രൂപയും മറ്റുള്ളവര്‍ 100 രൂപയും അംശാദായം ആയി അടക്കേണ്ടതാണ്. അംശാദായം പ്രതിമാസം,ത്രൈമാസം,അര്‍ദ്ധവാര്‍ഷികം എന്നീ തവണകളായി അടക്കാവുന്നതാണ്.
ആനുകൂല്യങ്ങള്‍
പെന്‍ഷന്‍
അറുപത് വയസ്സ് പൂര്‍ത്തിയായതും അഞ്ചു വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അംശാദായം അടച്ചിട്ടുള്ളതും ആയ ഓരോ പ്രവാസി(വിദേശി) അംഗത്തിന്, പ്രതിമാസം 1000 രൂപയും സ്വന്തം നാട്ടിലേക്ക് തിരിച്ച് വന്നതുമായ മുന്‍ പ്രവാസി(വിദേശം) അംഗത്തിന് പ്രതിമാസം 500 രൂപയും ഇന്ത്യയില്‍ താമസിക്കുന്ന പ്രവാസി (ഭാരതം) ക്ക് പ്രതിമാസം 500 രൂപയും പെന്‍ഷന്‍ ലഭിക്കുന്നതാണ്.
അഞ്ചു വര്‍ഷത്തില്‍ കുറയാത്ത കാലം അംശാദായം അടച്ചിട്ടുള്ള അംഗങ്ങള്‍ക്ക് പൂര്‍ത്തിയാക്കിയ ഓരോ അംഗത്വ വര്‍ഷത്തിനും അര്‍ഹതപ്പെട്ട മിനിമം പെന്‍ഷന്‍ തുകയുടെ 3% ത്തിനു തുല്യമായ തുക അധിക പെന്‍ഷനായി ലഭിക്കുന്നതാണ്. ഫോറം നമ്പര്‍ 5ല്‍ ബന്ധപ്പെട്ട രേഖകളോട് കൂടി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
കുടുംബ പെന്‍ഷന്‍
അഞ്ചു വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അംശാദായം അടച്ചിട്ടുള്ള നാല് വിഭാഗത്തിലെയും അംഗം മരണമടയുന്ന പക്ഷം അയാളുടെ കുടുംബാംഗങ്ങള്‍ക്കും കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതാണ്.
കുടുംബ പെന്‍ഷന്‍ തുക ഓരോ വിഭാഗത്തിനും അര്‍ഹതപ്പെട്ട പ്രതിമാസ പെന്‍ഷന്‍ തുകയുടെ 50% ആയിരിക്കും. അപേക്ഷകന് പ്രതിവര്‍ഷ കുടുംബവരുമാനം 36000 രൂപയില്‍ കവിയാന്‍ പാടില്ല. ഫോറം നമ്പര്‍ 6ല്‍ ബന്ധപ്പെട്ട രേഖകളോട് കൂടി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
അവശതാ പെന്‍ഷന്‍
സ്ഥായിയായ അവശത മൂലം തൊഴില്‍ ചെയ്യാന്‍ സാധിക്കാത്തതും മൂന്ന് വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അംശാദായം അടച്ചിട്ടുള്ളതും ആയ അംഗത്തിന് അര്‍ഹതപ്പെട്ട പെന്‍ഷന്‍ തുകയുടെ 40 % ത്തിനു തുല്യമായ തുക പ്രതിമാസ അവശതാ പെന്‍ഷനായി ലഭിക്കുന്നതാണ്. അവശത ആരംഭിച്ച് രണ്ട് വര്‍ഷത്തിനകം അപേക്ഷിച്ചിരിക്കണം. കുടിശിക പാടില്ല. ഫോറം നമ്പര്‍ 7ല്‍ ബന്ധപ്പെട്ട രേഖകളോട് കൂലി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
അംശാദായം തിരിച്ച് നല്‍കല്‍
1. സ്ഥായിയായ അവശതാ മൂലം ജോലി ചെയ്യാന്‍ കഴിയാതെ വരുന്നവരും അവശതാ പെന്‍ഷന് അര്‍ഹത ഇല്ലാത്തവരുമായ അംഗങ്ങള്‍ക്ക് അവര്‍ നിധിയിലേക്ക് അടച്ച അംശാദായ തുക ബോര്‍ഡ് അനുവദിക്കുന്ന വിഹിതവും ചേര്‍ത്ത് തിരിച്ച് ലഭിക്കുന്നതാണ്.
