ലാഭകരമായി പ്രവര്‍ത്തിക്കുന്ന ടെലികോം വ്യവസായത്തെ മാതൃകയാക്കി അടിസ്ഥാന സൗകര്യവികസന, സേവന മേഖലകളില്‍ രാജ്യത്തിന്റെ നില മെച്ചപ്പെടുത്താം
2016 ഫെബ്രുവരി 29 ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി 2016-17 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. കേരളത്തിലെ എല്ലാ പ്രമുഖ പത്രങ്ങളും മുന്‍ പേജില്‍ തന്നെ ബജറ്റിനെ സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. അതോടൊപ്പം കേന്ദ്രം കേരളത്തോട് ബജറ്റില്‍ ചിറ്റമ്മ നയം കാട്ടുകയായിരുന്നെന്ന വാര്‍ത്തകളും ഇടം കണ്ടു. റോഡ്, വൈദ്യുതി, ജലവിതരണം, മാലിന്യ സംസ്‌കരണം, എയര്‍പോര്‍ട്ട്, റെയ്ല്‍വേ, സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങി ഏതാണ്ടെല്ലാ മേഖലകളിലും സര്‍ക്കാര്‍ വകുപ്പുകള്‍ കേരളത്തിന് ഫണ്ട് അനുവദിക്കുന്നതില്‍ ചിറ്റമ്മ നയം സ്വീകരിക്കുന്നതായാണ് പരാതി. എന്നാല്‍ ഒരു മേഖലയില്‍ മാത്രം പരാതികളൊന്നും ഉണ്ടായില്ല. ടെലികോം സേവന മേഖലയില്‍ കേരളത്തോട് കേന്ദ്രം ചിറ്റമ്മനയം കാട്ടുന്നതായി ആരും പരാതിപ്പെട്ടില്ല. കഴിഞ്ഞ 20 വര്‍ഷമായി എവിടെയും ടെലികോം മേഖല സംബന്ധിച്ച് കാര്യമായ പരാതികളൊന്നും ഉണ്ടായില്ല. എന്തുകൊണ്ടാണിതെന്ന് വിശകലനം ചെയ്യാം.
1. ഒന്നാമത്തേയും പ്രധാനവുമായ കാര്യം ആര്‍ക്കും പുതിയ ടെലിഫോണ്‍ കണക്ഷനു വേണ്ടി കാത്തു നില്‍ക്കേണ്ടി വരുന്നില്ലെന്നതാണ്. 'നോ ഫോണ്‍' എന്നതില്‍ നിന്നും 'സെല്‍ഫോണ്‍' എന്ന നിലയിലേക്ക് മാറിയ രാജ്യമാണ് നമ്മുടേത്. ഇപ്പോള്‍ ഒരു പുതിയ കണക്ഷനു വേണ്ടി കാത്തിരിക്കേണ്ടി വരുന്നത് പരമാവധി ഒരു മണിക്കൂറാണ്. ഇരുപത് വര്‍ഷം മുമ്പ് പുതിയ ഒരു കണക്ഷനു വേണ്ടി ചുരുങ്ങിയത് പത്തു വര്‍ഷം കാത്തിരിക്കേണ്ടി വന്നിരുന്ന സ്ഥാനത്താണിത്.
2. രണ്ടാമത്തെ കാരണം, കഴിഞ്ഞ 20 വര്‍ഷമായി ഉപഭോക്താവിനുള്ള ചെലവ് തുടര്‍ച്ചയായി കുറഞ്ഞു കൊണ്ടിരിക്കുന്ന മേഖലയാണ് ഇത് എന്നതാണ്. മറ്റെല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഇക്കാലയളവില്‍ വില കാര്യമായി വര്‍ധിച്ചിട്ടുണ്ട്. ഏതാനും വര്‍ഷം മുമ്പ് വിവിധ രാജ്യങ്ങളിലെ മൊബീല്‍ ഫോണ്‍ സേവന നിരക്കുകള്‍ താരതമ്യം ചെയ്തുകൊണ്ട് ഇക്കണോമിക് ടൈംസ് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ സേവനം നല്‍കുന്ന രാജ്യം ഇന്ത്യയാണെന്ന് ആ ലേഖനം പറയുന്നു.
