ഒരു പ്‌ളാസ്റ്റിക് ടാങ്ക്, ഫില്‍റ്റര്‍, പി.വി.സി. പൈപ്പ്, ഡ്രിപ്പ് ലൈനുകള്‍, വാല്‍വുകള്‍ എന്നിവ അടങ്ങിയതാണ് ഫാമിലി ഡ്രിപ്പ് സംവിധാനം. വീട്ടിലെ പ്രധാനടാങ്കില്‍നിന്നും ചെറിയൊരു ടാങ്കിലേക്ക് കണക്ഷന്‍ നല്‍കി വാല്‍വും ഘടിപ്പിച്ചാല്‍ സംഗതി റെഡി
# വീണാറാണി ആര്‍.
November 1, 2015, 08:46 PM IST
കൊട്ടാരക്കര സദാനന്ദപുരത്തെ കൃഷിസമ്പ്രദായ ഗവേഷണകേന്ദ്രം വീട്ടുകൃഷിക്ക് അനുയോജ്യമായ ജലസേചനരീതി ആവിഷ്‌കരിച്ചിരിക്കുന്നു. ചെലവ് കുറവാണെന്നതാണ് ഇതിന്റെ മേന്മ.
പച്ചക്കറികളുടെ വളര്‍ച്ചയ്ക്കാവശ്യമായ വെള്ളം അതിന്റെ വേരുപടലത്തില്‍ എത്തിക്കുക എന്നതാണ് ഫാമിലി ഡ്രിപ്പ് സംവിധാനത്തിന്റെ ലക്ഷ്യം. ഇവിടെ ബാഷ്പീകരണം മൂലമുണ്ടാകുന്ന ജലനഷ്ടമില്ല. ഊര്‍ന്നിറങ്ങല്‍ ഇല്ലാത്തതിനാല്‍ ടെറസ് കേടാകുമെന്ന ഭീതിയും വേണ്ട. ഫാമിലി ഡ്രിപ്പ് എന്ന സൂക്ഷ്മ ജലസേചനരീതിക്ക് ക്ഷമത കൂടുതലായതിനാല്‍ കുറച്ച് വെള്ളംകൊണ്ട് കൂടുതല്‍ നനയ്ക്കാന്‍ കഴിയും.
ഒരു പ്‌ളാസ്റ്റിക് ടാങ്ക്, ഫില്‍റ്റര്‍, പി.വി.സി. പൈപ്പ്, ഡ്രിപ്പ് ലൈനുകള്‍, വാല്‍വുകള്‍ എന്നിവ അടങ്ങിയതാണ് ഫാമിലി ഡ്രിപ്പ് സംവിധാനം. വീട്ടിലെ പ്രധാനടാങ്കില്‍നിന്നും ചെറിയൊരു ടാങ്കിലേക്ക് കണക്ഷന്‍ നല്‍കി വാല്‍വും ഘടിപ്പിച്ചാല്‍ സംഗതി റെഡി. വെള്ളത്തോടൊപ്പം വളവും നല്‍കണമെന്ന നിര്‍ബന്ധമില്ലാത്തവര്‍ക്ക് പ്രധാന ടാങ്കില്‍നിന്നുതന്നെ ജലസേചനം ക്രമീകരിക്കാം.
ലാറ്ററല്‍ പൈപ്പില്‍ നിശ്ചിത അകലത്തില്‍ ഫോര്‍വേ അസംബ്ള്‍ വഴി നാലു മൈക്രോട്യൂബുകള്‍ നാലു ഗ്രോബാഗുകളിലേക്ക് വെള്ളംചെല്ലുന്ന വിധത്തിലാണ് ഫാമിലി ഡ്രിപ്പ് കിറ്റ് ക്രമീകരിക്കുക. ലാറ്ററലിന്റെ അറ്റത്ത് എന്‍ഡ് ക്യാപ്പ് നിര്‍ബന്ധമാണ്. മൈക്രോട്യൂബിന്റെ അറ്റത്ത് വെള്ളം തുള്ളിയായി മണ്ണിന്റെ ഉപരിതലത്തില്‍നിന്ന് അല്‍പ്പം താഴെ വേരോടുചേര്‍ത്ത് വീഴുവാന്‍ ഉതകുന്ന 'ആരോ' ഘടിപ്പിക്കുന്നു.
വെള്ളമൊഴിക്കേണ്ട സമയത്ത് വാല്‍വ് തുറന്നുകൊടുത്ത് മറ്റ് ജോലികളില്‍ ഏര്‍പ്പെടാം. നിശ്ചിതസമയം കഴിഞ്ഞ് വാല്‍വ് അടയ്ക്കണം. വാല്‍വടയ്ക്കാന്‍ സമയമില്ലാത്തവര്‍ നിരാശപ്പെടേണ്ട. നിങ്ങള്‍ക്ക് ടൈമറുള്‍പ്പെടെയുള്ള ഫാമിലി ഡ്രിപ്പ് കിറ്റ് ഉപയോഗിക്കാം. സ്വയംനിയന്ത്രിത ടൈമര്‍ ഉണ്ടെങ്കില്‍ നിശ്ചിതസമയം കഴിയുമ്പോള്‍ വാല്‍വ് താനേ അടയും. 40 ഗ്രോബാഗിന്റെ ഡ്രിപ്പ് കിറ്റിന് 850 രൂപയും 76 ബാഗുകള്‍ക്കുള്ളതിന് 1250 രൂപയുമാണ് വില. പരിസ്ഥിതിക്ക് വിലപ്പെട്ട വെള്ളവും നമ്മുടെ സമയവും പാഴാക്കാതെ ചുരുങ്ങിയ ചെലവില്‍ പച്ചക്കറികൃഷി ചെയ്യാന്‍ ഫാമിലി ഡ്രിപ്പ് സംവിധാനം സഹായിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് സദാനന്ദപുരം കൃഷിസമ്പ്രദായ ഗവേഷണകേന്ദ്രം: 04742663535.