2. അംഗമായിരിക്കെ മരണമടയുന്ന അംഗങ്ങളുടെ അവകാശികള്‍ക്ക് കുടുംബ പെന്‍ഷന് അര്‍ഹത ഇല്ലാത്ത പക്ഷം അടച്ച തുകയും ബോര്‍ഡ് വിഹിതവും ചേര്‍ത്ത് തിരിച്ച് ലഭിക്കുന്നതാണ്.
3. പെന്‍ഷന് അര്‍ഹത നേടിയ ശേഷം അഞ്ചുവര്‍ഷത്തിനകം അംഗം മരണമടയുന്ന പക്ഷം അവകാശികള്‍ക്ക് ബോര്‍ഡ് നിശ്ചയിക്കുന്ന പ്രകാരം നിശ്ചിത തുക ലഭിക്കുന്നതാണ്.
4. മറ്റേതെങ്കിലും കാരണത്താല്‍ അംഗത്വം റദ്ദായ അംഗങ്ങള്‍ക്ക് അവര്‍ അടച്ച അംശാദായ തുക അംഗത്തിന് 60 വയസ്സ് പൂര്‍ത്തിയാകുന്ന മുറക്ക് തിരികെ ലഭിക്കുന്നതാണ്. ഫോറം നമ്പര്‍ 8ല്‍ ബന്ധപ്പെട്ട രേഖകളോട് കൂടി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
മരണാനന്തര സഹായം
അംഗമായിരിക്കെ അസുഖം മൂലമോ അപകടം മൂലമോ മരണമടയുന്ന പ്രവാസി കേരളീയന്‍ (വിദേശം) അംഗത്തിന്‍റെ ആശ്രിതര്‍ക്ക് 50,000 രൂപയും തിരിച്ച് വന്ന മുന്‍പ്രവാസി കേരളീയനായ (വിദേശം) അംഗത്തിന്‍റെ ആശ്രിതര്‍ക്ക് 30,000 രൂപയും പ്രവാസി കേരളീയനായ അംഗത്തിന്‍റെ ആശ്രിതര്‍ക്ക് 25,000 രൂപയും കല്പിത അംഗത്തിന്‍റെ ആശ്രിതര്‍ക്ക് 20,000 രൂപയും മരണാനന്തര സഹായമായി ലഭിക്കുന്നതാണ്.അംഗം മരണമടഞ്ഞ 6 മാസത്തിനകം ഫോറം നമ്പര്‍ 9ല്‍ ബന്ധപ്പെട്ട രേഖകളോടൊപ്പം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ചികിത്സാ സഹായം
ഗുരുതരമായി രോഗം ബാധിച്ച അംഗങ്ങളുടെയും കല്പിതാംഗങ്ങളുടെയും ചികിത്സക്കായി ഒരംഗത്തിന് മുഴുവന്‍ അംഗത്വ കാലയളവില്‍ പരമാവധി 50,000 രൂപ ചികിത്സ ധനസഹായമായി ലഭിക്കുന്നതാണ്. ചികിത്സ കഴിഞ്ഞ് 6 മാസത്തിനകം ഫോറം നമ്പര്‍ 10ല്‍ രേഖകളോടൊപ്പം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
വിവാഹധന സഹായം
മൂന്ന് വര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ച അംഗത്തിന്‍റെ പ്രായപൂര്‍ത്തിയായ 2 പെണ്മക്കളുടെയും സ്ത്രീ അംഗത്തിന്റെയും വിവാഹത്തിന് 5000 രൂപ ധനസഹായം ലഭിക്കുന്നതാണ്. വിവാഹം കഴിഞ്ഞ് 3 മാസത്തിനകം ഫോറം നമ്പര്‍ 11ല്‍ ബന്ധപ്പെട്ട രേഖകളോടൊപ്പം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കല്പിതാംഗങ്ങള്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