3. ധാരാളം സേവനദാതാക്കള്‍ ഇവിടെയുണ്ട്. നമ്പര്‍ പോര്‍ട്ടബിലിറ്റിക്കുള്ള സൗകര്യവും ലഭ്യമാണ്. ഒരു സേവന ദാതാവ് തന്നെ കബളിപ്പിക്കുകയാണെന്ന് തോന്നിയാല്‍ അതേ നമ്പര്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ സേവനദാതാവിനെ മാറ്റാന്‍ ഉപയോക്താവിന് കഴിയും. ഇതോടെ ഒരു സേവനദാതാവിനും ഉപയോക്താവിനെ കബളിപ്പിച്ചുകൊണ്ട് നിലനില്‍ക്കാന്‍ പറ്റാതായി.
4. 1996 ല്‍ കേരളത്തില്‍ മൊബീല്‍ സര്‍വീസ് ആരംഭിക്കുന്ന സമയത്ത് കരുതിയിരുന്നത്, സ്വകാര്യ സേവന ദാതാക്കള്‍ ജനസംഖ്യ കൂടിയ നഗരങ്ങളില്‍ മാത്രമേ ശ്രദ്ധിക്കുകയുള്ളൂവെന്നും ഗ്രാമീണ മേഖലയില്‍ സേവനം എത്തിക്കുവാന്‍ ബി.എസ്.എന്‍.എല്‍ മാത്രമേ ഉണ്ടാകൂ എന്നുമാണ്. എന്നാല്‍ ഇന്ന് ഗ്രാമ പ്രദേശങ്ങളില്‍ പോലും സ്വകാര്യ സേവനദാതാക്കള്‍ മികച്ച കവറേജും സിഗ്നല്‍ സ്‌ട്രെംഗ്ത്തും നല്‍കിയതു വഴി ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ പോലും സ്വകാര്യ കമ്പനികളുടെ സേവനം തേടിക്കൊണ്ടിരിക്കുകയാണ്.
5. ഡ്യുവല്‍ സിം ഫോണുകള്‍ വന്നതോടെ ഉപയോക്താക്കള്‍ രണ്ടു കമ്പനികളും നല്‍കുന്ന ഓഫറുകള്‍ താരതമ്യം ചെയ്യാന്‍ തുടങ്ങി. 63ജി, 4ജി എന്നിവയുടെ വരവോടെ നെറ്റ് കണക്ഷന്റെ സ്പീഡും കവറേജും വര്‍ധിച്ചു.
ടെലികോം മേഖല നമ്മെ കുറേ വിലയേറിയ പാഠങ്ങള്‍ പഠിപ്പിക്കുന്നു. ഈ പാഠങ്ങള്‍ ബാങ്ക്, വൈദ്യുതി, ജലവിതരണം, മാലിന്യ സംസ്‌കരണം, എയര്‍പോര്‍ട്ട്, റെയ്ല്‍വേ, സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങിയ മേഖലകളില്‍ പ്രയോഗത്തില്‍ വരുത്താനാകുമോ എന്നതാണ് ചോദ്യം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി വരുമാനത്തില്‍ ചെറിയ പങ്കെങ്കിലും വഹിക്കാനാകുന്നുവെന്നതില്‍ നമുക്കേവര്‍ക്കും അഭിമാനിക്കാം. ആദായ നികുതി, സേവന നികുതി, സെന്‍ട്രല്‍ എക്‌സൈസ്, കസ്റ്റംസ് ഡ്യൂട്ടി, വാറ്റ്, കെട്ടിട നികുതി, കാര്‍ഷികാദായ നികുതി, ഭൂനികുതി തുടങ്ങി വിവിധ തരം നികുതികളാണ് നമ്മള്‍ നല്‍കുന്നത്. രാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ നമ്മളും ഇങ്ങനെ പങ്കാളിയാകുന്നു.
നികുതി വരുമാനം ചെലവഴിക്കുന്നതെങ്ങനെ?
നികുതി അടയ്ക്കുന്ന പൗരന്‍ എന്ന നിലയില്‍ നമ്മള്‍ അടയ്ക്കുന്ന നികുതിയില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ എങ്ങനെ ചെലവഴിക്കുന്നു എന്ന് അറിയാനുള്ള അവകാശവും നമുക്കുണ്ട്. അത് കണ്ടുപിടിക്കാനായി ഞാന്‍ ഒരു ശ്രമം നടത്തി. അതില്‍ നിന്നുള്ള കണ്ടെത്തല്‍ ഇതാണ്.
