പ്രകൃതിയുടെ സൗന്ദര്യച്ചെപ്പ് പൊട്ടിവീണത് ഗവിയിലാണെന്നു സംശയിക്കുന്ന സഞ്ചാരികള്‍ ഏറെയാണ്. പ്രകൃതി ഗവിയില്‍ കാത്തുവച്ച അതേ സൗന്ദര്യധാരാളിത്തമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നതും. എത്ര വെയില്‍ വീണാലും കുളിരുവറ്റാതെ ഒഴുകുന്ന കാട്ടുചോലപോലെ ഏതുകാലത്തും വീശുന്ന ശാന്തതയുടെ ഇളംകാറ്റും ആഴങ്ങളിലേക്കു ചെല്ലുന്തോറും ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത പൂക്കളും മരങ്ങളും കേട്ടിട്ടില്ലാത്ത ഗര്‍ജനങ്ങളും അങ്ങനെയങ്ങനെ കണ്ടും കേട്ടും കൊതിതീരാതെയാണ് ഗവിയിലെത്തുന്ന ഓരോ സഞ്ചാരിയും മടങ്ങുന്നത്.
സമുദ്രനിരപ്പില്‍നിന്ന് 3,400 അടി ഉയരത്തിലാണ് പത്തനംതിട്ട ജില്ലയിലെ ഗവി. പെരിയാര്‍ കടുവസംരക്ഷണ കേന്ദ്രത്തിനുള്ളില്‍. അതുകൊണ്ടുതന്നെ വന്യജീവികളുണ്ടാകുമോയെന്ന് യാത്ര തുടങ്ങും മുമ്പ് ആര്‍ക്കും സംശയം വേണ്ട. കടുവ, ആന, മാന്‍, കരടി, മ്ലാവ്, സിംഹവാലന്‍കുരങ്ങ്, മലമുഴക്കി വേഴാമ്പല്‍, മരംകൊത്തികള്‍, മൈനകള്‍ തുടങ്ങി ഓര്‍മയിലേക്കു മറഞ്ഞുകൊണ്ടിരിക്കുന്ന മൃഗങ്ങളും പക്ഷികളുമെല്ലാം ഗവിക്കു സ്വന്തം. സാഹസികസഞ്ചാരികളാണ് ഗവിയെ കൂടുതല്‍ പ്രണയിക്കുന്നത്. വന്യതയുടെ ഹൃദയമിടിപ്പു തൊട്ടറിഞ്ഞ് കാടിനുള്ളിലൂടെയുള്ള ട്രക്കിങ് മനസ്സില്‍ ഒരിക്കലും മായാത്ത ഓര്‍മയാകുമെന്നതുറപ്പ്.ഇക്കോ ടൂറിസം പദ്ധതിയായ ഗവിയിലെ വിനോദസഞ്ചാര സാധ്യതകളെ വികസിപ്പിച്ചു പരിപാലിക്കുന്നത് കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷനാണ്. സഞ്ചാരികള്‍ക്ക് സൗകര്യപ്രദമായ വിവിധ പാക്കേജുകള്‍ കോര്‍പറേഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. ബുക്കിങ് സൗകര്യവുമുണ്ട്. കൊല്ലം-മധുര ദേശീയപാത (എന്‍എച്ച് 220) യിലെ വണ്ടിപ്പെരിയാറില്‍നിന്ന് 28 കിലോമീറ്ററാണ് ദൂരം.
വള്ളക്കടവ് ചെക്പോസ്റ്റ്വഴിയാണ് പ്രവേശനം. കൊച്ചിയില്‍നിന്ന് കോട്ടയം, കാഞ്ഞിരപ്പിള്ളി, മുണ്ടക്കയം, അഴുത, വണ്ടിപ്പെരിയാര്‍ വഴിയും പാല, ഈരാറ്റുപേട്ട, വാഗമണ്‍, കോലാഹലമേട്, കുമളി, വണ്ടിപ്പെരിയാര്‍ വഴിയും ഗവിയിലെത്താം. കൊച്ചി, കോട്ടയം എന്നിവിടങ്ങളില്‍നിന്ന് വണ്ടിപ്പെരിയാറിന് ബസ്സര്‍വീസുണ്ട്. വണ്ടിപ്പെരിയാറില്‍നിന്ന് ജീപ്പ്വഴി ഗവിയിലെത്താം. ഗവി ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഫോണ്‍: +914869223270, +914812582640, +919447201386.വെബ്സൈറ്റ്: http://gavi.kfdcecotourism.com.ഇ-മെയില്‍: gavi@kfdcecotourism.com
See more at: http://www.deshabhimani.com/news-travel-all-beauty_filled_gavi-383930.html#sthash.UUvQzAYY.dpuf