പ്രസവാനുകൂല്യം
രണ്ട് വര്‍ഷം അംശാദായം അടച്ച കല്പിതാംഗങ്ങള്‍ ഒഴികെയുള്ള ഒരു വനിതാ അംഗത്തിന് പ്രസവത്തിന് 3000 രൂപ ധനസഹായം ലഭിക്കുന്നതാണ്. ഗര്‍ഭം അലസല്‍ സംഭവിച്ചാല്‍ 2000 രൂപയും സഹായ ധനമായി ലഭിക്കുന്നതാണ്. പരമാവധി 2 പ്രാവശ്യമേ ഈ ആനുകൂല്യം ലഭിക്കുക ഉള്ളൂ. പ്രസവം നടന്ന് മൂന്ന് മാസത്തിനകം ഫോറം നമ്പര്‍ 12ല്‍ ബന്ധപ്പെട്ട രേഖകളോടൊപ്പം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
വിദ്യാഭ്യാസ ആനുകൂല്യം
രണ്ടു വര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ച അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനു ഗ്രാന്‍റ് ലഭിക്കുന്നതാണ്. കോഴ്സ്, തുക എന്നിവ തീരുമാനിച്ചിട്ടില്ല.
പ്രവാസി ആശ്വാസ നിധി
അംഗങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനോ വീട് നിര്‍മ്മിക്കുന്നതിന് വേണ്ടി വസ്തു വാങ്ങുന്നതിനോ വീടും വസ്തുവും ഉള്‍പ്പെടെ വാങ്ങുന്നതിനോ വീടിന്റെ അറ്റകുറ്റപണി നടത്തുന്നതിനോ വായ്പകള്‍ അനുവദിക്കുന്നതാണ്. കൂടാതെ കേരളത്തില്‍ സ്വയം തൊഴില്‍ ചെയ്യുന്നതിനും ഏതെങ്കിലും കമ്പനികളിലോ സ്ഥാപനങ്ങളിലോ നിക്ഷേപം നടത്തുന്നതിനും മറ്റേതെങ്കിലും സഹായത്തിനായും മുന്‍കൂര്‍ വായ്പകള്‍ ലഭിക്കുന്നതാണ്. ഇതിന് വേണ്ടി അംശാദായത്തിന്‍റെ 15% ത്തിനു തുല്യമായ തുക പ്രവാസി ആശ്വാസ നിധി എന്ന പേരില്‍ ഒരു പ്രത്യേക നിധി രൂപീകരിച്ച് അതിലേക്ക് നീക്കി വയ്ക്കുന്നതും ആ നിധിയില്‍ നിന്നും മേല്‍ വിവരിച്ച ആശ്വാസ നിധി പദ്ധതികള്‍ നടപ്പിലാക്കുന്നതുമാണ്.
പ്രവാസി (വിദേശം) പ്രത്യേക സഹായ നിധി
ആക്റ്റ് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് 55 വയസ്സ് പൂര്‍ത്തിയായത് മൂലം നിധിയില്‍ അംഗത്വം എടുക്കാന്‍ കഴിയാതെ വന്ന പ്രവാസി(വിദേശം) ക്ക് ചികിത്സാ സഹായം,അത്യാവശ്യ ധനസഹായം, പെന്‍ഷന്‍ എന്നിവ നല്‍കുന്നതിനായി ബോര്‍ഡ് ഒരു പ്രത്യേക സഹായ നിധി രൂപീകരിച്ച് നടപ്പിലാക്കുന്നതാണ്.
ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ സാധാരണ രോഗ ചികിത്സക്കായി 10,000 രൂപയും ആസ്മ, തളര്‍വാതം, കുഷ്ഠം, ക്യാന്‍സര്‍, ഹൃദ്രോഗം,കിഡ്നി തകരാര്‍ മുതലായ മാരക രോഗ ചികിത്സക്ക് 25,000 രൂപയും ലഭിക്കുന്നതാണ്. പ്രതിവര്‍ഷ കുടുംബ വരുമാനം 1 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. ചികിത്സ കഴിഞ്ഞ് 6 മാസത്തിനകം ഫോറം നമ്പര്‍ 13ല്‍ ബന്ധപ്പെട്ട രേഖകളുമായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
60 വയസ്സ് പൂര്ത്തിയാകുന്നതിനിടെ മരണമടയുന്ന പ്രവാസി കേരളീയ(വിദേശം 1)രുടെ ആശ്രിതര്‍ക്ക് 10,000 രൂപ പ്രത്യേക സഹായ നിധിയില്‍ നിന്നും സഹായ ധനമായി ലഭിക്കുന്നതാണ്. മരണം നടന്ന 6 മാസത്തിനകം ഫോറം നമ്പര്‍ 14 ല്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
അംഗത്വത്തിന് ഉള്ള അപേക്ഷാഫോറം ലഭിക്കുന്ന സ്ഥലങ്ങള്‍
നോര്‍ക്കാ റൂട്ട്സിന്‍റെ തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അറ്റസ്റ്റേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ കലക്റെറ്റ്കളില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്കാ സെല്ലുകളില്‍ നിന്നും പ്രവാസി ക്ഷേമനിധിയുടെ തിരുവനന്തപുരം ജവഹര്‍ നഗറിലുള്ള ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്.www.pravasiwelfarefund.org എന്നാ വെബ്സൈറ്റില്‍ നിന്നും ഫോറം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
വിലാസം
കേരള പ്രവാസി കേരളീയ ക്ഷേമനിധി ബോര്‍ഡ്
മണികണ്‍ഡ ടവേര്‍സ്,ടെന്നീസ് ക്ലബിന് സമീപം
ജവഹര്‍ നഗര്‍,കവടിയാര്‍ പി.ഒ , തിരുവനന്തപുരം – 695003
ഫോണ്‍ : 0471 – 3013401
പ്രവാസി ക്ഷേമനിധി അറിയേണ്ടതെല്ലാം
പ്രവാസികൾക്കായി ചികിത്സാസഹായങ്ങൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് ക്ഷേമനിധിയിലുള്ളത്. എന്നാൽ ഇപ്പോഴും ഈ സഹായ പദ്ധതിയെക്കുറിച്ച് പലരും ബോധവാന്മാരല്ല. പ്രവാസി ക്ഷേമനിധിയെക്കുറിച്ച് പ്രവാസികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ.
പ്രവാസി കേരളീയ ക്ഷേമനിധി
2009ലെ പത്താം ആക്ടായി 2008ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്ട് നിയമസഭ പാസാക്കിയിട്ടുണ്ട്. അതിന്‍പ്രകാരം പ്രവാസി മലയാളികള്‍ക്കായുള്ള ക്ഷേമപദ്ധതിയും അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിലേയ്ക്ക് 10 ലക്ഷം രൂപയുടെ അനാവര്‍ത്തക ചെലവു ഏകദേശം 9.36 കോടി രൂപയുടെ വാര്‍ഷിക ആവര്‍ത്തന ചെലവു ഉണ്ടാകുന്നതാണെന്ന് ഈ ബില്ലിന്റെ ധനകാര്യ മെമ്മോറാണ്ടത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ ഇതേവരെ നടത്തിയിട്ടുള്ളതില്‍വച്ച് ഏറ്റവും ബൃഹത്തായ പദ്ധതിയാണിത്. പ്രവാസി കേരളീയര്‍ക്ക് ആശ്വാസം നല്‍കുന്നതിനും അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും അവര്‍ക്ക് പെന്‍ഷന്‍, വൈദ്യസഹായം, പെണ്‍മക്കളുടെ വിവാഹാവശ്യത്തിന് സഹായം തുടങ്ങി മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയാണ് പ്രവാസി ക്ഷേമനിധിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍. വിദേശ മലയാളികളുടെ കണക്കെടുപ്പ്