രാജ്യത്തെ 29 പൊതുമേഖലാ ബാങ്കുകള്‍ കിട്ടാകടമായി 2013-15 കാലയളവില്‍ എഴുതിത്തള്ളിയത് 1.14 ലക്ഷം കോടി രൂപയാണ്. ദി ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയ വിവരാവകാശ പ്രകാരമുള്ള അപേക്ഷയില്‍ റിസര്‍വ് ബാങ്ക് നല്‍കിയ വിവരമാണിത്. 2016 ഫെബ്രുവരി 9 ലെ ദി ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഈ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും അഴിമതിക്കാരല്ല, പക്ഷേ ഒരു ചെറിയ ശതമാനം പേര്‍ അഴിമതിക്കാരാണ്. അതേ പോലെ എല്ലാ ബാങ്ക് ജീവനക്കാരും അഴിമതിക്കാരല്ല, എന്നാല്‍ ഒരു ശതമാനം ബാങ്ക് ജീവനക്കാര്‍ അഴിമതിക്കാരാണ്. അഴിമതിക്കാരായ രാഷ്ട്രീയക്കാരും ബാങ്ക് ജീവനക്കാരും തമ്മില്‍ സഖ്യമായാല്‍ എന്തു സംഭവിക്കും? 1.14 ലക്ഷം കോടിയെന്ന കിട്ടാക്കടം അങ്ങനെയൊരു സാധ്യതയെകുറിച്ചാണ് ചിന്തിപ്പിക്കുന്നത്.
2015 ജൂലൈ 28 ലെ ദി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്ത പ്രകാരം എയര്‍ ഇന്ത്യ 2014-15 ല്‍ 5547 കോടി രൂപയുടെ നഷ്ടമാണ് വരുത്തിയത്. 2016 മാര്‍ച്ച് ഏഴിലെ ഡെക്കാന്‍ ക്രോണിക്ക്ള്‍ റിപ്പോര്‍ട്ട് പ്രകാരം എയര്‍ ഇന്ത്യയുടെ 2013-14, 2012-13, 2011-12 വര്‍ഷങ്ങളിലെ നഷ്ടം യഥാക്രമം 5388 കോടി, 5490 കോടി, 7559 കോടി രൂപയാണ്. അതേസമയം മഹാനഗര്‍ ടെലികോം നിഗം ലിമിറ്റഡ് (എംടിഎന്‍എല്‍) 2013-14 ല്‍ നേടിയ ലാഭം 7820 കോടി രൂപയാണ്. മുന്‍വര്‍ഷങ്ങളില്‍ യഥാക്രമം 5321 കോടി, 4109 കോടി രൂപ നഷ്ടം വരുത്തിയ കമ്പനിയാണിത്. ഹിന്ദുസ്ഥാന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന് ഈ മൂന്നു വര്‍ഷങ്ങളില്‍ യഥാക്രമം 859 കോടി, 551 കോടി, 462 കോടി രൂപ എന്നിങ്ങനെ നഷ്ടം ഉണ്ടായി. ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് മന്ത്രി ആനന്ദ് ഗീഥെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച രേഖകളിലാണ് ഈ വിവരം ഉള്ളത്. തുടര്‍ന്ന് ഞാന്‍ ഇന്റര്‍നെറ്റില്‍ നടത്തിയ തിരച്ചിലില്‍ സിഎജി റിപ്പോര്‍ട്ടില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിച്ചു.
കേരളത്തില്‍, 2012-13 വര്‍ഷം 518.67 കോടി രൂപയുടെ നഷ്ടവുമായി കെഎസ്ആര്‍ടിസിയാണ് ഏറ്റവും കൂടുതല്‍ നഷ്ടം വരുത്തിയ കമ്പനികളില്‍ ഒന്നാമതെത്തിയത്. കേരള വാട്ടര്‍ അഥോറിറ്റി 296.93 കോടി രൂപയും കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (supplyco) 84.67 കോടി രൂപയും നഷ്ടം വരുത്തി. കെഎസ്ആര്‍ടിസിയുടെ ഇതുവരെയുള്ള ആകെ നഷ്ടം 3014.74 കോടിയും കേരള വാട്ടര്‍ അഥോറിറ്റിയുടേത് 1738.65 കോടി രൂപയുമാണ്. കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ 2010-11 സാമ്പത്തിക വര്‍ഷത്തെ നഷ്ടം 89.79 കോടി രൂപയാണ്.
