തലനീരിറങ്ങി ഉണ്ടാകുന്ന വേദനകൾ പലപ്പോഴും കുത്തിനോവ് ഉണ്ടാകുന്ന പോലത്തെ അനുഭവമാകും ഉണ്ടാക്കുന്നത്. ആയുർവേദ പ്രകാരം ശാരീരിക രോഗങ്ങൾക്കും പ്രധാന കാരണം രക്തത്തിലെ മാലിന്യങ്ങളിൽ നിന്നുള്ള നീര് ആണ്. ഈ നീര് ഭാവിയിൽ വിവിധ രോഗങ്ങളായി മാറും. ആയുർവേദ ചികിത്സാരീതിയിൽ തലനീരിറക്കത്തിന് ഒരു ശാസ്ത്രീയവശം തന്നെയുണ്ട്. കഫത്തിന്റെ ദോഷമായിട്ടാണ് ശരീരത്തിൽ നീർക്കെട്ട് ഉണ്ടാകുന്നത്. നീർക്കെട്ട് ശരീരത്തിന്റെ ഏത് ഭാഗത്താണോ പറ്റിപിടിക്കുന്നത് ആ അവയവത്തിലേക്കുള്ള രക്തയോട്ടവും വായുസഞ്ചാരവും തടസ്സപ്പെടുന്നു. ആ ശരീരഭാഗത്ത് രോഗം ഉണ്ടാകാനുള്ള സാധ്യതകളും കൂടുന്നു. രക്തത്തിൽ തിങ്ങി നിറഞ്ഞ മാലിന്യങ്ങൾ ശിരസ്സിൽ സഞ്ചരിക്കുകയും വെള്ളം താഴോട്ടൊഴുകുന്നതുപോലെ ജലസ്വഭാവമുള്ള ദോഷങ്ങൾ താഴെ ശരീരത്തിലേക്ക് ഇറങ്ങുകയും ശരീരത്തിന്റെ പലഭാഗങ്ങളിലായി പറ്റി പിടിക്കുകയും ചെയ്യുന്നു.
ശരീരത്തിന്റെ ദോഷങ്ങൾ മനസിനെയും മറിച്ച് മനസിന്റെ ദോഷങ്ങൾ ശരീരത്തെയും ബാധിക്കും. നീർക്കെട്ടുകൾ നിറഞ്ഞ ശരീരത്തിൽ കുടികൊള്ളുന്ന മനസിനെയും ഒരുപാട് ദോഷങ്ങൾ ബാധിക്കുകയും മാനസികമായിട്ടുള്ള പല രോഗങ്ങളും ഉണ്ടാകുകയും ചെയ്യുന്നു. ദുഷിക്കാതിരിക്കുന്ന വായു ആരോഗ്യത്തിനും ദുഷിച്ച വായു രോഗങ്ങൾക്കും കാരണമായി തീരുന്നു. നീർക്കെട്ടുകൾ ശരീരകോശങ്ങളിലും സൂക്ഷ്മ കോശങ്ങളിലും പ്രാണവായുവും കലർന്ന രക്തം എത്തിച്ചേരാതിരിക്കുന്നതിനാൽ ആ അവയവത്തിന്റെ പ്രവർത്തനം ഭാഗികമായി സ്തംഭിച്ച് രോഗ കാരണമാകുന്നു.
വ്യായാമം ചെയ്യാതിരിക്കുക,അമിതമായി ആഹാരം കഴിക്കുക, കഫസ്വഭാവമുള്ള ആഹാരസാധനങ്ങൾ കഴിക്കുക, ക്രമം തെറ്റിയ ആഹാരരീതികൾ എന്നിവയും ഒഴിവാക്കേണ്ടതാണ്.
ആയുർവേദ പ്രകാരം ശാരീരിക രോഗങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്ന് നീര് തന്നെയാണ്. നീർക്കെട്ടിനെ തുടച്ചുനീക്കുകയും ശരീരത്തിന് ബലത്തെ പ്രദാനം ചെയ്യുന്നതിലൂടെയും ശരീരത്തിന് രോഗത്തെ ചെറുക്കാൻ സാധിക്കുന്നു. കഴിയുന്നതും പകലുറക്കം ഒഴിവാക്കുക. ചൂടുവെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക. അമിതമായ ഉപ്പ്, എരിവ് എന്നിവ ഒഴിവാക്കുക. ഇതുകൂടാതെ കാലാവസ്ഥയുമായി ബന്ധപ്പെട്ട് ശരീരത്തിൽ നീർക്കെട്ടിനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഈർപ്പം കൂടിയ വായു നിറഞ്ഞ കാലാവസ്ഥ നീർക്കെട്ട് വർദ്ധിക്കുന്നതായി കണ്ടുവരുന്നു. കേരളത്തിൽ ഹ്യുമിഡിറ്റിയുടെ അളവ് അന്തരീക്ഷത്തിൽ കൂടുതലാണ്. അത് കൊണ്ടുതന്നെ നീരിറക്കവുമായി ബന്ധപ്പെട്ട രോഗങ്ങളും കൂടുതലാണ്.
നീർക്കെട്ട് രക്തത്തിൽ സഞ്ചിതമായാൽ ത്വക്ക് രോഗങ്ങളായ കരിവാളിച്ച, ത്വക്കിൽ നിറവ്യത്യാസം, എക്സിമ എന്നിവയും കൂടാതെ ഉറക്കമില്ലായ്മ, പെട്ടെന്ന് ദേഷ്യം വരിക, മാനസിക അസ്വസ്ഥത, ജോലി ചെയ്യാൻ താല്പര്യമില്ലായ്മ എന്നിവയ്ക്കും കാരണമാകാറുണ്ട്. തലനീരിറക്കം പല നേത്രരോഗങ്ങൾക്കും കാരണമാകുന്നു. ചിലരിൽ നീർക്കെട്ട് ശിരസിൽ സഞ്ചയിക്കുകയും തന്മൂലം തലവേദന, തലകറക്കം, തുമ്മൽ, മൂക്കടപ്പ്, ചെവിവേദന തുടങ്ങിയവയും കണ്ടുവരാറുണ്ട്.
ഡോ. അശ്വതി തങ്കച്ചി
മാനേജിംഗ് ഡയറക്ടർ
സിദ്ധസേവാമൃതം ക്ലിനിക്
അമ്പലമുക്ക്
തിരുവനന്തപുരം
ഫോൺ: 9048210046