വിദേശങ്ങളിലും കേരളത്തിനു പുറത്ത് ഇന്ത്യക്കകത്തും താമസിക്കുന്നതായ മലയാളികളെപ്പറ്റി സമഗ്രമായ കണക്കെടുക്കുക എന്നതാണ് വിദേശമലയാളികളുടെ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയുണ്ടായി. 2008-09 വര്‍ഷങ്ങളിലെ സാമ്പത്തിക മാന്ദ്യം കാരണ പ്രവാസി കേരളീയരിലും കൂടാതെ കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യ മേഖലകളിലും വളരെ പ്രതികൂലമായ ചലനം ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ പ്രവാസി കേരളീയരുടെ ക്ഷേമം ഉറപ്പാക്കാന്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന് ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്ക് ആവശ്യമാണ്. ഇതിലേയ്ക്കായി 30 ലക്ഷം രൂപ 2009ല്‍ മൈഗ്രേഷന്‍ സര്‍വ്വേ സ്റ്റഡിയ്ക്ക് ആവശ്യമാണെന്ന് സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് സ്റ്റഡീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആഗോള സാമ്പത്തിക മാന്ദ്യംമൂലം മടങ്ങിവരുന്നവരുടെ പുനരധിവാസം
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി വളരെയധികം മലയാളികള്‍ വിദേശരാജ്യങ്ങളില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങിവന്നുകൊണ്ടിരിക്കുകയാണ്. വരുംനാളുകളില്‍ അവരുടെ തിരിച്ചുവരവ് അധികരിക്കാനാണ് സാധ്യത. പ്രവാസി മലയാളികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവ് കേരള സമൂഹത്തിനും അതിന്റെ സമ്പദ്ഘടനയിലു ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിന് ഇടയാക്കും. അതിനാല്‍ അവരുടെ ഫലപ്രദമായ പുനരധിവാസ ഉറപ്പുവരുത്തുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ മുന്നിലുള്ള ഒരു വെല്ലുവിളിയായി ഏറ്റെടുക്കേണ്ടതുണ്ട്. അവരുടെ പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനു മുമ്പായി പ്രവാസികളുടെ തിരിച്ചുവരവ് കേരള സമൂഹത്തില്‍ സൃഷ്ടിക്കുന്ന സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു പഠനം നടത്തേണ്ടതായിട്ടുണ്ട്. അതിനാല്‍ ഇക്കാര്യങ്ങള്‍ പഠിച്ച് സമഗ്രമായ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് സ്റ്റഡീസിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആഗോള യൂത്ത് ഫെസ്റ്റിവല്‍ സംഘടിപ്പിക്കല്‍
വിവിധ രാജ്യങ്ങളില്‍ കഴിയുന്ന മലയാളി യുവജനങ്ങളെ ഉള്‍പ്പെടുത്തി ആഗോള മലയാളി യൂത്ത് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയെന്നത് ഈ വകുപ്പിന്റെ തീരുമാനമാണ്. നിര്‍ധനരായ പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടില്‍കൊണ്ടു വരുന്നതിനുള്ള ധനസഹായംവിദേശത്തുവെച്ചോ, കേരളത്തിന് പുറത്ത് ഇന്ത്യക്കകത്തുവെച്ചോ മരണപ്പെടുന്ന നിര്‍ധനരായ-മലയാളികളുടെ മൃതദേഹം കൊണ്ടുവരുന്നതിനുള്ള ചെലവ് വഹിക്കുന്നതിനുവേണ്ടി മാത്രമായിട്ടാണ് ഈ ഫണ്ട് വിഭാവനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ത്തന്നെ അതീവ ശുഷ്ക്കാന്തിയോടെ പ്രവര്‍ത്തിച്ച് സര്‍ക്കാര്‍ ഈ സ്കീം നടപ്പിലാക്കി വരുന്നു.