ഭീമമായ നഷ്ടത്തിന്റെ കണക്കുകള്‍
അതേസമയം കെഎസ്ഇബി 2013-14ല്‍ 140.42 കോടി രൂപ ലാഭം നേടിയെന്നാണ് കാട്ടുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 707.87 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. 848.29 കോടി രൂപ റെവന്യു ഗ്യാപ്/റെഗുലേറ്ററി അസറ്റ് ഇതോടൊപ്പം ചേര്‍ത്താണ് ലാഭമായി പരിഗണിച്ചത്. യഥാര്‍ത്ഥത്തില്‍ ഇത് ഒരു ആസ്തിയല്ല, എക്കൗണ്ടിംഗിലെ വെറും അഡ്ജസ്റ്റ്‌മെന്റാണ്. ഈ അഡ്ജസ്റ്റ്‌മെന്റിലൂടെ കെഎസ്ഇബിയുടെ നഷ്ടം മറച്ചു വെക്കുകയായിരുന്നു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ സ്ഥിതി ഇതായിരിക്കെ തന്നെ കേന്ദ്ര സര്‍ക്കാര്‍ 2010 മേയില്‍ നടത്തിയ ടെലകോം സ്‌പെക്ട്രം ലേലത്തില്‍ 67,717.95 കോടി രൂപയും 2014 ഫെബ്രുവരിയില്‍ നടത്തിയ ലേലത്തില്‍ 61,162 കോടി രൂപയും നേടിയെടുത്തു. 2015 മാര്‍ച്ചില്‍ നടന്ന ലേലത്തില്‍ 109874 കോടി രൂപയെന്ന റെക്കോര്‍ഡ് നേട്ടവും കൈവരിക്കാനായി.
ഓരോ ടെലികോം സര്‍ക്കിളിലും വിവിധ സേവനദാതാക്കളുള്ള, സ്വകാര്യവല്‍ക്കരണം നടപ്പാക്കിയ ഒരു മേഖലയാണ് ടെലികോം. കൂടാതെ കഴിഞ്ഞ 20 വര്‍ഷമായി തുടര്‍ച്ചയായി ഉപയോക്താക്കള്‍ക്കുള്ള സേവന നിരക്ക് കുറച്ചു കൊണ്ടിരിക്കുന്ന അപൂര്‍വ മേഖല കൂടിയാണിത്. മാത്രമല്ല, ടെലികോം മേഖല വലിയൊരു തുക ഓരോ വര്‍ഷവും കേന്ദ്രസര്‍ക്കാരിന്റെ നികുതി വരുമാനത്തിലേക്ക് സംഭാവന ചെയ്യുന്നുമുണ്ട്.
'The Government has no Business to be in Business' എന്ന മാര്‍ഗരറ്റ് താച്ചറുടെ പ്രശസ്തമായ വാചകങ്ങളാണ് ഈ സന്ദര്‍ഭത്തില്‍ ഓര്‍മവരുന്നത്.
നമ്മുടെ അടിസ്ഥാന സൗകര്യവും സേവന മേഖലയും മെച്ചപ്പെടണമെങ്കില്‍ നിരവധി കമ്പനികള്‍ മത്സരിക്കുന്ന സ്വകാര്യവല്‍കൃത കമ്പോളം ഉണ്ടാവേണ്ടതുണ്ട്.
പ്രമുഖ അഗ്രിപ്രണറാണ് ലേഖകന്‍. കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. അദ്ദേഹം പ്രസിഡന്റ് ആയിരിക്കെയാണ് കേരളത്തിലെ മന്ത്രിമാര്‍ക്കായി ലീഡര്‍ഷിപ്പ് വര്‍ക്ക്‌ഷോപ്പും കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് 'എന്റെ ജീവിതം, എന്റെ സന്ദേശം' എന്ന വിഷയത്തില്‍ പ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചത്. ഭൂമി ഏറ്റെടുക്കല്‍ കടമ്പകളില്ലാതെ റോഡ് വികസനത്തിനായി അദ്ദേഹം അവതരിപ്പിച്ച സ്‌കൈ വേ പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഫോണ്‍: +91 98950 94940 ഇ മെയ്ല്‍: roshan.kynadi@gmail.com
കടപ്പാട് :http://www.dhanamonline.com/